പുലർച്ചെ, ഒരു പക്ഷേ വളരെ നേരത്തേ സൂര്യവെളിച്ചം കടന്നെത്തുന്നതിനും മുമ്പേ
നാട്ടുവഴിയുടെ അരണ്ട വെളിച്ചത്തിലേക്ക് ഇറങ്ങിയപ്പോഴാണ് റോഡുവക്കത്തെ വീട്ടിനകത്തേക്ക്
റോഡരികിൽത്തന്നെ ഇരിക്കുകയായിരുന്ന ശ്രീകുമാരി കയറിപ്പോകുന്നതു കണ്ടത്. ശ്രീകുമാരിയോടൊപ്പം
അവളുടെ അഴിഞ്ഞുലഞ്ഞ സാരിയുടെ തുമ്പും വാതിലുകൾക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതു കണ്ടു.
അപരിചിതമായ ഏതോ വിശുദ്ധസ്വപ്നം പോലെ ശ്രീകുമാരിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ ഒരുപാടു
വിചാരവികാരങ്ങൾക്ക് തീപ്പിടിപ്പിച്ചുവെന്ന് സുന്ദരേശന് തോന്നി. രാവിലെ നാലേമുപ്പതിന്
നഗരത്തിലേക്ക് പോകുന്ന ആദ്യബസ്സിൽ കയറേണ്ട ഒരാവശ്യം വന്നതുകൊണ്ട് മാത്രമാണ് മകരമാസത്തിലെ
ആ കുളിർത്ത രാവിൽ സുന്ദരേശൻ ആദ്യമായി പുറത്തിറങ്ങിയത്.
വൈകുന്നേരം ചായക്കടയിൽ ചിലവഴിക്കുന്ന സമയങ്ങളിൽ മാത്രമേ ശ്രീകുമാരിയെ
ഇതിനുമുമ്പ് സുന്ദരേശൻ കണ്ടിട്ടുള്ളൂ. ചായക്കടയുടെ എതിർവശത്തെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും
വീടിന് തൊട്ടടുത്തുതന്നെയുള്ള അബ്ദുള്ളാക്കയുടെ പീടികയിൽനിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ട്
വീട്ടിലേക്കുതന്നെ കയറിപ്പോവുകയും ചെയ്യാറുണ്ടായിരുന്ന ശ്രീകുമാരിയിൽ അസാധാരണമായി ഒന്നുമുണ്ടെന്ന്
സുന്ദരേശന് അതുവരെ തോന്നിയിട്ടുമില്ല. അങ്ങനെ തോന്നിക്കാൻ മാത്രം ശ്രീകുമാരിയെ ഇതേവരെ
പുറത്തൊന്നും കണ്ടതായിട്ടോ

























