Thursday, August 11, 2022

കാക്കക്കാലിന്റെ തണല്‍ (കഥ)

പ്രവേശകം

സാധാരണയായി അടുക്കളപ്പുറത്ത് കാക്ക വന്നാല്‍ ’’പോ കാക്കേ’’ എന്ന് ആട്ടിയോടിക്കുന്നവര്‍ ചോറുവച്ച് ബലിക്കാക്കയെ തേടിയിറങ്ങുന്നത് പരലോകവുമായി അതിനുള്ള ബന്ധം കണ്ടുകൊണ്ടാണ്. കാക്കയുടെ കറുത്ത നിറമാണോ അതിനെ മരിച്ചവരോട് ചേര്‍ന്നുനില്‍ക്കുന്ന പക്ഷിയാക്കുന്നത്? അതോ കറുപ്പിലെ ക-യും പേരിലെ കാ-യും ചേരുന്നതുകൊണ്ടാണോ? മഹിരാവണനില്‍ നിന്ന് യമധര്‍മ്മനെ രക്ഷിച്ചത് കാക്കയുടെ രൂപമായതിനാല്‍ പ്രത്യുപകാരമായിട്ടത്രേ കാക്കയ്ക്ക് ബലികര്‍മ്മത്തില്‍ പ്രാധാന്യം കൊടുത്തത്. അതിന് വിശേഷബുദ്ധിയുണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ? താഴെക്കൊടുത്തിരിക്കുന്ന രീതിയില്‍ ചിന്തിച്ചു നോക്കുക. 

നിര്‍ദ്ദേശം
തെരഞ്ഞെടുക്കേണ്ട, പൂരിപ്പിക്കേണ്ട, രണ്ടോ മൂന്നോ പുറത്തില്‍ ഉപന്യസിക്കേണ്ട!  
വെറുതെ ചിന്തിക്കുന്നതിനെന്തു പ്രശ്നം?  
ആദ്യഭാഗത്തെ വിശേഷബുദ്ധിയിലേക്കുള്ള സൂചന രണ്ടാം ഭാഗത്തെ വിശേഷബുദ്ധിയെ സാധൂകരിക്കുന്നു. (തര്‍ക്കത്തിന് ന്യായം വേണമല്ലോ!)
കാ... കാക്ക 
കാക്ക കഥ പറഞ്ഞു തുടങ്ങി.

ആദ്യഭാഗം
പിതാവിന്റെ ആജ്ഞാനുസരണം രാജഗൃഹം വെടിഞ്ഞിറങ്ങി വനവാസമനുഷ്ഠിക്കുന്ന കാലമാണ്.  തമസാ നദിയുടെ തീരത്തെ ഒറ്റരാത്രിക്കുശേഷം ഒരുപാടു യോജന താണ്ടിയിരിക്കുന്നു. പേരറിയാക്കാടുകളും മലകളും അരുവികളും ആശ്രമങ്ങളും പിന്നിട്ട് ഏറെദൂരം നടന്നുകഴിഞ്ഞിരിക്കുന്നു. മഹാഋഷിമാരെയും വശ്യവചസ്സുകളായ വനദേവതമാരെയും പ്രകൃതിയുടെ പരിപാലനത്താൽ കൊഴുത്തുരുണ്ട മൃഗങ്ങളെയും ഏറെക്കണ്ടു. പകലിന്റെ കത്തുന്ന വെളിച്ചവും രാത്രിയുടെ നാട്ടുവെളിച്ചവും ഇപ്പോൾ നല്ല പരിചയമാണ്. ആശ്രമമുറ്റങ്ങളിൽ ഭയമില്ലാതെ വിഹരിക്കുന്ന മാനുകളും മുയലുകളും മയിലുകളും ഒക്കെ വല്ലാത്ത അത്ഭുതമായിരുന്നു. മൃഗങ്ങൾ അവരോടൊപ്പം സഹവസിക്കുന്നവരെ ഭയപ്പെടാറില്ലത്രേ. രാത്രികളിൽ പാമ്പോ പഴുതാരയോ ആക്രമിക്കുമെന്ന ഭയമൊക്ക ഇല്ലാതായിക്കഴിഞ്ഞു.ഉഷസ്സും പ്രദോഷവും ഒക്കെ ഏതാണ്ട് ഒരുപോലെയാണിപ്പോൾ. 
ഉച്ചസൂര്യന്റെ കത്തുന്ന ചൂടിനെ സ്വന്തം നിഴലിൽ ചവിട്ടിയാണ് അവർ മറികടന്നത്. 
കാലു പതിക്കുന്നിടത്തെ ചൂടിനെ തല്ക്കാലത്തേക്കെങ്കിലും തടഞ്ഞുനിർത്താൻ മധ്യാഹ്നസൂര്യൻ നീളം കുറഞ്ഞ നിഴലുകളാണ് സമ്മാനിച്ചത്. ചവിട്ടടികള്‍ക്ക് വേഗം കുറഞ്ഞു. കാട്ടുചോലയുടെ തീരത്ത് കുറച്ചു ദിവസത്തെ വിശ്രമസ്ഥലം കണ്ടെത്തി.  
യാത്രയിൽ സ്ഥിരമായി തങ്ങുക പതിവില്ലാത്തതിനാൽ അധികമാരും അറിയുന്നതിനുമുമ്പേ താമസിച്ചിരുന്ന സ്ഥലം ഒഴിവാക്കുകയാണ് പതിവ്. പുതിയ കുടിലിന്റെ മുറ്റത്തുള്ള  മരച്ചുവട്ടിൽ ഏറെ നേരമായി അവർ ഇരിക്കുന്നു. ലക്ഷ്മണൻ അടുത്തില്ല. പുതിയതെന്തെങ്കിലും തേടിപ്പിടിക്കാന്‍ പോയതാവും. ഫലവർഗ്ഗങ്ങളും കായ്‌കനികളും പൂക്കളും ശേഖരിച്ച് വല്ലാത്തൊരു കൗതുകത്തോടെയും അത്യധികമായ താല്പര്യത്തോടെയും പുതിയ രുചിയും മണവുമായി തിരിച്ചെത്തും. 
തണലിൽ ഏറെ നേരം ഇരുന്നപ്പോൾ കണ്ണിലെ ആയാസമാവണം, രാമൻ സീതയുടെ മടിയിലേക്ക് തല ചായ്ച്ചു. ഇല കൊണ്ടു തുന്നിയ വിശറി പതുക്കെ വീശി സീത ഇരുന്നു. രാമൻ ഗാഢനിദ്രയിലാണ്ടു.
കടുത്ത വേനലിൽ മണ്ണില്‍നിന്നും വായു ചൂടുപിടിച്ചുയരുന്നു. ഉഷ്ണതരംഗങ്ങളില്‍ ദൂരെയുള്ള മരങ്ങളും ചെടികളും വളഞ്ഞുപുളയുന്നതായി സീതയ്ക്കു തോന്നി. കണ്ണിൽ മയക്കമേറുന്നു. മുഖത്തേക്കു വീണു കിടന്ന മുടി മാടിയൊതുക്കി കണ്ണുകൾ തിരുമ്മി ഉറക്കത്തെ അകറ്റിനിർത്താൻ സീത ശ്രമിച്ചുകൊണ്ടിരുന്നു. 
ഇവിടെ കുറച്ചുദിവസമായെങ്കിലും യാത്രയുടെ ക്ഷീണവും വ്യസനവും ഇതേവരെ തീര്‍ന്നിട്ടില്ല.  വിചാരങ്ങളില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന ബാല്യ-കൌമാരങ്ങള്‍. വിദൂരവും മറന്നു തുടങ്ങിയതുമായ പ്രണയസഞ്ചാരങ്ങള്‍. കാടിന്റെ വന്യതയില്‍, മൃഗങ്ങളുടെ മുരള്‍ച്ചയില്‍ ഭയപ്പെട്ടുറങ്ങുന്ന രാത്രികള്‍. നേരിട്ടു പറയാറില്ലെങ്കിലും ‌തനിക്കു സുരക്ഷിതവലയമൊരുക്കി പാതിയുറങ്ങിയും ഉറങ്ങാതെയും കടന്നുപോകുന്ന രാമന്റെ രാത്രികള്‍. 
ഉറങ്ങുന്ന രാമന്റെ മുഖത്തേക്കു സീത സാകൂതം നോക്കിയിരുന്നു. കൊട്ടാരമുറ്റത്തെ കൽക്കുളത്തിന്റെ കരയിലിരിക്കുമ്പോൾ മുനിമാർക്കും മന്ത്രിപ്രമുഖന്മാർക്കുമൊപ്പം ആഘോഷത്തോടെ കയറിപ്പോകുന്ന രാമനെയാണ് ആദ്യം കണ്ടത്. ഉറച്ച ശരീരവും കെട്ടിവച്ച മുടിയും തോളിൽ ഞാത്തിയിട്ട വില്ലും ഒക്കെക്കൂടിച്ചേർന്ന ഇരുണ്ട രൂപം കൃഷ്ണശിലയിൽ കൊത്തിവച്ച പ്രതിമ പോലെ ആകർഷകമായിരുന്നു. അച്ഛനെന്തോ പറഞ്ഞു വിട്ടതിനാലാവണം തോഴിമാരിലൊരുവൾ പുറത്തേക്കു വരികയും തന്നെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീടെന്തൊക്കെ കാര്യങ്ങൾ, എല്ലാം സംഭവബഹുലമായിരുന്നു. കുറഞ്ഞ കാലത്തിനുള്ളിൽ കളിയും ചിരിയും സ്നേഹവും വാത്സല്യവും ഒരുപോലെ അനുഭവിച്ചിരിക്കുന്നു.
കുറച്ചകലെ മരച്ചില്ലകള്‍ക്കിടയില്‍ ഒരനക്കം.
ഗഗനചാരികളാരെങ്കിലും…?
ഹേയ്, സാധ്യതയില്ല. സമയവും ക്ലേശവുമെടുത്ത് ആരും തങ്ങളെ പിന്തുടരില്ല. രാജഗൃഹത്തിനുവെളിയിൽ പ്രജകളുടെയും കടത്തു കടത്തിവിട്ട ഗുഹന്റെയും നിർബന്ധങ്ങളെ മറികടന്നാണ് ഇതുവരെ എത്തിയത്. വഴിയിൽ കണ്ടവരും പരിചയപ്പെട്ടവരും വനത്തിലെ സുരക്ഷിതത്വത്തെക്കുറിച്ചും എന്നാൽ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുമാണ് ഓർമ്മിപ്പിച്ചത്. 
നിങ്ങൾക്കു നിങ്ങളുടെ വഴി! അതങ്ങനെയാവട്ടെ, പക്ഷെ, സൂക്ഷിക്കണം എന്ന ഭാവമായിരുന്നു എല്ലാവർക്കും. 
മുമ്പ് പരിചയമില്ലാത്ത കാട്ടുചോലകളും കൽക്കൂട്ടങ്ങളും വന്മരങ്ങളും ഒക്കെ അത്ഭുതമായിരുന്നു. പുതിയ താവളങ്ങൾ തേടിയായിരുന്നു യാത്ര. എവിടെയും അരക്ഷിതത്വമോ ഇരുട്ടിന്റെ ഭാരമോ തോന്നിയിട്ടില്ല. 
ഇപ്പോഴെന്താണിങ്ങനെ?
കടുത്ത വെയിലില്‍ കാട്ടിലെ മരക്കൂട്ടങ്ങളിലേക്ക് നോക്കാനാവുന്നില്ല. 
കടുംവെളിച്ചത്തില്‍,തിളങ്ങുന്ന കറുപ്പ് വരഞ്ഞിട്ടതുപോലെ.
അന്തരീക്ഷത്തിൽ വളഞ്ഞു പുളയുന്ന കറുത്ത പൊട്ട് തെളിഞ്ഞു. 
ആത്മവിശ്വാസത്തോടെ ചിറകുകൾ ആഞ്ഞടിക്കുന്ന ശബ്ദം.
പെട്ടെന്ന് ശീല്‍ക്കാരത്തോടെ ഒരു കാക്ക പറന്നെത്തി. അത് സീതയെത്തന്നെ ഉറ്റുനോക്കിക്കൊണ്ടാണ് വന്നത്. സീതയാവട്ടെ ഉള്ളിലുയർന്നുവന്ന ആന്തലടക്കി അനങ്ങാതിരുന്നു. ഭയത്തേക്കാളേറെ സംഭ്രമമായിരുന്നു.
ഉറങ്ങുന്ന രാമനെ ഉണർത്താനാവില്ല.സമാധാനത്തോടെ കുറച്ചെങ്കിലും ഉറങ്ങട്ടെ. 
കാക്കയെ ദൂരേക്ക് ആട്ടിയോടിക്കാൻ കൈകളുയർത്താൻപോലും സീത ശ്രമിച്ചില്ല. കാക്ക സീതയെ ആഞ്ഞുകൊത്തി. വേദനകൊണ്ട് പുളഞ്ഞിട്ടും സീത അനങ്ങിയില്ല. കാക്ക കൂടുതൽ ഉത്സാഹത്തോടെ സീതയുടെ തലയിലും ദേഹത്തുമെല്ലാം കൊത്തി പരിക്കേൽപ്പിച്ചു. നഖം കൊണ്ട് മാന്തുകയും ചെയ്തു. നിരവധി താഡനങ്ങളേറ്റു പരിക്കേറ്റതോടെ സീതയുടെ ദേഹത്തുനിന്നും രക്തമൊഴുകിത്തുടങ്ങി. 
ശരീരത്തിലൂടെ നനവിറങ്ങിത്തുടങ്ങിയപ്പോൾ രാമൻ ഉണർന്നു. എന്താണു പറ്റിയതെന്നറിയാതെ അമ്പരന്നു നോക്കിയ രാമൻ, കുതിർന്ന വസ്ത്രവും മുറിവുകളുമായിരിക്കുന്ന സീതയെ കണ്ടു.
താനടുത്തുള്ളപ്പോൾ ഭയമില്ലാതെ സീതയെ ആക്രമിക്കാൻ ധൈര്യപ്പെട്ടവനാര്? 
ഇങ്ങനെ പ്രഹരിക്കാൻ മാത്രം എന്തു പ്രശ്നമാണുണ്ടായത്?
രാമൻ കോപാകുലനായി.
യാത്ര തുടങ്ങിയിട്ട് കുറേക്കാലമായെങ്കിലും ദണ്ഡകാരണ്യമൊന്നും എത്തിയിട്ടില്ല. അവിടെയാണ് ഭയപ്പെടേണ്ട രാക്ഷസരുള്ളതെന്ന് പലരും മുന്നറിയിപ്പു തന്നിട്ടുണ്ട്. ത്രികാലജ്ഞാനിയായ രാമൻ ഖരനെയും ശൂർപ്പണഖയെയും ഒക്കെക്കുറിച്ച് വിവരം ശേഖരിച്ചിരുന്നു. ഗോത്രവർഗ്ഗങ്ങൾക്ക് ആധിപത്യമുള്ള മേഖലകളില്‍ അവരുടേതായ നിയമാവലികളും ജീവിതരീതികളുമാണ്. മറ്റു സാമ്രാജ്യങ്ങളെയൊന്നും പരിഗണിക്കാറില്ല. അതിന്റെ ആവശ്യം അവർക്കില്ല തന്നെ. ഓരോ കാലം കടന്നുപോകുമ്പോഴും ഗോത്രവർഗ്ഗങ്ങൾ ചരിത്രത്തെ കടന്ന് പുതിയ സന്നാഹങ്ങളുമായി കൂടുതൽ തനിമയോടെ പിന്നെയും വന്നുകൊണ്ടിരിക്കുകതന്നെ ചെയ്യും.
ഇതിപ്പോഴെന്ത്? 
ചുറ്റും നോക്കിയപ്പോൾ കണ്ടു. കൊക്കിലും നഖത്തിലും ചോരയുമായി മറയാൻ ശ്രമിക്കുന്ന കാക്ക. ദേഷ്യം അതിരുവിട്ടു. രാമൻ കോപിഷ്ഠനായതു കണ്ട കാക്കയ്ക്ക് അബദ്ധം മനസ്സിലായി. ഏതു മാനസികാവസ്ഥയിലാണ് അങ്ങനെയൊരു ആക്രമണം നടത്തിയതെന്ന് കാക്കയ്ക്ക് ഓർത്തെടുക്കാനായില്ല. ഇനിയിവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് അതിനു തോന്നുകയും ചെയ്തു.
ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ആലസ്യത്തിൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ഉയർന്നുവന്ന ദേഷ്യത്തോടെ രാമൻ കാക്കയുടെ നേരെ അമ്പെയ്തു. 
കാക്ക ചിറകുകൾ വീശിയടിച്ചുയർന്നു.  ചെറുതൂവലുകൾ കൊഴിഞ്ഞുവീണു. അത് ഭയപ്പാടോടെ ദൂരേക്കു പറന്നു. ലക്ഷ്യവേധിയായ അമ്പാവട്ടെ, കാക്കയെ പിന്തുടർന്നു. 
കാക്ക പല ദിക്കിലേക്കും പറന്നു മാറാൻ നോക്കി. രക്ഷപ്പെടാനുള്ള സകലശ്രമവും പരാജയപ്പെട്ടപ്പോൾ തിരിച്ചു പറന്ന് രാമന്റെ കാൽക്കൽ വീണു. 
ക്ഷമ ചോദിച്ച കാക്കയെ രക്ഷിക്കണമെന്ന് രാമനു തോന്നി. 
ശബ്ദവേധിയായ അമ്പ് പിതാവിന്റെ ജീവിതാഭിലാഷങ്ങൾക്ക് അതിരു നിർണയിച്ചതും രാജാധികാരത്തേക്കാൾ ഉയരത്തിൽ ആഞ്ഞടിച്ചതും പ്രതിജ്ഞാപാലനത്തിനായി ശൈലങ്ങൾ താണ്ടി  കാടറിഞ്ഞു ഗതികെട്ടു തിരിഞ്ഞുകൊണ്ടിരിക്കുന്നതും രാമനോർത്തു. ആദികവിയും ലക്ഷ്യമറിഞ്ഞെയ്ത അമ്പിനു പുറകേ തന്നെയായിരുന്നു. ആവര്‍ത്തിക്കാന്‍ ഇനിയും സമയമുണ്ട്.  
ഉടനെ എന്തെങ്കിലും ചെയ്യണം.
പതറി നില്ക്കുന്ന സീതയുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ കാക്കയെ വെറുതെ വിടണമെന്ന ഭാവം. ധർമ്മബോധത്തിന്റെ അമ്പരപ്പ്.
പറഞ്ഞത് പിൻവലിക്കാനാവില്ലെങ്കില്‍ മാറ്റിപ്പറയുന്നതുപോലെ തൊടുത്ത അമ്പിന്റെ ഗതി മാറ്റി. ചരിത്രത്തിൽ അറിയാത്ത നിയോഗങ്ങൾ അതിനുണ്ടാവും. 
അമ്പാവട്ടെ,  കാക്കയുടെ ഒരു കണ്ണിൽ പതിച്ചു.
കാഴ്ച ഭാഗികമായിത്തീരുകയാണ്. അമ്പേറ്റ ഭാഗത്തെ കാഴ്ച ഇല്ലാതായെങ്കിലും ജീവൻ രക്ഷിക്കാനായതിൽ കാക്ക ആശ്വാസം കൊണ്ടു.  അന്നുമുതലത്രേ കാക്കകൾ ചരിഞ്ഞു നോക്കുന്നവരായത്. ഉയരങ്ങളിൽനിന്ന് ഭൂമിയിലേക്കുള്ള ചരിഞ്ഞ നോട്ടം. പുതിയതും ശപിക്കപ്പെട്ടതും വിഷാദം നിറഞ്ഞതുമായ തുറിച്ചുനോട്ടമായി അത് കാലങ്ങൾക്കപ്പുറത്തേക്ക് പടർന്നുനിന്നു.  
കാക്കകളൊരുപക്ഷേ ഇതൊന്നും അറിയുന്നുണ്ടാകില്ല. കൊത്തിപ്പറിക്കുന്ന എച്ചിൽക്കഷണങ്ങൾക്കും ചുള്ളിക്കമ്പുകൾ കൂട്ടിവച്ചൊരുക്കുന്ന കൂടുകൾക്കുമിടയിൽ മാത്രം ചലിക്കുന്ന സമാനതകളില്ലാത്ത പക്ഷിരൂപം മാത്രമായി അവ കടന്നുപൊയ്ക്കൊണ്ടിരുന്നു. അമ്പേറ്റ കാക്കയില്‍നിന്ന് ആരംഭിക്കുന്നതും ആവര്‍ത്തിക്കുന്നതുമായ ശാരീരികമാറ്റത്തെക്കുറിച്ച് അവറ്റകള്‍ അറിഞ്ഞതേയില്ല. 

പ്രവേശകം
മിന്നായം പോലെന്തോ പാഞ്ഞു പോയതുപോലെ. ഒന്നും മനസ്സിലായില്ലെങ്കിലും പെട്ടെന്നുള്ള ഞെട്ടലിൽ കാക്ക പറന്നുയർന്ന് തല വെട്ടിച്ചുയർത്തി പിന്നെയും താഴ്ന്നു പറന്ന് മരക്കൊമ്പിലിരുന്നു. ചിറകു കുടഞ്ഞ് കൊക്കുകൾ കൊണ്ട് ചിറകുകൾക്കിടയിൽ വരഞ്ഞു.

നിര്‍ദ്ദേശം
കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രം. അതല്ലെന്നു കരുതിയാല്‍ ഉപന്യാസം, ചര്‍ച്ച, കുറിപ്പ് എന്നിവയ്ക്കു സാധ്യതയുണ്ട്.

രണ്ടാം ഭാഗം
ആകെപ്പാടെ ഇരുണ്ടുനനഞ്ഞ പ്രഭാതമായിരുന്നു. ദൂരെയുള്ള മലനിരകൾ വെള്ളത്തുള്ളികളുടെ പ്രവാഹത്താൽ കാണാനാവാത്തവിധം  മറഞ്ഞു. നല്ല കനത്തിലാണ് മഴ തെറിച്ചു വീണുകൊണ്ടിരുന്നത്.  
വെള്ളം വീണുപെരുത്തു. 
ആകാശത്തുനിന്നും വെള്ളിനൂൽമാതിരി മിന്നൽ പതിച്ചപ്പോൾ ഞെട്ടിപ്പോയി. കൊടുംമഴയത്ത്  വിവിധ വികാരവിചാരങ്ങളിൽ മുഴുകി മരക്കൊമ്പിലിരിക്കുകയായിരുന്നു കാക്ക. മഴവെള്ളം ഇലകൾക്കിടയിലൂടെ കുറേശ്ശെയായി ഊർന്നുവീഴുന്നുണ്ടായിരുന്നെങ്കിലും സുരക്ഷിതമായൊരു ഇടം ലഭിച്ചതിന്റെ സമാധാനത്തിലായിരുന്നു കാക്ക.
ഇത്തവണ മഴ അധികമാണ്. 
ഇനിയൊരു പ്രളയം കൂടിയുണ്ടായാൽ അന്നത്തിന്റെ കാര്യത്തിൽ വല്ലാത്ത പ്രയാസമായിരിക്കും എന്ന് കാക്കയോർത്തു. 
കഴിഞ്ഞ തവണ ആളുകൾ സ്ഥിരമായി താമസിച്ചിരുന്ന ഇടങ്ങളിൽനിന്ന് പലഭാഗങ്ങളിലേക്കായി മാറുകയും വീടുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്തതിനാൽ ചുറ്റുമുള്ള വെള്ളക്കെട്ടിൽ ഒഴുകിവന്നവയായിരുന്നു ആശ്രയം. പശുവിന്റെയും ആടിന്റെയും കോഴിയുടെയും ഒക്കെ കുതിർന്ന മാംസം കൊത്തിപ്പറിക്കുമ്പോൾ വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടതായി കാക്ക വേവലാതിയോടെ ഓര്‍ത്തു. 
കുറുകിച്ചെറുതായ ശബ്ദം അറിയാതെ പുറത്തേക്കുവന്നു.  
സാധാരണയായി കാക്കയ്ക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. കാരണം വീടുകളുടെ മുൻവശത്തുള്ള കുപ്പത്തൊട്ടിയിലോ പുറകുവശത്തെ തെങ്ങിൻചുവട്ടിലോ കുഴിയിലോ തിന്നാനുണ്ടായിരിക്കും. കോഴിക്കറികൾ കൊത്തിപ്പറിക്കുമ്പോൾ തന്റെ പൂർവ്വികർ ഇത്തരം ഭക്ഷണം കഴിക്കാൻ യോഗമില്ലാത്തവരായിരുന്നല്ലോ എന്ന് ഓർത്ത് കാക്കയ്ക്ക് അഭിമാനം തോന്നും. എന്നാൽ സങ്കല്പങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടാണ്  പെരുമഴക്കാലം വന്നുചേർന്നത്. മഴയേക്കാൾ അധികം കാക്കയെ വിഷമിപ്പിച്ചത് പലയിടങ്ങളിലേക്കായി ചിതറിപ്പോയ ആളുകളായിരുന്നു. 
മഴ തകർത്തു പെയ്യുകയാണ്. മടുത്തു തുടങ്ങി!
അസാധാരണമായ ശബ്ദത്തില്‍ പാട്ടു കേട്ടതു കൊണ്ടാണ് കാക്ക സമീപത്തെ വീട്ടിലേക്കു പോയി നോക്കിയത്.  
രാത്രിയിൽ നക്ഷത്രക്കൂട്ടങ്ങൾക്കു താഴെ ആരുമറിയാതെ കൂനിയിരിക്കുമ്പോൾ വിദൂരതയിൽനിന്നു വരുന്ന ശബ്ദം പോലെ. മാന്ത്രികവലയങ്ങളായി അവയുടെ താളം സ്പര്‍ശിക്കുന്നു. 
പാട്ടു കേട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരുണ്ടവിടെ. 
പാട്ട് ഇടയ്ക്ക് നിറുത്തുകയും പിന്നീട് തുടങ്ങുകയും ചെയ്യുമ്പോള്‍ അവരുടെ മുഖത്ത് ഭാവഭേദം ഉണ്ടാകുന്നതായി കാക്കയ്ക്കു മനസ്സിലായി. 
ഇരുവശവും വീടുകൾ നിറഞ്ഞ പാതയിലൂടെ രഥമോടിക്കുമ്പോൾ ഉന്മാദം മുഴങ്ങിക്കേൾക്കുന്നതുപോലെ. ആരവങ്ങള്‍ ഭയമാണു ജനിപ്പിക്കുക, ആരാധനയല്ല. ഉയർന്നും താഴ്ന്നുമൊക്കെ പറക്കുമ്പോൾ ആൾക്കൂട്ടത്തിലെ ശബ്ദം പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഇവരുമുണ്ടായിരുന്നു.
കാക്ക അവരെത്തന്നെ ഇമ ചിമ്മാതെ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ പലപ്പോഴും ഇവരെ കണ്ടിട്ടുണ്ടല്ലോ എന്ന മിന്നല്‍ കാക്കയുടെ ഉള്ളില്‍ തെറിച്ചു കയറി. 
ആരാണിവർ? ഈ വീട്ടിൽ ഇതിനുമുന്നേ കണ്ടിട്ടില്ലല്ലോ… രണ്ടുപേരുടെയും തടിച്ച ശരീരവും താടിയും മുടിയുമൊക്കെ കണ്ടപ്പോൾ കാക്ക ഭയന്നു. അധികാരത്തിന്റെ കറുത്ത ചിരി! വെളുത്തു തടിച്ച ശരീരങ്ങൾ സമുദ്രാന്തർഭാഗത്തേക്ക് ഓടിപ്പോകുന്നതും തിരമാലകൾ ഉയര്‍ന്നു പെരുകി അതിൽ മൂടിപ്പോകുന്നതും കാക്കയുടെ ഉള്ളില്‍ മിന്നായം പോലെ കടന്നുവന്നു.
കുന്നിറങ്ങി വനത്തിനുള്ളിലൂടെ നീങ്ങുന്ന, മങ്ങിത്തെളിയുന്ന രണ്ടുപേര്‍.  അവർക്കു പുറകിലായി മറ്റൊരാൾ കൂടിയുണ്ട്. അസംഖ്യം നൊമ്പരങ്ങളിലൊന്നായി ഉള്ളിൽ അവശേഷിച്ചതെന്തോ പുറത്തേക്കുവന്നു. ഒരുവശത്തെ കണ്ണിൽ വേദന തടഞ്ഞു. 
ചെറിയ കുട്ടിയും അതിന്റെ അമ്മയും മാത്രമാണ് ഈ വീട്ടിലുള്ളത്. അവർ പലപ്പോഴും ആഹാരം വലിച്ചെറിയുന്നതും ചുണ്ടുകൂട്ടി ശബ്ദമുണ്ടാക്കുന്നതും തനിക്കുവേണ്ടിയായിരുന്നു. ഒരിക്കൽപ്പോലും ആ സ്ത്രീയോ കുട്ടിയോ തന്നെ ഓടിക്കാനായി ശബ്ദമുണ്ടാക്കിയിട്ടില്ല. എന്നാലും സ്വതേ ഈ വിഭാഗത്തിൽപ്പെട്ടവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് കൂട്ടുകാര്‍  പലതവണ പറഞ്ഞിട്ടുള്ളതിനാൽ അവരോട് അടുക്കാൻ ശ്രമിച്ചിട്ടില്ല. 
ഇവിടെ ഭയപ്പെടുത്തുന്ന ശരീരഭാഷയുള്ള ഈ ആണുങ്ങള്‍ എങ്ങനെയെത്തി? 
ആ സ്ത്രീയും കുട്ടിയും എവിടെ? 
കാക്കയ്ക്ക് താന്‍ കൊത്തി വലിക്കാറുള്ള മാംസക്കഷണങ്ങളാണ് ഓർമ്മയിലെത്തിയത്. ചോരയിറ്റുന്ന, ചുവന്നുതുടുത്ത, എല്ലു പുറത്തേക്ക് തള്ളിനിൽക്കുന്ന ശരീരഭാഗങ്ങൾ. എല്ലാവരും ഒരുപക്ഷേ കൊന്നുതിന്നുന്നവർ തന്നെയാണ്. എന്നിട്ടും ചിലയിടങ്ങളില്‍ നിസ്സഹായതയുടെ നീലിച്ച മുഖം തുറിച്ചു നോക്കുന്നതുപോലെ. 
കാക്ക തിരിച്ചു പറന്നു.
ഇനിയൊരുപക്ഷെ, അമ്മയും കുഞ്ഞും വേറെയെവിടെയെങ്കിലും പോയിരിക്കുമോ? 
പണ്ട്, ഏറെക്കാലം മുമ്പായിരുന്നു അത്. അമ്മ ഭക്ഷണം കൊത്തിയെടുത്ത് ചുവന്നു തുടുത്തിരുന്ന തന്റെ വായിലേക്കു പകര്‍ന്ന് തീറ്റിച്ചിരുന്ന കാലം. അന്നു കഴിഞ്ഞിരുന്ന ആൽമരത്തിനടുത്ത വീട്ടിലെ അംഗങ്ങളെ പെട്ടെന്നൊരു നാൾ കാണാതായിട്ടുണ്ട്. 
മുതിർന്നതിനുശേഷം ഒറ്റപ്പെട്ടുപോയ കാലത്ത് പുതിയ സ്ഥലത്ത് ഒരു വീട്ടില്‍ അതേ ആളുകളെ കണ്ടിരുന്നു. ആദ്യമൊക്കെ വെറുതെ എത്ര പറന്നന്വേഷിച്ചിട്ടും കാണാതിരുന്നവരെ യാദൃച്ഛികമായി കണ്ടപ്പോൾ വല്ലാത്ത സന്തോഷമുണ്ടായി. അവരും തന്നെ തിരിച്ചറിഞ്ഞിരിക്കണം. തന്നെ നോക്കിയാവണം വിരല്‍ ചൂണ്ടി എന്തോ പറഞ്ഞത്. രണ്ടു ദിവസത്തിനകം അവര്‍ തന്നെയാണതെന്ന് ഉറപ്പിച്ചു. കാരണം പണ്ടു കേട്ട അതേ പാട്ട്. അതേ ബഹളം. 
ശബ്ദം അടുത്തറിയാനായി പിറ്റേന്ന് ജന്നല്‍ക്കലേക്കു പറന്നതും കാറ്റടിച്ചു തെറിപ്പിക്കുന്ന പാളിയില്‍ത്തട്ടി വീണതും ഞെട്ടലായി ഇന്നും നില്‍ക്കുന്നു. ഓർമ്മ തിരിച്ചു വരുമ്പോൾ വീട്ടിനു പുറത്ത് ചുവന്ന റോസാപ്പൂക്കൾ നിറഞ്ഞ ചെടിച്ചട്ടികൾക്കിടയിൽ ഇലകൾക്കു സമീപത്തായി കിടക്കുകയായിരുന്നു. അടുത്ത് പാത്രത്തിൽ വെള്ളണ്ടായിരുന്നു. കൊക്കിനറ്റത്തും ചിറകിലും വെള്ളത്തുള്ളികൾ. 
വീട്ടുകാർ പരിചരിച്ചിരുന്നുവെന്ന് മനസ്സിലായി. ഉള്ളിൽ നിന്നുയർന്നുവന്ന കൃതജ്ഞതയുടെ നിലവിളി, അച്ഛനമ്മമാരുടെ “അടുക്കരുത്” എന്ന വാചകമോർത്തപ്പോൾ തൊണ്ടയിൽത്തടഞ്ഞു. 
ചുറ്റുപാടും നോക്കി ആർക്കും പിടികൊടുക്കാതെ പോവുകയായിരുന്നു. 
കുറച്ചു രാത്രികൾക്കുശേഷം ദൂരെയൊരിടത്തേക്ക് പറന്നു മാറുകയും ചെയ്തു. തലയിൽ മുടിയില്ലാത്ത കൈയിൽ വടിയുള്ള ചലിക്കാനനുവാദമില്ലാത്ത ആൾരൂപത്തിനടുത്തുള്ള മരത്തിൽ താമസിക്കാൻ തീരുമാനിച്ചു. നല്ല ഉയരവും നിറയെ ഇലകളും ഉള്ള മരമായിരുന്നു അത്. 
പകൽനേരങ്ങളിൽപ്പോലും ആരും കാണാതെ ഇരിക്കാൻ കഴിയുമായിരുന്നു. നിറയെ കുട്ടികൾ വന്നുപോകുന്ന ഒരിടമാണതെന്ന് കാക്കയ്ക്കു ബോധ്യപ്പെട്ടു. വലിയവർ കുറച്ചു മാത്രം. കാക്കക്കൂട്ടത്തെപ്പോലെ കുട്ടികളുടെ വസ്ത്രത്തിനെല്ലാം ഒരേ നിറമാണെന്നും മുഖത്തു മാത്രമേ മാറ്റമുള്ളൂവെന്നും കാക്ക ശ്രദ്ധിച്ചു. സാധാരണ ആളുകളുടെ താമസസ്ഥലത്തേക്കാൾ വലിയ ഇടം. 
മഴയില്‍ കുതിര്‍ന്ന വീട്ടിനകത്തെ ശബ്ദം നേര്‍ത്തു. കാക്ക അതിദ്രുതം ശബ്ദം കേൾക്കുന്നിടത്തേക്ക് പറന്നുചെല്ലാൻ ആഗ്രഹിച്ചു.  അകത്തു കണ്ടവരെ  കാക്ക ഓർത്തു നോക്കി. മുഖപരിചയമുണ്ട്. നേരിട്ടല്ലെങ്കിലും പലയിടങ്ങളിലായി കണ്ടിട്ടുണ്ടെന്ന തോന്നൽ. ആൾക്കൂട്ടത്തിനിടയിൽ അദൃശ്യപ്രചോദനങ്ങളായി സുരക്ഷിതത്വത്തോടെ ഇരമ്പി നീങ്ങുന്നവർ. മനസ്താപമേതുമില്ലാതെ കട്ടയും കുറുവടിയുമായി പ്രസരിപ്പു തെളിയിക്കുന്ന നിത്യക്കാഴ്ചകളുടെ സൃഷ്ടാക്കൾ. വെയിലും മഴയുമേറ്റ് തളരാതെയും നിയമവ്യവസ്ഥകള്‍ക്കു മുന്നില്‍ തകരാതെയും മുന്നോട്ടേക്കെന്നു കരുതി ഓടിക്കൊണ്ടിരിക്കുന്നവർ. ഒരടി മുന്നോട്ടു വയ്ക്കുമ്പോള്‍ നാലടിയെങ്കിലും പുറകോട്ടു പോകുന്നവര്‍.
അമ്മയും കുഞ്ഞും അകത്തെവിടെയോ ഉണ്ടെന്നും തന്നെപ്പോലെ ഭയന്നു ജീവിക്കുന്നവരാണെന്നും മനസ്സിലായി. കൊടുംതണുപ്പിലും പേടികൊണ്ട് ചിറകുകൾക്കിടയിൽ വിയർപ്പിറങ്ങി. കാക്ക വീട്ടിനു ചുറ്റും പറന്നുകൊണ്ടിരുന്നു. മഴത്തുള്ളികൾ വീണ് ചിറകിന് ഭാരം കൂടിത്തുടങ്ങി. ചിറകു കുടഞ്ഞ് പിന്നെയും പറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്ഷീണം തീർക്കാനായി മഴവെള്ളം വീഴാത്ത ജന്നൽക്കമ്പികൾക്കു മുകളിലേക്ക് കാക്ക പറന്നുകയറി. അവിടെയുണ്ടായിരുന്ന രണ്ടു കുഞ്ഞൻ എലികൾ പേടിച്ചു താഴേക്കു ചാടി. അവ ചാടിയ സ്ഥലത്തുനിന്നും അമ്മയുടെയും കുട്ടിയുടെയും ശബ്ദം കേട്ട കാക്ക വിറച്ചുപോയെങ്കിലും അകത്തേക്കു നോക്കാൻ തീരുമാനിച്ചു. തല ചെരിച്ച് ഉള്ളിലേക്കു നോക്കിയ കാക്ക കണ്ടത് പ്രതീക്ഷിക്കാത്ത രംഗം.  ഇത്തരക്കാർ തങ്ങൾക്കിടയിൽ ഇല്ലെന്നും മനുഷ്യർക്കിടയിൽ ഉണ്ടെന്നും അറിയാമായിരുന്നു. 
ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച കാക്ക വീടിന്റെ മുൻവശത്തേക്കു പറന്നു. മഴ തോർന്നിട്ടുണ്ടായിരുന്നില്ല. 
കാക്ക മരക്കൊമ്പിലേക്ക് തിരിച്ചെത്തി. 
ജന്മസിദ്ധമായ താളഭേദത്തോടെ ഉറക്കെക്കരഞ്ഞു. എവിടെ നിന്നോ കുറേയേറെ കാക്കകൾ മരക്കൊമ്പു ലക്ഷ്യമാക്കി വരുന്നു.  ആശ്വാസത്തോടെ കാക്ക വീണ്ടും കരഞ്ഞുകൊണ്ടിരുന്നു. അല്പസമയത്തിനകം നിറയെ കാക്കകൾ മഴനനഞ്ഞു കുതിർന്ന ചിറകുകളുമായി അവിടെയെത്തി. 
കാക്കകളെല്ലാം ചേർന്ന് ഉറക്കെ കരഞ്ഞു തുടങ്ങി. 
കാക്കകൾ അസാധാരണമായി കരഞ്ഞതിനാല്‍ മറ്റു വീടുകളിൽനിന്ന് ആളുകൾ പുറത്തിറങ്ങിത്തുടങ്ങി. അവര്‍ മരത്തിനടുത്തെത്തിയപ്പോള്‍ കാക്കകള്‍ ഒരുമിച്ച് താഴ്ന്നു പറന്നു. അവ വീടിന്റെ മുന്‍വശത്തെത്തി. കറുത്ത ആകാശത്തെ വെളിച്ചമില്ലാത്ത മേഘങ്ങൾക്കിടയിൽ നിന്ന് ചില രൂപങ്ങള്‍ താഴേക്കു വന്നു. അവ കാക്കക്കൂട്ടത്തിനിടയിലേക്ക് കയറാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. 
ഒന്നും സംഭവിച്ചില്ല. 
കാക്കകൾ സ്വതസിദ്ധമായ ആത്മാവിഷ്കാരവുമായി ഉയര്‍ന്നു താണു കൊണ്ടിരുന്നു. അവയുടെ പ്രവൃത്തി ശ്രദ്ധിച്ച ആളുകള്‍ കുടയുമായി  വീട്ടിലേക്കെത്തി. ആര്‍ക്കും അവരെ നിയന്ത്രിക്കാനായില്ല. പെരുവെള്ളം ആര്‍ത്തലച്ച് ഒഴുകിയെത്തി. ബഹളം തെരുവില്‍ പടര്‍ന്നു തുടങ്ങി. 
മുറ്റം പ്രശ്നകലുഷിതമായി. 
എന്തു സംഭവിച്ചുവെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും.  
സമീപത്തെ വീടുകളില്‍ നിന്നുള്ളവരും റോഡിലുണ്ടായിരുന്നവരും ഉച്ചത്തില്‍ സംസാരിച്ചിട്ടും ആ വീട്ടിലുള്ള ആരെയും പുറത്തു കാണാത്തതിനാല്‍ സംശയം തോന്നി. വീടിന്റെ വാതിൽ പുറത്തുനിന്ന് അടച്ചിട്ടില്ല.
ചിലർ വാതിലിൽ തട്ടിവിളിച്ചു. തട്ടുന്ന ശബ്ദവും മറ്റനേകം ശബ്ദങ്ങളും ഉയർന്നപ്പോൾ കാക്കകൾ കരച്ചിൽ നിറുത്തി. 
മഴക്കാറുള്ള ആകാശത്തിനും  ഭൂമിയിലെ വെള്ളക്കെട്ടിനും മധ്യേ മഴത്തുള്ളികൾ മരവിച്ചു നിന്നു തിളങ്ങി. മിന്നലുണ്ടായപ്പോള്‍ അവ കൂടുതല്‍ ശക്തമായി ത്രസിച്ചു. ആകാശത്തു പതുങ്ങിയ രൂപങ്ങള്‍ ഇടമില്ലാതെ മാറി നിന്നു. തിരസ്കരിക്കപ്പെട്ടവര്‍ ചരിത്രത്തെ പുറന്തള്ളി പുറത്തിറങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വിളഞ്ഞു നില്ക്കുന്ന പുകമഞ്ഞു പടരുന്ന വയലുകൾക്കരികിലുള്ള കുടിലുകൾ വിട്ട് അവർ പുറത്തെത്തിയിരിക്കുന്നു.  പുകഞ്ഞു കത്തുന്ന അടുപ്പിലെ തീ ആളിപ്പടർന്നിരിക്കുന്നു. 
നിലവിളികൾ ആകാശത്തോളം ഉയർന്നെത്തിയിരിക്കുന്നു. 
തെരുവില്‍നിന്ന് തെരുവിലേക്ക് കലി ബാധിച്ചതുപോലെ ഇനിയും ആ തടിയന്മാര്‍ക്ക് നീങ്ങാനാവില്ല. 
അതിനുള്ള സന്ദർഭമില്ല. 
കാക്കകൾ കണ്ണിലെ അനാദിയായ പിടപ്പിന് ഊർജ്ജം വെപ്പിച്ചു കൊണ്ട് മേഘങ്ങളായി നിന്നു. 
അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ വ്യക്തമായി കേട്ടു. കൂടി നിന്നവര്‍ നിലവിളിക്കാനും തർക്കിക്കാനും തുടങ്ങിയതോടെ കാക്കകൾ അവിടം വിട്ടു പറന്ന് മരക്കൊമ്പില്‍ നിശ്ശബ്ദരായി.  മേഘമാലകൾക്കു താഴെ മറ്റൊന്നിനും ഇടം കൊടുക്കരുതെന്ന വാശിയോടെ അവ കാവലിരുന്നു. ചിറകു വിടർത്തിയൊതുക്കിയും കൊക്കുകൾ കൊണ്ട് തൂവലുകൾക്കിടയിൽ ചിക്കിയും തല കുടഞ്ഞും അവിടെയിരുന്നു. ഇടയ്ക്കിടെ ഉയർന്നു പൊങ്ങി വീണ്ടും താണിരുന്നു. ചിറകടികൾക്കിടയിൽനിന്ന് ഒന്നോ രണ്ടോ കാക്കത്തൂവലുകൾ മാത്രം മഴയിൽ നനഞ്ഞ് വെള്ളക്കെട്ടിലേക്കു വീണു. 
മഴ അതിശക്തമായി പെയ്തു കൊണ്ടിരുന്നു.
ആക്രോശങ്ങള്‍ വ്യക്തമല്ലായിരുന്നു. 
ഇരുണ്ടു നനഞ്ഞ പകൽ ഘനീഭവിച്ചു നിന്നു. 
കുറച്ചു സമയത്തിനുശേഷം കാക്കകൾ മഴയെ അവഗണിച്ചു കൊണ്ട് ദൂരേയ്ക്കു പറന്നകന്നു. പുതിയ ഉയിരുണ്ടായതുപോലെ, ചെറുക്കാനാവുമെന്ന ഉറച്ച വിശ്വാസത്തോടെ മഴമേഘങ്ങൾക്കുതാഴെ സൂക്ഷ്മതയുടെ നോട്ടങ്ങളായി അവ മറഞ്ഞുപോയി.
ഇലകൾക്കിടയിൽ കണ്ണുകളായി മരത്തിലുണ്ടായിരുന്ന കാക്ക മാത്രം കാലുകളിൽ ചവിട്ടിപ്പിടിച്ച തണലുമായി അവശേഷിച്ചു. ഒറ്റക്കണ്ണിന്റെ ചരിത്രം വലിയ കുമിളകൾ പോലെ കാറ്റത്തു നിലയില്ലാതെ ആടിത്തുടങ്ങുമ്പോൾ അന്നേവരെയില്ലാത്ത തെളിച്ചവും കൂർമ്മതയുംകൊണ്ട് കാക്കയുടെ കണ്ണുകൾ വജ്രസൂചികളായി. രണ്ടാം കഥയിലെ വിശേഷബുദ്ധിയെക്കുറിച്ചോര്‍ത്ത് അതിന്റെ കണ്ണുകള്‍ നിറഞ്ഞു. 

No comments: