Tuesday, September 08, 2026

The Ruby, The Coral, and the Parrot: 7 Surprising Origins of Kerala’s Literary DNA


1. Introduction: The Language That Welcomes the World

Malayalam is often described by historians as an exceptionally "hospitable" tongue. Unlike many languages that maintain rigid boundaries to preserve their purity, the history of Malayalam is defined by its receptivity to the outside world. It is a language that has historically opened its doors to a vast array of linguistic guests, transforming itself through a process of continuous "Linguistic Synthesis."

This synthesis was born from centuries of trade and cultural exchange. While its roots belong firmly to the Dravidian family of southern India, its vocabulary has been enriched by a staggering variety of sources. Sanskrit accounts for the largest historical influence, followed closely by Tamil, but the language also absorbed loanwords from Arabic, French, and English, as well as the tongues of early traders like the Portuguese and the Dutch.

This leads to a compelling historical question: How did a regional Dravidian language, once close to Tamil in its earliest stages, evolve into one of the most sophisticated and nuanced literary traditions in the world? The answer lies in its unique ability to accommodate foreign elements while remaining deeply rooted in the local landscape, creating a literary DNA that is as diverse as the spice coast itself.

2. The Secular Song: Why the "Common Man's" Lyrics Survived the Best

When tracing the oral roots of Kerala’s heritage, there is a striking contrast between the survival of secular and ritualistic traditions. Historically, the earliest poetic expressions survived through songs and ballads associated with primitive Dravidian rituals. However, as the Aryan faith moved into Kerala, these ritual songs underwent a "complete makeover," where their original themes, diction, and imagery were transformed by external religious intrusions and Puranic elements.

Surprisingly, it was the secular folk songs of the "common man" that survived with the most structural integrity. These songs remained remarkably stable because they were inextricably tied to the rhythms of manual labor and agricultural operations. Whether it was the Pulluvars reciting songs at festivals in serpent groves or the Panars going from house to house to wake the people in the early hours, these traditions were anchored in the functional life of the community. Because these chants provided rhythmic support for physical tasks—often by farm laborers detained for long hours by feudal landlords—their structural simplicity was preserved by the practical necessity of the work itself.

Sunday, August 09, 2026

പുതുവഴികള്‍ നിര്‍ഭയമായി രൂപപ്പെടുന്നതെങ്ങനെ?

ഒരിക്കല്‍, ഒരിടത്ത് എന്നുതുടങ്ങുന്ന എല്ലാക്കഥകളിലും ഒറ്റയ്ക്കും കൂട്ടായും വ്യക്തികളും സമൂഹവും ആലോചിച്ചുണ്ടാക്കുന്ന ഏതെങ്കിലും പ്രശ്നവും പരിഹാരവും ഉണ്ടായിരിക്കും. പലപ്പോഴും അത്തരം കഥകള്‍ പറയുന്നതിലെ സവിശേഷതയും കഥ കേള്‍ക്കാനുള്ള ത്വരയും മൂലം ആരുമറിയാതെ സ്വയം വിധിയും താല്പര്യങ്ങളും നിര്‍ണ്ണയിക്കുന്നവയായിത്തീരും. ആമയും മുയലും മത്സരിച്ച കഥയും തുന്നല്‍ക്കാരന്‍ തുമ്പിക്കൈയില്‍ സൂചി കുത്തിയ കഥയും മൂങ്ങകളുടെ ശത്രുപാളയത്തില്‍ കടന്നുചെന്ന് തന്ത്രപൂര്‍വ്വം അവരെ കൊന്നൊടുക്കിയ കാക്കയുടെ കഥയും നദി കടക്കുമ്പോള്‍ വേദമല്ല, നീന്തലാണ് അറിയേണ്ടതെന്ന വിമര്‍ശനവും മറ്റും ഒരിക്കലും കേള്‍വിക്കാരെ പുറകോട്ടു നടത്തില്ല. ഇവ നല്‍കുന്ന ഗുണപാഠങ്ങള്‍ എപ്പോഴെങ്കിലും ഉപകാരപ്പെടും എന്നുകരുതി നോട്ടുപുസ്തകത്തില്‍ കുറിച്ചുവയ്ക്കുകയോ ടെക്സ്റ്റുകള്‍ കൊണ്ടുനടക്കുകയോ ചെയ്യാറില്ല. എന്നാല്‍ അവ നല്‍കുന്ന അനുഭവപാഠം ആദ്യം ജീവിതത്തെ നേരിടാനും പിന്നീട് കഥയെത്തന്നെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്തുന്നതിനുമാവും ഉപകാരപ്പെടുക. ആദ്യം ഗുണപാഠമായി വന്ന കഥകള്‍ പിന്നീട് സ്വയം വിമര്‍ശനത്തിലേക്കു പോകുമ്പോഴാണ് കഥയുണ്ടാക്കുന്നവരുടെ കഥയും വിമര്‍ശനത്തിലേക്കെത്തിച്ച കഥയും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുന്നത്. കഥയുണ്ടാക്കിയവര്‍ തങ്ങളുടെ പല ഉദ്ദേശങ്ങളെയും കഥയില്‍ നേരിട്ടു പറഞ്ഞില്ലെങ്കിലും കഥ കേട്ടവരില്‍ കഥയിലുപരിയായി പലതും ട്രിഗര്‍ ചെയ്യപ്പെടുന്നുവെന്നു മനസ്സിലാക്കാം. 

Monday, July 27, 2026

ചാപ്പകുത്തലുകള്‍ക്കെതിരെ ആക്ഷേപഹാസ്യം ആയുധമായപ്പോള്‍: കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം

ഒരു അനീതി നടക്കുമ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പുയര്‍ത്തുന്നത് സാമാന്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അനീതിയുടെ പശ്ചാത്തലവും വൈകാരികതയും മറ്റും അതിനുശേഷമാണ് അപഗ്രഥിക്കപ്പെടുക. അങ്ങനെയൊരു സാഹചര്യം രൂപപ്പെടുമ്പോഴാണ് അതൊരു ബഹുജനപ്രക്ഷോഭമായിത്തീരുക. ആ സന്ദര്‍ഭത്തിലും കൃത്യമായ ദാര്‍ശനികപരിസരം രൂപപ്പെട്ടുവെന്നു കരുതാനാവുമോ? ഉത്തരം “ഇല്ല” എന്നുതന്നെയാണ്. എന്നാല്‍ അതെങ്ങനെയാണ് വളര്‍ന്നുവികസിക്കുന്ന, ചരിത്രപരമായ പരിണാമകാരിയാകുന്ന പ്രതിഷേധമായതെന്നു പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിന്റെ അടിസ്ഥാനം ആക്ഷേപഹാസ്യ(satire)മാണ്. ആ അനുകരണത്തെ മുളയില്‍ത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളെന്നു പൊതുവെ വിളിക്കുന്ന ഏര്‍പ്പാടിനെ അപഹസിക്കുക എന്നതാണ് ചെറുത്തുനില്‍പ്പിനുള്ള ആയുധമായി അവര്‍ സ്വീകരിച്ചത്. ജനാധിപത്യത്തിന്റെ പാരമ്പര്യരീതികളില്‍നിന്നു വ്യതിചലിച്ചു ദേശീയതയ്ക്ക് ഊന്നല്‍നല്‍കുന്ന, ഇന്ത്യന്‍ പൗരന്മാരെ നിര്‍വ്വചിക്കുന്ന പൂര്‍വ്വകാലാനുഭവങ്ങള്‍ കൂടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെയാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പുതിയ ഭാഷാരൂപങ്ങളും പ്രതീകാത്മകതയും സ്വീകരിച്ചുകൊണ്ട് വളര്‍ന്നുവരുന്ന കാലഘട്ടത്തെ നാം കാണുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന പേരില്‍ ഉയര്‍ന്നുവന്ന കൂട്ടായ്മ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ആക്ഷേപഹാസ്യത്തെ പ്രതിഷേധത്തിന്റെ മുഖ്യഭാഷയാക്കി മാറ്റിക്കൊണ്ട്, ഭരണകൂടവിമര്‍ശകരെ രാജ്യദ്രോഹികളെന്നും വിദേശഫണ്ട് കൈപ്പറ്റുന്നവരെന്നും അര്‍ബന്‍ നക്സലുകളെന്നും ചാരന്മാരെന്നും മുദ്രകുത്തുന്ന പതിവുരീതികളെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം ശ്രദ്ധനേടിയത്. 

Wednesday, July 15, 2026

ബാലന്‍: അസ്തിത്വസങ്കീര്‍ണ്ണതകളുടെ ആഖ്യാനലോകം

“മുറികൾക്കുള്ളിൽ നിന്ന് വിവിധതരം മുറികളിലേക്ക് - അവയൊരിക്കലും അടഞ്ഞുകിടക്കുന്നവയല്ല - ബാലനെ കൊണ്ടുപോകാനാകുന്നിടത്താണ് ഈ മലയാളസിനിമ അതിന്റെ സവിശേഷഘടനയെ രൂപപ്പെടുത്തുന്നത്. ഓരോ പുതിയ ഇടങ്ങളും ഓരോ പുതിയ കഥകളായി മാറുകയും അതിനകത്ത് ജീവിക്കാൻ പ്രേരിപ്പിക്കുകയുമാണ്. അത്തരമൊരു ജീവിതം ഓരോരുത്തരും ജീവിച്ചുകൊണ്ടിരിക്കുന്നു എന്നിടത്താണ് കഥകൾക്കപ്പുറം നാമെന്താണ് എന്ന ചോദ്യം ഉണ്ടാകുന്നത്,” 

Movie Review by ഡോ. ടി. ജിതേഷ്.
 



Saturday, October 25, 2025

കുതിരകള്‍ ഓടുന്നതിനുള്ള വഴി!

കുതിര ഓടും ചാടും വെള്ളം കണ്ടാല്‍ നില്‍ക്കും. എന്താണുത്തരമെന്നു ചോദിച്ചാല്‍ ചെരുപ്പാണത്രേ. വാട്ടര്‍പ്രൂഫായ ചെരുപ്പുകളും ഷൂസുമൊക്കെ വന്നപ്പോള്‍ കുതിരകള്‍ നിന്നിരുന്നോ എന്നറിയില്ല. ചിലപ്പോഴെങ്കിലും കുതിരകള്‍ക്കു നില്‍ക്കാതെ വയ്യല്ലോ. അങ്ങനെ നിര്‍ത്തിയ കുതിര നില്‍ക്കാതെ ചാടിയപ്പോള്‍ വന്നുപോയ സാഹസമാണ് ഓടും കുതിര ചാടും കുതിര (2h. 32 m., 2025, സംവിധാനം അല്‍ത്താഫ് സലീം) എന്ന മലയാള ചലച്ചിത്രം. ആക്ഷേപഹാസ്യമല്ല ഈ സിനിമ, ഇതാരെയും ആക്ഷേപിച്ചു ഹസിക്കുന്നില്ല. ഇതൊരു മഹത്തായ ന്യൂജന്‍ കളിയാണ്. സരസമധുരമന്ദാരച്ചെപ്പ്... ബേഠീ ഹഠാവോ... തമാശകളെ തമാശിക്കുന്നത്. അക്കാലം നിങ്ങള്‍ മൊഴിഞ്ഞ തമാശകളൊക്കെ വെറും ചെളിയായിരുന്നെടോ ഓടും വഴിയറിയാറായെടോ!! (കുഞ്ചന്‍നമ്പ്യാര്‍ക്കു കടപ്പാട്)
മംഗലമേലും നമ്മുടെ നാട്ടിൽ
ചങ്ങല കൊണ്ടിഹ പൂട്ടി മുറുക്കി
തുംഗമതായൊരു തൂണും ചോട്ടില-
നങ്ങാതങ്ങു കിടത്തണമവനെ. (വീണ്ടും നമ്പ്യാര്‍ക്കു കടപ്പാട്).
സാധാരണഗതിയില്‍ ഒരുത്തരത്തിനുവേണ്ടി ആളുകളെങ്ങനെയാണു ശ്രമിക്കുക? ഉത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടെത്താന്‍ ശ്രമിക്കും. ആ കണ്ടെത്തലിന്റെ വഴികള്‍ സരസമായി ഓര്‍ത്തുനോക്കിയാല്‍ വല്ലാത്ത മണ്ടത്തരങ്ങളായിരിക്കും. ഈ മണ്ടത്തരങ്ങള്‍ എത്രയോ സിനിമകളില്‍ കണ്ടുമറന്നിട്ടുണ്ട്.

Wednesday, July 16, 2025

അദൃശ്യത്തോടുള്ള ഭയം

സംഗീതം എന്നാല്‍ അത്രയെളുപ്പത്തില്‍ വേണ്ടെന്നു വയ്ക്കാവുന്ന ഒന്നല്ലല്ലോ. നേരത്തേ അത് സാധിക്കുമായിരുന്നു. കാരണം, ലഭ്യത ഒരു ഘടകമാണ്. അതെനിക്കുവേണ്ട എന്ന് എളുപ്പത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് ലഭിക്കാനുള്ള ബുദ്ധിമുട്ട്. അതുകൊണ്ടുമാത്രമല്ലെങ്കിലും, അതൊരു പ്രധാന ഘടകമാണ്. കിട്ടാതിരിക്കുന്നതിനെ വേണ്ടെന്നു വയ്ക്കുന്നതിനുള്ള സൗകര്യം. ഇനി ഏതെങ്കിലും തരത്തില്‍ മതപരമോ സാമൂഹികമോ ആയ വിലക്കുണ്ടെങ്കില്‍ ലഭ്യതയെക്കുറിച്ച് ആലോചിക്കുകപോലും വേണ്ട. കാലം മാറി ഇന്നങ്ങനെയല്ല സ്ഥിതി. യുപിഐ ആപ്പിലൂടെ പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്താല്‍പ്പോലും സംഗീതം അകമ്പടിയായി വരും.

Thursday, February 20, 2025

ക്ലൗഡ് മ്യൂസിക് (കഥ)

“ഇപ്പോത്തന്നെ ആമസോണ്‍ മ്യൂസിക്കുണ്ടല്ലോ, അത് പ്രൈം അക്കൗണ്ടല്ലേ. ഇനിയൊരു പ്രീമിയം വെര്‍ഷന്‍ എടുത്തു കേള്‍ക്കാന്‍ വയ്യ” എന്നു പറഞ്ഞപ്പോള്‍, രാത്രി എട്ടു മണിക്കുശേഷം പതിവായി വാട്സാപ്പ് വീഡിയോയില്‍ വരുന്ന മകളാണ് സൗണ്ട് ക്ലൗഡ് എടുക്കാന്‍ പറഞ്ഞത്. അതൊരു ജര്‍മ്മന്‍ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണത്രേ. ഉപഭോക്താക്കള്‍ക്ക് അപ്‌ലോഡിനും പ്രമോട്ടിനും ഷെയറിനും സൗകര്യമുണ്ടാക്കുന്ന ഓണ്‍ലൈന്‍. പത്തുപതിനഞ്ചു വര്‍ഷത്തിലധികം പ്രായമുള്ള പ്ലാറ്റ്ഫോമായിട്ടും ഇതേവരെ ഉപയോഗിക്കാന്‍ തോന്നിയില്ലല്ലോ എന്ന ചിന്ത അലോസരപ്പെടുത്തി. ഏതാണ്ട് അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനിളപ്പമുള്ള കമ്പനി.

പുതിയൊരു ഓപ്ഷന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആദ്യം മൗനമായിരുന്നു എന്റെ മറുപടി. പിന്നെ, കുറച്ചുനേരം ആലോചിച്ചു. ടീപ്പോയിലെ പത്രത്തിനു മുകളിലിരുന്ന ടിവിയുടെയും ഹോം തീയേറ്ററിന്റെയും സെറ്റ്ടോപ്പ് ബോക്സിന്റെയും റിമോട്ടുകളില്‍ തിരഞ്ഞു. ടിവിയുടെ റിമോട്ടെടുത്ത്, ഫോണ്‍ സംഭാഷണത്തിലെ തടസ്സമൊഴിവാക്കാന്‍ മ്യൂട്ടാക്കി വെച്ചിരുന്ന ചാനല്‍ വെറുതെ മാറ്റി. ചലിച്ചുകൊണ്ടിരുന്നെങ്കിലും നിശ്ശബ്ദമായിരുന്ന പരസ്യങ്ങളില്‍നിന്ന് ശബ്ദകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഓര്‍മ്മയില്‍ പരസ്യവാചകങ്ങള്‍ക്കൊപ്പം സംഗീതവും സംഭാഷണവും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മകള്‍ മൊബൈല്‍ സ്ക്രീനിലേക്കുതന്നെ നോക്കി മുഖഭാവം ശ്രദ്ധിക്കുന്നുണ്ട്. അവളുടെ നോട്ടം കണ്ടപ്പോള്‍ പതുക്കെ പറഞ്ഞു.

Thursday, February 06, 2025

വിലങ്ങണിയിക്കുന്നതാര്?

ത്തുകോടി തൊഴിലവസരങ്ങള്‍ വര്‍ഷാവര്‍ഷം വീതിച്ചു നല്‍കിയ രാജ്യത്തുനിന്ന് പുറത്തേക്കുപോയവരെ കൈകാലുകളില്‍ വിലങ്ങണിയിച്ച് മറ്റൊരുരാജ്യം തിരിച്ചെത്തിച്ചതാണത്രേ! ഏതാണ്ട് ഈ മട്ടിലാണ് അധികാരികളുടെ മറുപടി. സ്വന്തം ജനതയെ തുണികെട്ടിയും ഫ്ലക്സുയര്‍ത്തിയും മറച്ചുപിടിച്ച് ആനയിച്ചു കൊണ്ടുവന്ന അതേ വ്യക്തികള്‍ക്ക് ഇതൊരു വിഷയമാവില്ല. അന്ന് ആര്‍ക്കുവേണ്ടിയാണോ നാടകം നടത്തിയത് അതേ ആള്‍ തന്നെയാണ് ഇതിനുപുറകിലും. അടിമകളാണ് ഞങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് അധികാരികള്‍. സ്വന്തം പൗരന്മാരെ അടിമകളായി കാണുന്നവര്‍ക്കാണ് ഇവ്വിധം പെരുമാറാന്‍ സാധിക്കുക. അത്തരം അധികാരികള്‍ സ്വയം അടിമകളായി അമേരിക്കയുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. അമേരിക്കയുടെ മുന്നില്‍ വിനീതവിധേയരായി -സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന- നില്‍ക്കുന്ന മന്ത്രിമാരും ഭരണവും. ന്യായീകരണത്തിനായി പണ്ടും ഇതൊക്കെ ഉണ്ടായിരുന്നുവെന്ന വാദവും!(പണമില്ലാത്തവരല്ല, അത്യാഗ്രഹികളാണ് പോകുന്നതെന്ന് ആരൊക്കെ എതിര്‍വാദം ഉന്നയിച്ചാലും അങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിയതിന്റെ കാരണവും മറ്റും എന്തായിരുന്നാലും ഇത്തരം കാര്യങ്ങളെ നേരിടുന്നതിന് മനുഷ്യത്വവിരുദ്ധമായ മാര്‍ഗ്ഗങ്ങളല്ല ഉപയോഗിക്കേണ്ടത്. പണം വാങ്ങി അവിടെ എത്തിക്കുന്ന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് സൗകര്യത്തിന്റെ വെളിച്ചത്തിലാണ്?) അനധികൃത കുടിയേറ്റക്കാര്‍ പല സാഹചര്യങ്ങളാലും എല്ലാ രാജ്യങ്ങളിലും എത്തിപ്പെടുന്നുണ്ട്. അഭയാര്‍ത്ഥിപ്രവാഹമുണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലകുറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. മിലിറ്ററി വിമാനത്തില്‍ ചങ്ങലയ്ക്കിട്ട് പറഞ്ഞുവിടേണ്ടവരായിരുന്നോ എന്നുകൂടി ഓര്‍ക്കണം? ഇവിടെ വാരിക്കോരിക്കൊടുത്ത തൊഴിലും അവസരങ്ങളും ഉദാരമായ സാമ്പത്തികസഹായവും നിരസിച്ചു പോയവരാണെന്ന മട്ടിലിരിക്കുന്നതു കൊണ്ടാണോ അതൊരു അപമാനമായി തോന്നിക്കാത്തത്? ഇവിടെ എന്തുണ്ടായിരുന്നു? തൊഴിലവസരങ്ങള്‍ എത്രത്തോളം ഉണ്ടായി? കര്‍ഷകരുടെ അവസ്ഥയെന്തായി? സമ്പദ് സമൃദ്ധി കണ്ട് ആരെങ്കിലും പുറത്തുനിന്ന് വന്നിരുന്നുവോ? അങ്ങനെയായിരുന്നല്ലോ വലിയവായിലെ പ്രഖ്യാപനങ്ങള്‍. ഇനിയിപ്പോള്‍ സ്വയം വിലങ്ങണിയാനായി, പ്രതീകാത്മകമായി അതണിഞ്ഞുകൊണ്ടാവുമോ നേതാക്കള്‍ അങ്ങോട്ടു പോകുന്നത്? 


അമേരിക്ക ട്വിറ്ററില്‍ പുറത്തുവിട്ട വീഡിയോയും വാര്‍ത്തയും 


Wednesday, March 06, 2024

കാഴ്ചപ്പാടുകള്‍

വികസനം ആരുടെ അഭിമാനമാണ്?
ത്തുവര്‍ഷത്തെ ഭരണത്തോടെ സ്വാഭാവികമായി വന്നുചേര്‍ന്ന തോന്നലാണ് ഇതേ ഭരണം ഇനിയും തുടരും എന്നുള്ളത്. വോട്ടര്‍മാര്‍ക്ക് വിരോധം തോന്നിയാല്‍ ഇനി അധികാരത്തില്‍ വരില്ലെന്നും താല്പര്യമുണ്ടെങ്കില്‍ ഇനിയും വരുമെന്നും തോന്നിക്കുന്ന പ്രചാരണം. താല്പര്യമുണ്ടെന്നുറപ്പിക്കലാണ് ഗ്യാരണ്ടി പ്രയോഗം! പൊതുവെ ഉല്പന്നങ്ങള്‍ക്കാണ് ഗ്യാരണ്ടി നല്‍കുക. അതില്‍പ്പോലും വ്യവസ്ഥകളുണ്ടായിരിക്കും. അതൊരു വാഗ്ദാനമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പണം മുടക്കി നേടിയ ഉല്പന്നം സൗജന്യമായി ശരിയാക്കാമെന്നോ, മാറ്റി നല്‍കാമെന്നോ ഉറപ്പിക്കുന്ന രീതി.
വാറന്റിയാണെങ്കില്‍ എഴുതിത്തയ്യാറാക്കിയ ഡോക്യുമെന്റായിരിക്കും. രണ്ടിലേതായാലും കണ്ടീഷനുകള്‍ നിറയെ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങള്‍ അതു പാലിക്കാത്തതിനാല്‍ ഈ പറഞ്ഞതിന് അര്‍ഹതയില്ല എന്നായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികളെപ്പോലെ ഗ്യാരണ്ടിക്കാര്‍ പറയാന്‍ ശ്രമിക്കുക. പ്രൊഡക്ടിനോടുള്ള ഉത്തമബോധ്യം പല കമ്പനികളെയും ഗ്യാരണ്ടിയുടെ ആവശ്യമേയില്ല എന്ന് പറയിക്കും. (അവര്‍ക്ക് പരസ്യം ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ ചെയ്യും.) മാത്രമല്ല, പലപ്പോഴും വാങ്ങിയവര്‍ ഗ്യാരണ്ടി പിരീഡ് കഴിയുന്നതോടെ പ്രൊഡക്ടിന് തകരാര്‍ സംഭവിക്കുമെന്ന വിശ്വാസക്കാരായിരിക്കുകയും ചെയ്യും! അതുകൊണ്ടുതന്നെ ഗ്യാരണ്ടിയെന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും അങ്ങനെ പലതും പറയും എന്ന തോന്നലേ പൊതുവേ ഉണ്ടാകുകയുള്ളൂ. ഭാഷ അങ്ങനെയാണല്ലോ. പ്രയോഗത്തിലൂടെയും ആവശ്യങ്ങളിലൂടെയുമാണല്ലോ അത് അര്‍ത്ഥത്തെ നിര്‍ണ്ണയിക്കുന്നത്. ആളുകള്‍ പൊതുവെ ഗ്യാരണ്ടിയൊന്നും വിശ്വസിക്കാത്തവരാണ്. ഒരു പദത്തിന് സന്ദര്‍ഭവും നിരന്തര ഉപയോഗവുമാണ് അര്‍ത്ഥം നിര്‍ണ്ണയിക്കുന്നത്. ആശയങ്ങള്‍ക്ക് അസ്തിത്വം ലഭിക്കുന്നത് മറ്റുള്ളതുമായുള്ള വ്യത്യസ്തതയിലത്രേ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥത്തെയും കടന്നുനില്‍ക്കുന്ന അനുഭവങ്ങള്‍ ആ പ്രയോഗത്തോടുള്ള പ്രതിപത്തിയെ മറ്റൊന്നായി കാണാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഗ്യാരണ്ടി ആരോടെങ്കിലുമുള്ള പ്രതിപത്തിയാണോ നിര്‍ണ്ണയിക്കുന്നത്? ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടാകും തുടങ്ങിയ ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്. 

Monday, February 12, 2024

LCU, വിജയ് - രണ്ട് പോപ്പുലര്‍ ബ്രാന്‍ഡുകളുടെ വിജയരഹസ്യം

പ്രേക്ഷകർക്കിടയിൽ താരമൂല്യം എന്നതുപോലെ മറ്റൊരു സംവാദമണ്ഡലം രൂപപ്പെടുത്തുകയാണ്, LCU. വിജയ് എന്ന താരത്തെ ആഘോഷിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ സിനിമയാണ് ലിയോ. പുരുഷന്റെ രക്ഷകവേഷം മറ്റെന്തിനെയുംപോലെ സസ്പെൻസിലൂടെ ഇടപെട്ടുകൊള്ളും എന്ന ധാരണയ്ക്കു നൽകുന്ന പ്രാധാന്യമാണ് ഇത്തരം സൃഷ്ടികൾക്കു പ്രേരണയാകുന്നത്. 












Sunday, August 27, 2023

#FahadhFaasil: പോപ്പുലിസത്തിന്റെ മാരക വേർഷൻ

‘‘തികച്ചും ലളിതമായി / നിഷ്‌കളങ്കമായി ട്രെന്‍ഡായിപ്പോയതാണെന്ന് തോന്നിച്ചുകൊണ്ട് സിനിമയില്‍നിന്ന് തെരഞ്ഞെടുത്ത ഓരോന്നും വൈറല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ മാറിവരുന്ന സോഷ്യല്‍ കമ്മിറ്റ്‌മെന്റുകളുടെ ശ്രേണിയെ ഭയപ്പെടേണ്ടിയിരിക്കുന്നു’’- ​‘മാമന്നനി’ൽ ഫഹദ്​ ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെക്കുറിച്ച്​ നിരീക്ഷണം.


















ട്രൂകോപ്പിതിങ്കില്‍ വായിക്കുക

ലിങ്ക് 

Wednesday, June 21, 2023

ഗവേഷണവും സൗന്ദര്യശാസ്ത്രവും

ഗവേഷണമെന്നാല്‍ എന്താണ്? അഥവാ എന്താണ് ഗവേഷണം? 
സംഗതി ഒന്നുതന്നെ, തിരിച്ചിട്ടാല്‍ മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ? 
അതായത്, കഥയോ കവിതയോ നോവലോ വിമര്‍ശനമോ എന്തെങ്കിലുമാവട്ടെ, ഭാഷാരീതി എന്നൊന്നുണ്ട്...
അവതരണശൈലി എന്നൊക്കെപ്പറയും. 
കവിയുദ്ദേശിച്ചത് എന്നുമാവാം? 
ഗവേഷണം ചെയ്തിട്ട് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയക്കാലത്തെ ചോദ്യം? സമൂഹത്തിനെന്തു ഗുണമെന്ന് ആദ്യകാലം മുതല്‍ക്കേതന്നെ ചോദ്യമുണ്ട്. അഥവാ അങ്ങനെ ചോദ്യമുണ്ടാകുമ്പോഴാണ് ഗവേഷണത്തിലേക്കെത്തുക. 

ഒരു മാതിരി... നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നറിഞ്ഞിട്ട് എനിക്കെന്താ എന്നോ ഇതിവിടെ പറയാതിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് വിചാരിക്കുകയോ ചെയ്യുന്നതുപോലെ ബാലിശമാണ് ഗവേഷണം... സാഹിത്യഗവേഷണം ചെയ്തിട്ടെന്തിനാണെന്ന ചോദ്യവും. 

Sunday, April 23, 2023

ആഴത്തില്‍ നിന്ന് ആഴമേറിയപ്പോള്‍

ആഴത്തിലറിയുക എന്നൊന്നുണ്ട്. എന്താണത് എന്ന ചോദ്യത്തിന് കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നായിരിക്കും മറുപടി. ആഴത്തിലേക്കിറങ്ങി അന്വേഷിക്കലാണത്. അതായത് പുഴയുടെ ആഴത്തിലേക്ക് ഇറങ്ങുകയും അവിടെ തിരയുകയും ചെയ്യുക. ഇങ്ങനെ സാധാരണയായി കേള്‍ക്കുന്ന ഒരു സംഗതിയെ ശബ്ദതാരാവലിയോ ശൈലീ പുസ്തകമോ ഒന്നും നോക്കാതെ അവതരിപ്പിക്കാനാവും. ഇനി ഇതിന്റെ നിരുക്തിയിലേക്കു പോവുകയാണെങ്കില്‍ ആഴം എന്ന പദം എങ്ങനെയുണ്ടാകുന്നു, അത് മലയാളത്തില്‍ വന്നതെങ്ങനെ? ഏതു സാഹചര്യത്തിലാകും ഉപയോഗിക്കപ്പെട്ടിരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ സാധിക്കും.
          നന്നായി വായിച്ചു മനസ്സിലാക്കുക എന്നു പറയുന്നതിനേക്കാള്‍ സൗന്ദര്യം ഇതിനുണ്ട്. കുറേക്കൂടി സാഹിത്യഭംഗിയുണ്ട്. വെറുതെ ഭംഗിവാക്കു പറയുന്നതുപോലെയല്ല, പണ്ഡിതസമാനമായ എന്തോ ഒരു സംഗതി കേട്ട അനുഭൂതിയാണ് മറ്റൊരാള്‍ ഇങ്ങനെ നമ്മളോട് പറയുമ്പോള്‍ ഉണ്ടാവുക.
          ആഴത്തിലറിയുന്നതിന് നെഗറ്റീവായ അര്‍ത്ഥവും ഒരുപക്ഷേ കണ്ടേക്കാം. നെഗറ്റീവ് എന്നല്ല, ദ്വയാര്‍ത്ഥം എന്നൊക്കെ വിചാരിക്കാവുന്നതാണ്. മറ്റെന്തെങ്കിലും ധ്വനിയിലാണെങ്കില്‍ സന്ദര്‍ഭാനുസരണം ചിരിയും വരും.

Friday, January 20, 2023

വൃത്തം എന്ന നോവല്‍

പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രചന

ലിങ്ക് ഇവിടെ