Wednesday, May 12, 2021

ഏട്ടിലെ പശു പുല്ലു തിന്നില്ല

സമകാലിക വാര്‍ത്താമാധ്യമങ്ങളിലെ നവമാധ്യമങ്ങള്‍ എന്ന മേഖലയില്‍ വരുന്ന  സോഷ്യല്‍ മീഡിയ അടക്കമുള്ള എല്ലാത്തരം മാധ്യമങ്ങളും – അതായത് വര്‍ത്തമാനപ്പത്രങ്ങളുടെ ഇന്റര്‍നെറ്റ് എ‍ഡിഷന്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ - അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നവയാണ്. വെബ് സ്പേസിനെ പരസ്പരം ഇടപെടുന്നതിനുള്ള (interactive) ഏറ്റവും വലിയ സാധ്യത നല്‍കുന്ന ഒന്നായിട്ടാണ്  പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍ ഈ സൈബറിടത്തെ ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കൗതുകകരമായ പല വസ്തുതകളും കണ്ടെത്താനാവും.
    തള്ള് എന്ന പ്രയോഗം അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയില്‍ - എല്ലാത്തരം അര്‍ത്ഥവ്യത്യാസങ്ങളോടെയും – വിരാജിക്കുന്ന ഒന്നാണ്. തള്ളുക, തള്ളല്‍, തള്ളിമറിച്ചു തുടങ്ങിയ ക്രിയാരൂപങ്ങള്‍ മാത്രമല്ല തള്ള് നാമരൂപത്തില്‍ വരെ സ്ഥായിയായ അസ്തിത്വം നേടിക്കഴിഞ്ഞിരിക്കുന്നു. അവന്‍/അവള്‍ തള്ളാണ് എന്നു പറയുന്നടത്തും അവന്‍/അവള്‍ തള്ളല്ലേ എന്നു പറയുന്നിടത്തും ഇത് വ്യക്തമാണ്. വീഡിയോ രൂപത്തിലും ചിത്രസഹിതമുള്ള (മീം) പ്രയോഗങ്ങളിലും തള്ളിന്റെ ആശാന്മാരായി സിനിമയില്‍നിന്നും വന്നവരെ അവതരിപ്പിക്കുന്നതും കാണാം. മന്ത്രിമാരും പൊതുജനസേവകരുമായ ആളുകളെയും അവരുടെ വെറും വാക്കുകളുടെ അടിസ്ഥാനത്തിലോ സ്വയം പുകഴ്ത്തലിന്റെ അടിസ്ഥാനത്തിലോ ഇങ്ങനെ വിശേഷിപ്പിച്ചു കാണാറുണ്ട്. To press upon or against (a thing) with force in order to move it away എന്നര്‍ത്ഥമുള്ള push ഇതിന് തത്തുല്യമായി ഇംഗ്ലീഷില്‍ വരില്ല. പുഷ് എന്നതിന്റെ അര്‍ത്ഥം തള്ള് എന്നാണെങ്കിലും. Unintentionally lead to revealing private or sensitive information to others എന്ന് അര്‍ത്ഥമുള്ള loose talk മറ്റൊന്നാണല്ലോ. തള്ളിന് സമാനമായ ഇംഗ്ലീഷ് പ്രയോഗമെന്തായിരിക്കും എന്നാണ് ഇവിടെ ചിന്ത. അങ്ങനെയൊരു ചിന്തയുടെ ആവശ്യമുണ്ടോ എന്നതും പ്രസക്തമാണ്. സാധാരണയായി വിവര്‍ത്തനസിദ്ധാന്തങ്ങളെക്കുറിച്ചു പറയുന്ന സമയത്ത് ചെമ്മീന്‍ നോവലിലെ കറുത്തമ്മയെ പരീക്കുട്ടി എന്റെ തങ്കക്കുടമേ എന്നു സംബോധന ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ oh my golden pot എന്നായാല്‍ ലഭിക്കാനിടയില്ലാത്ത അര്‍ത്ഥത്തെക്കുറിച്ചും പറയാറുണ്ട്. തങ്കക്കുടത്തിന് മൂല്യം മലയാളത്തില്‍ മാത്രമേ ഉള്ളൂ എന്നതല്ല, ഏറ്റവും പ്രിയപ്പെട്ടതിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിന്റെ സാംഗത്യമാണ് വിഷയം. ഏറ്റവും പ്രിയപ്പെട്ടതിനെ തങ്കക്കുടം എന്നു പറയുമ്പോള്‍ വിലപ്പെട്ടത് എന്ന അര്‍ത്ഥത്തോടൊപ്പം കരുതലും വാത്സല്യവും കൂടി കടന്നുവരുന്നു. ഇംഗ്ലീഷിന്റെ സാംസ്കാരികപരിസരത്തില്‍ അത് മറ്റെന്തോ ആണ്. Oh my darling എന്ന വിവര്‍ത്തനത്തിലൂടെ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
മലയാളത്തിലെ തള്ളിനെ ഇംഗ്ലീഷുകാരുടെ vanity-യുമായി ചേര്‍ത്തു നോക്കിയാല്‍ അര്‍ത്ഥമൊക്കെ കല്‍പ്പിക്കുക സാധ്യമാണ്. Vanity is the quality of having too much pride one's appearance or accomplishments എന്ന രീതിയില്‍ അര്‍ത്ഥം ലഭ്യമാണ്, ഇംഗ്ലീഷില്‍. എന്നാല്‍ തള്ള് ഇതല്ലല്ലോ, ഇതിനോട് അടുത്തു നില്‍ക്കുന്ന ഒന്നാണ്. To create a false or misleading information എന്നൊക്കെ സാമാന്യമായി പറയുന്ന lie ഇവിടെ ചേരുകയുമില്ല. പിന്നെ, എന്തായിരിക്കും ഈ inappropriate ആയ സംഗതിയുടെ കിടപ്പുവശം!
    തള്ളി മറിക്കുക – അസാമാന്യമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ചെയ്യുന്നുണ്ടെന്നും അത്തരം കഴിവുകളില്‍ നിങ്ങളൊക്കെ അസൂയപ്പെടേണ്ടി വരുമെന്നുമുള്ള ഒരു ഭാവം ഈ അവസ്ഥയില്‍ ഉണ്ടായിരിക്കുമല്ലോ. ഭാരമുള്ള വസ്തുക്കളെ സ്വയം കൈ കൊണ്ട് തള്ളി നീക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉത്തോലകം ഉപയോഗിക്കുന്നതുപോലെ ഒന്നാണോ ഇത്? എന്തെങ്കിലും വടിയോ കല്ലോ ഭാരമുള്ള വസ്തുക്കളുടെ അടിയില്‍ കടത്തിവച്ച് പതുക്കെ തള്ളി മാറ്റുന്നതിലൂടെ ഈ മറിക്കല്‍ സാധ്യമാകും.
    
തള്ളിന് മലയാളത്തില്‍ അഹങ്കാരം എന്ന അര്‍ത്ഥം കൂടിയുണ്ട്. ഞാനെന്ന ഭാവമാണല്ലോ അഹങ്കാരം. അതുകൊണ്ട് ഇതും സാധ്യമാണെന്നു പറയാനാവുമോ? ഇല്ല എന്നാണുത്തരം. കാരണം മലയാളത്തില്‍ തള്ളുന്നവരൊക്കെ അഹങ്കാരം കൊണ്ടാവണമെന്നില്ലല്ലോ. അജ്ഞതയും അവനവനെക്കുറിച്ചുള്ള ആത്മവിശ്വാസവും അതിന് കാരണമായി നില്‍ക്കുന്നുണ്ടല്ലോ. ചില തള്ളുകള്‍ക്ക് മറുതള്ളുകള്‍ പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ഏര്‍പ്പാടുമുണ്ടല്ലോ. മറുതള്ളെന്നാല്‍ ആദ്യത്തെ തള്ളിനെ നിഷ്പ്രഭമാക്കുന്ന ഒന്നായിരിക്കും. അര്‍ത്ഥത്തെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നായിട്ടാണ് ഘടനാവാദികള്‍ പറയുന്നത്. നിരവധിയായ വ്യാഖ്യാനങ്ങളില്‍ ഒരിടത്തുള്ള സ്റ്റോപ്പാണത്. അങ്ങനെയൊന്നില്‍ അര്‍ത്ഥം സ്ഥാപിക്കപ്പെടുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. ശുംഭന്‍ വിവാദം ഓര്‍മ്മയുണ്ടല്ലോ. ശുംഭന് തിളങ്ങുന്നവന്‍ എന്ന അര്‍ത്ഥമുണ്ടെന്നും അത് ഉദ്ദേശിച്ചാണ് പറയുന്നതെന്നുമുള്ള വാദവും കണ്ടിട്ടുണ്ട്. നിഘണ്ടുവില്‍ പല അര്‍ത്ഥങ്ങളും കാണാനാവും. സന്ദര്‍ഭാനുസരണം പൊതുബോധത്തില്‍ സ്ഥാപിക്കപ്പെട്ട അര്‍ത്ഥത്തിനാണ് സാധാരണയായി സംഭാഷണത്തില്‍ പ്രാധാന്യമുണ്ടാവുക. പ്രാദേശികഭേദങ്ങള്‍ വേറെ. പ്രാദേശികമായി പറയുന്ന കാര്യത്തെ അതേ അര്‍ത്ഥത്തില്‍ പ്രയോഗിക്കുകയും എന്നാല്‍ പ്രയോഗിക്കുന്നിടത്തെ പ്രാദേശികഭാഷയില്‍ അതില്ലാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അര്‍ത്ഥപ്രശ്നം വിശദീകരണത്തിലൂടെ തീര്‍ക്കാവുന്നതേയുള്ളൂ.

മലയാളത്തിലെ തള്ളിന്റെ കുഴപ്പമാണോ എന്നറിയില്ല, push mail, push message എന്നൊക്കെയുള്ള സാങ്കേതികപദങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെയൊരു തള്ളലുമായി ബന്ധപ്പെട്ട വികാരമാണുണ്ടാവുക. പൊങ്ങച്ചം പറച്ചിലല്ലല്ലോ തള്ള്? അത് നേരത്തേ സൂചിപ്പിച്ച് vanity-യാണ്. Vanity bag-നെ പൊങ്ങച്ച സഞ്ചി എന്നാണല്ലോ മലയാളത്തില്‍ വിളിക്കാറ്. പണ്ടൊക്കെ അങ്ങനെയൊരെണ്ണം സ്ത്രീകളുടെ കൈയിലുണ്ടാവുകയെന്നത് പൊങ്ങച്ചം കാണിക്കാനാണ് എന്ന ആക്ഷേപമുണ്ടായിരുന്നു. ഇന്നിപ്പോള്‍ മൊബൈല്‍ ഫോണിന്റെ ബ്രാന്റും വസ്ത്രത്തിന്റെ ബ്രാന്റുമൊക്കെ ആ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. ബാഗും കൂട്ടത്തില്‍ത്തന്നെയുണ്ട്. പക്ഷെ സംഗതി luxury എന്നാണ് അറിയപ്പെടുന്നത്. ആഢംബരം എന്ന അംബരസമാനമായ ഉയരത്തിലുള്ള ഞെളിയല്‍. അടിസ്ഥാനപരമായ ആവശ്യത്തേക്കാള്‍ അതില്‍ തൊങ്ങല്‍ പിടിപ്പിക്കുന്നതിനെയാണ് ആഢംബരമായി കാണുന്നത്. ആ വിഭാഗത്തില്‍ പെട്ടിരുന്ന പലതും ഇപ്പോള്‍ അങ്ങനെ അല്ലാതായിത്തീര്‍ന്നിട്ടുണ്ട് (എസി, കാറ് തുടങ്ങിയവ ഒരുദാഹരണം മാത്രം).
    ഇങ്ങനെ കാടുകയറി തള്ളിക്കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. തള്ള് എന്നാല്‍ തള്ളു തന്നെ. അതൊരു വല്ലാത്തൊരു തള്ളാണേ... തള്ളലോടു തള്ളല്‍. എജ്ജാതി തള്ള് എന്നൊക്കെയാണ് പറച്ചില്‍.
    കണ്ണുതള്ളിപ്പോയി എന്ന പ്രയോഗത്തിന് ഇതുമായി സാമ്യമുണ്ടോ? അങ്ങനെയും ചിലപ്പോള്‍ തോന്നിയേക്കാം. സൂക്ഷ്മമായി കൂട്ടിക്കിഴിച്ചു നോക്കിയാല്‍ സാദൃശ്യം യാദൃച്ഛികമല്ലാതെ വരും. ചില പറച്ചിലൊക്കെ കേട്ടാല്‍ തള്ളിപ്പോകുന്നത് കണ്ണാകുമ്പോള്‍ അങ്ങനെയൊരു പോസിറ്റീവ് ചിന്ത നല്ലതുതന്നെ. തള്ള് മാത്രം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് നമോവാകം. ഇതിപ്പോള്‍ അധികാരരാഷ്ട്രീയത്തില്‍ വരെ ചന്തത്തില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയല്ലേ. സ്വാധീനത്തിനാണ് മാര്‍ക്ക്. INFLUENCE!

NB: തലക്കെട്ടും ഇതും തമ്മില്‍ എന്തു ബന്ധമെന്നായിരിക്കും? തള്ളല്ലേ... കറ നല്ലതാണ്!

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സോഴ്സുകളോട് കടപ്പാട്)
 

No comments: