(പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി കവിയായ ബിൽഹണൻ എഴുതിയ കൃതിയാണ്
ചൗരപഞ്ചാശിക. പാഞ്ചാലദേശത്തെ രാജാവായ മദനാഭിരാമന്റെ മകളായ യാമിനീപൂർണ്ണതിലകയെ അദ്ദേഹം
സ്‌നേഹിച്ചു. ഇതറിഞ്ഞ രാജാവ് ബിൽഹണനെ തടവിലാക്കി. തടവിൽക്കിടന്ന് അദ്ദേഹം എഴുതിയതാണ്
ചൗരപഞ്ചാശിക. വാമൊഴിയായിട്ടാണ് ഇതു പ്രചരിച്ചത്. അവയ്ക്ക് പല ദേശങ്ങളിലും വ്യത്യാസങ്ങളുമുണ്ടായിരുന്നു.
എങ്കിലും,
പിന്നീട് എഴുതപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ
ഈ കൃതി കണ്ടെടുത്തു. 1848ൽ ഇതിനു ഫ്രഞ്ചുവിവർത്തനമുണ്ടായി. കൂടാതെ,
ധാരാളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. കാല്പനികകവികൾക്ക് വളരെയേറെ പ്രയോജനം ചെയ്ത കൃതിയാണിത്. 1919ൽ Black Marigolds എന്ന പേരിൽ ഇംഗ്ലീഷ് കവി Powys Mathers രചിച്ച free-verse translation ലഭ്യമാണ്.) പ്രണയത്തടവുകാരൻ എന്നപേരിൽ ശാരദക്കുട്ടി പരിഭാഷ നിർവഹിച്ചിട്ടുണ്ട്.
ധാരാളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. കാല്പനികകവികൾക്ക് വളരെയേറെ പ്രയോജനം ചെയ്ത കൃതിയാണിത്. 1919ൽ Black Marigolds എന്ന പേരിൽ ഇംഗ്ലീഷ് കവി Powys Mathers രചിച്ച free-verse translation ലഭ്യമാണ്.) പ്രണയത്തടവുകാരൻ എന്നപേരിൽ ശാരദക്കുട്ടി പരിഭാഷ നിർവഹിച്ചിട്ടുണ്ട്.
എൻ.എൻ. കക്കാടിന്റെ
വജ്രകുണ്ഡലം എന്ന കവിതയാണ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചത്.
അയി കിതവ, എത്രയായി ഞാനീ
പുരീ ഗോപുരവാതിൽക്കൽ
കാത്തുനില്ക്കുന്നു.
മുട്ടിയും തട്ടിയും
നീട്ടിക്കുറുക്കി വിളിച്ചും
കിട്ടിയതൊക്കെയും താക്കോൽപ്പഴുതിങ്കിലിട്ടു
തിരിച്ചും
എന്നിട്ടും നീ, വാതിൽ തുറന്നീല
ഞാനോ, ഞാനൊരു ബിൽഹണൻ.
വളരെ വിശദമായ ഒരു അവതരണരീതിയാണിവിടെ
കാണാൻ കഴിയുക. സംഗീതത്തിൽ വിസ്തരിക്കുകയെന്നു പറയുന്നതുപോലെ, കവിതാപശ്ചാത്തലത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് സാധിക്കുന്ന തരത്തിലുള്ള വിശദീകരണം.
അനുപമകൃപാനിധി അഖിലബാന്ധവൻ
ശാക്യ-
ജിനദേവൻ ധർമ്മരശ്മി
ചൊരിയും നാളിൽ
ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ
കാളിമ കാളും നഭസ്സെയുമ്മവെയ്ക്കും
വെണ്മനോജ്ഞ
മാളികയൊന്നിന്റെ തെക്കേ
മലർമുറ്റത്തിൽ
വ്യാളീമുഖം വെച്ചുതീർത്ത
വളഞ്ഞ വാതിലാർന്നക-
ത്താളിരുന്നാൽ കാണും
ചെറുമതിലിനുള്ളിൽ
ആധുനികതയിൽപ്പോലും
സ്വാധീനം ചെലുത്താനായ കാല്പനികതയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് സംവിധാനഭംഗിയോടെയുള്ള
വിശദീകരണം. സംവിധാനം എന്ന പദത്തിന് ശരിയയായി വിധാനം ചെയ്യുക എന്നാണർത്ഥം. എങ്ങനെയാണ്
വേണ്ടിടത്ത് വേണ്ടതുപോലെ വിന്യസിക്കേണ്ടത് എന്ന ചിന്തയാണിത്. ഇത്തരമൊരു വിന്യാസഭംഗിയെ
ശരിയായ രീതിയിൽ വിനിയോഗിക്കുന്നത് കാല്പനികതയാണ്.
സെയിൻസ് ബെറി പറയുന്നത്
ക്ലാസിക് കൃതികളിൽ ആശയങ്ങൾ നേരിട്ടും ആകുന്നത്ര ഉചിതമായ രൂപത്തിലും ആവിഷ്‌കരിക്കപ്പെടുമ്പോൾ
റൊമാന്റിക് പ്രസ്ഥാനത്തിൽ ആശയങ്ങളെ വായനക്കാരുടെ അനുമാനശക്തിക്ക്, സൂചനകളും പ്രതീകങ്ങളും മാത്രം സഹായമായി നല്കിക്കൊണ്ട്, വിട്ടുകൊടുക്കുകയാണു ചെയ്യുന്നത് എന്നാണ്.
An accentuated predominance of
emotional life, provoked or directed by the exercise of imaginative vision -
Cazamian (ഭാവനാപ്രധാനമായ വീക്ഷണത്തിന്റെ ഫലമായി വൈകാരികജീവിതത്തിനു ലഭിക്കുന്ന
സർവപ്രാധാന്യം) എന്നാണു കസാമിയൻ പറയുന്നത്. ബാഹ്യപ്രപഞ്ചത്തിൽ അനുഭവപ്പെടുന്ന അനുഭൂതികളെ
വർണിക്കുന്നതിനേക്കാൾ ആ അനുഭൂതികളുടെ പിറകിൽ വർത്തിക്കുന്ന ചൈതന്യത്തെ കണ്ടറിയാനായിരുന്നു
റൊമാന്റിക്കുകളുടെ ശ്രമം. സ്വന്തം ഭാവനയായിരുന്നു അവർക്ക് അതിനുള്ള ഉപകരണം. പ്രകൃതിയുടെ
നേരെ റൊമാന്റിക്കുകൾ പുലർത്തിപ്പോന്ന പ്രത്യേക മനോഭാവത്തിനും ഇതു തന്നെയാണു കാരണം.
തങ്ങളുടെ ഭാവനയിലൂടെയാണ് അവർ പ്രകൃതിയെ കണ്ടത്. പ്രകൃതി അവർക്ക് തങ്ങളുടെ ഭാവനയെ പ്രതിഫലിപ്പിക്കാനുള്ള
കണ്ണാടിയായിരുന്നു. (പുറം 11-12,
ചങ്ങമ്പുഴക്കവിതയിലെ കാല്പനികത, ഇ.കെ. പുരുഷോത്തമൻ)
മലയപ്പുലയനാ മാടത്തിൻ
മുറ്റത്ത് മഴ വന്ന നാളൊരു വാഴനട്ടു
എന്നു പറയുമ്പോഴും
മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ
മഞ്ജിമവിടരും പുലർകാലേ,
നിന്നൂ ലളിതേ നീയെന്മുന്നിൽ
നിർവൃതിതൻ പൊൻകതിർപോലെ
എന്നു പറയുന്നിടത്തും
ചങ്ങമ്പുഴ ഈ വിശദമായ വിന്യാസം നിർവഹിക്കുന്നുണ്ടെന്നു കാണാം. കവിതകൾ ഫ്രെയിമുകൾ കൂടിയാണ്.
ആഖ്യാനരീതിയുടെ സവിശേഷമായ പ്രത്യേകതകൾ സ്വീകരിക്കുന്ന ആസ്വാദനക്ഷമമായ ഫ്രെയിമുകൾ. ഓരോ
ഫ്രെയിമുകളെയും കൂട്ടിച്ചേർത്ത് ദൃശ്യഭാഷ ചമയ്ക്കുന്നതുപോലെ കാണുന്നതിനെ വിശദമായി അവതരിപ്പിക്കാനാണ്
കവിയുടെ ശ്രമം. ഇത് ഒളിഞ്ഞും തെളിഞ്ഞും എല്ലാക്കാലത്തും കവിതകളിൽ ഉണ്ടായിരുന്നു. കവിതയുടെ
ചമല്ക്കാരഭംഗിയെന്നു വിളിക്കുന്നതും ഇതിനെത്തന്നെയാണ്.
അലങ്കാരങ്ങൾ നോക്കുക.
ഉല്ലേഖം - ഒരു വസ്തുവിനെ
ഓരോ പക്ഷത്തിൽനിന്നുള്ള കാഴ്ചപോലെ ബഹുവിധരൂപത്തിൽ വർണ്ണിക്കുന്നതാണ് ഉല്ലേഖം. ദൃശ്യഭാഷയിൽ
ഇതിനുള്ള സാധ്യതകൾ ഏറെയാണ്.
സന്ദേഹം - രണ്ടു വസ്തുക്കളിലുള്ള
സാദൃശ്യം നിമിത്തം ഒന്നു മറ്റൊന്നാണെന്നു തോന്നിക്കുന്നത്. മൊണ്ടാഷിന്റെ സാധ്യതകൾ സിനിമയ്ക്കു
പരമാവധി നല്കുന്നത് കഥാപാത്രവുമായി ബന്ധപ്പെട്ടു നടത്തുന്ന വിചാരങ്ങളിലാണ്. ഒരേ പോലെയുള്ള
രണ്ടു ദൃശ്യങ്ങൾ കാണിക്കുന്നതിലൂടെ ചില സന്ദർഭങ്ങളിലെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കേണ്ടിവരും.
അവിടെ പ്രയോജനപ്പെടുന്ന ഈ സാധ്യത കവിതയും നിർവഹിക്കുന്നുണ്ട്.
മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലോയോ
ഇത് - എന്നു വർണ്ണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യായലംകൃതി എന്നു ചിന്തിക്കുന്നിടത്തും വിവക്ഷ
മറ്റൊന്നും തന്നെയല്ല. ധർമ്മത്തിലുള്ള ചേർച്ചയെ അടിസ്ഥാനമാക്കി ഐക്യം സങ്കല്പിക്കുന്നതിനാൽ
ദൃശ്യരീതിയെ വളരെയേറെ എടുത്തു കാണിക്കുന്നതായി കാണാം.
അവർണ്യത്തോടു വർണ്യത്തിന്നഭേദം
ചൊൽക രൂപകം - ഇവിടെ രൂപകത്തിനു ലക്ഷണനിർണയം ചെയ്തിരിക്കുന്നത്, സംസാരമാം സാഗരത്തിലംസാന്തം മുങ്ങൊലാ സഖേ എന്നുദ്ധരിച്ചുകൊണ്ടാണ്. ദൃശ്യഭാഷയ്ക്ക്
ഈ മുങ്ങൽ അതിവിദഗ്ധമായി അവതരിപ്പിക്കാനാവും.
താരിൽത്തന്വീ കടാക്ഷാഞ്ചല
മധുപകുലരാമ രാമാജനാനാം
നീരിൽത്താർബാണ വൈരാകരനികരതമോമണ്ഡലീ
ചണ്ഡഭാനോ
നേരത്താതോരു നീയാംതൊടുകുറി
കളയായ്‌കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം
വിക്രമനൃവര ധരാ ഹന്ത കല്പാന്തതോയേ.
കാഴ്ചയിലെ വസ്തുവും
അതിനോട് ഉപമിക്കേണ്ടതും തമ്മിൽ സാമ്യമെന്നു തോന്നിക്കുന്നതിനുപകരം അവ തമ്മിൽ അഭേദം
കല്പിക്കുന്നതാണ് രൂപകം. ആദ്യം കാണിച്ച വസ്തുതന്നെയാണ് ഇതെന്നു തോന്നിക്കുന്ന ധാരാളം
ഉദാഹരണങ്ങൾ ദൃശ്യഭാഷയിലും കാണാൻ കഴിയും.
വൈകാരികസാന്ദ്രതയെന്ന
കാല്പനികതയുടെ സവിശേഷത അവതരിപ്പിക്കുന്നതിന് അദൈതാമലഭാവസ്പന്ദിതവിദ്യുന്മേഖലയെന്ന കാല്പനികപ്രയോഗത്തെ
പലപ്പോഴും ദൃശ്യസവിശേഷതകളാക്കി മാറ്റുകയും ചെയ്യാറുണ്ട്.
പാല പൂത്ത പരിമളമെത്തി
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ്
കേൾക്കാം
സ്പന്ദനങ്ങളാക്കല്ലറയ്ക്കുള്ളിൽ
(സ്പന്ദിക്കുന്ന അസ്ഥിമാടം)
മഞ്ഞിൽ മുങ്ങിക്കുളിച്ച
ഹേമന്ത
മഞ്ജുചന്ദ്രിക മാതിരി,
ഹന്ത മന്മനം ഞാനറിഞ്ഞിടാ-
തെന്തിനേവം കവർന്നു
നീ?
തുടങ്ങിയ രീതികളിൽ
അത് ആവിഷ്‌കരിക്കപ്പെടുകയാണ്.
തുള്ളിവരുമിളം കാറ്റിൽ
-ത്തനി
വെള്ളിനിലാവിൻ പതയിൽ
വാരിധീ തീരത്തിൽ ഞാനും
-ചെറ്റു
നേരം കടലലയായി
സെർഗി ഐസൻസ്റ്റീന്റെ
ബാറ്റിൽഷിപ്പ് പോട്ടെംകിൻ എന്ന സിനിമയിലെ വികാരതീവ്രമായ രംഗങ്ങൾ ആവിഷ്‌കരിക്കാനുപയോഗിച്ച
ഉപാധികളിലേക്കുവരാം.
വൈകാരികത ആഴത്തിലുള്ള
വികാരങ്ങളേയും ആവേശത്തേയും ഉണർത്തുന്നു. ഇതു സാധിക്കണമെങ്കിൽ, ഒരു കലാസൃഷ്ടി ആദ്യന്തം ശക്തവും സ്‌ഫോടനാത്മകവുമായ ക്രിയാംശത്തിലും നിരന്തരമായ
ഗുണമാറ്റങ്ങളിലുമധിഷ്ഠിതമാകണം. (മൊണ്ടാഷ്: പാഠവും പഠനവും - നീലൻ, പുറം 25)
ഒറ്റസംഭവം തന്നെ ഒരു
കലാസൃഷ്ടിയിൽ പലേ മട്ടിൽ അവതരിപ്പിക്കാം- നിസ്സംഗമായ ഒരു പ്രസ്താവനയുടെ രൂപത്തിലാവാം; ശോകമൂകമായ ഒരു കീർത്തനത്തിന്റെ മട്ടിലുമാവാം. ഒരു സംഭവത്തെ വികാരത്തിന്റെ ശിഖരങ്ങളിലേക്കുയർത്തിക്കൊണ്ടുവരികയാണിവിടെ.
ഒരു സംഭവത്തെ കൈകാര്യം
ചെയ്യേണ്ടത് ഏതു രീതിയിലാണെന്ന കാര്യം തീരുമാനിക്കുന്നത് ഉള്ളടക്കത്തോടുള്ള കലാകാരന്റെ
മനോഭാവമാണ്. എന്നാൽ ചേരുവയെന്നത് കലാകാരന്റെ മനോഭാവത്തെ പ്രകടമാക്കാനും കാണികളിൽ സ്വാധീനംചെലുത്താനുമുള്ള
ഉപാധിയത്രേ. വികാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. കാരണം
അത് ഓരോരുത്തരുടെയും സാമൂഹ്യവീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. വികാരപ്രധാനമായ ഒരു കലാസൃഷ്ടിയിൽ
ഈ മനോഭാവം പ്രകടമാക്കാൻ ചേരുവയുടേതായ എന്തെല്ലാം ഉപാധികളുപയോഗിക്കണം എന്നാണു പരിശോധിക്കേണ്ടത്.
വികാരത്തെ പ്രവർത്തിപ്പിക്കുന്നതിന് പുതിയ ക്രിയാംശങ്ങൾ കൂട്ടിച്ചേർക്കുക. അത്തരത്തിൽ
കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന രീതിയാണിവിടെ ഉദ്ദേശിക്കുന്നതും.
രാത്രിയിൽ,
കോരിച്ചൊരിയും മഴയത്ത്,
പാതയോരത്തൊരു പീടികത്തിണ്ണയിൽ,
കാറ്റടി കീറിപ്പൊളിച്ച
കുപ്പായവും
കൂട്ടിപ്പിടിച്ച്,
കടിച്ചുപറിക്കും തണുപ്പിന്റെ
നായ്ക്കളെക്കെട്ടിപ്പിടിച്ച്,
ആത്മാവിലെ തീക്കട്ട
മാത്രമെരിച്ച്
നിർന്നിദ്രം കിടന്നു
പിടച്ച
തിരസ്‌കൃത യൗവനം.
(സഹശയനം,
ചുള്ളിക്കാട്)
ഇവിടെ കൃത്യമായ പശ്ചാത്തലവിവരണം നല്കിയിരിക്കുന്നു.
അതിനുശേഷമാണ് തണുപ്പിന്റെ നായക്കളെന്ന ദൃശ്യബിംബം പ്രവർത്തനക്ഷമമാകുന്നത്. മറ്റൊന്നുമില്ലാത്തതിനാലും
നായ്ക്കൾ മാത്രമേ അത്തരത്തിൽ കിടക്കൂ എന്നതിനാലും ഇതു വായനക്കാരനിൽ പ്രവർത്തിക്കുന്നു.
പി. കുഞ്ഞിരാമൻനായരുടെ
സൗന്ദര്യപൂജയിൽ നിന്നുള്ള വരികൾ നോക്കുക. പ്രകൃതിദൃശ്യങ്ങൾ സ്വയമേവ മനുഷ്യനിർമ്മിതനഗരംപോലെ
ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
തിങ്ങിനില്ക്കും മഹാരണ്യ-
ഗോപുരങ്ങൾക്കുമപ്പുറം;
പൊൻതാഴികക്കുടം ചൂടി
നില്ക്കുന്നു ദേവപൂജ
തൻ:
വാദ്യഘോഷം മുഴക്കുന്ന
വെളിച്ചത്തിന്റെയമ്പലം
വിണ്ടലപ്പൂക്കളുതിരും
ശാന്തകാനനവീഥിയിൽ
കൊടികേറി മുടങ്ങാത്തൊ-
രുഷഃക്ഷേത്ര മഹോത്സവം.
ഇത്തരത്തിൽ ദൃശ്യങ്ങൾ
ചമയ്ക്കുന്നതിൽ കവികൾ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നു. സാഹിത്യാനുഭവത്തിൽ നിന്നുരുത്തിരിയുന്ന
ഈ ദൃശ്യചാരുതയെയാണ് ദൃശ്യമാധ്യമം കടമെടുക്കുന്നതും. തിരക്കഥയെന്ന ബ്ലൂപ്രിന്റു തന്നെ
അത്തരത്തിൽ ഒന്നാണെന്നു പറയാം. തിരക്കഥാരചനയിൽ അവലംബിക്കുന്ന കഥയുടെ ഒഴുക്കിനെ ഓരോ
സീനിലും ഷോട്ടിലും എന്തൊക്കെയായിരിക്കണമെന്ന വിചാരത്തോടെയാണ് പലപ്പോഴും വിന്യസിക്കുക.
കഥാസന്ദർഭവുമായി ബന്ധപ്പെട്ട പശ്ചാത്തലസൃഷ്ടിയ്ക്ക് കാവ്യാനുഭവത്തിലുള്ള സ്ഥാനത്തെക്കുറിച്ച്
ഭാരതീയകാവ്യശാസ്ത്രകാരന്മാർ പറയുന്നുണ്ടല്ലോ. രസാനുഭവവുമായി ബന്ധപ്പെട്ട് ഉദ്ദീപന-ആലംബനവിഭാവങ്ങളെക്കുറിച്ച്
സൂചിപ്പിക്കുന്നതിനെ ഇതിനോടു ചേർത്തുവായിക്കാവുന്നതാണ്. കൃത്യമായ പശ്ചാത്തലസൃഷ്ടിയുണ്ടെങ്കിൽ
മാത്രമേ ശരിയായ സംവേദനം സാധ്യമാവുകയുള്ളൂ. കഥാപ്രസംഗത്തിലും ഇതേ സങ്കേതം തന്നെയാണുപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു പശ്ചാത്തലസൃഷ്ടിയുടെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് കുമാരനാശാന്റെ
നളിനിയിലെ വരികളെല്ലാം തന്നെ. ക്യാമറയുടെ കാഴ്ചകൾക്കും എത്രയോ മുമ്പുതന്നെ ചിത്രരചനയുടെ
സങ്കേതങ്ങളിലൂടെ ദൃശ്യാനുഭവം പകർന്നു നല്കാൻ ഇതിലെ വരികൾക്കാവുന്നു. നളിനിയെ മാത്രമാണ്
ഇവിടെ സവിശേഷമായി വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
തിരക്കഥ ഫ്രെയിമുകൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നു
നോക്കാം.
പ്രഭാതം
മലഞ്ചെരിവ്
പശ്ചാത്തലത്തിൽ പക്ഷികൾ ചിലയ്ക്കുന്ന ശബ്ദം.
സൂര്യൻ ഉദിച്ചുവരുന്നതിന്റെ ഒരു ഷോട്ട്.
നായകനായ ദിവാകരൻ നടന്നുവരുന്നു.
അയാൾ വളരെ പ്രസന്നനാണ്.
നീണ്ട മുടിയും നഖങ്ങളും
പ്രത്യക്ഷത്തിൽ കാണാം.
ഇനി കവിതയിൽ വരികൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്നു
നോക്കുക.
നല്ല ഹൈമവതഭൂവിൽ ഏറെയായ്
കൊല്ലം അങ്ങൊരു വിഭാതവേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽ
ഫുല്ല ബാലരവി പോലെ കാന്തിമാൻ
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-
താതപാദികളവൻ ജയിച്ചതും
വ്യത്യസ്ത നോട്ടങ്ങളാണ്
ഇവയോരോന്നിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ക്യാമറയുടെ നോട്ടവുമായി താരതമ്യം ചെയ്യാവുന്ന
നിരവധി സാധ്യതകളെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
സ്ഥലം - ഹൈമവതഭൂവ്
സമയം - വിഭാതവേള
ഏറെക്കാലം താമസിച്ചിരുന്നു എന്ന പ്രസ്താവന.
കഥാപാത്രത്തിന്റെ സവിശേഷതകൾ വിവരിച്ചിരിക്കുന്നു.
നീണ്ട ജട, നഖങ്ങൾ,
വിഭൂതി, അർദ്ധനഗ്നമായ ശോഭിക്കുന്ന
ശരീരം.
കരുണയും ധീരതയും തോന്നിക്കുന്ന മുഖം (ക്ലോസപ്പ്)
പിന്നീട് മുഴുവൻ ഇതിന് അനുബന്ധമായി കണ്ടെത്താനാവുന്ന
വിശദീകരണങ്ങളാണ്.
ആറാമത്തെ ശ്ലോകത്തിലെത്തുമ്പോൾ മറ്റൊരു
നോട്ടമാണുള്ളത്. ബേർഡ്‌സ് ഐ വ്യൂ എന്നു പറയാവുന്നതും വസ്തുക്കളെയോ സംഭവങ്ങളേയോ വിശദമാക്കുന്നതിനും
അതിന്റെ വിന്യാസം അവതരിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഇതിലേക്ക് കവിയെത്തുന്നത്,
ധ്യാനശീലനവനങ്ങധീത്യകാ
സ്ഥാനമാർന്നു തടശോഭ
നോക്കിനാൻ
വാനിൽനിന്നു നിജനിഢമാർന്നെഴും
കാനനം ഖഗയുവാവു പോലവേ
എന്ന വരികളിലൂടെയാണ്. പിന്നീട് അതിന്റെ
വിശദീകരണമാണ്.
മൃഗങ്ങളുടെ സഞ്ചാരം, പൂത്തുനില്ക്കുന്ന മരങ്ങൾ തുടങ്ങിയവയുടെ ദൂരക്കാഴ്ച. അതുകൊണ്ടുതന്നെ അവ വളരെ ചെറുതുമാണ്.
അതിനിടയിൽ തണ്ടുലഞ്ഞു വിടരുന്നവയുടെ ക്ലോസപ്പ്.
സാവധാനം സൗരഭ്യമുള്ള കാറ്റു വരുന്ന വഴിയേ
യോഗി നടന്നു പോകുന്നു.
ഇത്തരത്തിലുള്ള അവതരണരീതി
കവിതയിലുടനീളം കണ്ടെത്താനാവും. തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരനെന്നും
ഭാഷ പലപ്പോഴും അപൂർണ്ണമാണെന്നുമുള്ള പ്രസ്താവത്തെ ഇത്തരത്തിലുള്ള ദൃശ്യാനുഭവങ്ങളോടു
കൂട്ടി വായിക്കേണ്ടിവരും. ഇവിടെ ദൃശ്യമെന്നത് ദൃശ്യബിംബമെന്ന തലത്തിലേക്ക് ഉയരുന്നതും
അതു കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെടുന്നതുമായ ഒന്നാണെന്നു മനസ്സിലാക്കാം.
No comments:
Post a Comment