Saturday, October 24, 2020

പന കത്തുമ്പോൾ വിളക്കിൽ എരിഞ്ഞത് (കഥ)

            അങ്ങനെയിരിക്കെ ഒരുദിവസം വീടിന്റെ അടുത്തുള്ള നീളൻ പന നിന്നുകത്തി.
            പതിവില്ലാത്ത രീതിയിൽ മഴ പെയ്യുമെന്നു തോന്നിക്കുന്ന ഒരന്തരീക്ഷമായിരുന്നു. പെട്ടെന്ന് അതിഭയങ്കരമായ ഇടിവെട്ടി. എന്തോ കത്തിയമരുന്നതുപോലെയുള്ള കരകരശബ്ദവും പുകമണവും. അവസാനിക്കാത്ത ഒച്ചകൾ. പുകപടലം കനത്ത മേഘങ്ങൾപോലെ അന്തരീക്ഷത്തിൽത്തങ്ങി അലിഞ്ഞുയർന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ചെറിയ മഴ തുടങ്ങി. ചാറ്റൽമഴയത്തും പനയുടെ പട്ടകൾ കത്തുന്നുണ്ടായിരുന്നു. തീ ചിലപ്പോഴൊക്കെ ആളിപ്പിടിക്കുകയും ചെറുങ്ങനെ കെടാൻ ആയുകയുമായിരുന്നു. മഴ കനത്തതോടെ തീയണഞ്ഞു. പട്ടകളെല്ലാം കത്തിയമർന്ന് ഓരോരോ കഷണങ്ങളായി പതിച്ചുകൊണ്ടിരുന്നു. കറുത്ത പൊടി മഴവെള്ളത്തിൽ കലർന്ന് പനന്തടിയിലൂടെ താഴേയ്ക്കൊഴുകി. പട്ടയില്ലാത്ത പന നീളമുള്ള തടിയൻപേന പോലെ ആകാശത്ത് വരകളെഴുതിക്കൊണ്ട് കാറ്റത്തു നിന്നാടി.
            ഗോപീ, കത്തുന്ന പനയിൽ നോക്കിനിൽക്കരുത്, ദോഷം കിട്ടും.
            സെറ്റുമുണ്ടിന്റെ തുമ്പ് തലയിലേക്കു വലിച്ചിട്ടിട്ട് മഴയിലേക്കിറങ്ങിനിന്ന് കണ്ണുകൾ ചുരുക്കി വെള്ളത്തുള്ളികൾ തെറിപ്പിച്ച് എന്നെത്തന്നെ നോക്കിക്കൊണ്ട് വീടിനടുത്തെ ശാന്തേടത്തി പറഞ്ഞു. മഴ കനത്തു തുടങ്ങിയതിനാൽ ശരിക്കൊന്നും കേൾക്കാൻ വയ്യായിരുന്നു. എന്നിട്ടും വെള്ളമൊഴുകിയിറങ്ങുന്ന ചുണ്ടുകളിലെ വിറച്ചുതണുത്ത ചിരിയോടെ അവരെന്താണ് പറഞ്ഞതെന്ന് എനിക്കു മനസ്സിലായി.
            വെള്ളമൊട്ടി നിൽക്കുന്ന ഉടൽരൂപത്തിലേക്ക് നോക്കി അതെന്താ എന്നുയർത്തിയ എന്റെ ചോദ്യം മഴവെള്ളത്തിൽ കുത്തിയൊലിച്ചുപോയി. ചോദ്യം എന്നെത്തന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് പുതിയതായി രൂപപ്പെട്ട വെള്ളപ്പാച്ചിൽ വഴികളിലൂടെ അവിശ്വാസത്തിന്റെ ദൂരങ്ങളിലേക്ക് ഒഴുകി.
            നാളേക്ക് കുറച്ചെഴുതാനുണ്ടല്ലോ എന്നാലോചിച്ച് തിരിഞ്ഞപ്പോഴാണ് സന്ധ്യവിളക്ക് മുനിഞ്ഞുകത്തുന്നതായി കണ്ടത്. വേഗത്തിൽ അതിനു മുന്നിലിരുന്ന് രാമപാദം ചേരണേ മുകുന്ദരാമപാഹിമാം എന്ന് ചൊല്ലുമ്പോഴും കടലിലേക്കു ചേരാനായി ഒഴുകിപ്പോകുന്ന വെള്ളത്തിനൊപ്പം എന്റെ ചോദ്യം തലയുയർത്തുന്നുണ്ടായിരുന്നു. വീടിനകത്തേക്കുള്ള വഴിയിലെ ചുമരിൽ നിഴൽ പതിക്കുന്നത് എന്നത്തേയും പോലെ ശ്രദ്ധിച്ചു. വിളക്കുതിരിയിൽനിന്നുള്ള പുക തട്ടി നേരത്തേതന്നെ കരിഞ്ഞുനിന്നിരുന്ന ചുമരിൽ കാലു ചെറുതും തല വലുതുമായ ഭീകരസ്വത്വമായി അന്നെന്തോ എനിക്ക് എന്നെത്തന്നെ സങ്കല്പിക്കാനായി. താഴേക്കു കൂർത്തുനിൽക്കുന്ന ത്രികോണംപോലെയുള്ള ഛായ കണ്ടപ്പോൾ കത്തിയ പനയിലെ യക്ഷിയാണോ അതോ ശാന്തേടത്തിയാണോ ഇറങ്ങിവന്ന് നിഴലാട്ടം നടത്തുന്നത് എന്നു സംശയിച്ചു.
            എഴുതാനുള്ളതൊക്കെ എവിടെയോ നഷ്ടമായി. നാളേക്കുള്ളത് ഒരുവിധമൊപ്പിച്ച് ചോറ് ഉണ്ടുതീർത്തെന്നു വരുത്തി പുതപ്പിനടിയിൽ നൂഴ്ന്ന് കണ്ണടച്ച് ചെവിയോർത്തു കിടന്നു. രാത്രി പതിവിലുമധികം ഭയപ്പെടുത്തുന്നുണ്ടായിരുന്നു. നിലാവിലും നിഴലിലും വഴുതി നിൽക്കുന്ന പനമ്പട്ടകളിൽ കാറ്റുതടയുന്ന ശീൽക്കാരം കേട്ടുകിടക്കുന്നതാണ് പതിവെങ്കിലും രാത്രി അതൊന്നുമില്ലാത്തതാണെന്നു തീർച്ച. അങ്ങനെ ഓർത്തപ്പോൾ ഏകാന്തത വലിഞ്ഞുമുറുകിയതുപോലെ വല്ലാത്ത സങ്കടം വന്നു. എന്നിട്ടും മൊട്ടപ്പനയിലേക്ക് കാറ്റടിക്കുമ്പോൾ അതിന്റെ വഴി തിരിച്ചുവിടുന്ന ബലൂൺ തുറന്നതുപോലെയുള്ള ശബ്ദം എന്നെ പിന്തുടരുന്നതായി തോന്നി. പനയിൽ കാറ്റുതട്ടി സങ്കടം പറയുന്നുണ്ടായിരുന്നു. പന എന്റെ പകൽക്കിനാവുകളിലും രാത്രിസ്വപ്നങ്ങളിലും വെറുമൊരു ഓർമ്മ മാത്രമാകും എന്ന തിരിച്ചറിവ് ശൂന്യതയിലേക്കുനീണ്ട കെട്ടുവള്ളികൾ പോലെ തോന്നി. 
            പുറത്തിറങ്ങാൻ തുടങ്ങിയകാലം മുതൽക്കേ കാണുന്നതാണ് പനകൾ. പല ഉയരത്തിലും രൂപത്തിലുമുള്ളവ. നല്ലവണ്ണം നീണ്ട് കറുത്ത്, തെങ്ങിൻതടിയേക്കാൾ വണ്ണത്തിൽ വളവും തിരിവുമില്ലാതെ നാലോ അഞ്ചോ നിലയുള്ള കെട്ടിടത്തോളം ഉയരത്തിൽ ഗമയോടെ നിൽക്കുന്ന പനകൾ. വീട്ടിനടുത്തെ പനയിലേക്കു നോക്കിയിരിക്കാൻ കിട്ടുന്നത്രയും സമയം മറ്റൊരു പനയെ സംബന്ധിച്ചും എനിക്കു ലഭിച്ചിട്ടില്ല. മറ്റിടങ്ങളിലെ പനകളിൽ നോക്കിനിൽക്കുമ്പോൾ പനനൊങ്ക് പാകമായോ എന്നറിയാനുള്ള വിരുതായിരിക്കും എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. മുകൾവശം ചെത്തിയെടുത്ത തിളങ്ങുന്ന മൂന്നു കണ്ണുകളുള്ള പനനൊങ്ക് ഒരിക്കൽ വാസുമേസ്തിരി വച്ചുനീട്ടിയിട്ടുണ്ട്. മേസ്തിരിയെ എപ്പോഴും കാണുന്നതുകൊണ്ട് അതു വാങ്ങാൻ മടി തോന്നിയതുമില്ല. കുളിർമയുള്ള മധുരമായി പനനൊങ്ക് നാവിൽനിന്നും വഴുതിയിറങ്ങിപ്പോയത് മറക്കാനാവില്ല. എന്നാൽ പൊതുവെ അതൊന്നുമല്ല പനനോട്ടത്തിലെ എന്റെ വിഷയമെന്നും പനയുടെ അംഗപ്രത്യംഗം വീക്ഷിച്ചുകൊണ്ട് ശരീരഘടനയിൽ വിലയിക്കുകയാണെന്നും ആരുമറിഞ്ഞില്ല.
            ഓരോ പനയ്ക്കും ഓരോ തരത്തിലുള്ള രൂപമാണ്. പാടത്തിനരികിലും റെയിൽപ്പാളത്തോടുചേർന്ന സ്ഥലത്തും കാവിനു പുറകിലും വെളിമ്പറമ്പുകളിലും ഒക്കെയുള്ള പനകൾ. അതിലേറ്റവും സുന്ദരൻ എന്റെ പന തന്നെ. 'കാണെക്കാണെ വയസ്സാകുന്നു മക്കൾക്കെന്നാലെന്നാലമ്മേ, വീണക്കമ്പികൾ മീട്ടുകയല്ലീ നവതാരുണ്യം നിൻതിരുവുടലിൽ' എന്നു ടീച്ചർ പാടിയപ്പോൾ അതു ഭൂമിയെക്കുറിച്ചല്ല, എന്റെ പനയെക്കുറിച്ചാണ് എന്നെനിക്കുതോന്നി. തോന്നലിൽ ആർക്കുമെന്നെ കുറ്റം പറയാനാവില്ല. കാരണം, രാവിലെയും വൈകീട്ടും പന തന്നെയാണ് കാണുന്നതും; കണ്ടുകൊണ്ടിറങ്ങുന്നതും വരുന്നതും. അതൊരിക്കലും ശോഷിച്ച് അവസാനിക്കാൻ പോകുന്നതായിട്ടോ, പ്രായമേറിയതായിട്ടോ തോന്നിയിട്ടേയില്ല.
            വളരുന്ന പ്രായത്തിന്റെ വടുക്കൾ അവശേഷിപ്പിച്ച് ശരീരമാസകലം കൊമ്പുകളുമായി നിൽക്കുന്ന, തലയിൽ മാത്രം പട്ടകൾ അവശേഷിപ്പിക്കുന്ന കുള്ളൻപനകളെ എനിക്കത്ര ഇഷ്ടമല്ലായിരുന്നു. അവയെ കാണുമ്പോൾത്തന്നെ പനകളെ പറയിപ്പിക്കാൻ ഉണ്ടായ സന്തതികളാണെന്ന് എനിക്ക് തോന്നിയിരുന്നു. പറയിപ്പിക്കാൻ ഉണ്ടായ സന്തതിയെന്ന പ്രയോഗം വൈകുന്നേരത്തെ കടയിൽപ്പോക്കിന്റെ ഭാഗമായി കിട്ടിയതാണ്. നാണുവേട്ടന്റെ പീടികയിൽവച്ച് ചെല്ലനാശാരിയും കൊല്ലൻകുമാരനും തമ്മിൽ തർക്കമുണ്ടായപ്പോൾ കുമാരന്റെ അനിയനെക്കുറിച്ച് ചെല്ലനാശാരി വിശേഷണവിശേഷ്യങ്ങൾ ചേർത്തു പറഞ്ഞതാണെന്നാണ് എന്റെ ഓർമ്മ. അവിടെ പറയിപ്പിക്കാൻ ഉണ്ടായ സന്തതിയെന്നതിൽ 'ന്ത' ചേർന്ന മറ്റൊരു ശബ്ദം കൂടിയുണ്ടായിരുന്നു. ആപേക്ഷികമായ ഒരു മൗനമാണ് ഇവിടെ ഞാൻ ദീക്ഷിക്കുന്നത്. പ്രാസമൊപ്പിക്കുന്ന പഴഞ്ചൊല്ലുകളെക്കുറിച്ചും ശൈലികളെക്കുറിച്ചുമുള്ള എന്റെ ആദ്യപാഠമായിരുന്നു അത്. 
            കുള്ളൻപനകൾക്ക് മറ്റൊരു കാഴ്ചപ്പാടു കൂടിയുണ്ട്. ആർക്കുവേണമെങ്കിലും പട്ടപോയ പനങ്കൊമ്പിനിടയിൽ കൂടുവയ്ക്കാനാവും. ചില കുഞ്ഞൻ പക്ഷികൾ കുട്ടിൽനിന്നും ഇറങ്ങി പറന്നുപോകുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് പലതവണ കണ്ടിട്ടുണ്ട്. പാലമരത്തിൽ പശുവിന്റെ മാച്ച് എന്നുപറയുന്ന മറുപിള്ള തൂക്കിയിടാൻ പോകുമ്പോൾ വളരെ അടുത്തുനിന്ന് സൂക്ഷിച്ച് നോക്കിയിട്ടുമുണ്ട്. പനന്തടിയിൽ അവിടവിടെയായി മരംകൊത്തികൾ തുളച്ചതുപോലെയുള്ള പൊത്തുകളുണ്ട്. അടുപ്പിലെ പുക തട്ടി കറുത്തുപോയെ പാത്രത്തിന്റെ മൂടുപോലെയുള്ള നിറമായിരുന്നു എല്ലാ പനകൾക്കുമുണ്ടായിരുന്നത്. വെറുതെയല്ല, കരിമ്പനയെന്ന ഗണത്തിൽ ഇവയോരോന്നും വന്നുപിറന്നത്.
            ആർക്കും വേണ്ടാതെ കിടന്ന ചെമ്പകാമ്മാളുടെ പറമ്പിൽ ഇത്തരത്തിൽ ധാരാളം പനകളുണ്ടായിരുന്നു. ചിലയിടത്ത് കൂട്ടമായും ചിലയിടത്ത് ഒറ്റപ്പെട്ടും അവ നിന്നു. പനഞ്ചുവട്ടിൽ തണലില്ലാത്തതിനാൽ അതുപറ്റി വളരുന്ന ഒറ്റച്ചെടിയെയും കാണാൻ കഴിഞ്ഞില്ല. മഴക്കാലത്തുമാത്രം വെള്ളം കെട്ടിക്കിടക്കുന്ന വേരിടകളിൽ മാനത്തുകണ്ണികൾ, ഒച്ചുകൾ, തവളകൾ എന്നിവയെ പലപ്പോഴും കാണാനായി. അവയാകട്ടെ വെയിലു മൂക്കുമ്പോൾ എവിടെപ്പോയി മറയുന്നുവെന്ന് ഇതേവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടുമില്ല. 
            താരതമ്യേന ചുറ്റുപാടുമുള്ള പറമ്പുകളേക്കാൾ ഉയർന്നുനിൽക്കുന്നതായിരുന്നു വീടിരിക്കുന്നതോ നിൽക്കുന്നതോ ആയ ഇടം. അതുകൊണ്ടുതന്നെ കിഴക്കുവശത്തേക്ക് നോക്കിയാൽ കുറച്ചു ദൂരെയായി കുള്ളൻ പനകൾ തിളങ്ങുന്നതു കാണാം. രാത്രിയിലെ കാഴ്ചയാണ് കണ്ണിൽ തുളുമ്പി നിൽക്കുക. നിലാവിൽ പനമ്പട്ടകളുടെ കാഠിന്യത്തിന് തിളക്കമേറുമായിരുന്നു. അവയങ്ങനെ വജ്രസൂചിപോലെ കൂർത്ത് കൂർത്ത് ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളെയും ചന്ദ്രനെയും വെല്ലുവിളിക്കുന്നതുപോലെ തോന്നും. ചോളമണികൾ പരത്തിയെറിഞ്ഞതുപോലെ നക്ഷ്രതങ്ങൾ നിറഞ്ഞ ആകാശത്തേക്കുനോക്കി അനാദികാലം മുതൽക്കേ വെല്ലുവിളിയുയർത്തുകയായിരുന്നുവത്രേ പനകൾ. പനമ്പട്ടകളുടെ തുമ്പിലെ തിളക്കവും നക്ഷത്രങ്ങളുടെ സൂചിമുനകളും തമ്മിലുണ്ടായിരുന്ന ആശയവിനിമയത്തിന് അനന്തതയോളം നീളുന്ന സഞ്ചാരപാതയുണ്ടായിരുന്നു.
            മഴയിരമ്പം പോലെ പനമ്പട്ടകൾ സീൽക്കാരമുയർത്തുന്ന വല്ലാത്തൊരു പൊടിക്കാറ്റുണ്ടായിരുന്ന നവംബർമാസത്തിൽ പട്ടയൊരണ്ണം ഇളകിവീഴുന്നത് ആദ്യമായി കണ്ടു. അതു പറന്നുപറന്ന് പേച്ചിയമ്മയുടെ തൊടിയരികിൽ നിറഞ്ഞുനിന്നിരുന്ന കൂവച്ചെടികൾക്കു മുകളിലേക്കു വീണു. ഏറെക്കുറെ ചെടികളെല്ലാം ഒടിഞ്ഞു. പശുവിനു കുടിക്കാൻ കാടിവെള്ളം ശേഖരിച്ചിരുന്ന കലം പൊട്ടി. അതിനെത്തുടർന്ന് കാറ്റിനേക്കാൾ ഉച്ചത്തിൽ പേച്ചിയമ്മ നിലവിളിച്ചു. പനയുടെ മുതലാളിച്ചിയായിരുന്ന കൗണ്ടറുടെ ഭാര്യയും പേച്ചിയമ്മയും പരസ്പരം പോരുവിളിച്ചു. ഇഷ്ടവും പ്രണയവും പനയോടായിരുന്നതിനാൽ അവരുടെ നാവിന്റെ മൂർച്ച പനയെ മുറിച്ചു കളയുമോ എന്നു ഞാൻ ഭയന്നു.
            വല്ലാത്തൊരു സംഭവം തന്നെ. കാര്യം കൂവച്ചെടിയാണെങ്കിലും വയറുവേദനയും വയറിളക്കവുമൊക്കെ കാന്തശക്തി കൊണ്ടെന്നപോലെ പിടിച്ചുനിർത്തുന്ന ഒന്നായിരുന്നു അവറ്റകൾ. വെളുപ്പിൽ ഗോതമ്പുനിറവരകളുള്ള കൂവക്കിഴങ്ങുകൾ മണ്ണിനടിയിൽനിന്നു വലിച്ചെടുത്ത്, വെയിലത്തിട്ട് ഉണക്കി പൊടിച്ചുവയ്ക്കുന്നതും ആവശ്യാനുസരണം അതു കലക്കി കുടിക്കുന്നതുമൊക്കെ ഓർമ്മയിൽ ചാടിക്കേറിവന്നു. 'കൂവയല്ലേ, അതിനെ വെറും തൂമയാക്കിക്കളയാമോ പനേ' എന്ന് മനസ്സുകൊണ്ട് പനയെ ശാസിച്ചു.
            മിന്നാമിനുങ്ങുകൾ പച്ചവെളിച്ചം തെളിച്ച് വരിവരിയായി പനയിൽനിന്നിറങ്ങിവരുന്ന മഴക്കാലരാത്രികളും തവളകളുടെ നിലയ്ക്കാത്ത ക്രോം ക്രോം ഒച്ചയുമൊക്കെ ഇക്കൂട്ടത്തിൽ പനയോർമ്മകളായി നിറയുന്നുണ്ടായിരുന്നു. കൂവച്ചെടിയെക്കുറിച്ചുണ്ടായ തർക്കത്തിൽ പനയുടെ അന്ത്യമോർത്ത് നടുങ്ങിവിറച്ച എനിക്ക് ദൂരെ ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന പനകളിലേക്കുനോക്കി നെടുവീർപ്പിടേണ്ടിവന്നു.
            പനയിൽനിന്ന് ഏകദേശം അമ്പതടി അകലെയായി വവ്വാലുകൾ തൂങ്ങിയാടുന്ന ഒരു മരമുണ്ടായിരുന്നു. മരത്തെ ഇന്നേവരെ ഒരു പനമ്പട്ടയും ശല്യപ്പെടുത്തിയതായി കണ്ടിട്ടില്ല. തൂങ്ങിയാടുന്ന ചാരനിറം കലർന്ന കറുപ്പു സഞ്ചികളുമായി പകൽനേരങ്ങളിൽ കൈകൾ വിരിച്ചു തണലേകിനിൽക്കുന്ന മരം. കാറ്റിൽ ഇളകി പിടിവിടുന്ന പനമ്പട്ടകൾ വളരെ ദൂരത്തേക്കാണ് പലപ്പോഴും പോയി വീണിരുന്നത്. അനേകംപേർ ഒരേസമയം ശബ്ദശല്യമില്ലാതെ ഉറങ്ങുന്നിടത്തേക്ക് അബദ്ധത്തിൽപ്പോലും വീഴരുതെന്ന് പനയ്ക്ക് നിർബന്ധമുള്ളതുപോലെയായിരുന്നു. പനയുടെ കഷ്ടകാലത്തിനാവണം ഇത്തവണ പേച്ചിയമ്മയുടെ കൂവച്ചെടികൾ ഇരയായിത്തീർന്നത്. 
            അങ്ങനെയൊക്കെയുള്ള പനയിലാണ് ഇടി വീണിരിക്കുന്നത്. അതു നിന്നുകത്തി. കരിയും ചാരവും താഴേക്കു പറന്നുവന്നു. കരിഞ്ഞ പട്ടക്കഷണങ്ങൾ മഴവെള്ളത്തിൽ തടിയിലൂടെ ഒലിച്ചിറങ്ങി, പലയിടത്തും തടഞ്ഞ് കറുത്തവെള്ളത്തിന്റെ അകമ്പടിയോടെ തെറിച്ചുവീണുകൊണ്ടിരുന്നു.
            ഇടിവെട്ടിയ പന വീടിനടുത്ത് നിർത്താൻ പാടില്ലെന്നും തടി ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്നുമുള്ള ചർച്ച കേട്ടുകൊണ്ടാണ് പിറ്റേന്നുണർന്നത്. സൂര്യൻ തെളിഞ്ഞുവരുന്നതേയുണ്ടായിരുന്നുള്ളൂ. സൂര്യവെളിച്ചത്തിന്റെ ഒരു കീറ് ചെമ്പകാമ്മാളുടെ പറമ്പിലെ പനമ്പട്ടകൾക്കിടയിലൂടെ കൂർത്തുതെന്നി താഴേക്കു ചരിഞ്ഞുവീഴുന്നു.പടിഞ്ഞാറൻമാനത്ത് വെളുത്ത മങ്ങിയ വട്ടമായി ചന്ദ്രൻ താഴ്ന്നു തുടങ്ങുന്നത് കരിഞ്ഞ പനന്തലപ്പിനും ആകാശത്തിനുമിടയിൽ കാണാം. പന മുറിക്കണമെന്നും അതു മുറിച്ചില്ലെങ്കിൽ അടുത്തുള്ള വീടുകൾക്ക് പ്രശ്നമാകുമെന്നും മുറിക്കുമ്പോൾ കഷ്ടനഷ്ടങ്ങൾ ഇല്ലാതെ ശ്രദ്ധിക്കണമെന്നും ഒക്കെയുള്ള വാദങ്ങൾ പലരും ഉന്നയിച്ചു. നമ്മളെത്ര വിചാരച്ചാലും കയറുകെട്ടി വലിച്ചാലും പന അതിനിഷ്ടമുള്ള ഭാഗത്തേക്കേ ചായാൻ സാധ്യതയുള്ളൂവെന്നും അപ്പോൾ അത് നാലുപാടുമുള്ള വീടുകൾക്കൊരു ഭീഷണിയായിത്തീരുമെന്നും പ്രതിവാദങ്ങൾ ഉണ്ടായി. പാതാളത്തിലേക്കു വഴിയൊരുക്കിനിൽക്കുന്ന തൊട്ടടുത്ത കിണറിനെ ബാധിക്കുമോ എന്ന വേവലാതിയൊന്നും ആർക്കും ഉള്ളതായി തോന്നിയില്ല.
            രാവിലത്തെ പാലുകാരനെ കാത്ത് പാതയോരത്ത് നിന്നിരുന്നവരുടെ ചർച്ചയാണ് പുറത്തേക്കിറങ്ങിയ ഞാൻ കേട്ടത്. ഈറൻപറ്റിനിൽക്കുന്ന മരങ്ങളിൽനിന്നും വെള്ളത്തുള്ളികൾ ഊർന്നുവീണ്  അവരെയൊക്കെയും നനയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഓരോരുത്തരും വിരൽചൂണ്ടിയും ചൂണ്ടാതെയും പനയിലേക്കുനോക്കി ഇടതടവില്ലാതെ സംസാരിച്ചു. മേഘങ്ങളിൽനിന്ന് വലിയൊരു മിന്നൽ പുറപ്പെട്ടുവരുന്നതും ഉയർന്നുനിൽക്കുന്ന പനയെന്ന ലക്ഷ്യത്തിൽ ഇടിച്ചിറങ്ങുന്നതും പലരും ഭാവനയിൽ കണ്ടു. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ദൃക്സാക്ഷികളെ അവർ കനത്ത അസൂയയോടെ നോക്കി. ഇടിവെട്ടി കത്തിയ പന കാണാൻ ആളുകൾ ദൂരെനിന്നും വന്നുകൊണ്ടിരുന്നു. ഇന്നലത്തെ മഴ ഇത്ര വലിയ സംഭവമാകുമെന്ന് ഞാനൊരു നിമിഷംപോലും കരുതിയിട്ടില്ലായിരുന്നു. 
            പന മുറിക്കുന്നതിനുമുമ്പുള്ള കുരുതിപൂജകൾക്കായി ചിലർ വരുന്നുണ്ടെന്നും കേട്ടു. പട്ടണത്തിൽ വെറ്റിലക്കട നടത്തുകയായിരുന്ന കൗണ്ടർ രാത്രി വന്നയുടൻതന്നെ ഭാര്യയുടെ നിർദ്ദേശാനുസരണം സൈക്കിളുമായി ആരെയോ കാണാൻ പോയിരുന്നത്രേ.
            നീളൻ പന അവിചാരിതമായി നിന്നുകത്തിയതിനുശേഷം കുറച്ചുനാളുകൾക്കപ്പുറം...
            തലയില്ലാത്ത പനയെ നോക്കി കൗണ്ടർ നെടുവീർപ്പിടുന്നത് അന്നുരാവിലെ പുറത്തിറങ്ങുമ്പോൾ ഞാൻ കണ്ടു. എന്റെ സങ്കടം കൗണ്ടർക്കറിയില്ലല്ലോ. കുറച്ചുദിവസമായി അതിനേക്കാൾ വലിയ ദീർഘശ്വാസമെടുത്തുകൊണ്ടാണ് ഞാൻ പുറത്തേക്കുപോയതും അകത്തേക്കുവന്നതും. കറുത്തതും വെളുത്തതുമായ പ്ലാസ്റ്റിക് വയറുകൊണ്ട് വരിഞ്ഞുണ്ടാക്കിയ ചതുരൻപെട്ടി പിടിപ്പിച്ച സൈക്കിളെടുത്ത് കൗണ്ടർ പോകുന്നതാണ് കുറച്ചുസമയത്തിനകം  കണ്ടത്. ആളുകളെ കുത്തിനിറച്ചുകൊണ്ട് പോകുന്ന ജീപ്പിനുപിന്നാലെ അയാൾ സൈക്കിളിൽ വെച്ചുപിടിച്ചു. സൈക്കിളിന്റെ ഹാന്റിൽബാറിൽ തൂക്കിയിട്ട കാസറ്റിന്റെ ഓലകൾ പാറിപ്പറന്ന് തുടകളിൽ തട്ടുന്നുണ്ടായിരുന്നു. കൗണ്ടറുടെ ഭാര്യ മുറ്റത്തുനിന്നുകൊണ്ട് എന്തോ പറഞ്ഞുകൊണ്ടിരുന്നു. അതു കേൾക്കാത്ത മട്ടിലാണ് അയാൾ പോയത്.
            വെളുത്തപക്ഷമെന്നു പറഞ്ഞാലെന്താ?
            സംഭവസ്ഥലത്തു നടന്ന ഏതോ ഒരു ചർച്ചയുടെ ബാക്കിപത്രമെന്നോണം ഞാൻ ഉന്നയിച്ച ഒരു ചോദ്യമായിരുന്നു അത്. ഒടുക്കം, ചോദ്യത്തിനുത്തരം കണ്ടുപിടിക്കാൻ ക്ഷേത്രത്തിലെ പൂജാരിയെ പോയിക്കണ്ടു. അങ്ങേരതു വിശദമാക്കിത്തന്നു. അമാവാസി കഴിഞ്ഞു വെളുത്തവാവുവരെയുള്ള പന്ത്രണ്ടുദിവസം ഉൾപ്പെടുന്ന കാലമാണത്രേ അത്. ശുക്ലപക്ഷം എന്നുകൂടി ഇതിനു പേരുണ്ടത്രേ. പ്രഥമ, ദ്വിതീയ, തൃതീയ, ചതുർത്ഥി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി തുടങ്ങി ചിലതൊക്കെ അയാൾ കൂട്ടിച്ചേർത്തു. ഇതന്വേഷിക്കാനുള്ള കാരണം ഇത്രയേയുള്ളൂ. പന മുറിക്കുന്നതുമായി ബന്ധപ്പെടുത്തി ആരൊക്കെയോ സംസാരിക്കുമ്പോൾ സംഗതി കയറിവന്നിരുന്നു. വെളുത്തപക്ഷമൊക്കെ നോക്കിവേണം കാര്യങ്ങൾ നടത്താനെന്നോ മറ്റോ ഗമയിൽ പറയുന്നതുകേട്ടുണ്ടായ എന്റെ കൗതുകത്തിന് ഞാൻ വിരാമമിട്ടു.
            എന്തായാലും പന മുറിക്കാൻ തീരുമാനമായി. പനയുടെ അടിവശത്ത് വെട്ടുവീഴാൻ സാധ്യതയുള്ള ഇടത്ത് കിനിയുന്ന വെളുത്തചോരയെക്കുറിച്ചായി എന്റെ ചിന്ത. കറപോലെ പടർന്ന് കട്ടപിടിക്കുന്ന ചോര. ചോരയെന്നാൽ ചുവന്നൊഴുകുന്നതുമാത്രമല്ലല്ലോ. പ്രകൃതിയുടെ ചോരയല്ലേ പുഴ. പുഴച്ചോരയുടെ ചംക്രമണത്തിനേൽക്കുന്ന ആഘാതം വിനാശകരവും. യക്ഷികളുടേത് ചോരയിറ്റിക്കുന്ന പ്രതികാരവാഞ്ചയാവണം. ആയിടയ്ക്കെപ്പോഴോ വായനശാലയിൽവച്ചു കണ്ട കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കഥയിൽ യക്ഷിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. നേരത്തേതന്നെ ചില പുസ്തകങ്ങളിൽ ചിത്രസഹിതം യക്ഷിയെ അവതരിപ്പിക്കുന്ന കഥകൾ വായിച്ചിരുന്നു. വെളുത്ത സാരിയുടുത്ത, സുന്ദരികളായ യക്ഷികളെയാണ് ഇളംചുവപ്പുനിറമുള്ള ചിത്രങ്ങളിൽ കണ്ടത്. അവർ കോപിക്കുമ്പോൾ മാത്രം കോമ്പല്ലുകൾ പുറത്തേക്കു തള്ളിവന്നു. കോമ്പല്ലെന്നത് കോപപ്പല്ലിന്റെ മറ്റൊരു രൂപമാണെന്ന സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു.
            എന്റെ ഭയം ഇരട്ടിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിൽ കൂർത്ത ദംഷ്ട്രകളുമായി വരുന്ന യക്ഷി അതേവരെ എന്റെ സ്വപ്നത്തിൽപ്പോലും ഉണ്ടായിരുന്നില്ല. ഒടിയന്റെ മാന്ത്രികവിദ്യകളെപ്പറ്റി മാത്രമാണ് കൂട്ടുകാർ പലപ്പോഴും പറഞ്ഞിരുന്നത്. ഏതെങ്കിലും ഒരവയവം മാത്രം ഇല്ലാത്ത പശു, കാള, ആട് ഇത്യാദികൾ എന്നെ പിന്തുടരുന്നതായി, അക്കഥകൾ കേട്ട കുറച്ചുസമയത്തേക്കുമാത്രം ഞാൻ ഭയപ്പെട്ടിരുന്നു. ഇതിപ്പോൾ വീട്ടിനരികിലെ പനയിൽ കുടിപാർക്കുന്ന, പല്ലും മുടിയും നഖവും മാത്രം ബാക്കിയാക്കി മറ്റെല്ലാം ഭക്ഷിക്കുന്ന യക്ഷിയെക്കുറിച്ചുള്ള വിചാരങ്ങളിലാണ് ഞാൻ ഭയചകിതനായത്.
            പന നാളെ മുറിക്കും! പന മുറിക്കുമ്പോൾ, അതും ഇടിവെട്ടേറ്റ പന മുറിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അസംഖ്യം പ്രശ്നങ്ങളെക്കുറിച്ചോർത്ത് അങ്കലാപ്പോടെയാണ് അന്നുരാത്രി കഴിച്ചുകൂട്ടിയത്. വീട്ടിലുള്ള മറ്റാർക്കെങ്കിലും അങ്ങനെയൊരു അസ്കിതയുള്ളതായി എനിക്കു തോന്നിയതുമില്ല. മറ്റേതൊരു സാധാരണ രാത്രിയുംപോലെ മാത്രമാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. എന്നാൽ പനയുടെ നഷ്ടത്തേക്കാൾ, അതില്ലാതായിത്തീരുന്ന പകലുകളെക്കാൾ എന്നെ ഭയപ്പെടുത്തിയ നിതാന്തഭീകരകരാളകാളരാത്രിയായിരുന്നു അത്.
            പന രണ്ടു കഷണമായിട്ടാണ് മുറിക്കുന്നത്. ആദ്യം നടുക്കുവച്ച് മുറിക്കും. അതിനുമുമ്പേ വലിയ കയർ കെട്ടി അതൊരു ഭാഗത്തേക്ക് ഉറപ്പിച്ച് പിടിക്കും. ആളുകൾ പന മുറിയുന്നതിനനുസരിച്ച് അതേവശത്തേക്ക് അത് വലിച്ചുകൊണ്ടിരിക്കും. രാവിലത്തെ ബഹളം അതേക്കുറിച്ചായിരുന്നു. അങ്ങനെ വലിക്കുമ്പോൾ പന ഇടത്തോട്ടോ വലത്തോട്ടോ ചായാതിരിക്കുന്നതിനായി ഇരുവശത്തേക്കും കയറു കെട്ടും. കെട്ടുകൾ ഉറപ്പിക്കുന്നത് കുറച്ചപ്പുറത്തുള്ള മാവിലും പ്ലാവിലുമാണ്. പ്ലാവ് ഞങ്ങളുടെ വീട്ടിലും മാവ് കൗണ്ടറുടെ വീട്ടിലുമായിരുന്നു. പ്ലാവിനും മാവിനും പനയെത്താങ്ങാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നും അതിന്റെയൊക്കെ ബലം ഇന്ന് തെളിയിക്കപ്പെടുമെന്നും മനസ്സിലാക്കി പനയെക്കുറിച്ചും അതിന്റെ ബലിഷ്ഠകായത്തെക്കുറിച്ചും ഉണ്ടായിരുന്ന അഭിമാനം തകർന്ന് ഞാൻ നിന്നു.
            പന മുറിക്കുന്നതു കാണാനും അതിൽ പങ്കുചേരാനുമായി കൗണ്ടറുടെ വീട്ടിനുമുന്നിൽ രാവിലെ തന്നെ ആളുകളെത്തി. അന്നു പണിക്കുപോകാൻ പറ്റാത്തവർക്കുള്ള ചായയും കടിയും കൗണ്ടറുടെ ഭാര്യ എത്തിച്ചു. ആളുകൾ ചായകുടിച്ചും കടികടിച്ചും മുറ്റത്തും പറമ്പിലുമായി കൂടിനിന്നു. ചിലരൊക്കെ പനഞ്ചുവട്ടിലും പനഞ്ചെരിവുനിഴലിലുമായി നിതാന്തജാഗരൂകരായി. പൂജയാണ്. മരം മുറിക്കുന്നതിനുമുന്നേ പ്രകൃതിയോടുള്ള ക്ഷമപറച്ചിലാണത്രേ. കുങ്കുമവും പൂവും വിളക്കും എണ്ണയും കർപ്പൂരവുമായി ഒരു ഘോഷയാത്ര തന്നെ നടക്കുന്നു. മല കയറി മരം മുറിച്ച് തടി കൊത്തി തലച്ചുമടായി താഴെയെത്തിച്ച് കാളവണ്ടിയിൽ കയറ്റി പട്ടണത്തിലെ ഈർച്ചമില്ലുകളിലേക്കെത്തിക്കുന്ന ചാമി കാഴ്ചക്കാരനായെത്തിയപ്പോൾ ആളുകൾ അയാൾക്കുചുറ്റും കൂടി. തടി മുറിക്കുന്നതിന്റെ അനുഭവപരിചയം അയാൾ ആളുകളുമായി പങ്കുവയ്ക്കുന്നതും പിന്നെ പനയിൽ കയറാൻ പോകുന്നവർക്ക് നിർദ്ദേശങ്ങൾ നല്കുന്നതും കണ്ടു. 
            ഒരാൾ പനയിലേക്കു കയറി. പകുതിയോളമെത്തിയതിനുശേഷം കാലിൽ കെട്ടിയ തള ഒന്നുകൂടി ഉറപ്പിച്ചു. തോളിൽചുറ്റിയ കയറെടുത്ത് നല്ലപോലെ പനയിൽ ചുറ്റിക്കെട്ടി. ചാരിനിൽക്കാനുള്ള താങ്ങുണ്ടാക്കി. മഴുവുമായി പുറകേ മറ്റൊരാൾ കയറി. വീരസാഹസികരെപ്പോലെ കയറിയ അവരെ നോക്കി ജനക്കൂട്ടം ആർത്തുവിളിച്ചു. ഗർവ്വോടെ അവരിരുവരും തല ഉയർത്തിപ്പിടിച്ചു. രണ്ടാമത്തെയാൾ കൈമാറിയ  കയറുകൾ ഒന്നാമൻ കുറേക്കൂടി മുകളിലേക്കു കയറി മറ്റൊരിടത്തായി കെട്ടിയതിനുശേഷം അതിന്റെ തുമ്പ് താഴേക്കിട്ടു. ആകെ മൂന്ന് കയറുകളുണ്ടായിരുന്നു. ഒരെണ്ണം മാവിലേക്കും മറ്റൊന്ന് പ്ലാവിലേക്കും ആളുകൾ വലിച്ചുകെട്ടി. മധ്യഭാഗത്തുള്ളത് വലിച്ചുപിടിച്ചുകൊണ്ട് കുറച്ചുപേർ ദൂരേക്കുമാറി. പനയിൽക്കയറിയ രണ്ടാമനാവട്ടെ, ആദ്യത്തെയാളുടെ കുറച്ചു താഴെയായി ഇരുപ്പുറപ്പിച്ചു. മഴു കൈമാറി. താഴെ വഴിയിലൂടെ പോയിരുന്ന ജീപ്പു നിർത്തി ആളുകളിറങ്ങി. പലരും യാത്ര അവിടെ അവസാനിപ്പിച്ച് പണം നല്കുന്നതു കാണാമായിരുന്നു. ജീപ്പുകാരൻ ഇതിൽ പങ്കെടുക്കാനാവില്ലല്ലോ എന്ന ഗദ്ഗദത്തോടെയാവണം ആക്സിലേറ്ററിൽ കാലമർത്തിയത്. 
            ആദ്യവെട്ടിൽത്തന്നെ പന കുലുങ്ങി. തല പോയ ഭാഗം വിറച്ചു. വെട്ടിന്റെ ബലത്തിൽ മുകളിൽനിന്നും താഴേക്കിറങ്ങുന്ന തരിപ്പിൽ ഭൂമി പ്രകമ്പനം കൊണ്ടു. സ്വേദകണങ്ങളുടെ ഭാരം കൊണ്ട് മണ്ണിൽ പതിഞ്ഞു കിടന്നിരുന്ന പച്ചപ്പുല്ലുകൾ വിറച്ചുപൊങ്ങി. തരിപ്പ് ദൂരെ മാറി നിന്നവരുടെ കാലുകളിൽ അനുഭവപ്പെട്ടു. പനന്തടി വീണ്ടും വീണ്ടും കുലുങ്ങുമ്പോൾ യക്ഷിയാവണം ഉറക്കെ നിലവിളിക്കുന്നുണ്ട്. കൂട്ടംകൂടി നിന്നിരുന്ന ആരും അതറിയുന്നുണ്ടായിരുന്നില്ല. യക്ഷിയുടെ നിലവിളി നേർത്തുനേർത്തില്ലാതാവുകയും വീണ്ടും ഉച്ചത്തിൽ ആരംഭിക്കുകയും ചെയ്തു. ആവാസസ്ഥലം നഷ്ടപ്പെട്ടുപോകുന്നതിന്റെ വേദന യക്ഷിയെ വല്ലാതെയുലച്ചിരുന്നു. ഉലച്ചിലാവണം പനയെ മൊത്തത്തിൽ ബാധിച്ചത്. കരിഞ്ഞുപോയ പനന്തലയിലെ അവശേഷിച്ച കരിക്കട്ടകൾ അടർന്നുവീണു. ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റ് കരിക്കട്ടകൾ മണ്ണിൽ അവിടവിടെയായി കറുത്ത പാടുകളായി. യക്ഷിയുടെ നിലവിളി ആഴങ്ങളിൽനിന്നും ഉച്ചത്തിലേക്കുവരുന്നതുപോലെ. ഇരിപ്പിടം നഷ്ടപ്പെടുന്നതിന്റെ വേദന യക്ഷിക്കുമാത്രമല്ലേ അറിയൂ. യക്ഷിയെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ലെങ്കിലും എനിക്കതുണ്ടായിരുന്നു. അതു ഞാനറിയുന്നുണ്ടായിരുന്നു. കാഴ്ചയുടെ ആകസ്മികതയോർത്ത് നിൽപ്പുറയ്ക്കാതെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കഴുത്തുവേദനിക്കുന്നുണ്ടായിരുന്നു. ഉയർത്തിനോക്കിക്കൊണ്ടിരുന്ന തലയുടെ പിൻവശത്തെ വേദന മാറാനായി ഞാനൊന്നു കുനിഞ്ഞു.
            ശബ്ദം കേട്ടാണ് തലയുയർത്തിയത്. പാതി മുറിഞ്ഞ പന, മറുപാതിയെ അടർത്തിപ്പൊട്ടിച്ചുകൊണ്ട് കരകരശബ്ദത്തോടെ ചരിഞ്ഞു. ആകാശത്തുനിന്നും ഭീമാകാരമായ ഒരു സത്വം താഴേക്ക് വരുന്നതുപോലെ. ബഹിരാകാശപേടകം വീഴുമെന്ന വാർത്ത കേട്ട് വീടുകളിൽ ഒളിച്ചിരുന്ന ഭീതിയുടെ കാലത്തെ സങ്കല്പം പോലെ, ആകാശത്തുനിന്നും കണക്കുകൂട്ടലുകളെല്ലാം തകർത്ത് വീഴാനായുന്ന പനയാണ് കണ്ടത്. ഒടിഞ്ഞവശത്തെ ചീളുകൾ നെൽക്കതിരുകൾപോലെ തെറിച്ചു. വലിയ ചില കഷണങ്ങൾ വവ്വാലുകൾ തൂങ്ങിയാടുന്ന മരത്തിൽ വീണതിനാൽ പെട്ടെന്ന് അവ അകമ്പടിയെന്നോണം ആകാശത്ത് ഇരച്ചുപൊന്തിപ്പറന്നു. എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഇരുവശത്തും കെട്ടിയുറപ്പിച്ച മാവിനെയും പ്ലാവിനെയും അടിയോടെ ഉയർത്തിയാണ് പനയുടെ വീഴ്ച അവസാനിച്ചത്. പ്ലാവിനും മാവിനുമടുത്ത് കയറുകളിൽ പിടിച്ചുനിന്നിരുന്നവർ പലരും വായുവിലേക്കുയർന്നുപൊങ്ങി. തോർത്തും കൈലിയുമൊക്കെ ആകാശത്തുനിന്ന് പറന്ന് ചുറ്റുമുള്ള ചെടികളുടെയും മറ്റും മുകളിൽ വീണു. ആളുകളുടെ നിലവിളിയും ആക്രോശങ്ങളും നിറഞ്ഞുനിന്നു. അപ്പോൾ ചെമ്പകാമ്മാളുടെ പറമ്പിലെ പനകൾ കാറ്റത്തു വിറയ്ക്കുന്നത് ഞാൻ മാത്രമാവണം ശ്രദ്ധിച്ചത്. തലയുയർത്തി നിന്നിരുന്ന പന അപ്രത്യക്ഷമായ ശൂന്യതയിലേക്ക് അവയുടെ കൂർത്തുനിന്ന പട്ടകൾ തുറിച്ചുനോക്കി. ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. പന  തൊട്ടടുത്ത കിണറിലേക്ക് കൂപ്പുകുത്തി മറിയുകയും വെള്ളം പുറത്തേക്ക് തെറിക്കുകയും ചെയ്തു. വെള്ളത്തിനും പനയ്ക്കുമിടയിലൂടെ, വീഴ്ചയുടെ നൊടിയിടയിൽ കിണറ്റിൽ
ഒളിച്ചിരിക്കാനിടം
തേടുന്ന യക്ഷിയെയാണ് അവസാനമായി ഞാൻ കണ്ടത്. കിണറിന്റെ പടവുകളിൽ തട്ടിത്തെറിച്ച വെള്ളം ആൾമറയെയും കവച്ച് പുറത്തേക്കൊഴുകി. യക്ഷി മലർന്നുവീണ ജലപ്പെരുക്കത്തിന്റെ പരിണാമത്തിലേക്ക് പനയുടെ പാതിയായിപ്പോയ ഉടൽഭാരം ആഴ്ന്നിറങ്ങിപ്പോയി. അഗാധതയിലേക്ക് ഊളിയിടുമ്പോൾ അത് വിറയ്ക്കുന്നുണ്ടായിരുന്നു.  കുരുതിപൂജ നടത്തി മാറ്റിവച്ച വിളക്കിലെ തിരി പന വീണുണ്ടായ ഉലച്ചിലിലെ കാറ്റത്തു കെട്ടു. എണ്ണ വിളക്കുതണ്ടിലൂടെ താഴേക്ക് ഒഴുകിപ്പരന്നു. കിണറിലെ യക്ഷിയുടെ തേജോരൂപത്തിലേക്ക് പന ഒടുങ്ങിയില്ലാതാവുന്ന കാഴ്ചയല്ലാതെ മറ്റൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല.
(കലാകൗമുദി)

No comments: