റഫീക്ക് അഹമ്മദിന്റെ ഈ വരികൾ ഉരുവിട്ടു പഠിക്കേണ്ടതാണ് എല്ലാവരും. (സിനിമ - കമ്മട്ടിപ്പാടം, 2016)
അക്കാണും മാമലയൊന്നും / നമ്മുടെതല്ലെന്മകനേ / ഇക്കായൽക്കയവും കരയും / ആരുടേയുമല്ലെൻ മകനേ / പുഴുപുലികൾ പക്കിപരുന്തുകൾ / കടലാനകൾ കാട്ടുരുവങ്ങൾ / പലകാലപ്പരദൈവങ്ങൾ / പുലയാടികൾ നമ്മളുമൊപ്പം / നരകിച്ചു പൊറുക്കുന്നിവിടം / ഭൂലോകം തിരുമകനേ / കലഹിച്ചു മരിക്കുന്നിവിടം / ഇഹലോകം എൻ തിരുമകനേ...
കോപ്പ് എന്നാൽ സഭ്യമല്ലാത്ത എന്തോ ഒരു പ്രയോഗം നടത്തിയെന്ന മട്ടിലാണ് അത് കടന്നുവരിക. എനിക്കൊരു കോപ്പും വേണ്ട, പോടാ കോപ്പേ തുടങ്ങിയ രീതിയിലാണ് അതിന് പ്രചാരം. കോപ്പു കൂട്ടുക തുടങ്ങിയവയും ഉണ്ട്. ശരിക്കും എന്താണ് ഈ കോപ്പ്? കേരളമഹാരാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകളിൽ മുഖ്യമായ ഒരിനം അരിയിട്ടുവാഴ്ചയാണല്ലോ. ജീവനക്കാർക്ക് അരിയും കോപ്പും കൊടുക്കുകയായിരുന്നു അന്നു പതിവ്. കോപ്പെന്നാൽ കറിവകയ്ക്കുള്ള പച്ചക്കറികളും എണ്ണയും പലവ്യഞ്ജനങ്ങളുമെന്നാണ് താല്പര്യം. (പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പുറം 27.) ഈ രീതിയിൽ കിട്ടുന്നതിനോട് വൈമുഖ്യം കാണിക്കുകയും മറ്റും ചെയ്യുമ്പോൾ അത് ക്രിയാരൂപത്തിൽ പ്രയോഗത്തിൽ വരികയും അർത്ഥഭേദം സംഭവിക്കുകയുമാണ്. ക്രമേണ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് മറന്നുപോവുകയും അല്ലെങ്കിൽ ധാരണയില്ലാതാവുകയും സന്ദർഭാനുസരണമുള്ള അർത്ഥം മാത്രമായിത്തീരുകയും ചെയ്തു. ഇതുതന്നെയാണ് ആപ്പിനും കോപ്പിനും ഒക്കെ സംഭവിക്കുക. കാര്യം മനസ്സിലായല്ലോ... അതു മതി എന്ന് നാട്ടുനടപ്പ്. അർത്ഥഭേദം വരുന്നതിന് രാഷ്ട്രീയത്തിലെ മാന്യദേഹങ്ങളാണ് ഇന്ന് ഏറ്റവുമധികം സംഭാവനകൾ നല്കുന്നത്. അത്തരത്തിൽ വേഗത്തിൽ മനസ്സിലാക്കാനാകുന്ന പദപ്രയോഗങ്ങൾ മലയാളത്തിൽ ഏറെയുണ്ട്. അന്വേഷിച്ചു തുടങ്ങിയാൽ സംഗതി രസകരമായിരിക്കും.
No comments:
Post a Comment