ആത്മാക്കൾ കൂടുവിട്ടു കൂടുമാറുന്ന ഒരു സന്ധ്യനേരത്താണു പുഴയുടെ നടുക്കുള്ള ശിവൻപാറയുടെ അടിയിൽനിന്നും വെള്ളത്തിലേക്കുയർന്നുവന്ന ചുവന്നനിറമുള്ള ഒരു കുമിള ഗ്ലപ് ശബ്ദത്തോടെ പുറത്തേക്കുകടന്ന് പുഴയരികിലുള്ള കൈതക്കാട്ടിലേക്കു നീങ്ങിയത്.
മദ്യലഹരിയിൽ കാലുകൾനീട്ടി കൈകൾ പുറകിലേക്കു കുത്തി പുഴക്കരയിൽ ചരിഞ്ഞിരിക്കുകയായിരുന്ന ചാന്നനാണത് ആദ്യം കണ്ടത്. അവസാനവും. അയാൾ പെട്ടെന്നു ലഹരി നഷ്ടപ്പെട്ടു കണ്ണുകൾ തിരുമ്മി ഒരിക്കൽക്കൂടി കുമിളയെ നോക്കി. പതഞ്ഞുപൊങ്ങി വട്ടംചുറ്റി കുമിള കൈതക്കാട്ടിലേക്കു മറഞ്ഞു തുടങ്ങുകയായിരുന്നു.
ചാന്നനൊന്നും മനസ്സിലായില്ല.
രൈരുനായരും തോമസ് പന്നിപ്പാടനും പുഴയുടെ അക്കരെനിന്നും വിളിച്ചുചോദിച്ചു.
ആരാടാ അവിടെ ബീഡി വലിച്ചിരിക്കണത്?
ചാന്നനാണ്ടാ... ബീഡി കൈതക്കാട്ടിലിക്ക് കേറിപ്പോയെടാ...
വട്ടംവീശിത്തള്ളി വിടരുന്ന വെള്ളത്തിന്റെ ഞെട്ടലിൽത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് ചാന്നൻ പിന്നെയും ഏറെ നേരമിരുന്നു. കുളിക്കാൻ വന്ന പെണ്ണുങ്ങൾ ആരും പുഴക്കടവിലില്ല എന്നുറപ്പുവരുത്തി ചാന്നൻ കൈതക്കാട്ടിലേക്കു നടന്നു. പുഴവെള്ളത്തിനു നടുവിൽ ഉയർന്നു നിന്നിരുന്ന ശിവൻപാറ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞിരുന്നു. പാറയുടെ അടിയിൽനിന്നും എന്തൊക്കെയോ നിലവിളികൾ കൈതക്കാട്ടിനെ ലക്ഷ്യമാക്കി ഉയർന്നുവന്നു.
കൈതമുള്ളുകൾ തട്ടാതെ കൈതോലകൾക്കിടയിലൂടെ പതുക്കെ അകത്തേക്കു കടക്കുകയായിരുന്ന ചാന്നനൊന്നും മനസ്സിലായില്ല.
എന്തായിരിക്കും ആ ചുവന്ന വട്ടം?
ചുവന്ന കുമിള?
അതിനു തിളക്കമുണ്ടായിരുന്നോ?
നേരത്തേ ചത്തുപോയവരും ഇനി ചാകാനുള്ളവരും ആത്മാക്കളോടു കാട്ടുന്ന ഒടിവിദ്യകൾ പലതും ചാന്നനെ ഭയപ്പെടുത്തി. ചത്താലും ഒടിവിദ്യകളിലൂടെ തമ്മിൽത്തല്ലിക്കുന്ന കോഴിത്തലകളുടെ മങ്ങിയ ചുവന്നനിറമല്ല അതിന്. ഇതു ചുവപ്പാണ്. ആത്മാക്കളുടെ ചുവപ്പ്. ചാന്നൻ കൈതക്കാട്ടിനുള്ളിൽ മറഞ്ഞിരുന്നു. നേരം വൈകിത്തുടങ്ങിയിരുന്നു.
പുഴയിൽ തോട്ടയെറിയാനുള്ള പദ്ധതിയുമായി ശിവൻപാറയുടെ മുകളിൽ കയറുകയായിരുന്നു രൈരുനായരും തോമസ് പന്നിപ്പാടനും ചില ശിങ്കിടികളും. തോട്ട പൊട്ടിക്കാൻ പാടില്ലെന്ന പഞ്ചായത്തിന്റെ നിർദ്ദേശം മറികടക്കുന്നതിന് ഇവർക്കൊക്കെ ധൈര്യമുണ്ടായ കാര്യമോർത്തപ്പോൾ ചാന്നനു ദേഷ്യം വന്നു. അട്ടിമറിയെന്നു കൈയക്ഷരത്തിലെഴുതിയ പോസ്റ്ററുകൾ എമ്പാടുമൊട്ടിയിട്ടുണ്ടെന്നു വള്ളിയമ്മയോട് ഇന്നലെ ആരോ പറഞ്ഞത്രേ. അട്ടിയെത്ര മറിച്ചിരിക്കുണൂ, മില്ലിലും പത്തായപ്പുരയിലും.
മണ്ണിനടിയിൽ നിന്നു ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ചാന്നൻ കൈതച്ചെടികൾക്കിടയിൽ പതുങ്ങിയിരുന്നു മണ്ണിലേക്കു നോക്കി. മൺവാസന... മഴ ചെറുതായി പെയ്തു തുടങ്ങിയിരിക്കുന്നു.
മഴ... മഴ...
കുറച്ചുദൂരെ മാറി ചെടികൾക്കിടയിൽ ചുവന്നവട്ടം പതുങ്ങി നിൽക്കുന്നു.
ചുവന്ന പപ്പടം
ചുവന്ന കുമിള
ചുവന്ന ചക്രം
ചുവന്ന ബലൂൺ
ചുവന്ന പന്ത്...
അങ്ങനെ പല പല രൂപങ്ങൾ മാറി മറിയുന്നതുപോലെ തോന്നി ചാന്നന്.
എന്തായിരിക്കുമത്?
ചുവപ്പുവട്ടമേ... വട്ടാക്കാതെ...
ചാന്നൻ പിന്നെയും എന്തൊക്കെയോ ഓർത്തു. ചാന്നന്റെ അപ്പൻ കോരനും ചങ്ങാതി ചാത്തനും തോട്ട പൊട്ടിച്ചിരുന്ന കാലം.
തോട്ട പൊട്ടിച്ചിരുന്ന കാലം.
പുഴ വിജനമാകുമ്പോൾ, പുഴക്കരയിൽ നിന്ന് അവസാനത്തെ കുടിയനും പോയിക്കഴിയുമ്പോൾ, നിലാവു തെളിഞ്ഞു പുഴവെള്ളത്തിൽ വട്ടം വീശുമ്പോൾ, കാറ്റുകൊണ്ടു തെങ്ങുകൾ തല തുവർത്തുമ്പോൾ...
തോട്ട പൊട്ടിച്ചിരുന്ന കാലം.
തോട്ടമരുന്നിൽ ചാണകം പുരട്ടി വെള്ളത്തിലേക്കിടും. അതിനുമുന്നേതന്നെ വലകൊണ്ടു പുഴയുടെ ഇക്കരെയക്കരെ വലിച്ചുകെട്ടും. ഒരൊറ്റ മീൻപോലും ചത്തു വെളിയിൽ പോകരുത്. പോയാൽപ്പിന്നെ അപ്പുറത്തു കയമാണ്. വെള്ളം കുത്തനെയിറങ്ങി ഒലിച്ചിറങ്ങുന്ന ചുഴി. ചുഴി നീണ്ടു പാലത്തിനപ്പുറത്തേക്കാണു പോകുന്നത്. പോയമീൻ പോയതുതന്നെ. പുഴവക്കിലെ നീണ്ടപുല്ലിൽപ്പിടിച്ച് എത്രയോടിയാലും പാലത്തിനപ്പുറത്തെത്തുമ്പോഴേയ്ക്കും എല്ലാം പൊയ്ക്കളയും. പാറക്കൂട്ടങ്ങൾക്കും ചെറിയ കൈവഴികളിലും ഒക്കെ ചിതറിപ്പരക്കും. പുഴയുടെ അടുത്തഭാഗത്തു കുളിക്കുന്നവരും തുണിയലക്കുന്നവരും പ്രാകും. അതുകൊണ്ടു വല ഒഴിച്ചുകൂടാനാവാത്ത (ഒഴിച്ചു കളഞ്ഞതിനുശേഷം കൂട്ടിച്ചേർക്കാനാവാത്തത്) ഒരു പ്രയോഗം തന്നെയാണ്.
ചാണകം പൊതിഞ്ഞ തോട്ട വെള്ളത്തിൽ താണുതുടങ്ങുമ്പോൾ, മീനുകൾ പൊതിയും. മീനുകൾ നിറയെ ചുറ്റിനും നിറഞ്ഞുതുടങ്ങുമ്പോൾ അവയെ അമ്പരപ്പിച്ചുകൊണ്ടു തോട്ട പൊട്ടും.
തോട്ട
മീനുകൾ ചത്തുപൊന്തും.
ചത്തു മലർക്കും.
ചത്തവയും ചത്തുകൊണ്ടിരിക്കുന്നവയും താഴെക്കെട്ടിയിരിക്കുന്ന വലയിൽത്തടയും. വലക്കണ്ണികൾക്കിടയിൽ ചിലതൊക്കെ കുരുങ്ങും. കോരനും ചാത്തനും വെള്ളത്തിൽ മുങ്ങി മീനുകളെ തപ്പിയെടുക്കും. തപ്പിയെടുത്തവ ഓരോന്നോരോന്നോരോന്നോരോന്നായി കരയിലേക്കെറിയും. മണലിൽ മീനുകൾ തലപുതഞ്ഞങ്ങനെ കിടക്കും. ചോരത്തലകളുള്ള മീനുകൾ. ചോരത്തിളപ്പുള്ളവ.
കോരാ...
ചാത്താ...
കൂയ്...
വെള്ളത്തിൽനിന്നു തലപൊക്കുമ്പോഴേ കേൾക്കാം. ചെട്ടിയാരുടെ ശബ്ദം.
ഇദെങ്ങനെ ഇയ്യാളിത് കറക്ടായിട്ടെത്തണത്?
മീൻ വാങ്ങാനെത്തിയോ ചെട്ടിയാര്?
എത്താണ്ടു പറ്റുവോ ചാത്താ?
നരച്ച താടിയും കറുത്ത മുടിയുമുള്ള തടിയനായ ചെറുകച്ചവടക്കാരനാണു ചെട്ടിയാർ. വാളൻപുളിയും വാളമീനും കച്ചവടം ചെയ്യുന്ന ചെട്ടിയാർ. പരദേശിച്ചെട്ടിയാർ വാളമീനിനെ വാളൻ മീനെന്നാണു പറയാറ്. കാവിന്റെ തെക്കുവശത്തു പുഴയിലേക്കിറങ്ങുന്ന വഴിയുടെ തൊട്ടുമുകളിൽ പാതയോടു ചേർന്നാണു ചെട്ടിയാരുടെ കട. ഓടിട്ടു വെള്ളപൂശിയ കട. കടയുടെ വെളിയിലെ സിമന്റുതറയുടെ താഴത്ത് ഉപ്പുചാക്കുവെച്ചിട്ടുണ്ടാകും. ഉപ്പുചാക്കു മൂടിയിട്ടുണ്ടെങ്കിൽ അന്നു കട മുടക്കം. ചെട്ടിയാരുടെ ഭാര്യ രത്‌നമ്മയുടെ തലവേദനയോ, കാലുവേദനയോ, മേലുവേദനയോ കൂടിയിട്ടുണ്ടാകും. ചെട്ടിയാരു വൈദ്യരെത്തപ്പിയിറങ്ങിയിട്ടുമുണ്ടാവും. സാധാരണവേദനയ്ക്കു മീനാച്ചിത്തള്ളയുടെ ഊത്താണു പതിവ്. ഭസ്മമെടുത്തു രത്‌നമ്മയുടെ നെറുകിലിട്ടു കണ്ണടച്ചു പിടിച്ചു വിരൽത്തുമ്പിലടക്കിപ്പിടിച്ചിരിക്കുന്ന ഭസ്മത്തിലേക്കു നോക്കി കണ്ണടച്ചു പിറുപിറാന്നു പ്രാർത്ഥിച്ചു നെറ്റിയിൽത്തൊടും. തൊടയ്ക്കാമ്പാടില്ല. വീണ്ടും ഭസ്മമെടുത്തു രത്‌നമ്മയുടെ നെറുകിലിട്ടു കണ്ണടച്ചു പിടിച്ചു വിരൽത്തുമ്പിലടക്കിപ്പിടിച്ചിരിക്കുന്ന ഭസ്മത്തിലേക്കു നോക്കി കണ്ണടച്ചു പിറുപിറാന്നു പ്രാർത്ഥിച്ചു നെറ്റിയിൽത്തൊടും. തൊടയ്ക്കാമ്പാടില്ല. വീണ്ടും... പിന്നെ ഉപ്പും മൊളകും കൂടി അടുപ്പിലിട്ടു പൊട്ടിച്ചാൽത്തീർന്നു. ഒരുമാതിരിപ്പെട്ട അസുഖങ്ങളൊക്കെ പാലംകടക്കും.
കോരനും ചാത്തനും വെള്ളത്തിൽ നിന്നു തലമാത്രം വെളിയിലിട്ടു ചെട്ടിയാരെ നോക്കി.
ചെട്ടിയാരെ നിങ്ങളവിടെ നിക്കിൻ. കരേക്കെടക്കണതൊന്നും ചവിട്ടിത്താഴ്ത്തണ്ട.
ഓ... ഓ...
ചെട്ടിയാർക്കുവേണ്ട മീനുകൾ ഇനംതിരിച്ചുകൊടുത്താൽ ചെട്ടിയാരു കാശുകൊടുക്കും. വാളൻപുളിപോലെ പുളിക്കുന്ന കള്ളും കൊടുക്കും. മേടമാസം ഒന്നിനു രാവിലെ ഒറ്റനാണയം കൊടുത്താൽ ഉപ്പും മഞ്ഞളും വീട്ടിലേക്കു കൊണ്ടുപോകാം. ഐശ്വര്യമായിരിക്കും ഫലം. നാട്ടുകാരൊക്കെ ചെട്ടിയാരുടെ കടയിലെത്തുമെങ്കിലും കോരനും ചാത്തനുമെത്തില്ല. ഉപ്പും മഞ്ഞളും വേണ്ട എന്നാണവരുടെ നിലപാട്. ചെട്ടിയാർ അവരുടെ മീൻ അന്നുമാത്രമേ വാങ്ങാതെയുള്ളൂ. ഇന്നിപ്പോ അങ്ങനെയൊന്നുമല്ല. ചെട്ടിയാരെത്തി. ചെട്ടിയാർക്കു മീൻ വേണം.
കോരനും ചാത്തനും പിന്നൊന്നും മിണ്ടിയില്ല.
ഇന്നു കൂടുതൽ കാശു കൊടുത്താലേ മീനുള്ളൂ എന്നു പറയണമെന്നുണ്ടായിരുന്നു. കരയിൽക്കേറിയിട്ടു പറയാം. അവർ വെള്ളത്തിൽ അടക്കം പറഞ്ഞു. അടക്കം കുമിളകളായി മുകളിലേക്കു പൊന്തി.
അതേയ്, ചെട്ടിയാരെ... കാശു കൂടുതൽ തരാണ്ട് ഇന്നു കച്ചോടം നടക്കില്ലാട്ടോളിൻ.
അതെന്താണപ്പാ അങ്ങനെ? ശരി, എത്രകിട്ടി നോക്കട്ടെ...
ഒക്കെ പിടിക്കട്ടെ. തപ്പിക്കൊണ്ടിരിക്കാണ്.
ചെട്ടിയാർ കരയിലിരുന്നു. കള്ളുകുപ്പിയിൽ നിന്നു കള്ളു മോന്തി. കുറച്ചു കള്ളു പുഴയിലൊഴിച്ചു. വെള്ളത്തിൽ വെള്ളിവരകൾ പടർത്തി നരച്ച പാമ്പുപോലെ കള്ള് അലകളിൽ നീന്തിയലിഞ്ഞുചേർന്നു.
നനഞ്ഞൊലിച്ചു കോരനും ചാത്തനും പൊങ്ങിവന്നു. ഏറെക്കാലം മുമ്പു കുട്ടനാട്ടിൽനിന്നും ഇവിടെയെത്തിയവരാണവർ. വെള്ളത്തിൽ മുങ്ങിത്തപ്പിയും ബണ്ടുകെട്ടിയടച്ചും നല്ല പരിചയമുള്ളവർ. കൂന്താലി വലിച്ചുകൊത്തി കപ്പ നട്ടും കാച്ചിൽ കുത്തിയും മീൻ മുങ്ങിത്തപ്പിയും പുതിയ വിദ്യകൾ കാണിച്ചവർ. മീൻ വിലപേശി വാങ്ങാൻ ചെട്ടിയാരും അതു പിന്നീടു രൊക്കമായും കടമായും വാങ്ങാൻ നാട്ടുകാരും.
കാലം മാറി.
കലണ്ടർ ചിത്രങ്ങളിലെ ദൈവങ്ങൾ പണക്കാരായി.
പോലീസുകാർ തോട്ടപൊട്ടിക്കലിനെ ബോംബുനിർമ്മാണവുമായി ബന്ധിപ്പിച്ചു കസ്റ്റഡിയിലെടുക്കും വരെ അവരവിടെയുണ്ടായിരുന്നു. ഒടുക്കം രണ്ടുവർഷത്തിനുശേഷം ഏതൊക്കെയോ ജയിൽച്ചോറുണ്ടു പുറത്തിറങ്ങുന്നതുവരെ തോട്ടപൊട്ടിക്കാൻ ആളുണ്ടായിരുന്നില്ല.
ചെട്ടിയാർ സ്ഥലം വിട്ടത്രേ!
ചെട്ടിയാരുടെ കടയിൽ മകൻ സുന്ദരൻ മാത്രം ഉണ്ടായിരുന്നു. ചെട്ടിയാരെവിടെപ്പോയെന്നറിയാതെ ഭാര്യ രത്‌നമ്മ പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കും ആളെ വിട്ടെങ്കിലും ഒരു വിവരവും കിട്ടിയില്ല. മീനാക്ഷിപുരത്തുണ്ടെന്നു കേട്ടു രത്‌നമ്മ തന്നെ നേരിട്ടു പോയെങ്കിലും കാണാൻ കഴിഞ്ഞില്ല.
സുന്ദരൻ വടക്കേപ്പുരയിലെ സീതാലക്ഷ്മിയെ കെട്ടിയതിനുശേഷം കടയിൽ വാളൻ പുളിയ്ക്കു പുറമേ ഒട്ടനവധി സാധനങ്ങൾ നിരത്തി. സിമന്റുതറ മൊസൈക്കിട്ടു. ഉപ്പുചാക്കു വെയ്ക്കുന്ന സ്ഥലത്ത് ഓറഞ്ചും ആപ്പിളും വെച്ചു. പച്ചസാരിയുടുത്ത സീതാലക്ഷ്മി ഓറഞ്ചിനും ആപ്പിളിനും ഇടയിൽ ചിരിച്ചുകൊണ്ടിരുന്നു. സീതാലക്ഷ്മിയുടെ താലിമാലയിലെ റ്റ പോലുള്ള ഒറ്റക്കാലൻ ഏണി മാത്രം ആപ്പിളിനോ ഓറഞ്ചിനോ വേണ്ടാത്ത ഇടങ്ങളിലേക്കു തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ആ തുറിച്ചുനോട്ടം കച്ചവടത്തിനപ്പുറത്തുള്ള ഒരിടപാടിലേക്കും ആരെയും അടുപ്പിച്ചില്ല.
സുന്ദരൻ ഈയിടെയായി ചാന്നനുമായിട്ടാണ് അടുപ്പം. ചാന്നന്റെ കൊച്ചുകൊച്ചു കാര്യങ്ങൾ വരെ സുന്ദരൻ അന്വേഷിക്കും. കനാൽ വരമ്പിലൂടെ പണ്ടൊക്കെ നടന്നുപോയതും, മാങ്ങയ്ക്കു കല്ലെറിഞ്ഞതും മറ്റുമായി ഒട്ടേറെ കഥകൾ സുന്ദരൻ കടയിൽ സാധനങ്ങൾ വാങ്ങാൻ ആരുമില്ലാത്ത സമയത്തു ചാന്നനോടു പറയും. സുന്ദരന്റെ മനസ്സിൽ ഒരു മാമ്പഴക്കാലം വിരിഞ്ഞു നിൽക്കുന്നുണ്ടത്രേ!
കോരനും ചാത്തനും വീണ്ടും നാട്ടിലെത്തിയതു കേട്ടറിഞ്ഞ ശേഷമാണു സുന്ദരൻ ചാന്നനെ കൂടുതൽ അടുപ്പിച്ചത്. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത സുന്ദരൻ ചാന്നനുവേണ്ടി സൗജന്യങ്ങൾ അനുവദിച്ചു.
ഒരു ബീഡി വാങ്ങിയാൽ ഒന്നു ഫ്രീ.
ഒരു സോപ്പു വാങ്ങിയാൽ റബ്ബർബാന്റു ഫ്രീ.
ഉള്ളി വാങ്ങിയാൽ ഉരുളക്കിഴങ്ങു ഫ്രീ. (കാൽക്കിലോ ഉള്ളിക്കുപകരം ഒരു കിലോ വാങ്ങണമെന്നുമാത്രം.)
ചാന്നനോടു സുന്ദരൻ ആവശ്യപ്പെട്ട ഒരേയൊരു കാര്യം അവന്റെ അപ്പനോടും ചാത്തനോടും തോട്ട പൊട്ടിക്കാൻ പറയണം എന്നായിരുന്നു. തോട്ട പൊട്ടിക്കാനും മീൻ പിടിക്കാനും വേണ്ടി കോരനും ചാത്തനും എന്താണു പോകാത്തതെന്നുമാത്രമായിരുന്നു ചോദ്യം.
വോട്ടെടുപ്പു കഴിയുന്നതുവരെ ഇനിയൊരു പരിപാടിയുമില്ലെന്നു കോരനും ചാത്തനും ഉറപ്പിച്ചു പറഞ്ഞു. കഥാപ്രസംഗം പോലും നിർത്തിവെച്ചിരുന്നു. പിന്നെയാണു തോട്ട. ചാന്നൻ അപ്പനെ നിർബന്ധിച്ചില്ല. അപ്പന്റെ കുട്ടനാടൻ കഥകളും മറ്റും കേട്ടിരുന്ന ചാന്നനോട് ഒരുദിവസം ഇവിടെ മടുത്തുവെന്നു പറഞ്ഞപ്പോൾ ചാന്നന്റെ കണ്ണു നിറഞ്ഞു. കോരനും ചാത്തനും ഇനി മീൻപിടിക്കാനില്ലെന്നും കുട്ടനാട്ടിലേക്കു പോകുകയാണെന്നും പറഞ്ഞു.
ചാന്നൻ പോയില്ല.
ചാന്നൻ പോകുന്നില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.
ഇനീം ഇവിടെത്തന്നെ.
എനിക്കിതു മതി.
എന്റെ കൂട്ടുകാരും നാട്ടുകാരും ഇതന്നെ.
നിങ്ങ പൊയക്കോളീൻ.
ഒറ്റയ്ക്കുജീവിക്കാൻ പറ്റുമെന്ന തോന്നലായിരുന്നു ചാന്നന്. ചെറുപ്പം. ചോരത്തിളപ്പുള്ള പ്രായം.
ഇപ്പോഴിപ്പോൾ സുന്ദരനു ചാന്നനോടു പഴയപോലെയില്ല, അടുപ്പം.
കൂടും കുടിയുമില്ലാത്തവൻ.
കാശിനു കൊള്ളാത്തവൻ.
പാങ്ങില്ലാത്തവൻ. - വിശേഷണങ്ങൾ ഏറെയുണ്ടായിരുന്നു സുന്ദരന്റെ വക.
ഇനിയിപ്പോൾ സുന്ദരനുവേണ്ടെങ്കിലും തോട്ടപൊട്ടിക്കാൻ എന്താണു വഴിയെന്നാലോചിച്ച് ചാന്നൻ പുഴക്കരയിലിരിക്കുമ്പോഴാണു തോമസ് പന്നിപ്പാടനും രൈരുനായരും പുഴയിൽ തോട്ടപൊട്ടിക്കാൻ ഒരുക്കം കൂട്ടിയത്. അവർ പുഴയിലിറങ്ങിയില്ലെങ്കിലും അവർക്കുവേണ്ടി ഇറങ്ങാൻ കുറേപ്പേരുണ്ടായി.
ആയിരപ്പറ കണ്ടത്തിന്റെ അധിപനും കാറും ബൈക്കും മാറി മാറി പെടപ്പിച്ച് നാട്ടുകാരുടെ ഇടയിൽ പെരുമ നേടിയവനുമായ പഞ്ചായത്തുമെമ്പർ കുമാരൻ മാസ്റ്റർ ഇപ്പോൾ KUMAR. A.N. ആണ്. കുമാരൻ മാസ്റ്റർ, സ്‌കൂൾ മാഷായതുകൊണ്ടൊന്നുമല്ല, മാസ്റ്ററായത്. വേറെ ചില കാര്യങ്ങളായിരുന്നു പേരിനു പിന്നിൽ. സ്വന്തം പേരിൽ വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കി ഡിഗ്രി കഴിഞ്ഞു വെറുതെയിരിക്കുകയായിരുന്ന ഒരു ബന്ധുവിനെക്കൊണ്ടു എട്ടാംക്ലാസുമുതൽ പത്തുവരെയുള്ള കുട്ടികൾക്കു സമാന്തരപഠനം ഏർപ്പെടുത്തിയതോടെയാണു പ്രിൻസിപ്പലെന്നും കുമാരൻ മാസ്റ്ററെന്നുമൊക്കെ പേരിനു പിന്നിൽ വീണു കിട്ടിയത്. ചെട്ടിയാരുടെ മകൻ സുന്ദരന്റെ കടയുടെ എതിർവശത്തു മെയിൻ റോഡിന്റെ ഓരത്തുണ്ടായിരുന്ന ഒഴിഞ്ഞ പറമ്പിലായിരുന്നു കുമാരൻസ് സ്റ്റഡി സെന്റർ. അതിനു പുറകിലുള്ള വസന്തകുമാരിയുടെ വീട്ടിലായിരുന്നു ചായയും ഊണും.
കുമാരൻമാസ്റ്റർ ചായ കുടിക്കാൻ പോകുമ്പോൾ പത്താംക്ലാസിലെ തല തെറിച്ച പിള്ളേർ അടക്കിച്ചിരിക്കും. വസന്തകുമാരി, മിസ്. വസന്തകുമാരിയും മാസ്റ്റർ, മിസ്റ്റർ കുമാറുമാകും. ബൈക്കിന്റെ വിശ്രമം സ്റ്റഡി സെന്ററിനു മുന്നിലും മാസ്റ്റർ സ്റ്റഡി സെന്ററിനു പിന്നിലും. ആരും ഒന്നും പറഞ്ഞില്ല. ചോദിച്ചുമില്ല. ആയിരപ്പറ കണ്ടത്തിലെ പണിക്കാരായ ഭൂരിപക്ഷം ആളുകളും എന്തു പറയാൻ. പണി പോയിക്കിട്ടില്ലേ. വസന്തകുമാരിയുടെ കോഴികൾക്കു വസന്ത വന്ന സമയത്തായിരുന്നു ഒരിക്കൽ ചന്ദ്രൻ ഡോക്ടർ അവിടെയെത്തിയത്. അദ്ദേഹമാണ് ആദ്യമായി മിസ്റ്റർ കുമാർ എന്നു വിളിച്ചതത്രേ. അതോടെ കുമാർ എ. എൻ. സ്റ്റഡി സെന്റർ എന്നു ബോർഡുമാറി.
മിസ്റ്റർ കുമാർ, പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ആയിരപ്പറ കണ്ടത്തിലെ പണിക്കാർ മാത്രം മതിയായിരുന്നു ജയിക്കാൻ.
ജയിച്ചു.
തോമസ് പന്നിപ്പാടനും രൈരുനായരും കുമാറിന്റെ അടുത്തയാളുകളായിത്തീർന്നു. പോസ്റ്ററിനും കൊടിതോരണങ്ങൾക്കും പണം മുടക്കിയതവരാണ്. മുടക്കുമുതൽ വെടക്കാക്കാതെ തിരിച്ചു പിടിക്കണമെന്ന തത്വശാസ്ത്രം കുമാരൻ മാസ്റ്റർക്കു നല്ലപോലെ മനസ്സിലാകും. വസന്തകുമാരിയുടെ കുട്ടി തന്നെ തെളിവാണ്. ചായ കുടിച്ചാൽ രൂപസാദൃശ്യമുണ്ടാകുമോ എന്നു പണിക്കാർ അടക്കം പറയുന്നതു മാസ്റ്ററും കേട്ടിട്ടുണ്ട്.
തോട്ടപൊട്ടിക്കൽ നിരോധിച്ച സമയമായിരുന്നിട്ടും തോട്ടപൊട്ടിക്കാൻ പെർമിഷൻ കൊടുക്കാമെന്നു കുമാർ എന്ന ഏ.എൻ. സമ്മതിച്ചു. നിരോധനത്തിനു പുറകിലെ രാഷ്ട്രീയപ്രശ്‌നങ്ങളെല്ലാം മാറ്റിനിർത്തി, സവിശേഷസാഹചര്യം പരിഗണിച്ചു നിരോധനത്തെ നിരോധിക്കണമെന്ന തീരുമാനമെടുക്കാൻ ഏ.എന്നിനു കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.
ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല.
സമയം ആലോചിക്കാൻ സമ്മതിക്കില്ല.
ഏ.എൻ. സാർ വരണം. പഞ്ചായത്തു മീറ്റിംഗിൽ ഈ പ്രശ്‌നം ഒന്നെടുത്തിടണം. തോട്ട പൊട്ടിക്കുന്നതിനുള്ള അനുവാദം വാളൻപുളി മാർട്ടിനുതന്നെ കിട്ടണം.
തോമസ് പന്നിപ്പാടനും രൈരുനായരും ഒരുമിച്ചാണു പറഞ്ഞത്.
പഞ്ചായത്തിൽ സമ്മർദ്ദം ഏറിവന്നു.
വാളൻപുളി മാർട്ട് എന്ന കച്ചവടസ്ഥാപനം പഞ്ചായത്തുമൊക്കിൽ പൊന്തിവന്നു. രണ്ടോ മൂന്നോ പലചരക്കു കടകളും ഒരു കള്ളുഷാപ്പും രണ്ടു ബാർബർ ഷാപ്പുമാണ് അവിടെയുണ്ടായിരുന്നത്. ബസ് സ്റ്റോപ്പിനോടു ചേർന്ന് ഒരു പെട്ടിക്കടയും, ബസ് സ്റ്റോപ്പിനു വലതുവശത്തുള്ള അരയാൽത്തറയ്ക്കു താഴെ ഒരു സൈക്കിൾ റിപ്പയർകടയും, അതിന്റെ തൊട്ടടുത്തായി ഒരു തയ്യൽക്കടയും ഉണ്ടായിരുന്നു. പഞ്ചായത്തുമൊക്കിൽ കൂട്ടംകൂടിയിരുന്ന ചെറുപ്പക്കാരെ തുണച്ചിരുന്ന വായനശാലയും ക്ലബും കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീണിരുന്നു. ആ സ്ഥലത്താണു വാളൻപുളി മാർട്ട് പൊന്തിവന്നത്. തോമസ് പന്നിപ്പാടനും രൈരുനായരും കാറിൽ മൈക്കുകെട്ടി നോട്ടീസ് വിതറി. ബാക്പാക്കുകൾ ചേർത്തുകെട്ടിയ സ്‌കൂൾപ്പിള്ളാർ നോട്ടീസുകൾ കണ്ടില്ലെന്നു നടിച്ചു. അവർ വാളൻപുളി മാർട്ടിനെക്കുറിച്ചു ക്ലാസ്‌റൂമിൽവെച്ചുതന്നെ കേട്ടിട്ടുണ്ടായിരുന്നു. തൊട്ടടുത്ത പഞ്ചായത്തുകളിലും അതിനടുത്ത മുനിസിപ്പാലിറ്റിയിലും വാളൻപുളി മാർട്ട് ശാഖകൾ തുടങ്ങി.
അമേരിക്കയിൽ നിന്ന് എംബിഎ കഴിഞ്ഞുവന്ന ബറാക് തോമസ്, അച്ഛൻ തോമസ് പള്ളിപ്പാടന്റെ ഒപ്പം നിന്നുകൊണ്ടു പഞ്ചായത്തുമെമ്പറോടു ചീറി. പലപ്പോഴും ബറാക് തോമസ് ചിരിച്ചുകൊണ്ടു കുമാറിന്റെ രാത്രികളിലേക്കു കഥ പറയാനെത്തി. കുമാറും ബറാക് തോമസും നിലത്തേക്കിട്ട ചിപ്‌സും വറുത്ത മീൻകഷണങ്ങളും വസന്തകുമാരി അടിച്ചു നീക്കി. അവൾ അവരുടെ കഥകളിൽ കഥയായി. സ്റ്റഡി സെന്ററിനു പുറകിൽ നിന്നു ചീവീടുകൾ കരഞ്ഞു.
പലതും പറഞ്ഞു.
പലതും പറഞ്ഞു.
ചർച്ചകൾ മുന്നോട്ടും പിന്നോട്ടും ഉലഞ്ഞാടി.
എങ്ങനെയെങ്കിലും പുഴയിൽ തോട്ട പൊട്ടിക്കണം. നിരോധനം നീക്കിയേ തീരൂ. സ്ഥാപനത്തിന്റെ പേരിനുതന്നെ കോട്ടമുണ്ടാകും മീനും പുളിയുമില്ലെങ്കിൽ. പുളിയുണ്ട്, മീനാണു പ്രശ്‌നം. മീനിപ്പോൾ മാനത്തിന്റെ പ്രശ്‌നമാണ്. മാനം പോണ പ്രശ്‌നം.
പലരും പലതും പറഞ്ഞും നുണഞ്ഞും ചർച്ചകൾക്കു വിരാമമുണ്ടായി.
വിരാമാവസാനം ബറാക് തോമസ് പന്നിപ്പാടൻ ഇപ്രകാരം പറഞ്ഞു.
ഈ തെണ്ടികൾ ചെലര് അനുകൂലിക്കാൻ സാധ്യതയില്ല.
ചെല തെണ്ടികളങ്ങനെയാ...
കുമാരൻ മാസ്റ്റർ ശരിവെച്ചു.
മാസ്റ്ററതു ശരിവെച്ചപ്പോൾ ബറാക് തോമസിനു എക്‌സിക്യുട്ടീവ് ചിരി വന്നെങ്കിലും കാണിച്ചില്ല. സത്യങ്ങൾ അപ്രിയമാക്കരുതല്ലോ.
പഞ്ചായത്തിലെ ഭരണകക്ഷിയുടെ ഭൂരിപക്ഷമാണു പ്രശ്‌നം. ഇപ്പോൾത്തന്നെ സ്വതന്ത്രന്മാർ പലരും താങ്ങിയാണതു നിൽക്കുന്നത്. തോട്ട പൊട്ടിക്കൽ പോലെ ചില സംഗതികൾ നടന്നാൽ പുഴക്കരയിൽ കൊടിമരമുയരും.
എന്താണു വഴി?
വഴി?
ആരെങ്കിലുമൊക്കെ മീറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയാൽ സംഗതി നടക്കുമെന്നും അങ്ങനെ ഇറക്കിവിടൽ കഥകൾ ജനാധിപത്യത്തിൽ ധാരാളമുണ്ടെന്നും ഉദാഹരണസഹിതം മാസ്റ്റർ വിവരിച്ചു. ചർച്ച ചാനലുകളിലേക്കു പോകരുതെന്നും പത്രക്കാരറിഞ്ഞാൽ എല്ലാം കുളമാക്കുമെന്നും, പണ്ടൊക്കെ കുളംതോണ്ടി ഇല്ലാതാക്കിയ തറവാടുകളേറെയുണ്ടെന്നും നാടുതന്നെ കുളംതോണ്ടാൻ വലിയ പ്രയാസമില്ലെന്നും ഘോരഘോരം പ്രസംഗിക്കുകയായിരുന്നു കുമാരൻ മാസ്റ്റർ.
നിങ്ങളത് വോട്ടിനിടിൻ, നമ്മക്ക് പാസ്സാക്കിയെടുക്കാം. - രൈരുനായർ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ആകാംക്ഷയുടെ ദിവസങ്ങളായിരുന്നു പിന്നീട്. വോട്ടിനിട്ടാൽ പാസ്സാകണം. പാസ്സായില്ലെങ്കിൽ നിലനില്പുതന്നെ ഇല്ലാതാവും. പുറത്തുപോകേണ്ടിവരും. തോമസ് പന്നിപ്പാടന്റെയും രൈരു നായരുടെയും താല്പര്യങ്ങൾക്കനുസരിച്ചു ഭരണം നടത്തിയില്ലെങ്കിൽ പട്ടിയെക്കൊണ്ടു ശവകുടീരം വരെ മണപ്പിക്കും.
ആകെ അംഗങ്ങൾ 24.
അതിൽ 7 പേർ പുറത്തുപോയി.
4 പേർ പ്രതികൂലിച്ചു.
ബാക്കിയുള്ളവർ അനുകൂലിച്ചു.
ചാനലുകൾ ഫ്‌ളാഷുകൾ മിന്നിച്ചു.
കോഴിപ്പാറ പഞ്ചായത്തിൽ തോട്ട പൊട്ടിക്കൽ വാളൻപുളി മാർട്ടിനുമാത്രമെന്നുള്ള എഴുത്തുകൾ സ്‌ക്രീനിനുതാഴെ സ്‌ക്രോൾ ചെയ്തു. രൈരുനായരും തോമസ് പന്നിപ്പാടനും കെട്ടിപ്പിടിച്ചു. തെരഞ്ഞെടുപ്പിലിറക്കിയതെല്ലാം തെരഞ്ഞെടുക്കപ്പെട്ടവരെക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പിച്ചതിന്റെ ആഹ്ലാദമായിരുന്നു അത്.
അടുത്തദിവസം തന്നെ വാളൻപുളി മാർട്ടിന് കോഴിപ്പാറ പഞ്ചായത്തിലെത്തിപ്പെടാൻ വേണ്ടി ആർക്കൊക്കെയോ കൊടുത്ത പണത്തെക്കുറിച്ചു വാർത്തയുണ്ടായി. വസന്തകുമാരിയുടെ വീട്ടിലാവട്ടെ തിരക്കായിരുന്നു. പത്രക്കാർ മുതൽ പഞ്ചായത്തു ജീവനക്കാർ വരെ എല്ലാവരും കുമാർ ഏ.എന്നിനൊപ്പമോ, തോമസ് പന്നിപ്പാടനൊപ്പമോ, രൈരുനായർക്കൊപ്പമോ അവിടെയെത്തി.
തോട്ടപൊട്ടിക്കൽ നിരോധിച്ചതാണെങ്കിലും തോട്ടപൊട്ടിക്കലിന് അനുമതി കൊടുത്തതിനുപിന്നിലെ അഴിമതിയെക്കുറിച്ചു വാർത്തകൾ പ്രചരിച്ചു. വാളൻപുളി മാർട്ടിനു പ്രശസ്തിയേറി. പഞ്ചായത്തു ഭരണസമിതിയിലും ചാനലുകളിലും വിചാരിച്ചിരിക്കാത്തത്ര പരസ്യമുണ്ടാക്കാനായതിൽ ബറാക് തോമസ് പന്നിപ്പാടൻ, കുമാരൻ മാസ്റ്റർക്കു നന്ദി പറഞ്ഞു.
ചാനലുകളിൽ ചുവന്ന അക്ഷരവും വെളിച്ചവും മിന്നിമറഞ്ഞു.
ചാനൽക്കാഴ്ചകൾ കണ്ടു കണ്ണു മഞ്ഞളിച്ചാണു ചാന്നൻ കള്ളുഷാപ്പിലേക്കും അവിടെനിന്നു പുഴക്കരയിലേക്കും പോയത്.
കാഴ്ചകൾ മഞ്ഞയും പച്ചയുമാവുകയും അവ ചുവപ്പുനിറത്തിലേക്കെത്തുകയും കണ്ണടച്ചാൽ പ്രകാശം മാത്രം തിളങ്ങുകയും ചെയ്യുന്നതിനിടെ ചാന്നൻ പുഴക്കരയിലെത്തി. വസന്തകുമാരിയുടെ വീടിനു മുകളിൽ ആരുമറിയാതെ ഒരു ചുവന്ന വെട്ടം തെളിഞ്ഞു. അതു നീങ്ങിത്തുടങ്ങി. തൊട്ടടുത്തു പടർന്നു നിന്ന മാവിന്റെ കൊമ്പിൽ തട്ടിയ അതു താഴേക്കു വീണു. പതുക്കെയുരുണ്ടു വസന്തകുമാരിയുടെ വീടിനടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിലേക്കിറങ്ങി.
ആത്മാക്കൾ കൂടുവിട്ടു കൂടുമാറുന്ന സമയവും തോട്ടപൊട്ടിക്കലും തമ്മിലുള്ള ബന്ധം ചാന്നനെന്നല്ല, ആർക്കും മനസ്സിലായില്ല.
കൈതക്കാട്ടിൽ ഒളിച്ചിരുന്ന ചുവന്നവെട്ടം.
പുഴയിൽ നിന്ന് ഉയർന്നുപൊന്തിയ ആ വട്ടം ചാന്നനെ കൈതക്കാട്ടിലെത്തിച്ചു.
അപ്പോൾത്തന്നെ രൈരുനായരും തോമസ് പന്നിപ്പാടനും തോട്ട പൊട്ടിക്കാനുള്ളവരെയും കൊണ്ടെത്തി. വാളൻപുളി മാർട്ടിന്റെ ചെറിയ ബോർഡുകൾ പുഴക്കരയിൽ അവിടവിടെയായി സ്ഥാപിച്ചു. ഒരേസമയം നിരവധി ഇടങ്ങളിൽ തോട്ട പൊട്ടിക്കുന്നതിനായി സംഘങ്ങൾ സംഘങ്ങളായി ആളുകൾ നീങ്ങി.
എന്താണെന്നു മനസ്സിലാകാതിരുന്ന ചുവന്നവട്ടത്തെ നോക്കിയ ചാന്നൻ ട്രാഫിക് ലൈറ്റിനെ ഓർത്തു. ചുവന്ന ട്രാഫിക് വെളിച്ചം ചെട്ടിയാരുടെ മകൻ സുന്ദരന്റെ മുഖമായിത്തീർന്നു. കുട്ടനാട്ടിലേക്കു തിരിച്ചുപോയ കോരൻ മഞ്ഞയും ചാത്തൻ പച്ചയുമായി. എല്ലാ നിറവും ഒരുമിച്ചു കത്തി.
നോക്കിക്കൊണ്ടിരിക്കെ ചുവന്നവട്ടം വലുതായി. എല്ലാ തോട്ടകളും ഒരുമിച്ചു പൊട്ടി. ശിവൻപാറയുടെ അടിയിൽനിന്നു കേട്ട നിലവിളികൾ കുമിളകളായി പൊന്തിവന്ന് ഒരുമിച്ചു പൊട്ടിയ എല്ലാ തോട്ടകളെയും വിഴുങ്ങിത്തുടങ്ങിയിരുന്നു. വെള്ളത്തുള്ളികൾ ചിതറിത്തെറിച്ചു. തോമസ് പന്നിപ്പാടനും രൈരുനായരും തോട്ടയുടെ പ്രകമ്പനത്തിൽ പൊങ്ങിയുയർന്നു. കൈകാലുകൾ പരത്തി, തലയുയർത്തി ചുറ്റുപാടും നോക്കിക്കൊണ്ട് അവർ ഇരുവരും പൊങ്ങിയുയരുമ്പോൾ സുന്ദരന്റെ കടയും വസന്തകുമാരിയുടെ വീടും സ്റ്റഡി സെന്ററും കണ്ടു; കൂടാതെ, ബറാക് തോമസിനെയും. സുന്ദരന്റെ കടയുടെ എതിർവശത്തുള്ള വാളൻപുളി മാർട്ടിന്റെ പ്രധാനശാഖയും ആയിരപ്പറ കണ്ടത്തിനുമപ്പുറത്ത്, സമീപ പഞ്ചായത്തുകളിലുള്ള വാളൻപുളി മാർട്ടിന്റെ മറ്റു ശാഖകളും അവർ ആഹ്ലാദത്തോടെ കണ്ടു.
പുഴക്കരയിൽ നിന്നിരുന്ന പണിക്കാർ നിലവിളികളോടെ ചിതറിയോടി.
ചാന്നനൊന്നും മനസ്സിലായില്ല.
മഴത്തുള്ളികളേറ്റുകൊണ്ടു ശിവൻപാറ മാത്രം അവശേഷിച്ചു.

No comments:
Post a Comment