Visual Art

സിനിമകൾ നവീകരിക്കപ്പെടുന്നതും അതുവഴി പുതുതലമുറ സിനിമകളെപ്പോലെ പ്രസക്തമായവ പിറവിയെടുക്കുന്നതും കാഴ്ചയുടെ ശീലങ്ങളെ വേറിട്ട രീതിയിൽ സമീപിക്കുമ്പോഴാണ്. രാജേഷ്‌പിളള സംവിധാനം ചെയ്ത ട്രാഫിക് (2011) എന്ന സിനിമ മലയാളത്തിലെ പുതുതലമുറയെ നിർണ്ണയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ ഏറെയുണ്ട്. എന്നാൽ ഇനാരിറ്റു സംവിധാനം ചെയ്ത മെക്‌സിക്കൻ സിനിമയായ അമോറസ് പെറോസ് (2000) ഈ സിനിമയുടെ ആഖ്യാനരീതിയുമായി പുലർത്തുന്ന സാദൃശ്യം യാദൃച്ഛികമായിരിക്കാം. എങ്കിലും ഒരു ദശാബ്ദത്തിന്റെ വ്യത്യാസം ഇവിടെ കാണാൻ കഴിയുമെന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ആഖ്യാനരീതിയിലെ പുതുമ മാത്രമാണ് ഇവിടെ വേറിട്ടുനില്ക്കുന്നത്. വിഷയസ്വീകരണത്തിൽ മറ്റ് ഇന്ത്യൻഭാഷകളിൽനിന്നു വ്യത്യസ്തമായി മലയാളം പുലർത്തുന്ന സമീപനം എല്ലാക്കാലത്തും ശ്രദ്ധേയമാണ്. കലാസിനിമകളെന്നോ കച്ചവടസിനിമകളെന്നോ ഉള്ള ഭേദങ്ങൾക്കപ്പുറം മലയാളത്തിലെ സിനിമകളിൽ നൂതനകാഴ്ചപ്പാടുകൾ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതിൽ തർക്കമില്ല. എങ്കിലും കച്ചവടസിനിമയെ സംബന്ധിച്ചിടത്തോളം ആവർത്തനങ്ങളാണ് വിരസതയുണ്ടാക്കുന്നതും സിനിമയെ പരാജയപ്പെടുത്തുന്നതും. കൃത്യമായ പരിപ്രേക്ഷ്യമുണ്ടാവുകയും അവയെ വസ്തുനിഷ്ഠമായി നിർദ്ധാരണം ചെയ്യുകയും സൗന്ദര്യശാസ്ത്രപദ്ധതികളുടെ അടിസ്ഥാനത്തിൽ ദൃശ്യമായി പരിവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ ഭാഷയും സാഹിത്യവും പോലെ ചിന്തകളിൽ പ്രകാശം നിറയ്ക്കുന്നതിനു ദൃശ്യങ്ങൾക്ക് കഴിയും.
തിരശ്ശീലയിലെ ചലനങ്ങളെയും ശബ്ദത്തെയും ജീവിതാനുഭവങ്ങളാക്കി മാറ്റുന്നത് അതിലെ വിഷയി, വിഷയം തുടങ്ങിയ ദ്വന്ദ്വകല്പനകളാണ്. സിനിമയിലെ ദൃശ്യം വെളിപ്പെടുത്തുന്ന അർത്ഥം മറ്റു പലതിന്റെയും കൂടിച്ചേരലിൽനിന്നോ ദൃശ്യത്തിന്റെതന്നെ വ്യത്യസ്ത സംക്രമണങ്ങളിൽ നിന്നോ വായിച്ചെടുക്കാനാവും. ദൃശ്യം, ദൃശ്യബോധം, ദൃശ്യാനുഭവം എന്നിവ പലതരം പ്രമാണങ്ങളുടെ അടിസ്ഥാനത്തിലും വ്യാഖ്യാനക്ഷമമാണ്. 1915 ൽ മനശ്ശാസ്ത്രപണ്ഡിതനായ ഹ്യൂഗോ മ്യൂൺസ്റ്റർബർഗ് The Photoplay: A Psychological Study എന്ന ചലച്ചിത്രഗ്രന്ഥം രചിച്ചു. നാടകത്തിൽനിന്നും സിനിമയ്ക്കുള്ള വ്യത്യസത്തെ പഠിക്കുന്ന കൃതിയാണിത്. കാഴ്ചയും മനസ്സും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ മൂർത്തമാക്കപ്പെടുന്ന ദൃശ്യാനുഭവത്തെക്കുറിച്ച് പഠിക്കുന്നതിനാൽ മ്യൂൺസ്റ്റർബർഗിന്റെ കൃതി ചരിത്രപ്രാധാന്യമുള്ളതാണ്.
ആശയസംവേദനോപാധിയായ ഭാഷ ആശയക്കൈമാറ്റം എന്നതിലുപരി പ്രയോഗവിശേഷങ്ങളുടേയും വ്യത്യസ്ത ദർശനങ്ങളുടേയും മേളനത്താൽ സാഹിത്യ/കലാനുഭവമായിത്തീരുകയും സമൂഹത്തിൽ ഇടം നേടുകയും ചെയ്തു. മാത്രമല്ല, കാഴ്ചയെ വാക്കുകളിലേക്കു വിവർത്തനം ചെയ്യുന്നതിനുള്ള നിരവധി ഉപാധികളും വ്യാകരണങ്ങളും ഉണ്ടായി. ഭാഷയാവട്ടെ, ശീലങ്ങളുടെയും സാംസ്‌കാരികവിനിമയങ്ങളുടെയും കേന്ദ്രമായിത്തീർന്നു. ദൃശ്യാനുഭവങ്ങളെ സംഭാഷണങ്ങളിലേക്കും എഴുത്തുകളിലേക്കും പരിവർത്തിപ്പിക്കുമ്പോൾ അവ സ്വയം വാക്കുകളായിത്തീരുന്നതിനാലാണ് ദൃശ്യമാനങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്.
ഭാഷയുടെ വികാസത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കേണ്ടത് പദസമ്പത്ത്, ഘടന, അർത്ഥം എന്നിവയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെയാണ്. ഈ മാറ്റങ്ങളെ പൊതുവെ ബാഹ്യം, ആന്തരം എന്നിങ്ങനെ തിരിക്കാവുന്നതാണ്. ബാഹ്യമായ മാറ്റമെന്നുള്ളത് പ്രധാനമായും മറ്റു ഭാഷകളിൽനിന്നുള്ള കടംകൊള്ളൽ തന്നെയാണ്. ആന്തരമാറ്റങ്ങൾക്കു കാരണമാകുന്നത് സ്വനം, സ്വനിമം, പുതിയ പദനിർമ്മാണം, പദഘടകങ്ങളുടെ മിശ്രണം എന്നിവയാണ്. ഇത്തരത്തിലുള്ളവ സ്വനമാറ്റത്തിനും, വ്യാകരണഘടനയിലെ മാറ്റങ്ങൾക്കും, അർത്ഥവ്യത്യാസങ്ങൾക്കും സാധ്യത നൽകുന്നു. മറ്റു പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. സാങ്കേതികപുരോഗതിയും ഇതരഭാഷാ സ്വാധീനവും, രാഷ്ട്രീയകാരണങ്ങളും ഇവയിൽ പ്രധാനമാണ്.
പുതുമകളെ അർത്ഥപരിണാമത്തെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണിവിടെ. ഭാഷാപരവും, ചരിത്രപരവും, പാരിസ്ഥിതികവും, മനശ്ശാസ്ത്രപരവുമായ കാരണങ്ങളാണ് ഇതിനുപുറകിലുള്ളത്. സാങ്കേതികമാറ്റങ്ങളുടെ സ്വാധീനം ഭാഷയിൽ എത്രത്തോളം പ്രതിഫലിക്കുന്നു എന്നു കൂടി വിലയിരുത്തേണ്ടതുണ്ട്. ആശയവിനിമയസമ്പ്രദായങ്ങളായ റേഡിയോ, ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, പരസ്യങ്ങൾ എന്നിവയുടെയും വിനോദോപാധികളിൽപ്പെട്ട സിനിമ, സീരിയലുകൾ, നാടകങ്ങൾ എന്നിവയുടെയും മാറ്റം ഭാഷയെ ആന്തരികവും ബാഹ്യവുമായ തലത്തിൽ പരിണമിപ്പിക്കുന്നു.
ഒരു ശതാബ്ദത്തിലേറെയായി സമൂഹത്തെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ മാധ്യമമായിത്തീർന്നിരിക്കുകയാണ് സിനിമ. ചലച്ചിത്രവിനിമയയത്തിൽ ഭാഷാപരമായി സംഭവിച്ച മാറ്റങ്ങൾ പരിശോധിക്കുന്നതിന് ആവിഷ്‌കാരരീതികളിൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇവ സമൂഹവഴക്കങ്ങളിൽ അർത്ഥപരമായി വരുത്തിയിട്ടുള്ള പരിണാമങ്ങളെയാണ് ഇവിടെ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്.
രണ്ടു തരത്തിലുള്ള സമീപനങ്ങളാണ് ഇവിടെയാവശ്യം. 1. ചലച്ചിത്രഭാഷയിലെ പരിണാമങ്ങൾ 2. ഭാഷാ/സാമൂഹികപരിണാമങ്ങൾ എന്നിവയാണവ.
ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമമാണ്. ചലച്ചിത്രഭാഷയും ചലച്ചിത്രത്തിലെ ഭാഷയും വിഭിന്നമാണ്. ചലച്ചിത്രഭാഷയെന്നതു കൃത്യമായും ദൃശ്യങ്ങളെയും അവയുടെ സങ്കലനങ്ങളിൽ നിന്നുരുത്തിരിയുന്ന അർത്ഥത്തെയും പ്രതിനിധാനം ചെയ്യുന്നു. ക്യാമറയുപയോഗിച്ച് ചിത്രീകരിക്കുന്ന ഷോട്ടുകളാണ് ഇവിടെ ദൃശ്യങ്ങൾ. പ്രേക്ഷകരിലേക്ക് ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കുന്നത് ഇത്തരം ഷോട്ടുകളാണ്. രണ്ടു വ്യത്യസ്ത ഇമേജുകളിൽ നിന്ന് മൂന്നാമതൊരു അർത്ഥം പരിവർത്തിപ്പിച്ചെടുക്കാൻ കഴിയും. അതിന് മൊണ്ടാഷ് (montage) എന്നു സാങ്കേതികമായി പറയുന്നു.
ആദ്യസിനിമ മുതൽ സമകാലികസിനിമ വരെയുള്ളവ അടിസ്ഥാനമാക്കി ചലച്ചിത്രഭാഷയെ വ്യത്യസ്തതലങ്ങളിൽ വിശദീകരിക്കുന്നതിനു കഴിയും.
ദൃശ്യം/ദൃശ്യബിംബം (Image): ഒരു ഇമേജിന് ദൃശ്യം എന്ന സാധാരണ അർത്ഥമല്ല ഉള്ളത്. അത് പുതിയ ഒരർത്ഥത്തെ/ ആശയവിനിമയത്തെ സാധ്യമാക്കുന്നതായിരിക്കണം. ദൃശ്യങ്ങളെ വ്യത്യസ്ത ആംഗിളുകളിലും വലിപ്പത്തിലും ചിത്രീകരിക്കുകയാണ് ക്യാമറ ചെയ്യുന്നത്. സവിശേഷാർത്ഥത്തിലുള്ള വിനിമയത്തിലൂടെ സിനിമയെ വ്യത്യസ്തമാക്കുന്ന സാധ്യതയാണിത്.
ബിംബാവലി (Imagery): ദൃശ്യങ്ങളുടെയും വാക്കുകളുടെയും പ്രത്യക്ഷാനുഭവങ്ങളിൽനിന്ന് സ്വാംശീകരിക്കുന്നവയെ ചേർത്ത് മനസ്സിൽ/മസ്തിഷ്‌കത്തിൽ സൃഷ്ടിച്ചെടുക്കുന്നവയാണ് ഇമേജറി എന്നറിയപ്പെടുന്നത്. സന്ദർഭാനുസരണമായി അഞ്ച് ഇന്ദ്രിയങ്ങളും ഇതിൽ ഭാഗഭാക്കാവാറുണ്ട്. മാനസികമായ അനുഭവങ്ങളുടെ ആവിഷ്‌കാരമാണിത്.
ബിംബവൽക്കരണം (Imaging): ഒരു വിഷയിയുടെ പ്രതിനിധാനമോ സൃഷ്ടിയോ ഇമേജിംഗ് എന്ന പ്രക്രിയയാണ്. ഒരു ഇമേജിൽ നിന്നാണ് ഇമേജറി സൃഷ്ടിക്കുന്നത്.
ഭാവന (Imagination): ഇമേജുകളിൽനിന്ന് അർത്ഥം സൃഷ്ടിച്ചെടുക്കുന്ന മനസ്സിന്റെ പ്രക്രിയയാണ് ഇമാജിനേഷൻ. വ്യത്യസ്ത സാമൂഹികഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇവിടെ വിലയിരുത്തലുകൾ നടക്കുന്നു.
ചലച്ചിത്രഭാഷയെ അപഗ്രഥിക്കുമ്പോൾ, പ്രാഥമികമായും പരിഗണിക്കുന്നത് ഷോട്ടുകളെയാണ്. അടിസ്ഥാനപരമായി ആറുതരം ഷോട്ടുകളാണുള്ളത്. ക്യാമറ വിഷയിയെ സമീപിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ് ഷോട്ടുകൾ തരം തിരിക്കുന്നത്. അതിവിദൂരദൃശ്യം (Extreme long shot), വിദൂരദൃശ്യം (Long shot), പൂർണ്ണദൃശ്യം (Full shot), മധ്യദൃശ്യം (Medium shot), സമീപദൃശ്യം (Close-up), അതിസമീപദൃശ്യം (Tight close-up) തുടങ്ങിയവയാണവ. ക്യാമറയുടെ ആംഗിളും വളരെ പ്രധാനമാണ്. പ്രേക്ഷകന്റെ വീക്ഷണകോണിൽനിന്നുള്ള കാഴ്ചയെന്ന നിലയിലും (വിഷയികേന്ദ്രിതം), പ്രേക്ഷകന്റെ കാഴ്ച തന്നെയായിത്തീരുന്ന നിലയിലും (വിഷയകേന്ദ്രിതം) കഥാപാത്രത്തിന്റെ കാഴ്ചയെന്ന നിലയിലും (വീക്ഷണകോൺ) ക്യാമറാദൃശ്യങ്ങൾ സുപരിചിതമാണ്. പ്രധാനമായും അഞ്ചുതരത്തിലുള്ള ആംഗിളുകളാണ് കാണാൻ കഴിയുക. കണ്ണിന്റെ നേർപരിധിയിൽ വരുന്ന eye-level shots-(പ്രേക്ഷകൻ തന്റെ മുന്നിൽ സംഭവിക്കുന്ന കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയാണ് ഇതിനുള്ളത്. ഒരു സിനിമയിലെ കൂടുതൽ ദൃശ്യങ്ങളും ഈ രീതിയിലായിരിക്കും. കഥാപാത്രങ്ങളെ കാഴ്ചക്കാർക്കു തുല്യരായിട്ടാണ് ഇവിടെ സമീപിക്കുന്നത്. പക്ഷിക്കാഴ്ചയെന്നു പറയാവുന്ന bird's eye-view. - ഓരോന്നിനെയും അവയുടെ മുകളിൽ നിന്നു വിശദമായി കാണുന്ന പ്രതീതിയാണ് ഇവ നൽകുക. വിധിയെക്കുറിച്ചുള്ള ആശയവും ദൈവസങ്കല്പവും ഇവയിൽ ആരോപിതമാണ്. ഉയർന്നതല ദൃശ്യം(high-angle shot) എന്നറിയപ്പെടുന്നവ അതിവേഗതയിലുള്ള പ്രവൃത്തിയെ പതുക്കെയുള്ള ചലനത്തോടെയാണ് രേഖപ്പെടുത്തുക. ക്യാമറ താഴേയ്ക്കാണ് ടിൽറ്റുചെയ്യപ്പെടുക. താഴ്ന്നതല ദൃശ്യത്തിൽ (low-angle shot) ക്യാമറ മുകളിലേക്ക് ടിൽറ്റു ചെയ്യപ്പെടുന്നു. ഈ ചലനം അത്ഭുതകരമായ തോന്നലുകളിലേക്ക് കേന്ദ്രീകരിക്കുന്നു. വേഗത വർദ്ധിച്ചു വരുന്നു. പ്രകൃതിദൃശ്യങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ആകാശമോ മറ്റു വലിയ വിഷയങ്ങളോ പശ്ചാത്തലമാവുകയും ചെയ്യുന്നു. വിഷയം പൂർണ്ണമായും അമാനുഷമായ ഒന്നായിത്തീരുകയാണു ചെയ്യുക. നായകപരിവേഷവും സങ്കല്പനങ്ങളും കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നു. ചരിവുതല ദൃശ്യം(oblique angle) ഒരുവശത്തേക്ക് ചരിഞ്ഞുനീങ്ങുന്നതിനാൽ വസ്തു വീഴുന്നതായ രീതിയിൽ കാണപ്പെടുകയും ആകാംക്ഷ, ചലനതടസ്സം മുതലായവ തോന്നിക്കുകയും ചെയ്യുന്നു.
ശബ്ദത്തിന് സിനിമയിൽ വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. ദൃശ്യ-സങ്കലിതശബ്ദ(diegetic sound)മെന്നും ദൃശ്യ-അസങ്കലിതശബ്ദ(non-diegetic sound)മെന്നും അവയെ തിരിക്കാം. തിരയിൽ കാണുന്ന ദൃശ്യവുമായി ചേർന്നു നിൽക്കുന്ന ശബ്ദമാണ് സങ്കലിതശബ്ദം. തിരയിൽ നേരിട്ടു കാണാത്ത ദൃശ്യത്തെ സൂചിപ്പിക്കുന്ന ശബ്ദവും പശ്ചാത്തലശബ്ദവും മറ്റും അസങ്കലിതമാണ്.
ചലച്ചിത്രഭാഷയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഒന്നാണ് എഡിറ്റിംഗ്. ഷോട്ടുകളുടെ തെരഞ്ഞെടുപ്പും ആവശ്യാനുസരണമുള്ള കൂട്ടിച്ചേർക്കലുമാണിവിടെ നടക്കുന്നത്.
മാധ്യമസാക്ഷരതയെക്കുറിച്ച് ധാരണയുള്ള പ്രേക്ഷകൻ തീയേറ്ററിലെ ഇരുട്ടിലേക്ക് കടന്നുവരുമ്പോഴാണ് മേൽപ്പറഞ്ഞ രീതിയിൽ വിന്യസിക്കപ്പെട്ട ചിത്രങ്ങളും ശബ്ദവും അർത്ഥദ്യോതകമാകുന്നത്. അതുകൊണ്ടുതന്നെ സ്ഥല-കാലസങ്കല്പങ്ങൾക്കും പ്രസക്തിയുണ്ടകുന്നു. കാലാനുസൃതമായി സിനിമയുടെ ഭാഷയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭാഷയിലും സംസ്‌കാരത്തിലും വിവിധങ്ങളായ ധാരാളം ചിഹ്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.
സൂചകവും സൂചിതവും ചേർന്നതാണ് ഒരു ചിഹ്നം. ഫെർഡിനാന്റ് ഡി സൊസൂർ ഇതു വിശദീകരിക്കുന്നു. ചുവന്ന ട്രാഫിക് മുന്നറിയിപ്പ് വാഹനം നിർത്തുന്നതിനുവേണ്ടിയുള്ളതാണ്. എന്നാൽ വാഹനം നിർത്തുകയെന്ന കാര്യം അവിടെ വിശദീകരിക്കുന്നില്ല. നിരന്തരമായ പരിചയത്തിന്റെ പേരിൽ അത് മനസ്സിലാക്കപ്പെടുകയാണ്. പക്ഷെ, അവൻ ചുവപ്പു കാണിച്ചു എന്നുപ്രയോഗിക്കുന്നിടത്തും സാറ് ചുവപ്പുകൊടി കാണിച്ചാലും ഞാൻ അതു പൂർത്തിയാക്കും എന്നു പറയുന്നിടത്തും ചിഹ്നം ഭാഷാപ്രയോഗമെന്ന നിലയിൽ പുതിയ അർത്ഥരൂപത്തിലേക്ക് വരികയാണു ചെയ്യുന്നത്. സിനിമയുടെ ഭാഷയും ഈ രീതിയിൽ വ്യത്യസ്ത അർത്ഥങ്ങൾ കാണിക്കുകയും ഭാഷയെയും സംസ്‌കാരത്തെയും ചിന്തകളെയും വരെ സ്വാധീനിക്കുകയും ചെയ്യുന്നു.
ഏറ്റവും വേഗതയിൽ ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന മാധ്യമമാണ് പരസ്യചിത്രങ്ങൾ. ഇവ പരിശോധിക്കുകയാണെങ്കിൽ ദൃശ്യഭാഷയുടെ തന്ത്രപരമായ ഉപയോഗപ്പെടുത്തൽ പഠിക്കാനാവും. ഇതേ തന്ത്രങ്ങൾ തന്നെയാണ് സിനിമയും കാഴ്ചവെയ്ക്കുന്നത്. ഇതേ ദൃശ്യസൗന്ദര്യവും സങ്കല്പനവും സാഹിത്യരചനകളിൽ പ്രത്യക്ഷമായി കാണാൻ കഴിയും. ക്യാമറയുടെ ചലനം പോലെ ദൃശ്യങ്ങളിലേക്ക് ചലിക്കുന്ന വാക്കുകളുടെ നിർമ്മിതി ഭാഷയിൽ ഒട്ടേറെയുണ്ട്. സംസാരഭാഷയിൽപ്പോലും ക്യാമറയുടെ ഭാഷ കടന്നുവരികയും സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്.
ഇമേജുകൾ അവയുടെ സൗന്ദര്യാത്മകമായ അർത്ഥതലങ്ങൾക്കപ്പുറത്തേക്കു വളരുകയും ദൃശ്യഭാഷയെന്ന നിലയിൽ നിന്നും സംഭാഷണഭാഷയുടെ തലത്തിലേക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. കുളിസീൻ, ലൗസീൻ, സ്ലോമോഷൻ നടപ്പ്, ഒറ്റഷോട്ടു കണ്ടു മുതലായ സംഭാഷണരീതികൾ ഇതു വ്യക്തമാക്കുന്നു. ക്ലോസപ്പുകാണൽ, ക്ലൈമാക്‌സിലെത്തൽ, പോസു ചെയ്യൽ മുതലായ പ്രയോഗങ്ങളും ഇതോടൊപ്പം ചേർത്തുകാണാം. വാഹനഭ്രമം, ആഭരണഭ്രമം, ഫാഷൻഭ്രമം സർവോപരി ആഢംബരസങ്കല്പങ്ങൾ മുതലായ സാമൂഹികനിർമ്മിതികൾ, മതവിഭാഗങ്ങളുടെ ആചാരരീതികൾ, പ്രത്യേകഭാഷാപ്രയോഗങ്ങൾ എന്നിവയും സിനിമകൾ പ്രചരിപ്പിക്കുന്നവയാണ്. മധ്യതിരുവിതാംകൂറിന്റെ ഭാഷാപ്രയോഗങ്ങൾ, വള്ളുവനാടൻ രീതികൾ, മലപ്പുറത്തെ ഭാഷ, മുക്കുവരുടെ ഭാഷ മുതലായ ഭാഷാഭേദങ്ങളെ എടുത്തുപറയാതെയാണു സിനിമയെ സംബന്ധിച്ച് ഓരോ കാലഘട്ടവും കടന്നുപോന്നിട്ടുള്ളത്. എന്നാൽ പുതിയൊരു സാംസ്‌കാരികപരിസരത്തിൽ ഭാഷാഭേദങ്ങൾ സ്വയം പ്രചരണതന്ത്രമായി മാറുകയും കാർട്ടൂണുകളിലും, എസ്എംഎസുകളിലും സംഭാഷണങ്ങളിലും വാർത്തകളിലും കടന്നുവരികയും ചെയ്യുന്നു. ഇവയെല്ലാം ചലച്ചിത്രദൃശ്യങ്ങളും പ്രയോഗങ്ങളുമായി നിരന്തരം കടന്നുവരുന്നവയാണ്. സംഭാഷണത്തിലെ പദാവലികളിൽ ഇംഗ്ലീഷിന്റെ ആധിപത്യം ഇന്നു കൂടുതൽ പ്രകടമാണ്. ഒരു ചെറിയ കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടി അതിനെ വലിച്ചുനീട്ടി പറയുന്ന രീതി തന്നെ ഉദാഹരണം. സംക്ഷിപ്തമായി പറയുന്നതു ശരിയല്ല/ കൈയടി നേടുന്നതല്ല എന്ന തോന്നലാണിതിനു കാരണം. നായകകഥാപാത്രത്തിന്റെ താരമൂല്യത്തിനനുസൃതമായി ചേർക്കുന്ന ഇത്തരം കാര്യങ്ങളാണ് ഭാഷയിൽ പുതുമയെന്നോണം കടന്നുവരിക.
ഇമേജുകളും അവയിൽ നിന്നെത്തിച്ചേരാവുന്ന ഇമേജറികളും സങ്കല്പങ്ങളും വ്യക്തിയുടെ സങ്കല്പനങ്ങളിലും ആശയപ്രചരണശേഷിയിലും കടന്നുകയറ്റം നടത്തുന്നു. അവിടെയാണ് അർത്ഥപരമായി പുനരുത്പാദിപ്പിക്കപ്പെടുന്ന പുതിയ ഇമേജുകളും ഇമേജറികളും ഉണ്ടാകുന്നത്. ഈ പുതുമ ഭാഷയുടെ തലത്തിൽ സ്വാധീനം ചെലുത്തുന്നതോടൊപ്പം അതിനെ കൂടുതൽ ജീവസ്സുറ്റതാക്കിത്തീർക്കുകയും ചെയ്യുന്നു. ദൃശ്യഭാഷയിൽ കാണാൻ കഴിയുന്ന ചടുലത (സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, അൻവർ, നായകൻ മുതലായവ) വർത്തമാനത്തെയും സ്വാധീനിക്കുന്നതു കൊണ്ടാണ് തൃശൂരിന്റെയും (പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പുണ്യാളൻ അഗർബത്തീസ്, ജംനാ പ്യാരി) പാറശ്ശാലയുടെയും (രാജമാണിക്യം) തലശ്ശേരിയുടെയും (തട്ടത്തിൻ മറയത്ത്) പ്രയോഗവിശേഷങ്ങൾ ആഖ്യാനപാഠത്തിന്റെ കേന്ദ്രസ്ഥാനത്തു വരുന്നത്. ഇതുതന്നെയാണ് ഭാഷയും ദൃശ്യഭാഷയും തമ്മിൽ കണ്ടെത്താൻ കഴിയുന്ന ബന്ധം.
ബഷീറിന്റെയും ഒ വി വിജയന്റെയും ഉത്തമന്റെയും നാരായന്റെയും മറ്റും കൃതികൾ ഭാഷാഭേദങ്ങളിലൂടെ സാഹിത്യപാഠം സൃഷ്ടിച്ചുവെങ്കിൽ പാറശ്ശാലയിലെയും തൃശൂരിലെയും കൊണ്ടോട്ടിയിലെയും ഭാഷാഭേദങ്ങൾക്ക് പ്രചാരവേല നടത്തിയതു സിനിമകളാണ്. അതേസമയം ടെലിവിഷൻ അവതാരകരുടെ ഭാഷ വിമർശിക്കപ്പെടുകയും ചെയ്യുന്നു. വികലമായി ഭാഷയെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം കൊണ്ടുതന്നെയാണിത്. അനുകരണീയമായ ഒന്നല്ല അതെന്ന ധാരണകൊണ്ടാവണം പലപ്പോഴും അത് നിരസിക്കപ്പെടുകയും ചെയ്യുന്നു.

No comments: