Thursday, January 04, 2018

നോവലിന് സാങ്കേതികതയുടെ കാലത്തോട് സംവദിക്കുവാനുള്ളത്...

    സാങ്കേതികവിദ്യ അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. എന്നിട്ടും പ്രാകൃതമായ ധാരണകളിൽനിന്നും നവോത്ഥാനം തള്ളിക്കളഞ്ഞ പല താല്പര്യങ്ങളിൽനിന്നും മനുഷ്യൻ മുക്തി നേടിയിട്ടില്ല. ഫാസിസം അതിന്റെ കടന്നാക്രമണം ഏറ്റവും ശക്തമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ മലയാളത്തിലെ എഴുത്തിനെയും ചിന്തകളെയും മാറ്റിയെഴുതിയ രണ്ടു കൃതികൾ സാങ്കേതികതയും ആഖ്യാനരീതികളുമെന്ന നിലയിൽ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കവികൾ ക്രാന്തദർശികളാണ് എന്ന ഭാരതീയചിന്ത അന്വർത്ഥമാകട്ടെ.
   
ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന കൃതിയ്ക്കും ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കും തമ്മിൽ എന്താണ് ബന്ധം? പ്രത്യക്ഷത്തിൽ ബന്ധമൊന്നും കാണേണ്ടെങ്കിലും അന്തർധാരയായി വർത്തിക്കുന്ന സാഹിത്യത്തിലെ ഒരു വലിയ വെളിപ്പെടുത്തൽ ഇവകൾക്കു തമ്മിലുണ്ട്. ഗോവർദ്ധൻ നാടകത്തിൽനിന്നും ഇറങ്ങിവരുന്ന കഥാപാത്രമാണെങ്കിൽ ഇട്ടിക്കോര പതിനെട്ടാം കൂറ്റുകാർ എന്നറിയപ്പെടുന്ന കുന്നംകുളത്തെ കുടുംബത്തിൽ നിന്നുമാണ് വരുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന നിരീക്ഷണങ്ങളിലൊന്നായി കണക്കാക്കുന്ന ട്രാൻസ്‌റിയലിസവുമായിട്ടാണ് ഇവയ്ക്കു ചാർച്ച.
    എന്താണ് ട്രാൻസ്‌റിയലിസം അഥവാ പരിവർത്തനവാദം? പതിനൊന്നായിരം വോൾട്ടുള്ള കറണ്ടിനെ ഇരുനൂറ്റിമുപ്പതു വോൾട്ടാക്കി മാറ്റുന്ന ട്രാൻസ്‌ഫോർമർ ഒളിച്ചുനിർത്തുന്ന ഒരു യാഥാർത്ഥ്യമുണ്ട്. അതിൽ 11000 വോൾട്ട് വെറും 230 ആക്കി മാറ്റുകയെന്ന ജോലി ചെയ്തുകഴിയുന്നതോടെ
കറണ്ട് ഇലക്ട്രിക് ഉപകരണങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച പരുവത്തിലേക്ക് മാറ്റപ്പെടുകയാണ്. രൂപാന്തരം എന്നതിലപ്പുറം ഊർജ്ജത്തിന്റെ കൂടിയ അളവിലുള്ള ലഭ്യതയെ പരിഗണിക്കാതെ ആവശ്യത്തെ മാത്രം പരിഗണിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ പ്രത്യേകതയെത്തന്നെയാണ് ട്രാൻസ്‌റിയലിസവും ഉപയോഗപ്പെടുത്തുന്നത്. എത്രമാത്രം ശേഷിയുണ്ടെങ്കിലും ഉപയോഗത്തെ ക്രമപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. സയൻസ് ഫിക്ഷനുകളുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്ന ട്രാൻസ്‌റിയലിസം, സയൻസെന്നതിലപ്പുറം ചരിത്രത്തെയും സാമൂഹികയാഥാർത്ഥ്യങ്ങളെയും ഉൾക്കൊള്ളുന്നു എന്നിടത്താണ് നോവൽസാഹിത്യത്തിലെ പ്രബലങ്ങളായ കൃതികളെ ഇതുമായി കൂട്ടിവായിക്കാനാവുന്നത്.
    ആധുനികതയുടെ കടന്നുവരവിനുശേഷം മലയാളത്തിൽ രചിക്കപ്പെട്ട പ്രമുഖ നോവലുകളിലെല്ലാം തന്നെ ഈയൊരംശം ഏറിയും കുറഞ്ഞും കാണാനാവും. സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തലിലൂടെ കൃതികളെ അസാധാരണമായ രീതിയിൽ ക്രമീകരിക്കാൻ ശ്രമിക്കുന്നിടത്താണ് ട്രാൻസ്‌റിയലിസം എന്ന കാഴ്ചപ്പാട് പ്രത്യക്ഷപ്പെടുന്നത്. ഹാരി പോട്ടർ പോലുള്ള കൃതികൾ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ രസിപ്പിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യവുമായി അതിനുള്ള ബന്ധം വളരെ കുറവാണ്. കൃതികളിൽ പരാമർശിക്കപ്പെടുന്ന യഥാർത്ഥ ചിത്രത്തെ അടിസ്ഥാനമാക്കി ഒരുപക്ഷേ ചരിത്രത്തെത്തന്നെ പുനർവായനയ്ക്കു വിധേയമാക്കുകയാണ് ട്രാൻസ്‌റിയലിസ്റ്റു വിഭാഗത്തിലുള്ള കൃതികൾ ചെയ്യുന്നതെന്ന് സാമാന്യമായി പറയാനാവും.
   
ചരിത്രത്തിലെ ശരികളെ അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ടെന്നും കേട്ടുകേൾവികൾ പലതും യാഥാർത്ഥ്യമല്ലെന്നും നമുക്കറിയാം. എന്നാൽ പല ഗൂഢപദ്ധതികളെയും ചെറുക്കാനോ തകർക്കാനോ ഭയപ്പെടുന്നതു കൊണ്ടാണ് പലപ്പോഴും സത്യം വിളിച്ചു പറയാൻ ആളുകൾ മടിക്കുന്നത്. നിരന്തരമായ അന്വേഷണവും ഗവേഷണവും ചരിത്രവസ്തുതകളിലെ യാഥാർത്ഥ്യത്തെ കണ്ടെത്തുന്നതിന് വേണ്ടിവരും എന്നതുകൊണ്ടും ആളുകൾ മാറിനില്ക്കുന്നു. യാഥാർത്ഥ്യവും അറിവും തമ്മിൽ വളരെ വലിയ അന്തരമുണ്ട്. വസ്തുതകളെ ലഭ്യമായ തെളിവുകൾക്കനുസരിച്ച് അതേപടി സ്വീകരിക്കുന്നതിനു പകരം ഓരോരുത്തരുടെയും മാനസികനിലവാരത്തിനും അറിവിനും അനുസരിച്ച് കാണാനാണ് എല്ലാവരും തയ്യാറാകുന്നത്. കടുത്ത യാഥാർത്ഥ്യങ്ങളെ മൂടിവയ്ക്കുകയും ചരിത്രസംഭവങ്ങളെ തമസ്‌കരിക്കുകയും ചെയ്യുന്നത് ചില അജണ്ടകളുടെ ഭാഗമായിട്ടാണ്. പാഠപുസ്തകത്തിലെ പരാമർശങ്ങളുടെ പേരിൽ എത്രയെങ്കിലും വെല്ലുവിളികൾ മതമൗലികവാദികളിൽനിന്നും ഉണ്ടായിട്ടുണ്ട്. വസ്തുതകൾ അതായിരിക്കെ അതിനെ അംഗീകരിക്കാനുള്ള മടിയും നിലനില്ക്കുന്ന വ്യവസ്ഥകളിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന ഭയവും തല്പരകക്ഷികളിൽനിന്നുണ്ടാകുന്നു.
    നോവലുകളുടെ ചരിത്രാന്വേഷണത്തിൽ സംഭവിക്കുന്നത് ഇതല്ല. അവ കഥ പറയുന്നതിനുള്ള  സിദ്ധിയെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ചരിത്രസംഭവങ്ങളെ കൂട്ടുപിടിച്ച് ഭാവനയ്ക്കു നിറം ചേർക്കുന്ന സവിശേഷപദ്ധതിയാണത്. മലയാളത്തിലെ ആദ്യത്തെ ചരിത്രനോവലെന്നു ഖ്യാതി കേട്ട മാർത്താണ്ഡവർമ്മയിൽത്തന്നെ ഇതു കണ്ടതാണ്. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും അതിലെ സംഭവങ്ങളുമെല്ലാംതന്നെ യാഥാർത്ഥ്യങ്ങളോടു ചേരുന്നതും എന്നാൽ അവയല്ലാതായിത്തീരുന്നതും ഈ നോവലിന്റെ വിശദമായ അന്വേഷണത്തിൽ വ്യക്തമാണ്. വളരെ സുപ്രസിദ്ധരായ കഥാപാത്രങ്ങൾവരെ ഇതിൽനിന്നു മാറി നില്ക്കുന്നില്ല.
    ഒരു ആഖ്യാനഘടന ദീക്ഷിക്കേണ്ടതിനാലും അതിനനുസരിച്ച് കഥാപാത്രങ്ങളെ സംഭവങ്ങളിലൂടെ വികസിപ്പിക്കേണ്ടതിനാലും നോവലിൽ ധാരാളം പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്തേ മതിയാകൂ. ആകാംക്ഷയുണ്ടാക്കുക എന്ന മർമ്മത്തെ കഥപറച്ചിൽ സ്വീകരിക്കുന്നതിനാൽ കഥാപാത്രങ്ങളുടെ സവിശേഷമായ വിന്യാസമാണ് സാധ്യമാക്കുന്നത്. ചരിത്രം പലപ്പോഴും ഇവിടെ വഴിമാറി സഞ്ചരിക്കും. വസ്തുതകൾ നിലനില്ക്കുകയും ചെയ്യും.

    കല്ലുവിന്റെ മതിലു വീണ് പരാതിക്കാരന്റെ ആടു ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും ഭിശ്തിയ്ക്ക് വലിയ മസ്‌ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടു വിറ്റ ആട്ടിടയനെയും അയാൾ അതിനെ വില്ക്കുന്ന സമയത്ത് ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാൻ ചൗപട് രാജാവ് വിധിക്കുന്നു. ഒടുക്കം തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തിൽ കടക്കാത്തതിനാൽ കഴുവിലേറ്റാൻ പാകത്തിനുള്ള ആളെയാണ് കണ്ടെത്തേണ്ടിയിരുന്നത്. അങ്ങനെ കണ്ടെത്തിയ ആളാണ് ഗോവർദ്ധൻ; ഗോവർദ്ധന്റെ യാത്രകളിലെ പ്രധാന കഥാപാത്രം. ഈ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെടുന്നത്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ അന്ധേർ നഗരി ചൗപട് രാജ എന്ന നാടകത്തെ അധികരിച്ചാണ് ഈ നോവൽ എഴുതിയിട്ടുള്ളത്. ഒരു നൂറ്റാണ്ടിനുമുമ്പ് എഴുതപ്പെട്ട ഈ നാടകത്തിൽനിന്ന് ഗോവർദ്ധൻ എന്ന കഥാപാത്രം ഇറങ്ങി നടക്കുകയാണ്. നിരപരാധിയെങ്കിലും ശിക്ഷ വിധിക്കപ്പെട്ട ഗോവർദ്ധൻ. ഗോവർദ്ധന്റെ മുമ്പിൽ അനന്തവിസ്തൃതമായ കാലമാണുള്ളത്. എല്ലാ കാലത്തെയും ആളുകൾ, കഥാപാത്രങ്ങൾ എന്നിവരെ അയാൾ കണ്ടുമുട്ടുന്നു. കഴുത്തിനു പാകമായവരെ തേടുന്ന ആരാച്ചാരന്മാരെയാണ് അയാൾ എല്ലാക്കാലത്തും കണ്ടത്. ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ, ചരിത്രത്തിലെ കാണാപ്പുറങ്ങൾ, തമസ്‌കരിക്കപ്പെട്ട ജന്മങ്ങളെക്കുറിച്ചുള്ള ചിന്തകൾ തുടങ്ങിയവ അസാധാരണമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നോവലിൽ കടന്നുവരുന്നു.

    എല്ലാത്തരം കലകളുടെയും സകല സാധ്യതകളെയും നോവൽ ഉപയോഗപ്പെടുത്തുന്നതിനാൽ അതിന്റെ വ്യവഹാരലോകം കൃത്യമായ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നില്ല. നിരന്തരം നടക്കുന്ന പരീക്ഷണങ്ങളും പുതുമകളും നോവലിനെ സവിശേഷ ആഖ്യാനഘടനയാക്കുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ നാടകത്തിന്റെ പശ്ചാത്തലം നോവലിന് ഉപയുക്തമാകുന്നത് അതുകൊണ്ടാണ്. സ്ഥാനാന്തരണം ചെയ്യപ്പെടുന്ന കഥാപാത്രവും അതിന് മറ്റു സംഭവങ്ങളുമായി ഉണ്ടായിത്തീരുന്ന ചാർച്ചകളും പുതിയ ലോകക്രമത്തിലേക്ക് ചുവടുവയ്ക്കുന്ന മനുഷ്യൻ ഏൽപ്പിക്കുന്ന സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികആഘാതങ്ങളെ നോക്കിക്കാണാൻ മടിക്കുന്നില്ല. ശരിയായ തീരുമാനമെടുക്കുന്നതിലും അതു വ്യാഖ്യാനിക്കുന്നതിലും മനുഷ്യന് നഷ്ടപ്പെട്ട ബോധത്തെയാണ് ഇവിടെ വിചാരണ ചെയ്യുന്നത്. നീതി നടപ്പാക്കുന്നത് മനുഷ്യനു വേണ്ടിയല്ലാതായിത്തീരുന്ന കാലത്തെ വിമർശിക്കാൻ ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ ഗോവർദ്ധന്റെ യാത്രകൾക്കു കഴിഞ്ഞത് അതിന്റെ ട്രാൻസ്‌റിയലിസ്റ്റിക് സ്വഭാവം കൊണ്ടുതന്നെയാണ്. വ്യാസനും വിഘ്‌നേശ്വരനും എന്ന കൃതിയെ ഇവിടെ മാറ്റിനിർത്തേണ്ടതില്ല. എങ്കിലും ഗോവർദ്ധൻ സഞ്ചരിക്കുന്ന പാതയേക്കാൾ അയാളെ സന്ദർശിക്കുന്ന ചരിത്രത്തെയാണ് പുനരന്വേഷണങ്ങളിലേറെയും കാണാനാവുക എന്നതുകൊണ്ട് വളരെ സ്വാഭാവികമായി വസ്തുതകളെ വിശകലനം ചെയ്യാനും വിലയിരുത്താനും നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നു കാണാം.
    അന്യായമായ വിധിയിൽ നിന്ന് രക്ഷ തേടി ഇരുളിന്റെ മറവിലാണ് ഗോവർദ്ധൻ തടവറയിൽനിന്നു പുറത്തേക്കു കടക്കുന്നത്. ആരാച്ചാരുടെ കുടുക്കിന് പാകമായ കഴുത്ത് തന്റേതായിത്തീർന്നതിലെ വൈരുദ്ധ്യത്തെയും വർത്തമാനകാലത്തെ എണ്ണമറ്റ സംഭവങ്ങളെയും ഇവിടെ കൂട്ടിവായിക്കാനാവും. കൊല്ലപ്പെടുന്നവരേറെയും ന്യായവിധികൾക്ക് പാകമായിത്തീരുന്നത് മറ്റു ചില കാരണങ്ങൾ കൊണ്ടാണെന്ന് ഓർമ്മിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ദേശീയതയെന്ന വികാരത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അതുമാത്രമാണ് രാജ്യത്തിന് സഹജമായതെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്. അവിടെ ഗോവർദ്ധനെപ്പോലെ നിരവധിപ്പേരുണ്ടെന്ന് മനസ്സിലാക്കിയേ തീരൂ. ഇല്ലാതാക്കുന്ന ഓരോ ശബ്ദവും ചരിത്രത്തിൽ ഇടംപിടിക്കുകയും നിരവധി ചരിത്രങ്ങളെ കൂട്ടിക്കെട്ടുകയും ചെയ്യുമെന്നതിൽ തർക്കമില്ല. ഈ സത്യത്തെയാണ് നോവൽ വെളിപ്പെടുത്തുന്നത്.
    പാതിരാത്രിയിൽ ആളില്ലാവിമാനങ്ങൾ പറക്കുകയും നഗരപ്രാന്തങ്ങളിൽ വസിക്കുന്നവരുടെയിടയിൽ അഗ്നി വർഷിക്കുന്നതും ഗോവർദ്ധൻ കാണുന്നു. ഓരോ കാലത്തും അധികാരം അതിന്റെ സ്ഥാനമുറപ്പിക്കാൻ കടന്നുവരുന്നതും കൊള്ളയും കൊലയും നടത്തുന്നതും ഗോവർദ്ധൻ വീണ്ടും വീണ്ടും കണ്ടു. സ്വാതന്ത്ര്യാനന്തരം വെടിയുണ്ടയേറ്റു വീണ മഹാത്മാവിന്റെ തുടർച്ചകൾ ഗോവർദ്ധൻ കാണുന്നു. അത് അധികാരത്തിനും ആസക്തികൾക്കും വേണ്ടി ഗോവർദ്ധനെപ്പോലെയുള്ളവരെ നിയോഗിക്കുകയും ദയവില്ലാതെ കൊന്നൊടുക്കുകയുമാണെന്ന് വായനയിൽ തിരിച്ചറിയാനാവുന്നു. എതിർശബ്ദങ്ങളെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങൾ സമകാലികലോകത്ത് കണ്ടുകൊണ്ടിരിക്കുകയുമാണ്. ഇത്തരത്തിൽ ചരിത്രവസ്തുതകളെയാണ് കഥയിലൂടെ കൂട്ടിയിണക്കുകയും അതിന്റെ സാർവകാലികത വെളിപ്പെടുത്തുകയുമാണ് നോവലിൽ ചെയ്യുന്നത്.
    ചരിത്രവും വർത്തമാനവും ഐതിഹ്യങ്ങളും ഭാവനയും കൂടിക്കലർന്നു വരുന്നിടത്ത് പൂർണ്ണമാകുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര. പേരിൽത്തന്നെ സൂചിപ്പിക്കപ്പെടുന്ന കേരളത്തത്തിന്റെ പ്രഖ്യാപനം പലതരം ചരിത്രവസ്തുതകളുടെയും സവിശേഷാവതരണത്തിലൂടെ പിന്നീട് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയുടെ വർത്തമാനകാലത്തെ നേരിട്ട് ഉപയോഗിക്കുകയും അതിൽനിന്ന് ഭൂതകാലത്തെക്കുറിച്ചുള്ള തരളമായതോ വന്യമായതോ ആയ ഓർമ്മകളിലേക്ക് കടക്കുകയുമാണ് നോവൽ ചെയ്യുന്നത്. ആഖ്യാനഘടനയിൽ കൃത്യമായി ഇഴചേർത്ത ഘടകങ്ങളുണ്ട്. അത് സ്വാഭാവികത നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, നോവലിനെ പാരായണക്ഷമമുള്ളതാക്കിത്തീർക്കുന്നു. ഗോവർദ്ധന്റെ യാത്രകളിൽ കാണാനാവുന്ന സുതാര്യത വേൾഡ് വൈഡ് വെബിന്റെ ലോകത്തെ സുതാര്യതയോട് ചേരുന്നില്ല. ആദ്യത്തേത് കഥയുടെ ഒഴുക്കിനനുസരിച്ച് വികസിക്കപ്പെടുന്നതാണെങ്കിൽ, രണ്ടാമത്തേത് സംഭവങ്ങളെ ഉൾക്കൊള്ളിക്കേണ്ടതിനെക്കുറിച്ചുള്ള ബോധത്തിൽനിന്നാണ് രൂപപ്പെടുന്നത്. ട്രാൻസ്‌റിയലിസത്തിന്റെ കൃത്യമായ ഇടപെടൽ ഇട്ടിക്കോരയിലുണ്ട്. കഥാപാത്രങ്ങൾ തന്നെ പരിണാമങ്ങൾക്കു വിധേയരാകുന്നവരാണ്, ഓരോ ഘട്ടത്തിലും. വിവിധ രാജ്യങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയൂം വിവരവിനിമയവിദ്യ കടന്നുചെല്ലുമ്പോൾ ഇട്ടിക്കോരയെന്ന രൂപകത്തെ രൂപഭേദം കൂടാതെ നിലനിർത്താൻ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുണ്ട്. ഇട്ടിക്കോരയെന്ന സൂചന ആദ്യന്തം ഒരു മിത്തിക്കൽ അനുഭവമായി നിലനിർത്തുകയും അതിന്റെ വേരുകളിലും കർതൃത്വത്തിലും അടിമ-ഉടമ ബന്ധങ്ങളെ തൊട്ടെടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. പരിവർത്തനവാദത്തിന് ഇതിൽപ്പരം മികച്ച ഉദാഹരണങ്ങൾ വേറെ കണ്ടെത്തേണ്ടതില്ല. നോവലെന്ന അനുഭവത്തെ പുതിയതായി പറയാൻ പോകുന്ന ചിലതായിത്തീർക്കുകയാണിവിടെ.
    കച്ചവടമാണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ ആത്യന്തികലക്ഷ്യം. ലോകത്തുള്ള എന്തിനെയും കച്ചവടച്ചരക്കാക്കി മാറ്റാൻ ഇയാൾക്കാവും. പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന കുന്നംകുളത്തുകാരൻ ഇട്ടിക്കോരയെക്കുറിച്ചറിയാൻ അയാളുടെ അനന്തരതലമുറയിൽപ്പെട്ട നരഭോജിയായ ഒരാൾ ശ്രമിക്കുകയാണ്. വിചിത്രമായ ധാരണകളുള്ള, ലോകസഞ്ചാരിയായ ഇട്ടിക്കോരയുടെ തികച്ചും അവിശ്വസനീയമായ സങ്കല്പങ്ങളെയും അയാളെ പിന്തുടർന്നുപോരുന്നവർ പുലർത്തുന്ന ആചാരങ്ങളെയും നോവൽ പരിചയപ്പെടുത്തുന്നുണ്ട്. ഗണിതശാസ്ത്രത്തിലെ അപൂർവ്വങ്ങളായ കണ്ടെത്തലുകൾ പലതും ഗ്രീസിലും മറ്റും എത്തിച്ചേർന്നിട്ടുണ്ട് എന്ന ചരിത്രവസ്തുതയെ കൂട്ടുപിടിച്ച് ഇട്ടിക്കോരയെ അതിലേക്ക്  എത്തിക്കുകയാണ്. വ്യാപാരിയായ ഇട്ടിക്കോര ഗണിതം പഠിക്കാനായി ഗ്രീസിലെത്തുന്നു. പ്രാചീന ഗണിതശാസ്ത്രജ്ഞയും അധ്യാപികയുമായ അലക്‌സാണ്ട്രിയയിലെ തിയോണിന്റെ മകൾ ഹൈപേഷ്യയുടെ ഗണിതസിദ്ധാന്തങ്ങളിൽ ആകൃഷ്ടനാകുന്നു. മെഗാബൈറ്റുകളുടെയും ടെറാബൈറ്റുകളുടെയും പുതിയ ലോകത്ത് ഗണിതത്തിനുള്ള പ്രാധാന്യത്തെ ഇതിനോട് ചേർത്തുവായിക്കാൻ എളുപ്പമാണ്. പുരുഷാധിപത്യത്തെ വെല്ലുവിളിച്ച ഹൈപേഷ്യയുടെ ഗണിതസിദ്ധാന്തങ്ങൾ കേരളത്തിലെത്തിച്ചത് ഇട്ടിക്കോരയത്രേ.  പതിനെട്ടാംകൂറ്റുകാരുടെ കുടുംബചരിത്രത്തിൽ പുറമേക്കറിയാത്ത പലതുമുണ്ടെന്നും അവയൊന്നും വെളിപ്പെടുത്താനാവില്ലെന്നുമുള്ള വിശ്വാസത്തെയും നോവൽ ആദ്യന്തം നിലനിർത്തുന്നു. നരഭോജിയെ ആകർഷിക്കാൻ ശ്രമിക്കുന്ന സ്ത്രീകളും സാഖ്യക്രമത്തെ ആശ്രയിക്കുന്നു. അവരുടെ പേരുപോലും ഗണിതവുമായി ബന്ധപ്പെട്ടതാണ്. രേഖ, ബിന്ദു, രശ്മി എന്നിവർ. കേട്ടുകേൾവികളേക്കാളേറെ നുണക്കഥകളാണ് ചരിത്രമായിത്തീരുന്നത് എന്ന യാഥാർത്ഥ്യത്തെ സാങ്കല്പികമായ ലോകത്ത് വികസിപ്പിച്ചെടുക്കുകയാണ് രാമകൃഷ്ണൻ ചെയ്യുന്നത്.
    മൗസ് ക്ലിക്കുകളിൽ ലോകത്തെ ചേർത്തുനിർത്തുന്ന പുതിയ കാലത്ത് നോവലെന്ന സങ്കല്പത്തിന് പുതിയൊരു ദൗത്യം നിർവഹിക്കാനുണ്ടെന്ന് ഉറപ്പിക്കുകയാണ് എഴുത്തുകാരൻ. സൈബർലോകത്തെ വിഭ്രമാത്മകചിന്തകളുടെ ഇടമെന്നാണ് വിശേഷിപ്പിച്ചു കണ്ടിട്ടുളളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അച്ചടിവിദ്യയെയും ദൃശ്യമാധ്യമങ്ങളെയും കടത്തിവെട്ടി സൈബർരംഗം അധീശത്വം പ്രാപിക്കുന്നിടത്താണ് ഈ നോവൽ അതിനെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രത്തിലേക്ക് തിരിഞ്ഞുനില്ക്കുന്നത്. പി.കെ. രാജശേഖരൻ സൈബർകഥകളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: യന്ത്രവും മനുഷ്യചേതനയും അഭിമുഖമായി നിൽക്കുന്ന പുതിയ ഇലക്‌ട്രോണിക് സാങ്കേതികവിദ്യ ഉയർത്തുന്ന വിനിമയാന്തരീക്ഷം ഇപ്പോൾ സാഹിത്യഭാവനയുടെ ഉറവിടങ്ങളിലൊന്നാണ്. നോവലിലും, ചെറുകഥയിലും അത് പുതിയ ഭാവനാകാശങ്ങൾ നിർമ്മിക്കുന്നു. ഉത്തരാധുനിക ജീവിതാവസ്ഥയുടെ ഭാഗമായ വിവരസാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന പുതിയ എഴുത്തിനെ സൈബർകഥയെന്നു വിശേഷിപ്പിക്കാം. ഇവിടെ ഇത് സൈബർ എഴുത്തല്ലെങ്കിലും അതിന്റെ അടിസ്ഥാനമായി നില്ക്കുന്നത് സൈബർ ലോകത്തെ മാറ്റങ്ങളൊക്കെത്തന്നെ. നവമാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത പുതിയ വിനിമയാന്തരീക്ഷത്തെ പ്രയോജനപ്പെടുത്തുക കൂടിയാണ് ഇട്ടിക്കോര ചെയ്യുന്നത്. ഗോവർദ്ധനിലാവട്ടെ, അത്തരമൊരു പശ്ചാത്തലത്തിന് ഇടമില്ല. നോവൽ രചിക്കപ്പെട്ട കാലത്തേക്കാൾ ചരിത്രത്തെ അവതരിപ്പിക്കുന്നതിലെ സൂക്ഷ്മതയാണ് നോവൽഘടനയിലേക്ക് മറ്റൊരു മാധ്യമത്തെ കടത്തിവിടാത്തത്.
    ചുവന്നു തുടുത്ത ഇറാഖി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള തന്റെ താല്പര്യം വെളിപ്പെടുത്തുന്ന സേവ്യർ ഇട്ടിക്കോരയിൽ നിന്ന് നോവലിന്റെ മറ്റൊരു തലം വ്യക്തമാകുന്നു. ഇറാഖിലെ യുദ്ധഭൂമിയിൽ കഴിഞ്ഞ ഇട്ടിക്കോര എന്ന അമേരിക്കൻ സൈനികന് ഇറാഖി പെൺകുട്ടിയെ ഭോഗിച്ചതോടെ നഷ്ടമായത് ലൈംഗികതയാണ്. ആർട്ട് ഓഫ് ലൗ മേക്കിംഗ് നടത്തുന്ന സൈറ്റിലെത്തിയ അയാൾ ചാറ്റിംഗിലൂടെയാണ് ഈ കഥ പറയുന്നത്. ഗൂഗിൽ സെർച്ചിന്റെ അന്വേഷണക്രമം വിശദമാക്കിയിട്ടുണ്ട് എന്നതൊഴിച്ചാൽ നോവൽ അതിന്റെ ലക്ഷ്യത്തിലേക്ക് വികസിക്കുക മാത്രമാണ്. ചരിത്രവസ്തുതകളിലേക്ക് എത്താനുള്ള ശ്രമം ചരിത്രപുസ്തകങ്ങളിലൂടെയല്ല, മറിച്ച് അതേക്കുറിച്ചുള്ള വ്യക്തിപരമായ ധാരണകളിലൂടെയാണ് വികസിപ്പിക്കുന്നത്. ആനന്ദിന്റെ കൃതി ഇതിൽനിന്നു വ്യത്യസ്തമാണ്. അവിടെ ചരിത്രത്തിലേക്ക് ഇറങ്ങി നടക്കുകയാണ് കഥാപാത്രം. ഓരോ ചരിത്രമുഹൂർത്തങ്ങളിലൂടെയും അത് സഞ്ചരിക്കുകയാണ് ചെയ്യുന്നത്.
    ഇവിടെ പ്രത്യക്ഷമായി വിലയിരുത്തേണ്ടത്, കഥ പറച്ചിലിനുപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ചു  തന്നെയാണ്. 1997-ൽ നിന്ന് 2009-ലേക്കുള്ള ദൂരത്തെ കുറച്ചുനോക്കിയാൽ സാങ്കേതികമാറ്റത്തിന്റെ ക്ഷേത്രഗണിതത്തെ വായിച്ചെടുക്കാനാവും. സംഹാരമെന്നത് എല്ലാ നൂറ്റാണ്ടുകളിലും ആവർത്തിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഹിംസാത്മകമായ കാലത്തെ കൂടുതൽ തീക്ഷ്ണമായി ആവിഷ്‌കരിച്ചത് വ്യാവസായികമായ കണ്ടെത്തലുകളാണ്. ഇതിഹാസങ്ങളും മറ്റും കൈകാര്യം ചെയ്തതും ഉപദേശിച്ചതും സാംസ്‌കാരികത്തനിമയെന്ന് വിളിച്ചുപറഞ്ഞതും സംഹാരാത്മകതയെത്തന്നെയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഭേദവും അതിലുണ്ടാകുന്ന സംഘർഷവും ആവിഷ്‌കരിക്കുക തന്നെയായിരുന്നു എല്ലാ മഹത്തായ ഇതിഹാസങ്ങളും ചെയ്തിരുന്നതും. പൂർണത്തോട് പൂർണം കൂട്ടിയാലും കുറച്ചാലും ഫലം പൂർണം തന്നെ എന്ന് ഇട്ടിക്കോരയിൽ പറഞ്ഞുവയ്ക്കുന്നുമുണ്ട്. ഗോവർദ്ധന്റെ രചനാകാലവും ഇട്ടിക്കോരയുടെ രചനാകാലവും തമ്മിൽ 12 വർഷത്തെ വ്യത്യാസമുണ്ട്. ഈ പന്ത്രണ്ടുവർഷം ജീവിതത്തെ ശരിക്കും മാറ്റിമറിച്ച ഒന്നാണ്. മൊബൈൽഫോണുകളും ഇന്റർനെറ്റും കൊണ്ടുവന്നെത്തിച്ച പുതിയ രീതികൾ അടുത്ത 8 വർഷമാകുമ്പോഴേയ്ക്കും ബ്ലൂവെയിൽ പോലെ ആത്മഹത്യ ചെയ്യിക്കുന്ന ഗെയിമുകളുടെ സംഹാരാത്മകതയിലാണ് എത്തിനില്ക്കുന്നത്.      പന്ത്രണ്ടുവർഷത്തിന്റെ കണക്കിനാവട്ടെ, അനന്തമായ കാലത്തെ അതിന്റെ സവിശേഷതകളുമായി ചേർത്ത് യുഗമെന്നു തിരിക്കുന്നതുപോലെ ചില പ്രത്യേകതകളുമുണ്ട്. നാലു നിമിഷത്തെയാണ് ഒരു ഗണിതമെന്നു പറയുന്നത്. 60 ഗണിതമത്രേ ഒരു വിനാഴിക. 60 വിനാഴിക ഒരു നാഴികയും 60 നാഴിക ഒരു ദിവസവുമാകുന്നു. ഗണിതത്തിന്റെ ഈ പ്രത്യേകത നോവലെഴുത്തിലെ സാഹചര്യങ്ങളെയും ഇടവേളകളെയും പുതിയ എഴുത്തുകളെയും ആധാരമാക്കുന്നു, ബോധപൂർവമല്ലെങ്കിലും.
    ഇന്ത്യൻ സാഹചര്യത്തെ കൃത്യമായ ധാരണകളോടെ ആനന്ദ് പഠനവിധേയമാക്കുമ്പോൾ ചരിത്രത്തിലെ കഥാപാത്രങ്ങളോരോന്നും അയാൾക്കൊപ്പം സഞ്ചരിക്കുകയാണ്. അവരുടെ വേദനകളും സംവാദങ്ങളും ഗോവർദ്ധനെ വ്യത്യസ്തനാക്കുന്നു. നൂറ്റാണ്ടുകളുടെ കണക്കുകളിലൊന്നും പെടാതെ ഗോവർദ്ധൻ തെന്നിനീങ്ങുമ്പോൾ വിഭ്രമാത്മകതയുടെ ഇടങ്ങൾ സമ്മാനിക്കുന്ന സൈബർകാലത്തിന്റെ നോവലായ ഇട്ടിക്കോര ലോകാതിർത്തികൾ കടന്നു നീങ്ങുന്നു. ലോകം മുഴുവൻ സഞ്ചരിക്കാനും വിരൽത്തുമ്പിൽ ലോകത്തെ നിയന്ത്രിക്കാനുമുള്ള സവിശേഷതയാണ് ആനന്ദിൽനിന്നു വ്യത്യസ്തമായി രാമകൃഷ്ണനെ എഴുതിക്കുന്നത്. എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം ഇരു കൃതികളിലുമുണ്ട്. ഹാർഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും തമ്മിലുള്ള വ്യത്യാസം അതിലുണ്ടെന്നു മാത്രം. ഇത്തരം വ്യത്യാസങ്ങളാണ് ട്രാൻസ്‌റിയലിസമെന്ന ശാഖയ്ക്ക് കരുത്തേകുന്നതും. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണുന്നതും അവയെ കൃത്യമായ വിലയിരുത്തലുകളോടെ അവതരിപ്പിക്കുന്നതും സാധ്യമാണെന്ന് ഇരു കൃതികളും തെളിയിക്കുന്നു.
    ഹൈപേഷ്യയെക്കുറിച്ച് നോവലിസ്റ്റ് ചില പരാമർശങ്ങൾ നടത്തുന്നത് മൈക്കലാഞ്ചലോയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. പിയത്ത ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ മനസ്സിൽ ഹൈപേഷ്യയായിരുന്നുവത്രേ. പിയത്തയിലെ കന്യാമറിയത്തെ തീരെ ചെറുപ്പവും വിശ്വസൗന്ദര്യത്തിന്റെ ഇരിപ്പിടവുമായി മൈക്കലാഞ്ചലോ സൃഷ്ടിച്ചതിനു പിന്നിൽ ഇട്ടിക്കോരയായിരുന്നു എന്നാണ് പറയപ്പെടുന്നതെന്നും 1498-ൽ പിയത്ത ചെയ്യുന്നതിനു മുമ്പ് അതേക്കുറിച്ച് ഇട്ടിക്കോരയുമായി ചർച്ച നടത്തിയിരുന്നുവെന്നും രാമകൃഷ്ണൻ വിശ്വസിപ്പിക്കുന്നു. വളരെ കൃത്യമായ ചരിത്രവിവരങ്ങളെ രേഖപ്പെടുത്തി വായനയെ വിശ്വവ്യാപിയാക്കിത്തീർക്കുകയെന്ന കഥനതന്ത്രം തന്നെയാണിത്. കഥാപശ്ചാത്തലം ആഗോളമാണ്. നൂറ്റാണ്ടുകളുടെ പിന്തുടർച്ചകളുണ്ടതിൽ. പേരില്ലാത്ത മനുഷ്യരെപ്പോലെയല്ല, പേരുള്ളവർ പേരുകളുടെ ഉറവിടവും അതിന്റെ വിശ്വസനീയചരിത്രവും രചിക്കുന്നവരായിരിക്കും. അതേറ്റുപാടുവാനും പറയുവാനും പേരില്ലാത്ത അസംഖ്യം ആളുകൾക്കാവുകയും ചെയ്യും. കഥപറയുന്നതുപോലെ അതിലെ സംഭവങ്ങൾ പറയാൻ അവർക്കിഷ്ടമാണ്. ഒന്നിനെ മറ്റൊന്നിനോടു ബന്ധിച്ചു കാണുന്ന ഈ പ്രത്യേകത ഗോവർദ്ധനിൽ ആനന്ദും ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അധികനികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിക്കാൻ ബംഗാളിലെ നെയ്ത്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞതായ സംഭവത്തെ ആനന്ദ് ചേർത്തുകാണുന്നുണ്ട്. അധികാരം ജോലിയിലെ അധീശത്വത്തെ ഇല്ലാതാക്കാൻ പ്രയോഗിക്കുന്ന രീതിയായിട്ടാണ് ഇതു വ്യാഖ്യാനിക്കപ്പെട്ടത്.
    ഒരു വ്യവഹാരരൂപീകരണമാണ് ഇവിടെ സംഭവിക്കുന്നത്. ഒരു പ്രത്യേക രീതിയിൽ വ്യവഹാരത്തെ ഉപയോഗിക്കുമ്പോൾ അതിന്റെ കർത്താവായി സ്വയം അവരോധിതനാവുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. കർതൃത്വത്തെ ഇത്തരത്തിൽ രൂപപ്പെടുത്തിയെടുക്കുമ്പോഴാണ് വ്യവഹാരത്തിന് സാധുതയുണ്ടാവുക. കൃത്യമായ അർത്ഥപരിസരത്തിൽ അത് നിലനില്ക്കുകയും ചെയ്യും. കഥാഖ്യാനത്തിൽ ഉപയോഗിക്കുന്ന ഇത്തരം ബന്ധ-വ്യത്യാസങ്ങൾക്ക് സമാനതയുണ്ടാവില്ലെങ്കിലും അവ സ്ഥിരതയുള്ളതായിരിക്കും. സ്ഥിരവും വ്യവസ്ഥാപിതവുമായ ഈ രീതിയാണ് കഥാഖ്യാനത്തെ പാരായണക്ഷമമാക്കുന്നത്. എഴുത്തുകാരന് ഇതേക്കുറിച്ച് നല്ല നിശ്ചയമുള്ളതുകൊണ്ടാണ് ചരിത്രത്തെയും വർത്തമാനത്തെയും കൂട്ടിയെഴുതാനും വിലയിരുത്താനും അയാൾ ശ്രമിക്കുന്നത്.
    സമകാലിക സാഹചര്യങ്ങളോട് ചേർത്തുവായിക്കാനാവുന്ന നോവൽ ഗോവർദ്ധന്റെ യാത്രകളാണ്. സ്വാഭാവിക സാഹചര്യവുമായി അത് അത്രമാത്രം ഇഴ ചേർന്നിരിക്കുന്നു. അധികാരം അതിന്റെ ഭ്രാന്തമായ സ്വഭാവം കാണിക്കുന്നിടത്തെല്ലാം ഗോവർദ്ധൻ ഉദ്ധരിക്കപ്പെടുന്നു. തൂക്കിലേറ്റപ്പെടുന്നവരും വെടിയേറ്റുകൊല്ലപ്പെടുന്നവരും ഗോവർദ്ധനെ ഓർമ്മിപ്പിക്കുന്നു. അസംഖ്യം ആരാച്ചാർമാർ പാകമായ കഴുത്തുകൾ അന്വേഷിക്കുന്നതായി വായനക്കാരനറിയാനാവുന്നു. എന്നാൽ ഇത്തരമൊരു സ്വാഭാവികതയിൽ നിന്നും വേറിട്ട ഒരന്തരീക്ഷസൃഷ്ടിയാണ് ഇട്ടിക്കോരയിലേത്. തികച്ചും റിയലിസ്റ്റിക്കായ സംഭവങ്ങളെന്നു തോന്നുമെങ്കിലും സംഭവങ്ങളുടെ അവതരണത്തിൽ നമ്മുടെ സ്വാഭാവിക സാഹചര്യത്തിൽനിന്നും വേറിട്ടു നില്ക്കുന്ന ചില കാര്യങ്ങളിലേക്കാണ് അതെത്തിച്ചേരുന്നത്. വർത്തമാനകാലത്തെ സംഭവങ്ങൾ കടന്നുവരുന്നുവെങ്കിലും അവയുടെ ജീവിതത്തിലേക്കുള്ള സ്വാഭാവികമായ തുടർച്ച ഇട്ടിക്കോരയിൽ കാണാൻ പ്രയാസമാണ്.
    ആനന്ദിന്റെയും രാമകൃഷ്ണന്റെയും എഴുത്തിൽ പന്ത്രണ്ടുവർഷത്തെ 'വലിയ' ഇടവേളയുണ്ട്.  ഇത് വലിയൊരു ഇടവേളയാകുന്നത് സാങ്കേതികമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. കമ്പ്യൂട്ടർ സാങ്കേതികത വെറുമൊരു ഉപകരണം മാത്രമായി നിന്നിരുന്ന കാലമായിരുന്നു ആനന്ദിന്റെ രചനയുടെ കാലം.  എന്നാൽ അതൊരു ജീവിതാവശ്യമായിത്തീർന്ന കാലത്താണ് രാമകൃഷ്ണൻ രചന നടത്തിയത്. അതുകൊണ്ടാണ് ഈ രണ്ടു കൃതികളിലെയും പരിവർത്തനയാഥാർത്ഥ്യം വേറിട്ടു നില്ക്കുന്നത്. കഥ വെറുതെ വസ്തുനിഷ്ഠമായ ചിലതിനെ അന്വേഷിക്കുകയല്ല, പരിവർത്തനസ്വഭാവമുള്ള സംഭവങ്ങളെ കൂട്ടിയിണക്കുകയാണെന്ന ബോധ്യമാണ് ഈ രണ്ടു നോവലുകളും നല്കുന്നത്. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടുവരുന്നത് എഴുതപ്പെടുന്ന കാലത്തിന്റെ മാറ്റത്തിലൂടെയും.

No comments: