ജനപ്രിയ സിനിമകള്‍ എന്ന പ്രയോഗത്തില്‍നിന്നാണ് ജനപ്രിയ നായകനുണ്ടാകുന്നത്. വളരെയധികം ആരാധകരുള്ള നായകതാരങ്ങളെ സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചാണ് പൊതുവെ സൂചിപ്പിച്ചുവരുന്നത്. എന്നാല്‍ ഇവിടെ ഒരു നായകതാരം ജനപ്രിയനെന്ന വിശേഷണത്തോടെയാണ് തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നായകതാരങ്ങള്‍ ജനപ്രിയരായിരുന്നെങ്കിലും നായകനെ ജനപ്രിയ നായകനെന്ന പേരില്‍ത്തന്നെ അടയാളപ്പെടുത്തുന്ന ഈ രീതി പുതിയതാണ്. പൊതുബോധത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ സ്വീകരിച്ചതെന്നു കരുതണം. ജനപ്രിയനായകനില്‍നിന്ന് പ്രതീക്ഷിക്കേണ്ടവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു എന്ന ഒരു മുന്‍വിധിയും ആ പ്രയോഗത്തിലുണ്ട്. ദിലീപെന്ന നടന്‍റെ മാനറിസങ്ങളും ഏറെക്കാലമായി സ്വരുക്കൂട്ടിയെടുത്ത താരപദവിയുടെ പ്രത്യേകതകളും സിനിമയില്‍ സജീവമായിരിക്കും. അങ്ങനെയെങ്കില്‍ മാത്രമേ സിനിമയ്ക്ക് വാണിജ്യവിജയം ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പിച്ചു പറയാനാവും. സിഐഡി മൂസ എന്ന സിനിമ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. ഇതൊരിക്കലും അതിലെ അവാസ്തവികതകളെ അംഗീകരിക്കാതെയല്ല; പക്ഷെ, വിനോദോപാദിയെന്ന നിലയില്‍ സിനിമയെ കാണുമ്പോള്‍ അതിന്‍റെ സാധ്യതകളെ വിജയകരമായി ഉപയോഗപ്പെടുത്താനുള്ള കഴിവിനെ അടിസ്ഥാനമാക്കിയായിരിക്കണം. ദിലീപ് ജനപ്രിയനാകുന്നത് ഇതുകൊണ്ടാണ്.
ജനപ്രിയത എന്നോ ജനകീയത എന്നോ പ്രയോഗിക്കുമ്പോള്‍ അത് തികച്ചും പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, പലപ്പോഴും പൊതുസമൂഹത്തില്‍ നെഗറ്റീവ് ആയ കാര്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. സിനിമയുടെ ജനപ്രിയതയുടെ തലമാവട്ടെ, ഇതേപോലെതന്നെ വസ്തുനിഷ്ഠമായവയ്ക്കു മാത്രമല്ല, വസ്തുതാവിരുദ്ധങ്ങളും സാമാന്യബോധത്തിന് നിരക്കാത്തതുമായ കാര്യങ്ങള്‍ക്കുകൂടി ഇടം നല്കുന്നു. കഥപറച്ചില്‍ തന്ത്രങ്ങളില്‍ ചില നീക്കുപോക്കുകള്‍ നടത്തുന്നതിലൂടെയാണ് ഇതു സാധിച്ചെടുക്കുന്നത്. സിനിമയില്‍ അസാമാന്യതകളാവാം എന്ന പൊതുബോധവും നിലനില്ക്കുന്നുണ്ട്. നായകനോ വില്ലനോ ഉയര്‍ന്നു ചാടുന്നതും കൃത്യമായി ലക്ഷ്യത്തില്‍ വീഴുന്നതും ഒരു പോറലുമേല്‍ക്കാതെ എഴുന്നേറ്റുപോകുന്നതും അസ്വാഭാവികതയാണെങ്കിലും സിനിമ നിര്‍മ്മിച്ചെടുത്തിരിക്കുന്ന പൊതുബോധത്തില്‍ അത് സ്വാഭാവികമായിത്തീരുന്നു. ഇത്തരം ബാഹ്യഘടകങ്ങളേക്കാളേറെ കഥയില്‍ ഉള്‍പ്പെടുന്ന അസ്വാഭാവികതകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ആഖ്യാനതന്ത്രത്തില്‍ ഇടപെടുന്ന സംവിധായകനും താരവും തിരക്കഥാകൃത്തും നിലനില്ക്കുന്ന രീതികളെ സ്വാംശീകരിക്കുകയും സിനിമയുടെ ദൃശ്യഭാഷയിലേക്ക് ചേര്‍ക്കുകയും ചെയ്യുമ്പോള്‍ അതിലെ വിജയ/പരാജയങ്ങള്‍ മാത്രമേ പ്രേക്ഷകന്‍ ലക്ഷ്യമാക്കുന്നുള്ളൂ. സൈക്കിളില്‍ പോകുന്ന മീശമാധവനെ സൈക്കിളില്‍ത്തന്നെ പിന്തുടരുന്ന തമിഴ് ചെക്കന്മാരെ സിനിമയില്‍ കാണാം. അതിന്‍റെ പശ്ചാത്തലം കരിങ്കല്‍ ക്വാറിയാണ്. അവിടെ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശവുമുണ്ട്. സൈക്കിളില്‍ അസാമാന്യമായ വേഗതയില്‍ മെയ്വഴക്കത്തോടെ ദിലീപ് പാഞ്ഞുപോകുന്നു. ആക്രമിക്കേണ്ടവര്‍ അതേ വേഗതയില്‍ പിന്നാലെ പായുന്നു. തമിഴ് ചെക്കന്മാരെ ഇളക്കിവിടേണ്ടതിനെക്കുറിച്ച് നേരത്തേതന്നെ നായിക(കാവ്യ മാധവന്‍) തന്‍റെ അച്ഛനോട് (ജഗതി ശ്രീകുമാര്‍) പറയുന്നതിനാല്‍ ഈ രംഗം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പ്രശ്നമെന്തെന്ന് ഉറപ്പിക്കുന്നതിന് സംശയമില്ല. നായകനാവട്ടെ, എന്തിനാണ് പിന്തുടരുന്നതെന്ന് അവരോട് ചോദിക്കേണ്ടിവരുന്നില്ല. കാര്യം പ്രേക്ഷകര്‍ക്കറിയുന്നതിനാല്‍ അത്രയും മതിയാവും. പിന്തുടരുന്നവരെ ഒന്നൊന്നായി ആക്രമിക്കുക മാത്രമാണ് ഇനി നായകനു ചെയ്യാനുള്ളത്. അതാവട്ടെ, കല്ലുകള്‍ നിറഞ്ഞ ഉറച്ച സ്ഥലത്തുനിന്നും വെള്ളത്തിലേക്കെടുത്ത് എറിയുന്ന തരത്തിലുമാണ്. വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് സംവിധായകന്‍ ഈ രംഗം വിഭാവന ചെയ്യുന്നത്. നായികയും അച്ഛനും സംഭവങ്ങള്‍ കാണാനായി കല്ലുപണിക്കാര്‍ വിശ്രമിക്കാനോ മറ്റോ കെട്ടിയുയര്‍ത്തിയ ഓലപ്പുരയിലുണ്ട്. എല്ലാവരെയും അടിച്ചു വീഴ്ത്തിയതിനുശേഷം നായകന്‍ നായികയെയും അച്ഛനെയും കാണുമ്പോള്‍ ഇതൊക്കെ നീ കോളേജില്‍ പോയി പഠിച്ചതിന്‍റെയാണോ അതോ ഈ വിത്തിന്‍റെ ഗുണം കാണിക്കുന്നതാണോ എന്നു ചോദിക്കുന്നുമുണ്ട്. ഇതിനു മറുപടിയായി നീ വലിയ ഹീറോയാണെന്നു വിചാരിക്കേണ്ട എന്നും ഞാന്‍ വില്ലനാണെടീ, നിന്‍റെ അച്ഛന്‍റെ വില്ലന്‍ എന്ന മറുപടിയുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങളില്‍ നായകന്‍, വില്ലന്‍ തുടങ്ങിയവയുണ്ടെന്ന് പ്രത്യക്ഷവല്ക്കരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
നായകന്‍ കള്ളനായതിനാല്‍ അയാളുടെ സ്വഭാവത്തിലെ നീതിബോധത്തേക്കാളേറെ, നായകസ്ഥാനത്തെയാണ് സംവിധായകന്‍ ലക്ഷ്യമാക്കുന്നത്. എത്ര ശത്രുക്കള്‍ വന്നാലും അതിനെ അതിജീവിക്കാന്‍ നായകനാവുമെന്ന് നായികയെ ബോധ്യപ്പെടുത്താനും വെറുമൊരു കള്ളനല്ല അതിലപ്പുറം ചില കാര്യങ്ങള്‍കൂടിയുണ്ട് എന്ന് ഉറപ്പിക്കാനുമാണ് ഈ രംഗം ഉപയോഗിക്കുന്നത്. അടിയും ഇടിയും നടന്നതെങ്ങനെ എന്ന് അതിശയോക്തിയോടെ വിവരിക്കാനുള്ള അവസരം കൊച്ചിന്‍ഹനീഫയുടെ കഴുത്തുളുക്കിയ കഥാപാത്രത്തിന് നല്കാതിരിക്കുക കൂടിയാണ് ഈ അവസരത്തില്‍ സംവിധായകന്‍ ചെയ്യുന്നത്. അല്ലെങ്കില്‍, ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്തവര്‍ ഒരിക്കലും രംഗത്തു വരേണ്ടതില്ല. ആസൂത്രിതമായ ഈ വരവ് ദിലീപിന് നായികയോടുള്ള തന്‍റെ പ്രതികാരബുദ്ധി ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം നല്കുന്നതിനും അവരുടെ മുന്നില്‍ അസാമാന്യമായ ധീരത വെളിപ്പെടുത്തുന്നതിനും വേണ്ടിക്കൂടിയാണ്. ഇവിടെയാണ് ജനപ്രിയതയുടെ സമവാക്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്ന് ഉറപ്പിച്ചു പറയാനാവും. തികഞ്ഞ സ്വാഭാവികതയോടെ പുതിയ സംഭവഗതിയിലേക്ക് കഥയെ കൊണ്ടുപോവുന്നതിനുള്ള അവസരം ഉണ്ടാക്കുകയും അതിന് അനുസരിച്ചുള്ള രംഗം പണിയുകയുമാണ് സംവിധായകന്‍. (മാധവന്‍ മീശ പിരിച്ചു നോക്കിയാല്‍ അന്നുരാത്രി ആ വീട്ടില്‍ കയറുമെന്ന് പിള്ളേച്ചന്‍ പറയുന്നു. എങ്കില്‍ അതൊന്നു കാണണമെന്നു നായികയും.) ചേക്ക് എന്ന ഗ്രാമത്തിലുള്ള ക്വാറിയിലെ പാരിസ്ഥിതികപ്രശ്നമൊന്നും കഥയിലില്ലെങ്കിലും, പ്രണയമോ, കുട്ടിക്കാലമോ, ഓര്‍മ്മകളോ, സാധാരണ സൈക്കിള്‍ യാത്രകളിലോ അവതരിപ്പിക്കുമ്പോള്‍ കാണിക്കാതിരുന്ന ഒരു സ്ഥലത്തെ സംഘട്ടനത്തിനുവേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയാണ്. കഥയുടെ സാമാന്യാന്തരീക്ഷത്തില്‍ പ്രസക്തമല്ലാത്ത ഒന്നിനെ (കഥ കൂടുതലും അമ്പലം, ഗ്രാമത്തിലെ ചുറ്റുപാടുകള്‍, വീട്, പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ്.) സംഘര്‍ഷാത്മകമായ തലത്തിലേക്ക് വളര്‍ത്താന്‍ സ്വാഭാവികമായും സാധ്യത ഉണ്ടായിരിക്കേ, തികച്ചും ഭൗതികമായ സംഘര്‍ഷം അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കഥയിലെ വിപര്യയങ്ങളില്‍നിന്ന് കണ്ടെത്തി അവതരിപ്പിക്കേണ്ട സംഘര്‍ഷത്തെ തിരസ്കരിക്കുകയോ, മാറ്റിനിര്‍ത്തുകയോ ചെയ്തുകൊണ്ട് ഭൗതികമായ സംഘര്‍ഷമുണ്ടാക്കാന്‍ തീരുമാനിക്കുകയും അതിനെ കാഴ്ചയിലേക്ക് കൊണ്ടുവരുന്ന ജനപ്രിയതയുടെ രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍ തുടങ്ങിയവ. ചിത്രകഥകളായും കാര്‍ട്ടൂണ്‍സിനിമയിലെ കഥാപാത്രങ്ങളായും വന്ന ഇവയില്‍ പലതും ഹോളിവുഡില്‍നിന്ന് സിനിമകളായി പുറത്തിറങ്ങുകയും വലിയ വാണിജ്യവിജയവും ജനപ്രീതിയും നേടിയിട്ടുമുണ്ട്. പ്രശസ്തങ്ങളായ ഇത്തരം കാര്‍ട്ടൂണ്‍കഥാപാത്രങ്ങളില്‍ ഹീമാനൊഴികെ ബാക്കിയെല്ലാം സിനിമകളായവയാണ്. കുട്ടികള്‍ക്കിടയിലെ ഈ ജനപ്രീതിയെ മുതലെടുത്തുകൊണ്ടാണ് മൂസയെന്ന കഥാപാത്രത്തിന്‍റെ ഉല്പത്തി.
പോലീസാവാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന മൂലംകുഴിയില്‍ സഹദേവന്‍ എന്ന വ്യക്തിയാണ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് രണ്ടുപേരുകളുടെയും ആദ്യാക്ഷരങ്ങള്‍ സ്വീകരിച്ച് മൂസയായിത്തീരുന്നത്. വെറും മൂസയല്ല, കഥയിലെമ്പാടും സിഐഡി മൂസയാണ്. ഒരു പ്രൈവറ്റ് ഡിറ്റക്ടീവ്. കണ്ണാടി വിശ്വനാഥന്‍ അവതരിപ്പിച്ചിട്ടുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രകഥകളിലെ സാഹസികരും അത്ഭുതയന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരുമായ ഡിറ്റക്ടീവ് കഥാപാത്രങ്ങളെപ്പോലെ മൂസയും പ്രവര്‍ത്തിക്കുകയാണ്. ഇരുമ്പുകൈ മായാവി പോലുള്ള കഥകള്‍ ഒരുകാലത്ത് ചിത്രകഥകളായിരുന്നു. ഇത്തരം കഥകളിലും മറ്റും പ്രത്യക്ഷപ്പെടുന്നവരുടെ വേഷവിധാനങ്ങളും മാനറിസങ്ങളും അനുകരിക്കുന്ന കഥാപാത്രമാണ് മൂസ. ഇതിന് മൂസയെ സഹായിക്കുന്നത് ഡിറ്റക്ടീവ് കരുണന്‍ ചന്തക്കവലയെന്ന പേരിലെത്തുന്ന അമ്മാവന്‍ ക്യാപ്റ്റന്‍ രാജുവാണ്. ഡിറ്റക്ടീവിന്‍റെ വേഷമിത്തിരി ഓവറല്ലേയെന്ന് സിനിമ തന്നെ വിമര്‍ശനമുന്നയിക്കുകയും, ശ്രദ്ധ വേണമെങ്കില്‍ കുറച്ച് ഓവറാവേണ്ടിയിരിക്കുന്നു എന്ന് ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്.
ദിലീപ് അവതരിപ്പിക്കുന്ന മൂസയെന്ന കഥാപാത്രത്തിന്‍റെ അച്ഛനും(ഒടുവില്‍ ഉണ്ണികൃഷ്ണന്‍) അളിയനും(ജഗതി ശ്രീകുമാര്‍) പോലീസുകാരാണ്. അയല്‍വാസിയായ ക്ലാസ്മേറ്റും(ഹരിശ്രീ അശോകന്‍) അയാളുടെ അച്ഛനും കള്ളന്മാരും. ദിലീപ് സ്നേഹിക്കുന്ന മീന(ഭാവന)യെന്ന പെണ്‍കുട്ടിയാവട്ടെ ഹിന്ദിക്കാരിയാണ്. ഹിന്ദിക്കാരായ വില്ലന്മാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത് അറിയാതെയാണെങ്കിലും അവളാണ്. കഥയിലെ പ്രധാനികളായ മുഖ്യമന്ത്രിയും കമ്മീഷണറും ഉള്‍പ്പെടുന്ന പ്രശ്നമേഖലയിലേക്ക് അറിയാതെ ചെന്നെത്തുന്നവരാണ് ഇവരെല്ലാം. ഇത്തരമൊരു പശ്ചത്താലത്തിലേക്കാണ് കുട്ടികളെ രസിപ്പിക്കുന്നതിനായി പോലീസ് നായയും സലീംകുമാറിന്‍റെ കഥാപാത്രവും എത്തുന്നത്. കഥയിലുടനീളം തമാശകളിലൂടെയും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെയും പുതിയ പ്രശ്നങ്ങളിലേക്കും അവയുടെ പരിഹാരങ്ങളിലേക്കും പ്രേക്ഷകന്‍ ചെന്നെത്തുകയാണ്. ഇവയെല്ലാംതന്നെ യാഥാര്‍ത്ഥത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത കാര്യങ്ങളാണ്. എന്നാല്‍ നിരവധി തവണ സാധാരണപ്രേക്ഷകരെയും അതിലേറെത്തവണ കുട്ടികളെയും ആകര്‍ഷിക്കുന്ന ഒരു രസക്കൂട്ട് ഇതിലുണ്ട്. ഈ രസക്കൂട്ടിന്‍റെ അടിസ്ഥാനം വസ്തുനിഷ്ഠമായ കഥാവതരണമെന്നതിലുപരി മനഃപൂര്‍വം ഉള്‍പ്പെടുത്തിയ ജനപ്രിയമാകേണ്ടുന്ന ചേരുവകള്‍ മാത്രമാണെന്ന് കഥ ഉറപ്പിച്ചുപറയുന്നു.
ദിലീപ് സ്വയം നിര്‍മ്മിച്ചെടുത്ത ഈ ജനപ്രിയതയെ പാടാത്ത പൈങ്കിളിയിലൂടെ മുട്ടത്തുവര്‍ക്കി തുടക്കമിട്ടുവെന്നു വിലയിരുത്തുന്ന, പൈങ്കിളിക്കഥകള്‍ എന്ന പേരില്‍ അറിയപ്പെട്ട ജനപ്രിയസാഹിത്യവുമായി ഒരുതരത്തിലും ബന്ധപ്പെടുത്താനാവില്ല. ഏകതാനമായ കഥപറച്ചില്‍രീതികളിലൂടെ സ്ഥിരം പരിസരങ്ങളെ അവതരിപ്പിക്കുന്നവയാണ് സാഹിത്യത്തിലെ പൈങ്കിളികള്‍. സാമ്പത്തികബന്ധങ്ങളും സാമൂഹികസ്ഥാനവുമാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത്. മലയാളികളെ ഒരുകാലത്ത് ഏറെ വായിപ്പിച്ചവയും ഇവതന്നെ. തികച്ചും ജനപ്രിയമായ ഇവ മൃദുലകോമളവികാരങ്ങളിലൂടെ വായനക്കാരെ രസിപ്പിച്ചുപോന്നു. ജനപ്രിയസാഹിത്യമെന്ന് ഇവയെ മാറ്റിനിര്‍ത്തുന്നതിന് സാഹിത്യരംഗം ശ്രദ്ധ പുലര്‍ത്തി. ആഴ്ചപ്പതിപ്പിന്‍റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ടെലിവിഷന്‍റെ കടന്നുവരവോടെ സീരിയലുകളിലേക്ക് കഥാപാത്രങ്ങളും എഴുത്തുകാരും കൂടുമാറിയെങ്കിലും പൈങ്കിളിത്തവും പൈങ്കിളി പരാമര്‍ശങ്ങളും വിട്ടുപോയില്ല. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍റെ പൈങ്കിളിയില്‍നിന്ന് പാടാത്ത പൈങ്കിളിയിലേക്കെത്തുമ്പോള്‍ പൈങ്കിളിക്ക് വലിയ അര്‍ത്ഥവ്യത്യാസമാണുണ്ടായത്.
മീശമാധവനിലും സിഐഡി മൂസയിലും ദിലീപിനെ ജനപ്രിയനാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. അവയ്ക്കുതമ്മില്‍ പ്രത്യക്ഷത്തില്‍ വലിയ അന്തരമുണ്ടെങ്കിലും സൂക്ഷ്മമായ വിലയിരുത്തലില്‍ ഒരേ ഏകകങ്ങളെയാണ് ഇവ ഉപയോഗിച്ചിട്ടുള്ളതെന്നു മനസ്സിലാക്കാം. കഥയുടെ പ്രമേയതലത്തില്‍ കള്ളനും പോലീസുമുണ്ട്. കള്ളത്തരങ്ങള്‍ കാണിക്കുന്ന പോലീസുകാരനും
അവ കണ്ടെത്തേണ്ടത് അനിവാര്യമായിത്തീരുന്ന കള്ളന്മാരുമുണ്ട്. രണ്ടിലും പോലീസ് കഥാപാത്രങ്ങളാണ് വില്ലന്മാര്‍. പിണക്കത്തിലൂടെയും തെറ്റിദ്ധാരണകളിലൂടെയും പ്രണയത്തിലെത്തുന്നവരാണ് നായികമാര്‍. സുകുമാരിയാണ് രണ്ടുസിനിമകളിലും ദിലീപിന്‍റെ അമ്മയെന്നതും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ പാവം പോലീസുകാരനാണെന്നതും യാദൃച്ഛികത മാത്രമാണ്. നായകനെ പല തരത്തിലും സഹായിക്കുകയും അയാളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്യേണ്ടിവരുന്ന സഹകഥാപാത്രം രണ്ടു സിനിമകളിലും ഹരിശ്രീ അശോകന്‍ തന്നെ. സിഐഡി മൂസയുടെ സംവിധായകന്‍ ജോണി ആന്‍റണിയും മീശമാധവന്‍റേത് ലാല്‍ജോസും ആയിരിക്കെ, കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഇത്തരത്തില്‍ സാദൃശ്യങ്ങള്‍ കണ്ടെത്താനാവുന്നത് ഇവ രണ്ടും ജനപ്രിയതയെയും ദിലീപ് എന്ന നായകനെയും സ്വീകരിക്കുന്നതു കൊണ്ടാണെന്ന് ഉറപ്പിച്ചുപറയാനാവും. ഇവിടെയാണ് ജനപ്രിയതയിലെ നിര്‍ദ്ദോഷമായ ദിലീപിസം വെളിപ്പെടുന്നത്.
തൊണ്ണൂറുകളില്‍ അഭിനയജീവിതം ആരംഭിച്ച ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലുടെ ശ്രദ്ധിക്കപ്പെടുന്നു. അവിടെനിന്നിങ്ങോട്ട് ഏതാണ്ട് നൂറ്റിമുപ്പതിലധികം സിനിമകളില്‍ ദിലീപ് നായകനും പ്രധാന കഥാപാത്രവുമാണ്. തന്‍റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത ഈ താരസാന്നിധ്യത്തെ മലയാളിക്ക് തിരസ്കരിക്കാനാവാത്തവിധം നിറഞ്ഞുനില്ക്കുകയാണിന്ന്. പൊതുരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ട്. നായകനടനെന്നതിലുപരി നിര്‍മ്മാതാവും ഗായകനുമായ ദിലീപ് സിനിമയുടെ ഭാഷയില്‍ ജനകീയതയുടെ താല്പര്യങ്ങളെ അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നതെങ്ങനെയെന്ന അന്വേഷണത്തില്‍ ഉപയുക്തമാവുക ഇവിടെ പരാമര്‍ശിക്കപ്പെട്ട രണ്ടു സിനിമകളാണ്. ഇവയുടെ പൊതുഭാഷയും സ്വരൂപവും ജനകീയതയുടെ തലത്തില്‍ മാത്രമായി വിലയിരുത്താനാവുന്ന മറ്റു സിനിമകളുടെയും അടിസ്ഥാനമാണ്. ഈ യാഥാര്‍ത്ഥ്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ദിലീപിനെ അടയാളപ്പെടുത്താനാവില്ല. സൂപ്പര്‍സ്റ്റാറെന്നും മെഗാസ്റ്റാറെന്നും മോഹന്‍ലാലും മമ്മൂട്ടിയും യഥാക്രമം രേഖപ്പെടുത്തപ്പെടുമ്പോള്‍ അതേനിലയില്‍ വരുന്ന ദിലീപ് ജനപ്രിയനായകനാകുന്നത് (അള്‍ട്ടിമേറ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗത്തെ മാറ്റിനിര്‍ത്തുന്നില്ല.) ഇവിടെ ചൂണ്ടിക്കാണിച്ച രണ്ടു സിനിമകളുടെ ദൃശ്യഭാഷയില്‍ സ്വീകരിച്ചിട്ടുള്ള പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്. ഇദ്ദേഹം ഈ ജനപ്രിയതയെ തന്‍റെ സിനിമകളില്‍ ഉപയോഗപ്പെടുത്തുന്നത് വളരെ സമര്‍ത്ഥമായിട്ടാണ്. ജനപ്രിയത നിര്‍മ്മിച്ചെടുക്കുന്നതിനുവേണ്ടി യോജിപ്പിക്കുന്ന ഏകകങ്ങള്‍ വസ്തുനിഷ്ഠമല്ലാതിരിക്കെത്തന്നെ സാമൂഹ്യജീവിതത്തില്‍ വെല്ലുവിളികളുണ്ടാക്കുന്നവയോ, ആരെയും വേദനിപ്പിക്കുന്നവയോ ആവാതിരിക്കാന്‍ ദിലീപ് ശ്രദ്ധിക്കുന്നുണ്ടെന്നുവേണം കരുതാന്‍.
നിയമവ്യവസ്ഥയോ ഭരണകൂടത്തെയോ വെല്ലുവിളിക്കുന്ന, അതിലെ പോരായ്മകള്‍ സാധാരണക്കാരനെ പീഡിപ്പിക്കുന്നിടത്ത് ഇടപെടുന്ന സിനിമകള്‍ ഉണ്ടെങ്കിലും അവയിലൊക്കെത്തന്നെ ജനകീയതയുടെ അംശത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ് കഥകള്‍ മുന്നോട്ടുപോകുന്നത്. ഇവിടെ, അസ്വാഭാവികതകളെ ജനപക്ഷത്തേക്ക് മാറ്റിനിര്‍ത്താനും അവയെ ഉള്‍ക്കൊള്ളുന്നതിന് പ്രേരിപ്പിക്കാനും ശ്രമിക്കുന്ന കഥാപക്ഷത്തെയാണ് ശ്രദ്ധിക്കേണ്ടത്. അവയില്‍ ദിലീപെന്ന നടന്‍റെ മാനറിസങ്ങള്‍ക്കും വാക്പ്രയോഗങ്ങള്‍ക്കും നിഷ്കളങ്കമായ ഇടപെടലുകള്‍ക്കുമാണ് ജനപ്രിയതയേറുന്നത്. വ്യക്തിപരമായി പ്രേക്ഷകര്‍ക്ക് സ്വാംശീകരിക്കാനാവുന്ന കഥാപാത്രങ്ങളാണിവ. അവരുടെ താല്പര്യങ്ങളാവട്ടെ, ഇത്തരം ആവിഷ്കാരങ്ങള്‍ കാണുന്നതോടെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും. പൊതുമണ്ഡലമെന്ന് വ്യവഹരിക്കുന്ന ഇടങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പരിമിതികളെ മറികടക്കുകയും അതില്‍ ഉള്‍പ്പെടാതെപോയ വിഭാഗങ്ങളെക്കൂടി പരിഗണിക്കുകയുമാണ് ഈ സിനിമകള്‍ ചെയ്യുന്നതെന്നു കാണാം. പൊതുമണ്ഡലത്തിനു പുറത്തായിരുന്ന സാമൂഹികവിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കഥ പറയുമ്പോള്‍ അവയിലെ ജനപ്രിയതയുടെ താല്പര്യങ്ങളിലും വ്യത്യാസമുണ്ടാകുന്നുണ്ട്. ജനപ്രിയസാഹിത്യം പോലും പരിഗണിക്കാതിരുന്ന പ്രാന്തവല്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇടംനല്കേണ്ടതിന്‍റെ ആവശ്യകത ജനകീയ/ജനപ്രിയസിനിമ ബോധ്യപ്പെടുത്തുന്നുണ്ട്. വിവിധതരക്കാരായ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മൂടിവെക്കപ്പെട്ടതോ നിശ്ശബ്ദമാക്കപ്പെട്ടതോ ആയ പ്രമേയങ്ങള്‍ ജനകീയതയില്‍ ഇടം കണ്ടെത്തുന്നുണ്ട്. പുതിയ കാലമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജസ്വലത കാണിച്ചിട്ടുള്ളത്. പുതിയകാലസിനിമകളുടെ പ്രമേയങ്ങളില്‍ വൈവിധ്യത്തിനുവേണ്ടി കൊണ്ടുവന്നിരുന്ന കാര്യങ്ങള്‍ പലതും ആദ്യകാലസിനിമകളിലില്ലാത്തവയാണ് എന്നു പറയാനാവില്ല. എങ്കിലും കഥാപാത്രങ്ങള്‍ക്കു നല്കുന്ന പ്രാധാന്യത്തെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ തികച്ചും വ്യത്യസ്തമായ സമീപനമാണ് പുതിയ സിനിമകളില്‍ എന്നു പറയാനാവും.
സൗന്ദര്യശാസ്ത്രതലത്തിലും സാമൂഹികതലത്തിലും ജനപ്രിയതയ്ക്ക് ധാരാളം സവിശേഷതകളുണ്ട്. ഇവയൊരിക്കലും സാധാരണ കാഴ്ചയിലെ താല്പര്യങ്ങളെ അരസികമാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല, ഏറ്റവും എളുപ്പത്തില്‍ സംവദിക്കുന്ന ദൃശ്യഭാഷയാണ് ഇവ സ്വീകരിക്കുക. ജനപ്രിയസിനിമകള്‍ പുലര്‍ത്തുന്ന പ്രത്യേകതകള്‍കൊണ്ട് അവ പൊതുസമൂഹത്തില്‍ വളരെ വേഗം സ്വീകരിക്കപ്പെടുന്നു. പൊതുസമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവയില്‍ പ്രമേയമായി വരിക. സമകാലികസംഭവങ്ങളും കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങളുമാണ് ജനപ്രിയ സിനിമകള്‍ കൈകാര്യം ചെയ്യുക. ഏതു സമൂഹത്തിനും സ്വീകാര്യമായതോ, സ്വീകാര്യമെന്നു തോന്നിക്കുന്നതോ ആയ വിഷയമോ പശ്ചാത്തലമോ ആയിരിക്കും ഇത്തരം സിനിമകളില്‍ ഉണ്ടാവുക. മാനസികതലത്തിലാവട്ടെ, ഏതെങ്കിലും തരത്തിലുള്ള അഭിലാഷപൂര്‍ത്തീകരണം ലക്ഷ്യമാക്കുന്നതോ സ്വീകരിക്കേണ്ടതോ ആയ പ്രശ്നങ്ങളും സാഹചര്യങ്ങളുമാണ് ജനപ്രിയത പകര്‍ന്നു നല്കുക. സാംസ്കാരികതലത്തിലാവട്ടെ, നിലനില്ക്കുന്ന വ്യവസ്ഥകളെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കാതെ അവതരിപ്പിക്കുകയാണ് ഇവ ചെയ്യുക. ദേശീയതയോ, വംശീയതയോ പരോക്ഷമായ തലത്തില്‍പ്പോലും വിചാരണ ചെയ്യപ്പെടാതെ നിലനില്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മലയാളസിനിമകള്‍ പൊതുവേ സ്വീകരിച്ചുപോരുന്ന ആഖ്യാനരീതിയ്ക്കോ അതിലെ ഘടകങ്ങള്‍ക്കോ മാറ്റങ്ങള്‍ വരുത്താതെയാണ് ഇവ അവതരിപ്പിക്കുക. പാട്ട്, പ്രണയരംഗങ്ങള്‍, സംഘട്ടനം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് കഥ മുന്നോട്ടുപോവുകയും ചെയ്യും. കഥാരംഭം മുതല്‍തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്കുകയും അവയെ കഥാസന്ദര്‍ഭങ്ങളില്‍ത്തന്നെ നിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കുകയുമാണ് ഇവ പൊതുവെ ചെയ്യുക. കൂട്ടിച്ചേര്‍ക്കപ്പെടുന്ന പാട്ടുകളും മറ്റു രംഗങ്ങളും പ്രമേയത്തിന് ഇണങ്ങുന്ന രീതിയിലായിരിക്കും വിന്യസിച്ചിരിക്കുക. പാട്ടില്‍ ഉള്‍പ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍, ഹാസ്യം എന്നിവ പ്രേക്ഷകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നവയായിരിക്കും.
ഈ രീതിയില്‍ ജനപ്രിയതയുടെ എല്ലാ ഘടകങ്ങളും ചേര്‍ന്ന സിനിമകള്‍ അവതരിപ്പിക്കുന്നതിനാണ് ദിലീപ് ശ്രമിക്കുന്നത്. ഇതിന് എക്കാലത്തെയും മികച്ച ഉദാഹരണങ്ങളാണ് സിഐഡി മൂസയും മീശമാധവനും. പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ടു കണ്‍ട്രീസ്, മൈ ബോസ് തുടങ്ങി ഒട്ടേറെ സിനിമകള്‍ ജനപ്രിയതയ്ക്ക് ഊന്നല്‍ നല്കുന്നവയാണ്. എങ്കിലും, ദിലീപിസമെന്ന ജനപ്രിയതാളത്തെ വിലയിരുത്തുവാനും അതിന്‍റെ അടിസ്ഥാനഘടനയെ പഠിക്കുവാനും ജനപ്രിയതയുടെ ഘടകങ്ങള്‍ കൃത്യമായി ചേര്‍ക്കുകയും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്ത ഈ രണ്ടു സിനിമകള്‍ മതിയാകും. കഥയും തിരക്കഥയും സംവിധാനവും ആരുടേതായിരുന്നാലും പ്രധാന നടന്‍ ദിലീപാണെങ്കില്‍ അതിനെ ജനപ്രിയമാക്കുന്നതിനുവേണ്ടവ തികച്ചും ആകര്‍ഷണീയമായി ചേര്‍ക്കപ്പെട്ടിരിക്കും. പൊതുസമൂഹത്തിലെ ഈ ഇടപെടലിനെയാണ് ജനകീയത എന്നു വിളിക്കുന്നത്. ഈ ജനകീയതയാവട്ടെ, മലയാളിയുടെ സ്വത്വബോധത്തെ നിര്‍ണ്ണയിക്കുന്നതിനും തികച്ചും സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങളെവരെ അയവുള്ളതാക്കിത്തീര്‍ക്കുന്നതിനും സഹായകവുമാണ്. അതിനാല്‍ കൂടുതല്‍ പേരിലേക്കെത്തുന്ന ഈ ജനകീയത സ്വാഭാവികമായും ജനപ്രിയമായിത്തീരുന്നു. ഭൂരിപക്ഷത്തിന്‍റെ താല്പര്യത്തെ പൊതുവികാരമായി ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തില്‍ ഇതിന് സാധുതയേറുന്നു. അതുകൊണ്ടുതന്നെ ജനപ്രിയനടന്‍ എന്ന വിശേഷണത്തെ ദിലീപ് അന്വര്‍ത്ഥമാക്കുന്നു.
ഠഠഠഠഠഠഠഠഠ
(Ullezhuthu Magazine, Mar 2017)
No comments:
Post a Comment