Friday, June 20, 2014

കഥയും സിനിമയും

          സിനിമ സജീവമായ ഒരു സാന്നിധ്യമാണ്, കഥയും. കഥയില്ലാത്തവൻ, കഥ പറച്ചിൽ, കഥാപുസ്തകം തുടങ്ങി, നിരന്തരം ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കഥാസൂചനകൾ ഏറെയുണ്ട്. സിനിമയെ ഒരു ആവിഷ്കാരമാധ്യമമായി കാണുമ്പോൾ കഥയെന്നുള്ളത് അതിന്റെ അസംസ്കൃതവസ്തു മാത്രമായിത്തീരുന്നു. ലളിതകലയിലാണ് സാഹിത്യത്തിനു സ്ഥാനമുള്ളത്. അതുകൊണ്ടുതന്നെ ആനന്ദനിർമ്മാണമാണ് അതിന്റെ ലക്ഷ്യം. ആനന്ദത്തിന് വ്യത്യസ്തങ്ങളായ നിർവ്വചനങ്ങൾ പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യമീമാംസകർ നൽകുന്നുണ്ട്. ആനന്ദം ആഹ്ലാദമാണ്. അനിർവചനീയമായ അനുഭൂതിയാണ്. അത് സന്തോഷത്തെ മാത്രം ഉണ്ടാക്കുന്ന ഒന്നല്ല. വ്യത്യസ്ത വികാര-വിചാരങ്ങളുടെ സമ്മിശ്രമാണത്. അത്തരത്തിലുള്ള അനുഭുതിയിലേക്ക് അനുവാചകൻ ഉണർന്നെത്തുമ്പോൾ മാത്രമാണ് ലളിതകല
വിജയിക്കുന്നതും. ജീവിതത്തിലെ പല ദശാസന്ധികളെയും നിർവചിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും കലകൾ ഒരുപരിധിവരെ സഹായിക്കുന്നുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. വായനയുടെ അനുഭൂതിയും സിനിമയുടെ കാഴ്ചയും പൂരിപ്പിക്കുന്നത് കായികവും മാനസികവുമായ അധ്വാനത്തെയും ശ്രമങ്ങളെയുമാണ്. ഡോ. കെ. എൻ. എഴുത്തച്ഛൻ സാഹിത്യകൃതികളുടെ മൂല്യനിർണയം എന്ന ലേഖനത്തിൽ ഫ്രാൻസിസ് എച്ച്. ഹോണിനെ ഉദ്ധരിക്കുന്നുണ്ട്. നമ്മുടെ പരിഷ്കാരം തീർച്ചയായും ശാസ്ത്രത്തേയും സാങ്കേതികജ്ഞാനത്തേയും ആസ്പദമാക്കിയുള്ളതു തന്നെ; തന്മൂലം നമുക്കുണ്ടാകുന്ന വലിയ ഭൗതികനന്മകളെ ആരും നിഷേധിക്കുകയുമില്ല. എന്നാൽ ശാസ്ത്രത്തിലും സാങ്കേതികജ്ഞാനത്തിലും ജീവിതത്തിന്റെ പരമലക്ഷ്യത്തിലേക്കെത്തുവാൻ ശ്രമിക്കുന്നതു വെറുതെയാണ്. പോപ്പിന്റെ കാലത്തിലെന്നതുപോലെ ഇന്നും, മനുഷ്യസമുദായത്തിന്റെ പഠനവിഷയം മനുഷ്യനാണെന്ന തത്വം ശരിയായിരിക്കുന്നു. മനുഷ്യനെ പ്രധാനമായും സാമൂഹ്യബന്ധങ്ങളെ ആസ്പദമാക്കി പഠിക്കുന്ന സാമൂഹ്യശാസ്ത്രങ്ങൾക്കു ജീവിതത്തിന്റെ അർത്ഥത്തേയും മനുഷ്യന് അതിലുള്ള സ്ഥാനത്തേയും പറ്റി പലതും പഠിപ്പിക്കാനുണ്ട്. എന്നാൽ മനുഷ്യനേയും അവന്റെ ഭാവിയേയും സംബന്ധിച്ച് ആണ്ടുപോകുന്ന അന്വേഷണങ്ങൾക്ക് ഉത്തരം കാണണമെങ്കിൽ സാഹിത്യം, തത്വശാസ്ത്രം, മതം, ചരിത്രം, ലളിതകല തുടങ്ങിയ ഹ്യൂമാനിറ്റീസ് ശാഖയിൽപ്പെട്ട വിഷയങ്ങളിലേക്കു തിരിയണം. പ്രത്യേകിച്ചും നമ്മുടെ സാഹിത്യപരമായ ഉയർന്ന നേട്ടങ്ങളിൽ നമ്മിലോരോരുത്തർക്കും കൂടുതൽ പ്രയോഗക്ഷമമായി, നല്ല നിലയിൽ മഹത്തായ ഉദ്ദേശ്യങ്ങളെ മുൻനിർത്തിക്കൊണ്ടു ജീവിപ്പാൻ സഹായിക്കുന്ന മാനുഷികാനുഭവങ്ങൾ മൂർത്തീകരിച്ചിരിപ്പുണ്ട്. (page 52-53, ദീപമാല, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്)
          കാഴ്ചയുടെ ആഘോഷമെന്നു സിനിമയെ നിർവചിക്കാനാവില്ല. പൂരങ്ങളും മറ്റുമാണ് കാഴ്ചയുടെ ആഘോഷത്തെ നിർവചിക്കുന്നത്. സിനിമ ഒരു വ്യത്യസ്തകലാരൂപം മാത്രമാണ്. അതിന് പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നത് സാങ്കേതികതയുടെ കടന്നുവരവിനുശേഷം മാത്രമായിരുന്നു എന്നതുകൊണ്ട്, ചട്ടക്കൂടിനകത്തേക്ക് അതിനെ ഒതുക്കി നിർത്തുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. കാലഘട്ടത്തിനനുസൃതമായി ജ്ഞാനബന്ധങ്ങളിലും മറ്റും കടന്നുവരുന്ന മാറ്റങ്ങളും ഭൗതികപരിണാമങ്ങളും സിനിമയെ നിരന്തരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ രൂപഭാവങ്ങളിലും പ്രത്യക്ഷങ്ങളിലും ഈ മാറ്റം നിർണായകമായ ഇടപെടലാണ് നടത്തുന്നത്. വ്യവഹാരഭാഷയിലെ മാറ്റങ്ങളും കർതൃ വിവക്ഷകളിലും പ്രായോഗികമായ സംവാദങ്ങൾ നടക്കുമ്പോൾ അത് സിനിമയെ അതിന്റെ സമസ്തമേഖലകളിലും വിവർത്തനം ചെയ്തുകൊണ്ടിരിക്കും. സിനിമ ഒരേസമയം കലയും കച്ചവടവും ആയിത്തീരുന്നത് ഇത്തരം ഭൗതികസാഹചര്യങ്ങളുടെ ഇടപെടലിലൂടെയാണ്.
          കഥ ആത്യന്തികമായി ചില പരിമിതികളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ഭൗതികരൂപമെന്ന വ്യാവർത്തനമാണ് ഈ പരിമിതി. അച്ചടിക്കപ്പെട്ട അക്ഷരങ്ങളിലൂടെ വ്യാപിക്കുന്നതിനുള്ള അതിന്റെ കഴിവ് പരിമിതപ്പെടുന്നുവെന്ന് അർത്ഥമില്ല. അക്ഷരക്കൂട്ടങ്ങൾക്ക് സിനിമയിലും സ്വാധീനമുണ്ട്. കലാസ്വാദനം എന്ന മർമ്മത്തെ കച്ചവടതന്ത്രങ്ങളുടെ പുതിയ സമവാക്യങ്ങൾക്കനുസൃതമായി സിനിമ പരിവർത്തനം ചെയ്യുമ്പോൾ കഥ പറച്ചിലിന് സാങ്കേതികതയുടെ സ്വാധീനം ഉണ്ടാകുന്നുവെങ്കിലും ചില അടിസ്ഥാനസ്വഭാവങ്ങളുണ്ട്. ഉൾക്കൊള്ളുന്നതും ജനിപ്പിക്കുന്നതുമായ അനുഭവത്തിന്റെ ഏകാഗ്രതയാണ് കഥയെ നോവലിൽ നിന്ന് വ്യാവർത്തിപ്പിക്കുന്നത്. അതിൽ കാലദേശക്രിയൈക്യം അനിവാര്യമാണ്. (പുറം 385, പ്രൊഫ. എം. അച്യുതൻ, സ്വാതന്ത്ര്യ സമരവും മലയാളസാഹിത്യവും). നോവലെന്ന സാഹിത്യരൂപവും ചെറുകഥയും തമ്മിൽ കാണാൻ കഴിയുന്ന വ്യത്യാസങ്ങൾ സിനിമയ്ക്ക് പൊതുവായ ഘടകമായിട്ടാണ് പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്. ഒരു പ്രത്യേക സംഭവത്തിന്റെ ഏകാഗ്രതയൊന്നും സിനിമ പലപ്പോഴും നിലനിർത്താറില്ല. അതിന് കുറേക്കൂടി വിശദാംശങ്ങളുടെ ആവശ്യമുണ്ട്. മാധ്യമത്തിന്റെ സവിശേഷതയാണിത്. ദൃശ്യമാധ്യമമെന്ന നിലയിൽ സംവദിക്കുന്ന സിനിമ അത്തരത്തിൽ ഓരോ സംഭവങ്ങളെയും വിശദീകരിക്കുന്നതിനും വിലയിരുത്തുന്നതിനും ശ്രമിച്ചുകൊണ്ടേയിരിക്കും.
          ഭാരതീ കഥാവലി തോന്നണം കാലേ കാലേ എന്ന കവിപ്രാർത്ഥനയെ ഓർമ്മിപ്പിക്കുന്ന വിധം വാങ്മയരൂപങ്ങളെയും വാക്കുകളുടെ അർത്ഥപുഷ്ടിയെയും ചെറുകഥ സ്വാംശീകരിക്കുമ്പോൾ, സിനിമ ദൃശ്യരൂപങ്ങളുടെ യഥാവിധിയുള്ള ചിത്രീകരണത്തെയും അവയിൽ നിന്ന് വ്യാവർത്തിപ്പിക്കാവുന്ന മൊണ്ടാഷിനെയും മറ്റുമാണ് സ്വാംശീകരിക്കുന്നത്. പ്രതിഭയുടെ കാരയത്രി-ഭാവയത്രി നിലപാടുകളെ രണ്ടും ഒരുപോലെത്തന്നെ ആവശ്യപ്പെടുന്നുമുണ്ട്. കർമ്മസാക്ഷിയായ സൂര്യദേവന്റെ പുത്രനായ കർണ്ണനെ നോവലിൽ അവതരിപ്പിക്കുന്ന പി.കെ. ബാലകൃഷ്ണന്റെ വാക്കുകൾ ഇതിഹാസതുല്യമാകുന്നത് അവയുടെ ഗാംഭീര്യവും അവതരണമഹിമയും കൊണ്ടുതന്നെയാണ്.
          ലജ്ജിതനായി തല താഴ്ത്തിയ ഇന്ദ്രൻ, ക്രുദ്ധനായി സൂര്യബിംബത്തെ ഉറ്റുനോക്കാനായിട്ടാണ് അതുയർത്തിയത്. സൂര്യനെ രോഷത്തോടെ നോക്കിയ ശേഷം ഇന്ദ്രൻ പറഞ്ഞു. കർണ്ണാ നിന്റെ മുമ്പിൽ ഞാനിതാ ലജ്ജിതനായി തല കുനിക്കുന്നു. എന്നെ ഇങ്ങനെ ലജ്ജിതനാക്കിയ ആ സൂര്യന്റെ നേരെപോലും എനിക്കിപ്പോൾ രോഷമില്ല. നിന്നെപ്പോലൊരു മഹാവ്രതിയുടെ മുമ്പിലാണല്ലോ ഞാൻ തല കുനിച്ചത്. നീ എനിക്കു നൽകുന്ന ദാനത്തിനു പകരമായി എന്തെങ്കിലും വരം നീ എന്നിൽനിന്നു കൈക്കൊള്ളണമെന്നും ഞാൻ ആഗ്രഹിക്കുന്നു. 
          കർണ്ണൻ പറഞ്ഞു.  നിന്റെ ഹിതം നിറവേറ്റാൻ അവസരം തന്നതുതന്നെ നീ എനിക്കു നൽകിയ വരമാണ്. കൂടുതലായി എന്തു വരമാണ് എനിക്കു വേണ്ടത്? എനിക്കൊരർത്ഥനയുണ്ട്. കവചകുണ്ഡലങ്ങൾ ശരീരത്തിൽ നിന്ന് അറുത്തു വേർപെടുത്തുമ്പോഴുള്ള വടുക്കളാൽ എനിക്കു വൈരൂപ്യം സംഭവിക്കാതിരിക്കാൻ എന്നെ അനുഗ്രഹിക്കണം.
ഇന്ദ്രൻ പറഞ്ഞു.  കർണ്ണാ, ചർമ്മം അറുത്തു വേർപെടുത്തിയതിനുമേൽ നിന്റെ ശരീരത്തിൽ വടുക്കളൊന്നുമുണ്ടാവുകയില്ല. നിന്റെ ശരീരം അനന്തരം കൂടുതൽ പ്രോജ്ജ്വലത്തായ സുവർണ്ണശോഭ നേടും. (പുറം 66, പി.കെ. ബാലകൃഷ്ണൻ, ഇനി ഞാൻ ഉറങ്ങട്ടെ)
          മേൽക്കാണിച്ച ഈ സംഭാഷണവും അവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും തമ്മിൽ ബന്ധപ്പെടുന്നതും അവയുടെ ഗാംഭീര്യം നിലനിർത്തുന്നതും പ്രമേയപരമായി നിലനിൽക്കുന്ന പ്രത്യേകതകൾ കൊണ്ടും അവയുടെ പ്രതിപാദ്യത്തെ മനോഹരമാക്കുന്ന ശൈലി കൊണ്ടുമാണ്.
      വാക്കെന്ന അപരിമേയമായ വസ്തുവിനെ നോട്ടങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും പുതിയൊരു അർത്ഥവിവക്ഷയിലേക്ക് ഉയർത്തുകയാണു സാഹിത്യം ചെയ്യുന്നതു്. ഈ പുതുമയെ സ്വാംശീകരിക്കാനും പുതിയതെന്നു വിലയിരുത്തുവാനും സാധ്യമാകുന്നിടത്തു് അക്ഷരം അഗ്നിയാകുന്നു. അതെരിഞ്ഞു നവംനവങ്ങളായ കല്പനകളെ പ്രതിഷ്ഠിക്കുന്നു. പ്രതിഷ്ഠ അനക്കമില്ലാത്തതാണു്. എന്നാൽ അതിൽ ആരോപിക്കുന്ന ചിന്തയും പ്രാർത്ഥനയും ഊർജ്ജവും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. വാക്ക് പുസ്തകത്തിലായാലും മറ്റു രൂപത്തിലായാലും ഈയൊരു സഞ്ചാരത്തെ ഓർമ്മപ്പെടുത്തുന്നു.


          

No comments: