
കുതിര ഓടും ചാടും വെള്ളം കണ്ടാല്‍ നില്‍ക്കും. എന്താണുത്തരമെന്നു ചോദിച്ചാല്‍ ചെരുപ്പാണത്രേ. വാട്ടര്‍പ്രൂഫായ ചെരുപ്പുകളും ഷൂസുമൊക്കെ വന്നപ്പോള്‍ കുതിരകള്‍ നിന്നിരുന്നോ എന്നറിയില്ല. ചിലപ്പോഴെങ്കിലും കുതിരകള്‍ക്കു നില്‍ക്കാതെ വയ്യല്ലോ. അങ്ങനെ നിര്‍ത്തിയ കുതിര നില്‍ക്കാതെ ചാടിയപ്പോള്‍ വന്നുപോയ സാഹസമാണ് ഓടും കുതിര ചാടും കുതിര (2h. 32 m., 2025, സംവിധാനം അല്‍ത്താഫ് സലീം) എന്ന മലയാള ചലച്ചിത്രം. ആക്ഷേപഹാസ്യമല്ല ഈ സിനിമ, ഇതാരെയും ആക്ഷേപിച്ചു ഹസിക്കുന്നില്ല. ഇതൊരു മഹത്തായ ന്യൂജന്‍ കളിയാണ്. സരസമധുരമന്ദാരച്ചെപ്പ്... ബേഠീ ഹഠാവോ... തമാശകളെ തമാശിക്കുന്നത്. അക്കാലം നിങ്ങള്‍ മൊഴിഞ്ഞ തമാശകളൊക്കെ വെറും ചെളിയായിരുന്നെടോ ഓടും വഴിയറിയാറായെടോ!! (കുഞ്ചന്‍നമ്പ്യാര്‍ക്കു കടപ്പാട്)
മംഗലമേലും നമ്മുടെ നാട്ടിൽ
ചങ്ങല കൊണ്ടിഹ പൂട്ടി മുറുക്കി
തുംഗമതായൊരു തൂണും ചോട്ടില-
നങ്ങാതങ്ങു കിടത്തണമവനെ. (വീണ്ടും നമ്പ്യാര്‍ക്കു കടപ്പാട്).
മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതു താനല്ലയോ ഇത് എന്നു തോന്നിക്കും. ആ തോന്നലിപ്പോ വന്നത് പേരില്‍നിന്നല്ലേ? എന്നു വര്‍ണ്യത്തിലാശങ്ക എന്നൊരു സിനിമയുമുണ്ടായിരുന്നുവല്ലോ. ആ കുതിരയേത്? കുതിരയ്ക്കെന്തു പറ്റി? നീലയും വെള്ളയും നിറത്തിലുള്ള ലൂണാര്‍ച്ചെരുപ്പിട്ട് വെള്ളത്തില്‍ച്ചവിട്ടണോ വേണ്ടയോ അതോ ചവിട്ടിയാല്‍ ചന്തിമുഴുവന്‍ തെറിക്കുന്ന ചെളിക്കുത്തുകള്‍ വേണോ? ചെളിക്കുത്തു മതി, ചെളിക്കുത്ത്... അതാകുമ്പോള്‍ ചെളിയേറെ എറിഞ്ഞാലും ചെളിയാണെന്നറിയുന്നതിനാല്‍ ഫ്രിഡ്ജിലടച്ചത് ആനയേയോ ജിറാഫിനേയോ എന്ന സംശയം മാത്രമല്ലേ ബാക്കിയാവൂ. അടയ്ക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.
വല്ലാത്ത പഹയന്‍ തന്നെ സംവിധായകന്‍! സരസമധുരമനോഹരകോമളമായ ഗംഭീരാവിഷ്കാരം. എബി മാത്യുവിനെ (ഫഹദ് ഫാസില്‍) കോമയില്‍ കിടത്തിയിട്ടും കുത്താണോ കോമയാണോ എന്ന സംശയം മാത്രം ബാക്കി നിര്‍ത്തുന്ന മട്ടിലുള്ള മറുപടികള്‍. അര്‍ദ്ധോക്തിയില്‍ നിര്‍ത്തുന്ന കോമയെന്ന സംശയം സിനിമയുടെ അവസാനം കാണാം. മാങ്ങയെ കോമാങ്ങയാക്കുന്നതിലെ കോമ മാത്രമല്ല, കോ വരുന്ന എന്തിലും ഇതു ചേരുമത്രേ. അതിപ്പോള്‍ കെ ആയാലും! കൈഫോണായാലും!!
അങ്ങനെ ചെളിയാണെങ്കിലും മതി. ചെളിയില്‍ച്ചവിട്ടാതെയിരുന്നാല്‍ മതി. ചില തമാശകള്‍ക്കു ചെളിയെന്നാണല്ലോ പറയുക. ആളുകളെ തന്റെയൊപ്പം നിര്‍ത്തി കാര്യങ്ങള്‍ നടത്താനായി എന്തെങ്കിലുമൊക്കെപ്പറഞ്ഞു നിര്‍ത്തുന്നവരെ വള്ളി കെട്ടുന്നവര്‍ എന്നായിരുന്നു വിളിച്ചത്. ചിലര്‍ക്കൊക്കെ വള്ളിയെന്ന ചുരുക്കപ്പേരുപോലും വീണിട്ടുണ്ട്.
ഏതാണ്ട് അത്തരത്തില്‍ ഒരു 💥വള്ളിയില്‍പ്പിടിച്ചുപോയതാണ് നായകന്‍. പിടിവിടാനൊട്ടു പറ്റുന്നുമില്ല; ഹൃദയം അനുവദിക്കുന്നില്ലെന്നുസാരം. അനുവദനീയമായതിലും കൂടുതല്‍ ഹൃദയമിങ്ങനെയാകുലമായതിനാല്‍ കല്യാണത്തലേന്നുപോലും ചെക്കന്റെ വീട്ടിലേക്ക് അനായാസാഭിനയത്തോടെ (കല്യാണി പ്രിയദര്‍ശന്‍) പെണ്ണെത്തിപ്പോയി. അവിടെവച്ച് ചില തീരുമാനങ്ങള്‍, മറുപടികള്‍, കുഴക്കുന്ന ആഭ്യന്തരപ്രശ്നങ്ങള്‍, ആഗോളരാഷ്ട്രീയത്തിലെ താരിഫ് യുദ്ധം.
😉ഇനിയങ്ങോട്ടു കണ്ടുനോക്കിയാല്‍മതി.
അങ്ങനെ കാണുമ്പോഴാണു ചന്തം. ആ ചന്തത്തെ ചിന്തിക്കാതെ പറഞ്ഞുപോയാലതുമതി. ഹോ... പിന്നില്‍ത്തെറിക്കുന്ന ചെരുപ്പിലെ ചെളി! ഇതൊരു മഹത്തരമായ സിനിമയാണ്. കാരണം, ഹാസ്യാത്മകമായി എന്തിനെയും കാണാവുന്ന അതിശയോക്തികളില്‍ അതിശയോക്തി നിറയ്ക്കാനുള്ള കഴിവിനെ മഹത്തരമെന്നല്ലാതെ എന്തുവിളിക്കാന്‍! ഇങ്ങനെയും ചിന്തിക്കാന്‍ കഴിയുന്നവല്ലോ എന്ന അതിശയം മാത്രം ഇപ്പോഴും ബാക്കി.😍
#OdumKuthiraChadumKuthira #OKCK #Malayalamcinema #Mollywood
No comments:
Post a Comment