“ഇപ്പോത്തന്നെ ആമസോണ്‍ മ്യൂസിക്കുണ്ടല്ലോ, അത് പ്രൈം അക്കൗണ്ടല്ലേ. ഇനിയൊരു പ്രീമിയം വെര്‍ഷന്‍ എടുത്തു കേള്‍ക്കാന്‍ വയ്യ” എന്നു പറഞ്ഞപ്പോള്‍, രാത്രി എട്ടു മണിക്കുശേഷം പതിവായി വാട്സാപ്പ് വീഡിയോയില്‍ വരുന്ന മകളാണ് സൗണ്ട് ക്ലൗഡ് എടുക്കാന്‍ പറഞ്ഞത്. അതൊരു ജര്‍മ്മന്‍ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണത്രേ. ഉപഭോക്താക്കള്‍ക്ക് അപ്‌ലോഡിനും പ്രമോട്ടിനും ഷെയറിനും സൗകര്യമുണ്ടാക്കുന്ന ഓണ്‍ലൈന്‍. പത്തുപതിനഞ്ചു വര്‍ഷത്തിലധികം പ്രായമുള്ള പ്ലാറ്റ്ഫോമായിട്ടും ഇതേവരെ ഉപയോഗിക്കാന്‍ തോന്നിയില്ലല്ലോ എന്ന ചിന്ത അലോസരപ്പെടുത്തി. ഏതാണ്ട് അവളേക്കാള്‍ രണ്ടോ മൂന്നോ വയസ്സിനിളപ്പമുള്ള കമ്പനി.
പുതിയൊരു ഓപ്ഷന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആദ്യം മൗനമായിരുന്നു എന്റെ മറുപടി. പിന്നെ, കുറച്ചുനേരം ആലോചിച്ചു. ടീപ്പോയിലെ പത്രത്തിനു മുകളിലിരുന്ന ടിവിയുടെയും ഹോം തീയേറ്ററിന്റെയും സെറ്റ്ടോപ്പ് ബോക്സിന്റെയും റിമോട്ടുകളില്‍ തിരഞ്ഞു. ടിവിയുടെ റിമോട്ടെടുത്ത്, ഫോണ്‍ സംഭാഷണത്തിലെ തടസ്സമൊഴിവാക്കാന്‍ മ്യൂട്ടാക്കി വെച്ചിരുന്ന ചാനല്‍ വെറുതെ മാറ്റി. ചലിച്ചുകൊണ്ടിരുന്നെങ്കിലും നിശ്ശബ്ദമായിരുന്ന പരസ്യങ്ങളില്‍നിന്ന് ശബ്ദകാലത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഓര്‍മ്മയില്‍ പരസ്യവാചകങ്ങള്‍ക്കൊപ്പം സംഗീതവും സംഭാഷണവും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. മകള്‍ മൊബൈല്‍ സ്ക്രീനിലേക്കുതന്നെ നോക്കി മുഖഭാവം ശ്രദ്ധിക്കുന്നുണ്ട്. അവളുടെ നോട്ടം കണ്ടപ്പോള്‍ പതുക്കെ പറഞ്ഞു.
“ഇന്നിപ്പോള്‍
വയ്യ, നാളെയാവട്ടെ.”
“അമ്മ, നാളെ അച്ഛനെ ഓര്‍മ്മിപ്പിക്കണം” എന്നായി അവള്‍.
ക്യാമറയ്ക്കു മുമ്പിലേക്ക് മുഖം നീട്ടിവന്ന്
അതു ഞാനേറ്റു എന്നൊരാംഗ്യം ഭാര്യ കാണിക്കുന്നതുകണ്ടു. അതിനു മറുപടിയായി മകള്‍ കാണിച്ച
തംസ് അപിനൊപ്പം സ്ക്രീനില്‍ തള്ളവിരലുയര്‍ത്തുന്ന ഇമോജി👍പ്രത്യക്ഷമായി. ഞാന്‍ അതിലേക്കുനോക്കി കൈവീശിക്കാണിച്ചു.
വീഡിയോ ഓഫായി. ലോക്ക് സ്ക്രീനില്‍ നോട്ടിഫിക്കേഷനും മറ്റ് ഐക്കണുകളിലേക്കുള്ള
സൂചനകളും തെളിഞ്ഞു. അതിലേക്കൊന്നും നോക്കാതെ ഫോണ്‍ താഴെ വച്ചയുടന്‍തന്നെ, ഭാര്യ എന്റെ
കൈയിലിരുന്ന റിമോട്ട് വാങ്ങി ചുവന്ന ബട്ടണലമര്‍ത്തി, ടിവി ഓഫാക്കി.
രാവിലെ ജന്നല്‍ക്കമ്പിയില്‍ തട്ടുന്നതുകേട്ടിട്ടും
കണ്ണടച്ചുതന്നെ കിടന്നു. തൊട്ടുമുമ്പത്തെ നിമിഷംവരെ മേഘങ്ങള്‍ക്കിടയിലായിരുന്നു; പൊങ്ങിനില്‍ക്കുന്ന
ഓവല്‍ഷേപ്പുള്ള വെളുത്ത പഞ്ഞിമേഘങ്ങളില്‍ തൊട്ടും തലോടിയും പലയിടങ്ങളിലായി മറഞ്ഞിരിക്കുന്ന,
കുമിളകള്‍ പോലെ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുള്ള എന്തെല്ലാമോ അന്വേഷിക്കുകയായിരുന്നു.
ക്ലൗഡ് മറ്റൊന്നാണെങ്കിലും വ്യംഗ്യം അതുതന്നെയല്ലേ എന്ന തോന്നലോടെ എനിക്കുവേണ്ടത് തിരയുകയായിരുന്നു.
അവ്യക്തമായ ശബ്ദം കേട്ടെങ്കിലും കുറച്ചുനേരം കഴിഞ്ഞാണ് പതുക്കെ കണ്ണു തുറന്നത്. ജന്നലിനപ്പുറത്ത്, ചെടിച്ചട്ടിയില്‍ നിറഞ്ഞുനില്‍ക്കുന്ന, വിടര്‍ന്നതും വിടരാനിരിക്കുന്നതുമായ
പൂക്കളെ താലോലിച്ച് ഭാര്യ പതിവുപോലെ വെള്ളമൊഴിക്കുന്നു.
മണ്ണിളക്കാനായി കൈയില്‍വച്ചിരുന്ന കത്തികൊണ്ട്
ജന്നല്‍ക്കമ്പിയില്‍ തട്ടിവിളിച്ചതിനുശേഷമാവണം അവള്‍ ചെടികള്‍ക്ക് വെള്ളം പകര്‍ന്നുതുടങ്ങിയത്.
ടാപ്പു തുറന്ന് വളഞ്ഞുപുളയുന്ന പച്ച ഹോസിലൂടെ ആവശ്യത്തിലധികം വെള്ളം ഒഴുക്കിയിരിക്കണം.
ചെടിച്ചട്ടിയില്‍നിന്ന് സിമന്റുതറയിലേക്ക് പരന്നൊഴുകിയ ജലത്തില്‍ സൂര്യപ്രകാശം പ്രതിഫലിച്ച്,
ചെറുചിരിയോടെ കണ്ണില്‍പ്പതിച്ചപ്പോള്‍ തിരിഞ്ഞുകിടന്നു.
അങ്ങനെ കിടക്കുമ്പോഴാണ് സൗണ്ട് ക്ലൗഡിനെക്കുറിച്ച്
ഓര്‍ത്തത്. മടിച്ചു മടിച്ചാണെഴുന്നേറ്റത്. മുഖം കഴുകുന്നതിനുമുമ്പേ മേശപ്പുറത്തുവച്ചിരുന്ന
ഫോണെടുത്ത് ഐക്കണുകള്‍ തട്ടിനീക്കി. ആപ്പ് സ്റ്റോറില്‍ പോയി, എംബിയും സ്പീഡുമൊക്കെ
നോക്കി, ഡൗണ്‍ലോഡ് ചെയ്തു.
സ്ക്രീനിന് മുകളില്‍ ഇടത്തേ മൂലയില്‍ സമയം കണ്ടപ്പോഴാണ് ഉണരാന്‍ വല്ലാതെ വൈകിപ്പോയെന്നു
മനസ്സിലായത്.
മലയാളം എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ട
ആദ്യത്തെ നിരയിലെ പാട്ടുകളിലൊന്നില്‍ വിരലമര്‍ത്തി. പാട്ടിന്‍റെ ഈണം തുടങ്ങിയപ്പോഴേ
ഓര്‍മ്മകളിലെവിടെയോ അടങ്ങിക്കിടന്ന കാലവും ഗന്ധവും ഓളങ്ങളായി വട്ടംചുറ്റി. തീയേറ്ററിലെ ചൂഴ്ന്നു
നില്‍ക്കുന്ന ഇരുട്ടും, ഇരുണ്ട നിഴലുകളായി
പരുക്കന്‍ സീറ്റുകളില്‍ കാണുന്ന തോള്‍വശവും തലയും, ചുവന്ന അക്ഷരങ്ങള്‍ തെളിഞ്ഞ് അടയാളം
കാണിക്കുന്ന വാതിലുകളും കല്ലച്ചില്‍ അമര്‍ന്ന അക്ഷരങ്ങളോടെ മഞ്ഞനിറത്തിലുള്ള ടിക്കറ്റും
എണ്ണയില്‍ വറുത്ത നിലക്കടലയും ജലപ്രവാഹംപോലെ തഴുകിയൊഴുകി. അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരുന്നുവെന്ന്, വരികള്‍ വേറേതോ ലോകത്തേക്ക്
കൊണ്ടുപോയി. അടുത്തിടെ കണ്ടത് യൂട്യൂബിലാണ്.
ഏതാണ്ട് ഇരുണ്ടുപോയ പശ്ചാത്തലത്തില്‍ സത്യന്റെ ദൂരക്കാഴ്ചയില്‍, നദിയുടെ മധ്യഭാഗത്തായി
തോണിയില്‍ പോകുന്ന അഞ്ചാറു പേര്‍ക്കിടയില്‍നിന്ന് താളത്തില്‍ ചലിച്ച്, പാടുന്ന കഥാപാത്രം
കണ്ണിലെത്തി. കണ്ണിലെ അഞ്ജനത്തെക്കുറിച്ചു ചിന്തിച്ചപ്പോഴാണ് പണ്ടെന്റെ അയല്‍ക്കാരന്‍
തൊട്ടടുത്ത അയല്‍ക്കാരനെ വിശേഷിപ്പിക്കാന്‍ “അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും”
എന്ന് പറഞ്ഞതിലെ കുശുമ്പ് തെളിഞ്ഞത്. മഞ്ഞളിന്റെയൊപ്പമുണ്ടായിരുന്ന “പോലെ” എന്ന ഉപമാവാചകം
അന്ന് എന്നെ വല്ലാതെ കുഴക്കിയിരുന്നതോര്‍ത്തപ്പോള്‍ ചിരിവന്നു.
കട്ടിലില്‍ ചാരിയിരുന്ന് കോണ്‍ടാക്ട് ലിസ്റ്റെടുത്ത്
ചൂണ്ടുവിരല്‍ ചലിപ്പിച്ചു. സേവ് ചെയ്തുവച്ച പേരുകള്‍ ഒന്നൊന്നായി മുകളിലേക്ക് വഴുതി
നീങ്ങിപ്പോയി. സോര്‍ട്ട് ഓര്‍ഡര്‍, ഫസ്റ്റും ലാസ്റ്റുമായി ക്രമീകരിച്ചതിനാല്‍ പേരിന്റെ ആദ്യാക്ഷരം
തന്നെ തപ്പാമെന്നുകരുതി. പക്ഷെ,
ഏതു
പേരിലാണ് സേവ് ചെയ്തതെന്ന് ഓര്‍മ്മയില്ല. എന്തായാലും ഷോപ്പെന്നോ മറ്റോ കാണുമായിരിക്കും.
എന്നാലും, അയാളിപ്പോള്‍ എവിടെയായിരിക്കും?
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു തുടങ്ങിയ
കാലത്ത്, കച്ചവടം കുറഞ്ഞെന്നു
പറഞ്ഞ് മാര്‍ജിന്‍ ഫ്രീയായി വില്‍ക്കാന്‍ അയാള്‍ ശ്രമിച്ചതാണ്. പല ഓഫറുകള്‍ കൊടുത്തിട്ടും
പത്രക്കെട്ടുകള്‍ക്കൊപ്പം നോട്ടീസ് ഇറക്കിയിട്ടും കച്ചവടം ഒത്തുവന്നില്ല. ഒടുക്കം, ഇടനിലക്കാരില്ലാതെ, കൂടുതല്‍ ലാഭത്തില്‍
ലോഡുകണക്കിന് ഇറക്കിയ പലചരക്കുകള്‍ കിട്ടിയ വിലയ്ക്ക് ഒഴിവാക്കി, വിറ്റുപെറുക്കി സ്ഥലം
വിട്ടതാണ്. തൊണ്ണൂറ്റൊന്നിലെ ഉദാരവല്‍ക്കരണം ഉദരത്തടിച്ചുവെന്ന് ഒട്ടൊരു തമാശയോടെയും
അതിലേറെ ആശങ്കയോടെയും പറഞ്ഞ് നടന്നകലുന്ന അയാളുടെ ചിത്രം ഓര്‍മ്മയിലുണ്ട്.
അയാളുടെ പഴയ ലാന്‍ഡ് ലൈന്‍ നമ്പറിലേക്കുവിളിച്ച്
ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ചോദിക്കണമെന്നുറപ്പിച്ചു. ഫോണിലെ പാട്ട് നിര്‍ത്തിയിട്ടു
വേണമല്ലോ വിളിക്കാനെന്ന് കരുതി മടിച്ചപ്പോഴേയ്ക്കും, ന്യായീകരണമെന്നോണം അടുത്ത പാട്ട് തടസ്സം പിടിച്ചു. കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കുളിരേ എന്നുയര്‍ന്നു കേട്ടപ്പോള്‍ ഇതുപോരേ, പരാതിയും പരിദേവനവും കേള്‍ക്കണോ എന്നു വിചാരിച്ച് വിളി പിന്നത്തേക്ക് മാറ്റിവച്ചു.
കാതിലേക്കുള്ള കാറ്റും കുളിരുമോര്‍ത്തപ്പോള്‍
പെട്ടെന്നൊരു ഐറണി ഐഡിയലായി തോന്നി. ജലദോഷം വരില്ലേ? കുളിരുള്ള സമയത്ത് ചെവി മൂടിക്കെട്ടിപ്പോയാലും പ്രണയിനിയെക്കുറിച്ചോര്‍ക്കുമ്പോള്‍
കുളിരായിരിക്കില്ലേ?
പാട്ടു കേട്ടുവന്ന ഭാര്യ “നിങ്ങളവളെക്കുറിച്ചോര്‍ത്ത്
ഇരിക്കുകയായിരിക്കും” എന്ന് പുഞ്ചിരിച്ചുകൊണ്ട്, ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് തലയില്‍പ്പെരുക്കി. ഹേയ്, അങ്ങനെ ഓര്‍ക്കാന്‍
മാത്രമൊന്നുമില്ലെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോഴും, ആ പാട്ട് വേറെയായിരുന്നു എന്നു പറഞ്ഞില്ല. കുദ്രത് സിനിമയ്ക്കുവേണ്ടി
കിഷോര്‍ കുമാര്‍ പാടിയ ഹമേം തുംസേ പ്യാര് കിത്തനാ യേ ഹം നഹീ ജാന്‍തേ ആയിരുന്നല്ലോ അവളേറെയും
പാടിയിരുന്നത്. രാജേഷ് ഖന്നയും ഹേമമാലിനിയുമായി, പൈന്‍ മരങ്ങള്‍ക്കിടയില്‍ സങ്കല്‍പ്പങ്ങളിലൂടെ മാത്രം അവള്‍
നടന്നുകാണണം! വല്ലാത്തൊരു ചിരിയോടെയും ജാള്യതയോടെയും ഭാര്യയോട് പതുക്കെ - “നീയതൊന്നും
മറന്നില്ലേ? അവള്‍ക്കുണ്ടായിരുന്ന
താല്പര്യം എങ്ങനെയായിരുന്നുവെന്ന് ഞാന്‍ ഓര്‍ത്തുനോക്കിയതല്ലേ!” എന്ന് പറഞ്ഞയുടന്‍
തന്നെ “അതിന്റെയൊപ്പം, തേങ്ങയൊന്നു ചിരവിത്തന്നു
കൂടേ” എന്നായിരുന്നു മറുപടി.
ചിരവയുടെയും തേങ്ങയുടെയും ഇടയില്‍ പൊടിഞ്ഞുതിരാന്‍
സാധ്യതയുള്ള, ഏറെ നിരാശയോടെ ഒരിക്കല്‍
മാറിപ്പോയ, മഞ്ഞുപോലെ വിളര്‍ത്ത ദുഃഖഭരിതമായ കണ്ണുകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അസ്വസ്ഥത
തോന്നിയെങ്കിലും, ഫോണ്‍ ജന്നല്‍ക്കല്‍
വച്ചിട്ട് മുഖം കഴുകാനായി പുറത്തേക്കു നടന്നു.
മുറ്റത്തിറങ്ങിയപ്പോള്‍ത്തന്നെ കണ്ടു. തെങ്ങ്
നല്ലപോലെ കുലച്ചിരിക്കുന്നു. തിളങ്ങുന്ന ഇളംപച്ചയും വെള്ളയും ചേര്‍ന്ന്, തവിട്ടുനിറം കൂടിക്കലര്‍ന്ന്, കരിംപച്ചയോലകള്‍ക്കും
ഇളംപച്ച മടലുകള്‍ക്കുമിടയിലൂടെ താഴേക്ക് പുതിയ
മച്ചിങ്ങകള്‍ നോക്കിച്ചിരിക്കുന്നു. എത്ര പെട്ടെന്നാണ്
ഇവറ്റകള്‍ വളരുന്നത്?
പൈപ്പിനുചുവട്ടില്‍ മുഖം കഴുകിക്കൊണ്ടു നില്‍ക്കുമ്പോഴാണ്
റോഡിലൂടെ ഒരു കുതിരവണ്ടി പോകുന്നതു കണ്ടത്. അതൊരു സാധാരണ കാഴ്ചയല്ലല്ലോ. ഈ വഴിക്കൊന്നും
കുതിര പതിവില്ല. ടിപ്പര്‍ ലോറികള്‍ റോഡില്‍ ചിതറിച്ചുപോയ മണല്‍ത്തരികളില്‍ കാളവണ്ടിയുടെ
ഇരുമ്പുപട്ട പിടിപ്പിച്ച ചക്രങ്ങള്‍ അമര്‍ന്നുരഞ്ഞു ഞെരിയുന്ന ശബ്ദം കേട്ടിട്ടുതന്നെ
നാളുകളേറെയായി. തെല്ലൊരു കൗതുകത്തോടെ കുതിരവണ്ടിയുടെ പോക്കുനോക്കി. തോര്‍ത്തുകൊണ്ട്
മുഖം തുടച്ചിട്ട് ഗേറ്റിനടുത്തേക്കു നടന്നു. കുളമ്പടിശബ്ദത്തിന് സിനിമയില്‍ കേള്‍ക്കുന്ന
സുഖമൊന്നും തോന്നിയില്ലെങ്കിലും ഒറ്റനോട്ടത്തില്‍, കുതിരയുടെ കറുപ്പില്‍ അവിടവിടെയായി തവിട്ടുനിറത്തില്‍ നര ബാധിച്ചതു
കണ്ടു. നീണ്ട വാലിലെ രോമങ്ങള്‍ കാറ്റില്‍ അനുസരണയില്ലാതെ പാറിക്കളിക്കുന്നു. പുറകോട്ട്
മടങ്ങിപ്പൊങ്ങുന്ന പിന്‍കാലിനു മുകളില്‍, കുതിരയുടെ ചന്തി കുലുങ്ങുന്നതു നോക്കി, രണ്ടു ചക്രങ്ങളുള്ള ചെറിയ
വണ്ടിയിലിക്കുന്ന വണ്ടിക്കാരന്‍ തല കൊണ്ട് താളം പിടിക്കുന്നതുപോലെ തോന്നി.
“ഹാ! നിങ്ങളീ കുതിരയുടെ തിരത്തുള്ളല്‍ നോക്കി
നില്‍ക്കുകയാണോ” എന്നുള്ള ശബ്ദമാണ് ഉണര്‍ത്തിയത്.
അവള്‍ മുറ്റത്തു നില്‍ക്കുന്നു. അങ്ങോട്ട്
അധികം ശ്രദ്ധ കൊടുക്കണ്ട എന്നു കരുതി റോഡിലൂടെ പോകുന്ന കുതിരയെത്തന്നെ പിന്നെയും നോക്കി.
“പണ്ടെന്നോ പറഞ്ഞിട്ടുണ്ടല്ലോ വൈലോപ്പിള്ളിയുടെ
കവിതയെക്കുറിച്ച്. ആ മനക്കോട്ടയില്‍നിന്നൊന്നും മാറിയില്ലല്ലേ?”
അവളുടെ ചിരിയും ഓര്‍മ്മയും എന്നെ അതിശയിപ്പിച്ചു.
തേങ്ങ ചിരവാന്‍ ഇനിയും പറയുമോ എന്ന ആധിയില്‍
ഞാനൊന്ന് നിശ്ശബ്ദനായി. പാട്ടിലേക്കു ശ്രദ്ധിച്ചു. ഏറെ ഇഷ്ടപ്പെട്ട വരികളാണല്ലോ ഇപ്പോള്‍
കേള്‍ക്കുന്നത്.
നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ, നിഴൽ പോലെ വന്നു
ഞാനേഴഴകേ - ക്ലൗഡിലെ
പാട്ട്, മൊബൈലിന്റെ ശബ്ദപരിധിയെയും
ലംഘിച്ച് ഉയരുന്നുണ്ടെന്നു തോന്നി.
കൊള്ളാം, അപ്പുറത്ത് കുതിര, ഇപ്പുറത്ത് നളിനങ്ങള്‍! ആമസോണില്‍ ഇത്രയും ചോയ്സ് കിട്ടിയിരുന്നില്ലേ? അതോ തോന്നിയതാവുമോ? ആകെപ്പാടെ ആശയക്കുഴപ്പത്തില്‍
അകപ്പെട്ട് നിന്നുപോയി. ഡൗണ്‍ലോഡ് ചെയ്തെടുത്ത പുതിയ ആപ്പ് കൊള്ളാം.
ഗേറ്റിനരികെ നിന്നിരുന്ന എന്റെയടുത്തേക്ക്
വന്ന ഭാര്യയുടെ തോളില്‍ കൈവച്ച് നയനങ്ങളിലെന്ത് നീന്തിത്തുടിക്കുന്നുവെന്ന് നോക്കിയപ്പോഴാണ്
പാട്ടു നിന്നത്.
“ദാ, ഫോണടിക്കുന്നു. അത് കഴിഞ്ഞിട്ട്, ആ തേങ്ങ ചെരവാന്‍ മറക്കണ്ട.”
തുളസിച്ചെടിയില്‍നിന്ന് രണ്ടില പറിച്ചെടുത്ത്
കൈപ്പത്തികള്‍ക്കിടയില്‍ കൂട്ടിത്തിരുമ്മി, മണത്തുനോക്കി അകത്തേക്കുപോകുമ്പോള്‍ അവള്‍ക്ക് തേങ്ങയെക്കുറിച്ചല്ലാതെ
മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
“പ്രണയത്തിനിടയില്‍ കയറിവരുന്ന തേങ്ങയെക്കുറിച്ച്
ശ്ലഥകാകളിയില്‍ കവിതയെഴുതിയാലോ?”
എന്നുറക്കെ
വിളിച്ചു ചോദിച്ചു.
“തേങ്ങാ**” – എന്ന് രണ്ടക്ഷരം കുറച്ചുള്ള
മറുപടിയാണ് വന്നത്.
ഫോണ്‍ കുറച്ചുനേരത്തിനകം വിളി നിര്‍ത്തി.
വല്ല ബാങ്കുകാരും ലോണ്‍ ഓഫര്‍ പറയാന്‍ വിളിച്ചതായിരിക്കും.
കഴിഞ്ഞ ദിവസം ഗൂഗിളില്‍ ലോണുകളും തിരിച്ചടവുകളും ഓരോ ബാങ്കിനും എങ്ങനെയാണെന്ന് സെര്‍ച്ച്
ചെയ്തിരുന്നു. കൊവിഡിനുശേഷം വര്‍ഷമേറെ കഴിഞ്ഞിട്ടും ഒന്നുമങ്ങോട്ട് ശരിയായിട്ടില്ല.
ചിട്ടിയും വരുമാനവും തമ്മില്‍ ഒത്തുപോകുന്നില്ല. ഇനിയെന്തെങ്കിലും പുതിയ വഴി കൂടി നോക്കണം.
എടുത്തതുപലതും അടച്ചുതീരാനുണ്ട്. കിട്ടാനുള്ളതേറെ. അപ്പോഴാണ് എസ്ഐപിയുടെ കാര്യം ടിവിയില്‍
കേട്ടത്. വേഗത ഡിസ്ക്ലൈമറിനെ ഞെരിച്ചെങ്കിലും, അത് തള്ളിക്കളഞ്ഞ്, എങ്ങനെയെങ്കിലും ചേരണം എന്നൊരു ചിന്ത ഉള്ളില്‍ത്തിങ്ങിവന്നു.
പത്തുവര്‍ഷത്തിനകമെങ്കിലും എല്‍ഐസി മാത്രം നോക്കാതെ കാര്യങ്ങള്‍ നേരെയാക്കിയെടുക്കണ്ടേ?
മൊബൈലും ലാപ്ടോപ്പും
വെറുതെ സെര്‍ച്ച് ചെയ്താലും അവറ്റകള്‍ നമ്മുടെ മനസ്സറിയും. നിര്‍മ്മിതബുദ്ധിയൊരു വല്ലാത്ത
പരിപാടി തന്നെ. ഒന്നിലും സൈന്‍ഇന്‍ ചെയ്തില്ലെങ്കിലും അത് നമ്മളെ തിരിച്ചിങ്ങോട്ടു
തിരയും. ഇപ്പോഴാണെങ്കില്‍ എഐ വളരെ പോപ്പുലറാണെന്നാണ് സോഷ്യല്‍മീഡിയക്കാരുടെ ധാരണ. അതുപയോഗിച്ച്
ഏതു പ്രശ്നവും പരിഹരിക്കാമത്രേ. കൗതുകം കൊണ്ട് ഏതുകാര്യത്തിനും ഇതിനെ ഉപയോഗപ്പെടുത്താന്‍
തുടങ്ങിയപ്പോള്‍ അഭിരുചികള്‍ക്ക് സ്ഥാനമില്ലെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കുന്നു.
മനുഷ്യബുദ്ധിക്ക് പകരക്കാരനല്ലല്ലോ കണ്ടുപിടുത്തങ്ങള്‍. അതിനൊപ്പം പോകാനല്ലല്ലോ, കൂടെക്കൂട്ടാനല്ലേ ശ്രമിക്കേണ്ടത്? കുറച്ചു
കഴിയുമ്പോള്‍ അതും അവിടെയുണ്ട് എന്ന മട്ടിലാകും.
ദൂരെ ദൂരെ സാഗരം തേടി,
പോക്കുവെയില്‍ പൊന്‍നാളം... അവസ്ഥയ്ക്കനുസരിച്ച് അര്‍ത്ഥസമ്പുഷ്ടമായി, പാട്ട് പതിഞ്ഞ താളത്തില്‍
തുടങ്ങി. ശ്രദ്ധ ക്ലൗഡിലേക്കുമാറി. അപ്പോള്‍, ‘മഴനീര്‍ത്തുള്ളിയെ
മുത്തായ് മാറ്റും നന്മണിച്ചിപ്പിയെപ്പോലെ’ എന്ന വരികള്‍
എസ്ഐപിയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
കുതിരക്കാരനെവിടെപ്പോയി?
അയാളതാ കുറച്ചപ്പുറം
കടയുടെ മുന്നില്‍ നില്‍ക്കുന്നു. അവിടെ ആരോടോ സംസാരിക്കുന്നുണ്ട്. അയാളെന്തിനായിരിക്കും
അവിടെ നിന്നത്?
ഇതിനുമുമ്പ് ഇങ്ങനൊരു വണ്ടിയോ വണ്ടിക്കാരനോ ഈ ഭാഗത്തൊന്നും വന്നിട്ടില്ലല്ലോ
എന്ന അത്ഭുതമായിരുന്നു ബാക്കിനിന്നത്. കുതിരവണ്ടി വല്ലാതങ്ങ് ആകര്‍ഷിക്കുന്നു. എന്തായിരിക്കും
വണ്ടിയുടെ വരവിന്റെ കാര്യമെന്നറിയാനുള്ള ആഗ്രഹം തിക്കിത്തിരക്കി. എന്തായാലും കടയുടെ
മുന്നിലുണ്ടല്ലോ. അക്കാര്യത്തില്‍ കടക്കാരന്‍ കൊള്ളാം. പോകുന്നവരെയും വരുന്നവരെയും
നോക്കിനിന്ന്,
അവരുടെ മുഴുവന്‍ വിവരങ്ങളും തിരക്കി, കടയില്‍ വരുന്നവര്‍ക്കുമുന്നില്‍
റീല്‍സാക്കാന്‍ വല്ലാത്ത ആഗ്രഹമാണ്. അതുകൊണ്ട് കുതിരക്കാരന്‍ പിടിതരാതെ പോയാലും
പൊടിപ്പും തൊങ്ങലുമായി ചിലതെങ്കിലും കിട്ടാനുണ്ടാകും. മൊബൈലില്‍ ചൂണ്ടിയ ചിത്രം സ്റ്റാറ്റസിലുമുണ്ടാകും.
ഇനി അടുത്തെങ്ങാനും
വല്ല ഷൂട്ടിംഗോ മറ്റോ ഉണ്ടോ? ഈ ഗ്രാഫിക്സ് കാലത്തോ! ചാന്‍സേയില്ലെന്നുതന്നെ
പറയണം. പണ്ടൊരിക്കല്‍,
മൃഗയ സിനിമയുടെ ഷൂട്ടിംഗിനു കൊണ്ടുവന്ന പുലിയെ കണ്ടിട്ടുണ്ട്.
അതുപോലെ കുതിരയും വണ്ടിയുമൊക്കെയായി വല്ല കഥയും ഉണ്ടാക്കിക്കാണുമോ?
തുരുമ്പു കയറിയ ഗേറ്റു തുറക്കുമ്പോള്‍ വല്ലാത്ത
ശബ്ദം. കിരുകിരുപ്പ് അലോസരമുണ്ടാക്കിയതിനാല്‍ കുറച്ച് എണ്ണയിടണം എന്ന് ഒരിക്കല്‍ വിചാരിച്ചതാണ്.
പിന്നെ വേണ്ടെന്നുവെച്ചു. ആരെങ്കിലും പടി കടക്കുമ്പോള്‍ മനസ്സിലാക്കാന്‍ എളുപ്പമാണല്ലോ.
പടിക്കും വീട്ടിലെ ചുമരില്‍ പിടിപ്പിച്ച കോളിംഗ് ബെല്ലിനും ഇടയിലെ ദൂരം, ആഗതനെ സ്വീകരിക്കാനുള്ള
തയ്യാറെടുപ്പിനുള്ളതാണ്.
മാനസലോലാ,
മരതകവര്‍ണ്ണാ നീയെവിടെ എന്‍ മായക്കണ്ണാ എന്ന പാട്ടിന് റോഡരികില്‍വരെ
കേള്‍ക്കാന്‍ മാത്രം ശബ്ദമുണ്ടോ എന്ന അത്ഭുതത്തോടെയാണ് കുതിരക്കാരനെ നോക്കി ഗേറ്റിനു
പുറത്തേക്കിറങ്ങിയത്.
റോഡരികില്‍ നിന്നാല്‍ അയാളെ നല്ലപോലെ കാണാമ്പറ്റും.
കുതിരവണ്ടിക്ക് കടുംനീലനിറമായിരുന്നു. നീലം
കലക്കിയൊഴിച്ച പ്രതീതി. സിന്തറ്റിക് അള്‍ട്രാമറൈന്‍ നീലപ്പൊടിയില്‍ മുക്കിയെടുത്തതുപോലെ.
തുണിയുടെ മഞ്ഞപ്പ് തോന്നിക്കാത്തവിധം നീലവെളിച്ചം പ്രതിഫലിപ്പിക്കുന്ന വിദ്യയല്ല, ഇത് കടുംനീല തന്നെ; അതോ പ്രഷ്യന്‍ ബ്ലൂവോ? ചക്രങ്ങളില്‍ പതിച്ച
റബ്ബറിന്റെ കറുപ്പൊഴികെ, അതിന്റെ ഷാഫ്റ്റടക്കം എല്ലാം നീലയാണ്. എന്നാല്‍, കുതിരയുടെ മേലുള്ള
ടഗ്ഗും സാഡിലും ബ്രെസ്റ്റ് പ്ലേറ്റും കടുംപച്ചനിറത്തിലാണ്. നീലയിലും പച്ചയിലും നിറഞ്ഞുനില്‍ക്കുന്ന
കുതിരയും വണ്ടിയും.
പച്ചക്കുതിരയും നീലവണ്ടിയും.
വണ്ടിയെത്തന്നെ കുറച്ചുനേരം കൂടി നോക്കിനിന്നു.
‘മഥിതമധുരരസം കഥിതമുരളിയുമായി, രഭസവിലസതരം അണയുക നീ’ എന്നെത്തിയപ്പോള്‍
കടയിലേക്കു പോകുന്നതിനുപകരം, നിറവിന്യാസം കണ്ട് പെട്ടെന്നുണ്ടായ ആവേശത്തില്‍ കുതിരവിശേഷം
പറയാനായി അകത്തേക്കുകയറി. വഴിയില്‍ ചെടിച്ചട്ടിയൊരെണ്ണം അടിഭാഗം പൊട്ടി ചെരിഞ്ഞു വീണിരിക്കുന്നു.
കട്ടപിടിച്ച മണ്ണും പൊട്ടിയ വേരുമെല്ലാം ചിതറിയിരിക്കുന്നു. അതെടുത്തു വയ്ക്കുമ്പോള്‍, ഭാര്യ അടുക്കളയില്‍നിന്ന്
പുറത്തേക്കുവരുന്നതു കണ്ടു.
നടുവിന് ഷോക്കേല്‍ക്കാതെ, കുനിഞ്ഞിടത്തുനിന്നും
നിവര്‍ന്ന്, താരും തളിരും മിഴി പൂട്ടി, താഴെ ശ്യാമാംബരത്തിന്‍ നിറമായി എന്ന പാട്ടിനൊപ്പം
ചുവടുവച്ച്, ഭാര്യയുടെ അടുത്തേക്കുനീങ്ങിയപ്പോഴാണ്
വിടര്‍ന്നതിനുശേഷം കുറച്ചു സമയത്തിനകം പൊട്ടിവീണ പത്തുമണിപ്പൂവ് അവളുടെ കൈയില്‍ കണ്ടത്.
സങ്കടക്കടല്‍ ഇരമ്പിയ കണ്ണുകളോടെ, ഇത് നോക്കെന്നു പറഞ്ഞ്
അവള്‍ മുഖത്തേക്ക് നീട്ടിപ്പിടിച്ചപ്പോള്‍ കണ്ണിന്റെ ഫോക്കസ് പോയി.
“കാണുന്നില്ലല്ലോ, ശരിക്കു നോക്കട്ടെ.”
അവള്‍ നീട്ടിയ മൃദുവിരലുകളില്‍ തഴുകിത്തലോടി
അകലേക്ക് നീക്കിയ സമയം, ‘പാതിമയക്കത്തില്‍ നീയെന്റെ
ചുണ്ടത്ത് പുത്തിരി താളത്തില്‍ കൊത്തിയപ്പോള്‍’ എന്ന വരികള്‍ ഹൈപിച്ചിലെത്തി.
കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു. കുതിരക്കാരനെക്കുറിച്ചോര്‍ത്തെങ്കിലും തല്‍ക്കാലം
കഥ പറയേണ്ടെന്നു തോന്നി.
ചെടിച്ചട്ടിയിലെ മണ്ണ് കൈവെള്ളയില്‍ പറ്റിപ്പിടിച്ചിരുന്നു.
വാഷ്ബേസിനടുത്തേക്ക് നീങ്ങി. വെളുത്ത പോര്‍സ്ലൈയിനില്‍ ചെമ്പന്‍വരയുള്ള ചുഴിയായിത്തിരിഞ്ഞ്
വെള്ളവും മണ്‍തരികളും താഴേയ്ക്കു മാഞ്ഞു. കൈ കഴുകിയതിനുശേഷം അവളുടെ സാരിത്തലപ്പില്‍
തുടയ്ക്കാനായി പതുക്കെ അടുത്തേക്കെത്തി.
‘കണ്മഷി കലങ്ങിയോ, മാറത്തെ മുത്തിന്ന്
നാണം വന്നോ, ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ?’ എന്ന വരികള്‍ക്കൊപ്പം
ചോദ്യചിഹ്നം പോലെ നിന്നപ്പോള്‍ ഭാര്യയുടെ മുഖത്ത് നാണം വന്നെങ്കിലും, കുതിരയുടെ വിശേഷം പറയാന്‍
വന്നിട്ട് വേണ്ടെന്നുവച്ചത് കുഴപ്പമായല്ലോ എന്ന് സ്വയം ശാസിച്ച്, റൊമാന്‍റിക് മൂഡിനെ
മറ്റൊന്നാക്കാന്‍ കഷ്ടപ്പെട്ടു.
ഒന്നും
മിണ്ടിയില്ല. അവളെത്തന്നെ നോക്കി,
കടുംപിങ്കുനിറത്തിലുള്ള
പത്തുമണിപ്പൂവിനെ ഇളമാന്‍കിടാവിനെയെന്നപോലെ പതുക്കെത്തഴുകി പുറത്തേക്കുനടന്നു.
“നിങ്ങളിതെങ്ങോട്ടു പോകുന്നു?”
“ഇപ്പോള്‍ വരാം.”
ഗേറ്റു കടന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കുതിരവണ്ടി
കടയുടെ മുമ്പില്‍നിന്ന് നീങ്ങാന്‍ തുടങ്ങിയിരുന്നു. വേഗത്തില്‍ നടക്കുമ്പോഴാണ് ഫോണെടുത്തില്ലല്ലോ
എന്നോര്‍ത്തത്.
സാരമില്ല, ഉടനെ വരുമല്ലോ, ആരെങ്കിലും വിളിച്ചാല്‍ കാത്തിരിക്കട്ടെ. തിരിച്ചുവിളിച്ച് സമാധാനിപ്പിക്കാം.
പാട്ടുകേള്‍ക്കുമ്പോള്‍ ശബ്ദത്തിന്റെ ഉയര്‍ച്ചയെ വലിച്ചുതാഴ്ത്തി, മെസേജ് ടോണ്‍ വരുന്നതുപോലെ, കുതിരവണ്ടിയുടെ താളത്തിനിടയിലേക്ക്, ശല്യമാകാന്‍ സാധ്യതയുള്ള
ഫോണിനെ കുറച്ചുനേരത്തേക്ക് വെറുത്തു.
കടക്കാരന്റെ വിശേഷം പറച്ചില്‍ തീര്‍ന്നുകാണണം.
ഇത്രസമയം ഇയാളിതെന്താണ് പറഞ്ഞിട്ടുണ്ടാവുക!
നീങ്ങിത്തുടങ്ങിയ കുതിരവണ്ടിയുടെ അടുത്തെത്തി.
ഇടത്തോട്ടും വലത്തോട്ടും ആടിക്കൊണ്ടിരുന്ന
അതിന്റെ പുറകിലെ പടികളില്‍ ചവിട്ടുന്നതിനുമുമ്പേ വശങ്ങളിലെ കമ്പിയില്‍ പിടികിട്ടി.
ഇരുവശത്തേക്കും രണ്ടു കൈകളും നീട്ടി പിടുത്തം മുറുക്കി, തല മുന്നോട്ടാഞ്ഞ്
കാലുകളുറപ്പിച്ചു.
അകത്തേക്കു കയറിയതും ഇരുന്നതും കുതിരക്കാരന്‍
അറിഞ്ഞില്ലെന്നു തോന്നുന്നു. ചവിട്ടിക്കയറിയപ്പോള്‍ വണ്ടിയുടെ പിന്‍വശം താഴുകയും മുന്‍വശം
പൊങ്ങുകയും ചെയ്തു. എന്നിട്ടും, അതിന്റെ പ്രതികരണമൊന്നും കണ്ടില്ല. റോഡിന്റെ കയറ്റം
എന്നെ രക്ഷപ്പെടുത്തിയതാവണം. അയാളിപ്പോള്‍ ഞാന്‍ കയറിയ കാര്യമറിയണ്ട. സസ്പെന്‍സായിരിക്കട്ടെ!
കുറച്ചു കഴിയുമ്പോള്‍ വിളിച്ചുനോക്കാം.
നല്ല പതുപതുപ്പുള്ള ഇരിപ്പിടം. ത്രികോണാകൃതിയില്‍
വെട്ടിച്ചേര്‍ത്ത് തുന്നിയ നീലനിറത്തിലുള്ള റെക്സിന്‍ ഷീറ്റിനടിയില്‍ സ്പോഞ്ചുണ്ടാവണം.
വശങ്ങളില്‍ ചാരിയിരിക്കാനായി കുഷ്യന്‍ പതിച്ചിട്ടുണ്ട്. റോഡിലെ കുഴിയും വണ്ടിയുടെ കുലുക്കവും
തീരെ അറിയുന്നില്ല. മുകളില്‍നിന്ന് തൂക്കിയിട്ട ഫൈബര്‍ വട്ടങ്ങളില്‍ പിടിച്ച്, കാലുകള്‍ പുറത്തേക്ക്
തൂക്കിയിട്ടുവേണം ഇരിക്കാന്‍. പുറകിലേക്ക് നോക്കിയിരിക്കുമ്പോള്‍ താഴെ പിന്നിലേക്കു
പായുന്ന റോഡ് കാണാം. റബ്ബര്‍ക്കട്ട പിടിപ്പിച്ച ചക്രങ്ങള്‍ റോഡിലെ മണല്‍ത്തരികളില്‍
ഉരയുന്ന ശബ്ദം. മുന്നില്‍ നിന്ന് പുറകിലേക്ക് കുഴികളും കല്ലുകളും തെറിച്ചുപോകുന്നു.
കുതിരവണ്ടിക്കുപിന്നില്‍ സൈക്കിളുകളല്ലാതെ
വണ്ടികളൊന്നുമില്ല. ദൂരെനിന്ന് പെട്ടെന്ന് വന്നെത്തിയ കാറും ഓട്ടോറിക്ഷയും വണ്ടിയുടെ
വലതുവശത്തേക്ക് നീങ്ങിമാറി കടന്നുപോകുന്നു. കുതിരയുടെ താളവും വണ്ടിയുടെ കുലുക്കവും
ശ്രദ്ധിച്ചിട്ടും മറ്റു വണ്ടികള്‍ വേഗത കുറച്ചില്ല. ക്രിംസണ്‍ റെഡ് കളര്‍ കാറിലിരിക്കുന്നവര്‍
നീലനിറത്തിലുള്ള കുതിരവണ്ടിയുടെ പോക്ക് നോക്കിയെങ്കിലും അതിനൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടില്ല.
ചുവപ്പിന്റെ പാഷന്‍ വേറൊന്നാണല്ലോ. എല്ലാവരുമങ്ങനെ മാറിപ്പോവുകയാണ്.
കുലുങ്ങിക്കുലുങ്ങി ഇരിക്കാന്‍ രസമുണ്ട്.
കുഴികളില്‍ വീഴുമ്പോള്‍ വിറയ്ക്കുന്ന തടിക്കട്ടകള്‍. അവ പരസ്പരം ഉരയുന്ന ശബ്ദത്തിനൊരു
താളമുണ്ട്. വണ്ടിയുടെ അടിയില്‍ കെട്ടിത്തൂക്കിയ ചങ്ങലയുടെ ശബ്ദം കുതിരയുടെ കഴുത്തിലെ
മണിയുടെ താളത്തിനൊപ്പം കിലുങ്ങുന്നു. പാട്ടൊന്നുമില്ലാതിരുന്നിട്ടും, കുലുക്കത്തിന്റെ താളത്തിലാറാടി
‘ഞാറ്റുവേല കാറ്റടിച്ചോ’ എന്നോര്‍ത്ത്, തല നേരെയുറപ്പിച്ച്, പുറകിലേക്ക് നോക്കി.
അസാധാരണമായ കാഴ്ചയാണല്ലോ അത്. വേഗത കൂടിക്കൂടി
വന്നതിനാല്‍, ബ്രഷിട്ടു വലിച്ചതുപോലെ
നിറങ്ങള്‍ വലിഞ്ഞുനീങ്ങുന്നതിനിടയില്‍ ഫ്രീസായി നില്‍ക്കുന്ന മറ്റൊരു നിറം. കുതിരവണ്ടിയുടെ
ഒപ്പത്തിനൊപ്പം വരുന്നതിനാല്‍ നിശ്ചലമായിപ്പോയ കാഴ്ച. വലതുവശത്തേക്ക് എല്ലാ വണ്ടികളും
നീങ്ങി മാറി വേഗം കൂട്ടുമ്പോള്‍ അങ്ങനെ ചെയ്യാതെ വരുന്ന ഇവനാരാണ്? ഇത്ര പതുക്കെ ഇതുപോലുള്ള
വണ്ടികള്‍ പോകാറില്ലല്ലോ.
ഫ്ലൂറസെന്റ് പച്ചനിറത്തിലുള്ള യന്ത്രക്കുതിരയില്‍
മുന്നോട്ടുകുനിഞ്ഞിരുന്ന് വന്നുകൊണ്ടിരുന്ന ഹെല്‍മറ്റ് വയ്ക്കാത്ത ചെക്കന്‍ കുതിരവണ്ടിയുടെ
വേഗതയ്ക്കൊപ്പം പതുക്കെപ്പതുക്കെ പിന്നിലൊതുങ്ങി. ഹെയര്‍ബാന്റിട്ട് ഒതുക്കിയ മുടിയും
വയലറ്റ് ടീഷര്‍ട്ടും ഡെനിം ബ്ലൂ ജീന്‍സും. വലിയ കട്ടകള്‍ പിടിപ്പിച്ച ബീജ് നിറത്തിലുള്ള
ഷൂസ് കൊണ്ട്, ഗിയര്‍ ലിവര്‍ താഴേക്കും
മുകളിലേക്കും പതുക്കെത്തള്ളി വേഗം നിയന്ത്രിക്കുന്നു. അവനെ നോക്കുമ്പോഴാണ് മനസ്സിലായത്, അവന്‍ വണ്ടിയെയും വണ്ടിയിലിരിക്കുന്ന
എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇവനാരെടാ എന്ന് കണ്ണുരുട്ടി, സ്വന്തം കുതിരവണ്ടിയിലെ യാത്രക്കാരനാണെന്ന മട്ടില്‍ രൂക്ഷമായി നോക്കി. ഭാവം
മാറ്റി വണ്ടിയുടെ താളത്തിനൊപ്പം തലയാട്ടുമ്പോള്‍, കുതിരവണ്ടിക്കാരന്‍ പുറകിലേക്ക് തിരിഞ്ഞുനോക്കിയെന്നു മനസ്സിലായി.
അയാള്‍ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. അയാളറിയാതെ അതിനകത്ത് കയറിക്കൂടിയ എന്നെക്കണ്ട് ഞെട്ടിക്കാണും. അയാള്‍ എങ്ങനെ പ്രതികരിക്കുമെന്ന
ചിന്ത ഉള്ളില്‍ അലച്ചു പൊങ്ങി. പക്ഷെ, ഒന്നുമുണ്ടായില്ല. എന്റെ തോളിനു മുകളിലൂടെ യന്ത്രക്കുതിരയില്‍
വന്നിരുന്നവനോട് അയാളെന്തോ ആംഗ്യം കാണിച്ചതിനാലാവണം, അവന്‍ കൈയുയര്‍ത്തിയത്.
ആ ആംഗ്യത്തിനൊരു പിശകുണ്ടല്ലോ. ഇനി ഇവന്‍
പുറത്തുപോകാതെ നോക്കിക്കൊള്ളാം എന്നാണോ അവര്‍ തമ്മില്‍ പറഞ്ഞത്?
അതെ, അങ്ങനെത്തന്നെയാവും.
എന്റെയുള്ളില്‍ വല്ലാത്തൊരു ഭയം കടന്നുകൂടി.
കാലുകള്‍ക്കടിയില്‍ നിന്ന് മുകളിലേക്ക് കയറുന്ന പെരുപ്പ്. തലയ്ക്കുള്ളില്‍ ചൊറിഞ്ഞുകുത്തുന്നതുപോലെ.
ഇപ്പോഴെന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. രണ്ടുപേര്‍ പരസ്പരം സംവദിക്കുന്നതിനിടയില്‍
അറിയാതെ പെട്ടുപോയവന്റെ അവസ്ഥയെന്നല്ല, അവരിരുവരും ലക്ഷ്യംവയ്ക്കുന്ന ഒരേയൊരു പോയന്റായി മാറിയതിന്റെ
അസ്വസ്ഥത. കുതിരവണ്ടിക്ക് വേഗം കൂടുന്നുണ്ട്. ചുറ്റിനും നേരത്തേ കണ്ട വലിച്ചുവാരിയിട്ട ചായങ്ങള്‍ക്കിടയിലേക്ക് വെള്ളമൊഴിച്ചു
തെറിപ്പിക്കുന്നു. വഴിയിലെ കല്ലും കുഴിയുമൊന്നും പ്രശ്നമല്ലെന്നു തോന്നുന്നു. ഇനി വിചാരിച്ചാല്‍ത്തന്നെ
കയറിയതുപോലെ ഇറങ്ങാന്‍ പറ്റില്ല.
‘It ain't my fault you keep turning me on’ - കുതിരവണ്ടിക്കാരന്റെ
മൊബൈലിലെ റിംഗ്ടോണ്‍ കേട്ട് അമ്പരന്നിരിക്കാനേ കഴിഞ്ഞുള്ളൂ.
മറ്റാരുമല്ല, ഞാന്‍ തന്നെയാണ് കാരണം! തടസ്സങ്ങളെത്തള്ളിമാറ്റി
മുന്നോട്ടുപോകുന്നതാരാണ്? താഴെ വീണവരല്ലെന്നു തീര്‍ച്ച. തടസ്സമുണ്ടാക്കുന്നവര്‍തന്നെയാണ്
വേഗം കൂട്ടുന്നത്.
ചെക്കന്‍ ചാഞ്ഞും ചരിഞ്ഞും കുതിരവണ്ടിക്കൊപ്പം
തന്നെ വരുന്നു. രണ്ടു ചക്രത്തിന്റെ ബാലന്‍സില്‍ കുതിരവണ്ടിയുടെ വേഗത്തിനൊപ്പം നില്‍ക്കാന്‍
അവന്‍ റോഡില്‍ വളഞ്ഞ വരകള്‍ വരയ്ക്കുന്നു.
ഇവനെന്താണീ ചെയ്യുന്നത്?
യന്ത്രക്കുതിരയില്‍നിന്ന് ചെക്കന്‍ ചില പേപ്പറുകള്‍
ഉയര്‍ത്തിക്കാണിക്കുന്നു. പരിചയമുള്ള ലേ ഔട്ടാണല്ലോ! ചുവപ്പും മഞ്ഞയും കറുപ്പുമുള്ളവ.
ഏതോ ഫയലിനിടയില്‍ നിന്നെടുത്തതുപോലെ ചുളിവുകളില്ലാത്തവ. ചെക്കന്‍ വളരെ അടുത്തെത്തി.
വലതുകൈയില്‍ ആക്സിലേറ്റര്‍ കണ്‍ട്രോളുചെയ്ത് ഇടതുകൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
കാറ്റത്ത് വിറയ്ക്കുന്ന പേപ്പറിലേക്ക് സൂക്ഷിച്ചുനോക്കി.
കുനുകുനായെന്ന് അച്ചടിച്ച, നിറയെ ആല്‍ഫബെറ്റുകള്‍ക്കിടയില്‍
പട്ടികപ്പെടുത്തിയ അക്കങ്ങള്‍. ദൂരം കുറഞ്ഞു വരുന്നു. അവ ഓരോന്നായി അവര്‍ക്കിടയില്‍
തെളിയുന്നു. അക്കങ്ങള്‍ ചലിക്കുന്നുണ്ട്. പേപ്പറില്‍നിന്ന് പൊഴിയുന്ന അക്കങ്ങളുടെ തിളക്കം
നോക്കി, അത് പിടിച്ചെടുക്കാനായി
കുനിഞ്ഞപ്പോള്‍ കുതിരക്കാരന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പുറകിലേക്കുവലിച്ചു.
തല പുറകിലേക്കു താഴ്ന്നുപോകുമ്പോഴാണ് യന്ത്രക്കുതിരയുടെ
പിന്നിലായി ആ കാഴ്ച കണ്ടത്. തീരെ പ്രതീക്ഷിക്കാത്ത ദൃശ്യമായിരുന്നു. നിറയെ
ഇതളുകളുള്ള വലിയ പൂവ് പാറിക്കളിക്കുന്നതുപോലെ നിറങ്ങള്‍ ഓളമിട്ട് ഉയരുന്നു. അവനതറിയുന്നില്ലേ?
പെട്ടെന്ന്, പയ്യന്‍ അസ്വസ്ഥതയോടെ
തല പുറകോട്ട് തിരിച്ചു.
അവന്റെ കൈയിലിരുന്ന പേപ്പറുകള്‍ ആകാശത്തേക്ക്
പറന്നുയര്‍ന്നു. ബാലന്‍സ് നഷ്ടപ്പെട്ട അവനൊന്നു കുലുങ്ങി. ബൈക്കിനു പുറകിലായി ഉയര്‍ന്നു
പൊങ്ങിപ്പറക്കുകയാണ് പുഷ്പലത. രണ്ടു കൈകളും ബൈക്കിനു പിന്നിലെ വണ്ണമുള്ള പച്ചക്കമ്പിയില്‍
പിടിച്ചിട്ടുണ്ട്. സാരിയുടെ മുന്താണിയും ഊര്‍ന്നുപോയ ഭാഗങ്ങളും മുടിയും പിന്നിലേക്ക്
പറക്കുന്നു. അവളുടെ ചുണ്ടുകള്‍ക്കു നടുവിലായി, തിളക്കമുള്ള കടുംപിങ്ക് നിറം, പത്തുമണിപ്പൂവാണ്. പുഷ്പലതയുടെ ഭാരത്തില്‍ വണ്ടിയുടെ വേഗം കുറയുന്നുണ്ട്.
രക്ഷപ്പെടാനായി, ആക്സിലേറ്ററിലമര്‍ന്ന
വലതുകൈപ്പത്തി താഴ്ത്തി, വേഗത്തില്‍ തിരിക്കാന്‍
ശ്രമിക്കുന്ന പയ്യന്‍.
തല പിന്നിലേക്ക് വലിയുന്നുണ്ടായിരുന്നു.
കുതിരക്കാരന്‍ കഴുത്തിനുപിന്നില്‍നിന്ന് പിടി വിടുന്നില്ല. കുതറാന്‍ ശ്രമിക്കുമ്പോള്‍
പിടി മുറുകുകയാണ്. ബൈക്ക് അകന്നകന്നു പോകുന്നുണ്ടോ? ബൈക്കിന്റെ വേഗം കുറയുന്നതിനൊപ്പം, കുതിരയുടെ വേഗം കൂടുന്നതായിത്തോന്നി.
അയാള്‍ വല്ലാത്തൊരു ശബ്ദമുണ്ടാക്കി. കുതിരയിപ്പോള്‍ ഗാലപ്പ് പോസിലാണ്. നാലു കാലുകളും
ഒരേസമയം അന്തരീക്ഷത്തില്‍ ഉയരുന്നുണ്ടാവണം. വേഗം കൂടിക്കൊണ്ടിരിക്കുന്നു. അയാളാവട്ടെ, കുതിരയെ നിയന്ത്രിച്ചിരുന്ന
തുകല്‍ബെല്‍റ്റ് ഇടതുകൈ കൊണ്ട് വിറപ്പിക്കുകയും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.
It ain't my fault... കുതിരക്കാരന്റെ മൊബൈല്‍ റിംഗ്ടോണ്‍ ഉച്ചസ്ഥായിയിലായി. വല്ലാത്തൊരു ശബ്ദത്തോടെ അത് വണ്ടിയ്ക്കുള്ളിലും ചെവിയിലും മുഴങ്ങി. ഡ്രമ്മും ട്രംപറ്റും ഗിത്താറും മറ്റുപകരണങ്ങളും മുഴങ്ങിത്തെന്നുന്നു. ഇപ്പോള്‍ കഴുത്തില്‍നിന്ന് കുതിരക്കാരന്റെ പിടി അയയുന്നു. പുറകോട്ടു വലിച്ചുപിടിച്ച കഴുത്തില്‍നിന്നും അയഞ്ഞ അയാളുടെ വലതുകൈ ഫോണിലേക്ക് നീണ്ടു. സ്വതന്ത്രമായ കഴുത്തോടെ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ തുറിച്ച കണ്ണുകളോടെ ഫോണിലേക്കു നോക്കുന്നതും അതെടുത്ത് പുറത്തേക്ക് വീശുന്നതും കണ്ടു. തൊട്ടടുത്ത നിമിഷം ബൈക്കില്‍നിന്ന് ഒറ്റക്കൈയില്‍ പൊങ്ങുന്ന പുഷ്പലതയെ കണ്ടു. മേഘാവൃതമായ ഇരുണ്ട ആകാശത്തേക്ക് തെറിച്ചു പൊങ്ങുന്ന ഫോണിന്റെ തിളക്കത്തിനും ശബ്ദത്തിനുമൊപ്പം മുകളിലേക്കു പാളിയ നോട്ടത്തില്‍, അവളുടെ നീണ്ടുവിടര്‍ന്ന നഖങ്ങളും അകറ്റിപ്പിടിച്ച വിരലുകളുമാണ്, വ്യഗ്രതയോടെ വെര്‍ട്ടിക്കല്‍ ഫ്രെയിമില്‍ വന്നത്. എന്നിട്ടും, കണ്ണിന്നുള്ളില്‍ നീ കണ്മണി, കാതിന്നുള്ളില്‍ നീ തേന്മൊഴി എന്ന് താളത്തില്‍ തലവെട്ടിച്ച് പാടാനാണ് തോന്നിയത്.
(wtplive-ല്‍ പ്രസിദ്ധീകരിച്ചത്)

No comments:
Post a Comment