വിലാസിനി ടീച്ചറുടെ ഏഴാം ക്ലാസ്സിൽ മലയാളപാഠാവലി കേട്ടിരിക്കുന്ന സമയത്താണ് കേരളമെന്ന സംസ്ഥാനത്തിന്റെ വലിപ്പത്തെക്കുറിച്ച് എനിക്ക് ശരിയായ ബോധമുണ്ടായത്. മേശയ്ക്ക് പിന്നിലുള്ള കസേരയിൽ ഇരുന്ന് ഹാജർ വിളിച്ചു കഴിഞ്ഞതിന് ശേഷം, പുസ്തകമെടുത്ത് കസേരയുടെ പുറകിൽ നിന്ന് കസേര മേശയോട് ചേർത്ത് ചരിച്ച് നിന്നിട്ടാണ് വിലാസിനി ടീച്ചർ ക്ലാസ്സെടുക്കുക. നല്ല രാജ്യം എന്ന കവിതയിൽ "കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണ്ണാന്തമായ് തെക്ക് വടക്കുനീളെ അന്യോന്യമംബാശിവർ നീട്ടി വിട്ട കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം" എന്ന് പഠിപ്പിക്കുമ്പോൾ വീട്ടിൽ നിന്ന് സ്‌കൂളുവരെയുള്ള ദൂരത്തിനപ്പുറം കന്യാകുമാരിയും ഗോകർണ്ണവും ഉണ്ടെന്നും ചുറ്റുപാടും മലകൾ നിറഞ്ഞതിനാലാണ് അതൊന്നും കാണാൻ കഴിയാത്തതെന്നും രജിത്കുമാർ എന്ന എന്റെ സുഹൃത്തുമായി ഞാൻ ചർച്ച ചെയ്ത് കണ്ടെത്തി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ നിന്നും സിനിമ കാണാൻ വേണ്ടി പോകുന്നതും അങ്ങനെ കാണുന്ന സിനിമകളിലെ കാഴ്ചകൾ കേരളത്തിന്റെ വിശാലമായി ഭൂപടത്തിന്റെ ഒരംശം മാത്രമാണെന്നും രജിത്കുമാർ എന്റെ ചർച്ചകളെ ശരിവെച്ചു കൊണ്ട് പറഞ്ഞു.
ഈ ചർച്ചകളിലൊന്നും പങ്കെടുക്കാത്ത ചില സുഹൃത്തുക്കളും ഞങ്ങൾക്കുണ്ടായിരുന്നു. അവരാവട്ടെ ഒഴിവ് സമയങ്ങളിൽ സ്‌കൂളിനെതിർവശത്തുള്ള പ്രാഞ്ചിയമ്മാവന്റെ പെട്ടിക്കടയിൽ പോകുന്നവരും മൈദ കൊണ്ടുണ്ടാക്കുന്ന ചൗചൗ മുട്ടായി വാങ്ങിത്തിന്നുന്നവരും അതുകൊണ്ടുതന്നെ രജിത്കുമാറിന് ഇഷ്ടമില്ലാത്തവരും ആയിരുന്നു. രജിത്കുമാറിന്റെ ഇഷ്ടക്കേട് അവരോടായിരുന്നില്ല. അവർ തിന്നുന്ന മുട്ടായിയോടായിരുന്നു. മുട്ടായി തിന്നാത്ത സമയത്തൊക്കെ അവൻ അവരോട് മിണ്ടാൻ താല്പര്യം കാണിച്ചിരുന്നു. എന്നാൽ അതേ കടയിൽ നിന്നു തന്നെ ഇലഞ്ചിമുട്ടായിയും ഇലഞ്ചിവടയും ഇലഞ്ചിപ്പൊടിയും തിന്നാൻ രജിത്കുമാർ മടിച്ചിരുന്നില്ല. മാത്രമല്ല, നീളത്തിലുള്ള കഷണങ്ങളായി മുറിച്ചുവെച്ച മാങ്ങയും പൈനാപ്പിളും, അതോടൊപ്പം മുളകുപൊടിയും ഉപ്പും കൂട്ടിയുണ്ടാക്കിയ മിശ്രിതം വിതറി നൽകുന്നത് തിന്നാനും രജിത്കുമാറിന് ഇഷ്ടമായിരുന്നു.
പലപ്പോഴും ക്ലാസിലെ കുട്ടികളിൽ ഏറ്റവും നന്നായി പഠിക്കുന്നവൻ എന്ന ഇമേജ് രജിത്കുമാർ നേടിയെടുത്തിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും റാങ്ക് നേടുന്നവർക്ക് ഷർട്ടിൽ കുത്താൻ കൊടുക്കുന്ന I, II, III എന്ന അക്ഷരങ്ങൾ പതിപ്പിച്ച പ്ലാസ്റ്റിക് വട്ടങ്ങൾ രജിതിന് ഇഷ്ടമായിരുന്നെങ്കിലും ആ മെഡലുകൾ ഒരിക്കലും സ്വന്തം ഷർട്ടിൽ കുത്തുന്ന രീതിയിൽ മാർക്ക് നേടാൻ അവന് കഴിഞ്ഞിരുന്നില്ല.
ഞങ്ങളുടെ ക്ലാസ്സിൽ എല്ലാവരും സഹതാപത്തോടെ നോക്കിയിരുന്ന ഒരാളുണ്ടായിരുന്നു. സുധാകരൻ. സുധാകരന്റെ ഒരു കാലിന് അല്പം മുടന്തുണ്ടായിരുന്നു. ശെൽവപാളയത്ത് നിന്ന് ക്ലാസ്സിലേക്ക് വന്നിരുന്ന സുധാകരന്റെ വീട്ടിൽ ആരൊക്കെയാണുള്ളതെന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. കറുത്ത് മെലിഞ്ഞ് ആരോഗ്യം തീരെയില്ലെന്ന് തോന്നിക്കുന്ന ഒരു രൂപമായിരുന്നു സുധാകരന്റേത്. എപ്പോഴും ക്ലാസ്സിലെ പിൻബഞ്ചിൽ മാത്രം ഇരിക്കുകയും അധികമാരോടും വർത്തമാനം പറയുകയും ചെയ്യാത്ത സുധാകരന് എന്നെയും രജിത്കുമാറിനെയും വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ പേനയും മഷിയും പോലെയാണെന്നാണ് സുധാകരൻ പറയാറ്. അതിന് അവൻ കണ്ടുപിടിച്ച ന്യായവും രസകരമായിരുന്നു. പേനയില്ലാതെ മഷിയില്ല, മഷിയില്ലാതെ പേനയില്ല. പേനയും മഷിയുമില്ലാതെ സ്‌കൂളില്ല, സ്‌കൂളില്ലെങ്കിൽ നമ്മളുമില്ല. നമ്മൾ സ്‌കൂളിൽ മാത്രമാണ് നമ്മളായി മാറിയത്.
സുധാകരന്റെ മുഷിഞ്ഞുപോയ നിക്കറിന്റെ പുറകുവശത്ത് ഒരു പോക്കറ്റും അതിൽ വീർത്തിരിക്കുന്ന കുറേ കടലാസ്സുകളും ഉണ്ടെന്ന് ഒരു ദിവസം രജിത്കുമാർ രഹസ്യമായി എന്നോട് പറഞ്ഞു. അതെന്താണെന്നറിയാൻ വേണ്ടി ആര് ചോദിക്കുമെന്ന് തർക്കമായി. കാരണം, സുധാകരന്റെ രഹസ്യങ്ങളിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ക്ലാസ്സിലെ വില്ലനല്ലെങ്കിലും, അത്യാവശ്യം കാര്യങ്ങളിലൊക്കെ ഇടപെടുന്ന സോജോയോട് ഇക്കാര്യം പറഞ്ഞാലോ എന്നായി ഞങ്ങളുടെ ചർച്ച. അവനാകുമ്പോൾ കുറച്ച് ആധികാരികമായി കാര്യങ്ങൾ സംസാരിക്കും. അവന്റെ അച്ഛനും അമ്മയും വലിയ ഓഫീസർമാരാണത്രേ. മാത്രമല്ല, സ്‌കൂളിലെ പി.ടി.എയിലും മറ്റും വലിയ സ്വാധീനമുള്ള ആളുകളുമാണ്.
'അയിന്റെയൊര് തണ്ട് അവനിണ്ട്. പക്ഷേങ്കി, ചോയിക്കുമ്പോ കാര്യായിട്ട് ചോയിച്ച് മനസ്സിലാക്കും.'
ഞാൻ പറഞ്ഞു.
'ചോയിച്ച് നോക്കാല്ലേ... അന്നവൻ പറഞ്ഞത് നീ കേട്ടോ, അവന്റെ വീട്ടില് ടീവീണ്ടത്രേ. എല്ലാക്കാര്യങ്ങളും അതില് കാണാമ്പറ്റുവത്രേ. കൊട്ടകേല് സിലിമ കാണണ പോലെ. വെർതെ പറയ്യ്വാരിക്കും.' രജിത്കുമാർ കുറച്ച് നീരസത്തോടെയാണ് അത് പറഞ്ഞത്.
സൂസന്ന മിസ്സ് ക്ലാസ്സിൽ വന്നപ്പോൾ ടീവീടെ സ്റ്റേഷൻ തൊറക്കണത് റേഡിയോയിലെ പോലെ ശബ്ദം മാത്രമായിട്ടല്ലെന്നാണ് പറഞ്ഞത്. ദൂരദർശൻ എന്ന് എഴുതിക്കാണിക്ക്‌ണേന് മുന്നേ കൊറേ വട്ടങ്ങള് ങ്ങനെ വരൂവത്രെ. ചൊവന്ന കളറില്. 'ടീവീന്ന് പറഞ്ഞാല് ഹിന്ദി ബാഷ പടിക്കാൻ പറ്റിയ സാധനമാണെന്ന് ടീച്ചറ് അന്ന് പറഞ്ഞില്ലേടാ...' ഞാൻ വെറുതെ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
കാരണം മാതാ കോവിൽ തെരുവിന് എതിർവശത്തുള്ള ബി.പി.എൽ എന്നെഴുതിയ ടീവീക്കടയിൽ ടീ.വി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ശാസ്ത്രകൗതുകം എന്ന പുസ്തകത്തിൽ ടിവിയുടെ ചിത്രവും കണ്ടിട്ടുണ്ട്. ദൂരെ എവിടെയോ നടക്കുന്ന കളി അതേസമയം തന്നെ ടീവീയിൽ കാണാൻ പറ്റും എന്ന് വിശദീകരിക്കുന്ന ഒരു പടവുമുണ്ട്. കളി നടക്കുന്ന സ്ഥലത്തുനിന്ന് ചിത്രം തലതിരിഞ്ഞ് വന്ന് ടിവിയിൽ തരംഗങ്ങളായി കയറിക്കൂടുന്നുവെന്നാണ് വിശദീകരണം. എന്നാൽ ബി.പി.എൽക്കടയിൽ കണ്ട ടിവിയെല്ലാം നിറങ്ങളില്ലാത്തതായിരുന്നു. ബ്ലാക് ആന്റ് വൈറ്റ്. പക്ഷേ, ഓരോ സ്‌ക്രീനിനു മുന്നിലും ഓരോ നിറത്തിലുള്ള ഗ്ലാസ്സുകൾ പിടിപ്പിച്ചിട്ടുണ്ട്. നീല, പച്ച, ഇളം തവിട്ട് നിറം, മഞ്ഞ അങ്ങനെ. അമ്പലത്തിലെ ഉത്സവത്തിന്റെയന്ന് രാത്രീല് നാടകം നടക്കുമ്പോ നെറം മാറണ പോലെ. വട്ടത്തിലുള്ള ഒരു കാർഡ്‌ബോർഡിന്റെ ചുറ്റുമുള്ള ആറു തുളകളിൽ ഒട്ടിച്ചുവെച്ച തിളങ്ങുന്ന വർണ്ണക്കടലാസ് അതിന്റെ പുറകിൽക്കൂടി വരുന്ന ലൈറ്റിന്റെ നിറം മാറ്റുന്നത് കാണാൻ ബഹുരസമാണ്. സ്റ്റേജിന്റെ രണ്ടു വശത്തും തലയിൽക്കെട്ടും കെട്ടി ഓപ്പറേറ്റർമാര് അതങ്ങനെ നിന്ന് തിരിക്കും. ഡാൻസൊക്കെ നടക്കുന്ന സമയത്ത് സ്റ്റെപ്പിന് സ്പീഡ് കൂടുമ്പോൾ ലൈറ്റ് സ്പീഡിൽ കറക്കും. കളറങ്ങനെ മാറി, മാറി, മാറി, മാറി... രസം തന്നെ രസം. ചക്കാന്തറയിലെ ചന്ദ്രന്റെ ഡിസ്‌കോ ഡാൻസിനാണ് പുതിയൊരു ലൈറ്റ് കണ്ടത്. ഡിസ്‌കോ ലൈറ്റാണത്രേ... വെള്ള ലൈറ്റ് വേഗം വേഗം വേഗം കത്തിയും കെട്ടും കത്തിയും കെട്ടും കത്തിയും കെട്ടും മിന്നിത്തെളങ്ങുമ്പോൾ ചന്ദ്രൻ ചാടുകയാണോ എന്നാണ് തോന്നിയത്. ഐയാമേ... ഡിസ്‌കോ ഡാൻസർ... എന്ന പാട്ട് കേട്ട് നാട്ടിലെ പിള്ളാര് മുന്നിലിരുന്ന് തുള്ളിയപ്പോൾ കുപ്പായത്തിൽ വട്ടക്കടലാസ് കുത്തിയ ഏട്ടമ്മാര് വന്ന് തലയിൽ മേടി. മിണ്ടാണ്ടിരിക്കെടാന്ന് പറഞ്ഞിട്ട്. അടുത്ത വീട്ടിലെ സ്വാമിനാഥൻ എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ പിന്നെയും തുള്ളി. ഏട്ടമ്മാര് അവനെ കൈയിൽ തൂക്കിയെടുത്ത് അച്ഛന്റെ അടുത്ത് കൊണ്ടുചെന്നാക്കി. കൈലിയും തലയിൽക്കെട്ടുമായി ഇരുന്നിരുന്ന അവന്റെ അച്ഛൻ തലയിലെ കെട്ടൂരി, കൈവീശി അവന്റെ ചന്തിക്ക് രണ്ട് അടി കൊടുത്ത് ഓടെടാ... വീട്ടിലിക്ക് എന്ന് പറഞ്ഞു. സ്വാമിനാഥൻ വലിയവായിൽ നെലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി. പെമ്പിള്ളാരൊക്കെ ചിരിച്ചു. അവൻ ഓടുന്ന ഓട്ടത്തിനിടയിൽ ഒരു കല്ല് ഞങ്ങളുടെ നേരെ വലിച്ചെറിഞ്ഞു. ഈ സമയത്തൊക്കെ ചന്ദ്രന്റെ ഡിസ്‌കോ ഡാൻസ് പൊടി പൊടിക്കുകയായിരുന്നു.
'ഡാ... ഉണ്ണിക്കൃഷ്ണാ... ഇദെറാ... സോജോ വരുന്നു'. രജിത്കുമാറാണ്.
'എവ്‌ടെ?' ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എണീറ്റതുപോലെ ചോദിച്ചു.
'ദാ... പിന്നാമ്പൊറത്തുക്കൂടെ വര്ണ്ണ്ട്. നീ പേടിക്കെണ്ടറാ, ഞാൻ ചോയിക്കാം. സുധാകരന്റെ പിന്നിലെ പോക്കറ്റിൽ കുത്തിനെറച്ചിരിക്കണത് യെന്താന്ന്?'
ഞാൻ ഇതിൽ ഇടപെടുന്നില്ല എന്ന രീതിയിലാണ് ഇരുന്നത്. കാരണം, നേരിട്ട് ചെയ്യാൻ വയ്യാത്തത് വേണ്ട എന്ന നിലപാടായിരുന്നു എനിക്ക്. എന്തിന് ഇത്തരം കാര്യങ്ങൾക്ക് മറ്റൊരാളിന്റെ സഹായം തേടണം? നമുക്ക് കഴിയില്ലെങ്കിൽ ചെയ്യാതിരിക്കുക. അത്രയും മതി. എന്റെ ബാഗിൽ പുതിയ ലക്കം ബാലരമയും പൂമ്പാറ്റയും ചിത്രമഞ്ജൂഷ ചിത്രകഥയും ഉണ്ടായിരുന്നു. രജിതിന്റെ ബാഗിലാവട്ടെ ബാലമംഗളവും മുത്തശ്ശിയും. അതു കൂടാതെ കണ്ണാടി വിശ്വനാഥന്റെ ഇരുമ്പുകൈ മായാവി എന്ന കഥാപുസ്തകവും അവന്റെ കൈയിലുണ്ട്. ആ പുസ്തകം വായിക്കരുത്, കുട്ടികൾ പേടിക്കും എന്നാണ് ടീച്ചർ ക്ലാസ്സിൽ പറഞ്ഞത്. കുറച്ചുകൂടി വലുതായിട്ട് അതൊക്കെ വായിച്ചാൽ മതി എന്നും കൂട്ടിച്ചേർത്തിരുന്നു വിലാസിനി ടീച്ചർ. ഡിറ്റക്ടീവ് കഥകളോട് ടീച്ചർക്ക് അല്ലെങ്കിലും വലിയ ഇഷ്ടക്കേടാണ്. രണ്ടുമൂന്നുതവണ പറഞ്ഞിട്ടും മനോഹരൻ അത് ക്ലാസ്സിൽ കൊണ്ടുവന്നതിനാൽ അന്നൊരിക്കൽ അവന് അടി കിട്ടിയതുമാണ്. മാത്രമല്ല, ഇനി കൊണ്ടുവന്നാൽ പുസ്തകം പിടിച്ചെടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മനോഹരൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു. ഫാന്റത്തിന്റെയും മാൻഡ്രേക്കിന്റെയും സ്‌പൈഡർമാന്റെയും ചിത്രങ്ങൾ മനോഹരൻ വരയ്ക്കുന്നതുപോലെ വരയ്ക്കാൻ ആരും തന്നെയുണ്ടായിരുന്നില്ല ക്ലാസ്സിൽ. എന്നിട്ടും ചിത്രംവരയ്ക്കൽ മത്സരങ്ങളിൽ മനോഹരൻ പിന്തള്ളപ്പെടുകയും ഞാനും രജിത്കുമാറും രണ്ടും ഒന്നും സ്ഥാനങ്ങളിൽ വരികയും ചെയ്തു. ക്രിസ്ത്യാനികൾ നടത്തുന്ന സ്‌കൂളായതിനാൽ യേശുവിന്റെ ഒരു ചിത്രം വരച്ചാൽ പ്രൈസ് കിട്ടാൻ സാധ്യത കൂടുതലുണ്ടെന്ന് ആരാണ് എനിക്ക് പറഞ്ഞു തന്നത്? അതേക്കുറിച്ച് ഞാനിപ്പോൾ ഓർക്കുന്നില്ല. പക്ഷെ അങ്ങനെയാണ് സംഭവിച്ചത്. രജിത്കുമാറും ഞാനും ഒന്നും രണ്ടും സ്ഥാനക്കാരായി. വിവേകമതിയായ എന്റെ ടീച്ചർ മനോഹരനോട് പറഞ്ഞത് സമ്മാനം കിട്ടുന്നതിനേക്കാൾ പങ്കെടുക്കുന്നതിലാണ് കാര്യം എന്നായിരുന്നു. കണ്ണീർമണികൾ ഇറ്റിയ മനോഹരന്റെ കവിൾ ചുവന്നിരുന്നു. ഡിറ്റക്ടീവ് കഥകൾ ക്‌ളാസ്സിൽ കൊണ്ടുവന്നതിന് മനോഹരന് അടി കിട്ടിയപ്പോഴും എനിക്ക് അത്ഭുതം തോന്നി. കാരണം, ഞാനും രജിത്കുമാറും അത് ക്ലാസ്സിൽ കൊണ്ടുവരാറുണ്ട്, പതിവായി. ചതുരാകൃതിയുള്ളതും പുറത്ത് തൂക്കാൻ പറ്റിയതുമായ ബാഗിന്റെ താഴെഭാഗത്ത് ഉള്ളിൽ ഉറപ്പിച്ചിട്ടുള്ള കാർഡ് ബോർഡിന്റെ ഇടയിലായിരുന്നു അതിന്റെ സ്ഥാനം. ആർക്കും ആ സ്ഥലം കണ്ടെത്താൻ കഴിയില്ല എന്ന വിശ്വാസവും ഉണ്ടായിരുന്നു ഞങ്ങൾക്ക്. മനോഹരന് അടി കിട്ടുന്ന സമയത്ത് എല്ലാവരുടെയും ബാഗ് പരിശോധിക്കുമെന്നും എപ്പോഴെങ്കിലും ആരുടെയെങ്കിലും ബാഗിൽ അങ്ങനെ എന്തെങ്കിലും കണ്ടാൽ അടി മാത്രമല്ല, അടുത്ത ദിവസം രക്ഷാകർത്താവിനെയും കൊണ്ട് വന്നാൽ മാത്രമേ ക്ലാസ്സിൽ കയറാൻ പറ്റൂ എന്നും വിലാസിനി ടീച്ചർ കൂട്ടിച്ചേർത്തു. അന്നുവരെ പുസ്തകത്തിനിടയിൽ സ്ഥലം പിടിച്ചിരുന്ന കണ്ണാടി വിശ്വനാഥൻ അതോടെ ബാഗിന്റെ അടിവശത്തെ കാർഡ്‌ബോർഡ് പലകയുടെ അടിയിലേക്ക് സ്ഥലം മാറി.
ക്ലാസ്സിൽ പാഠപുസ്തകം കൂടാതെ ഇത്തരം പുസ്തകങ്ങൾ കൊണ്ടുവരുന്നതിന്റെ പ്രധാന ഉദ്ദേശ്യം കൈമാറ്റം ചെയ്യുക എന്നതായിരുന്നു. ബാർട്ടർ സിസ്റ്റം. രണ്ടോ നാലോ പുസ്തകങ്ങൾ വാങ്ങേണ്ട സ്ഥാനത്ത് ഒരാൾ ഒരെണ്ണം വാങ്ങിയാൽ മതി. ചൗ ചൗ മിഠായിയും ഇലഞ്ചിപ്പഴവും തിന്നുന്നത് കുറയും എന്നുമാത്രം. എന്നാലും പുസ്തകങ്ങളിലെ സാങ്കല്പിക കഥാപാത്രങ്ങൾ പലതും ഇക്കാലത്ത് ഹോളോമാൻ പോലുള്ള ഹോളിവുഡ് ചിത്രങ്ങളായി പരിണമിച്ചു കാണുമ്പോൾ അന്ന് ഭാവനയിൽ കണ്ടിരുന്ന കഥയും കഥാപാത്രങ്ങളുമാണ് കൂടുതൽ രസകരമെന്ന് തോന്നുന്നു. പലപ്പോഴും രജിത്കുമാറിന്റെ വിവരണങ്ങളിൽ നിന്ന് എനിക്ക് സമ്പൂർണ്ണമായ ഒരു ചിത്രം കിട്ടിയിരുന്നു. ആ കഥകൾ വായിച്ചില്ലെങ്കിൽപ്പോലും സങ്കടം തോന്നില്ലായിരുന്നു. ഈ പുസ്തകങ്ങളൊക്കെയായിരുന്നു പഠിക്കാനെങ്കിൽ കൂടുതൽ മാർക്ക് വാങ്ങാൻ കഴിഞ്ഞേനെ എന്നും പാഴ്ക്കിനാവുകൾ കാണുമായിരുന്നു ഈ സംഘമെല്ലാം തന്നെ.
ഈ സമയത്താണ് സോജോയോട് സുധാകരന്റെ പിൻപോക്കറ്റിലെന്താണെന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നത്? സുധാകരന്റെ മറുപടി എന്തുതന്നെയായിരുന്നാലും ചിലപ്പോൾ അത് എന്നെയാവും ബാധിക്കുക എന്ന് എനിക്ക് വെറുതെ തോന്നി. അല്ലെങ്കിലും ചില തോന്നലുകളൊക്കെ ചിലപ്പോൾ ശരിയായി വരാറുണ്ടല്ലോ. അതെന്താണെന്ന് പിന്നെപ്പറയാം. അത്ര വലിയ രഹസ്യമൊന്നുമില്ല. എങ്കിലും കാര്യങ്ങൾ പറയുമ്പോൾ അത് അതിന്റെ ക്രമത്തിൽത്തന്നെയാകുന്നതാണല്ലോ ഭംഗി. അതുകൊണ്ട് സുധാകരനോട് രജിത്കുമാർ ചോദിക്കാൻ പോയ സമയത്ത് എന്താണ് സംഭവിച്ചത് എന്ന് വേഗത്തിൽ പറയുന്നതാണ് നല്ലത് എന്ന് കരുതട്ടെ. വേഗത്തിൽ ഒരു കാര്യം പറയുമ്പോൾ അത് രസംകൊല്ലും എന്നും പതുക്കെ സമയമെടുത്താണ് പറയേണ്ടത് എന്നും എന്റെ ചില ചങ്ങാതിമാർ പറയാറുണ്ട്. സിനിമ കണ്ട് വന്ന് കഥ മുഴുവൻ അഭിനയിച്ച് കാണിച്ചിട്ടാണ് ചിലപ്പോഴൊക്കെ അവർ പലപ്പോഴും പറയാറ്. ഓരോ സംഭവവും അതായത്, തിരിച്ചിലും മറിച്ചിലും പാട്ട് സീനും വരെ ചിലപ്പോൾ അഭിനയിച്ചു എന്നും വരും. അതുകൊണ്ട് വേഗം പറയണമെന്നുണ്ടെങ്കിലും മനഃപൂർവ്വം കഥ പറച്ചിലിന്റെ വേഗം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയാണ്. നമ്മുടെയൊക്കെ ഒരു ഗതികേട്.
അങ്ങനെ സുധാകരന്റെ പുറകിലെ പോക്കറ്റിൽ കുത്തിനിറച്ചിരിക്കുന്ന കടലാസ്സിനെപ്പറ്റി ചോദിക്കാൻ വേണ്ടി രജിത്കുമാർ സോജോയുടെ അരികിലെത്തി. ആ സമയത്ത് സോജോയോകട്ടെ, അവന്റെ അച്ഛൻ പുതിയതായി വാങ്ങിക്കൊടുത്ത ഇലക്‌ട്രോണിക് ടൂൾ ബോക്‌സ് എടുത്തുവെച്ച് കാന്തവും ഫാനും കളിക്കുകയാണ്. ബാറ്ററിയിൽ നിന്ന് കറണ്ട് വരുമ്പോൾ ഫാൻ കറങ്ങും. ഫാൻ കറങ്ങുമ്പോൾ അതിനോട് ചേർത്ത് വച്ചിരിക്കുന്ന കമ്പികൾ തിരിയുകയും അതിലെത്തിയിട്ടുള്ള കറണ്ട് മൂലം അത് കാന്തമായിത്തീരുകയും ചെയ്യും. സോജോ രജിത്കുമാറിനോട് വിശദീകരിച്ചു. അടുത്ത സ്‌കൂൾ സയൻസ് എക്‌സിബിഷന് അവന്റെ ഐറ്റം അതായിരിക്കുമത്രേ. ഐറ്റത്തെക്കുറിച്ചുള്ള വാചാലതയിൽ സോജോയ്ക്ക് പരിസരബോധം നഷ്ടപ്പെട്ടു എന്നാണ് അവന് തോന്നിയത്. അതിനാൽ വിഷയം പറയാൻ തുടങ്ങിയപ്പോഴുള്ള സോജോയുടെ പ്രതികരണം മോശമായിരുന്നു എന്ന് രജിത്കുമാർ പിന്നീട് റിപ്പോർട്ട് ചെയ്തു.
എന്തൊക്കെയായാലും ന്യൂസ് പിടിക്കുന്ന കാര്യത്തിൽ മിടുക്കനായ രജിത്കുമാർ വൈകാതെ വിവരവുമായി വരാം എന്ന് പറഞ്ഞിട്ടാണ് രണ്ടാമതും സ്‌കൂൾ വിട്ട സമയത്ത് സോജോയുടെ അരികിലെത്തിയത്. ശേഷം കാര്യങ്ങൾ പത്തുദിവസത്തിനുശേഷമേ അറിയാൻ പറ്റൂ എന്നോർത്തപ്പോൾ എനിക്ക് വേവലാതി തോന്നി. ഓണത്തിന് സ്‌കൂൾ അടയ്ക്കുന്ന ദിവസമായിരുന്നു അന്ന്. പരീക്ഷയാവട്ടെ ഓണം കഴിഞ്ഞ് വന്നിട്ടാണത്രേ. എന്തായാലും എല്ലാവരോടും യാത്ര പറഞ്ഞ് എക്‌സിബിഷൻ വല്ലതും നടക്കുമ്പോൾ ടൗണിൽ വെച്ച് ഭാഗ്യമുണ്ടെങ്കിൽ കാണാം എന്നു പറഞ്ഞ് സമാധാനത്തോടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ച ഞാൻ ബസ് ചാർജായ പതിനഞ്ചു പൈസ മാറ്റിവെച്ച് ബാക്കി കൈയിലുണ്ടായിരുന്ന അഞ്ചുപൈസയ്ക്ക് പ്രാഞ്ചിയമ്മാവന്റെ ഇലഞ്ചിവട വാങ്ങാൻ പോയി. രജിത്കുമാർ കുന്നത്തൂർമേട്ടിലേക്കുള്ള വീട്ടിലേക്ക് ഓട്ടോയിൽ പോയിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.
രാത്രി.
നേരം വെളുക്കാനും സ്‌കൂൾ തുറക്കാനും ഇനിയേറെ നേരമുണ്ട്. അതൊരു ബുധനാഴ്ചയായിരുന്നു. സമയം ഏഴുമണിയായിക്കാണും. റോഡിലൂടെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ദൂരദർശനിൽ ചിത്രഹാർ എന്ന സിനിമാ സംഗീതപരിപാടിയുണ്ട്. എന്റെ വീടിന്റെ തെക്കേഭാഗത്തുള്ള രണ്ടുനില മാളിക വീട്ടിൽ ടി.വിയുണ്ട്. ആളുകൾ കൂടുതലും പ്രോഗ്രാം കാണാൻ വേണ്ടി അങ്ങോട്ട് നടക്കുകയാവണം. അവിടെയാകുമ്പോൾ ഇരിക്കാൻ ഹാളിൽ ധാരാളം സ്ഥലമുണ്ട്. സ്‌കൂൾ അടയ്ക്കുന്ന കാലത്ത് മാത്രമാണ് അങ്ങനെ പോയി ടി വി കാണാൻ എനിക്ക് അനുവാദമുണ്ടാകുക. ഇപ്പോൾ ദിവസവും രാവിലെ കോയമ്പത്തൂർ റേഡിയോ നിലയത്തിൽ നിന്നുള്ള തമിഴ് സിനിമാ ഗാനങ്ങളും ഞായറാഴ്ച രാവിലത്തെ ചലച്ചിത്രഗാനങ്ങളും ഉച്ചസമയത്തെ രഞ്ജിനിയും രാത്രി ഒൻപതേ പതിനാറിനുള്ള തുടർനാടകവും മാത്രമാണ് കേൾക്കാൻ അനുവാദമുള്ളത്. വാർത്തകളൊക്കെ രാവിലെ വരുന്ന കേരളകൗമുദി ദിനപ്പത്രത്തിൽ നിന്ന് വായിച്ചോളണം എന്നാണ് മൂപ്പരുടെ (അച്ഛൻ) കല്പന. ചിത്രഹാർ കുറച്ചുകഴിഞ്ഞ് തുടങ്ങുമായിരിക്കും. ചെറിയ പിള്ളാർ വേഗത്തിൽ ഓടുന്നുണ്ട്. തൊടങ്ങീ... തൊടങ്ങീ എന്നൊക്കെ ആരോ വിളിച്ചു പറയുന്നതും കേട്ടു.
എന്റെ ശ്രദ്ധ മുഴുവനും നാളത്തെ മലയാളം ക്ലാസ്സിൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തയ്യാറാക്കുന്നതിലായിരുന്നു. അച്ഛൻ താഴെ വലിയങ്ങാടിയിലുള്ള കടയിൽ നിന്ന് വരുമ്പോൾ കൊണ്ടുവരാറുള്ള മിഠായി തിന്ന്, വീണ്ടും തുടങ്ങേണ്ട പാഠഭാഗങ്ങൾ തയ്യാറാക്കി വെയ്ക്കുന്നതിനിടയിൽ സുധാകരന്റെ പോക്കറ്റിലെ രഹസ്യങ്ങളിലേക്ക് നാളെ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള ചിന്തകളിലേക്കാണ് ഞാൻ എത്തിയത്.
പത്തുദിവസത്തിനുശേഷം - സ്‌കൂൾ
പതിവുപോലെ സ്‌കൂൾ അസംബ്ലി തുടങ്ങുന്നതിനുമുമ്പേ തന്നെ എത്തുകയും പ്രാഞ്ചിയേട്ടന്റെ കടയിലേക്ക് പോയി മിഠായി വാങ്ങി വരുകയും ചെയ്ത് ക്ലാസ്സ്‌റൂമിൽ ഇരിക്കുമ്പോഴാണ് രജിത്കുമാർ എത്തിയത്. ഒരുദിവസം വൈകീട്ട് ശെൽവപാളയത്ത് വെച്ച് സുധാകരനെ കണ്ടുവെന്നും അവനോട് ചില കാര്യങ്ങളൊക്കെ ചോദിക്കാൻ സാധിച്ചുവെന്നുമാണ് രജിത്കുമാർ പറഞ്ഞത്. അവന്റെ പോക്കറ്റിലുള്ളതെന്താണെന്ന് ആകാംക്ഷ മറയ്ക്കാതെ നേരിട്ട് ചോദിച്ചുവെന്നാണ് അവർ എന്നോട് പറഞ്ഞത്. അത് പറയാൻ തുടങ്ങുമ്പോഴേയ്ക്കും ടീച്ചർ വന്നതിനാൽ മിണ്ടാൻ കഴിഞ്ഞില്ല.
അന്ന് ഒരു വിശേഷപ്പെട്ട സംഭവവുമുണ്ടായി. വിലാസിനി ടീച്ചർ ക്ലാസ് എടുക്കാൻ ആരംഭിക്കുകയും മൂന്നു ദിവസത്തിനുശേഷം പരീക്ഷ തുടങ്ങും എന്ന് അറിയിക്കുകയും ചെയ്തയുടൻ രജിത്കുമാർ ക്ലാസ്സിൽ തലകറങ്ങി വീണു. പരീക്ഷയെക്കുറിച്ച് കേട്ടപ്പോഴാണ് രജിത്തിന്റെ തല കറങ്ങിയതെന്ന് ബീന പറഞ്ഞു ചിരിക്കുന്നതു കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ടീച്ചർ വേവലാതിയോടെ ഓടി വന്നു. എത്രയും പെട്ടെന്ന് രജിത്തിനെ ഡോക്ടറുടെയടുത്ത് കൊണ്ടുപോകണമെന്നും അതിനായി ഓട്ടോ വിളിക്കാനും എന്നോട് പറഞ്ഞു. ഞാനാവട്ടെ രജിത്തിനെന്താണ് പറ്റിയതെന്നു മനസ്സിലാകാതെ ബേജാറായി നിൽക്കുകയാണ്. അതുകേട്ടതും ഞാൻ ഓട്ടോ വിളിക്കാൻ ഓടി. ഓടുന്ന വഴിയിൽ വരാന്തയിലൂടെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബെനീറ്റ വരുന്നതും കണ്ടു. അവർ വളരെ വേഗത്തിൽപ്പോകുന്നത് ഞങ്ങളുടെ ക്ലാസ്സിലേക്കാണെന്ന് എനിക്ക് മനസ്സിലായി. ഓട്ടോയുമായി ഞാനെത്തുമ്പോഴേയ്ക്കും രജിത്തും സൂസന്ന ടീച്ചറും സ്‌കൂൾ ഗേറ്റിനടുത്തെത്തിയിരുന്നു. അവർ ഓട്ടോയിൽ കയറി.
വിലാസിനി ടീച്ചർ ക്ലാസ് തുടങ്ങിയിട്ടും ക്ലാസ്സിൽ പറയുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. കാരണം എന്റെ മനസ്സിൽ രജിത്കുമാറായിരുന്നു. രജിത്തിനു പറ്റിയതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ഞാൻ മനോഹരനെയും സുധാകരനെയും സോജോയെയുമെല്ലാം മാറിമാറി നോക്കി. അവരുടെയൊന്നും മുഖത്ത് യാതൊരുതരത്തിലുള്ള ആകാംക്ഷയും കാണാൻ എനിക്കു കഴിഞ്ഞില്ല. സുധാകരന്റെ പോക്കറ്റിലെ രഹസ്യത്തെക്കുറിച്ച് പറയാതെ രജിത്ത്കുമാർ വീട്ടിലേക്കു പോകുമോ എന്നായിരുന്നു എന്റെ മറ്റൊരു പേടി.
ഉച്ചയ്ക്കു ശേഷം രജിത്കുമാറിന്റെ അച്ഛൻ സ്‌കൂളിൽ വരുന്നതും വിലാസിനി ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. ആ സമയത്ത് ഞങ്ങളെ ഹിന്ദി ടീച്ചർ 'മോട്ടോ മോട്ടോ അഞ്ചർ പഞ്ചർ ഛൗട്ടീ സീറ്റ് ലഗായേ' എന്ന പാട്ട് ചടപടായെന്നുള്ള ഈണത്തിൽ പഠിപ്പിക്കുകയായിരുന്നു. മോട്ടോർ സൈക്കിളിൽ ഇരുന്നുപോകുന്ന ഒരു ചേട്ടനും ചേച്ചിയും പുസ്തകത്തിലെ ചിത്രത്തിൽ ഉണ്ടായിരുന്നു. വെളുപ്പും കറുപ്പും മാത്രമായിരുന്ന ആ ചിത്രം ഞാൻ സ്‌കെച്ച് പെന്നുപയോഗിച്ച് നിറം പിടിപ്പിച്ചിരുന്നു. ആളുകളുടെ മുഖത്തും കൈയിലും കൊടുത്ത ഓറഞ്ചുനിറം കുറച്ച് അധികമായില്ലേ എന്നു ചിന്തിച്ചിരിക്കുമ്പോൾ അടുത്തിരുന്ന സോമൻ അതു നോക്കട്ടെയെന്നു പറഞ്ഞ് വലിക്കുകയും ഞാൻ പുസ്തകത്തിൽത്തന്നെ പിടിച്ചതിനാൽ ആ പേജിന്റെ പകുതിഭാഗം കീറിപ്പോകുകയും ചെയ്തു. ഞാൻ ടീച്ചർ.... എന്നു വിളിച്ചതും ടീച്ചർ വന്ന് പുസ്തകത്തിൽ നോക്കി രണ്ടാളെയും പിടിച്ച് ക്ലാസ്സിന്റെ മുമ്പിൽ ടീച്ചറുടെയടുത്ത് നിർത്തുകയും ചെയ്തു.
പുസ്തകം കീറിയതിന് സോമനും പുസ്തകത്തിൽ നിറം കൊടുത്തതിന് എനിക്കും കിട്ടിയ ശിക്ഷ. ക്ലാസ്സിലെ പിള്ളാരൊക്കെ എന്നെ നോക്കി ചിരിക്കുന്നതുപോലെയും സോജോ കളിയാക്കി എന്തോ പറയുന്നതുപോലെയും തോന്നിയപ്പോൾ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. സോമനുള്ളത് സോമന് പിന്നെത്തരാം എന്ന് എന്റെ മനസ്സിൽ പറയുകയും സോമനെ നോക്കുകയും ചെയ്തപ്പോഴാണ് ടീച്ചർ പഠിപ്പിച്ച പാഠത്തിൽ നിന്നും എന്നോട് ഒരു ചോദ്യം ചോദിച്ചത്. 'കോൻ ഹേ വോ?' - ഞാൻ പ്രതികാരചിന്തകളിൽ മുഴുകിയിരുന്നതിനാൽ എന്താണ് പഠിപ്പിച്ചതെന്ന് ശ്രദ്ധിച്ചില്ല. 'കോൻ ഹേ വോ?' - ടീച്ചർ ചോദ്യം സോമനോടും ആവർത്തിച്ചു. നിന്നെപ്പിന്നെ കണ്ടോളാം എന്ന് സോമൻ എന്നെ നോക്കി ചിന്തിച്ചിരുന്നതുകൊണ്ടാവണം സോമനും ഉത്തരം പറഞ്ഞില്ല. ടീച്ചർക്ക് നല്ലപോലെ ദേഷ്യം വന്നുവെന്ന് കണ്ണടയ്ക്കിടയിലൂടെ നോക്കുന്നതു കണ്ടപ്പോൾ മനസ്സിലായി. കുറച്ചു തടിയുള്ള നല്ലപോലെ വെളുത്ത മുടിയുള്ള ടീച്ചറുടെ മുഖത്തേക്ക് നോക്കാൻ തന്നെ പേടിയായി. അപ്പോഴാണ് ശിക്ഷയുടെ കാഠിന്യം കൂടിയത്.
മുൻവശത്തെ ഡസ്‌കിൽ കയറി നിൽക്കാൻ ഞങ്ങളോട് രണ്ടാളോടും ടീച്ചർ ആജ്ഞാപിച്ചു. ആജ്ഞ കേട്ടതും ഞാൻ ചാടിക്കയറി നിന്നു കഴിഞ്ഞിരുന്നു. സോമൻ കയറാൻ മടിച്ചു നിന്നപ്പോൾ ടീച്ചറുടെ കൈയിലുണ്ടായിരുന്ന വടി കൊണ്ട് പുറത്ത് ഒരു അടി കിട്ടുകയും അനന്തരഫലമായി സോമൻ ഡസ്‌കിനു മുകളിൽ കയറുകയും ചെയ്തു. മുൻവശത്തെ ബഞ്ചിലിരുന്ന പിള്ളാരാകട്ടെ അവരുടെ കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ നിൽക്കുന്ന നാലുകാലുകളിലേക്ക് അവജ്ഞയോടെ നോക്കി. ഒരുത്തൻ പേന കൊണ്ട് എന്റെ കാലിൽ വരച്ചു. ഇനിയും ശബ്ദമുണ്ടാക്കിയാൽ അടി കിട്ടും എന്നുള്ളതുകൊണ്ട് ഞാൻ കാല് നീക്കി വെച്ചു. അവന്റെ ഗ്രൂപ്പിൽപ്പെട്ട പിള്ളാർ പതുക്കെ ചിരിച്ചു. അവൻ വീണ്ടും എന്റെ കാലിൽ പേന കൊണ്ട് വരച്ചപ്പോൾ എനിക്ക് ഇക്കിളിയാവുകയും ഞാൻ കാല് വലിക്കുകയും ചെയ്തു. തൽഫലമായി മേശ ചരിയുകയും സോമൻ താഴെ വീഴുകയും ചെയ്തു. 'മര്യാദയ്ക്ക് നിൽക്കാൻ പറഞ്ഞാൽ മനസ്സിലാവില്ലേ?' എന്നു ചോദിച്ചു കൊണ്ട് ഒരടി എന്റെ കാലിൽ കിട്ടിയപ്പോൾ ഞാൻ സങ്കടപ്പെട്ടെങ്കിലും സോമൻ ചിരിച്ചു. ആ ചിരിയാണ് സോമനെ എന്റെ ഏറ്റവും വലിയ ശത്രുവാക്കിത്തീർത്തത്. ആ ചിരിയിലാണ് ഞങ്ങൾ തമ്മിൽ ഒരിക്കലും മിണ്ടാത്തവരും പല ഓട്ടമത്സരങ്ങളിലും ഞങ്ങൾ തമ്മിൽ ഇടക്കാല് വെച്ച് വീഴ്ത്തുന്നതിൽ എത്തിച്ചതും. രജിത്കുമാർ കൂടിയുണ്ടായിരുന്നെങ്കിൽ ഇന്ന് ക്ലാസ് കഴിഞ്ഞുപോകുമ്പോൾത്തന്നെ സോമന് വേണ്ടത് കൊടുക്കാൻ കഴിയുമായിരുന്നു എന്നും ഞാൻ ചിന്തിച്ചു.
പിൻവശത്തെ ബഞ്ചിലുണ്ടായിരുന്ന സുധാകരൻ മാത്രം എന്നെ ദയനീയമായി നോക്കി. കാരണം ക്ലാസ്സിൽ അവനോട് വർത്തമാനം പറയുകയും പുസ്തകം വായിക്കാൻ കൊടുക്കുകയും ചെയ്യുന്നത് ഞാൻ മാത്രമായിരുന്നു. മാത്രമല്ല, എനിക്കാണെങ്കിൽ ഇത് ആദ്യത്തെ അനുഭവവും. മുമ്പ് പലരെയും ഇതുപോലെ ബഞ്ചിൽ കയറ്റി നിറുത്തിയപ്പോഴൊക്കെ ഇതൊന്നും എനിക്ക് സംഭവിക്കാത്തതാണെന്ന് ഞാൻ വിചാരിക്കുമായിരുന്നു. കാരണം, ബഞ്ചിൽ സ്ഥിരമായി കയറി നിൽക്കാൻ യോഗ്യതയുണ്ടായിരുന്നത് ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്ന ലോകനാഥനായിരുന്നു. അവനാവട്ടെ, സ്‌പോർട്‌സ് ചാമ്പ്യനും ഏഴാം ക്ലാസ്സിൽ രണ്ടാം വർഷം പഠിക്കുന്നവനുമായിരുന്നു. സ്‌പോർട്‌സിലെ മികവുകൊണ്ടാവണം, ആറിലും രണ്ടുവർഷമിരുന്നിട്ടാണ് ലോകനാഥൻ ഞങ്ങൾക്കൊപ്പമെത്തിയത്. എപ്പോൾ ചോദ്യം ചോദിച്ചാലും ഉത്തരം പറയാതിരിക്കുകയും, രണ്ടാമത്തെ തവണ ചോദിക്കുമ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയും ചെയ്യുന്ന ലോകനാഥനെ വിലാസിനി ടീച്ചർ മാത്രമാണ് ബഞ്ചിൽ കയറ്റി നിർത്താതിരുന്നിട്ടുള്ളത്.
ഇത്രയും സംഭവങ്ങളോടെ അന്നത്തെ സ്‌കൂൾ ദിനം കഴിഞ്ഞു. കാരണം, അവസാനപിരീഡ് ഡ്രില്ലായിരുന്നതിനാൽ പതിവുപോലെ സ്‌കൂൾ ഗ്രൗണ്ടിൽ ഓടിമറിയാനും ഏറുപന്ത് കളിക്കാനും പോവുകയും വൈകീട്ട് ബസ്സുകയറി വീട്ടിലെത്തുകയും ചെയ്തു. വീട്ടിലിരിക്കുമ്പോഴാണ് രജിത്കുമാറിന്റെ കാര്യം പിന്നീട് ഓർക്കുന്നതുതന്നെ. രജിത്കുമാറിന് എന്തുപറ്റിയെന്ന് ആരും ചോദിക്കാത്തതുകൊണ്ട് ഓർത്തില്ല. നാളെ വരുമായിരിക്കും. അപ്പോൾ ചോദിക്കണം, എന്തുപറ്റിയെന്നും സുധാകരൻ എന്താണ് പോക്കറ്റിൽ വെച്ചിട്ടുള്ളതെന്നും.
അന്ന് ഞാൻ പതിവിലും നേരത്തേ സ്‌കൂളിലെത്തി. രജിത്കുമാറിന്റെ സീറ്റിൽ നോക്കി. എത്തിയിട്ടില്ല. എത്തിയിരുന്നെങ്കിൽ അവന്റെ ചുവന്ന ബാഗ് അവിടെയുണ്ടാകുമായിരുന്നു. സ്‌കൂൾ ഗേറ്റിനു പുറത്ത് ചെന്ന് നോക്കി നിൽക്കാം എന്നു തീരുമാനിച്ച് കുറേനേരം നിന്നെങ്കിലും സ്‌കൂളിലേക്ക് വന്നു കൊണ്ടിരുന്ന ഒരു ഗ്രൂപ്പിലും രജിത്തുണ്ടായിരുന്നില്ല. രജിത്ത് വരുന്ന ഓട്ടോയും വന്നുപോയി. എനിക്ക് ഒന്നും മനസ്സിലായില്ല. സ്‌കൂൾ അസംബ്ലിയിൽ നിൽക്കുമ്പോഴും രജിത്കുമാർ വൈകിയെത്തുമായിരിക്കും എന്ന പ്രതീക്ഷയായിരുന്നു എനിക്ക്. അസംബ്ലി തീർന്നതും നേരെ ഓടിയത്, ക്ലാസ്സിലേക്കാണ്. എന്നാൽ ആ ചുവന്ന ബാഗ് അവിടെയുണ്ടായിരുന്നില്ല. രജിത്കുമാറും.
രണ്ടുദിവസത്തിനുശേഷം രജിത്കുമാർ ക്ലാസ്സിൽ വന്നു. അവൻ പറഞ്ഞത് അവന്റെ അച്ഛന് ട്രാൻസ്സറായി എന്നും കൊല്ലത്തേക്ക് പോകുകയാണ് എന്നുമാണ്. എന്തൊക്കെയോ ചിലത് ശരിപ്പെടുത്താനുണ്ടത്രേ. അതുകൊണ്ട് കുറച്ചുദിവസംകൂടി ഇവിടെയുണ്ടാകുമെന്നും എന്നാണ് പോവുക എന്ന് കൃത്യമായി പറയാൻ പറ്റില്ല എന്നുമാണ്. എനിക്ക് കരച്ചിലും സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ച് വന്നു. കാരണം നല്ല ഒരു കൂട്ടുകാരനെയാണ് നഷ്ടപ്പെടുന്നത്. നല്ലതെന്നു വെച്ചാ വളരെ നല്ലത്.
ദിവസങ്ങൾ യാന്ത്രികവും നിശ്ശബ്ദവുമായിരുന്നു. ക്ലാസ്‌റൂമിലെ ബഹളങ്ങളൊഴിച്ചാൽ രജിത്കുമാറില്ലാതെ വല്ലാത്ത അസ്വാതന്ത്ര്യം അനുഭവിക്കുകയായിരുന്നു. ഒന്നും ചോദിക്കാനും പറയാനും ഇല്ല. പുതിയ പുതിയ രസങ്ങളും വാക്കേറ്റങ്ങളും ഇല്ല. ആരോടും തമാശപറയാനും ചിരിക്കാനും തോന്നുന്നില്ല. അപ്പോൾ ഒരിക്കൽക്കൂടി രജിത്കുമാറിനെ കാണണമെന്ന് തോന്നി.
രജിത്കുമാറിന്റെ വീട് അന്വേഷിച്ചു നടന്ന ഞാൻ ഒടുവിൽ കണ്ടത് പൂട്ടിക്കിടക്കുന്ന അവന്റെ വീടാണ്. കൂടുതൽ അന്വേഷിക്കാൻ സാഹചര്യമില്ലാതിരുന്ന എനിക്ക് ഒടുവിൽ അത് മതിയാക്കേണ്ടിവന്നു.
അപ്പോഴും സുധാകരൻ അവശേഷിപ്പിച്ച കൗതുകത്തിന് ഒരു അവസാനം കണ്ടെത്താൻ എനിക്കു കഴിഞ്ഞില്ല. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശെൽവപാളയത്തു വെച്ച് കണ്ട എന്റെ ക്ലാസ്സിലെ ശാരിയോട് ചോദിച്ചപ്പോൾ സുധാകരന്റെ വീട് കാട്ടിത്തന്നു. സുധാകരൻ ക്ലാസ്സിൽ വരാൻ സാധിക്കാതെയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ പലവട്ടം ചോദിച്ചു.
അവൻ വെറുതെ ചിരിക്കുക മാത്രമാണ് ചെയ്തത്.
എന്റെ കൗതുകങ്ങൾ അവസാനിച്ചിരുന്നില്ല.
'സുധാകരാ, നിന്റെ പോക്കറ്റിൽ നീ ഒളിപ്പിച്ചിരിക്കണ രഹസ്യമെന്താണ്? എന്റെയും രജിത്തിന്റെയും വിഷയം കുറേക്കാലത്തേക്ക് അതന്നെയായിരുന്നു.'
'എന്റെ പോക്കറ്റിലോ?'
'ആ... അതന്നെ. എപ്പോഴും വീർത്തിട്ടിരിക്കണ പോക്കറ്റ്. അതിലെന്തൊക്കെയോ ഉണ്ടെന്നാണ് ഞങ്ങളുടെയൊക്കെ വിശ്വാസം.'
ഞാൻ ഒറ്റശ്വാസത്തിൽ എല്ലാം പറഞ്ഞുനിർത്തി.
സുധാകരൻ ചിരിച്ചു. ഉറക്കെയുറക്കെ ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. എനിക്ക് ആ ചോദ്യത്തിലൂടെ നേരിടേണ്ടി വന്നത് ഒരു അപമാനത്തെയാണോ എന്നുതോന്നി. ഇടിമിന്നലുണ്ടാകുമ്പോൾ പേടിച്ച് കട്ടിലിൽ പുതച്ചു കിടക്കുന്നതുപോലെ ഞാൻ ഇല്ലാതായി.
പതുക്കെ സുധാകരൻ പോക്കറ്റിൽ കൈയിട്ടു. കറുത്തുമെലിഞ്ഞ തന്റെ കൈയിൽ തിളങ്ങുന്ന ഒരു സ്വർണ്ണനാണയം നീട്ടിക്കാണിച്ചു. അതിൽ കുതിരയുടെയും രാജാവിന്റെയും രൂപങ്ങൾ കൊത്തിയിട്ടുണ്ടായിരുന്നു.
'നോക്ക്, ഇതാ നോക്ക്. ഇതെന്താന്നറിയ്യോ, എന്റെ പ്രാവ് എനിക്കു തന്നതാണ്.'
'പ്രാവോ? - എനിക്കൊന്നും മനസ്സിലായില്ല.'
'ചെങ്ങായീ പ്രാവു പറത്തൽ മത്സരത്തീന്ന് എനിക്കു കിട്ടിയ ഒന്നാം സമ്മാനമാണിത്. പത്തു മുപ്പതു പ്രാവുണ്ടാർന്നു. എന്റെ പ്രാവ് എന്നെ ചതിച്ചില്ല. അത് ആദ്യം പറന്നുയർന്നു. അവസാനം പറന്നിറങ്ങി. എത്ര മണിക്കൂറാ പറന്നതെന്ന് തന്നെ അറിയില്ല. എനിക്ക് വാച്ച് നോക്കാൻ കൂടി പറ്റിയില്ല.'
'എന്നിട്ടെന്താ ക്ലാസ്സില് നീയ് കാണിക്കാത്തെ?'
'രജിത്താ പറഞ്ഞത്, സസ്‌പെൻസ്ണ്ടാക്കിയ ശേഷം ന്യൂസ് പൊറത്തുവിട്ടാമതിയെന്ന്.'
'രജിത്തോ? അപ്പഴ് അവനെന്നോട് പറഞ്ഞത്?'
'അവനങ്ങനെയാ. അവന്റെ മാത്രമായ രീതീണ്ട്. ഒര് രജിത് സ്റ്റൈൽ. എന്നോട് ഇതിന്റെ രഹസ്യം ആരോടും പറേണ്ടാന്നും പറഞ്ഞിട്ടുണ്ട്. ഇനീപ്പോ അവൻ പോയ സ്ഥിതിക്ക് പറയാണ്ടിരിക്കണ്ടല്ലോ.'
എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു. എല്ലാമറിയാമെന്നും എല്ലാരേം മനസ്സിലാക്കാനും പറ്റിക്കാനും കഴിയുമെന്നുമുള്ള എന്റെ തോന്നൽ തകർന്നുവീണു.
ഞാൻ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല.
'ശരി. അതിരിക്കട്ടെ, നീയെന്താ സ്‌കൂളിൽ വരാത്തെ?
'രജിത്ത് പോയതോണ്ട്. ഇനിയെനിക്ക് വരാമ്പറ്റുംന്ന് തോന്നണില്ല.' - സുധാകരന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. പരമ്പിനിടയിലൂടെ വെളിയിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു. 'എന്റെ പഠിപ്പിന്റെ ചെലവും ഓട്ടോർഷേടെ പൈസയും ഒക്കെ കൊട്ത്തിട്ടുണ്ടായിരുന്നത് രജിത്തിന്റച്ഛനാ. ഇനീപ്പോ അതൊക്കെ എങ്ങനാ. അറീല്ല. എനിക്കൊന്നും അറീല്ല.'
കുടിലിന്റെ വെളിയിലിറങ്ങി ഉച്ചമണിയടിക്കുന്നതിനു മുന്നേ സ്‌കൂളിൽ എത്തണമെന്നു വിചാരിച്ച് വേഗത്തിൽ നടക്കുമ്പോൾ രജിത്തിന്റെ ചിരിയും സെന്റിന്റെ മണവും എന്നെ പിന്തുടരുന്നുണ്ടായിരുന്നു. രജിത്തിനും എനിക്കുമിടയിൽ കെട്ടി നിന്ന വെള്ളത്തിന്റെ ഒരു കെട്ട് പൊട്ടി പുറത്തേക്ക് ഒഴുകി.
(2009-ൽ പ്രസിദ്ധീകരിച്ചത്. ചില മാറ്റങ്ങളോടു കൂടി ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു.)
No comments:
Post a Comment