Thursday, August 20, 2020

ഓൺലൈനിലെ സിനിമ

സിനിമ OTT (Over The Top) റിലീസിനെത്തുമ്പോൾ മാറുന്ന കാലത്തെ അടയാളപ്പെടുത്താനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നു തോന്നുന്നു. ഏതാണ്ട് നൂറു വർഷത്തിലധികം പഴക്കമുള്ള സിനിമ പരമ്പരാഗതമായി തീയേറ്ററിൽ കാണുക എന്ന ശീലത്തിന് മാറ്റമുണ്ടാകുന്നത് മാറുന്ന കാലത്തിനൊത്ത് കോലം മാറുന്ന സിനിമയുടെ സ്വഭാവം കൊണ്ടു തന്നെയാണ്. സാങ്കേതികവിദ്യയാണ് സിനിമാസ്വാദനത്തിന് സഹായകമായി നിൽക്കുന്ന വിഷയം. അതിന്റെ കാഴ്ചയുടെ ലോകമാവട്ടെ, തിരശ്ശീലയിലേക്ക് നേരിട്ട് കാഴ്ചകളെ എത്തിക്കുക എന്നുള്ളതും. നാടകം പോലെയുള്ളവ കൃത്രിമമായി പശ്ചാത്തലമൊരുക്കുമ്പോൾ സിനിമ നേരിട്ട് കാണുന്ന അനുഭവമുണ്ടാക്കുന്ന രീതിയിൽ കൃത്രിമമായി അവയെ നേരിട്ടെത്തിക്കുന്നുവെന്നു മാത്രം. തികച്ചും ലളിതമായ ആസ്വാദനത്തിന് ഉതകുന്ന രീതിയിൽ നേരിട്ടു കഥ പറയുന്നതിനാൽ അത് പുതിയ പരിതസ്ഥിതിയിൽ അതായത് ഒ.ടി.ടി. പോലെയുള്ളവ വരുമ്പോൾ അതിന് യോജിക്കുന്ന രീതിയിലേക്കു മാറും. 

ബ്ലാക് ആന്റ് വൈറ്റ് സിനിമ ആസ്വദിക്കാനും ശബ്ദമില്ലാത്ത അതിന്റെ സ്വഭാവത്തെ ഉൾക്കൊള്ളാനും പ്രേക്ഷകർക്കു സാധിച്ചിട്ടുണ്ടെങ്കിൽ പുതിയ രീതികൾക്കനുസരിച്ച് അതു സ്വീകരിക്കുന്ന ഏതു സവിശേഷതയെയും ആസ്വാദനക്ഷമമാക്കിത്തീർക്കാൻ സിനിമയ്ക്കു സാധിക്കും. ഒ.ടി.ടി റിലീസ് അതുപോല ഒന്നു മാത്രം. സിനിമയെ നന്നാക്കാൻവേണ്ടി പുറത്തിറങ്ങി പണം മുടക്കി സിനിമ കണ്ടുകൊള്ളണം എന്നൊന്നും ആർക്കും ആവശ്യപ്പെടാൻ പറ്റില്ല. അതൊരു ജീവസന്ധാരണത്തിന്റെ പ്രശ്നമാണ് എന്ന വാദത്തിനും വിലയുണ്ടാവില്ല. കാരണം, പല തൊഴിലുകളും അങ്ങനെയാണ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പലതും ആവശ്യമില്ലാതെയാവും. സിനിമയിലെ സാങ്കേതികവിദ്യയുടെ കടന്നുവരവ് പലതിനെയും ഇല്ലാതാക്കിയിട്ടുണ്ട്. നെഗറ്റീവ് പ്രൊസസ് ചെയ്ത് ഫിലിം പെട്ടികളിലാക്കി വിതരണത്തിനെത്തിച്ചിരുന്ന കാലം പോയില്ലേ. മാത്രമല്ല, ഡിജിറ്റൽ പ്രിന്റുകളിലേക്കു വരുമ്പോൾ സാറ്റലൈറ്റുകളിൽനിന്ന് നേരിട്ടല്ലേ വിതരണം. അവിടെ തൊഴിൽ നഷ്ടപ്പെട്ടുപോയവർ നിരവധിയാണ്. അതിനെ മറികടക്കുന്നതിന് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുകയോ ഇതര മേഖലകളെ പ്രയോജനപ്രദമായി മാറ്റുകയോ മാത്രമേ ചെയ്തിട്ടുള്ളൂ. അതല്ലാതെ ആ സാങ്കേതികവിദ്യ സ്വീകരിക്കാനാവില്ലെന്ന് ഒരിക്കലും ശഠിക്കാൻ സാധിക്കില്ലല്ലോ. 

തീയേറ്ററിൽ പോയി സിനിമ കാണുന്നവരെ തീയേറ്റർ അനുഭവം മാത്രമാക്കിത്തീർക്കുന്നതിനുള്ള പൊടിക്കൈകൾ - ശബ്ദസംവിധാനം, മറ്റു വിനോദോപാധികൾ, സുഖപ്രദമായ അന്തരീക്ഷം - പ്രയോഗിച്ച് പിടിച്ചു നിർത്താൻ ശ്രമിച്ചിരുന്നുവെന്നല്ലാതെ സിനിമയുടെ സ്ക്രീൻ പ്രസൻസു കൊണ്ടു മാത്രം അവിടെ കാണുന്നതിന്റെ പ്രത്യേകത വെളിപ്പെടുത്താൻ ഒരു സിനിമയ്ക്കും സാധിച്ചിട്ടില്ല. ബിഗ് സ്ക്രീനിൽ കാണുന്നതിന്റെ ആസ്വാദനക്ഷമതയും മിനിസ്ക്രീനിലെ ആസ്വാദനവും വ്യത്യാസമുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ കഥാകേന്ദ്രിതമായി വർത്തിക്കുന്ന സിനിമകൾ കാണാൻ മാധ്യമം ഒരു പ്രശ്നമാകില്ല എന്നതാണ് വാസ്തവം. ഒ.ടി.ടി. റിലീസ് പ്രേക്ഷകർ ആസ്വദിക്കുക തന്നെ ചെയ്യുമെന്ന് സാരം. തീയേറ്ററിൽ പോയി മാത്രമേ സിനിമ കാണൂ എന്ന വാശിയൊന്നും ഉണ്ടാവാൻ സാധ്യതയില്ല. പ്രേക്ഷകർക്ക് തീയേറ്ററിൽ പോകുന്നതിന്റെ മുതൽ മുടക്കിനേക്കാൾ കുറവോ അതിനൊപ്പമോ ആയിരിക്കും ചിലവ്. ഇപ്പോൾ അത് വളരെ കുറവാണെങ്കിലും ഭാവിയിൽ തീയേറ്ററിലേതിന്റെ പകുതിയെങ്കിലും ചിലവിടേണ്ടതായി വരാനാണ് സാധ്യത. ടെലിവിഷൻ, കറണ്ട്, ഇരിപ്പിടം പോലുള്ളവ പ്രേക്ഷകന്റെ സ്വന്തമായതിനാൽ അതൊഴികെയുള്ള സജ്ജീകരണങ്ങളുടെ ചിലവ് വഹിക്കേണ്ടിവരുമെന്നു മാത്രം. സമയം, യാത്രാപ്രശ്നങ്ങൾ എന്നിവ അഡ്ജസ്റ്റ് ചെയ്യാനാവും എന്നതിലാണ് ഹൈലൈറ്റ്...

No comments: