👉നമുക്കു മുന്നിൽ നിരവധി സാധ്യതകളാണുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടോ പ്രകൃതിയുമായി ചേർന്നുനിന്നുകൊണ്ടോ അതു നടപ്പിലാക്കാനാവും. 👈പലതും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പലരും പ്രോത്സാഹിപ്പിക്കാനുണ്ടാകും. അതേപോലെ ആ നാണയത്തിന്റെ മറുവശവും. തള്ളിത്തള്ളി ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ കൈവിടും. അപ്പോൾ അത് താഴേക്കു പതിക്കും. ആ പതിക്കലിനെ ആഘോഷിക്കുന്നവർ ആദ്യമേ തന്നെ മൗനികളായിരിക്കും. അവർ ആ സന്ദർഭത്തിലാണ് രംഗപ്രവേശം ചെയ്യുക. ഇതെല്ലാം കരുതിവേണം ഒരാൾ ജീവിക്കാൻ. തന്റെ താല്പര്യങ്ങളും ആഗ്രഹങ്ങളും വീക്ഷണവും ഒക്കെ വെറുതെയാവരുത് എന്ന തോന്നൽ ഉറപ്പായിട്ടും ഉണ്ടെങ്കിൽ ഉള്ളിൽ ക്രിയേറ്റിവിറ്റി മാത്രം ഉണ്ടായാൽപ്പോരാ തീയുണ്ടാവണം. ആ തീ അണയാതെ സൂക്ഷിക്കാനുമാവണം. അണയാതെ സൂക്ഷിക്കണമെങ്കിൽ വ്യാജപ്രസ്താവങ്ങളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞുതീർത്തത്.
അപ്പോഴാണ് വ്യക്തി സമൂഹത്തിലേക്കും സമൂഹം രാഷ്ട്രത്തിലേക്കും രാഷ്ട്രം ലോകത്തിലേക്കും പതുക്കെ നടന്നു കയറുക. അങ്ങനെ നടന്നു കയറുന്നിടത്ത് അടയാളപ്പെടണം എന്ന തോന്നലൊക്കെ കടന്നുവരുമ്പോൾ അതിനെ പതുക്കെ അമർത്തിവയ്ക്കുക. പുതിയ ലോകം അത്തരം അടയാളങ്ങളെ ബിസിനസ് താല്പര്യങ്ങളോടെയാണ് ഉപയോഗിക്കുക. റീച്ചുണ്ടാവുക, റേറ്റിംഗ് ഉണ്ടാവുക എന്നൊക്കെപ്പറയും. പിന്നെ അവാർഡുകളും അംഗീകാരങ്ങളും. അംഗീകരിക്കപ്പെടുക എന്നത് മഹത്തായ കാര്യം തന്നെയാണ്. എന്നാൽ ആരാണ് അംഗീകരിക്കുന്നത്, എന്തിനുവേണ്ടിയാണ് അങ്ങനെ സംസാരിക്കുന്നത് എന്നെല്ലാം ചിന്തിക്കുന്നത് നന്ന്. വേറിട്ട മനുഷ്യരെക്കുറിച്ച്, പ്രത്യേകിച്ചൊന്നും ചെയ്യാത്തവർ അവരുടെ പേരും പെരുമയും കൂട്ടുന്നതിനായി പലതും ചെയ്യാറുണ്ട്. അത് പല സ്ഥലങ്ങളിലും എത്തുന്നതോടെ അംഗീകരിക്കാൻ വന്നവർ പോകും. വേറിട്ടവർ വേറിട്ട ചിന്തയുമായി കാലക്ഷേപം ചെയ്യുകയും ചെയ്യും. അംഗീകാരങ്ങൾ എല്ലായ്പോഴും ആഘോഷങ്ങളിലേക്കു വഴിമാറുകയും ആഴമേറിയ ചിന്തകളിലേക്ക് സ്വാഭാവികമായി പോയ്ക്കൊണ്ടിരുന്ന വ്യക്തിയെ ആഘോഷിക്കപ്പെടുന്ന ഒരാളാക്കിത്തീർക്കുകയും നൈമിഷികമായി മാത്രം വരുന്ന ചില സന്ദർഭങ്ങളിൽ പിടിച്ചുനിർത്തി ഇല്ലാതാക്കുകയും ചെയ്യും. രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും സിനിമയിലായാലും പെട്ടെന്നു കൈവരുന്ന പേരിനപ്പുറത്തേക്കു വളരാനാവാതെ മുരടിച്ചുനിൽക്കേണ്ടിവരും. പിന്നെ സഹയാത്രികനായി കൂടെക്കൂട്ടാനും അങ്ങനെയല്ലെങ്കിൽ തള്ളിക്കളയാനുമാവും ശ്രമം. വേറിട്ട ചിന്തകളെ ഒരു പരിധിക്കപ്പുറം വളരാനനുവദിക്കാതെ പിടിച്ചുകെട്ടുക, ചില പ്രത്യേക കള്ളികളിലേക്ക് ഒതുക്കിനിർത്തുക തുടങ്ങിയ അഭ്യാസങ്ങളാണ് അടുത്തപടി. അതിൽനിന്നു കുതറിയാൽ റീച്ചുണ്ടായതിന്റെ കാരണങ്ങൾ, സഹായങ്ങളുടെ കണക്കുകൾ എന്നിവ നിരത്തി നേരത്തേ പറഞ്ഞ ആളുകളെക്കൊണ്ടുതന്നെ ഇന്നലെ പെയ്ത മഴയ്ക്ക് പൊട്ടിമുളച്ച പടുമുള എന്ന് പ്രസ്താവന ഇറക്കുകയും നശിപ്പിക്കുകയും ചെയ്യുക. സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കാതെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ കള്ളിയിൽ പരിമിതപ്പെടുത്തുകയാണ് അടുത്തപടി.
പ്രകൃതിയോട് ചേർന്നു നില്ക്കണോ സാങ്കേതികവിദ്യയോട് ചേർന്നു നില്ക്കണോ എന്ന ചിന്തയാണ് വേണ്ടതെന്നു പറഞ്ഞാണ് ഈ പ്രകരണം ആരംഭിച്ചത്. ഏതിനോടായാലും അതല്ല രണ്ടിനോടും സമാസമം അകലമോ അടുപ്പമോ സൂക്ഷിച്ചായാലും വ്യക്തിത്വം അഥവാ തനിമ നിർത്തിക്കൊണ്ട് ഇടപെടുകയാണ് വേണ്ടത്. പുതിയ കാലം അത്തരം തനിമകളെ ഏറെ ആവശ്യപ്പെടുന്നുണ്ട്. അതിനെക്കുറിച്ചുള്ള ചിന്തയാണ് വേണ്ടതെന്ന് പറയാൻ മടിക്കേണ്ടതില്ല. എന്താവണം എങ്ങനെയാവണം എന്നുള്ളത് വ്യക്തികൾക്കു സ്വയം തീരുമാനിക്കാനാവുന്ന കാര്യമാണ്. അതിലേക്കാവട്ടെ അടുത്ത വഴി വെട്ടൽ...
അവതാരകന്റെ ആത്മഭാഷണമെന്നോണം ടെലിവിഷനിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധിച്ചാൽ മതി. ഏതൊരു വിഷയമാവട്ടെ, ഏറ്റവും പ്രധാനപ്പെട്ട പലതിനെയും തള്ളിക്കളഞ്ഞുകൊണ്ട് അതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കാതെ പെട്ടെന്ന് തീപ്പിടിക്കുന്നുവെന്ന് അവർക്കു തോന്നുന്ന ചില വിഷയങ്ങളെടുത്തിട്ട് ചർച്ച ചെയ്തുകളയും. ആ ചർച്ചയാവട്ടെ പലപ്പോഴും സമയപരിമിതി മൂലം എവിടെയുമെത്താതെ പിരിയുകയും ചെയ്യും. ചർച്ചയ്ക്കായി വന്നിരിക്കുന്നവരാകട്ടെ ഓരോന്നിന്റെയും പ്രതിനിധികളായിരിക്കും. അവർക്ക് പൊതുവെ വിഷയത്തിൽ സംസാരിക്കുകയെന്നതിനേക്കാൾ അവരവരുടെ മുഖംമൂടികൾ ഉലയാതെ സൂക്ഷിക്കേണ്ടതെങ്ങനെ എന്ന ചിന്തയായിരിക്കും. ഇതിനെ വിമർശിക്കുന്നവരോട് താല്പര്യമില്ലെങ്കിൽ കാണേണ്ട എന്ന മറുപടിയും. എല്ലാ സംഭവങ്ങളുടെയും അടിയടരുകൾ കണ്ടുകൊണ്ടാണ് സംസാരിക്കുന്നതെന്ന് തോന്നിക്കുക എന്നതിലാണ് അടിസ്ഥാനഭാവം നിലനിൽക്കുന്നത്. അതിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ പ്രതീക്ഷിക്കുന്ന ഉത്തരം ഉണ്ടാവണമെന്ന് കരുതുക സ്വാഭാവികം. അല്ലെങ്കിൽ അങ്ങനെയൊരു ഉത്തരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമായിരിക്കും പിന്നീട് നടത്തുക.
അവതാരകരിൽ -വാർത്ത- പൊതുവെ കണ്ടുവരുന്ന പ്രവണതകൾ ഏതൊരു ചാനലിലും സമാസമമാണ്. അത് ആ സീറ്റിലിക്കുമ്പോൾ തോന്നുന്നതാണോ എന്തോ...
എന്തായാലും വാർത്തകളറിയാൻ മാത്രമേ പൊതുവെ - എന്തെങ്കിലും പുതിയ സംഭവങ്ങൾ ഉണ്ടോ എന്നത് - ടെലിവിഷനെയും മറ്റും ആശ്രയിക്കാവൂ എന്നുറപ്പ്. ഇവിടെ ആദ്യഭാഗത്തു പറഞ്ഞതിൽ സോഷ്യൽ മീഡിയ പോലെയുള്ളവയും വരും. വസ്തുതകൾ അറിയുന്നതിനും അഭിപ്രായം സ്വരൂപിക്കുന്നതിനും ഇത്തരം മാധ്യമങ്ങളെ ആശ്രയിക്കുക പല സന്ദർഭങ്ങളിലും പ്രയാസമായിത്തോന്നാറുണ്ട്. തള്ളിത്തള്ളി താഴേക്കിടുക എന്നതിലാണ് പലപ്പോഴും പലരും പ്രയാസമില്ലാതെ പ്രാവീണ്യം നേടുന്നത്. അതുകൊണ്ട് കുഞ്ഞുണ്ണിമാഷ് പറയുന്നതുപോലെ എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം എന്നത് മനസ്സിൽ വച്ചുകൊണ്ട് വെറുതെയിരുന്നാൽ നല്ലത്.
No comments:
Post a Comment