Saturday, August 22, 2020

തെറ്റും ശരിയും

തെറ്റും ശരിയും എന്ന പേരിൽ ഭാഷയിൽ നിരന്തരം ഉപയോഗിക്കുന്ന പല വാക്കുകളെയും അവതരിപ്പിച്ചു കാണാറുണ്ട്. ഇങ്ങനെ എന്നതാണ് ശരി ഇങ്ങിനെ എന്നതല്ല തുടങ്ങി നിരവധി കാര്യങ്ങൾ. പലതും അർത്ഥപരമായി വ്യത്യാസങ്ങൾ വരുത്തുന്നവയല്ലെങ്കിലും അങ്ങനെ വരുന്നവയാണ് ഏറെ അപകടകാരികൾ. ഭാഷ ആശയവിനിമയത്തിനാണെന്നും കാര്യം മനസ്സിലായാൽപ്പോരേ എന്നും പറയുന്നവരുണ്ട്. അത് ശരിയുമാണ്. പ്രാദേശികഭേദങ്ങൾ നിലനില്ക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഉദ്ദേശം എന്നെഴുതേണ്ടിടത്ത് ഉദ്ദേശ്യം എന്നെഴുതുമ്പോൾ സംഭവിക്കുന്ന അപകടം വളരെ വലുതാണ്. ഉദ്ദേശം എന്നതിന് ഏകദേശം എന്ന അർത്ഥവും ഉദ്ദേശ്യം എന്നതിന് ലക്ഷ്യം എന്ന അർത്ഥവുമാണുള്ളത്. ഇവ പരസ്പരം മാറിപ്പോകുമ്പോൾ ഉദ്ദേശ്യം തെറ്റും. 

പ്രചരണം - പ്രചരിക്കൽ ആണ്. പ്രചാരണം, പ്രചരിപ്പിക്കൽ എന്നതും. രണ്ടിനും വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടിവായിക്കുമ്പോൾ അർത്ഥം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാകില്ല.

തെറ്റ് - ശരി എന്ന നിലയിൽ കാണാനാകുന്ന ചില പദങ്ങൾ നോക്കുക

അടിമത്വം - അടിമത്തം

അനന്തിരവൻ - അനന്തരവൻ

അനുഗ്രഹീതൻ - അനുഗൃഹീതൻ

അവധാനത - അവധാനം

അസ്ഥിവാരം - അസ്തിവാരം

ആദ്യാവസാനം - ആദ്യവസാനം

ഏകകണ്ഠേന - ഐകകണ്ഠ്യേന

കയ്യക്ഷരം - കൈയക്ഷരം

കവയത്രി - കവയിത്രി

കുടിശിഖ - കുടിശ്ശിക

ചിലവ് - ചെലവ്

തെരഞ്ഞെടുപ്പ് - തിരഞ്ഞെടുപ്പ്

ദൈന്യത - ദൈന്യം

യാദൃശ്ചികം - യാദൃച്ഛികം

മുന്നോക്കം - മുന്നാക്കം

രാപ്പകൽ - രാപകൽ

സൃഷ്ടാവ് - സ്രഷ്ടാവ്

സ്രിഷ്ടി - സൃഷ്ടി

സത്യാഗ്രഹം - സത്യഗ്രഹം

സാധാരണയായി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നവർ പൊതുനിലപാട് സ്വീകരിക്കുന്നതായിട്ടാണ് കാണുക. അതിൽ ശരിയുണ്ടോ എന്ന തർക്കത്തെ വെറുതെ വിട്ടുകൂടാ. കാരണം ഭാഷാപരമായ ശരികളെ തിരിച്ചറിയുകയും അവയെ ഉപയോഗിക്കുകയും ചെയ്യുന്നത് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുകയും പുതിയ/പഴയ തലമുറയ്ക്ക ് അത് ശരിയായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്യും. ഓൺലൈനിൽ കാണുന്ന പല എഴുത്തുകളിലും ആവർത്തിച്ചുവരുന്ന തെറ്റുകൾ ഓർമ്മിപ്പിക്കുന്നുവെന്നു മാത്രം. ട്രോളുകളായും അഭിപ്രായങ്ങളായും സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന എഴുത്തുകൾ അക്ഷരത്തെറ്റിന്റെ കാര്യത്തിൽ അക്ഷരത്തെറ്റുകളെ തോൽപ്പിക്കുന്ന തരത്തിലാണ് അവതരിക്കാറ്. പത്ര-ദൃശ്യമാധ്യമങ്ങളും ശരിയായി ഉപയോഗിക്കുന്ന കാര്യത്തിൽ പുറകിലാണെന്നു കാണാം. ദുഃഖം  എന്നത് ദുഖഃം എന്നെഴുതിക്കാണിക്കുന്നത് വേഗത്തിൽ തയ്യാറാക്കുമ്പോൾ സംഭവിക്കുന്ന അക്ഷരത്തെറ്റായി മാത്രമേ കാണേണ്ടതുള്ളൂ. എന്നാൽ അധ്യാപകനെ അദ്യാപകനും വിദ്യാർത്ഥിയെ വിധ്യാർത്ഥിയും ഒക്കെ ആക്കി മാറ്റുന്നതിനെ അങ്ങനെ കണ്ടുകൂടാ. 

അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സൂക്ഷ്മത വേണ്ടിയിരിക്കുന്നു എന്നർത്ഥം. ഋ ഒക്കെ എന്തിനാണ്? തുടങ്ങിയ വാദങ്ങൾ തികച്ചും ബാലിശമായി പലരും ഉന്നയിക്കുന്നതു കണ്ടിട്ടുണ്ട്. കൃഷി  എന്നെഴുതാനും സൃഷ്ടി എന്നെഴുതാനും മറ്റും ഋ അനിവാര്യമാണെന്ന് ബോധ്യപ്പെടുകയാണ് വേണ്ടത്. അത്തരത്തിലുള്ള അവബോധം ഭാഷാപഠനത്തിൽ അനിവാര്യമായിത്തീർന്നിരിക്കുന്നു. ഭാഷ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മലയാളത്തിൽ എഴുതുന്നതിൽ തെറ്റു വരുത്തിയാലെന്താ എന്ന മനോഭാവത്തിന് വിട നല്കുക. Knight എന്നെഴുതേണ്ടിടത്ത് night എന്നെഴുതിയാൽ ശരിയാവില്ലല്ലോ. മലയാളത്തെ ഉദ്ധരിക്കുമ്പോൾ എന്നതിനേക്കാൾ ഇംഗ്ലീഷിനെ ഉദ്ധരിക്കുമ്പോൾ കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാനാവും എന്നു തോന്നുന്നു. 

No comments: