ഭരണം ഇനിയും തുടരുമെന്ന മട്ടില്‍ പരസ്യങ്ങളും ആഘോഷങ്ങളും പൊടിപൊടിക്കുമ്പോള്‍ ഇതെല്ലാം ആരുടേതെന്ന ഭാവമാണ് സാധാരണക്കാര്‍ക്കുള്ളത്. തുടര്‍ന്നാല്‍ തുടരട്ടെ. അതിനുള്ള കാരണങ്ങള്‍ ആര്‍ക്കെങ്കിലും നേരിട്ട് എന്തെങ്കിലും കിട്ടിയതുകൊണ്ടല്ലെന്ന ബോധ്യം അവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല, നികുതിപ്പണത്തില്‍ നിന്ന് ഭരിക്കാന്‍ വേണ്ടതെടുത്തിട്ട് അവകാശപ്പെട്ടത് തരുന്നതില്‍ ദാസ്യബുദ്ധി തോന്നേണ്ട കാര്യമില്ലെന്നും അവര്‍ക്കറിയാം. കുടുംബത്തിലെ പ്രശ്നം തീര്‍ത്തിട്ടുവേണ്ടേ മറ്റെവിടേക്കെങ്കിലുമൊക്കെ പോകാന്‍! ആരാധനാലയങ്ങള്‍ വലുതായതുകൊണ്ടോ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതുകൊണ്ടോ അര്‍ദ്ധപ്പട്ടിണിക്കാരന് പ്രയോജനമൊന്നുമില്ലെന്ന ബോധ്യവും അവര്‍ക്കുണ്ട്. ജനാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസവുമുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തിന് പുതിയൊരാളെ സധൈര്യം ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുമെങ്കില്‍ മറ്റെല്ലാം അവിടെ മാഞ്ഞുപോകും. പടലപ്പിണക്കങ്ങളും പ്രാദേശികഭേദങ്ങളും ജനങ്ങള്‍ക്ക് മനസ്സിലാകും. അവരാഗ്രഹിക്കുന്നത് പുതിയൊരു ഭരണമാണെങ്കില്‍, അതിനുതക്ക ഒരാളെ ഉയര്‍ത്തിക്കാണിക്കുകയും ജനങ്ങളോട് നേരിട്ട് സംസാരിക്കുകയുമാണ് വേണ്ടത്. പ്രതിപക്ഷത്തിന്റെ ദൗര്‍ബ്ബല്യം മാത്രമാവും ഇനിയൊരിക്കല്‍ക്കൂടി ഈ ഭരണം തുടരുന്നുണ്ടെങ്കില്‍ അതിന്റെ കാരണമാവുക.
അനുദിനം പുതിയ വിപണികള്‍ കണ്ടെത്തുന്ന മുതലാളിത്തം നടപ്പിലാക്കുന്ന ആഗോളീകരണത്തിന്റെ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന തൊഴിലാളികളും വികസനപദ്ധതികള്‍ പല രീതിയിലും പുറത്താക്കിയവരും കടക്കെണികളിലും കാലാവസ്ഥാവ്യതിയാനത്തിലും എല്ലാം നഷ്ടപ്പെടുന്നവരും അടങ്ങുന്ന ഇരകളാണ് ഇവിടെ വിധി നിര്‍ണ്ണയിക്കേണ്ടവര്‍. അവര്‍ ഉപഭോഗവാസനയ്ക്ക് അടിമപ്പെടുന്നവരാവില്ല. അതില്‍നിന്ന് രക്ഷപ്പെട്ടുവരുന്നവരായിരിക്കും. നവസാങ്കേതികവിദ്യ അവതരിപ്പിക്കുന്ന പുതിയ തന്ത്രങ്ങള്‍ അവരുടെ മുന്നില്‍ വിലപ്പോകില്ല. ഡീപ്പ്ഫേക്കും ഏഐയും മറ്റും തിരിച്ചറിയാനും ഒന്നിനെയും വിശ്വസിക്കാതിരിക്കാനും ആവശ്യമായ ബോധ്യം ഉണ്ടായിരിക്കും. അധികാരത്തെ പിന്തുണച്ചിട്ടും ഒന്നും നേടാനാവാതെ പോകുന്നവര്‍ കുറേപ്പേര്‍ മാത്രം ദിവാസ്വപ്നങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കും.
പരസ്യം കണ്ട് അന്ധാളിച്ചുപോയവരേറെ. പലതും എന്താണെന്ന് അവര്‍ക്കുതന്നെ മനസ്സിലായിട്ടില്ല. പരസ്യം കൊടുത്തവര്‍ക്കും കാണുന്നവര്‍ക്കും അതെന്താണെന്ന് ഉറപ്പിക്കാനാവുന്നില്ല. പിന്നെങ്ങനെ, ആ പേരില്‍ വോട്ടു ചെയ്യും?! അല്ലെങ്കിലും പരസ്യത്തിനാരെങ്കിലും വോട്ടു ചെയ്യുമോ?
പലതിന്റെയും തുടര്‍ച്ച മാത്രമാണ് കണ്ടുപിടുത്തങ്ങളും പുരോഗതിയും! അതൊക്കെ ആരു വേണ്ടെന്നു പറഞ്ഞാലും നടന്നിരിക്കും. മൊബൈല്‍ഫോണുകള്‍ ബിസിനസ്സുകാര്‍ക്കു മാത്രമാണെന്നു കരുതിയിരുന്ന തൊണ്ണൂറുകളുടെ അവസാനം ഓര്‍ക്കുക. പിന്നീടെന്തു സംഭവിച്ചു. ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞവരിലേക്കും തള്ളിക്കളഞ്ഞവരിലേക്കും അതെത്തി. വികസനമെന്നാല്‍ അതിങ്ങനെയൊക്കെയാണ്. അതുകൊണ്ട് ഇവിടെ ദാരിദ്ര്യം ഇല്ലാതാകുന്നുണ്ടോ? വാഹനങ്ങള്‍ ഓടിക്കുന്നവരെല്ലാം പെട്രോളിനെന്തുവില കൂടിയാലും വാങ്ങാന്‍ ബാധ്യസ്ഥരായതിനാല്‍ ആളുകള്‍ വാങ്ങും. അതുകൊണ്ട്, വാങ്ങുന്നവരെല്ലാം കാശുകാരാണെന്നും നാടിന്റെ പുരോഗതിയാണതെന്നും അഭിമാനിക്കാന്‍ ചിലര്‍ക്കൊക്കെ മാത്രമേ കഴിയൂ. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ നിരവധി സര്‍ക്കാരുകള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ഭരണകാലത്തും രാജ്യപുരോഗതിയെ അടിസ്ഥാനമാക്കി നിരവധി ഭരണപരിഷ്കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിട്ടുമുണ്ട്. പലതരം നയമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിശുദ്ധകഥകള്‍ ഏറെയുണ്ടായിട്ടുണ്ട്. അവിശുദ്ധബന്ധങ്ങളുടെ കഥകളാണ് ഇപ്പോഴേറെ!
നിരവധി കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിലൂടെ നാട്ടിലെങ്ങും വിലകൂടിയ കാറുകളും സൗകര്യങ്ങള്‍ വര്‍ദ്ധിച്ച ബസ്സുകളും ട്രെയിനുകളും വിമാനങ്ങളും ഓടാന്‍ തുടങ്ങിയെന്നും അഭിമാനിക്കാം. അഭിമാനം ആരുടേതാണെന്നും ആര്‍ക്കവകാശപ്പെട്ടതാണെന്നും മാത്രം ചോദിക്കരുത്! വഴിയില്‍, വണ്ടിയില്‍ കൊണ്ടുവന്ന് വില്‍ക്കുന്നതിന് അരിയുണ്ടാകുന്നു. അത് വിലക്കയറ്റം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമല്ലെന്നും തെരഞ്ഞെടുപ്പുകാലത്തേക്ക് മാത്രം നടക്കുന്നതാണെന്നും മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് പ്രയാസമില്ല! പെട്രോളിന് ഒരിക്കലും കുറയ്ക്കാത്ത, കുറയാത്ത വില. അരിക്കുമാത്രം താല്‍ക്കാലികമായി ആര്‍ക്കോവേണ്ടി കുറയുന്ന വില!!
15.03.2024 #ElectoralBondScam #ElectoralBandsCase #ElectoralBond
ബോണ്ടുകളെന്ന മറ
ഗ്യാരണ്ടിയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന് പറയാതിരിക്കാനാവില്ല. കൊടുക്കല്‍ വാങ്ങലിന്റെ തോതിലുള്ള വ്യത്യാസത്തെക്കൂടി തിരിച്ചറിയണം. ചങ്ങാത്തമുതലാളിത്തവും (ക്രോണി ക്യാപ്പിറ്റലിസം) നവലിബറല്‍ നയങ്ങളും എത്രത്തോളം ചേര്‍ന്നുപോകുന്നുവെന്നും അതെങ്ങനെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയകാലാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്. എല്ലാവരും വാങ്ങിയില്ലേ എന്നാണെങ്കില്‍ ഇല്ല എന്നാണുത്തരം. ഇല്ലെങ്കില്‍ കിട്ടാത്തതുകൊണ്ടാവുമെന്നാണ് പലരും പറയുന്നത്. എല്ലാവരും ഉള്‍പ്പെടുന്ന അഴിമതി അംഗീകരിച്ചാലെന്താ എന്ന മട്ടിലാണ് പല ഹാന്‍ഡിലുകളും മറുപടികള്‍ പടച്ചുവിടുന്നത്. ഈ കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയുടെ പുറകില്‍ ഭീഷണിയും കാര്യസാധ്യവുമൊക്കെയുണ്ട്. പകരത്തിനു പകരമായി കൊടുക്കുന്നതും, കൊടുക്കുന്നവര്‍ ജനങ്ങളില്‍നിന്ന് പിഴിയുന്നതും ആരും ചിന്തിക്കുന്നില്ലെന്നോ? ഒരു മൊബൈല്‍ഫോണ്‍ കമ്പനി പണം നല്‍കുന്നുണ്ടെങ്കില്‍ ആ പണം വരുന്നതെവിടെനിന്നാണ്? ഈ പോകുന്ന പണം ഇളവുകളായി അതിന്റെ ഉപഭോക്താക്കള്‍ക്ക് കിട്ടാത്തതെന്തുകൊണ്ടാണ്? ഇങ്ങനെ വാങ്ങിയും വളര്‍ത്തിയും വഞ്ചിക്കുന്നതാരെയാണ്? വലിയ ചോദ്യങ്ങള്‍ ജനങ്ങളില്‍നിന്നുയര്‍ന്നുവരണം. (പാര്‍ട്ടി അനുഭാവികളില്‍നിന്നല്ല.) തിരിച്ചറിയേണ്ടതുണ്ട്, ജനാധിപത്യത്തിന്റെ പേരില്‍ നടത്തുന്ന, വികസനത്തിന്റെ പേരില്‍ ഒളിച്ചുകടത്തുന്ന പ്രഖ്യാനപങ്ങളെ. അതറിയാത്തവര്‍ അതറിയുന്ന കാലമാവുമ്പോഴേയ്ക്കും രാജ്യം സാമ്പത്തികമായി അസ്ഥിരപ്പെട്ടിരിക്കും. അതിനുള്ള സാധ്യതയാണേറെ.
കോടീശ്വരന്മാര്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ ഗുണപ്പെടുന്നതാര്? സാധാരണക്കാര്‍ കൂടിയ വിലയ്ക്ക് പെട്രോളും മറ്റു ടെക്നോളജികളും സ്വീകരിക്കുമ്പോള്‍, ലാഭം നേടുന്നത് കമ്പനികളും ഇതിന്റെ പങ്കുപറ്റുന്നത് പാര്‍ട്ടികളുമാണ്. ഇനിയുമേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്.
No comments:
Post a Comment