ഒരു പ്രത്യേക ജനവിഭാഗത്തിന്റെ
അറിവ്,
വിശ്വാസം, ആചാരമര്യാദകൾ, അനുഷ്ഠാനങ്ങൾ, കലാപ്രവർത്തനങ്ങൾ, സ്വഭാവരീതികൾ, അഭിലാഷങ്ങൾ ഇവയുടെയെല്ലാം ആകെത്തുകയെയാണ് സംസ്‌കാരമെന്ന അർത്ഥത്തിൽ
വ്യവഹരിക്കുന്നത്. ജീവിതാനുഭവങ്ങളെ നിരീക്ഷിക്കുകയും വിശകലനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ
കണ്ടെത്താവുന്നതാണിത്. സാംസ്‌കാരികവ്യവഹാരത്തിന്റെ സാധ്യതകൾ ഒരുപക്ഷേ, ജനപരമ്പരകളുടെ തുടർച്ചയിലൂടെയോ, ഒരു വ്യക്തിയുടെ മാത്രം പ്രവർത്തനങ്ങളിലൂടെയോ കണ്ടെത്താനാവും.
സംസ്‌കാരപഠനം മുഖ്യമായും ഊന്നൽ നല്കുന്നതെന്ത് എന്ന് അന്വേഷിക്കേണ്ടതിവിടെയാണ്. സാമൂഹികശാസ്ത്രത്തിന്റെ
വിശകലനരീതികളിലൂടെ സംസ്‌കാരത്തെയും ജീവിതശൈലിയെയും വിശദമാക്കുന്ന രീതിയും ഉപയോഗത്തിലിരിക്കുന്ന
ഉദാത്തമാതൃകകളെ ആസ്പദമാക്കി സാംസ്‌കാരികവിശകലനം നടത്തുന്ന രീതിയും നിലവിലുണ്ട്. എന്നാൽ
പലപ്പോഴും നാം സ്വീകരിക്കുന്ന മാതൃക ഇതിൽനിന്നും തികച്ചും വ്യത്യസ്തമത്രേ. അതു വ്യത്യസ്തവിഷയങ്ങൾ
ഒരേ സമയം കൈകാര്യം ചെയ്യുന്നതും അധികാരഘടനയുടെ താല്പര്യങ്ങളെക്കൂടി
പരിഗണിക്കുന്നതുമാണ്. സാംസ്‌കാരിക മൂലധനമെന്നു പലപ്പോഴും വ്യവഹരിക്കുന്ന ഇത് പങ്കിട്ടെടുക്കുന്നതിനുള്ള മത്സരം കൂടി പരിഗണിക്കേണ്ടതുണ്ട്.
പരിഗണിക്കുന്നതുമാണ്. സാംസ്‌കാരിക മൂലധനമെന്നു പലപ്പോഴും വ്യവഹരിക്കുന്ന ഇത് പങ്കിട്ടെടുക്കുന്നതിനുള്ള മത്സരം കൂടി പരിഗണിക്കേണ്ടതുണ്ട്.
സിനിമയിലെ പുതിയ രീതികൾ / സമീപനങ്ങൾ
വലിയ കാൻവാസിലെ കഥയ്ക്കുപകരം
ചെറിയ മുഹൂർത്തങ്ങൾ, സംഭവങ്ങൾ
എന്നിവയുടെ നേർരേഖാഖ്യാനമാണു പുതിയ സിനിമകൾ പൊതുവെ നടത്തുന്നത്. നെടുകെയും കുറുകെയും
നിരവധി വരകൾ രണ്ടിലുമുണ്ട്. പക്ഷെ ഓരോ വരകളെയും യഥാവിധി കൂട്ടിച്ചേർക്കേണ്ടവിധത്തിൽ
ക്രമീകരിക്കുന്നവയല്ല പുതിയ സിനിമകൾ. അതു പലതിനെയും വിട്ടുകളയുന്നു. നേർരേഖാഖ്യാനത്തിൽ
പ്രധാനമായതിനെ മാത്രം പൂരിപ്പിക്കുന്നു. നഗരകേന്ദ്രിതമായ ജീവിതവ്യവസ്ഥയിലെ അനുഭവങ്ങളുടെ
ആവിഷ്‌കാരങ്ങളും നഷ്ടബാല്യവും പ്രണയവുമാണ് പ്രധാന പ്രമേയമായി കണ്ടെത്താനാവുക. പരിസരചിത്രീകരണത്തിലും
ക്യാമറയുടെ നോട്ടത്തിലും വേഷവിധാനത്തിലും കൊണ്ടുവന്ന മാറ്റങ്ങളിലൂടെ ഇവ പുതിയ കാലത്തിന്റെ
അടയാളമായിത്തീരുകയും ചെയ്യുന്നു. അവിശ്വസനീയമായ സംഭവങ്ങളെ കഥാഗതിയിലെ നിർണ്ണായകമായ
വഴിത്തിരിവുകളാക്കി മാറ്റുന്ന സിനിമയുടെ രീതി ഇവിടെയും പിന്തുടരുന്നുണ്ട്. സിനിമയുടേതുമാത്രമായ
ന്യായങ്ങളും വസ്തുനിഷ്ഠതയും സംഭവങ്ങളും ആദ്യകാലം മുതൽ ഇന്നോളം ഒരുപോലെത്തന്നെ. നൂതനസാങ്കേതികവിദ്യ
കാഴ്ചയുടെ രസതന്ത്രത്തെ കുറച്ചുകൂടി മനോഹരമാക്കുന്നു. ഈ മനോഹാരിതയും ആവർത്തനത്തിലൂടെ
സാധാരണസംഭവമായിത്തീരുന്നതോടെ പുതിയ വഴികൾ തേടേണ്ടിവരുമെന്ന തോന്നലാണ് പല സിനിമകളും.
സാധാരണക്കാരായ കഥാപാത്രങ്ങൾ താരങ്ങളായിത്തീരുന്നതോടെ സംഭവിക്കാവുന്ന മാറ്റം കച്ചവടസിനിമയിലെ
ഏതു നടനും ബാധകമാണ്. താരമൂല്യവുമായി ബന്ധപ്പെട്ട ഒരു ചർച്ച ഈ പ്രബന്ധത്തിന്റെ മറ്റൊരു
ഭാഗത്തുവരുന്നതിനാൽ ഇവിടെ കൂടുതൽ വിശകലനങ്ങളിലേക്കു കടക്കുന്നില്ല.
കച്ചവടസിനിമയും കലാസിനിമയും
കച്ചവടസിനിമ, കലാസിനിമ തുടങ്ങിയ വേർതിരിവുകൾ സിനിമയിൽ വളരെ പ്രധാനപ്പെട്ടതാണ്.
കച്ചവടത്തിനാവശ്യമായ ഫോർമുലകൾ കണ്ടെത്തുകയും അവയ്ക്കനുസൃതമായി കഥയവതരിപ്പിക്കുകയും
ചെയ്യുന്ന ഒരു രീതിയും കഥാസാരത്തോട് നീതി പുലർത്തുകയും ഏറ്റവും ഇണങ്ങുന്ന രീതിയിൽ അവതരിപ്പിക്കുകയും
ചെയ്യുന്ന മറ്റൊരു രീതിയും. രണ്ടാമതു പറഞ്ഞതിൽ മാമൂലുകൾക്ക് സ്ഥാനമില്ല. ജനപ്രിയതയുമായി
ബന്ധപ്പെട്ട ഘടകങ്ങൾക്കു പ്രസക്തിയില്ല. ഇവയൊന്നുമല്ലാതെ മധ്യവർത്തികളായ സിനിമകളുമുണ്ട്.
മേൽപ്പറഞ്ഞ രണ്ടിന്റെയും ഘടകങ്ങളെ കൂട്ടിയിണക്കി അവതരിപ്പിക്കുന്നവ. പത്മരാജനും ഭരതനും
ലോഹിതദാസും മറ്റും ചെയ്തത് അതാണ്.
വരേണ്യത - ജനപ്രിയത: അതിർവരമ്പെന്ത്?
ഷേക്‌സ്പിയർ കൃതികൾ ജനപ്രിയസാഹിത്യമായിരുന്നുവെന്നും
പിന്നീട് അതിന് വരേണ്യതയുടെ മാനം ലഭ്യമായിയെന്നും പറയപ്പെടുന്നു. തുള്ളൽക്കൃതികൾ ഇത്തരത്തിൽ
പരിണാമം സംഭവിച്ചവയാണ്. ഭക്തിസാഹിത്യവും അങ്ങനെത്തന്നെ. ഹിച്ച്‌കോക്ക് സിനിമകൾ, ചാർലി ചാപ്ലിന്റെ സിനിമകൾ എന്നിവയുടെ കാര്യവും ഇതുതന്നെയാണ്.
ജനപ്രിയകലകളിലെ അംശങ്ങൾ സ്വാംശീകരിച്ചുകൊണ്ട് വരേണ്യകലകൾ പുഷ്ടിപ്പെട്ടതിന് ഉദാഹരണങ്ങൾ
ഏറെയുണ്ട്. സംഗീതമേളകളിലെ ഫ്യൂഷൻ പോലുള്ള പരിപാടികൾ
ജനപ്രിയതയിൽനിന്നും വരേണ്യതയുടെ മാനങ്ങളിലേക്ക് വളരുന്നുണ്ടല്ലോ. ജനസാമാന്യത്തിന്റെ സംസ്‌കാരമാണു ജനപ്രിയസംസ്‌കാരം.
ഒരു സാധാരണ സമൂഹത്തിലെ ജനങ്ങൾ പൊതുവായി ഇഷ്ടപ്പെടുന്നതും പങ്കുവെയ്ക്കുന്നതുമായ ഘടകങ്ങളുടെ
സംഘാതമാണ് ജനപ്രിയസംസ്‌കാരം. ജനകീയതയുണ്ടാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രേക്ഷകർ
ആവശ്യപ്പെട്ടത്, കുടുംബപ്രേക്ഷകർക്കുവേണ്ടി, സ്ത്രീകൾ കാണുവാൻ കൊതിക്കുന്നത് തുടങ്ങിയ പ്രയോഗങ്ങൾ ഇവയുടെ
അനന്തരഫലമാണ്.
സാംസ്‌കാരികോത്പന്നങ്ങളെ
സമൂഹത്തിന്റെ അനിവാര്യതയായി കാണുകയും അവയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുന്ന പ്രത്യയശാസ്ത്രം
പ്രചരിക്കുകയും ചെയ്യുമ്പോഴാണ് അധികാരം ബലപ്പെടുന്നത്.
നിലനില്ക്കുന്ന അധികാരബന്ധങ്ങളെ സ്ഥാപിച്ചെടുക്കുന്നതിനും അവയുടെ തുടർച്ച നിലനിർത്തുന്നതിനും
സാംസ്‌കാരികവിഭവങ്ങളെ ഉപയോഗിക്കുന്നു എന്നർത്ഥം. വിപണിയുടെ നിയമങ്ങൾക്കാണ് ഇവിടെ പ്രാധാന്യം.
സംസ്‌കാരത്തെ വ്യവസായമായി കാണുകയും ആസ്വാദനത്തെ വിപണിയാക്കിത്തീർക്കുകയും ചെയ്യുന്ന
പ്രവണതയാണിത്. സംസ്‌കാരത്തെ സൂക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും വരേണ്യരുടെ മാത്രം
താല്പര്യവും ജനകീയമാകുമ്പോൾ വരാൻ സാധ്യതയുള്ള മൂല്യച്യുതികളെ അറിയേണ്ടതും ആവശ്യമാണെന്ന
തോന്നലാണിവിടെയുള്ളത്. ഫേസ്ബുക്ക് ഏറെ ജനകീയമാകുമ്പോൾ അതിൽനിന്നും ബോധപൂർവ്വം വിട്ടുനിൽക്കുന്ന
അമേരിക്കക്കാരെക്കുറിച്ച് ഈയടുത്ത് ഒരു വാർത്ത കണ്ടു. എല്ലാവരും കേറി മേയുന്നിടത്തുനിന്നും
വിട്ടുനില്‌ക്കേണ്ട ഒരു വരേണ്യത.
1895 ഡിസംബർ
28നു പാരീസിൽ നടത്തിയ ആദ്യ പൊതുപ്രദർശനത്തിൽനിന്നും തികച്ചും വ്യത്യസ്തമായ
ഒരു കാഴ്ചയാണ് ഇന്നു സിനിമ. അതൊരു സംസ്‌കാരമായും ജീവിതരീതിയായും പൂർണ്ണമായും വികാസം
പ്രാപിച്ച ഒന്നായിരിക്കുന്നു. സിനിമയെ ഒരു വ്യവസായമെന്നു വിശേഷിപ്പിക്കുന്നതിലാണ് ഏറെ
താല്പര്യം. ഒരു ഉപജീവനമാർഗ്ഗമെന്ന നിലയിലും കലയെന്ന നിലയിലും സിനിമ വളർന്നു വികസിച്ചിരിക്കുന്ന
തലങ്ങൾ പരിശോധിക്കുന്നിടത്താണ് അതിന്റെ സാംസ്‌കാരികപ്രാധാന്യം വ്യക്തമാവുക.
സാങ്കേതികാർത്ഥത്തിൽ
സിനിമയിലെ ഘടകങ്ങളെ സൃഷ്ട്യുന്മുഖ സാങ്കേതികത(creative technique)യെന്നും സാങ്കേതിക സൃഷ്ടിപരത(technical
creation)യെന്നും തിരിക്കാം. കഥ/ഇതിവൃത്തം, കഥാപാത്രവൽക്കരണം, പ്രേരണ, ലൊക്കേഷൻ, സിനിമയുടെ
അർത്ഥം എന്നിവ ഒന്നാമത്തേയും ശബ്ദം, എഡിറ്റിംഗ്, പ്രകാശക്രമീകരണം, ക്യാമറയുടെ ആംഗിൾ, വിവിധതരം ഷോട്ടുകൾ, ലെൻസ്, ടോൺ,
പ്രൊജക്ഷൻ എന്നിവ രണ്ടാമത്തേയും ഭാഗങ്ങളാണ്.
സിനിമാനിർമ്മാണത്തിന്റെ
ഓരോ ഘട്ടത്തിലും നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കും മാറ്റങ്ങൾക്കും എഡിറ്റിംഗുമായി ബന്ധമുണ്ട്.
ഒരു തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ തിരക്കഥാകൃത്ത് കഥാപാത്രങ്ങളുടെ മനശ്ശാസ്ത്രവും
പ്രത്യേകതകളും വിശദമായി മനസ്സിലാക്കിയിരിക്കും. മാത്രമല്ല, സിനിമയുടെ മൊത്തം ഘടനയുമായി ബന്ധപ്പെട്ട് ഓരോ കഥാപാത്രങ്ങളും
തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധവും അവ തമ്മിലുള്ള സമതുലനവും ആ രചനയിൽ പ്രത്യക്ഷപ്പെടും.
പരസ്പരബന്ധമുള്ള ആ ക്രിയാഘടനയാണ് സിനിമയുടെ ജീവൻ. കാലികമായ ക്രമത്തിൽ കഥ നടക്കുമ്പോൾ
തിരക്കഥയിൽ അത് വിവിധ കാലങ്ങളെ പരസ്പരം ബന്ധിക്കുന്ന രീതിയിൽ വികസിക്കുകയാണ്. ഓരോ സീനിലും
വരേണ്ടത് എന്തായിരിക്കണം എന്നും അവ അടുത്തതുമായി ഏതുരീതിയിൽ ബന്ധപ്പെട്ടാലാണ് കഥ വികസിക്കുക
എന്നും തിരക്കഥാകൃത്ത് മനസ്സിലാക്കുകയും അതിനനുസൃതമായ രീതിയിൽ കഥയിലെ ഓരോ ഘടകത്തെയും
വിന്യസിക്കുകയും ചെയ്യും.
ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന
പൊതുസമീപനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമ നിർമ്മിക്കപ്പെടുന്നതും കാണുന്നതും. ഇന്ത്യൻസിനിമ
(മലയാളസിനിമ, തമിഴ്‌സിനിമ, ഹിന്ദിസിനിമ തുടങ്ങിയവ), ലോകസിനിമ, ഹോളിവുഢ്‌സിനിമ എന്നൊക്കെ ദേശ്യഭേദങ്ങൾ ഉണ്ടാകുന്നത് ഇത്തരത്തിൽ കൂട്ടിച്ചേർക്കപ്പെടുന്ന
സാംസ്‌കാരിക സവിശേഷതകളുടെ അടിസ്ഥാനത്തിലാണ്.
താരമൂല്യം
കച്ചവടസിനിമകൾ താരമൂല്യത്തിനു
നല്കുന്ന അമിതപ്രാധാന്യമാണ് അവയുടെ സാമ്പ്രദായിക ഘടനകൾക്കു കാരണമായിത്തീരുന്നത്. നായകനടൻ, ഉപനായകന്മാർ, മുഖ്യഅഭിനേത്രി, സഹനടിമാർ എന്നിവരുടെ മാനറിസങ്ങളും മുൻകാലകഥാപാത്രങ്ങളും ഏൽപ്പിക്കുന്ന
അമിതഭാരത്തിൽനിന്ന് മുക്തി നേടാനാവാതെ ഓരോ കഥയിലും ചില പ്രത്യേകരീതികളിൽ മാത്രമാണ്
അവർ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർതാരങ്ങൾക്കുള്ള പ്രത്യേക യുക്തികൾ, അവരുടെ അഭിനയമുഹൂർത്തങ്ങൾക്കു സഹായകമായി വർത്തിക്കുന്നവരുടെ
നിലവാരം,
എതുതരം പരിതസ്ഥിതിയിലും നായകകഥാപാത്രങ്ങൾ പ്രകടിപ്പിക്കുന്ന
പതിവുശൈലികൾ തുടങ്ങിയവ താരമൂല്യത്തിനുള്ള അമിതപ്രാധാന്യത്തെയാണു കാണിക്കുന്നത്. ഇവരിൽ
പലരും തികച്ചും വ്യത്യസ്തമായ റോളുകളിൽ തിളങ്ങുന്നവരും തിളങ്ങിയിട്ടുള്ളവരുമാണ്. എങ്കിലു
താരമൂല്യത്തെ സംബന്ധിച്ച പൊതു കാഴ്ചപ്പാടിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ ഓരോരുത്തരും
വിലയിരുത്തപ്പെടുന്നുള്ളൂ. പ്രേക്ഷകരുടെ താല്പര്യങ്ങളെന്നതിലുപരിയായി കൂടുതൽ ഹോംവർക്കു
ചെയ്യേണ്ടതില്ലെന്ന ചലച്ചിത്രകാരന്മാരുടെ മനോഭാവത്തെയാണ് ഇതു കാണിക്കുന്നത്.
ശബ്ദത്തിന്റെ പ്രാധാന്യം
ഡോൾബി സിസ്റ്റം, ഡിജിറ്റൽ ശബ്ദസാങ്കേതികത തുടങ്ങിയവ സിനിമയിൽ കടന്നുവരുന്നതോടെ
അന്നേവരെ ശബ്ദസങ്കല്പത്തിൽ ഉണ്ടായിരുന്ന രീതികളിൽനിന്നും വ്യത്യസ്തമായ പലതിനെയും ഉൾക്കൊള്ളിക്കുന്നതിനു
സിനിമയ്ക്കു സാധിക്കുന്നുണ്ട്. വിവിധഭാഗങ്ങളിൽനിന്നു കടന്നുവരുന്ന ശബ്ദസഞ്ചയത്തിന്റെ
സൂക്ഷ്മതലങ്ങളിലേക്കു പോകുവാനും അതിനനുസൃതമായി പ്രതികരിക്കുവാനും പ്രേക്ഷകർക്കു സാധിക്കുന്നത്
അവരുടെ വ്യക്തിപരമായ കഴിവിനെയും അറിവിനെയും അടിസ്ഥാനമാക്കിയാണ്. തീയേറ്ററിലെ ഇരിപ്പിടമായാലും
ടെലിവിഷനു മുന്നിലെ കസേരയായാലും പ്രേക്ഷകർ ഒരേ അവസ്ഥയിൽത്തന്നെയാണ് സിനിമയെ മനസ്സിലാക്കാൻ
ശ്രമിക്കുകയത്രേ. മാനസികാവസ്ഥയ്ക്കാണ് ഇവിടെ പ്രാധാന്യം. തീയേറ്ററിന്റെ പ്രത്യേകതകൾ
ഉൾക്കൊള്ളുകയും പ്രതികരിക്കുകയും ചെയ്യുന്ന ആൾ ടെലിവിഷനു മുന്നിലോ സമാനമായ മറ്റൊരു
പ്രദർശനകേന്ദ്രത്തിലോ പ്രതികരിക്കുന്നതിൽ വ്യത്യാസമുണ്ടായിരിക്കും. ശബ്ദത്തിന്റെ മാസ്മരകികതയിലുപരിയായി
അതിന്റെ സഹായത്തോടെ ആഖ്യാനത്തെ പിന്തുടരുന്നതിലായിരിക്കും പ്രേക്ഷകരുടെ ശ്രദ്ധ. ടൈറ്റാനിക്
എന്ന പ്രണയസിനിമ ഉപയോഗിച്ച സംഗീതം എല്ലാ വിഷാദങ്ങളെയും കപ്പലോട്ടങ്ങളെയും സ്വാധീനിച്ചിരുന്നുവല്ലോ.
അതായത് സിനിമയിലെ ശബ്ദത്തിന് ഈ രീതിയിൽ നമ്മുടെ തിരിച്ചറിവുകളെ സ്വാധീനിക്കാൻ കഴിയും.
സിനിമ തെറ്റായ ഒന്നാണ് ശബ്ദമായി നൽകുന്നതെങ്കിൽ അത് നമ്മുടെ ബോധമണ്ഡലത്തിൽ വിപരീതഫലം
ചെയ്യാൻ സാധ്യതയുണ്ട്. അതായത് ഓരോ ശബ്ദത്തിനും സ്ഥലവുമായും കാലവുമായും ബന്ധപ്പെട്ട
ഒരു നിലനിൽപ്പാണുള്ളത്. അതുകൊണ്ടാണ് ഒരു റൂമിനുള്ളിൽ കേൾക്കുന്ന ശബ്ദവും, ഹാളിൽ കേൾക്കുന്ന ശബ്ദവും, ഒരു കടൽത്തീരത്തോ, കാട്ടിനുള്ളിലോ കേൾക്കുന്ന ശബ്ദവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഒരേ ശബ്ദം ആയിരുന്നാൽപ്പോലും. നാടകം കാണുമ്പോഴായാലും സിനിമ കാണുമ്പോഴായാലും പ്രേക്ഷകന്റെ
ഇരിപ്പിടത്തിന് അതു കണ്ടു കൊണ്ടിരിക്കുമ്പോൾ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. ഒരു നാടകത്തിൽ
സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്ന എല്ലാ ദൃശ്യങ്ങളുടെയും ശബ്ദം നേരിട്ട് പ്രേക്ഷകരിലെത്തുന്നത്
എപ്പോഴും ഒരേ തലത്തിൽത്തന്നെയായിരിക്കും. അതായത് ശബ്ദത്തിന്റെ ഉറവിടം എന്ന ലക്ഷ്യം
മാറിക്കൊണ്ടേയിരിക്കുന്നില്ല. എന്നാൽ സിനിമയിൽ അങ്ങനെയല്ല. ക്യാമറ ചിത്രീകരണം നടത്തിയിരിക്കുന്നത്
മുകളിൽ നിന്നുള്ള ഒരു ആംഗിളിൽ ആണെങ്കിൽ തീർച്ചയായും ശബ്ദത്തിന്റെ അവതരണത്തിലും ആ വ്യത്യാസം
ഉണ്ടായിരിക്കും. ഒരു ഹാളിന്റെ താഴത്തെ നിലയിൽ നിന്ന് രണ്ടു പേർ സംസാരിക്കുന്നത് കേൾക്കുന്നതുപോലെയല്ലല്ലോ
അവരുടെയൊപ്പം നിന്ന് സംഭാഷണം കേൾക്കുന്നത്. ഓരോ സീനും കാണുമ്പോൾ ക്യാമറയുമായി നമ്മുടെ
ദർശനം താദാത്മ്യം പ്രാപിക്കുന്നതുപോലെത്തന്നെയാണ് ശബ്ദവുമായി നമ്മുടെ ചെവിയും താദാത്മ്യം
പ്രാപിക്കുന്നത്. അതായത് സിനിമ എന്ന മായക്കാഴ്ച ദൃശ്യപരമായി പ്രേക്ഷകനെ താദാത്മ്യപ്പെടുത്തുന്നതുപോലെത്തന്നെ
ശ്രാവ്യമായും താദാത്മ്യത്തിലേക്ക് നയിക്കുന്നു. ദൃശ്യത്തിന് വിപരീതമായ ദിശയിൽ നിന്നാണ്
ശബ്ദം കേൾക്കുന്നതെങ്കിൽ അത് സ്വാഭാവികമായും അസ്വസ്ഥതയുണ്ടാക്കും. ഈ അസ്വസ്ഥത തന്നെയാണ്
ദൃശ്യത്തെപ്പോലെ ശബ്ദവും വ്യക്തിയെ സ്വാധീനിക്കുന്നുവെന്നു പറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്നതും.
മാത്രമല്ല, ശബ്ദം സൃഷ്ടിക്കുന്ന
അന്തരീക്ഷത്തിലേക്കും പ്രേക്ഷകൻ നീങ്ങിപ്പോവുകയും മുഴുകുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകനും
അഭിനേതാവിനുമിടയിൽ സൃഷ്ടിക്കപ്പെടുന്ന ബന്ധം ശബ്ദത്തിന്റെ തലത്തിൽക്കൂടി പരിശോധിക്കേണ്ടതുണ്ട്.
പാട്ട്/ ഡാൻസ് ഫോർമുല
തമിഴ് സംഗീതനാടകങ്ങളിൽ
നിന്നു കടംകൊണ്ട ആഖ്യാനപശ്ചാത്തലമാണ് സിനിമകൾ ഇന്നും പിന്തുടർന്നുപോരുന്നത്. മനുഷ്യന്റെ
ആവശ്യങ്ങളുടെ നിർവഹണത്തിനുവേണ്ടി പ്രകൃതിയോടു സംവദിക്കുന്നതിന്റെ അനന്തരഫലമാണു കല.
മാനസികവും ഭൗതികവുമായ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി മനുഷ്യൻ കണ്ടെത്തുന്ന
കാര്യങ്ങളുടെ കൂട്ടത്തിൽ പ്രമുഖസ്ഥാനം കലയ്ക്കുണ്ട്. ഭൗതികാവശ്യങ്ങളുടെ നിർവഹണത്തിനുവേണ്ടി
സൃഷ്ടിക്കുന്നവ പോലും കലാപരമായ പൂർണ്ണത ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കലാപരമായ പൂർണ്ണത
മുമ്പേ പരിചയിച്ചുപോന്ന പലതുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തമിഴ് സംഗീതനാടകങ്ങളുടെ
സ്വാധീനം വ്യക്തമാക്കുന്നത്. ആദ്യകാലസിനിമകൾ അവയിലുപയോഗിക്കുന്ന പാട്ടുകളുടെ എണ്ണത്തിന്റെ
കാര്യത്തിൽ റെക്കോർഡുകൾ ഉണ്ടാക്കിയവയാണ്. പാടിയഭിനയിക്കുന്ന സമ്പ്രദായങ്ങളിൽത്തുടങ്ങി
പിന്നണിഗായകരുടെ സഹായത്തോടെ പാടിയഭിനയിക്കുന്ന രീതിയിലേക്കെത്തിയ സിനിമയുടെ വളർച്ച
എക്കാലത്തും പിന്തുടർന്നുപോരേണ്ട ഒന്നാണിത് എന്ന ധാരണയെയാണു കാണിക്കുന്നത്. തിരക്കഥ
ഒരു സാഹിത്യരൂപമാകുന്നു എന്ന വാദം നിലനിൽക്കുമ്പോഴും അത് ചലച്ചിത്രാവിഷ്‌കാരത്തിൽ നിന്ന്
വേറിട്ടുനിൽക്കുന്നത് ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലാണ്. സിനിമയിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ
ഗാനങ്ങൾ ഒരനിവാര്യതയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഗാനങ്ങളുടെ ഈ തീവ്രമായ പ്രകടനപരത
തിരക്കഥയിൽത്തന്നെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഓപ്പോൾ എന്ന ചിത്രത്തിൽ എട്ടാമത്തെ രംഗത്ത്
ഗാനത്തെക്കുറിച്ചുള്ള സൂചന തിരക്കഥാകൃത്തായ എം ടി വാസുദേവൻനായർ നൽകുന്നുണ്ട്.
വീടിന്റെ പുറംകോലായിൽ
സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുകയാണ് മാളു. അയൽപക്കത്തെ കൊച്ചുവീട്ടിലെ റേഡിയോവിൽനിന്നു
പുരുഷസ്വരത്തിലുള്ള ഒരു ഗാനം. നഷ്ടസൗഭാഗ്യങ്ങളുടെ നിമിഷങ്ങളെ അനുസ്മരിപ്പിക്കുന്ന, അനുരാഗികളുടെ നേർത്ത വിഷാദം അന്തർധാരയായി ഒഴുകുന്ന ഗാനം.
ഇത് പ്രചാരമുള്ള ഒരു
സിനിമാപ്പാട്ടിന്റെ വരിയാകാം.
അപ്പോൾ അവളുടെ മനസ്സ്
ഒരു പൂർവ്വകാലസ്മൃതി അയവിറക്കുന്നു.
അഞ്ചുവർഷം മുമ്പുള്ള
കുറേക്കൂടി ചൈതന്യവും, കണ്ണുകളിൽ
തിളക്കവുമുള്ള മാളു വേലിക്കരികിൽ നിന്ന് ഒരു ഗാനം കേൾക്കുന്നു. അവൾ നടക്കുന്നു. ഗാനം
അവളെ പിന്തുടരുന്നു. അവൾക്കുവേണ്ടി ആരോ പാടുന്ന പ്രസാദാത്മകമായ ഗാനം.
ആൾ അദൃശ്യനാണ്.
അവളുടെ ദൃശ്യപഥത്തിലുണ്ടെങ്കിലും
നാം പ്രേക്ഷകർ കാണുന്നില്ല.
ചെട്ടിപ്പൂക്കളുടെ തടത്തിൽ, വേലിപ്പടർപ്പിലെ പൂക്കളെ താലോലിച്ചു നിൽക്കുമ്പോൾ, മുല്ലത്തറയിൽ പൂവിറുക്കുമ്പോൾ എല്ലാം അവളുടെ ഹൃദയത്തിൽ മധുരമായ
അസ്വാസ്ഥ്യം വിടർത്തുന്ന ആ ഗാനം പിന്തുടരുന്നു.
അതിന്റെ അന്ത്യത്തിൽ
ഒരുതരം ആത്മനിർവൃതിയോടെ അവൾ മന്ദഹസിക്കുന്നു.
ഈ രീതിയിലാണ് എം.ടി.
എന്ന തിരക്കഥാകൃത്ത് ഈ ഗാനത്തിന്റെ ആവശ്യകത വെളിപ്പെടുത്തുന്നത്. ഇത് എഴുതിച്ചേർക്കപ്പെട്ട
ഒരു ഗാനമായാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രംഗത്തിന്റെ ആവശ്യകതയ്ക്ക് അനുസൃതമായ
ഭാവങ്ങൾ വിടർത്തുന്നതിന് ഗാനങ്ങൾ നേരിട്ടുപയോഗിക്കുന്ന സങ്കേതം നമ്മുടെ ചലച്ചിത്രങ്ങൾ
കൂടുതലായി ഉപയോഗിക്കുന്നു. അത് ചലച്ചിത്രത്തിന്റെ പൊതുസ്വഭാവത്തിലെ അവതരണഘടകങ്ങളിൽ
ഒരെണ്ണമായി സ്വീകരിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകപക്ഷത്തുനിന്നും ഗാനങ്ങളുടെ
ഭംഗി വിലയിരുത്തപ്പെടുന്നുമുണ്ട്.
പ്രമേയത്തിന്റെ നൈരന്തര്യക്രമത്തിൽനിന്ന്
നൈമിഷികമായ അനുഭൂതിയിലേക്ക് ആസ്വാദകൻ എത്തിച്ചേരുന്നത് പലപ്പോഴും അതിവൈകാരികതയുടെ നിമിഷങ്ങൾ
സൃഷ്ടിക്കപ്പെടുന്നതു കൊണ്ടാണെന്നു കാണാം. കഥ പറയുന്നതിന്റെ സൗകര്യാർഥം ഗാനരംഗങ്ങൾ
വിശദമായി കാണിക്കാറുണ്ട്. ആഖ്യാനത്തിലെ കാലത്തെ മറികടക്കാനും വൈരസ്യമകറ്റാനും കച്ചവടാവശ്യത്തിന്റെ
ഭാഗമായി പ്രേക്ഷകരെ തീയേറ്ററിലെത്തിക്കുന്നന്നതിനും ഗാനങ്ങൾ ഉപയോഗിക്കുന്നു. ചലച്ചിത്രഗാനങ്ങൾ
എന്ന പ്രത്യേകപേരിൽത്തന്നെ അവ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്നു. ഗാനങ്ങൾ പല സങ്കേതങ്ങളിലൂടെയാണ്
വികസിക്കുന്നത്. അവ 1. കഥാഗതിയിലെ പരിവർത്തനത്തിന് വേഗം കൂട്ടുന്ന തരത്തിൽ കാണുന്നു. 2. ടൈറ്റിൽ സോംഗുകൾ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നു. 3. പുതിയൊരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. 4. കഥാപാത്രത്തിന്റെ സാങ്കൽപ്പികലോകം വിഭാവനം ചെയ്യുന്നു. 5. കഥയോടു തീരെ ബന്ധമില്ലാത്ത രംഗങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു.
6.
വിദേശങ്ങളിലെയോ, സ്വദേശത്തേയോ പുതുമയുള്ള ഒന്നിനെ പരിചയപ്പെടുത്തുന്നു. 7. അതിവൈകാരിക സന്ദർഭങ്ങളിൽ നിന്ന് കഥാപാത്രത്തെ രക്ഷിക്കുന്നതിന്
ഉപയോഗിക്കുന്നു. 8. തികച്ചും വ്യത്യസ്തമായ സമാന്തരകഥാസങ്കൽപ്പം വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
9.
ഹാസ്യരംഗങ്ങൾ അവതരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. 10. ഗൃഹാതുരത്വത്തിന്റെ നനുത്തസ്പർശം ഉണർത്തുന്നതിന്, ഒരു പ്രത്യേക മനോനിലയിൽ പ്രേക്ഷകനെ നിലനിർത്തുന്നതിന്. 11. ഭാവികാലത്ത് സംഭവിച്ചേക്കാവുന്ന സംഭവത്തിന് മുന്നോടിയായ സൂചനകളോടെ
അവതരിപ്പിക്കുന്നു. 12. തീരെ പ്രതീക്ഷിക്കാതെ പെട്ടെന്ന് പാട്ടുകഴിയുന്നതോടെ പ്രത്യക്ഷപ്പെടുന്ന പുതിയൊരു
സന്ദർഭത്തിലേക്ക് പരിവർത്തിപ്പിക്കുന്നു. ഇത്തരത്തിൽ വൈവിധ്യമുള്ള ഒരു ദൃശ്യസംസ്‌കാരത്തെ
രൂപപ്പെടുത്തുന്നതിൽ സിനിമകൾക്കു കഴിയുന്നുണ്ട്.
ബിംബം, പ്രതീകം തുടങ്ങിയവയിലെ പ്രാദേശികത
കഥകളി, കൂത്ത്, തെയ്യം, ഓട്ടൻതുള്ളൽ, നാടോടിവഴക്കങ്ങൾ എന്നിവ സിനിമകളിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
കഥാപശ്ചാത്തലം കൂടുതൽ വ്യക്തമാക്കുന്നതിനും സിനിമയിലെ പ്രാദേശികതയെ നിലനിർത്തുന്നതിനും
ഉപയോഗിക്കുന്ന ഇവ പലപ്പോഴും ബിംബനിർമ്മിതികളായിത്തീരുന്നുണ്ട്. കാഴ്ചക്കാരനെ രസിപ്പിക്കുന്നതിലുപരിയായി
പ്രാദേശികമായ അറിവുകളുമായി കൂട്ടിയോജിപ്പിക്കുന്നതിലും വൈകാരികസന്ദർഭങ്ങളെ കുറേക്കൂടി
ജനകീയമായ തലത്തിൽ അവതരിപ്പിക്കുന്നതിനും സിനിമകൾ ഇത്തരം സങ്കേതങ്ങളെ പ്രയോജനപ്പെടുത്തുന്നു.
കഥ പറയുന്നതിന് പുതിയ സങ്കേതങ്ങൾ തേടുന്ന സിനിമ പ്രാദേശികമായ അറിവുകളെയും കാഴ്ചകളെയും
സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. നിർമ്മാല്യ(1973)ത്തിലൂടെ വെളിച്ചപ്പാടിന്റെ അനുഷ്ഠാനരീതികളും മറ്റും ചേർത്ത്
കഥയുടെ ഗതിയെ തിരിച്ചുവിടുകയാണ് എം ടി ചെയ്യുന്നത്. വെളിച്ചപ്പാടിന്റെ ഉറഞ്ഞുതുള്ളൽ
സിനിമയെ പല ഘട്ടങ്ങളിലും വ്യത്യസ്തമാക്കിത്തീർക്കുന്നുണ്ട്. കാർഷികസംസ്‌കൃതിയുമായി
ബന്ധപ്പെട്ടുനിൽക്കുന്ന ജീവിതമുഹൂർത്തങ്ങളെ സാങ്കേതികവിദ്യയുടെയും കാഴ്ചാസങ്കല്പങ്ങളുടെയും
അടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ അവതരണരീതിയോടു ചേർത്തുവായിക്കാവുന്നവയാണ്
കമലദളം(1992),
പരിണയം(1994) മുതലായ സിനിമകൾ. ക്ലാസിക് കലാരൂപങ്ങളുടെ പശ്ചാത്തലമാണ് ഇവയുടെ
സ്വാധീനത്തിൽ വരുന്നത്. എന്നാൽ കഥയുടെ അടിസ്ഥാനപ്രമാണങ്ങളോടു ചേർത്തുകാണാവുന്ന മറ്റു
കലാരൂപങ്ങളുടെ സ്വാധീനവും ആവിഷ്‌കാരവും കൊണ്ടു സമ്പന്നമാണ് കളിയാട്ടം(1997),
വാനപ്രസ്ഥം(1999), നായകൻ(2010), പുലിജന്മം(2006) മുതലായവ. കളിയാട്ടവും പുലിജന്മവും തെയ്യത്തെയും നായകൻ, വാനപ്രസ്ഥം മുതലായവ കഥകളിയെയും അടിസ്ഥാനമാക്കുന്നു.
കഥയിലേക്കുള്ള നോട്ടങ്ങൾ
പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം
എന്തു കാണുന്നു എന്നതിന് പ്രസക്തിയുണ്ട്. അതിലുപരി എങ്ങനെ കാണുന്നു എന്നതാവണം ചോദ്യം.
ചലച്ചിത്രകാരൻ സൃഷ്ടിക്കുന്ന ഇമേജിനെ അതേപടി പുനർനിർമ്മിക്കുകയാണോ പ്രേക്ഷകർ ചെയ്യുന്നത്? അതോ അവരുടെ വിഷയനിഷ്ഠവും വ്യക്തിപരവുമായ പ്രതികരണങ്ങളോ, വികാരങ്ങളോ, മനോഭാവങ്ങളോ, മൂല്യങ്ങളോ അവർ കാണുന്ന കാഴ്ചയുമായി ബന്ധപ്പെടുത്തുന്നുണ്ടോ? പ്രേക്ഷകർ കാണുന്നതിനെ അവരുടെ വെറും ദൃശ്യമെന്ന നിലയിലും മസ്തിഷ്‌കപ്രവർത്തനങ്ങൾകൊണ്ടും
ഒരേ സമയം അപഗ്രഥിക്കുന്നുണ്ടോ? ഒരു പ്രത്യേക ഇമേജ് ഒരർഥത്തെ നൽകുന്നുണ്ടായിരിക്കാം, എന്നാൽ അത് കാഴ്ചക്കാരിൽ ധാരാളം അർഥതലങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്
വാസ്തവം. ഈ രീതിയിലുള്ള കാഴ്ച ദൃശ്യത്തിന്റെ പരിമിതിക്കും അപ്പുറത്തേക്ക് പ്രേക്ഷകരെ
കൊണ്ടുപോകുന്നുണ്ട്.
ദൃശ്യവും സാംസ്‌കാരികസ്വത്വവും
ജീവിതാനുഭവങ്ങളുടെയും
പരീക്ഷണങ്ങളുടെയും സമഗ്രതയാണു സംസ്‌കാരമെങ്കിൽ സിനിമയിലൂടെ സൃഷ്ടിക്കപ്പെടുന്ന കല ദൃശ്യസംസ്‌കാരത്തെ
പ്രതിനിധാനം ചെയ്യുന്നുണ്ട്. ക്യാമറയുടെയും മറ്റു സാങ്കേതികസംവിധാനങ്ങളുടെയും മികവിൽ
സിനിമ അടയാളപ്പെടുത്തപ്പെടുമ്പോഴും ഓരോ സംസ്‌കാരത്തിനും ഇണങ്ങുന്ന രീതിയിൽ വ്യത്യാസപ്പെടുകയും
വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നുള്ളതാണു വാസ്തവം. അതുകൊണ്ടുതന്നെ സിനിമയുടെ സംസ്‌കാരം
ജനതയുടെ സംസ്‌കാരമാകുന്നു. അത് ജനതയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വ്യാഖ്യാനിക്കുന്നതിനു
ചില മാർഗ്ഗരേഖകൾ കൂടിയുണ്ട്. കാരണം, ഏതു ചരിത്രവും അതു രചിക്കുന്നയാളിന്റെയും വായിക്കുന്നയാളിന്റെയും
വീക്ഷണകോണിൽ വ്യത്യാസപ്പെടുന്നുണ്ട്. വാർത്തകൾ സൃഷ്ടിക്കുകയും രാപകൽ ഭേദമില്ലാതെ പ്രക്ഷേപണം
നടത്തുകയും ചെയ്യുന്ന ഇക്കാലത്ത് സിനിമ അതിന്റെ ജനപ്രിയതയുടെ തലത്തിൽ മാത്രം സാംസ്‌കാരികസ്വത്വത്തെ
അടയാളപ്പെടുത്തുന്നില്ല. സംസ്‌കാരവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ ഉൾക്കൊള്ളുകയും സിനിമാറ്റിക്കായി
അവതരിപ്പിക്കുകയുമാണ് സിനിമ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവണം വിലയിരുത്തലുകൾ
നടക്കേണ്ടത്.
Reference:
Chris
Jenks 2004 Culture, London: Routledge
Dudley
Andrew 1984 Concepts in Film Theory, Oxford: Oxford University Press.
James
Monoco 1978 How to Read a Film, New York: Oxford University Press.
http://theory.eserver.org/
No comments:
Post a Comment