History

പരശുരാമൻ മഴുവെറിഞ്ഞ ചരിത്രത്തോടെയാണ് പണ്ടൊക്ക ചരിത്രപഠനം സ്കൂൾ ക്ലാസുകളിൽ ആരംഭിച്ചിരുന്നതെന്നാണ് ഓർമ്മ. തെക്കു നിന്നു വടക്കോട്ടേക്ക് നീട്ടിയെറിഞ്ഞ മഴു പോയ വഴിയിൽ മണ്ണ് ഉയർന്നു വന്നു. അങ്ങനെ  വെള്ളത്തിനടിയിൽ നിന്നു പൊങ്ങിവന്നതുകൊണ്ടാണ് സാധാരണവീട്ടുമുറ്റങ്ങളിൽ വരെ മണലും കക്കയുടെ കഷണങ്ങളും കാണപ്പെടുന്നതെന്നും വിശ്വസിപ്പിക്കപ്പെട്ടു. അല്ലെങ്കിൽ അതൊരുതരം ഫാന്റസിയായോ ഫാന്റസിയിലെ സത്യമായോ അക്കാലങ്ങളിൽ ആഘോഷിക്കപ്പെട്ടു.
കാളിദാസന്റെ രഘുവംശത്തിലും പരശുരാമന്റെ കേരളസൃഷ്ടി കടന്നുവരുന്നുണ്ട്. കാലമേറെക്കഴിഞ്ഞെങ്കിലും കേരളോത്പത്തി എന്ന അജ്ഞാതകർത്തൃകമായ കൃതിയുടെ ആന്തരികാംശത്തെ സ്വാംശീകരിക്കുകയും പലതും ശരിയാണെന്നു വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരേറെ.
ചരിത്രപഠനം വെറുമൊരു കഥ പറച്ചിലല്ല.
ഹിസ് സ്റ്റോറിയാണ് ഹിസ്റ്ററിയായത്.
രാജാക്കന്മാരുടെ കഥകൾ മാത്രമല്ല ചരിത്രം.

തുടങ്ങിയ നിരവധി സംവാദങ്ങൾ പിന്നീട് പല കാലങ്ങളിലായി ചെറുതും വലുതുമായ രൂപത്തിൽ കേട്ടിരുന്നു. എന്നാൽ കേരളത്തെ സംബന്ധിക്കുന്ന ആധികാരികചരിത്രമായി ചരിത്രകാരന്മാർ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളെല്ലാംതന്നെ പ്രത്യേക വീക്ഷണകോണിൽ നിന്നുകൊണ്ടുള്ളതാണെന്ന് എല്ലാക്കാലത്തും തോന്നിയിരുന്നു.
ഈ തോന്നൽ പലതിനെയും സ്വീകരിക്കാനും ചിലതിനെയൊക്കെ തള്ളിക്കളയാനും ശ്രമിക്കുന്ന സന്ദർഭങ്ങളേറെ. ഓരോരുത്തരും അവരവരുടേതായ രീതിയിൽ ചരിത്രം പറയുമ്പോഴും ചില ഉണ്മകൾ, ചരിത്രസത്യങ്ങൾ അവയ്ക്കിടയിൽ മറഞ്ഞുനില്ക്കുകയും ചെയ്യുന്നുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ ഉണ്ടാകുന്നത്. അത്തരം നിരീക്ഷണങ്ങളിൽനിന്ന് ചില ചോദ്യോത്തരങ്ങളിലേക്ക്, പഠനാവശ്യത്തിനായി മാത്രം ശേഖരിക്കുന്നവ ഇവിടെ നല്കുവാൻ ഉദ്ദേശിക്കുന്നു...

No comments: