Saturday, October 25, 2025

കുതിരകള്‍ ഓടുന്നതിനുള്ള വഴി!

കുതിര ഓടും ചാടും വെള്ളം കണ്ടാല്‍ നില്‍ക്കും. എന്താണുത്തരമെന്നു ചോദിച്ചാല്‍ ചെരുപ്പാണത്രേ. വാട്ടര്‍പ്രൂഫായ ചെരുപ്പുകളും ഷൂസുമൊക്കെ വന്നപ്പോള്‍ കുതിരകള്‍ നിന്നിരുന്നോ എന്നറിയില്ല. ചിലപ്പോഴെങ്കിലും കുതിരകള്‍ക്കു നില്‍ക്കാതെ വയ്യല്ലോ. അങ്ങനെ നിര്‍ത്തിയ കുതിര നില്‍ക്കാതെ ചാടിയപ്പോള്‍ വന്നുപോയ സാഹസമാണ് ഓടും കുതിര ചാടും കുതിര (2h. 32 m., 2025, സംവിധാനം അല്‍ത്താഫ് സലീം) എന്ന മലയാള ചലച്ചിത്രം. ആക്ഷേപഹാസ്യമല്ല ഈ സിനിമ, ഇതാരെയും ആക്ഷേപിച്ചു ഹസിക്കുന്നില്ല. ഇതൊരു മഹത്തായ ന്യൂജന്‍ കളിയാണ്. സരസമധുരമന്ദാരച്ചെപ്പ്... ബേഠീ ഹഠാവോ... തമാശകളെ തമാശിക്കുന്നത്. അക്കാലം നിങ്ങള്‍ മൊഴിഞ്ഞ തമാശകളൊക്കെ വെറും ചെളിയായിരുന്നെടോ ഓടും വഴിയറിയാറായെടോ!! (കുഞ്ചന്‍നമ്പ്യാര്‍ക്കു കടപ്പാട്)
മംഗലമേലും നമ്മുടെ നാട്ടിൽ
ചങ്ങല കൊണ്ടിഹ പൂട്ടി മുറുക്കി
തുംഗമതായൊരു തൂണും ചോട്ടില-
നങ്ങാതങ്ങു കിടത്തണമവനെ. (വീണ്ടും നമ്പ്യാര്‍ക്കു കടപ്പാട്).
സാധാരണഗതിയില്‍ ഒരുത്തരത്തിനുവേണ്ടി ആളുകളെങ്ങനെയാണു ശ്രമിക്കുക? ഉത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടെത്താന്‍ ശ്രമിക്കും. ആ കണ്ടെത്തലിന്റെ വഴികള്‍ സരസമായി ഓര്‍ത്തുനോക്കിയാല്‍ വല്ലാത്ത മണ്ടത്തരങ്ങളായിരിക്കും. ഈ മണ്ടത്തരങ്ങള്‍ എത്രയോ സിനിമകളില്‍ കണ്ടുമറന്നിട്ടുണ്ട്.