Thursday, August 14, 2014

കടവുകൾ കടന്നു മഹാമേരുക്കൾ താണ്ടി...

          അവളുടെ കണ്ണുകൾ മുറിയിലാകെ സഞ്ചരിക്കുകയാണ്. പരവതാനിയിൽ റെക്കോർഡുകൾ ചിതറിക്കിടക്കുന്നു. മേശപ്പുറത്തു പുസ്തകങ്ങളുടെ കൂമ്പാരം. സ്റ്റാന്റിൽ ലെതർകെയ്‌സിൽ പൊതിഞ്ഞ ക്യാമറ. ഗായകൻ ഗാനം ഉപസംഹരിക്കുകയാണ്. പുട്ട് യുവർ ഹെഡ് ഓൺ മൈ ഷോൾഡേഴ്‌സ്!
          'എന്റെ ചുമലിൽ നിന്റെ ശിരസ്സുചായ്ക്കൂ. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടണയ്ക്കൂ.'
          തടാകത്തിലെ കളിവള്ളത്തിലും പൈൻമരങ്ങളുടെ തണലുകളിലും 'പ്രേമത്തിന്റെ നടപ്പാത'യിലും മണിക്കൂറുകൾ സംസാരിച്ചതാണ്. വാക്കുകൾ കൊണ്ടു പൂമാലകൾ കോർക്കുന്ന അയാൾ നിശ്ശബ്ദനായിരുന്നു. അവൾക്കൊന്നും പറയാനില്ല. തൊണ്ടയിൽ കനമുള്ള എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നു. റെക്കോർഡ് പ്ലെയറിന്റെ സൂചി കരകരശബ്ദത്തോടെ ചലനം നിർത്തിയപ്പോൾ മുറിയിലെ നിശ്ശബ്ദത വിങ്ങിപ്പൊട്ടുന്നു.
          അസഹ്യമായ നിശ്ശബ്ദത. പ്രയാസപ്പെട്ട് അയാൾ എന്തോ പറയുന്നു. അർഥശൂന്യമായ വാക്കുകൾ. ധാരാളം അർഥം തോന്നുന്ന ശബ്ദങ്ങൾ. ശബ്ദം പരുപരുത്തതാണ്. അവൾ പ്രയാസപ്പെട്ടു ചിരിച്ചു. ആ ചിരി സ്വന്തമല്ല.
          അയാൾ മുമ്പിൽനിന്നു കൈനീട്ടി വിരൽ
പിടിച്ചുയർത്തിയപ്പോൾ ശിരസ്സിലേക്കു രക്തം പതച്ചുകയറുന്നു. വിറകൊള്ളുന്ന കാൽവിരൽത്തുമ്പുകളിൽ നിന്ന് അവ്യക്തമായ വേദനയുടെ പ്രവാഹങ്ങൾ എണ്ണമറ്റ കൈവഴികളിലൂടെ പടർന്നുകയറുന്നു.
          വാക്കുകൾ, ശബ്ദങ്ങൾ വളരെ അകലെയാണ്.
          'വരൂ'
          അടഞ്ഞ ജാലകത്തിലൂടെ അകത്ത് ഒളിച്ചുകടക്കുന്ന വെളിച്ചത്തിൽ കണ്ണടച്ചു കിടന്നപ്പോൾ, വിദഗ്ധമായ വിരലുകൾ ശരീരത്തിൽ സഞ്ചരിച്ചപ്പോൾ, വട്ടം വീശി വിടരുന്ന ഓളങ്ങളുടെ മധ്യത്തിൽ  താണുപോയ കല്ലിന്റെ അവ്യക്തസ്ഥാനം പോലെ ഒരോർമ്മ മാത്രമുണ്ട്.
          സംഭവങ്ങളുടെ ഈ നൈരന്തര്യത്തിൽ ഊഷ്മളമായ ഒരു ബന്ധത്തിന്റെ/ബന്ധനത്തിന്റെ തുടക്കമാണ്. കാലത്തിന്റെ തലത്തിൽ സംഭവങ്ങൾ ഋജുവായി മുന്നോട്ടുനീങ്ങുകയാണ്. വിമല എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെ വിടരുന്ന മഞ്ഞ്, മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരെന്ന എം.ടി.യുടെ കരവിരുതിന്റെ സാക്ഷ്യപത്രമാണ്. ദൈവത്തിനും ഭൂമിയുടെ സഹനത്തിനുമിടയിലുള്ള എന്തോ ഒന്ന്. വാക്കുകൾ കൊണ്ടു വാനപ്രസ്ഥത്തിലേക്കും ദയാരഹിതമായ സുകൃതങ്ങളിലേക്കും കാലത്തെയും നാലുകെട്ടിനെയും ഒരുമിപ്പിച്ചു പടർന്നു പന്തലിച്ചു മഹാവൃക്ഷമായി നിൽക്കുന്ന പ്രൊമിത്യൂസ്. നഷ്ടപ്പെടുന്ന വെളിച്ചത്തെ തിരികെപ്പിടിച്ചെടുത്തു വായനയുടെ വസന്തം തീർത്തയാൾ. കാലത്തെ തിരശ്ചീനതലത്തിലും ലംബതലത്തിലും ഒരുപോലെ സമീപിച്ചുകൊണ്ട് രചനകളുടെ വൈശദ്യങ്ങളെയാകെ അടക്കിപ്പിടിച്ച് അപാരമായ അറിവിന്റെ പ്രഭാഷണ സൗന്ദര്യം അനുഭവിപ്പിച്ചു ജൈത്രയാത്ര തുടരുകയാണ് അദ്ദേഹം. 
          നിരന്തരമായ യാത്രയാണ് എം.ടി. അവതരിപ്പിക്കുന്ന ഓരോ മുഹൂർത്തങ്ങളിലും. ആഖ്യാനപരിസരത്തെ യാത്രയുടെ പുത്തൻ അനുഭവങ്ങളെന്നവണ്ണം പരിവർത്തിപ്പിച്ചു ലോകത്തെയും ജീവിതത്തെയും ദാർശനികമാനങ്ങളോടെ അന്വേഷണവിധേയമാക്കുകയും അവയുടെ അടിസ്ഥാനത്തിൽ ഓരോ കാഴ്ചകളെയും അനുയാത്ര ചെയ്യുകയുമാണ് എം.ടി. ജീവിതാനുഭവങ്ങളുടെ ചൂടും ഗന്ധവും അന്വേഷിക്കുകയും അവയോടുള്ള സമീപനം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് നോവലുകളിലും കഥകളിലും. തന്റെ ചുറ്റും ഉണ്ടായിരുന്നവരുടെയും തന്നോടൊപ്പം സഞ്ചരിച്ചിരുന്നവരുടെയും വ്യഥകളും മോഹങ്ങളും മാത്രമല്ല, തന്റെ തന്നെ അനുഭവങ്ങളും അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ എം ടി എന്നും ശ്രദ്ധിച്ചിരുന്നു. കഥകൾ തിരക്കഥകളിലേക്കു പരിവർത്തനം ചെയ്യപ്പെടുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.  കണ്ടതും കേട്ടതും കാണേണ്ടതും കേൾക്കേണ്ടതുമായ ഓരോന്നിനെയും വിശദമായിത്തന്നെ നിരീക്ഷിക്കുന്നതിനും ശരിതെറ്റുകളെ വിലയിരുത്തുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. മഞ്ഞിലെ വിമലയെ അവതരിപ്പിച്ചതും ബോധധാരാസങ്കേതത്തിന്റെ പ്രയോജനപ്പെടുത്തലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഒരു കൊച്ചുനോവലായ ഇത് പ്രണയാനുഭവങ്ങളുടെ തീക്ഷ്ണതയെ മഞ്ഞുറഞ്ഞ ദിനസരികളിലേക്ക് വിവർത്തനം ചെയ്യുന്നു.  ഒരിക്കലും വായനക്കാരിലോ കഥാപാത്രത്തിലോ കാത്തിരിപ്പ് അവശേഷിപ്പിക്കുന്ന പ്രതീക്ഷ മടുപ്പുളവാക്കുന്നില്ല. ബോധമനസ്സും അബോധവും ഒരേ തലത്തിൽ സമാസമം നിൽക്കുകയാണ്. പ്രതീക്ഷകളുടെ തോത് ഉയർത്തിയും പതുക്കെ താഴ്ത്തിയും കൊണ്ട്. വ്യത്യസ്ത മുഹൂർത്തങ്ങൾ ഇവയിലോരോന്നിനെയും പറയാതെ പറഞ്ഞുവെയ്ക്കുകയും ചെയ്യുന്നു.
          ഇരുട്ടിന്റെ ആത്മാവി(1967)ൽ ഭ്രാന്തൻ വേലായുധൻ സ്വന്തം വൈകാരികഭാവങ്ങളുടെ പ്രത്യക്ഷ്യാഖ്യാനമായിട്ടല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അയാൾ കഥയ്ക്ക് പുറത്തു നിൽക്കുന്ന മാനസികപ്ര്രകിയയായിട്ടാണ് കടന്നുവരുന്നത്. വേലായുധന്റെ അനുഭവങ്ങളെ കഥാപരിസരത്തിൽത്തന്നെയുള്ളതും എന്നാൽ വേലായുധനുമായി നേരിട്ട് ബന്ധപ്പെടാത്തതുമായ പലതരം ക്രിയാരൂപങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വേലായുധന്റെ ഭ്രാന്ത് വേലായുധനേക്കാൾ സമീപസ്ഥരായവരിലാണ് ആവേശിച്ചിരിക്കുന്നതെന്നും അത് സമൂഹത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന കഥാകൃത്തിന്റെ തന്നെ ഇടപെടലുകളാണെന്നും തിരിച്ചറിയുന്നിടത്താണ് കഥയിലുപരി കഥാപാത്രത്തിന്റെ മാനസികതലത്തിലേക്ക് പരകായപ്രവേശം നടത്താനുള്ള എഴുത്തുകാരന്റെ കഴിവിനെക്കുറിച്ച് വായനക്കാരൻ അത്ഭുതപ്പെട്ടു പോവുക. പ്രധാനതലത്തിൽ നിന്ന് മാറിപ്പോകുന്നതിനാൽ ആന്തരികതയിൽ നിന്ന് ബാഹ്യത്തിലേക്കുള്ള പരിവർത്തനമായി ഇതിനെ കാണാവുന്നതാണ്. ഈ പരിവർത്തനം തന്നെയാണ് കഥയെ പുതിയ ഭൂമികകളിലെത്തിക്കുന്നതും. കഥയുടെ ആന്തരികത എന്ന നിലയിൽ പരിശോധിക്കുമ്പോൾ അവ മനസ്സിന്റെ വ്യത്യസ്ത തലങ്ങളുടെ വിശകലനങ്ങളും ലോകത്തെ ചിന്തയിലേക്കും കാഴ്ചയിലേക്കും പരിവർത്തിപ്പിക്കുന്നതിന്റെ പ്രത്യക്ഷ വിവരണവുമാണെന്നു കാണാം.
          വാസ്തവികതകളെ തനതായ കാല്പനികഭംഗിയോടെ ആവിഷ്‌കരിക്കുന്നതിനുള്ള യുക്തിക്രമങ്ങൾ സ്വീകരിച്ച എം.ടി. ഒരു അളവുകോലാണ്. നോവലനുഭവങ്ങളുടെ ഉദാത്തമായ സാക്ഷാത്കാരങ്ങൾ എങ്ങനെ സംഭവിപ്പിക്കാമെന്നതിന്. കഥാപ്രപഞ്ചത്തിലെ വ്യത്യസ്തമുഹൂർത്തങ്ങളെ എങ്ങനെ അനുഭവിപ്പിക്കാമെന്നതിന്. സംഭാഷണചാതുര്യത്തോടെ കഥാപാത്രങ്ങൾ കഥയിലേക്കും തിരിച്ചു ജീവിതത്തിലേക്കും എങ്ങനെ കടന്നുവരുന്നുവെന്നതിന്, പങ്കിടേണ്ട വികാര-വിചാരങ്ങൾ എങ്ങനെ ദൃശ്യവിസ്മയങ്ങളാകുന്നുവെന്നതിന്, പുതിയ അനുഭവങ്ങളുടെയും വായനയുടെയും വിവരണങ്ങൾ എങ്ങനെ പ്രഭാഷണകലയാകുമെന്നതിന്, തികഞ്ഞ ഗൗരവത്തോടെ എങ്ങനെ നർമ്മാനുഭവങ്ങളെ പങ്കിടാമെന്നതിന്, -  ഇത്തരമൊരു വിശിഷ്ടതയുടെ സമ്മേളനം തന്നെയാണ് അദ്ദേഹത്തെത്തേടി പുരസ്‌കാരങ്ങളോരോന്നും എത്തിച്ചേരുന്നതിനു പിന്നിലും.
          എഴുത്തിന്റെ വിസ്മയക്കാഴ്ചകളോടെ, നഷ്ടകാലങ്ങളുടെ നൊമ്പരമായെത്തിയ വാനപ്രസ്ഥം സിനിമയെന്ന രൂപത്തിലേക്കു അനുവർത്തനം ചെയ്യപ്പെട്ടപ്പോൾ പ്രതീക്ഷകളുണർത്തിയില്ലെങ്കിലും നോവലെറ്റിൽ പ്രത്യക്ഷപ്പെട്ട വിനോദിനിയുടെ പ്രതീക്ഷയും കാത്തിരിപ്പും ആകുലതകൾ ഉണർത്തുന്നവയായിരുന്നു. ആരോടോ വാശി തീർക്കുന്നതിനായി കാത്തിരിപ്പിന്റെ വഴി തിരഞ്ഞെടുത്ത വിനോദിനിയുടെ പ്രതീക്ഷകൾ ഒരിക്കലും സഫലമാവേണ്ട ഒന്നിനുവേണ്ടിയായിരുന്നില്ല. അത്ഭുതപ്പെടുത്തുന്ന ഈ ഔന്നത്യത്തിലേക്കാണ് കഥാകൃത്ത് കഥയെ എത്തിക്കുന്നത്. കഥാനായകനായ അധ്യാപകൻ വിദ്യാർത്ഥിനിയോടെന്നതിനേക്കാൾ വിനോദിനിയെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അച്ഛന്റെ വാശിയും പ്രതാപവും തീരുമാനങ്ങൾക്കു അദൃശ്യമായ വിഘാതങ്ങളുണ്ടാക്കി. ആ വിഘാതം നികത്താനാവാത്ത ഒന്നായി വായനക്കാരനെ മരവിപ്പിക്കുന്നത് കുടജാദ്രിയിലെ കൂടിക്കാഴ്ചയിലാണ്. വിനോദിനിയും പഴയ അധ്യാപകനും പരസ്പരം കണ്ടുമുട്ടുകയും അവർക്കുതന്നെ നിർവചിക്കാനാവാത്ത എന്തിനോവേണ്ടി, മലനിരകളുടെ തണുപ്പിലേക്ക് കടന്നുചെല്ലുകയുമായിരുന്നു. തികച്ചും സ്വാഭാവികമായി അവതരിപ്പിക്കപ്പെട്ട ഇതു വായനക്കാരനെ ആശയക്കുഴപ്പത്തിലേക്കെത്തിക്കുന്നു. കുടുംബമെന്ന സദാചാരനിഷ്ഠമായ കെട്ടിനപ്പുറത്തേക്ക് ഇരുവരും എത്തുന്നതിനെക്കുറിച്ചും അതിന്റെ സഫലതയെക്കുറിച്ചുമുള്ള ഈ വ്യാകുലത വരികളിലൊളിപ്പിക്കുകയാണ് എം.ടി. ചലിക്കാനാവാതെ മുരളുന്ന മൃഗത്തിന്റെ നിസ്സഹായതയോട് ചേർത്തുവായിക്കുന്ന സന്ദർഭം വായനക്കാരനെ അമ്പരപ്പിലേക്കും അതിലുപരി നിസ്സഹായതയുടെ ചില ഓർമ്മപ്പെടുത്തലുകളിലേക്കും എത്തിക്കുന്നു.
          ചില സന്ദർഭങ്ങൾ അങ്ങനെയാണ്, അതു വല്ലാതെ ഉരസിനോക്കും. ചിലപ്പോൾ വേദനയുടെ പകരം വെയ്ക്കാനാവാത്ത നിലവിളികളിലേക്ക് നിവർന്നുണരും. രണ്ടാമൂഴക്കാരന്റെ നിരന്തരപ്രശ്‌നങ്ങളിലേക്ക്, വ്യക്തിത്വവും സ്വത്വവും നിരന്തരം ബലി കഴിക്കപ്പെടുന്നവന്റെ വേദനയിലേക്ക്, സ്വജനങ്ങളാൽ ആഘോഷിക്കപ്പെടുന്ന പുത്രന്റെ മരണവേദനയെ നിശ്ശബ്ദം കടിച്ചിറക്കേണ്ടിവരുന്ന പിതാവിന്റെ നൊമ്പരങ്ങളിലേക്ക്, അതു പതുക്കെ വളരും. ആ വളർച്ച ഓരോ സന്ദർഭത്തിലും ആകാവുന്നിടത്തോളം വഴങ്ങിക്കൊടുക്കുന്ന ഉരുക്കുശരീരത്തിന്റെ വിലയാകുമ്പോഴും മനസ്സിനെ വഴക്കിയെടുക്കാനാവാതെ ഗർജ്ജിക്കുകയാണ്. നിശ്ശബ്ദതയുടെ ഈ ഗർജ്ജനമാണ് ഭീമനിൽ കണ്ടതും. ഭീമൻ ഭീമാകാരനെന്നതിലപ്പുറം പാവയെപ്പോലെ നിസ്സഹായനാകുന്നതിന്റെ വേദന തിരിച്ചറിയുകയാണ് കഥാകാരൻ. കഥയുടെ ഗതിവിഗതികളുടെ മാറ്റിമറിക്കലുകളിലേക്ക് കഥാപാത്രത്തോടൊപ്പം വ്യാകുലതയോടെ നടന്നപോകുന്ന ഒരാൾ.
          കാലത്തിലെ സുമിത്ര - സേതുവിനെന്നും ഒരാളോടു മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ. സേതുവിനോടു മാത്രം - പറയുന്ന വാക്കുകൾ എല്ലാം നേടിയെന്നു കരുതുന്ന നായകന്റെ മറ്റൊരു യാത്രയുടെ ആരംഭമായിത്തീരുകയാണ്. ആകെത്തകർന്നുപോകുന്ന അയാൾ കാലത്തിലേക്ക് ജീവിതത്തിൽ നിന്നും പതറിയ കാൽവെയ്പ്പുകളോടെ സഞ്ചരിക്കുകയാണ്. കഥാപാത്രങ്ങളുടെ സഞ്ചാരത്തെ ജീവിതത്തിലെ കൂട്ടിമുട്ടലുകളോട് ചേർത്തുവെയ്ക്കാനും ചേർത്തുവായിക്കാനും എം.ടി.യ്ക്കൂള്ള വൈദഗ്ധ്യം അസാമാന്യമാണ്. എന്തുകൊണ്ടായിരിക്കും ഇങ്ങനെയെന്നു ചോദിച്ചാൽ ജീവിതത്തോടുള്ള സത്യസന്ധതയെന്നു മാത്രമേ എം ടിയ്ക്ക് ഉത്തരമുണ്ടാവുകയുള്ളൂ, തീർച്ച. ജീവിതത്തെ അതിന്റെ സാമൂഹ്യപരിസരവുമായി ചേർത്തുകാണുന്നതിൽ വല്ലാത്തൊരു ലാവണ്യമാണുള്ളതെന്ന് എം ടിയുടെ കൃതികളിലൂടെ സഞ്ചരിക്കുമ്പോൾ ബോധ്യമാകും. ജീവിതത്തിനുമപ്പുറമൊരു ജീവിതമുണ്ടെന്ന ന്യായമൊന്നും അതിലില്ല. അനുഭവങ്ങളുടെ വാക്കുകളെയാണ് അദ്ദേഹം തിരയുന്നത്. അവ എഴുത്തിനുമപ്പുറത്തുള്ള ഒരു കടുംകാലത്തിലേക്കു കാടുകളും പടർപ്പുകളും വകഞ്ഞു മുന്നേറുകയാണ്. വാരാണസിയിലെത്തുമ്പോൾ നഷ്ടപ്രതാപത്തിന്റെ ശിരസ്സുകളിലേക്ക് പത്തി താഴ്ത്തുകയാണത്. യാത്രകൾ അവശേഷിപ്പിക്കുന്ന കാലബോധം തന്നെയാണ് അവിടെയും നിലപാടു വ്യക്തമാക്കുന്നത്.
          1965ൽ സ്‌നേഹത്തിന്റെ മുഖങ്ങൾ എന്ന കഥയെ ആധാരമാക്കി എഴുതിയ മുറപ്പെണ്ണ് എന്ന സിനിമയിലൂടെയാണ് എം ടിയുടെ ചലച്ചിത്രക്കാഴ്ചകൾ ആരംഭിക്കുന്നത്. അവിടന്നിങ്ങോട്ട് അറുപതിലധികം സിനിമകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. തിരക്കഥകളെഴുതിയവയും സംവിധാനം നിർവഹിച്ചവയുമായി. സംവിധാനമികവു വ്യക്തമാക്കുന്ന ചില സിനിമകളും പ്രേക്ഷകരെ കഥയിലേക്കെത്തിച്ച കുറെയേറെ തിരക്കഥകളുമുണ്ട്. 1973ൽ നിർമ്മാല്യം എന്ന ചിത്രത്തിലൂടെ സംവിധാനമികവും കഥനപാടവവും അദ്ദേഹം വ്യക്തമാക്കി. എഴുത്തുപോലെത്തന്നെ ക്യാമറയുടെ കാഴ്ചയും അർത്ഥവത്തായ ഒരനുഭവമാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. സാധാരണത്വത്തിനും അപ്പുറത്തുള്ള സംവേദനത്തെ ക്രമീകരിക്കാൻ വേണ്ടതെന്തെന്ന് അദ്ദേഹത്തിനു വ്യക്തമായിരുന്നു.
          എം.ടി.വാസുദേവൻനായർ തിരക്കഥയെഴുതിയ നിർമ്മാല്യ(1973)ത്തിലെ അവസാനരംഗത്ത് (സീൻ:86) ഈ കഥനരീതിയുടെ ചടുലഭാവങ്ങൾ ആവിഷ്‌കരിക്കുന്നതെങ്ങനെയെന്നു നോക്കുക.
          വാളും ചിലമ്പും ദീപസ്തംഭത്തിന് മുന്നിൽ വെച്ച് അയാൾ നിൽക്കുന്നു. ഭഗവതിയെ നോക്കുന്നു. ഭഗവതി അയാളെ നോക്കുന്നു.
          തിരിയുഴിച്ചിൽ. മുന്നിൽ താളമൊഴിച്ചുള്ള ഒരു തിരിയുഴിച്ചിൽ പൂർണ്ണമായി. അതിനുപിന്നിൽ പരിചകൡാർ. പരിചകളി. അതിനുമുന്നിൽ നാക്കു നീട്ടിയ ഭഗവതിതിറകൾ. നടത്തുചൊല്ലൽ - മേളം.
          വെളിച്ചപ്പാട് - ഇമവെട്ടാതെ ഭഗവതിയെ നോക്കിക്കൊണ്ട് അയാൾ വാളും ചിലമ്പുമെടുക്കുന്നു. 'ഹിയ്യേ...' എന്ന അലർച്ച താളവാദ്യങ്ങളുടെയും ആർപ്പുവിളികളുടെയും ഉപരിയായി മുഴങ്ങുന്നു.
          അയാൾ പരിചമുട്ടുകൾക്കിടയിലൂടെ വാദ്യക്കാർക്കിടയിലൂടെ താലമെടുത്തു നിൽക്കുന്ന പെണ്ണുങ്ങൾക്കിടയിലൂടെ തുള്ളിക്കൊണ്ടു നടക്കുന്നു.
          'ഹിയ്യേ...' 'ഹിയ്യേ...'
          ഒരു പകിരി തിരിയുന്നു. താലത്തിലെ തിരികൾ കത്തുന്നു.
          വെളിച്ചപ്പാടിന്റെ സംഹാരനൃത്തം...
          മുമ്പൊരിക്കലും കാണാത്ത തീവ്രതയോടെ - ആവേശത്തോടെ വെളിച്ചപ്പാടു തുള്ളുന്നു. തലയിൽ വെട്ടുന്നു. ആരോ ചിലർ വിലക്കാൻ ശ്രമിക്കുന്നു. ആ കൈകളെ ഒരു നോട്ടം കൊണ്ടു മാറ്റിനിർത്തി അയാൾ തലയിൽ വെട്ടുന്നു.
          ആൾക്കൂട്ടത്തിന്റെ അത്ഭുതവും ഭീതിയും ഭക്തിയും. അക്കൂട്ടത്തിൽ  വെളിച്ചപ്പാടിന്റെ മക്കൾ - അവരുടെ പ്രതികരണം.
          വാരിയർ പന്തത്തിൽ എണ്ണയൊഴിച്ച് അടുത്തുനിൽക്കുന്നവരോട്: അമ്മേ ഭഗവതീ! ഞാനിത്ര ശൗര്യം മുമ്പൊരിക്കലും കണ്ടിട്ടില്ലേയ്...
          മേളം മുറുകുന്നു. പരിചകളിക്കാരുടെ താളം മുറുകുന്നു. തിരിയുഴിച്ചിലിന്റെ വേഗം കൂടുന്നു. താലത്തിൽ നിന്ന് ഒരു പിടി വെളിച്ചപ്പാട് വാരിയെടുക്കുന്നു. വിറയ്ക്കുന്ന കൈത്തലത്തിൽ അരി. അത് വസൂരിവിത്തുകളാവാൻ അയാൾ പ്രാർത്ഥിക്കുകയാവാം.
          'ഹിയ്യേ...' എന്ന അലർച്ചയോടെ അയാൾ അരിയെറിയുന്നു. സംഘത്തിൽ നിന്ന് അയാൾ അലറിക്കൊണ്ട് തിരുനടയിലേക്കോടുന്നു. നടയ്ക്കു മുന്നിൽ നിന്ന് അലറിക്കൊണ്ട് തലയിൽ ആഞ്ഞാഞ്ഞു വെട്ടുന്നു. മേളം മൂർദ്ധന്യത്തിൽ. തലയിൽ നിന്നൊഴുകിയ ചോര മുഖത്ത്, കണ്ണുകളിൽ...
          രംഗം ആകെ മങ്ങുന്നു; ഒരു നിമിഷം. അകത്തെ ശ്രീകോവിലിൽ ശ്രദ്ധിക്കുന്ന ഭഗവതി. വായിലേക്കൊഴുകിയ ചോര അയാൾ തുപ്പുന്നു. ആ രക്തം മുന്നിലെ ദീപസ്തംഭത്തിൽ; ബലിക്കല്ലിൽ. അവസാനത്തെ ശക്തിയും സംഭരിച്ച് അയാൾ വാതിലെടുത്തു ചാടി അമ്പലത്തിനകത്തേക്ക്.
          ബിംബം അയാളുടെ അടുത്തെത്തുന്ന പ്രതീതി. അയാൾ ആഞ്ഞുവെട്ടുന്നു.
          വാരിയർ: അടങ്ങണം, അമ്മേ അടങ്ങണം.
          കരിങ്കല്ലിൽത്തട്ടി വെളിച്ചപ്പാടിന്റെ വാള് മുറിയുന്നു. പള്ളിവാളിന്റെ പിടിയുമായി അയാൾ നടയിൽ വീഴുന്നു.
          മഞ്ഞൾപ്പൊടിയും വെള്ളവുമായി വാരിയരും പരിചാരകരും വീണുകിടക്കുന്ന വെളിച്ചപ്പാടിന്റെ അടുത്ത് എത്തുന്നു.
          നിശ്ശബ്ദത. നിശ്ചലത.
          നിശ്ശബ്ദവും നിശ്ചലവും അനാദിയുമായ പ്രപഞ്ചത്തെക്കുറിച്ചുള്ള ബോധമാണിത്. ഇതു സാഹിത്യത്തിനുമാത്രം അവകാശപ്പെടാവുന്നതും അനുഭവിപ്പിക്കാൻ കഴിയുന്നതുമാണ്. നേരിട്ടു കാണാവുന്ന അവസ്ഥയുടെ നേർവിപരീതമായ രൂപമാറ്റത്തെ വെളിച്ചപ്പാടിന്റെ പ്രതികരണത്തിലൂടെ അവതരിപ്പിക്കുന്നത് ദൃശ്യബോധത്തെ സംബന്ധിച്ചിടത്തോളമുള്ള എം.ടി.യുടെ വൈദഗ്ധ്യത്തെയാണു കാണിച്ചു തരുന്നത്. വാരിക്കുഴി(1982)യിൽ നിന്ന് ഒരു വടക്കൻ വീരഗാഥ(1989)യിലെത്തുമ്പോഴും അവിടെ നിന്ന് കടവി(1991)ന്റെ സംവിധായകനായിത്തീരുമ്പോഴും ചലച്ചിത്രവ്യാകരണത്തെ തന്റേതായ രീതിയിൽ എഴുതിച്ചേർക്കാൻ എം.ടി.യ്ക്കു കഴിയുകയാണ്. സ്ഥലകാലങ്ങളെ ആഖ്യാനത്തിനുള്ളിലെ വൈകാരികതയുടെ സ്പന്ദനമാക്കി മാറ്റുകയാണ്. ഈ മാറ്റമാണ് എം.ടി.യെന്ന എഴുത്തുകാരനെ വാക്കുകളുടെ വിസ്മയങ്ങളിലേക്ക് അടുപ്പിച്ചുനിർത്തുന്നത്. 


          എഴുത്തിന്റെ മഹാമേരുക്കൾ താണ്ടി, സമയപ്രവാഹങ്ങളെയും ദിശാമാറ്റങ്ങളെയും നേരിട്ട്, അറിവിന്റെ കടൽത്തീരങ്ങളിലൂടെ ഇനിയുമിനിയും മുന്നോട്ടു പോകാനുള്ള കർമ്മജീവിതമാണദ്ദേഹത്തിന്റേത്. കാലത്തിന്റെ വിധികൾക്കുമപ്പുറം മറ്റൊന്നുമില്ലെന്ന തിരിച്ചറിവും. ഈ കർമ്മപ്രവാഹവും തിരിച്ചറിവിന്റെ സമഗ്രതയും തന്നെയാണ് ക്രിയാത്മകമായ ഒരു ജനതതി പ്രതീക്ഷിക്കുന്നതും.

No comments: