സിനിമയുടെ സാങ്കേതികതയും തിരക്കഥയും
(സെമിനാർ അവതരണത്തിനുള്ള ഭാഗികചട്ടക്കൂട്)
സിനിമയ്ക്ക് ആധുനികലോകവുമായുള്ള ബന്ധം എടുത്തുപറയത്തക്കതാണ്. കാരണം ആധുനികലോകത്തെ വ്യാവസായികവികാസവുമിട്ടാണ് അതിനു ബന്ധം. വ്യവസായം വികസിക്കുന്നുവെന്നു പറയുമ്പോൾ സാങ്കേതികവിദ്യയിൽ മാറ്റങ്ങളുണ്ടാകുന്നു എന്നർത്ഥം. സ്വാഭാവികമായും അതേവരെ ശീലിച്ചുപോന്ന കലാഭിരുചികളിലും മാറ്റങ്ങളും നൂതനത്വവും ഉണ്ടാകും. ഈ മാറ്റത്തെയാണ് സിനിമയുടെ സാങ്കേതികതയും തിരക്കഥയും എന്ന വിഷയത്തെ സമീപിക്കുമ്പോൾ മനസ്സിലാക്കേണ്ടത്.
ആധുനികതയുടെ വ്യവഹാരമെന്നത് കൊളോണിയൽ അധിനിവേശങ്ങളുടെ ചരിത്രബോധവുമായി ബന്ധപ്പെട്ടുനില്ക്കുന്നു. പാശ്ചാത്യലോകത്തെ സാങ്കേതികജ്ഞാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ചിന്തകൾക്കും ഗവേഷണങ്ങൾക്കും പ്രാപ്തരാവുന്ന പൊതുസമൂഹത്തെയാണ് ഇവിടെ കാണാനാവുക. സ്വാതന്ത്ര്യസമരംപോലും അത്തരം തിരിച്ചറിവുകളുടെ ഭാഗമായി പുതിയ തലങ്ങളിലേക്ക്
എത്തിച്ചേരുന്നതായിക്കാണാം. എന്നാൽ ആധുനികതയുടെ വ്യവഹാരം ഒരേസമയം എതിർപ്പുകളെക്കൂടി കാണിച്ചുതരുന്നതിൽ ശ്രദ്ധവച്ചിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ലോകത്തെയും സാങ്കേതികമാറ്റങ്ങളെയും അറിയുന്നതോടൊപ്പം തദ്ദേശീയമായ പ്രശ്നങ്ങളെ അത് അഭിസംബോധന ചെയ്യുന്നതെങ്ങനെയെന്നും അവയുടെ സ്വത്വത്തെ ഇല്ലാതാക്കിത്തീർക്കുന്നതെങ്ങനെയെന്നും ചിന്തിക്കുന്നിടത്തോളം ഇത് വളർന്നു. ആധുനികത ഒരേസമയം അതു മുന്നോട്ടുവയ്ക്കുന്നവയുടെ നിഷേധത്തെക്കൂടി കണ്ടെത്തുന്നതിനുള്ള സന്ദർഭങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധുനികതയുമായി ബന്ധപ്പെട്ട ഏതൊരു പഠനത്തിലും വിരുദ്ധങ്ങളായ ദ്വന്ദ്വങ്ങൾ കടന്നുവരും.
ഇന്ത്യയുടെ ദേശീയത നിരവധി പ്രാദേശികസ്വത്വങ്ങളെ ഉൾക്കൊള്ളുന്ന ഒന്നാണ്. പ്രാദേശികതലത്തിലെ അധികാരക്രമത്തോടും താല്പര്യങ്ങളോടും പുലർത്തുന്ന വിധേയത്വം ദേശീയമായ സ്വത്വത്തെ പലപ്പോഴും റദ്ദുചെയ്യാൻ ശ്രമിച്ചിരുന്നു. ആധുനികമായ മാറ്റങ്ങളാണ് ഇവയെ തിരിച്ചറിയുന്നതിനും പാരമ്പര്യബോധ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിഷ്ഠകളെ പ്രതിരോധിക്കുന്നതിലേക്കും വഴികാണിച്ചത്. സിനിമയെന്ന സങ്കല്പത്തെ ഉൾക്കൊള്ളുന്നത് ഈ ലോകബോധത്തിന്റെ അടിസ്ഥാനത്തിലാണ്. വിവിധ ദേശങ്ങളിലെ സിനിമകൾ അതിന്റേതായ ഭാഷയും സംസ്കാരവും നിലനിർത്താൻ ശ്രമിക്കുമ്പോഴും ആഖ്യാനസമ്പ്രദായത്തിൽ ചില സമാനതകൾ പുലർത്തുന്നുണ്ട്.
വരേണ്യകലകളിൽ അഭിരമിക്കുകയും അതുമായി ബന്ധപ്പെട്ട അറിവിനെ നിശ്ചിത വിഭാഗത്തിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നിടത്ത് ഈ കലാപത്തിനുള്ള സാധ്യത സ്വയം ഉണ്ടാവുകയാണ്. ഓരോ വിഭാഗവും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളെയും അറിവുകളെയും തൊഴിലിടങ്ങളെയും പ്രാദേശികഭേദങ്ങളോടെ കലാപരതയിലേക്ക് വിവർത്തനം ചെയ്തിരുന്നിടത്ത്, പരസ്പരവിനിമയം സാധ്യമായിരുന്നില്ല. ജാതീയമായ അതിർത്തികൾ തീർത്ത വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് പലതും സഞ്ചരിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ആധുനികതയുടെ ലോകബോധവുമായി സിനിമകൾ കടന്നുവരുന്നത്. തൊട്ടുമുമ്പേ കടന്നെത്തിയ സംഗീതനാടകങ്ങളും മറ്റും ഇതിന്റെ സ്വീകാര്യതയ്ക്ക് ആവശ്യമായ പശ്ചാത്തലം ഉണ്ടാക്കുകയും ചെയ്തു.
ആദ്യസിനിമയായ വിഗതകുമാരൻ ആദ്യപ്രദർശനത്തോടെ ഉണ്ടാക്കിത്തീർത്തത് സമാനതകളില്ലാത്ത കോലാഹലങ്ങളാണ്. ദളിത് പെൺകുട്ടി സവർണ്ണയുവതിയായി അഭിനയിച്ചുവെന്നതായിരുന്നു അവിടെ വിഷയമായിത്തീർന്നത്. പി. കെ. റോസിയെന്ന ആദ്യത്തെ ചലച്ചിത്രനായികയെ നിഷ്കരുണം പുറന്തള്ളിയ പൊതുബോധത്തിലേക്കാണ് ആധുനികസാങ്കേതികവിദ്യ അതിന്റെ ശക്തിയെ കുറേക്കൂടി ശക്തമായി ഇടപെടാനാവുക എങ്ങനെയെന്ന് തെളിയിച്ചത്. സിനിമയോടുള്ള താല്പര്യം കൊണ്ടുമാത്രം അതിനെ പരിചയപ്പെടുത്താനും ആ സാങ്കേതികതയുടെ രസതന്ത്രത്തെ ആസ്വാദനീയമാക്കാനും പൊതുബോധത്തെ മാറ്റാനും സാധിക്കില്ലയെന്ന് ജെ. സി. ഡാനിയലിന്റെ സിനിമ തെളിയിച്ചു.
കഥാവതരണമല്ല സിനിമയെന്ന് എത്രയോ തവണ ആവർത്തിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഇന്ത്യൻ പൊതുബോധത്തിൽ സിനിമ അങ്ങനെത്തന്നെയാണ് നില്ക്കുന്നത്. നായകനും നായികയും പാട്ടും സ്റ്റണ്ടും സഹകഥാപാത്രങ്ങളും പുതിയ ട്രെൻഡുകളും ഉൾപ്പെടുന്ന വലിയൊരു സാങ്കേതികകലയായി അത് മാറുകയും ചെയ്തിരിക്കുന്നു. താരമൂല്യത്തിനനുസരിച്ച് അഭിനയിക്കത്തക്കത് – അല്ലാത്തത് എന്നിങ്ങനെ വേർതിരിവുകൾ ഉണ്ടാവുകയും ഇമേജ് സംരക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളായി നടീനടന്മാരും സംവിധായകരും മാറുകയും ചെയ്തിരിക്കുന്നു. പോപ്പുലർ സിനിമ മാത്രമല്ല, കലാസിനിമകൾക്കും ഇത്തരമൊരു തിരിവുണ്ട്. ഓരോരുത്തരുടെയും നിലവാരത്തിനും പൊതുബോധത്തിനും അനുസരിച്ചുള്ള ചട്ടക്കൂട്ടിലേക്ക് സിനിമയെ മാറ്റിയെഴുതുന്നുവെന്നു സാരം. തിരക്കഥയുടെ ശക്തിയെന്നും തിരക്കഥയുടെ പോരായ്മയെന്നും നിരൂപകർ വാഴ്ത്തുകയും ഇകഴ്ത്തുകയുമൊക്കെ ചെയ്യുന്നത് ഈ ധാരണയുടെ പുറത്താവണം. സാങ്കേതികജ്ഞാനം മെച്ചപ്പെടുത്തുന്നതിലൂടെയും സിനിമ നിർമ്മിക്കപ്പടില്ല. അതുകൊണ്ടുതന്നെയാണ് തിരക്കഥയുടെയും സാങ്കേതികതയുടെയും പങ്കിനെ സിനിമയെന്ന ക്യാൻവാസിലെ ഘടകങ്ങൾ മാത്രമായി പരിഗണിച്ചുകൊണ്ട് വിലയിരുത്തേണ്ടതുണ്ടെന്നു കരുതുന്നതും.
സിനിമയെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളായി തിരിക്കണം. ഈ രണ്ടു ഘടകങ്ങൾക്കുള്ളിൽ നിർത്തിക്കൊണ്ട് അതിലെ പ്രധാനപ്പെട്ട ഏകകങ്ങൾ വിലയിരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കണം. ആ രീതിയിൽ വിശകലനം ചെയ്യുകയാണെങ്കിൽ സിനിമയുടെ കാഴ്ചയും വിമർശനവും പുതിയൊരു തലത്തിലേക്ക് വരികയും ചെയ്യും. കഥ പറയുകയും ഇതര ജ്ഞാനമേഖലകളെ ചേർത്തുനിർത്തിക്കൊണ്ട് വിശകലനം ചെയ്യുകയുമല്ല, അതിലുപരിയായി ഭാവുകത്വപരിണാമത്തിനും ഇന്ദ്രിയാതീതബോധങ്ങൾക്കും നിരന്തരം ബദലുകൾ നിർമ്മിക്കപ്പെടുന്നതെങ്ങനെയെന്നും അവ പൊതുബോധത്തിന്റെ ഭാഗമായിത്തീരുന്നതെങ്ങനെയെന്നും പരിശോധിക്കുകയാണ് വേണ്ടത്. ഈ തിരിച്ചറിവിനെയാണ് സിനിമയുടെ പഠനവും ലക്ഷ്യംവയ്ക്കുന്നത്. അപ്പോൾ മാത്രമേ യഥാർത്ഥപഠനവും വിശകലനവും സാധ്യമാവുകയുള്ളൂ.
സംസ്കാരത്തെ പരിചയപ്പെടുത്തുന്നതിനും മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതിനും ഉതകുന്ന ഏറ്റവും ശക്തമായ മാധ്യമമായി സിനിമയുടെ വികാസത്തെ കാണുന്നുവെങ്കിൽ മാത്രമേ മേൽപ്പറഞ്ഞ വിശകലനത്തിന് പ്രസക്തിയുണ്ടാകുന്നുള്ളൂ. സിനിമയുടെ സാങ്കേതികതയെ സ്വീകരിക്കുന്നതിന് അനുയോജ്യമായ ചുറ്റുപാടുകളുണ്ടാവുകയും അവിടെയുണ്ടാകുന്ന മാറ്റങ്ങളെ ഓരോ സമയത്തും സ്വീകരിക്കുവാനോ പരിഗണിക്കുവാനോ തയ്യാറാവുകയുമാണ് പ്രേക്ഷകൻ ചെയ്യേണ്ടത്. സർഗ്ഗാത്മകതയെ സങ്കീർണ്ണമായ പ്രക്രിയയായി കാണുവാനും അതിലെ വൈരുദ്ധ്യങ്ങളെ അംഗീകരിക്കുവാനും തയ്യാറാകുന്നെങ്കിൽ മാത്രമേ കാലാനുസൃതമായ മാറ്റങ്ങളോട് അനുകൂലനം ചെയ്യുകയെന്ന പ്രക്രിയ സാധ്യമാവുകയുള്ളൂ. ഇതു നിർണ്ണയിക്കുന്നത് സിനിമ കാണുക എന്നതിനേക്കാൾ അടുത്തറിയുക എന്ന സാധ്യതയിലാണുള്ളത്.
സിനിമയെ രണ്ടു പ്രധാന ഘടകങ്ങളായി തിരിക്കണമെന്നു നേരത്തേ സൂചിപ്പിച്ചിരുന്നു. അവ ഇങ്ങനെയാണ്.
1. സൃഷ്ട്യുന്മുഖ സാങ്കേതികത (Creative Technique)
2. സാങ്കേതിക സൃഷ്ടിപരത (Technical Creation)
ഇതിൽ ഒന്നാമത്തേതിനെ പൂർണ്ണമായും ഒരു സർഗ്ഗപ്രക്രിയ എന്ന നിലയിൽത്തന്നെയാണ് കാണേണ്ടത്. അതിനു സഹായകമായ ധാരാളം ഇതരഘടകങ്ങളെക്കൂടി സവിശേഷമായി വേർതിരിക്കേണ്ടിയിരിക്കുന്നു. കഥ, ഇതിവൃത്തം, തിരക്കഥ, സംഭാഷണം തുടങ്ങിയ ഘടകങ്ങളെ ഇവിടെ പരിഗണിക്കാവുന്നതാണ്. കഥയുടെ ദൃശ്യവൽക്കരണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അതിലെ പ്രേരണയെയും കഥാപാത്രവൽക്കരണത്തെയും സിനിമയുടെ അർത്ഥം എന്ന ഘടകത്തെയും ഒക്കെ വേർതിരിച്ചു കാണേണ്ടതുമുണ്ട്. തിരക്കഥയെ സംബന്ധിച്ചിടത്തോളം കഥ സ്വീകരിക്കുന്നതെവിടെനിന്നാണ് എന്നു പരിശോധിക്കുകയും അതുമായി ബന്ധപ്പെട്ടുവരുന്ന മാറ്റങ്ങളെ പഠിക്കുകയും ചെയ്യേണ്ടതില്ല. നോവലോ ചെറുകഥയോ നാടകമോ ഒക്കെ സിനിമയായിത്തീരുമ്പോൾ (അനുകല്പനം, അനുരൂപീകരണം, അനുവർത്തനം എന്നൊക്കെ adaptation എന്നതിന് വിവർത്തനം നല്കാറുണ്ട്.) തിരക്കഥയിൽ ധാരാളം മാറ്റങ്ങൾ ദൃശ്യവൽക്കരണവുമായി ബന്ധപ്പെട്ട് കൊണ്ടുവരേണ്ടതുണ്ട്. ദൃശ്യത്തിനു പ്രാമുഖ്യം നല്കുന്ന സിനിമയുടെ രൂപരേഖ മാത്രമായി തിരക്കഥയെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് എന്ന നിലയിലേക്കുള്ള അതിന്റെ വളർച്ചെയെക്കുറിച്ച് വിമർശകർ സാധാരണയായി ചർച്ച ചെയ്യാറുമില്ല.
കഥാവതരണത്തിനുള്ള മാർഗ്ഗനിർദ്ദേശമായി മാത്രം തിരക്കഥയെ കാണുകയും അതിന്റെ രൂപരേഖയിൽവരുന്ന ഏതൊരു മാറ്റവും സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരത്തെ നിർണ്ണയിക്കുമെന്നുംകൂടി മനസ്സിലാക്കേണ്ടതുണ്ട്.
രണ്ടാമത്തേത് സിനിമാനിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങളെയാണ് സൂചിപ്പിക്കുന്നത്. സിനിമയെന്ന ദൃശ്യരൂപത്തിന്റെ പുനരുല്പാദനത്തിന് കഥയെ പ്രാപ്തമാക്കിത്തീർക്കുന്ന ഘടകങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. ശബ്ദം, എഡിറ്റിംഗ്, പ്രകാശക്രമീകരണം, ക്യാമറ ആംഗിൾ, ഷോട്ടുകൾ, ടോൺ, പ്രൊജക്ഷൻ എന്നിവയൊക്കെ ഇവിടെ പ്രസക്തമാകുന്നു.
സാങ്കേതികതയുമായി ബന്ധപ്പെടുന്ന വിവിധ ഘടകങ്ങളെ വിശദമായി അപഗ്രഥിക്കേണ്ടതുണ്ട്. ആംഗിളുകളിൽവരുന്ന വ്യത്യാസത്തെയും ടോണിൽ വരുത്തുന്ന മാറ്റങ്ങളും പ്രകാശത്തിന്റെ ഉപയോഗത്തിലുള്ള സാധ്യതകളും മറ്റും ഇവിടെ വിഷയമാണ്. അവയൊക്കെയും വിശദീകരിക്കുന്നതിന് സ്ഥലപരിമിതി അനുവദിക്കുന്നില്ലെങ്കിലും അതിന് സഹായകമായ നിരവധി പഠനങ്ങൾ പരിശോധിക്കാവുന്നതാണ്.
തിരക്കഥയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ധാരണകൾ വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനെക്കുറിച്ചുള്ള സൂചനകൾ തന്നെയാണ് ഈ പ്രബന്ധത്തിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളതും. കഥയെ ദൃശ്യവൽക്കരിക്കുന്നതിന് അനുയോജ്യമാക്കിത്തീർക്കുകയെന്നതാണ് തിരക്കഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അവതരിപ്പിക്കുന്ന സംഭവം തുടങ്ങേണ്ടതെങ്ങനെയെന്നും അതിനെ മുന്നോട്ടു നയിക്കേണ്ടതെങ്ങനെയെന്നും മറ്റും തിരക്കഥയിലൂടെ വെളിപ്പെടുത്താനാവും. ദൃശ്യവൽക്കരണത്തിൽ ഊന്നൽ നല്കേണ്ട ഘടകമെന്ത് എന്ന് തിരക്കഥയ്ക്ക് സൂചിപ്പിക്കാൻ കഴിയില്ല. അത് സംവിധായകന്റെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. അതൊരിക്കലും തിരക്കഥയിൽ എഴുതിച്ചേർക്കാനുമാവില്ല. അങ്ങനെയൊരു ബോധ്യത്തിൽ മാത്രമേ സിനിമയുടെ നിർമ്മാണഘടകങ്ങളിൽ ഒന്നുമാത്രമായി തിരക്കഥ മാറുകയുള്ളൂ. അല്ലാത്തിടത്ത് സിനിമയുടെ ബ്ലൂപ്രിന്റാണ് തിരക്കഥ എന്നൊക്കെ നിരീക്ഷണങ്ങളുണ്ടാവുകയും ചെയ്യും.
ഇങ്ങനെ രണ്ടുതരത്തിൽ തരംതിരിക്കാവുന്ന സിനിമയുടെ നിർമ്മാണഘടകങ്ങൾ തന്നെയാണ് അതിനെ കാണുവാനും വിലയിരുത്തുവാനും ശ്രമിക്കുമ്പോൾ സഹായകമായിത്തീരുക. കഥയറിഞ്ഞ് ആട്ടംകാണുകയെന്നതുപോലെ, മാധ്യമസാക്ഷരതയോടെ ദൃശ്യസാക്ഷരതയിലേക്കെത്തുകയെന്നു സാരം. ഇതിനുവേണ്ടിത്തന്നെയാവണം പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്തുന്നതും. പൊതുബോധത്തെ വിമർശനാത്മകമായി സമീപിക്കുവാനും അതിൽനിന്ന് സിനിമയോടുള്ള പ്രേക്ഷകസമീപനം ക്രിയാത്മകമാക്കിത്തീർക്കുവാനും ഇത്തരം പഠനമേഖലകൾ സഹായിക്കും. അവിടെയാണ് ചലച്ചിത്രാഖ്യാനം സവിശേഷപഠനമേഖലയായിത്തീരുന്നതും. ആധുനികതയുമായി ബന്ധപ്പെടുന്ന സിനിമയുടെ വികാസം അതുകൊണ്ടുതന്നെയാണ് ചർച്ച ചെയ്യപ്പെടുന്നതും നിലവിലുള്ള എല്ലാ മാധ്യമങ്ങളെയും അത് സ്വാധീനിക്കുന്നതും.
സമൂഹമാധ്യമങ്ങളിലെ ആശയവിനിമയരീതികൾ തന്നെയെടുക്കാം. ട്രോളുകൾ എന്നറിയപ്പെടുന്നവ സിനിമയിലെ രംഗങ്ങൾ, സംഭാഷണങ്ങൾ എന്നിവയാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിനിമയെന്നതിൽ മാത്രം അത് ഒതുങ്ങി നിൽക്കുന്നില്ലെന്നും കാണേണ്ടതുണ്ട്. വളരെ പോപ്പുലറായ യൂട്യൂബ് ചാനലുകൾ, സംഗീത ആൽബങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവയൊക്കെ ട്രോളുകൾ നിർമ്മിക്കുന്നതിനാവശ്യമായ ചട്ടക്കൂടു നിർമ്മിച്ചുനല്കുന്നുണ്ട്. കഥാപാത്രത്തിന്റെ പോപ്പുലാരിറ്റിയാണ് ഇവിടെ മുഖ്യഘടകം. വളരെ പോപ്പുലറായ രംഗം മാത്രമേ പൊതുവെ ട്രോളുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാറുള്ളൂ. എങ്കിലും അതു കാണുന്നയാൾക്ക് പരിചയമില്ലാത്ത രംഗമാണെങ്കിൽ അതിലെ നർമ്മം പിടികിട്ടാൻ പ്രയാസമായിരിക്കും. അങ്ങനെയാകുമ്പോൾ അതുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾക്കാവും അയാൾ പോവുക. അതുകൂടി മനസ്സിലാക്കിയെങ്കിൽ മാത്രമേ ട്രോളിന്റെ ആന്തരാർത്ഥം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇവിടെയാണ് സാങ്കേതികതയെ സംബന്ധിച്ചിടത്തോളം ചർച്ച ചെയ്ത വിലയിരുത്തലുകൾ റദ്ദായിപ്പോകുന്നുവെന്ന് തോന്നുന്നതും. പോപ്പുലാരിറ്റിയെന്നു വിളിക്കുന്ന ജനകീയത മാത്രമാണ് ഇവിടെ മുഖ്യഘടകമെന്നു കരുതിപ്പോകുമെങ്കിലും സിനിമയെന്ന മാധ്യമം വിഷയത്തെ കൈകാര്യം ചെയ്ത രീതികൂടി എല്ലാ സന്ദർഭത്തിലും പ്രസക്തമായിത്തീരുന്നതായി സൂക്ഷ്മവായനയിൽ മനസ്സിലാക്കാനാവും. സാങ്കേതികതയിലെ മാറ്റങ്ങൾ നാംപോലുമറിയാതെ ഉൾക്കൊള്ളുന്നുണ്ടെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. കൊളോണിയൽ അധിനിവേശത്തിന്റെ രൂക്ഷതയെന്നതിനേക്കാൾ സാങ്കേതികതയുടെ വിവിധങ്ങളായ അധിനിവേശമായി അത് സംസ്കാരത്തെയും പൊതുബോധത്തെയും ചൂഴ്ന്നുനില്ക്കുകയും നിരന്തരം മാറ്റങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.

No comments:
Post a Comment