Sunday, November 10, 2019

പുരാവൃത്തങ്ങളും പരിസ്ഥിതിയും: സമകാലികവിചാരം

വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന മൂല്യങ്ങളെ സംബന്ധിച്ച്‌ വിചാരണ നടത്തേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണ്‌. ഉന്നതരംഗത്ത്‌ നേട്ടങ്ങളുണ്ടാകുമ്പോഴും നിലവാരമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോഴും അതില്‍ ഉള്‍പ്പെട്ട
മലയാളിയെക്കുറിച്ചു പറയുന്നതിനാണ്‌ മാധ്യമങ്ങള്‍ പ്രാധാന്യം നല്‌കുന്നത്‌. അപകടത്തില്‍ നൂറുപേര്‍ മരിക്കുമ്പോഴും അതിലുള്‍പ്പെട്ട രണ്ടു മലയാളിയെക്കുറിച്ച്‌ പ്രാധാന്യത്തോടെ പറയുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌. കേരളമെന്ന പ്രാദേശികതയെ ഊന്നിയാണ്‌ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. മലബാറിലെ ആളെന്നോ കൊച്ചിക്കാരനെന്നോ തിരുവിതാകൂറുകാരനെന്നോ പറയുന്നതരത്തിലുണ്ടായിരുന്ന അതിര്‍ത്തി വിഭജനങ്ങളില്‍ നിന്ന്‌ കുറെയെങ്കിലും മോചിപ്പിക്കപ്പെടുകയും അത്‌ മലയാളിസ്വത്വമെന്ന
തലത്തിലേക്ക്‌ വളരുകയും ചെയ്‌തിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം പിന്നിട്ട അറുപതിലധികം വര്‍ഷങ്ങള്‍ കൊണ്ടാണ്‌ ഈ മാറ്റം സംഭവിച്ചതെന്നും വേണമെങ്കില്‍ പറയാം. ഇന്ത്യയെന്ന ഒറ്റ രാജ്യത്തെക്കുറിച്ച്‌ സംസാരിക്കുകയും നാനാത്വത്തിലെ ഏകത്വത്തെയും മറ്റും വിളംബനം ചെയ്യുകയും ചെയ്യുമ്പോഴും പ്രാദേശികവാദങ്ങളെ തകര്‍ത്തുകളയണമെന്നു ഘോരഘോരം പ്രസംഗിക്കുമ്പോഴും ഇത്തരം സങ്കുചിതഭാവങ്ങളെ വെടിയാനും ഒരൊറ്റ അന്തസ്സത്തയായി രാജ്യത്തെ ഉള്‍ക്കൊള്ളാനും കഴിയാത്തതരത്തിലുള്ള വിചാരങ്ങളാണ്‌ പലപ്പോഴുമുണ്ടാകുന്നത്‌.
ലോക്കലൈസ്‌ ചെയ്യുകയെന്ന പ്രവര്‍ത്തനരീതിയാണ്‌ ആഗോളവല്‍ക്കരണത്തെത്തുടര്‍ന്ന്‌ എല്ലാത്തരം ബിസിനസ്‌ രംഗങ്ങളിലും ഉണ്ടായിട്ടുള്ളത്‌. ഇംഗ്ലീഷ്‌ പോലുള്ള ഭാഷകളില്‍മാത്രമല്ല, കമ്പ്യൂട്ടറുകള്‍ പ്രാദേശികഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളുണ്ടായതുതന്നെ ലോക്കലൈസേഷന്റെ ഭാഗമായിട്ടാണ്‌. കച്ചവടതന്ത്രമായി അതിനെ കാണാന്‍ കഴിയുമെങ്കിലും ഓരോ പ്രാദേശികഭാഷയിലും പുതിയ കണ്ടെത്തലുകള്‍ക്ക്‌ പ്രേരിപ്പിക്കുന്ന പലതും അതിന്റെ ഭാഗമായി രൂപപ്പെട്ടു. ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതകള്‍ക്കനുസൃതമായി ഭാഷാപരമായ കണ്ടെത്തലുകള്‍ ഉണ്ടാകണമെന്നും അവ പലതും ഇനിയും പഠിക്കേണ്ടതുണ്ടെന്നുമുള്ള വിചാരമുണ്ടാകുന്നതും അങ്ങനെയത്രേ.
ഇത്തരമൊരു സാഹചര്യത്തിലാണ്‌ പ്രാദേശികമായി ആഘോഷിക്കപ്പെടുന്ന സംഭവങ്ങളെയും കലകളെയും നോക്കിക്കാണുന്നതിന്റെയും വിലയിരുത്തുന്നതിന്റെയും പോരായ്‌മകളെക്കുറിച്ചു ചിന്തിക്കേണ്ടത്‌. പഴഞ്ചൊല്ലുകള്‍ നോക്കുക. മുറ്റത്തെ മുല്ലയ്‌ക്ക്‌ മണമില്ലെന്നു പറയുന്നത്‌ ഒരു പൊതു ഇടത്തെ കാണിക്കുന്നുണ്ട്‌. അത്‌ ഏതു മതവിഭാഗത്തില്‍പ്പെട്ടയാളിലും ജാതിയില്‍പ്പെട്ടയാളിലും ഒരേയര്‍ത്ഥത്തില്‍ത്തന്നെ സംവദിക്കും. ധാരാളം ഉദാഹരണങ്ങളുണ്ട്‌. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്നോ എന്ന ചോദ്യത്തില്‍പ്പോലും കൊല്ലന്‍ ജാതിയിലുപരിയായി പണിയെന്ന സൂചനയാണു നല്‌കുന്നത്‌. പഴഞ്ചൊല്ലിനു കൈവന്ന ഈ സാര്‍വത്രികസ്വഭാവത്തെ ഉപയോഗപ്പെടുത്തുകയും അതിലേക്കുമാത്രമായി ചുരുക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയുമാണ്‌ ഏവരും ചെയ്യുന്നതും. പഴങ്കഥകളുടെയും പഴങ്കാലങ്ങളുടെയും കരിക്കാടിയും കുരങ്ങിടലും പള്ളിയുറക്കങ്ങളും തീപ്പെടലും മറ്റും നിത്യോപയോഗത്തില്‍നിന്നും അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്‌. അടുത്തിടെ കണ്ട ഒരു വാര്‍ത്തയില്‍ ജിറാഫുകള്‍ മരിച്ചു എന്നാണു പ്രയോഗം. ചത്തുവെന്നു പറഞ്ഞാല്‍മതി എന്ന പാണിനീഭാഷ്യത്തെ തിരുത്തുകയും എന്തുകൊണ്ടിങ്ങനെ പറഞ്ഞുകൂടാ എന്ന ചോദ്യവുമാണ്‌ അതുയര്‍ത്തുന്നത്‌. ഇത്തരത്തില്‍ പ്രാദേശികമായ കീഴ്‌വഴക്കങ്ങളെയും ധാരണകളെയും ഒഴിവാക്കുകയും പൊതുവായ ഒരു ഇടപെടല്‍ സഞ്ചയത്തിലേക്ക്‌ അവയെ എത്തിക്കുകയും ചെയ്യുന്നതിലാണ്‌ ഭാഷാപഠനവും ചരിത്രപഠനവും നാടോടിവിജ്ഞാനീയവും മറ്റും ശ്രദ്ധിക്കേണ്ടത്‌. പുരാവൃത്തങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ മൊഴിവഴക്കങ്ങള്‍ സര്‍വ്വര്‍ക്കും അവകാശപ്പെടാനാവുകയും അവയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പൊതുബോധത്തെ സ്വാംശീകരിക്കുന്നതുമാവണം. അപ്പോഴാണ്‌ വ്യക്തിയും സമൂഹവും രണ്ടല്ലെന്നും സമുദായവും സമ്പ്രദായങ്ങളും ഒന്നാണെന്നും തോന്നുക.
ഇന്ത്യയെന്ന സൃഷ്‌ടി ബ്രിട്ടീഷുകാരന്റേതാണെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്ന സന്ദര്‍ഭങ്ങള്‍ പലതുണ്ട്‌ ചരിത്രാന്വേഷകരില്‍. ഇന്ത്യ ഇന്ത്യയല്ലെന്നും ഇന്ത്യ ഇന്ത്യയാകുന്നത്‌ ഇന്ത്യയല്ലാത്തതുകൊണ്ടാണെന്നും ധരിപ്പിക്കുന്നതിനും ധാരണകളുണ്ടാക്കുന്നതിനും വേണ്ടിയാവണം ഇത്തരം പ്രകടനങ്ങള്‍. സര്‍വ്വതിനെയും സ്വീകരിക്കുകയും സ്വന്തമെന്നതുപോലെ കരുതുകയും ചെയ്യുന്ന മനോഭാവത്തിനുമാത്രമേ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കാനാവൂ. അതില്‍ കടന്നുവരുന്ന ഭേദങ്ങളെല്ലാം മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളെന്നപോലെയുള്ള ഭേദങ്ങള്‍ മാത്രമാണെന്നും അവയെക്കുറിച്ചുള്ള ചിന്തകള്‍ ഉത്‌പാദിപ്പിക്കുന്ന പ്രത്യയശാസ്‌ത്രവിചാരങ്ങള്‍ സ്വത്വമെന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്നതാണെന്നും കരുതണം. മലയാളിയും തമിഴനും തെലുങ്കനും ബീഹാറിയും തുടങ്ങിയ അന്യവല്‌ക്കരണങ്ങള്‍ ഇല്ലാതാകുന്നതിനും ഓരോതരം പുരാവൃത്തസഞ്ചയങ്ങളും വെവ്വേറെ പഠിക്കുന്നതിലൂടെയാണു സാധിക്കുക.
പുരാവൃത്തമെന്ന വാക്കിന്‌ നല്‌കാന്‍ കഴിയുന്ന അര്‍ത്ഥം ഭൗതികസാഹചര്യങ്ങളുടെ സംഘര്‍ഷത്തില്‍നിന്നു രൂപപ്പെടുന്നതും ആദിമമനുഷ്യന്‌ ആത്മവിശ്വാസം നല്‌കിയതുമായ സങ്കല്‌പനങ്ങള്‍ എന്നാണ്‌. പുരാവൃത്തം സമൂഹമനസ്സില്‍ നിന്നു രൂപപ്പെടുന്നതാണ്‌. കഥയുടെ രൂപമാണിതിനുള്ളതെങ്കിലും കഥ പറയുന്നതിലെ അനായാസത പുരാവൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. പണ്ടുപണ്ടെന്നും ഒരിടത്തൊരിടത്തെന്നും പ്രയോഗിക്കുന്നതിലൂടെ മുമ്പുണ്ടായിരുന്ന ഒന്നിന്റെ പുനരാവിഷ്‌കാരമാണ്‌ പുരാവൃത്തമെന്ന തോന്നലുളവാക്കാന്‍ അതിനു കഴിയുന്നു. കഥകളും പാട്ടുകളും മറ്റു ചൊല്‍രൂപങ്ങളുമായി അവ കാലഘട്ടങ്ങളിലൂടെ കടന്നുവരികയും ഓരോ തലമുറയിലും പുതിയ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അത്ഭുതങ്ങളുടെ ലോകം, അവിശ്വസനീയതകളുടെ ആവിഷ്‌കാരം, പ്രപഞ്ചശക്തികളോടുള്ള ആദരവ്‌ എന്നിവ അവയില്‍ രൂഢമാണ്‌. മനുഷ്യന്‌ അജ്ഞാതമായ സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ കൂടിയാണ്‌ അവ. പ്രശസ്‌തങ്ങളായ പല കൃതികളും ഇതേയര്‍ത്ഥത്തില്‍ത്തന്നെയാണ്‌ അവയെ സമീപിക്കുന്നതും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുരാവൃത്തസാധ്യതകളെ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ ഒരു കാഴ്‌ചപ്പാട്‌ അതില്‍ ദര്‍ശിക്കുകയും വിലയിരുത്തുകയുമാണ്‌ ചെയ്യേണ്ടതെന്നു കരുതുന്നതും നേരത്തേ സൂചിപ്പിച്ചതരം പ്രത്യേകതകള്‍ കണ്ടെടുക്കാനുള്ള ശ്രമമായിക്കാണുക. പരിസ്ഥിതിഭാഷാശാസ്‌ത്ര(ലരീഹശിഴൗശേെശര)െമെന്ന പേരില്‍ വികസിച്ചിട്ടുള്ള ശാഖ തൊണ്ണൂറുകള്‍ക്കു ശേഷം ശക്തി പ്രാപിച്ചതാണ്‌. അവിടെ പരിഗണനാവിഷയമാകുന്നത്‌ ിീ േീിഹ്യ വേല ീെരശമഹ രീിലേഃ േശി ംവശരവ ഹമിഴൗമഴല ശ െലായലററലറ, യൗ േമഹീെ വേല ലരീഹീഴശരമഹ രീിലേഃ േശി ംവശരവ ീെരശശേല െമൃല ലായലററലറ എന്നതത്രേ. ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടു നില്‌ക്കുന്ന ഭാഷാസവിശേഷതകളെയും അവ രൂപീകരിക്കുന്ന പ്രത്യേകപരിസരത്തെയും വിശകലനം ചെയ്യുകയാണിവ.
സംസ്‌കാരത്തിന്‌ അടിസ്ഥാനപരമായി മൂന്നു ഘടകങ്ങളുണ്ടല്ലോ. സാങ്കേതികം, സാമൂഹികം, ആത്മീയം എന്നിങ്ങനെയുള്ള ഈ വര്‍ഗീകരണം ഭൗതികവും സാമൂഹികവും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയുമാണ്‌. വാമൊഴി സംസ്‌കാരവുമായി ബന്ധപ്പെട്ടവയെ നിരീക്ഷണവിധേയമാക്കിയാല്‍ കാണാന്‍ കഴിയുന്ന പ്രത്യേകതകള്‍ ബോട്ട്‌കിന്‍, ഫോസ്റ്റര്‍, ഹെര്‍സോങ്‌ മുതലായവര്‍ വിശദീകരിച്ചിട്ടുണ്ട്‌. കഥപറച്ചിലില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളെ പരിശോധിക്കുകയാണെങ്കില്‍ അവയുടെ വിവിധ തലങ്ങള്‍ വളരെ രസകരമായി കണ്ടെത്താനാവും. കടങ്കഥകള്‍, നാടോടിക്കഥകള്‍, പഴഞ്ചൊല്ലുകള്‍ തുടങ്ങി ഒരു വലിയ നിരതന്നെ ഇവിടെയുണ്ട്‌. ജീവിതത്തിലെ പ്രശ്‌നസങ്കീര്‍ണ്ണമായ മുഹൂര്‍ത്തങ്ങളെ വൈജ്ഞാനികതലത്തിലേക്ക്‌ പ്രത്യക്ഷത്തില്‍ കൊണ്ടുവരാതെ തരണം ചെയ്യുന്നതിനുവേണ്ട കാര്യങ്ങള്‍ പറയുകയാണ്‌ ഇവയെല്ലാം ചെയ്യുന്നത്‌.
പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ അതിജീവിക്കുന്നതിന്‌ പ്രാപ്‌തമാക്കുന്നതിനു സഹായിക്കുന്നവയാണെന്ന്‌ പൂര്‍ണ്ണമായി പറയാനാവില്ലെങ്കിലും അവയോടുള്ള പ്രതികരണമാണ്‌ മിത്തുകള്‍/പുരാവൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. നേരത്തേ സൂചിപ്പിച്ചതുപോലെ അഭൗമമായ ഒന്നിന്‌ മനുഷ്യസങ്കല്‌പത്തില്‍ നല്‌കിയ രൂപമാണ്‌ ഇത്തരം വേഷങ്ങളില്‍ കാണാന്‍ കഴിയുക. തെയ്യങ്ങളുടെ അമാനുഷികരൂപങ്ങളെക്കുറിച്ചോര്‍ക്കുക. മാനുഷികവും അമാനുഷികവുമായ ഘടകങ്ങളെ ഒരേസമയം മേളിപ്പിക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന വിശ്വാസങ്ങളെ തുടര്‍ന്നുപോരുന്നതിനും തെയ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പൊട്ടന്‍തെയ്യം, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവയൊക്കെ സ്ഥിരമായ രൂപങ്ങള്‍ പുലര്‍ത്തുന്നതും അതുകൊണ്ടാണ്‌. കാലങ്ങളിലൂടെ പരിവര്‍ത്തിപ്പിക്കപ്പെട്ട ചിലതെല്ലാം അതില്‍ കാണാമെങ്കിലും അടിസ്ഥാനപരമായി അവ പ്രകടിപ്പിക്കുന്ന രൂപഭാവാദികള്‍ക്ക്‌ മാറ്റമില്ല. ദൈവം എന്നതിന്റെ നേര്‍രൂപമത്രേ തെയ്യം. തെയ്യക്കോലത്തില്‍ ദൈവം ആവേശിക്കപ്പെട്ട മനുഷ്യനെ ദൈവമായിത്തന്നെ കാണുവാനുള്ള ശ്രമമാണുള്ളത്‌.
ശാസ്‌ത്രീയമായ നിരീക്ഷണത്തില്‍ കാഴ്‌ചയെന്നത്‌ നേര്‍ചിത്രമല്ല. പ്രതിബിംബത്തിന്റെ തലകീഴായ ദൃശ്യത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം മൂലം നേര്‍ചിത്രമായി മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരത്തില്‍ ഒരു നേര്‍ചിത്രത്തെ സ്വരൂപിക്കുന്നതില്‍ തലച്ചോര്‍ സ്വീകരിക്കുന്ന ഉപാധികള്‍ക്കുപോലും ചില പ്രത്യേകതകള്‍ കണ്ടെത്താന്‍ കഴിയും. സാംസ്‌കാരികവിശേഷങ്ങളുമായി ബന്ധപ്പെട്ട അറിവാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌. നേര്‍ക്കാഴ്‌ചയിലുള്ളവ ഒരാളുടെ അനുഭവമായിത്തീരുന്നത്‌ ജീവിതാനുഭവങ്ങളുടെയും പാരമ്പര്യഘടകങ്ങളുടെയും സാംസ്‌കാരികവും പാരിസ്ഥിതികവുമായ ചുറ്റുപാടുകളുടെയും പ്രത്യേകതകള്‍ക്കനുസൃതമായിട്ടാണ്‌. കാഴ്‌ചയുടെയും കേള്‍വിയുടെയും ഭൗതികാനുഭവം വൈകാരികതയെ സ്വാധീനിക്കേണ്ടത്‌ ശാസ്‌ത്രീയയുക്തിയുടെ അടിസ്ഥാനത്തിലാവണം. പലപ്പോഴും വൈകാരികതയ്‌ക്ക്‌ പ്രാധാന്യമുണ്ടാകുന്നിടത്ത്‌ യുക്തിബോധത്തിനു പിടിച്ചുനില്‌ക്കാന്‍ പറ്റാതാവുന്നു. അനുഷ്‌ഠാനങ്ങളെ പിന്‍പറ്റി നില്‌ക്കുന്ന പലതിനും ശാസ്‌ത്രീയവിശദീകരണങ്ങള്‍ നല്‌കാനാവാത്തത്‌ അതുകൊണ്ടാണ്‌. പൂജയ്‌ക്കു മുമ്പ്‌ പൂച്ചയെ കൊട്ടയില്‍ അടച്ചിടുന്ന പൂജാരിയുടെ കഥ കേട്ടിട്ടുണ്ടല്ലോ. അച്ഛന്‍ പൂജാരി ചെയ്യുന്നതുപോലെ പൂച്ചയെ കൊട്ടയ്‌ക്കടിയില്‍ പിടിച്ചിടുന്ന ഏര്‍പ്പാട്‌ മകനും തുടങ്ങി. പൂജാസാധനങ്ങളുടെ ലിസ്റ്റില്‍ പൂച്ചയും കൊട്ടയും കൂടി ഇടംപിടിച്ചു. ഓരോ തവണ പൂജ ചെയ്യുമ്പോഴും അതിനു മുന്നേ തന്നെ പൂച്ചയെ കൊട്ടയ്‌ക്കടിയില്‍ സൂക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്‌. അച്ഛന്‍ ഇതു ചെയ്‌തിരുന്നതിനു കാരണം പൂജാസാധനങ്ങള്‍ പൂച്ച എപ്പോഴും തട്ടി മറിച്ചിടുന്നു എന്നതായിരുന്നു എന്നു ഗ്രഹിക്കാതെ ചെയ്‌തുപോന്നവയെ അന്ധമായി അനുകരിക്കുകയായിരുന്നു മകന്‍. പല സമ്പ്രദായങ്ങളുടെയും പിന്നില്‍ ഇത്തരം കഥകള്‍ കേള്‍ക്കാറുണ്ട്‌. ഒരനുഷ്‌ഠാനമെന്നതിലുപരിയായി പ്രായോഗികമായ കാരണമാണ്‌ ക്രിസ്‌ത്യാനികള്‍ മെഴുകുതിരി കത്തിക്കുന്നതിനു പിന്നിലുള്ളതെന്നു ചരിത്രം പറയുന്നു. എങ്കിലും പിന്നീട്‌ മെഴുകുതിരിയെ പ്രതീകവല്‌ക്കരിക്കുകയും അത്‌ യേശുദേവനെ ലോകത്തിന്റെ പ്രകാശമായി കാണുന്നതിനു വേണ്ടിയുള്ള അടയാളമായി വാഴ്‌ത്തപ്പെടുകയും ചെയ്‌തു. കളിമണ്ണുകൊണ്ടുണ്ടാക്കിയ മെഴുകുതിരിക്കാലുകള്‍ ബിസി നാലാം നൂറ്റാണ്ടില്‍ത്തന്നെ ഉപയോഗിച്ചിരുന്നതിനുള്ള തെളിവുകള്‍ ഈജിപ്‌തിലുണ്ട്‌. എങ്കിലും ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നതിനും ഒളിവില്‍ പ്രാര്‍ത്ഥിക്കുന്നതിനുമാണത്രേ മെഴുകുതിരികള്‍ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. അതൊരു അനുഷ്‌ഠാനമായിത്തീരുമ്പോള്‍ അതിനു സാംഗത്യമേകുന്ന പ്രതീകാത്മകത മനുഷ്യന്‍ കൂട്ടിച്ചേര്‍ക്കുകയാണ്‌.
യുക്തിബോധത്തിന്റെയും ആധുനികസാങ്കേതികവിദ്യകളുടെയും വികാസം നേരത്തേയുണ്ടായിരുന്ന പല വിശ്വാസങ്ങളുടെയും അടിത്തറയിളക്കിയിട്ടുണ്ട്‌. മാത്രമല്ല, പലതിനും ഉപയോഗമില്ലാതെയും വന്നു. കുടുംബജീവിതവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും പുതിയ കാലത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായി പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാന്‍ പ്രയാസമില്ല. വയറുകാണല്‍ച്ചടങ്ങില്‍ വ്യാപകമായി നല്‌കപ്പെടുന്ന പലഹാരവും മറ്റും പോഷകാഹാരത്തിന്റെ ആവശ്യകതയെയാണു കാണിക്കുന്നതെന്നും ആഹാരത്തിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന കാലത്തുണ്ടായിരുന്ന പ്രസക്തി ഇന്നതിനില്ലാതായിരിക്കുന്നുവെന്നും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. എന്നിട്ടും ശാസ്‌ത്രീയയുക്തികള്‍ക്കിടയില്‍ വിശ്വാസങ്ങള്‍ തിരുകിക്കയറ്റുന്ന പ്രവണതയ്‌ക്കു മാറ്റമുണ്ടായിട്ടില്ല. പുരാവൃത്തങ്ങളെ സംബന്ധിച്ചിടത്തോളം ഭൗതികാവശ്യങ്ങളുടെ നിറവേറ്റലുകളും അജ്‌ഞാതകാരണങ്ങളോടുള്ള ഭയവും ഘടകങ്ങളായി കാണണം. കാലഘട്ടത്തിനനുസൃതമായി അവയ്‌ക്കുണ്ടാവേണ്ട മാറ്റങ്ങള്‍ അറിയുകയും വേണം.
ഓരോ വിഭാഗത്തിലും വര്‍ഗ്ഗങ്ങളിലും പുരാവൃത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നാടോടി പുരാവൃത്തമെന്നും ഉപരിവര്‍ഗ്ഗപുരാവൃത്തമെന്നും ആദിവാസിപുരാവൃത്തമെന്നും മറ്റും ഇവയെ തരംതിരിച്ചു കാണാന്‍ കഴിയും. ഇവയോരോന്നും രൂപപ്പെട്ടതിനു പിന്നിലുണ്ടായ കാരണങ്ങളും വ്യത്യസ്‌തമാണ്‌. പലതരത്തിലുള്ള അനുകരണങ്ങളും കാണാന്‍ കഴിയുമെങ്കിലും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രയോഗവിശേഷങ്ങളാണ്‌ ഓരോന്നിലും കണ്ടെത്താന്‍ കഴിയുക.
പരിസ്ഥിതി സങ്കല്‌പവുമായി ബന്ധപ്പെട്ട സാധ്യതകളെയാണ്‌ ഇവിടെ ഇനി വിശകലനം ചെയ്യേണ്ടത്‌. ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ചുവെന്ന പ്രയോഗംതന്നെ നോക്കുക. രണ്ടിനും കേടുപറ്റാതെ സസൂക്ഷ്‌മം കൈകാര്യം ചെയ്യേണ്ട ഒരു പ്രകൃതിബോധത്തിനുമാത്രമേ അത്തരത്തിലൊരു പ്രയോഗം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതസന്ദര്‍ഭങ്ങളേയോ പ്രശ്‌നങ്ങളേയോ ഇവ പ്രതിനിധാനം ചെയ്യുന്നുവെന്നിരിക്കിലും അവയെ കൂട്ടിച്ചേര്‍ക്കുന്നതിനു പൂര്‍ണ്ണമായും പ്രകൃതിയോടു ബന്ധപ്പെട്ട കാഴ്‌ചപ്പാടാണ്‌ ഉപയോഗിക്കുന്നത്‌. അഞ്ചാമാണ്ടില്‍ തേങ്ങ; പത്താമാണ്ടില്‍ പാക്ക്‌ (തെങ്ങിന്റെയും കമുകിന്റെയും കൃഷി), അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം (ഞാറു നടല്‍), അമരത്തടത്തില്‍ തവള കരയും (അമരത്തടത്തില്‍ വെള്ളം കെട്ടിനില്‌ക്കുന്നത്‌ നല്ലത്‌), അമരയും അപവാദവും കുറച്ചുമതി (പടര്‍ന്നു പിടിക്കല്‍), അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും (അശ്വതി ഞാറ്റുവേലയില്‍ വിത്തു വിതയ്‌ക്കാനും ഭരണിപ്പാത്രത്തില്‍ മാങ്ങയിടാനും നല്ലത്‌), ആദി പാതി പീറ്റ (ആദ്യമായി കായ്‌ച്ച പ്ലാവ്‌, പകുതി വളര്‍ന്ന തെങ്ങ്‌, ഏറ്റവും പ്രായം കൂടിയ കവുങ്ങ്‌ എന്നിവയുടെ വിത്താണു പാകേണ്ടത്‌), ഇല തൊടാഞ്ഞാല്‍ കുല മലയ്‌ക്കു മുട്ടും (വാഴക്കൃഷി - ഇലകള്‍ തമ്മില്‍ മുട്ടാത്ത അകലത്തില്‍ വേണം നടാന്‍), കമുകു നട്ടു കാടാക്കുകയും തെങ്ങു നട്ടു നാടാക്കുകയും (കമുക്‌ അടുപ്പിച്ചു നടണം, തെങ്ങ്‌ അകലത്തിലും), കയ്‌പ്പ നനയ്‌ക്കാന്‍ കള്ളനെ നിര്‍ത്തണം (കയ്‌പക്കൃഷിക്ക്‌ വെള്ളം അധികം വേണ്ട), കുംഭത്തില്‍ നട്ടാല്‍ കുടത്തോളം മീനത്തിലായാല്‍ മീന്‍ കണ്ണിനോളം (ചേന), --- താന്ന കണ്ടത്തില്‍ എഴുന്ന വിളവ്‌ (വെള്ളം അധികമുണ്ടെങ്കില്‍ കൂടുതല്‍ വിളവുണ്ടാകും. വിനയശാലികള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകുമെന്ന്‌ വ്യംഗ്യം.), നല്ല തെങ്ങിനു നാല്‌പതു മടല്‌ (നല്ലതു തേങ്ങയാണെങ്കിലും മടലും ഉണ്ടായിരിക്കും. നല്ലവര്‍ക്ക്‌ ചില ചീത്ത സ്വഭാവങ്ങളും ഉണ്ടായേക്കാം)
കടങ്കഥകളില്‍ക്കാണുന്ന പ്രത്യേകതകള്‍ നോക്കുക. അവ പ്രകൃതിയുമായി ചേര്‍ന്നു നില്‌ക്കുന്നവയാണ്‌. അച്ചെടിക്കൊമ്പത്തൊരു കുടം ചോര (ചെമ്പരത്തിപ്പൂവ്‌), അക്കരെ വിളയില്‍ തേക്കേത്തൊടിയില്‍ ചക്കര കൊണ്ടൊരു തൂണ്‌; തൂണിനകത്തൊരു നൂല്‌; നൂലു വലിച്ചാല്‍ തേന്‌ (തെച്ചിപ്പൂവ്‌), കാണാത്തവന്‍ കൊള്ളുമ്പോള്‍ കൊണ്ടവര്‍ക്കൊക്കെ ആനന്ദം (കാറ്റ്‌), ഒട്ടും വിലയില്ലാത്തതൊട്ടേറെ വിലയുള്ളതെല്ലാര്‍ക്കും ചത്താലും വേണ്ടതത്രേ (മണ്ണ്‌), മലയില്‍ വാഴനട്ടു കടലില്‍ വേരിറങ്ങി (സൂര്യന്‍), തിരിതെറുത്ത്‌ തിരിക്കകത്ത്‌ മുട്ടയിട്ടു (പയറ്‌) ---- ഈ രീതിയില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ പുരാവൃത്തങ്ങളുടെ സൃഷ്‌ടിപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സഹായകമായിട്ടുണ്ടെന്ന്‌ നമ്മുടെ അനുഷ്‌ഠാനരീതികളും പ്രയോഗവിശേഷങ്ങളും നോക്കിയാല്‍ത്തന്നെ തിരിച്ചറിയാനാകും. അതുകൊണ്ടുതന്നെയാണ്‌ കൃഷിരീതി മാറിയാല്‍ സമൂഹവും മാറുമെന്നു പറയുന്നതും. കൃഷിയിലൂടെയാണ്‌ ബുദ്ധിപരമായ വികാസം ആരംഭിക്കുന്നത്‌. കൃഷി ചെയ്യുന്നതിനു യോജിച്ച മണ്ണു കണ്ടെത്തുന്നതിനും കാലാവസ്ഥ മനസ്സിലാക്കുന്നിതിനും ഉപയോഗിച്ച ബുദ്ധി പ്രകൃതി നിയമങ്ങള്‍ക്കനുസൃതമായി വികസിക്കുകയാണു ചെയ്‌തിട്ടുള്ളത്‌. അതിനു സഹായകമായ രീതിയിലാണ്‌ പുരാവൃത്തങ്ങളിലെ പ്രകൃതിപാഠം വളര്‍ന്നിട്ടുള്ളതും.
മണ്ണുമായുള്ള ബന്ധത്തിലൂടെ ചുറ്റുപാടിനെയും ജീവജാലങ്ങളെയും മനസ്സിലാക്കുന്നു. വേണ്ടതു വേണ്ട രീതിയില്‍ ചെയ്യാന്‍ സഹായകമായ രീതിയില്‍ കാലങ്ങളിലൂടെ സമ്പ്രദായങ്ങള്‍ കൈമാറുന്നു. ജൈവികതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കുന്നതിനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും സഹായിക്കുന്നവയെ കണ്ടെത്തുന്നു. ഓണവും വിഷുവും തിരുവാതിരയും തുടങ്ങി ആഘോഷങ്ങളെല്ലാംതന്നെ ഇത്തരം കൃഷിസമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത പുരാവൃത്തങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്‌. അത്തത്തിനു വിതച്ചാല്‍ പത്തായം പത്തുവേണമെന്നും അത്തവെള്ളം പിത്തവെള്ളമാണെന്നും പറയുന്നത്‌ ഓണവുമായി ബന്ധപ്പെട്ടു തന്നെയത്രേ. ഇവയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്‌ സദ്യയും ഭക്ഷണവുമെല്ലാം ക്രമീകരിക്കപ്പെടുന്നതും. ക്രമേണ എന്തിനുവേണ്ടിയെന്നറിയാത്ത ആഘോഷത്തിമര്‍പ്പോ, ഡിസ്‌കൗണ്ട്‌ സെയിലോ ഒക്കെയായി മാറുകയാണിവ.
കേരളത്തിലെ പ്രാചീനകാലജനകീയകലകളില്‍ ഏതെടുത്താലും അതിന്‌ ഇത്തരത്തില്‍ നാടുമായി ബന്ധപ്പെട്ട ഒട്ടേറെ സവിശേഷതകള്‍ കണ്ടെത്താനാവും. മഹാബലിയെ സംബന്ധിച്ച്‌ അനേകം കഥകള്‍ നാടോടിസാഹിത്യത്തിലുണ്ട്‌. അവയെല്ലാംതന്നെ നല്ലവനായ ഭരണാധികാരിയെ അന്യായമായി ഇല്ലാതാക്കിയതിനെക്കുറിച്ചാണു പറയുന്നത്‌. മനുഷ്യകഥാനുഗാഥകളെന്നു പറയാവുന്ന ഇവ എല്ലാത്തിനേയും അതേപടി കാണുകയും അറിയാത്തവയെ അത്ഭുതാദരങ്ങളോടെ നോക്കിക്കാണുകയും ചെയ്യുന്നവയാണ്‌. സ്വന്തം ജീവിതത്തോടും മണ്ണിനോടും ചേര്‍ന്നു നിന്നാണിവയോരോന്നും പാടിയിരുന്നതും.
ഒരു പ്രത്യേക ജനവിഭാഗത്തിന്റെ അറിവ്‌, ആചാരം, വിശ്വാസം, അനുഷ്‌ഠാനങ്ങള്‍, സാമൂഹിജീവിതം തുടങ്ങിയവയുടെ ആകെത്തുകയായിട്ടാണ്‌ സംസ്‌കാരത്തെ കാണുന്നത്‌. ഒരു സാംസ്‌കാരിക രാഷ്‌ട്രീയം രൂപീകരിക്കപ്പെടുന്നത്‌ വിശദമായ നിരീക്ഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാണെന്നു പറയാം. ഭാഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും നമ്മുടേതായ അനുഭവലോകം നാമെങ്ങനെ രൂപീകരിക്കുന്നു എന്നതിന്റെ സൈദ്ധാന്തികവിശദീകരണമാണ്‌ രാഷ്‌ട്രീയം എന്ന പ്രയോഗം. (സംസ്‌കാരത്തിന്റെ രാഷ്‌ട്രീയം പുറം 12, പി.പി.രവീന്ദ്രന്‍) ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥകളും വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്‌ഠാനങ്ങളും പ്രത്യയശാസ്‌ത്രപ്രയോഗങ്ങളും ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമടങ്ങിയ സമഗ്രമായ ജീവിതശൈലിയാണ്‌ സംസ്‌കാരമെങ്കില്‍ പലതരത്തിലുള്ള സംസ്‌കാരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള മത്സരങ്ങളും. (14, പി.പി.രവീന്ദ്രന്‍). സമഗ്രമായ ജീവിതശൈലിയെന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്താണ്‌? തുടക്കത്തില്‍ സൂചിപ്പിച്ച സമൂഹവുമായി ചേര്‍ന്നു നില്‌ക്കുന്ന വ്യക്തകേന്ദ്രിതമായ മൂല്യവ്യവസ്ഥയാണത്‌. അവിടെയാണ്‌ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുള്ളതും. രാഷ്‌ട്രമെന്ന വ്യവഹാരത്തില്‍ പറഞ്ഞുറപ്പിച്ചുവെച്ച ചരിത്രബോധവും പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെടുമ്പോള്‍ അധികാരവ്യവസ്ഥയ്‌ക്കു വിറളിപിടിക്കുന്നതും അതുകൊണ്ടാണ്‌. നിലനില്‍ക്കുന്ന ചരിത്രത്തിനനുസൃതമായി രൂപീകരിച്ചിട്ടുള്ള വ്യവസ്ഥയെ മാറ്റിയെടുക്കുകയാണെങ്കില്‍ അതു പലതരത്തിലും വിള്ളലുകള്‍ ഉണ്ടാക്കുമെന്നതുകൊണ്ട്‌ പല തുറന്നുപറച്ചിലുകളും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഒരു സിദ്ധാന്തവും വിമര്‍ശനാതീതമല്ല. അതിലെ വസ്‌തുനിഷ്‌ഠതയെ മാത്രമാണ്‌ പരിഗണിക്കേണ്ടത്‌. കൃത്യമായ മറുപടി നല്‌കാനാവുമെങ്കില്‍ വിമര്‍ശകന്‍ പിന്‍മാറുകയും ചെയ്യും. അതിനുപകരം വിമര്‍ശനാതീതമായ വ്യക്തിത്വമാണ്‌ പലതുമെന്നു പറയുകയും അതിനെതിരെ വാളോങ്ങുകയും ചെയ്യുന്നിടത്താണ്‌ സാംസ്‌കാരികമൂലധനത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുണ്ടാകുന്നത്‌. പുരാവൃത്തങ്ങളില്‍ പ്രബലമായ ഓണത്തെക്കുറിച്ചുള്ള കഥ തന്നെ നോക്കുക. മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയ വിഷ്‌ണുവിന്റെ അവതാരമാണ്‌ വാമനന്‍. ബലിയുടെ ഭരണനൈപുണിയത്രേ പ്രശ്‌നമായത്‌. കള്ളവുമില്ല, ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നുറപ്പിച്ചു പറയാനാവുന്ന ഒരു കാലത്തെ സ്വപ്‌നം കാണുകയും അതു സാധ്യമല്ലാതിരിക്കുമ്പോള്‍ അതുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്നതിനും ദൈവങ്ങള്‍ പോലും അതിനെതിരായിരുന്നു എന്നു ന്യായീകരിക്കുന്നതിനുമുള്ള ശ്രമമായിട്ടാണ്‌ അതിനെ കാണേണ്ടത്‌. അല്ലെങ്കില്‍ കാണം വിറ്റും ഓണമുണ്ണേണ്ടിവരില്ലായിരുന്നു. അസാധ്യമായതിനെ സങ്കല്‌പിക്കാനും ആനന്ദിക്കാനുമുള്ള മനസ്സിന്റെ ശ്രമം തന്നെയാണത്‌. അതുകൊണ്ടുതന്നെയാണ്‌ കൊയ്‌ത്തില്ലെങ്കിലും പുത്തരിയുണ്ടാകുന്നത്‌. പുത്തരി ഒരു പ്രയോഗം മാത്രമായിത്തീരുന്നതും.
കര്‍ഷകജനതയുടെ അധ്വാനത്തെ ഉത്സവമാക്കി മാറ്റുകയും ഉത്സവത്തെ അധ്വാനത്തിനുള്ള പ്രേരകമാക്കുകയും ചെയ്യുന്ന കാര്‍ഷികോത്സവമാണ്‌ ഓണം. കാര്‍ഷികോത്സവത്തിന്‌ ഏറ്റവും അനുയോജ്യമായ കാലമത്രേ ഓണസമയം. ഇന്നു കാലാവസ്ഥയിലുണ്ടായിട്ടുള്ള വ്യതിയാനങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ടാണ്‌ ഇതന്വേഷിക്കേണ്ടത്‌. കാര്‍ഷികോത്സവമെന്ന നിലയില്‍ ഓണത്തെക്കാണിക്കുന്നതാണ്‌ മാവേലി നാടു വാണീടും കാലം എന്ന പാട്ടിലെ വരികള്‍. ആധികള്‍ വ്യാധികളൊന്നുമില്ല / ബാലമരണങ്ങള്‍ കേള്‍പ്പാനില്ല / പത്തായിരമാണ്ടിരിപ്പുമുണ്ട്‌ / പത്തായമെല്ലാം നിറവതുണ്ട്‌ / എല്ലാ കൃഷികളുമൊന്നുപോലെ / നെല്ലിന്നു നൂറു വിളവതുണ്ട്‌ / ... ... കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം/ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല/ നല്ല മഴപെയ്യും വേണ്ടനേരം നല്ല പോലെല്ലാ വിളവും ചേരും - എന്നിങ്ങനെയാണ്‌ അതവസാനിക്കുന്നത്‌. കൃഷിയുമായി ബന്ധപ്പെട്ടു തന്നെയാണ്‌ ഇത്‌ ആചരിക്കുന്നതെന്നതില്‍ തര്‍ക്കമേയില്ല. കള്ളപ്പറയും ചെറുനാഴിയും ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണ്‌ അതില്ല എന്നു പറയാനാവുന്നതെന്ന ഒരു തര്‍ക്കശാസ്‌ത്രം കൂടി ഇവിടെ വര്‍ത്തിക്കുന്നുണ്ട്‌. രാഷ്‌ട്രപുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബൗദ്ധികതലമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നതും. ഓണവുമായി ബന്ധപ്പെട്ട പുരാവൃത്തം സൗകര്യാനുസരണം വ്യാഖ്യാനിക്കപ്പെടുക മാത്രമായിരുന്നു പിന്നീട്‌.
അതായത്‌ പുരാവൃത്തങ്ങളെ സൗകര്യാനുസരണം വ്യാഖ്യാനിക്കുകയും അവയ്‌ക്കനുസൃതമായി സാംസ്‌കാരികമൂലധനത്തെ ഉപയോഗിക്കാനുമുള്ള ശ്രമമാണ്‌ സമകാലികലോകത്ത്‌ നടന്നുകൊണ്ടിരിക്കുന്നതെന്നു പറയുന്നതില്‍ സംശയിക്കേണ്ടതില്ല. ആധുനികസാങ്കേതികവിദ്യകളുടെ വികാസത്തോടെ നേടിയെടുത്ത വിദ്യകളുടെ വെളിച്ചത്തില്‍ ഉപയോഗം നഷ്‌ടപ്പെട്ടുപോകുന്ന പലതിനെയും തിരിച്ചുപിടിക്കാനുള്ള ശ്രമമായിട്ടാണ്‌, കച്ചവടതന്ത്രങ്ങളായിട്ടാണ്‌ പലതും പഠിക്കപ്പെടുന്നതും. അതല്ലാതെ ഓരോന്നിനെയും അവയുടെ കാലത്തിന്റെയും രീതികളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാനും പകര്‍ന്നുകൊടുക്കാനുമുള്ള ശ്രമമാവണം ഉണ്ടാകേണ്ടത്‌.

No comments: