Saturday, December 19, 2015

ബൗദ്ധികസ്‌നാനം ചെയ്യിച്ച സ്‌നാപകൻ

           
ലങ്കാലക്ഷ്മി എന്ന പ്രസിദ്ധമായ നാടകത്തിൽ രാവണൻ പറയുന്നുണ്ട് - (ഇന്ദ്രജിത്തിനെ സമീപിച്ച്) 'മകനേ! രാവണൻ ഒരല്പായുസ്സിൽ അറ്റുപോകുന്ന പൂമ്പാറ്റയല്ല. രാവണൻ പരമ്പരയാണ്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണ്. ഹേതിപുത്രൻ, വിദ്യുൽകേശൻ, തൽപുത്രൻ, സുകേശൻ, സുകേശന്റെ പുത്രൻ സുമാലി, സുമാലിയുടെ പൗത്രൻ രാവണൻ, രാവണന്റെ പുത്രൻ മേഘനാദൻ...'
          ഇതിഹാസങ്ങൾ വ്യക്തിത്വത്തെ പ്രത്യേക അടരുകളിൽ സൂക്ഷിക്കുന്നവയാണ്. പുനർവായനകളുടെ അർത്ഥവ്യാപ്തികളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവയാണ്. ബൗദ്ധികശീലങ്ങളിലേക്ക് പുതുമയുടെ പ്രകാശം ചൊരിയുന്നവയാണ്. അവയെ തിരിച്ചറിയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നവർ വരുംകാലത്തിനും വരുംകുലത്തിനും പുതുസന്ദേശങ്ങൾ നൽകുന്നവരുമാണ്. രാക്ഷസകുലത്തെ സംബന്ധിച്ചു മാത്രമല്ല, മനുഷ്യകുലത്തെ സംബന്ധിച്ചും രാവണന്റെ പരാമർശം പ്രസക്തമാണ്.
മനുഷ്യസംസ്‌കാരം തലമുറകളിൽനിന്നു തലമുറകളിലേക്കു പകരുന്നതും തുടർക്കണ്ണികളെ രേഖപ്പെടുത്തി വെയ്ക്കുന്നതുമായ ഒന്നാണ്. ഏതവസ്ഥയിലും വ്യക്തിയെ മനുഷ്യസ്വരൂപമായും, മനുഷ്യസ്വരൂപങ്ങളുടെ സമൂഹമായും സമൂഹത്തെ ലോകബോധമായും പരിവർത്തിപ്പിക്കാൻ മനുഷ്യനു കഴിയും. അതുകൊണ്ടാണ് പരിസ്ഥിതിയെക്കുറിച്ച് മനുഷ്യൻ ആകുലപ്പെടുന്നത്. പരിസ്ഥിതിപ്രശ്‌നങ്ങളിൽ പലപ്പോഴും ഇടപെടുന്നത്.
          ഇത്തരമൊരു ലോകബോധത്തിന്റെ തുടർപ്രക്രിയയെന്നോണമാണ് എഴുത്തും കടന്നുവരുന്നത്. എഴുത്തിനെ ഒരു രാഷ്ട്രീയപ്രക്രിയയെന്ന നിലയിൽ സമീപിക്കുമ്പോൾ, അത് ഇടപെടുന്ന മേഖലകളുടെ വൈവിദ്ധ്യം അജ്ഞേയവും അപരിമേയവുമാണെന്നു പറയാം. വാക്കുകൾ വരികളിലേക്കും വരികൾ അർത്ഥസാമ്രാജ്യങ്ങളിലേക്കും വായനക്കാരെ നയിക്കുകയാണ്. എഴുത്തെന്ന പ്രക്രിയയെ അതിന്റെ ശബ്ദവിനിമയത്തിലുപരി അതിലെ നിശ്ശബ്ദതകളുടെ ആകെത്തുക കൊണ്ട് ഹരിച്ചെടുത്താൽ കിട്ടുന്ന ഒന്ന്. ഇന്നലെയും ഇന്നും നാളെയും ഉള്ളതാണെന്നു രാവണൻ പ്രഖ്യാപിച്ച എഴുത്തിന്റെ മൂല്യമാണത്. ഈ മൂല്യത്തെ വിലയിരുത്തുകയും അതിലെ മറ്റു തലങ്ങളെ തികഞ്ഞ ഔത്സുക്യത്തോടെ സമീപിക്കുകയും അടയാളപ്പെടുത്തുകയുമാണ് വിമർശകനും ചെയ്യേണ്ടത്. വിമർശകപാഠം ഇവിടെനിന്നാരംഭിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യമീമാംസകളിൽ നിന്നു മാത്രമല്ല, സമകാലിക രാഷ്ട്രീയ-സാമ്പത്തിക വിശകലനത്തിൽനിന്നും ചരിത്രബോധത്തിൽനിന്നും മറ്റും രൂപപ്പെടുത്തിയ തീവ്രമായ അഭിനിവേശങ്ങളെ ഉരകല്ലെന്നോണം സ്വീകരിക്കുകയും എഴുതപ്പെടുന്നതിനെ വിശകലനവിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വിമർശകനെ സംബന്ധിച്ചിടത്തോളം എഴുത്തിന്റെ രാഷ്ട്രീയത്തിലുള്ളത്. 
          ഇത്തരമൊരു പ്രക്രിയയെ മറ്റെല്ലാ ചിന്തകളിൽ നിന്നും വിടുതൽചെയ്ത് രോഗാവസ്ഥയെന്ന ജൈവപ്രക്രിയയാക്കി പരിവർത്തിപ്പിക്കാൻ കഴിയുന്നിടത്താണ് കെ.പി.അപ്പനെന്ന എഴുത്തുകാരൻ വേറിട്ട അനുഭവമായിത്തീരുന്നത്. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, സമയപ്രവാഹവും സാഹിത്യകലയുംകലഹവും ഭാവനയും, വിവേകശാലിയായ വായനക്കാരാ, പേനയുടെ സമരമുഖങ്ങൾ, വരകളും വർണ്ണങ്ങളും, മലയാളഭാവന: മൂല്യങ്ങളും സംഘർഷങ്ങളും, ബൈബിൾ: വെളിച്ചത്തിന്റെ കവചം, കലാപം വിവാദം വിലയിരുത്തൽ, കഥ: ആഖ്യാനവും അനുഭവസത്തയുംഉത്തരാധുനികത: വർത്തമാനവും വംശാവലിയും, ഇന്നലെകളിലെ അന്വേഷണപരിശോധനകൾ മുതലായ കൃതികളിൽനിന്നു വ്യത്യസ്തമായ മറ്റൊരു മേഖലയിലേക്കു സാഹിത്യഭാവനയെ തിരിച്ചുവിടുകയും അതേപ്പറ്റി ഇതേവരെയുണ്ടായിട്ടുള്ള നിരീക്ഷണങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടുകയുമാണ് രോഗവും സാഹിത്യഭാവനയും എന്ന കൃതിയിലൂടെ അപ്പൻ ചെയ്യുന്നത്.
          മരണത്തെ അടുത്തറിയുന്ന അവധൂതരുടെ സമാധികൾ മനസ്സിൽ നിറഞ്ഞുതെളിയിക്കുന്ന ലോകബോധമായിരുന്നില്ല അത്. മരണാവസ്ഥയെ ഗുപ്തമായ ഒന്നായി എഴുത്തിലവശേഷിപ്പിക്കുകയും കാലം പിന്നീടതു തിരിച്ചറിയുകയും ചെയ്യുന്നതിന്റെ രേഖ ചമയ്ക്കലായിരുന്നു അത്. എഴുത്തിലെ വേറിട്ട വഴികളിലേക്കും വേർപെട്ട നോട്ടങ്ങളിലേക്കും നിരൂപകശ്രദ്ധയെ ഉണർത്തിവിടുന്നതിനുള്ള ശ്രമം കൂടിയായിരുന്നു അത്. തെറ്റും ശരിയും, കുറ്റവും ശിക്ഷയും പോലെയുള്ള ഭാവനാത്മകമായ സാഹിത്യ ദ്വന്ദ്വസങ്കല്പനങ്ങളെ നിഷേധിക്കുകയും യഥാർത്ഥജീവിതത്തിലേക്കു തിരിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളെ കാണുന്നതിനുള്ള മനസ്സായിരുന്നു അത്. ഇതുതന്നെയാണ് അപ്പന്റെ മാനവികദർശനങ്ങളിലുമുള്ളത്. അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ച കൃതി ബൈബിളായിരുന്നു. ചാത്തനൂർ മോഹൻ നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ രേഖപ്പെടുത്തിക്കാണുന്നു. 'എന്റെ ദീർഘമായ ആന്തരികയാത്രയ്ക്കുള്ള തൂക്കുസഞ്ചിയാണ് ബൈബിൾ. ബൈബിളിലൂടെ ഞാൻ ഹൃദയം കൊണ്ടു സഞ്ചരിച്ചപ്പോൾ ക്രിസ്തുവിന്റെ കണ്ണുകളിലൂടെയും കരളിലൂടെയും കടന്ന് ലോകസാഹിത്യത്തെ പുനർവായനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞു. സവിശേഷപാരായണത്തിലൂടെ എനിക്കു വല്ലാത്ത ആത്മീയവെളിച്ചമാണു വീണുകിട്ടിയത്. അത് ഈ ലോകത്തിന്റെ തന്നെ വെളിച്ചമായിരുന്നു. ടോൾസ്റ്റോയിയിൽ നിന്നും ഡോസ്റ്റോവ്‌സ്‌കിയിൽനിന്നുമാണ് എനിക്കു ബൗദ്ധികസ്‌നാനം കിട്ടിയിട്ടുള്ളത്.  പള്ളിമതത്തെ അവഗണിച്ചുകൊണ്ട് ജീസസിനെയും ബൈബിളിനെയും അവർ സ്‌നേഹിച്ചു. ആ വലിയ പാരമ്പര്യത്തിൽ നിന്നുകൊണ്ടാണ് ക്രൈസ്തവമാനവികതയെ ഞാൻ മനസ്സിലാക്കിയത്.' ബൈബിൾ: വെളിച്ചത്തിന്റെ കവചം, മധുരം നിന്റെ ജീവിതം തുടങ്ങിയ പുസ്തകങ്ങൾ അപ്പന്റെ മേൽപ്പറഞ്ഞതരം നിരീക്ഷണങ്ങളുടെ സാക്ഷ്യപത്രമാണ്.
          കൃതികൾ മനുഷ്യകഥാനുഗായികളായതിനാൽ അവ മനുഷ്യനെയറിയുന്നു. മാനവികതയെന്തെന്നു വിളംബനം ചെയ്യുന്നു. വ്യക്തിയുമായി ചേർന്നുനില്ക്കുന്ന ഓരോന്നിനെയും തിരിച്ചറിവുകളായി കാണാനും അവയെ ബിംബവത്കരിക്കാനും ശ്രമിക്കുന്ന പലതും ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു അന്വേഷണമാണ് രോഗവും സാഹിത്യഭാവനയും എന്ന പുസ്തകത്തിലേക്കെത്തിക്കുന്നത്.  രോഗാവസ്ഥയെ എഴുത്തുകാർ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലോടെ തുടങ്ങുന്ന പുസ്തകം വ്യക്തിഭാവനയെ വിലയിരുത്താൻ സഹായിക്കുന്ന രോഗാവസ്ഥകളുടെ ഓർമ്മപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ചെന്നെത്തുന്നത്. സാഹിത്യപ്രസ്ഥാനങ്ങൾക്ക് സാംസ്‌കാരികസവിശേഷതകളുടെ പുതുപാഠനിർമ്മിതിയായിത്തീരുന്ന രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുന്നതിൽ അപ്പൻ പുലർത്തിയിട്ടുള്ള വൈശദ്യം ശ്രദ്ധേയമാണ്. 'ക്ലാസിസിസം വിമർശനപാഠങ്ങളിൽ സംയമനത്തിന്റെ പ്രസ്ഥാനമാണ്. അഭിജാത ഗൗരവത്തിന്റെ സംസ്‌കാരമാണ് ക്ലാസിക്കൽ സാഹിത്യത്തിനുള്ളത്. അത് വ്യവസ്ഥയുടെയും സൗന്ദര്യത്തിന്റെയും സാംസ്‌കാരിക നിർമ്മിതികളാണ്. ക്ലാസിക്കൽ സാഹിത്യത്തിൽ കുഷ്ഠരോഗം പ്രമേയമായിരുന്നു. ശരീരത്തിന്റെ ആദിപ്രകൃതിയായ രോഗമായിരുന്നു കുഷ്ഠം. ശീലാവതിയുടെ ഭർത്താവായ ഉഗ്രശ്രവസ്സിന് കുഷ്ഠരോഗമായിരുന്നു. കുഷ്ഠരോഗത്തെ പ്രമേയമാക്കിക്കൊണ്ടാണ് ശീലാവതിയുടെ പാതിവ്രത്യം കലയുടെ രൂപത്തിൽ നിർവ്വചിക്കപ്പെടുന്നത്. അസര്യാ രാജാവിന് കുഷ്ഠരോഗമായിരുന്നു എന്നു ബൈബിൾ പറയുന്നു.' ഇങ്ങനെ പോകുന്നു ആ നിരീക്ഷണം. ഇവിടെ കൃതികളിലെയും പ്രസ്ഥാനങ്ങളിലേയും രോഗപരാമർശങ്ങളെ കണ്ടെത്തുകയും പരാമർശിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ മറ്റൊരിടത്ത്, 'ക്ലാസിക്കുകളിൽ കുഷ്ഠരോഗം മാത്രമല്ല ക്ഷയരോഗവുമുണ്ടായിരുന്നു. മഹാഭാരതത്തിലെ വിചിത്രവീരന് ക്ഷയരോഗമായിരുന്നു. എന്നാൽ ക്ഷയരോഗം അഗാധവും വ്യാപകവുമായ സ്വാധീനമായിത്തീരുന്നത് കാല്പനിക സാഹിത്യത്തിലാണ്. ഷില്ലർ, നോവാലീസ്, എമിലി ബ്രോണ്ടി, കാതറൈൻ, മാൻസ് ഫീൽഡ്, കീറ്റ്‌സ്, ചങ്ങമ്പുഴ, ചെഖോവ്, ഴീദ്, കഫ്ക, ഓർവെൽ എന്നിങ്ങനെ പലരും ക്ഷയരോഗികളായിരുന്നു. ഇവരിൽ ചിലർ തികവുറ്റ രീതിയിൽ കാല്പനികമനസ്സുള്ളവരായിരുന്നില്ല. എന്നാൽ ഇവർ പൊതുവേ അതിരുകടന്ന വൈകാരികതയും ആത്മനിന്ദയും രോഗതുല്യം വ്യക്തിയെ അലട്ടുന്ന ഏകാന്തതയും അനുഭവിച്ചവരായിരുന്നു. ഇതെല്ലാം ക്ഷയരോഗം സൃഷ്ടിക്കുന്ന വൈകാരിക അസുഖങ്ങളെ ഓർമ്മിപ്പിക്കുന്നു.' കൃതിയെ മാത്രം വായിക്കുന്നതിലുപരിയായി വ്യക്തിജീവിതത്തെക്കൂടി നിരീക്ഷണവിധേയമാക്കുകയും അവ പ്രകടിപ്പിക്കുന്ന പ്രത്യേകതകളെ, ശാരീരിക-മാനസികാവസ്ഥകളോടു കൂട്ടിച്ചേർത്തു വായിക്കുകയുമാണിവിടെ. 'തന്നതില്ല പരനുള്ളു കാട്ടുവാൻ ഒന്നുമേ നരനുപായമീശ്വരൻ' എന്ന നിസ്സഹായതയിൽ നിന്ന് കഥയുടേയും കഥാപാത്രങ്ങളുടേയും കഥാപശ്ചാത്തലത്തിന്റേയും സ്വഭാവരീതികളിലേക്ക് എത്തിച്ചേരുകയാണ് എഴുത്തുകാരൻ. ഇവയെ സ്വാധീനിക്കുന്നതാവട്ടെ വൈയക്തികമായ അനുഭവങ്ങളും. ഈ രീതിയിൽ രോഗാവസ്ഥയെ കാല്പനികതയുടെ വിചാരധാരകളിലേക്ക് സംക്രമിപ്പിക്കുന്നതിനു വേണ്ട നിരീക്ഷണങ്ങളിലേക്കാണ് ചിന്തകൾ വികസിക്കുന്നത്.
          'വേദന വേദന ലഹരി പിടിക്കും
          വേദന-ഞാനതിൽ മുഴുകട്ടെ,
          മുഴുകട്ടെ മമ ജീവനിൽനിന്നൊരു
          മുരളീമൃദുരവമൊഴുകട്ടെ!'
          എന്നു ചങ്ങമ്പുഴ മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതിച്ചേർക്കുമ്പോഴും   കാല്പനികരുടെ വേദനയോടുള്ള ആസക്തിയെത്തന്നെയാണ് കാണിക്കുന്നതും. ഈ ആസക്തിയുണ്ടാക്കുന്ന ഭയപ്പാടുകളും അവയുടെ പീഡയിൽനിന്നുളവാകുന്ന ആനന്ദവും മറ്റൊരു തരത്തിൽ കാവ്യസാരമാക്കുന്നതിൽ വിജയിച്ചവരത്രേ എല്ലാവരും. ജീവിതാനുഭവങ്ങളിൽ ഒന്നായ രോഗാവസ്ഥയെക്കുറിച്ചുകൂടി വിസ്മരിക്കാതിരിക്കുന്നിടത്താണ് കവിഭാവനയും ദർശനങ്ങളും ഉന്നതതലത്തിലെത്തുന്നതെന്ന് അപ്പൻ ഓർമ്മിപ്പിക്കുകയാണ്. ധൈഷണികതയുടേയും കലയുടേയും മാർഗ്ഗങ്ങളിൽ രോഗം പല തരത്തിൽ അവതരിക്കുന്നുണ്ടെന്ന് റിയലിസത്തിന്റെ സിഫിലിസത്തോടുള്ള ആഭിമുഖ്യത്തെക്കുറിച്ചു സൂചിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നു. സമൂഹത്തിന്റെ ജീർണ്ണാവസ്ഥയെ സ്ഥാപിക്കുന്നതിനുള്ള ഉപാധിയായിട്ടാവണം എഴുത്തുകാർ ഇവയെ ഉപയോഗിക്കുന്നതെന്നു കൂടി ഇവിടെ കൂട്ടിച്ചേർക്കുന്നുണ്ട്. കാൻസറിനെ ആധുനികതയുമായിട്ടു ബന്ധിക്കുന്നതിന് ടോൾസ്റ്റോയിയുടെ ഇവൻ ഇലിയച്ചിന്റെ മരണം എന്ന കൃതിയെ ഉപാധിയാക്കുന്നുണ്ട്. കാൻസർ രോഗം മാനസികമായി സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കുപരിയായി രോഗിയെ ശാരീരികവേദനയുടെ ഭീകരതയിലേക്കെത്തിക്കുന്നു. ആധുനികകാലഘട്ടത്തിന്റെ സങ്കീർണപ്രശ്‌നങ്ങളെ നിർണയിച്ചത് കാൻസറത്രേ. 'കാൻസറിന്റെ ചില കാരണങ്ങൾ കണ്ടെത്തി. എന്നാൽ ഈ രോഗത്തെ ഫലപ്രദമായി കീഴടക്കാൻ വൈദ്യശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അങ്ങനെ കാൻസർ അതിന്റെ മൃതിഭീകരമായ നരകം നിലനിർത്തുകയാണ്. അതിനാൽ സമീപിച്ചുകൊണ്ടിരിക്കുന്ന മരണത്തിന്റെ അർത്ഥം എന്താണെന്ന് രോഗി അന്വേഷിക്കുന്നു. ജീവിതത്തിന്റെ അർത്ഥരാഹിത്യം അയാൾ മനസ്സിലാക്കുന്നു. അതോടെ അസംബന്ധത്തിന്റെ തത്ത്വചിന്തയും ദാർശനിക വൈകാരികതയും പ്രതിപാദനത്തിന്റെ സ്വഭാവം നിർണ്ണയിച്ചു തുടങ്ങുന്നു. അതുമല്ലെങ്കിൽ സോൾ ഷെനിത്സന്റെ കാൻസർ വാർഡിലെന്നപോലെ കാൻസർ രാഷ്ട്രീയ സമൂഹത്തിന്റെ രോഗമായി അവതരിപ്പിക്കപ്പെടുന്നു. ആശുപത്രി സ്റ്റാലിനിസ്റ്റ് റഷ്യയായി പ്രത്യക്ഷപ്പെടുന്നു.' ഇത്തരത്തിലുള്ള വിശകലനം ജീവിതാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകളെ സമർത്ഥമായി പരിശോധിക്കുകയാണു ചെയ്യുന്നത്. രാഷ്ട്രീയസമൂഹത്തെ നിർണ്ണയിക്കുന്ന പ്രത്യയശാസ്ത്രരൂപങ്ങളെ വിമർശനവിധേയമാക്കുകയും അവയിലെ നിരാസങ്ങളെ പരിശോധിക്കുകയുമാണ് ചെയ്യുന്നത്. എഴുത്തെന്ന രാഷ്ട്രീയപ്രക്രിയയിലെ മൗനത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുന്ന വേളയാണിതെന്ന് അപ്പൻ വ്യക്തമാക്കുന്നു. കലയുടെ ഭൗതികരൂപത്തെ ആത്മീയാന്വേഷണങ്ങളുടെ ഭൂമികയാക്കി പരിവർത്തിപ്പിക്കുന്നതിൽ ഇത്തരം നിരീക്ഷണങ്ങൾ മികച്ച പങ്കു വഹിക്കുന്നു.
          എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നടപ്പിലുള്ള പ്രയോഗമാണ് 'അറം പറ്റുക'യെന്നത്. ഒരുപടി കൂടി മുന്നോട്ടു പോയാൽ കവി ക്രാന്തദർശിയാണ് എന്നതിലേക്ക് അതു പൂരിപ്പിക്കപ്പെടും. ഈ ക്രാന്തദർശിത്വം ചങ്ങമ്പുഴയുടെ കളിത്തോഴി എന്ന നോവലിലേക്ക് സംക്രമിപ്പിക്കുമ്പോൾ അവയുടെ സ്ഥൈര്യത്തെക്കുറിച്ച് ലേഖകനുള്ള ഉൾക്കാഴ്ച എത്രത്തോളമെന്ന് ബോധ്യപ്പെടും. ഈ നോവൽ എഴുതിയ കാലത്ത് ക്ഷയം ചങ്ങമ്പുഴയുടെ ശരീരത്തെ തകർത്തു തുടങ്ങിയിരുന്നില്ല. അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം തകർത്ത രോഗത്തിന്റെ തീവ്രത 1946-ൽ കോയമ്പത്തൂരിൽവച്ചാണ് ശരിയായി അറിഞ്ഞത്. എന്നാൽ ഇതിനുമുമ്പുതന്നെ രോഗത്തിന്റെ ചെറിയ തോതിലുള്ള പ്രയാസങ്ങൾ ചങ്ങമ്പുഴ അനുഭവിച്ചിരിക്കണം. രോഗത്തെ നേരിൽ തിരിച്ചറിഞ്ഞില്ലെങ്കിലും പേടിയുടെ പ്രാതിനിധ്യങ്ങൾ ചങ്ങമ്പുഴയുടെ അബോധത്തിലുണ്ടായിരിക്കണം. അതിന്റെ നിഗൂഢവും ഭീഷണവുമായ വെളിപാടുകളായിരുന്നു ക്ഷയരോഗികളായ രണ്ടു കഥാപാത്രങ്ങൾ. ആന്ദ്രേ ഴീദിന്റെ ദുർമാർഗിയും തോമസ്മന്നിന്റെ മാജിക് മൗണ്ടനും മറ്റും കൂട്ടിച്ചേർത്ത് ചങ്ങമ്പുഴയെ റിയലിസ്റ്റിക്കായി വിലയിരുത്തുകയാണിവിടെ. ക്ഷയരോഗത്തെ അതിന്റെ പ്രയാസങ്ങളോടെ അവതരിപ്പിക്കുന്നതിലൂടെ കവി കഠിനയാഥാർത്ഥ്യങ്ങളെ തിരിച്ചറിയുകയായിരുന്നു. 'മരണത്തെ അതിന്റെ വിശദാംശങ്ങളിൽ അവതരിപ്പിക്കാനും അനുതാപമില്ലാതെ നോക്കിക്കാണാനുമുള്ള ശ്രമമായി' ആഖ്യാനത്തിലെ പ്രത്യേകതകളെ അപ്പൻ വിലയിരുത്തുന്നു.
          ബഷീറിയൻ രചനാസവിശേഷതകളിൽ ഒന്നായി കടന്നുവരുന്ന ഭ്രാന്തിനെക്കുറിച്ചുള്ള വിവരണമാണ് 'ബഷീറിന്റെ ഭ്രാന്തും എന്റെ കിറുക്കുകളും'. ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഭ്രാന്തുണ്ടെന്ന ബഷീർ പ്രസ്താവനയും ഭ്രാന്തിനുള്ള ചികിത്സാവിധികളും എടുത്തു പറയുന്നു. ജീവിതാനുഭവങ്ങളുടെ സാക്ഷ്യമെന്നോണം ഭ്രാന്തിനെ കാണാനും അതു രേഖപ്പെടുത്താനും ബഷീർ കാണിച്ച സത്യസന്ധതയെ എടുത്തുകാണിക്കുന്നു. 'ബഷീറിന്റെ വൈകാരികഘടനയിൽ സ്ഥിരതയില്ലായിരുന്നു. അസ്ഥിരത സമചിത്തതയുടെ ഘടനയെ ശ്ലഥമാക്കിക്കൊണ്ടിരുന്നു. സ്ഥിരതയുടെ അഭാവത്തിൽ ഉള്ളിലെ പെരുകുന്ന അനിശ്ചിതത്വം ഭ്രാന്തായി മാറി. സൃഷ്ടിയുടെ മഹത്വം വകവച്ചുകൊടുക്കുന്ന രോഗമാണിത്. പരമകാരുണികനായ ദൈവം ചന്ദ്രനെ ആകാശത്തിൽ പ്രകാശമുള്ളതാക്കി വച്ചതുപോലെ ബഷീറിന്റെ കലാവ്യക്തിത്വത്തിൽ സുന്ദരമായൊരു ഭ്രാന്തചിത്തത്തെ അനുഭവങ്ങൾ പ്രകാശമുള്ളതാക്കിവയ്ക്കുകയായിരുന്നു. ഈ പ്രകാശത്തിലാണ്, ഈ വെളിച്ചത്തിന് എന്തു വെളിച്ചം? എന്ന് ബഷീർ ചോദിച്ചത്. ഭ്രാന്ത് ഇവിടെ വേദനാജനകമായൊരു ശിക്ഷയല്ല, നിർമ്മിതിക്കുള്ള നിഗൂഢമായ ലഹരിയാണ്.' ചങ്ങലക്കണ്ണികൾക്കിടയിൽ പൊട്ടിത്തകരുന്ന മനുഷ്യമനസ്സിനെ ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ അവതരിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ബഷീറിന്റെ സത്യദർശനത്തിൽ മുന്നിട്ടു നിന്നിരുന്നത്. ഈ തെളിച്ചത്തെ വ്യക്തമാക്കുകയും രചനയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന വൈവിദ്ധ്യമാർന്ന ഭൂഖണ്ഡങ്ങളെ അടയാളപ്പെടുത്തുകയുമാണിവിടെ.
          പാശ്ചാത്യകൃതികളുടെ പരിശോധനകളിൽനിന്നു വ്യക്തമാകുന്ന ദാർശനികതയുടെ തലത്തെ മലയാളഭാവനയുടെ ധൈഷണികതലങ്ങളോടുചേർത്ത് വിലയിരുത്തുന്ന അപ്പന്റെ രചനാമണ്ഡലം വളരെ വിപുലമാണ്. അൽബേർ കാമുവും കാഫ്കയും ഷെനെയും മറ്റും അവതരിപ്പിച്ച അത്യന്തം സങ്കീർണമായ പ്രശ്‌നങ്ങളെ പരിചയപ്പെടുത്തുന്നവയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ജീവിതത്തെ അതിന്റെ സങ്കീർണതയിൽത്തന്നെ നോക്കിക്കാണാനാണ് അപ്പൻ ശ്രമിച്ചത്. വൈജ്ഞാനികലോകം സ്ഥിരമായി ഉപയോഗിച്ചിരുന്ന പലതിനെയും തള്ളിക്കളയുവാനും എഴുത്തിൽ സ്വകീയമായ രീതി നിലനിർത്തുവാനും ശ്രമിച്ച അപ്പന്റെ കൃതികൾ പലതും സ്‌ഫോടനാത്മകമായ അന്തരീക്ഷസൃഷ്ടിയാണു നടത്തിയത്. സ്ഥിരം  സമ്പ്രദായങ്ങളിൽ നിന്നു വ്യത്യസ്തമായ എഴുത്തുരീതിയും കാഴ്ചപ്പാടുകളും കൊണ്ടു സമ്പന്നമായിരുന്നു പല കൃതികളും. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, തിരസ്‌കാരം എന്നിവയും മറ്റും ഈ രീതിയിൽ വായിക്കപ്പെടുന്നുണ്ട്. സർഗാത്മകമായ ഒരെഴുത്തുരീതി വിമർശനത്തിൽ വരേണ്ടതുണ്ടെന്നു തെളിയിക്കുന്നവയാണ് അവ.
          ആധുനികതയെ ഏറ്റവുമധികം സ്വാധീനിച്ച അസ്തിത്വവാദവും മറ്റു പാശ്ചാത്യചിന്താപദ്ധതികളും ഭാരതീയദർശനങ്ങളും അപ്പൻ തന്റെ ചിന്തകൾക്കു ഉപോൽബലകമായി കൂട്ടിച്ചേർത്തു. ഇവയിൽ നിന്നു വിളക്കിയെടുത്ത അറിവാകട്ടെ, സാഹിത്യവിമർശനത്തിന്റെ മേഖലയിൽ വായനക്കാരനിൽ ശരിതെറ്റുകളുടെ മൂല്യവിചാരണകളേക്കാളുപരി പുതിയവ നിർമ്മിക്കുന്നതിനുള്ള പ്രേരണകളായിരുന്നു. വിമർശനത്തെക്കുറിച്ച് അപ്പൻ തന്റെ നിലപാടു വ്യക്തമാക്കുന്നു. 'വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിന്തയുടേയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം.' എഴുത്തിന്റെ രാഷ്ട്രീയത്തെ നിർവചിക്കുന്നതിനും അതു നിലപാടായി ചേർത്തുവെയ്ക്കുന്നതിനും അപ്പൻ തയ്യാറായിരുന്നു എന്നതിനുദാഹരണമാണ് ക്ഷോഭിക്കുന്നവരുടെ സുവിശേഷം.
          മാറിവരുന്ന ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, ദീർഘദർശനത്തോടെയുള്ള ചിന്തകൾ എന്നിവയെല്ലാം പാശ്ചാത്യമെന്നോ പൗരസ്ത്യമെന്നോ ഭേദമില്ലാത്ത ബഹുസാംസ്‌കാരികത്വത്തിന്റെ കൈവഴികളിലൂടെ തിരിച്ചുവിടുകയും മൗനങ്ങളുടെ അർത്ഥവ്യാപ്തിയെ ദ്യോതിപ്പിക്കുന്ന പ്രയോഗവിശേഷങ്ങളിലൂടെ ആദിമമായ സത്യത്തെ അറിയാൻ ശ്രമിക്കുകയും ചെയ്യുന്ന കെ പി അപ്പന്റെ രചനാലോകം കലർപ്പില്ലാത്ത വിചാരണകളാണ്. ഈ വിചാരണകളോരോന്നും സഹിതമായതെന്തോ അതാണു സാഹിത്യമെന്ന ആഴമേറിയ ധാരണയെ നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ചേർന്നിരിക്കുന്ന അവസ്ഥയെന്ന സഹിതത്തിന്റെ അർത്ഥത്തെ എഴുത്തുകാരനെയും സഹൃദയനെയും ആശ്രയിച്ചു നില്ക്കുന്നത് (സരസ്വത്യാസ്തത്ത്വം കവിസഹൃദയാഖ്യം വിജയതേ) എന്ന അഭിനവഗുപ്തന്റെ നിരീക്ഷണത്തോട് ചേർത്തുവെയ്ക്കുമ്പോഴാണ് വിമർശകന്റെ കാഴ്ചപ്പാടുകളുടെ ഉൾപ്പൊരുൾ വ്യക്തമാകുന്നത്. വിവിധതലങ്ങളിൽ വ്യാപിച്ചുനില്ക്കുന്ന തിരിച്ചറിവുകളെ തീവ്രപ്രമേയങ്ങളാക്കി പരിവർത്തിപ്പിക്കുന്ന എഴുത്തുകാരനിൽനിന്ന് ആന്തരികാർത്ഥത്തെ കണ്ടെടുക്കുമ്പോൾ വിമർശകൻ അനുഭവിക്കുന്ന അനുഭൂതി മറ്റുള്ളവർക്കും ലഭ്യമാകുന്നു. തലമുറകളിൽനിന്നു തലമുറകളിലേക്കു പകർന്നു കൊടുക്കപ്പെടുന്ന ബൗദ്ധികതയെയും  അതിൽനിന്നു സാധ്യമാവുന്ന ജ്ഞാനസ്‌നാനത്തെയും തന്റെ കർത്തവ്യങ്ങളോടു ചേർത്തുനിർത്തിയിരിക്കുകയാണ് കെ. പി. അപ്പൻ.

No comments: