അശ്ലീലം എന്ന പദത്തിന് ശ്ലീലമല്ലാത്തത് എന്നർത്ഥം. ഒരു സംഗതി ശ്ലീലമല്ലാതാകുന്നത് വ്യക്തി, കുടുംബം, സമൂഹം തുടങ്ങിയ അളവുകോലുകൾക്കനുസൃതമായിട്ടാണ്. Taboo എന്ന ഇംഗ്ലീഷ് പദം ശ്ലീലമല്ലാത്തവയെ സൂചിപ്പിക്കുന്നു. നിഘണ്ടുവിലെ അർത്ഥമാകട്ടെ, വ്യക്തികളെയും വസ്തുക്കളെയും ചോദ്യം ചെയ്‌വാൻ പാടില്ലാത്തവിധം പവിത്രമായി അവരോധിക്കുകയും മറ്റുചിലവയെ അപ്രകാരം തന്നെ വിലക്കുകയും ചെയ്യുന്ന ഒരു പുരാതന Polynesian മതാചാരം; പ്രസ്തുത ആചാരമനുസരിച്ച് വിലക്കപ്പെട്ട വ്യക്തിയോ വസ്തുവോ എന്നൊക്കെയാണ്. നിഷിദ്ധമായി പ്രഖ്യാപിക്കുകയെന്നു പറയുമ്പോൾ എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്നതിന്റെ ശാസ്ത്രീയതയാണ് വിശകലനം ചെയ്യപ്പെടുന്നത്. ശ്ലീലമല്ലാത്തവയെന്നത് ആപേക്ഷികമാണ്. ഓരോ സംസ്‌കാരത്തിനും സാഹചര്യത്തിനും അനുസൃതമായി
ഇതിനു മാറ്റമുണ്ടാകുന്നു. വസ്ത്രം നാണം മറയ്ക്കാനുള്ളതാണ് എന്ന പൊതുബോധത്തിലുപരിയായി അത് സാമൂഹിക നിലവാരത്തെയും അന്തസ്സിനെയും പ്രകടിപ്പിക്കുന്നത് എന്ന നിലയിൽ വായിക്കുമ്പോഴാണ് അക്കാര്യത്തിൽ അശ്ലീലവും ശ്ലീലവും ഉണ്ടാകുന്നത്.
വേശ്യ എന്നർത്ഥമുള്ള porne എന്ന ഗ്രീക്കുപദത്തിൽ നിന്നുമാണ് Pornographia
ഉണ്ടാകുന്നത്. Graphia എന്നതിന് ചിത്രീകരണം എന്നും അർത്ഥം കാണാം. ഇതിൽ നിന്നുമാണ് Pornography
എന്ന പ്രയോഗത്തിന്റെ നിഷ്പത്തി. പുസ്തകം, ചിത്രങ്ങൾ, വീഡിയോ, ഓഡിയോ തുടങ്ങിയ
രൂപങ്ങളിലെല്ലാം പോർണോഗ്രഫി വളർന്നു വികസിച്ചിരിക്കുന്നു. സൈബർലോകത്തിന്റെ വികാസത്തോടെ
വെബ്‌സൈറ്റുകൾ, ചാറ്റിംഗ്, വീഡിയോ ചാറ്റിംഗ് തുടങ്ങി സാധ്യമായ എല്ലാ രൂപത്തിലും പോർണോഗ്രഫി
പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വെബ്‌സൈറ്റുകളിൽ ഫാമിലി ഫിൽട്ടർ,
Warning! Sexually explicit content (ലൈംഗികബന്ധം
തുടങ്ങിയവ പരസ്യമായി കാണിക്കുന്നവയാണ് ഈ വിഭാഗം, ഭാഗികമായ നഗ്നതാപ്രദർശനം ഇതിൽ പെടുന്നില്ല.) തുടങ്ങിയ നിർദ്ദേശങ്ങൾ
ഉണ്ടാവുകയും ചെയ്തു. പോൺ വീഡിയോകൾ പ്രൊഫഷണലുകളെ വെച്ച് ചിത്രീകരിക്കുകയും വില്പന നടത്തുകയും
ചെയ്യുന്നതുപോലെ ആളുകളറിയാതെ അവരുടെ നഗ്നത പകർത്തുകയും സ്വകാര്യതയിലെ വിഷയങ്ങളെ മറ്റുള്ളവർക്കായി
എത്തിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അപകീർത്തികരമായ ദുരാരോപണം എന്നർത്ഥമുള്ള Scandal,
സൈബർ ക്രൈം, സൈബർ നിയമങ്ങൾ എന്നിവയും പ്രചാരത്തിലായി. തട്ടിപ്പും വെട്ടിപ്പും
മാത്രമല്ല, പോർണോഗ്രഫിയുടെ
പേരിലുണ്ടായിട്ടുള്ള പുതിയ ചൂഷണങ്ങളും സൈബർ ക്രൈം എന്ന വിഭാഗത്തിൽപ്പെടുന്നു. സാങ്കേതികവിദ്യയുടെ
വികാസത്തെ കച്ചവടതാല്പര്യങ്ങളോടെ സമീപിക്കുകയും അവയുടെ വില്പനയ്ക്കുവേണ്ടി ചൂഷണങ്ങൾ
അരങ്ങേറുകയും വൈകൃതങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നതിനാലാണ് ഇത് നിരോധിക്കേണ്ടതാണോ എന്ന
തരത്തിലുള്ള ചർച്ചയുണ്ടാകുന്നത്.
പൊതുസ്ഥലത്ത് തുപ്പുന്നത് അശ്ലീലമാണ്. എന്നാലതു സ്വന്തം വീട്ടുമുറ്റത്തോ, മുറിക്കുള്ളിലോ ആകുമ്പോൾ മാത്രമേ ആളുകൾ പ്രശ്‌നമായി എടുക്കുന്നുള്ളൂ
(അതിൽ വൈകൃതമുണ്ടെങ്കിലും). ഇവിടെ തുപ്പരുത് എന്നോ മൂത്രമൊഴിക്കരുത് എന്നോ എഴുതി വെയ്ക്കുന്നതുപോലെ
ലൈംഗികബന്ധം പാടില്ല എന്നെഴുതി വെക്കേണ്ടി വരാത്തത്, അതിലുള്ള സ്വകാര്യതയെക്കുറിച്ച് ആളുകൾക്ക് ബോധമുള്ളതുകൊണ്ടുതന്നെയാണ്.
അങ്ങനെ ബോധപൂർവ്വം ആരും ചെയ്യാതിരിക്കുകയും മറ്റു കാര്യങ്ങൾ മടിയില്ലാതെ ചെയ്യുന്നതും
പൊതുബോധം കൊണ്ടാണ്. അതുമാത്രമല്ല, കാരണം. ലൈംഗികത പാപമാണ് എന്ന യൂറോപ്യൻ മിഥ്യാധാരണ കടന്നുകൂടിയതിനുശേഷം മാത്രമാണ്
അതൊരു വിലക്കപ്പെട്ട കനിയായിത്തീർന്നതും അതൊരു ചർച്ചാവിഷയമായിത്തീരുന്നതും. (അതിനു
മുമ്പേ ആളുകൾ ഇപ്രകാരം ചെയ്തിരുന്നു എന്ന് ഇതിനർത്ഥമില്ല!)
ലിംഗാരാധന നടത്തുന്ന ഭാരതത്തിൽ, മഹാലിംഗം, ലിംഗസ്വാമി തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്ന ഭാരതത്തിൽ അതിന്റെ പ്രാക്തന സംസ്‌കാരം
ഒരിക്കലും ലൈംഗികതയെ അടഞ്ഞ അധ്യായമായി കണ്ടിട്ടില്ലെന്നതാണ് വാസ്തവം. ജീവസന്ധാരണത്തിനാവശ്യമായ
കാര്യങ്ങൾ അതിന്റെ മുറയ്ക്കു ചെയ്യുന്നതിനുവേണ്ടിയാണ് ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിട്ടുള്ളത്.
വൈകുന്നേരം മുറ്റമടിച്ചു വാരരുതെന്ന് പറയുന്നത് സന്ധ്യാനേരത്ത്, 'സൂര്യഭഗവാൻ' അസ്തമിക്കുന്ന സമയത്ത് ചൂലുമായി അനാദരം കാണിക്കലാണ് എന്നു പറയുന്നതിലേക്ക്
എത്തുന്നത് വാസ്തവത്തെ മറച്ചുവെയ്ക്കുന്നതിനല്ല. അതു നിർബന്ധമായും പിന്തുടരുന്നതിനുവേണ്ടിയാണ്.
യഥാർത്ഥത്തിൽ, സന്ധ്യാസമയത്ത്
പുറത്തിറങ്ങുന്ന ഇഴജന്തുക്കളിൽനിന്ന് ആക്രമണമുണ്ടാകാതിരിക്കുന്നതിനുവേണ്ടി ആചാരത്തെ
കൂട്ടുപിടിക്കുകയാണ് ചെയ്യുന്നത്. പുരുഷനും പ്രകൃതിയും എന്ന സങ്കല്പത്തിന്റെ ഭാഗമായി
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന ലിംഗത്തെ (വിഗ്രഹവും പ്രതിഷ്ഠാപീഠവും പുരുഷനും
പ്രകൃതിയുമാകുന്നു) പൂജിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുമ്പോൾ അതിൽ ലൈംഗികതയോ, ലജ്ജയോ ആരും കാണുന്നില്ല. ആർക്കും തോന്നുന്നുമില്ല. ലൈംഗികതയോട്
തുറന്ന സമീപനം പുലർത്തുകയും കാമസൂത്രം പോലുള്ള ഗ്രന്ഥങ്ങളിൽ അതിന്റെ വിവരണം നടത്തുകയും
ചെയ്തിട്ടുള്ള ഭാരതം ആഭാസമെന്ന നിലയിൽ അതിനെ കണ്ടിട്ടില്ല. (സിന്ധുനദീതടസംസ്‌കാരത്തിൽ
ലിംഗാരാധനയുണ്ടായിരുന്നെന്നും ത്രിശൂലത്തിന്റെ ആകൃതിപോലും അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്നും
വേദകാലഘട്ടത്തോടെ ഇന്ദ്രൻ-ഇന്ദ്രാണി സങ്കല്പം
ക്രമേണ കടന്നുവന്നുവെന്നും പല സങ്കല്പങ്ങളും കൂട്ടിക്കലർത്തപ്പെട്ടുവെന്നും ബുദ്ധമതം
പോലുള്ളവ ആര്യാധിനിവേശത്തിന്റെ ഫലമായി തകർന്നുവെന്നും മറ്റും ചരിത്രം.)
ക്ഷേത്രങ്ങളിലും മറ്റും ലൈംഗികക്രിയകൾ ശില്പരൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്
ശ്രദ്ധ പതറാതെ ഭക്തിയുടെ പാരമ്യത്തിലുള്ള മാനസികൗന്നത്യത്തിലേക്കെത്താൻ ആളുകളെ പ്രാപ്തരാക്കുന്നതിനു
വേണ്ടിയാണ്. മാത്രമല്ല, ലൈംഗികബന്ധത്തെക്കുറിച്ചുള്ള
അറിവില്ലായ്മകളെ ബോധപ്പെടുത്തുന്നതിനും ഇവ ഉപകരിക്കുന്നു. അവയൊന്നും പോരായ്മയായി ആർക്കും
തോന്നിയിട്ടില്ല. അജന്ത-എല്ലോറ ഗുഹകളിൽ മാത്രമല്ല, മറ്റു ധാരാളം ക്ഷേത്രഗോപുരങ്ങളിലും നിർമ്മിക്കപ്പെട്ടിരിക്കുന്ന
ശില്പങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇക്കാര്യം വ്യക്തം.
1748-ൽ രചിക്കപ്പെട്ട, ഫാനി ഹിൽ(Fanny Hill) എന്ന പേരിൽ പ്രശസ്തമായ
Memoirs
of a Woman of Pleasure ആണ് ഇംഗ്ലീഷിലെ ആദ്യത്തെ
പോൺ ഗദ്യമായി പരിഗണിക്കപ്പെടുന്നത്. ജോൺ ക്ലെലാന്റ് ആണ് ഇതിന്റെ കർത്താവ്. പിന്നീട്,
1963-ൽ അമേരിക്കയിൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചയുടൻ
തന്നെ നിരോധിക്കപ്പെടുകയും ചെയ്തു. ഒടുവിൽ സൂപ്രീംകോടതി വരെ പോയിട്ടാണ് ആ കൃതി നിരോധനത്തിൽനിന്നു
രക്ഷപ്പെട്ടതത്രേ. ആദ്യപാപത്തിന്റെ വിഷക്കനി രുചിക്കപ്പെട്ടതിനുശേഷം ഏദൻതോട്ടത്തിൽ
നിന്നും പുറത്താക്കപ്പെട്ടതിലുള്ള അമർഷമാണ് ലൈംഗികതയെ പാപമായി കാണുന്നതിനു പിന്നിലുള്ളത്.
വിക്‌ടോറിയൻ സദാചാരബോധത്തെ അന്ധമായി പിന്തുടർന്നവരുടെ തലമുറയിൽ അതൊരു പ്രശ്‌നമായിത്തീർന്നു.
പൊതുസ്ഥലത്ത് ചുംബിക്കുകയെന്നത് ഭാരതീയനെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരുന്നില്ല.
അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ലിപ്-ലോക്കായാലും ലൈംഗികചേഷ്ടകളായാലും
അസാധാരണമായ കാര്യമാണിവിടെ. കാരണം, മനസ്സിൽ മറയില്ലാത്ത ലൈംഗികതയ്ക്ക് പ്രാധാന്യമുണ്ടായിരുന്നതിനാൽ ആരും പാശ്ചാത്യന്റെ
സംസ്‌കാരത്തെ കാര്യമായെടുത്തില്ല. അതിന്റെ വികലാനുകരണം ഉണ്ടാകുമ്പോഴാണ് അസ്വസ്ഥതയുണ്ടാകുന്നതും
പ്രശ്‌നങ്ങൾ ഉടലെടുക്കുന്നതും.
വാത്സ്യായനന്റെ കാമസൂത്രം, മനുഷ്യന്റെ ലൈംഗികാവിഷ്‌കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന
പ്രാചീന സംസ്‌കൃതഗ്രന്ഥമാണ്. ധർമ്മം, അർത്ഥം, കാമം,
മോക്ഷം (ധാർമികമായി സമ്പാദിച്ച ധനം ആഗ്രഹപൂർത്തിക്കുപയോഗിക്കുവാനും
എല്ലാ ശമനങ്ങളുടെയുമൊടുവിൽ മോക്ഷത്തിലെത്താനും സാധിക്കും എന്നും വ്യാഖ്യാനം.) തുടങ്ങിയ
നാലു പുരുഷാർത്ഥങ്ങളിലൊന്നായ കാമത്തെക്കുറിച്ചുള്ള സൂത്രമാണ് കാമസൂത്രം. ഇതു വെറും
ലൈംഗികചേഷ്ടകളെക്കുറിച്ചുള്ള കൃതിയല്ല. ലൈംഗികചേഷ്ടകളെക്കുറിച്ചുള്ളതിനേക്കാൾ കൂടുതൽ
കാര്യങ്ങൾ പ്രേമത്തെക്കുറിച്ചുള്ള തത്വങ്ങളും സിദ്ധാന്തങ്ങളും മറ്റുമാണ്. വിവാഹം, വിവാഹേതരബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം തുറന്ന ചർച്ചകളാണ്
ഈ കൃതി കൈകാര്യം ചെയ്യുന്നത്. കാമസൂത്രം എന്ന പ്രയോഗം ഇന്ത്യയിലൂം വിദേശത്തും ഒക്കെത്തന്നെ
ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. വിവർത്തനത്തിന്റെ ആവശ്യമില്ലെന്നു സാരം.
പ്രാചീന ഇന്ത്യയിൽ ശില്പങ്ങളിലെ നഗ്നത അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു.
ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രസക്തി ഉർവരതാനുഷ്ഠാനങ്ങളിൽ കാണാൻ കഴിയും. സിന്ധു നദീതട
സംസ്‌കാരത്തിൽത്തന്നെ ഇതിനുവേണ്ട തെളിവുകളുണ്ട്. ഉഭയലൈംഗികത നിലനിന്നിരുന്നതിനാലാവണം
രാമായണത്തിൽ രാമനെ ഏകപത്‌നീവ്രതക്കാരനായിരുന്നു എന്ന രീതിയിൽ ചിത്രീകരിക്കുന്നതും അതിന്റെ
പ്രത്യേകതയെ എടുത്തുകാണിക്കുന്നതും. മറ്റുള്ളവരെല്ലാം ലൈംഗികതയെ തുറന്നു സമീപിക്കുന്നിടത്ത്
രാമനെന്ന ബിംബം ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നതു തന്നെയാണ് വൈശിഷ്ട്യമായി
ഗണിക്കുന്നതും. രാമന്റെ പിതാവായ ദശരഥനു ഭാര്യമാർ നാലായിരുന്നല്ലോ. ശത്രുവായിരുന്ന രാവണനുമുണ്ടായിരുന്നു
നിരവധി ബന്ധങ്ങൾ. അതിൽനിന്നു വ്യത്യസ്തമായി രാമനെ കാണാൻ ശ്രമിക്കുന്നതുകൊണ്ടാണ് രാമൻ
ഏകപത്‌നീവ്രതക്കാരനായിത്തീരുന്നത്. അത് ധാർമികതയിലാണ് ഊന്നുന്നതും. ധാർമികമായ കാര്യങ്ങളിലൂടെ
മാത്രമേ മോക്ഷപ്രാപ്തിയിലെത്താനാവൂ എന്നാണ് രാമൻ ഓർമ്മിപ്പിക്കുന്നത്. (ശംബൂകന്റെ കഥ
പുതിയ കാലത്ത് ഒരപവാദമായിത്തീർന്നുവെങ്കിലും!)
വിവാഹത്തിനുശേഷം ഭാര്യാഭർത്താക്കന്മാർ എങ്ങനെയായിരിക്കണമെന്ന്
മനുസ്മൃതിയിൽ പറയുന്നത് ഇപ്രകാരമാണ്.
അന്യോന്യസ്യാfവ്യഭീചാരോ
ഭവേത് ആ മരണാന്തികഃ
ഏഷ ധർമ്മഃ സമാസേന
ജ്ഞേയഃ സ്ത്രീ പുംസയോർവ്വരഃ
ഭാരതീയതയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ സംശയമേതുമില്ല.
ഭാര്യ ഭർത്താവിനേയോ ഭർത്താവ് ഭാര്യയേയോ മരണം വരെ വഞ്ചിക്കരുത്. പരപുരുഷ-പരസ്ത്രീഗമനത്തെക്കുറിച്ചുള്ള
വിചാരമാണിത്. ഇവിടെ ലൈംഗികതയെയല്ല ലക്ഷ്യം വെയ്ക്കുന്നത്. കുടുംബബന്ധത്തെയാണ് എന്നാണു
വായിക്കേണ്ടത്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളിലേക്കു പോകുന്നവർക്കുണ്ടാകുന്ന ധർമ്മ്രഭ്രംശത്തെയാണ്
ചേർത്തുവായിക്കേണ്ടത്. മരണത്തിൽപ്പോലും അനുഗമിക്കുന്നതത്രേ ധർമ്മം. മറ്റുള്ളതെല്ലാം
ശരീരത്തോടൊപ്പം ഇല്ലാതാകുന്നു. ഇത്തരമൊരു ഭാരതീയസൈദ്ധാന്തികദർശനത്തിൽ ലൈംഗികതയെ ഇകഴ്ത്തുന്നില്ല.
അതു മോശമാണെന്ന് അഭിപ്രായപ്പെടുന്നുമില്ല.
മധ്യകാലഘട്ടത്തിനുശേഷം ഇന്ത്യയിൽ ആധിപത്യമുറപ്പിച്ച കൊളോണിയൽ
ശക്തികളായ പോർട്ടുഗീസുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മറ്റും ലൈംഗികതയോടുള്ള ഇന്ത്യയുടെ
തുറന്ന സമീപനത്തെ ഇകഴ്ത്തുവാൻ തുടങ്ങി. ബ്രിട്ടീഷുകാർ (ഈസ്റ്റ് ഇന്ത്യാ കമ്പനി) വിക്‌ടോറിയൻ
സദാചാരസങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആളുകളെ വിമർശിക്കുവാനും വ്യത്യസ്ത കാലങ്ങളിലായി
(1773,
1784, 1786, 1813, 1833, 1853) ബ്രിട്ടീഷ്
പാർലമെന്റിൽ നിന്ന് നിയമങ്ങൾ പാസ്സാക്കിയെടുക്കാനും തുടങ്ങി. ഭാരതീയപൈതൃകത്തെ ഇല്ലാതാക്കുകയും
യൂറോപ്യൻ സംസ്‌കാരത്തിനു മുന്നിൽ അപകർഷതയുള്ളവരാക്കിത്തീർക്കാനുമുള്ള അവരുടെ ശ്രമങ്ങൾ
വിജയം കണ്ടുതുടങ്ങി. പിന്നീട് യൂറോപ്യൻ സംസ്‌കാരത്തെയും ജീവിതരീതികളെയും അന്ധമായി അനുകരിക്കുകയും
അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ജനവിഭാഗം ഉണ്ടായി. അവരിലൂടെയാണ് യഥാർത്ഥ ഭാരതീയതയുടെ
വികലാനുകരണങ്ങൾ ഇവിടെ ഉദയം കൊണ്ടത്. അവ പലതിനെയും തെറ്റായി വായിക്കുകയും അനുകരിക്കുന്നവയെ
ഉയർത്തിക്കാട്ടുകയും ചെയ്തു. സ്വാഭാവികമായും വിദ്യാഭ്യാസരീതിയിലും മറ്റുമുണ്ടായ പാശ്ചാത്യരീതികൾ
അപകർഷതാബോധം കൊണ്ടു ചൂളുന്ന തലമുറകളെ സൃഷ്ടിച്ചു.
ഇത്തരമൊരു പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് ഇന്ന് പോർണോഗ്രഫിയുടെ
പേരിലുള്ള ചർച്ചകളെയും കാണേണ്ടത്. പോർണോഗ്രഫിയിലൂടെ ഏതുതരം പാപബോധത്തെയാണോ ലോകത്തിനു
മുമ്പിലേക്കു കുറ്റബോധത്തോടെ വെക്കാനുദ്ദേശിക്കുന്നത്, അത് ഭാരതീയതയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന കാര്യമേയല്ല.
അവ സാംസ്‌കാരികത്തനിമയെ കെടുത്തുകയുമില്ല. പിന്നെ, ഇതൊക്കെ കാണുന്നതും നോക്കുന്നതും സ്വത്വബോധത്തെ ഇല്ലാതാക്കുന്നില്ല.
വൈകല്യങ്ങളെ അന്ധമായി അനുകരിക്കുകയും വിചാരപ്പെടുകയും ചെയ്യുന്നവരെ തിരുത്തുക പ്രയാസമാണ്.
അത് സ്റ്റേറ്റിന്റെ ചുമതലയിൽപ്പെടുന്നുണ്ടോ എന്നാണു പരിശോധിക്കേണ്ടത്. സ്വകാര്യതയിൽ
ഇടപെടുന്നത് സ്റ്റേറ്റാണെങ്കിൽ അതിനെ ചെറുക്കുവാനും സ്വകാര്യമായി ലംഘിക്കുവാനുമുള്ള
പ്രവണതയാണ് ഏറി നില്ക്കുക. ജനാധിപത്യവ്യവസ്ഥയിൽ സ്റ്റേറ്റിനെ നിർമ്മിക്കുന്നതും മുന്നോട്ടു
നയിക്കുന്നതും പൗരന്മാരായതിനാൽ അവരുടെ താല്പര്യങ്ങൾക്കപ്പുറത്തേക്ക് സ്റ്റേറ്റിന് നിലനില്ക്കാനുമാവില്ല.
ആഴത്തിലുള്ള അറിവിന്റെ അപര്യാപ്തത, വികസനവുമായി ബന്ധപ്പെട്ട വികലധാരണകൾ തുടങ്ങിയവ സാധാരണപൗരനെ രാഷ്ട്രീയത്തിൽനിന്നും
അകറ്റുന്നു. രാഷ്ട്രീയമെന്നതിന്റെ വിപുലമായ അർത്ഥം ഗ്രഹിക്കാതിരിക്കുകയും രാഷ്ട്രതന്ത്രത്തിൽ
ഇടപെടുകയും ചെയ്യുന്നവരും ഇതുതന്നെയാണ് ചെയ്യുന്നത്. സ്വദേശാഭിമാനമെന്നത് ഇടയ്ക്കിടെ
ജ്വലിപ്പിച്ചു നിർത്തേണ്ടതാണെന്ന മിഥ്യാധാരണകൾക്ക് പ്രാധാന്യമേറുന്നതും പ്രശ്‌നമാണ്.
ദേശം,
അതിർത്തി തുടങ്ങിയ കാര്യങ്ങളെ സ്വാഭാവികമായും തനിക്കു ചുറ്റുമുള്ളതിനോടും
തന്നോടൊപ്പമുള്ളതിനോടും ചേർത്തുകാണാൻ കഴിയുമ്പോഴാണ് സാർത്ഥകമാവുക. സ്വാർത്ഥതയും സ്വജനപക്ഷപാതവും
അധികരിക്കുമ്പോൾ തർക്കങ്ങളുണ്ടാവുക സ്വാഭാവികം മാത്രമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ
ജനങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്നു വിലയിരുത്താനുള്ള അവകാശം
ജനങ്ങൾക്കില്ലാതെ പോകുന്നതുകൊണ്ടും, അടിമത്തത്തിന്റെ ഇരുണ്ട ബോധം മനസ്സിൽ സൂക്ഷിക്കുന്നതുകൊണ്ടും
പരസ്പരം അറിയുന്നതിൽനിന്നും ആളുകൾ പിന്നോട്ടു നടക്കുകയാണ്. ഈ പിന്നോട്ടുപോക്കാണ് ഭാരതീയതയെ
തെറ്റായി തിരിച്ചറിയുന്നതിനും അതിന്റെ നിലനില്പിനും ഭീഷണിയായിത്തീരുന്നത്.
ലൈംഗികതയും ഇവിടെ പ്രശ്‌നമാകുന്നത് അതുകൊണ്ടാണ്. തന്റെ ശരീരം
സ്വയം പ്രദർശിപ്പിക്കുന്നതിനുള്ള ആഗ്രഹത്തെ ഉണ്ടാക്കിത്തീർക്കുന്ന പരസ്യങ്ങൾ ഒരു കാരണമാണ്.
നിറം,
ഉയരം, സൗന്ദര്യം തുടങ്ങിയ ബാഹ്യഘടകങ്ങൾക്ക് ഊന്നൽ നല്കുന്ന സംസ്‌കാരത്തെയാണ് ഇവ കാണിക്കുന്നത്.
പണവും പ്രതാപവുമാണ് ഒരുവനെ നിർണ്ണയിക്കുന്നതെന്നുള്ള തെറ്റുധാരണ മാറ്റുന്നതിനുതകുന്ന
വിദ്യാഭ്യാസത്തിനാണ് ഊന്നൽ നല്‌കേണ്ടത്. ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അജ്ഞതയും
അതിനുവേണ്ടിയുള്ള മുറവിളികൾക്കു കാരണവും വിദ്യാഭ്യാസസമ്പ്രദായത്തിലെ പോരായ്മ തന്നെയയാണ്.
ലൈംഗികത വിദ്യാഭ്യാസത്തിലൂടെ നേടേണ്ടതാണെന്ന് പറയുമ്പോഴും ഉപരിപ്ലവമായി കാര്യങ്ങളെ
കാണുകയാണ് ചെയ്യുന്നത്. അവിടെയാണ് സെക്‌സ് പ്രശ്‌നമായിത്തീരുന്നത്. അനാട്ടമി പഠിക്കുന്നതല്ല
ലൈംഗികതാപഠനം. അതറിഞ്ഞതുകൊണ്ടുമാത്രം ശരിയായ കുടുംബബന്ധമോ, സെക്‌സോ സാധ്യമല്ല. പഠനമെന്നത് അഥവാ അറിവെന്നത് സംസ്‌കാരവുമായി
ചേർന്നു നില്ക്കുന്നതിനും സ്‌നേഹത്തെയും പരസ്പരവിശ്വാസത്തെയും അറിയുന്നതിനുമാവണം. ആൺകുട്ടികളുടെയും
പെൺകുട്ടികളുടെയും ലിംഗപരമായ വ്യത്യാസങ്ങളെക്കുറിച്ചും (Sexual
dimorphism) അതിലെ സ്വാഭാവികതകളെക്കുറിച്ചും
പറയുന്നതാവണം. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മനഃശാസ്ത്രപാഠങ്ങളിൽ ലൈംഗികതയുമായി ബന്ധപ്പെട്ട
വിചാരങ്ങളെ വിദഗ്ദ്ധമായി അപഗ്രഥിക്കുന്നുണ്ടല്ലോ. മാനസികാവസ്ഥയെയും വ്യക്തിത്വത്തെയും
നിർണ്ണയിക്കുന്നതിൽ ലൈംഗികതയ്ക്ക് സ്വാധീനമുണ്ടെന്നുള്ള കണ്ടെത്തലുകൾ മറ്റൊരു വിഷയമാണ്.
ലൈംഗികക്രിയകളുടെ 'അതി'പ്രസരമുള്ള
വെബ്‌സൈറ്റുകളെ സ്വാഭാവികമായി കാണുന്നതിനും വികലമായി അനുകരിക്കാതിരിക്കുന്നതിനും വിദ്യാഭ്യാസമാണ്
സഹായിക്കേണ്ടത്. ഭാരതീയതയെക്കുറിച്ചറിയാതിരിക്കുകയും അതിനെ ഒരിക്കലും ബാധിക്കാത്ത കാര്യങ്ങൾ
സംസ്‌കാരത്തെ നശിപ്പിക്കുമെന്നു വിചാരിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്. ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെ
എന്തുവേണമെന്ന് കാഴ്ചക്കാർ തീരുമാനിക്കട്ടെ. അത്തരത്തിൽ ചിന്തിക്കുന്നതിനു പ്രാപ്തമായ
വിദ്യാഭ്യാസമാണ് നടപ്പിലാക്കേണ്ടത്. ലോകത്തോടൊപ്പം നില്ക്കാൻ കഴിയുന്നതും വ്യക്തിത്വത്തെ
പൂർത്തീകരിക്കുന്നതുമാവണം അത്. അവിടെയാണ് യഥാർത്ഥ ഭാരതീയത നിർമ്മിക്കാനും സഹിഷ്ണുത
ശീലിക്കാനും കഴിയുക. പോർണോഗ്രഫിയെ മറ്റൊരധ്യായം മാത്രമായി കാണുകയും അതിനെ അതിന്റ വഴിക്ക്
പോകാൻ അനുവദിക്കുകയും ചെയ്യുന്ന മാനസികനിലവാരത്തിലേക്ക് എത്തിച്ചേരുമ്പോൾ സംസ്‌കാരത്തെച്ചൊല്ലിയുള്ള
മുറവിളികൾക്കു പ്രസക്തിയില്ലാതായിത്തീരുന്നു.
No comments:
Post a Comment