Sunday, May 09, 2021

അത്ര സിമ്പിളല്ല കാര്യങ്ങള്‍!

ഇവിടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ എത്രമാത്രം ഉത്തരവാദിത്തമില്ലായ്മയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് മനസ്സിലാകും. ഓരോ കാര്യത്തിലും അങ്ങനെയാണ്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും പലതും കണ്ടതാണ്. അതിലെ അപകടം ശ്രദ്ധിക്കേണ്ടതുമാണ്. വാര്‍ത്തയുണ്ടാക്കുന്നവര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ശല്യമായിത്തീരുന്ന ഈ പ്രവണതയെക്കുറിച്ച്...

കെഎസ്ആര്‍ടിസിയില്‍ 'ഇഷ്ടിക'യ്ക്ക് വിലക്ക്

ആക്സിലേറ്ററില്‍ ചുടകട്ട കണ്ടെത്തിയതില്‍ അന്വേഷണം

ഇതാണ് വാര്‍ത്തയുടെ തലക്കെട്ട്.

ഈ വാര്‍ത്താശൈലി അപകടമാണ്. പത്രങ്ങള്‍ സ്വയം കുഴി തോണ്ടുകയാണ്. മൊബൈല്‍ സ്ക്രീനില്‍ വിരല്‍ തോണ്ടുന്നവര്‍ക്ക് എളുപ്പത്തില്‍ വായിച്ചു പോകാന്‍, വായിപ്പിക്കാന്‍ എഴുതിവിടുന്നവ പോലെ ആയിത്തീരുമ്പോള്‍ അതു മാത്രം ഇനിയങ്ങോട്ടു പോരേ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നത്. നിലവാരമില്ലാത്തത് എന്നു വേണമെങ്കില്‍ ആക്ഷേപിക്കാവുന്നത്. ആക്സിലേറ്ററില്‍ ഇഷ്ടിക കയറ്റിവച്ച് വലിയ ഹൈവേകളില്‍ ലോറി ഓടിച്ചു എന്ന കഥ കേട്ടിരിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടറുടെ തോന്നല്‍. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ക്ക് അങ്ങനെയൊരു സംഗതി കഥയായിപ്പോലും ഉണ്ടാവണമെന്നില്ല. വസ്തുനിഷ്ഠമായി വാര്‍ത്ത അവതരിപ്പിച്ചുകൂടേ? തലക്കെട്ടു കണ്ട് വായിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല ഉദ്ദേശ്യമാവേണ്ടത്. ഡ്രൈവറുടെ കാബിനില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അവസാനം പറയുന്നു. സ്വയം ക്രമീകരിക്കാന്‍ കഴിയാത്ത സീറ്റിന്റെ പ്രശ്നമാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും സൂചിപ്പിക്കുന്നു. സത്യത്തില്‍ അതല്ലേ ഹൈലൈറ്റ്. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരോട് വിരോധം തോന്നിക്കുന്ന തരത്തില്‍ ഉള്ള പടച്ചുവിടലാണ്. വാര്‍ത്തകള്‍ സത്യസന്ധമാവണം, അതല്ലെന്നു തോന്നിക്കുന്ന ഒന്നും ഇതിലില്ല എന്നാല്‍ ധ്വനിസമ്പൂര്‍ണ്ണമായി - മറ്റൊന്നു മനസ്സില്‍ തോന്നിക്കണേ എന്നു കരുതി എഴുതുന്ന ഈ പ്രവണത നിര്‍ത്തണം. 

No comments: