Thursday, April 22, 2021

വാര്‍ത്തകളിലെ മലയാളം

സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുന്‍പ് ഇനി മന്ത്രിമാര്‍ രണ്ടുവട്ടം ആലോചിക്കും എന്ന് വായിച്ചു, മനോരമ പത്രത്തില്‍. സ്വജനപക്ഷപാതം കാണിക്കുകയും ബന്ധുനിയമനം നടത്തുകയും ചെയ്യും മുമ്പ് എന്ന് വിശദമാക്കുന്നതിനുപകരം "നടത്തുക" എന്നതിനെ രണ്ട് കാര്യങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗതി എളുപ്പമായെങ്കിലും വായനയില്‍ തടസ്സമുണ്ടായി. കുറേനേരം പോയി.

ഇതേ വാര്‍ത്തയില്‍ത്തന്നെ...

സത്യം ആണെന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി ഉറച്ചുനിന്നാല്‍ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന്നുറപ്പായി.  എന്തുമാത്രം ഉറപ്പുകള്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചരണവാചകത്തെ കളിയാക്കിയതാവാനാണ് സാധ്യത. അല്ലാതെന്തു പറയാന്‍!

24 മണിക്കൂര്‍ മാത്രം ആയുസ്സുള്ള വാര്‍ത്ത എന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണ്. ഇപ്പോള്‍ത്തന്നെ 2018-ലെ കേസെന്തായിരുന്നു എന്നും മറ്റും ഒരിക്കല്‍ക്കൂടി പഴയ വാര്‍ത്തകളിലേക്കു പോയി, തിരികെ വന്നു. കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. പഴയതിന്റെ ലിങ്കില്‍ നിന്ന് മറ്റു പല വാര്‍ത്തകളിലേക്കും വിശദാംശങ്ങളിലേക്കും പോയതിനുശേഷമാണ് വായിച്ചുകൊണ്ടിരുന്നതിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല, ടാഗു ചെയ്യുന്ന കാര്യങ്ങളില്‍ നിന്നോ ഗൂഗിളില്‍ നേരിട്ടു പോയോ മറ്റു വിവരങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. വിവിധ പത്രങ്ങള്‍, നിലപാടുകള്‍, വാര്‍ത്തയിലെ സത്യം എന്നിവയൊക്കെ തേടിപ്പോകാനും വായനക്കാരുടെ കമന്റുകള്‍ വായിക്കാനും അവസരമുണ്ട്. ആളുകള്‍ വാര്‍ത്തയോട് പ്രതികരിക്കുന്നതെങ്ങനെയെന്നും അതിനുള്ള മറുപടിയും മാത്രമല്ല, ഒറ്റനോട്ടത്തില്‍ പ്രതികരണമെന്തെന്നറിയാനുള്ള സംവിധാനവും നിലവിലുണ്ട്.



 

 

സംഗതി ഗംഭീരമായിട്ടുണ്ട്. ഇന്റര്‍വ്യൂവിന്റെ തുടക്കം. (ഇവിടെ നേരത്തേ സൂചിപ്പിച്ച വാര്‍ത്ത) അതില്‍ പരാമര്‍ശിച്ചിരിക്കുന്നവ ഫേസ് ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടതാണ്. (സ്ക്രീന്‍ ഷോട്ട് കാണുക)

ഇതാണോ കമ്പനി കാണാനിരുന്ന യുദ്ധം? പ്രയോഗമൊക്കെ കൊള്ളാം! മറുപടിയും. രണ്ടുവര്‍ഷം മുമ്പത്തെ കുറിപ്പിന് മറുപടി നല്‍കി എന്നതാണ് വാര്‍ത്ത. വാര്‍ത്ത കണ്ടെത്തിയ രീതിയും വാര്‍ത്തയാക്കിത്തീര്‍ത്ത സംഭവവും വായനക്കാരെ ആകര്‍ഷിക്കും. അടുത്ത ഖണ്ഡികയാണ് പ്രശ്നം. ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നയിച്ച യുദ്ധത്തിന്റെ പരിസമാപ്തിയായിരുന്നു ജലീലിന്റെ രാജി. യുദ്ധം നയിച്ചത് ഫിറോസും. ഇത് വാര്‍ത്തയിലെ വരികളാണോ അതോ FB പോസ്റ്റിലെ വരികളോ? അവിടെയാണ് സംശയം തോന്നുന്നത്.

അപ്പോള്‍ പറഞ്ഞുവരുന്നത് ഇതാണ്. വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, ലേഖനങ്ങള്‍, ട്രോളുകള്‍ എന്നിവയെല്ലാം -ഓണ്‍ലൈനും ഓഫ്‍ലൈനും ഇനി മറ്റേതെങ്കിലും ലൈനുണ്ടെങ്കില്‍ അതും- അടിയന്തരമായി എഴുത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം. വിലക്ഷണമായ എഴുത്ത് ആവര്‍ത്തിക്കില്ലെന്നും തെറ്റും എഴുത്തുപ്രശ്നങ്ങളും കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുമെന്നും. എന്നാല്‍ കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും ഇക്കഴിഞ്ഞ ദിവസത്തെ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ട "ദൃശ്യം മോഡല്‍" കൊലപാതകം എന്ന പ്രയോഗം ദൃശ്യം സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. സിനിമ കണ്ടിട്ടുള്ളവര്‍ക്കെല്ലാം വ്യക്തമായ കാര്യമാണത്. കൊന്നതിനുശേഷം ആരുമറിയാതെ കുഴിച്ചിട്ടു എന്നതുകൊണ്ട് അതിന് ദൃശ്യം മോഡല്‍ എന്ന പേരു വിളിക്കുന്നത് എങ്ങനെയാണ്? ദൃശ്യത്തില്‍ മരണപ്പെട്ടയാളുടെ സ്വയം വരുത്തിവച്ച സാഹചര്യം പ്രതികള്‍ക്കുമേല്‍ കുറ്റമാരോപിക്കുന്നതിന് പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒന്നല്ല. പെണ്‍കുട്ടികളുമൊത്ത് ജീവിക്കുന്ന മാതാപിതാക്കള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നായി കഥാഗതി മാറുകയും ചെയ്തു. മാത്രമല്ല, കഥയാവട്ടെ, "നിനച്ചിരിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരാളെ പറഞ്ഞയച്ച" സംഭവമാണ്. ഇപ്പോള്‍ നടന്ന കൊലയുടെ സാഹചര്യം നോക്കുമ്പോള്‍ അങ്ങനെയൊരു താരതമ്യത്തിന് സാധ്യതയില്ല. വാര്‍ത്തകള്‍ എഴുതുന്നവര്‍ ആളുകളുടെ ശ്രദ്ധ കൊണ്ടുവരിക എന്ന താല്പര്യം മാത്രം നോക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയില്‍ പാപ്പാന്മാര്‍ കോവിഡ് നെഗറ്റീവ് അല്ലെങ്കില്‍ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കില്ല എന്നാണ് കാണുന്നത്. വല്ലാത്തൊരു ആശയക്കുഴപ്പം തന്നെ. 1.നെഗറ്റീവും 2. അല്ലെങ്കിലും 3. പങ്കെടുപ്പില്ലെങ്കിലും ഒക്കെച്ചേര്‍ന്ന് ആകെപ്പാടെ ആശയപ്രശ്നം. ഒറ്റവായനയില്‍ ബോധ്യപ്പെടാന്‍ കുറച്ച് പ്രയാസമുണ്ടാവും. പിന്നെ 24 മണിക്കൂര്‍ ചാനലുകളില്‍ വിവരം വരുന്നതുകൊണ്ട് സംഗതി തലയില്‍ക്കയറാന്‍ പ്രയാസമുണ്ടാവില്ല. പാപ്പാന്മാര്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ആനകളെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കും എന്നോ പാപ്പാന്മാര്‍ കോവിഡ് പോസിറ്റീവായാല്‍ ആനകളെ  തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കില്ല എന്നോ ആയിരുന്നു വേണ്ടത്. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്റ്റൈല്‍ ബുക്ക് നോക്കട്ടെ എന്നൊക്കെ പറയുമായിരിക്കും. 

ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് എങ്ങനെയാണ് അതിതീവ്ര കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്? https://www.mathrubhumi.com/health/features/how-double-mutation-covid19-virus-spreads-more-quickly-1.5608354 - ഈ വാര്‍ത്ത നല്ല സന്ദേശമാണ് നല്‍കുന്നത്. അതിമനോഹരമായി മലയാളം ഉപയോഗിക്കാനാവുമെന്ന തെളിവാണിത്. വിവര്‍ത്തനത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നില്ല. വായിച്ചാല്‍ ആര്‍ക്കും കാര്യം പിടികിട്ടും. ഇത് സാധിക്കുമെന്നിരിക്കെ ഭാഷയുടെ ഉപയോഗത്തില്‍ അലംഭാവം കാണിക്കുന്നിടത്താണ് നേരത്തെ പറഞ്ഞ തെറ്റുകള്‍ സംഭവിക്കുന്നത്. മനോഹരവും ആകര്‍ഷകവുമായ രീതിയില്‍ വാര്‍ത്തയെഴുതുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. പൊതുവെ എഴുത്തിലെ തെറ്റുകള്‍ കുറവാണ്. അവയെ പര്‍വ്വതീകരിക്കുന്ന പ്രവണത അവസാനിക്കണം. മലയാളത്തെ മലയാളികള്‍ തന്നെയാണ് പല സന്ദര്‍ഭങ്ങളിലും പുച്ഛിക്കുന്നതായും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതായും കാണുന്നത്. ഇതരഭാഷക്കാര്‍ മലയാളം പഠിക്കുകയും (സ്വാഭാവികമായി പഠിക്കുന്നവരും) ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനും കളിയാക്കാനും മത്സരിക്കുന്നത് മലയാളികള്‍ തന്നെയാണ് എന്നതാണ് വസ്തുത. ഇത്തരം പല സന്ദര്‍ഭങ്ങളും കണ്ടിട്ടുണ്ട്. അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. 

സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം എന്നു വായിക്കുമ്പോഴും ഇരട്ട വ്യതിയാനം സംഭവിച്ച വൈറസിനും കോവാക്സിന്‍ ഫലപ്രദം എന്നു വായിക്കുമ്പോഴും ആശയക്കുഴപ്പമോ വിവര്‍ത്തനദോഷമോ കാണുന്നില്ല. ലോകത്തെ അറിയാനും ലോകത്തോട് സംസാരിക്കാനും വിവര്‍ത്തനത്തിലൂടെ സാധിക്കുമെന്നും കാര്യങ്ങള്‍ നന്നായി സംവദിക്കുമെന്നും വ്യക്തം. എന്നാലും ചിലര്‍ ഭാഷയ്ക്കുള്ള പരിമിതിയെക്കുറിച്ചൊക്കെ സംസാരിക്കും. പുറത്തു പോകണമെങ്കില്‍ ഭാഷ അറിയണം എന്നു വാദിക്കും. പുറത്തു പോകേണ്ടവര്‍ പോകുന്ന സമയത്ത് ചില ഭാഷാപരിശീലനമൊക്കെ നടത്തേണ്ടതുണ്ട്. അങ്ങനെ ചിന്തിക്കുന്നതാണ് നല്ലത്. അതല്ലാതെ ഇവിടെ പഠിച്ചിറങ്ങുന്നത് (വിശാലമായ കാഴ്ചപ്പാടിലാവണം എന്നൊക്കെ തോന്നിച്ചു കളയും) പുറത്തു പോകാനാണെന്നു വാദിക്കുന്നതിലെ പ്രശ്നമാണ് ശ്രദ്ധിക്കേണ്ടത്.

ചുരുക്കത്തില്‍ ഭാഷയ്ക്ക് ബലഹീനതകളുണ്ടെന്നു തോന്നിക്കുന്നത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യമായിരിക്കണം. ഭാഷാപരമായ അവ്യവസ്ഥകളെ ഇല്ലാതാക്കാനും അതിനനുസരിച്ച് മത-ജാതി-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-രാഷ്ട്രീയഭേദങ്ങളില്ലാതെ പ്രവര്‍ത്തിക്കാനും കഴിയണം. ഭാഷാ സംരക്ഷണത്തെ ലക്ഷ്യമാക്കി നടക്കുന്ന സമരങ്ങള്‍ അനുകൂലിക്കപ്പെടേണ്ടവയാണ്. കഴമ്പില്ലാത്ത കാര്യങ്ങള്‍ക്ക് ചര്‍ച്ചയുണ്ടാവുന്നതും ഭാഷയോടുള്ള സമീപനവും മാറണം. അത്രമാത്രം.

ന്നാൽ കാലതാമസമെടുത്തായാലും വിജയം ഉണ്ടാവും എന...

Read more at: https://www.manoramaonline.com/news/latest-news/2021/04/13/interview-with-youth-league-state-leader-pk-firos.html
സ്വജനപക്ഷപാതവും ബന്ധുനിയമനവും നടത്തും മുൻപ് മന്ത്രിമാർ ഇനി രണ്ടു വട്ടം ആലോചിക്കും....

Read more at: https://www.manoramaonline.com/news/latest-news/2021/04/13/interview-with-youth-league-state-leader-pk-firos.html

No comments: