Sunday, April 23, 2023

ആഴത്തില്‍ നിന്ന് ആഴമേറിയപ്പോള്‍

ആഴത്തിലറിയുക എന്നൊന്നുണ്ട്. എന്താണത് എന്ന ചോദ്യത്തിന് കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നായിരിക്കും മറുപടി. ആഴത്തിലേക്കിറങ്ങി അന്വേഷിക്കലാണത്. അതായത് പുഴയുടെ ആഴത്തിലേക്ക് ഇറങ്ങുകയും അവിടെ തിരയുകയും ചെയ്യുക. ഇങ്ങനെ സാധാരണയായി കേള്‍ക്കുന്ന ഒരു സംഗതിയെ ശബ്ദതാരാവലിയോ ശൈലീ പുസ്തകമോ ഒന്നും നോക്കാതെ അവതരിപ്പിക്കാനാവും. ഇനി ഇതിന്റെ നിരുക്തിയിലേക്കു പോവുകയാണെങ്കില്‍ ആഴം എന്ന പദം എങ്ങനെയുണ്ടാകുന്നു, അത് മലയാളത്തില്‍ വന്നതെങ്ങനെ? ഏതു സാഹചര്യത്തിലാകും ഉപയോഗിക്കപ്പെട്ടിരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ സാധിക്കും.
          നന്നായി വായിച്ചു മനസ്സിലാക്കുക എന്നു പറയുന്നതിനേക്കാള്‍ സൗന്ദര്യം ഇതിനുണ്ട്. കുറേക്കൂടി സാഹിത്യഭംഗിയുണ്ട്. വെറുതെ ഭംഗിവാക്കു പറയുന്നതുപോലെയല്ല, പണ്ഡിതസമാനമായ എന്തോ ഒരു സംഗതി കേട്ട അനുഭൂതിയാണ് മറ്റൊരാള്‍ ഇങ്ങനെ നമ്മളോട് പറയുമ്പോള്‍ ഉണ്ടാവുക.
          ആഴത്തിലറിയുന്നതിന് നെഗറ്റീവായ അര്‍ത്ഥവും ഒരുപക്ഷേ കണ്ടേക്കാം. നെഗറ്റീവ് എന്നല്ല, ദ്വയാര്‍ത്ഥം എന്നൊക്കെ വിചാരിക്കാവുന്നതാണ്. മറ്റെന്തെങ്കിലും ധ്വനിയിലാണെങ്കില്‍ സന്ദര്‍ഭാനുസരണം ചിരിയും വരും.
          കാക്ക കരയുക എന്നാണല്ലോ പറയുക. കരയുന്നത് സന്തോഷം വരുമ്പോഴല്ലെന്നു നമുക്കറിയാം. എന്നിട്ടും കാക്കകള്‍ തീറ്റ കാണുമ്പോള്‍ മറ്റുള്ളവയെ വിളിക്കുന്നതിന് കാക്കകള്‍ നിലവിളിക്കുന്നുവെന്നോ ബഹളംവെയ്ക്കുന്നുവെന്നോ അല്ല പറയാറ്. കരയുക എന്നതന്നെയാണ്. ഈ കരച്ചില്‍ (അവറ്റകളുടെ കരച്ചില്‍ എന്ന സിനിമാപ്രയോഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍) പ്രയോഗം ബഹുരസമാണ്. കരയാതിരിക്കൂ... എല്ലാം ശരിയാകും എന്ന ആശ്വാസവചനത്തിനുപോലും സ്കോപ്പില്ലാത്ത ഇടമാണത്.
 
ചില ഉദാഹരണങ്ങള്‍
ആഴമേറി എന്നാണ് നെറ്റില്‍ തേടിയത്...
 
ചരിത്രജയത്തില്‍ മത്സരം കലാശിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ അസ്വസ്ഥതയുടെ ആഴമേറി.
കളർകോട്ടെ കുഴിക്ക്‌ ആഴമേറി.
ഇടങ്ങളെക്കുറിച്ച് അത്രകണ്ട് ആഴമേറി ചിന്തിപ്പിച്ചതാണ്...
ഏഷ്യാനെറ്റിന്റെ ആരംഭകാലത്ത് വിവിധ പരിപാടികളിലൂടെ അതിന്റെ ആഴമേറി.
പിന്നീട് ഇരുവരും തമ്മിലെ അകല്‍ച്ചയുടെ ആഴമേറി.
ഫൈനലില്‍ സ്വന്തം ടീം ബൂട്ടണിയുന്നതോടെ ആഗ്രഹത്തിന് ആഴമേറി.
കൊവിഡ് ലോക്ക്ഡൗണ്‍ കൂടി ആയതോടെ ദുരിതത്തിന് ആഴമേറി.
ആ സൗഹൃദത്തിന് ആഴമേറി.
 
ആഴമേറിയും ആഴത്തിലറിഞ്ഞും ആഴമില്ലാതെയും എത്രയെത്ര വാക്കുകള്‍...

No comments: