ഒരു അനീതി നടക്കുമ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പുയര്‍ത്തുന്നത് സാമാന്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അനീതിയുടെ പശ്ചാത്തലവും വൈകാരികതയും മറ്റും അതിനുശേഷമാണ് അപഗ്രഥിക്കപ്പെടുക. അങ്ങനെയൊരു സാഹചര്യം രൂപപ്പെടുമ്പോഴാണ് അതൊരു ബഹുജനപ്രക്ഷോഭമായിത്തീരുക. ആ സന്ദര്‍ഭത്തിലും കൃത്യമായ ദാര്‍ശനികപരിസരം രൂപപ്പെട്ടുവെന്നു കരുതാനാവുമോ? ഉത്തരം “ഇല്ല” എന്നുതന്നെയാണ്. എന്നാല്‍ അതെങ്ങനെയാണ് വളര്‍ന്നുവികസിക്കുന്ന, ചരിത്രപരമായ പരിണാമകാരിയാകുന്ന പ്രതിഷേധമായതെന്നു പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിന്റെ അടിസ്ഥാനം ആക്ഷേപഹാസ്യ(satire)മാണ്. ആ അനുകരണത്തെ മുളയില്‍ത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളെന്നു പൊതുവെ വിളിക്കുന്ന ഏര്‍പ്പാടിനെ അപഹസിക്കുക എന്നതാണ് ചെറുത്തുനില്‍പ്പിനുള്ള ആയുധമായി അവര്‍ സ്വീകരിച്ചത്. ജനാധിപത്യത്തിന്റെ പാരമ്പര്യരീതികളില്‍നിന്നു വ്യതിചലിച്ചു ദേശീയതയ്ക്ക് ഊന്നല്‍നല്‍കുന്ന, ഇന്ത്യന്‍ പൗരന്മാരെ നിര്‍വ്വചിക്കുന്ന പൂര്‍വ്വകാലാനുഭവങ്ങള്‍ കൂടിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇവിടെയാണ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പുതിയ ഭാഷാരൂപങ്ങളും പ്രതീകാത്മകതയും സ്വീകരിച്ചുകൊണ്ട് വളര്‍ന്നുവരുന്ന കാലഘട്ടത്തെ നാം കാണുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന പേരില്‍ ഉയര്‍ന്നുവന്ന കൂട്ടായ്മ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ആക്ഷേപഹാസ്യത്തെ പ്രതിഷേധത്തിന്റെ മുഖ്യഭാഷയാക്കി മാറ്റിക്കൊണ്ട്, ഭരണകൂടവിമര്‍ശകരെ രാജ്യദ്രോഹികളെന്നും വിദേശഫണ്ട് കൈപ്പറ്റുന്നവരെന്നും അര്‍ബന്‍ നക്സലുകളെന്നും ചാരന്മാരെന്നും മുദ്രകുത്തുന്ന പതിവുരീതികളെ പരിഹസിച്ചുകൊണ്ടാണ് ഈ പ്രസ്ഥാനം ശ്രദ്ധനേടിയത്.
ചെറുത്തുനില്‍പ്പിന്റെ ഭാഷ: ആക്ഷേപഹാസ്യവും രാഷ്ട്രീയവും
രാഷ്ട്രീയത്തില്‍ പ്രതിരോധപ്രകടനം (performative resistance) എന്ന സങ്കല്പനത്തിന്റെ കൃത്യമായ ചില കാഴ്ചപ്പാടുകള്‍ ഈ സാഹചര്യത്തോടു ചേര്‍ന്നുവരുന്നതായി മനസ്സിലാക്കാം. ഈ ആശയത്തിന്റെ ദാര്‍ശനികമായ നിലനില്പ് ഭാഷാശാസ്ത്രജ്ഞനായ ജെ.എല്‍. ഓസ്റ്റിന്റെ പെര്‍ഫോമറ്റിവിറ്റിയില്‍ കണ്ടെത്താനാവും. ഭാഷയും പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേവലം വിവരിക്കുകയല്ല എന്നുമാണ് പെര്‍ഫോമറ്റിവിറ്റി പറയുന്നത്. ഈ സങ്കല്പനം ഓസ്റ്റിന്‍ തന്റെ 1962-ലെ How to Do Things with Words എന്ന കൃതിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ജൂഡിത്ത് ബട്‌ലറുടെ കൃതികളിലൂടെ ഈ സങ്കല്പം സാമൂഹിക-രാഷ്ട്രീയപ്രതിരോധത്തിന്റെ വിശകലനത്തിലേക്കു വികസിപ്പിക്കപ്പെട്ടു. ബട്‌ലറുടെയും കാരന്‍ ബറാദിന്റെയും പെര്‍ഫോമറ്റിവിറ്റി സിദ്ധാന്തങ്ങളിലൂടെ എങ്ങനെയാണ് ഭരണകൂട/സംഘടനാനയങ്ങളോടുള്ള ചെറുത്തുനില്‍പ്പും, ചെറുത്തുനില്‍ക്കുന്നവരും പരസ്പരബന്ധിതമായ വ്യവഹാരങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഒരുമിച്ചു രൂപപ്പെടുന്നതെന്നു പഠനങ്ങളുണ്ടായിട്ടുണ്ട്. സാമൂഹികപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍, ഇത് performative turn എന്ന വിശാലമായ പ്രവണതയുടെ ഭാഗമായാണുവരുന്നത്. പ്രകടനം (performance) സാമൂഹികപ്രസ്ഥാനങ്ങളിലും ആക്ടിവിസത്തിലും ഒരു ചട്ടക്കൂടായും, അതുപോലെ രാഷ്ട്രീയത്തിന്റെ സൗന്ദര്യാത്മകമാനങ്ങളെ പഠിക്കാനുള്ള വിശകലനോപാധിയായും വരുന്നു. സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട അടിച്ചമര്‍ത്തല്‍ വ്യവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തെ പ്രതീകവല്‍ക്കരിക്കാനുള്ള ഭാഷാതന്ത്രമാണിത്. അവിടെ പൊതുവായി രൂപകരിക്കപ്പെട്ട രൂപകങ്ങളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുക. ഭരണകൂടത്തിന്റെ പൊതുസ്വഭാവത്തെയും വ്യക്തികളുടെ മാനറിസങ്ങളെയും ദുര്‍ഗ്രഹമല്ലാത്ത രീതിയില്‍ വലിയൊരു ഗ്രൂപ്പിലേക്ക് എത്തിക്കാനും അതുവഴി നിരന്തരമായ സോഷ്യല്‍മീഡിയ പ്രചരണങ്ങളിലൂടെ വ്യക്തികളില്‍ അഭിപ്രായരൂപീകരണം നടത്താനും സാധിക്കുന്നു.
അധികാരത്തിന്റെ ഭാഷയെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രീതി ലോകത്തിന്റെ പല ഭാഗങ്ങളിലും ചെറുത്തുനില്‍പ്പിന്റെ ഫലപ്രദമായ ഉപാധിയായി മാറിയിട്ടുണ്ട്. കോക്രോച്ച് എന്ന പദം ചരിത്രപരമായി അപമാനവീകരണത്തിന്റെ (dehumanization) ഭാഗമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചെറുപ്പക്കാരെ പാറ്റകളോടുചേര്‍ത്തു പറയുന്നിടത്ത് ഇതുണ്ട്. ഈ അപമാനവീകരണമാണ് അതേ നാണയത്തില്‍ അതിനെ സ്വീകരിച്ചുകൊണ്ടുള്ള പ്രതികരണമായി മാറുന്നത്. റുവാണ്ടയിലെ ടുട്സി വംശജരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു ഇന്യെന്‍സി (Inyenzi) അഥവാ പാറ്റ. 1994-ലെ ടുട്‌സി വംശഹത്യയ്ക്ക് മുന്‍പുള്ള വര്‍ഷങ്ങളില്‍, ഭരണകൂടം അതിന്റെ എല്ലാത്തരം പ്രചാരണസംവിധാനവും ഉപയോഗിച്ച് ടുട്‌സികള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തിയതായിക്കാണാം. അതുപോലെ തികച്ചും ശക്തമായ ഒരു പദത്തെ സ്വയം സ്വീകരിച്ചുകൊണ്ട്, തങ്ങള്‍ക്കുനേരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ അസംബന്ധത്തെ തുറന്നുകാട്ടുകയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള പുനഃസ്വാംശീകരണ(reclamation)തന്ത്രം സാമൂഹികപ്രസ്ഥാനങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയപശ്ചാത്തലത്തില്‍ ഇതു ശ്രദ്ധേയമായ ഒരു വഴിത്തിരിവാണ്.
പ്രതിഷേധത്തിന്റെ ഭാഷ ഗൗരവമുള്ള മുദ്രാവാക്യങ്ങളില്‍നിന്നും ഹാസ്യാത്മകമായ പ്രതിരൂപങ്ങളിലേക്ക് മാറുന്നത്, യുവജനങ്ങളുടെ രാഷ്ട്രീയപങ്കാളിത്തത്തിന്റെ സ്വഭാവത്തിലുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ കാലഘട്ടത്തില്‍ വളര്‍ന്ന തലമുറ ദൃശ്യപരവും വേഗതയേറിയതുമായ ആശയവിനിമയ രീതികളെ രാഷ്ട്രീയപ്രകടനത്തിനായി പുനര്‍നിര്‍മ്മിക്കുകയാണ്. അതിന്റെ മാനങ്ങള്‍ ആക്ഷേപഹാസ്യമെന്നതിലുപരി വളരുമെന്നു കണക്കുകൂട്ടാന്‍ ഭരണകൂടത്തിനു—സോഷ്യല്‍മീഡിയയെ ശക്തമായ പ്രചരണോപാധിയായി ഉപയോഗിക്കുന്നവെന്നു കരുതുന്ന, ഐടി സെല്ലുകളുള്ള—സാധിക്കാതെ പോയി.
നീറ്റ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലം
നേരത്തേ സൂചിപ്പിച്ച സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസിന്റെ പ്രയോഗം ഇന്ത്യയിലെ ചെറുപ്പക്കാരെക്കുറിച്ചായിരുന്നു. (2026 മെയ് 15-ന് ബഹു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വാദത്തിനിടയിൽ തൊഴിലില്ലാത്ത യുവാക്കളെ പാറ്റ/പരാദങ്ങളോട് ഉപമിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നപ്പോൾ, വ്യാജ നിയമബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നവരെക്കുറിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്നും അല്ലാതെ രാജ്യത്തെ യുവാക്കളെ മുഴുവൻ ഉദ്ദേശിച്ചല്ലെന്നും പിന്നീട് മാധ്യമങ്ങളിലൂടെ വിശദീകരണം നൽകുകയുണ്ടായി.) അതായത് ജെന്‍-സി എന്നു വിളിക്കപ്പെടുന്ന തലമുറയില്‍പ്പെട്ടവര്‍. പാറ്റകളെപ്പോലെ ശല്യക്കാരായി മാറിയിരിക്കുന്നുവെന്ന ആക്ഷേപത്തെ ഏറ്റെടുത്ത് പാറ്റകളുടെ സംഘടനയെന്ന അര്‍ത്ഥത്തില്‍ അഭിജിത് ദീപ്കെ എന്ന വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയ അക്കൗണ്ടായി സിജെപി രൂപീകരിച്ചതും അതിന് ബിജെപിയെന്ന പാര്‍ട്ടിയുടെ പേരുമായി സമാനതയുണ്ടായതും യാദൃച്ഛികമല്ല. എതിര്‍പ്പിനെ—ആഖ്യാനം—അതേ നാണയത്തില്‍ എതിര്‍ക്കാനുള്ള—പ്രത്യാഖ്യാനം—കാഴ്ചപ്പാടും സാങ്കേതികജ്ഞാനവും പോരാട്ടത്തിനു ശക്തിപകര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ് ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളും പുനഃപരീക്ഷയും മറ്റും വലിയ ചര്‍ച്ചയായിത്തീരുന്നത്. ഇവ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിത്തീരുന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം സാങ്കേതികവും ഭരണപരവുമായ പരാജയങ്ങളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം ക്രമേണ രാഷ്ട്രീയവിമര്‍ശനത്തിലേക്ക് വളര്‍ന്നുവെന്നതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭരണപരമായ പിഴവുകളില്‍ തുടങ്ങി, ഭരണകൂടത്തിന്റെ ജനാധിപത്യപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കു ചര്‍ച്ച വ്യാപിച്ചത് സ്വാഭാവികമായ രാഷ്ട്രീയവല്‍ക്കരണപ്രക്രിയയായി (politicization) വിലയിരുത്താനാവും. അതായത്, വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഭരണപരാജയമായി തുടങ്ങിയ വിഷയം, മുമ്പത്തെ അനുഭവങ്ങളുടെയും ആരോപണങ്ങളുടെയും ഡാറ്റകളുമായി—ശേഖരവുമായി—കൂടിച്ചേരുമ്പോള്‍ വിശാലമായ രാഷ്ട്രീയപ്രസ്ഥാനമായി രൂപാന്തരപ്പെടുകയാണ്. ഈ പ്രക്രിയയെ ഫ്രെയിമിംഗ് (framing) എന്നാണു പറയുക. അതായത്, പ്രശ്നത്തെ വലിയൊരു ആഖ്യാനത്തിന്റെ (narrative) ഭാഗമായി അവതരിപ്പിക്കുന്ന രീതി. സാമൂഹികപ്രസ്ഥാനപഠനങ്ങളില്‍ (social movement studies) സാമൂഹ്യശാസ്ത്രജ്ഞരായ ഡേവിഡ് സ്നോയും റോബര്‍ട്ട് ബെന്‍ഫോര്‍ഡുമാണ് ഫ്രെയിമിംഗ് സിദ്ധാന്തത്തെ വിശദീകരിക്കുന്നത്. ഇര്‍വിംഗ് ഗോഫ്മാന്റെ (1974) ഫ്രെയിം എന്ന സങ്കല്പനത്തെയാണ് സാമൂഹികപ്രസ്ഥാനങ്ങളുടെ പഠനവുമായി ഇവര്‍ ചേര്‍ത്തുകണ്ടത്. നിര്‍വചനമിങ്ങനെ: കൂട്ടായ പ്രവര്‍ത്തന ഫ്രെയിമുകള്‍ (collective action frames) എന്നത് ഒരു സാമൂഹികപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെയും കാമ്പെയിനുകളെയും പ്രചോദിപ്പിക്കുകയും സാധുത നല്‍കുകയും ചെയ്യുന്ന, പ്രവര്‍ത്തനാധിഷ്ഠിതമായ വിശ്വാസങ്ങളുടെയും അര്‍ത്ഥങ്ങളുടെയും കൂട്ടമാണ് എന്നാണ്. അതായത്, ഒരു പ്രശ്നത്തെ ആളുകള്‍ എങ്ങനെ മനസ്സിലാക്കുന്നു, ആരാണ് അതിന് ഉത്തരവാദി, എന്താണ് പരിഹാരം എന്നിവയെക്കുറിച്ചുള്ള വ്യാഖ്യാനസാധുതയുള്ള പാക്കേജ് (interpretive package) സൃഷ്ടിക്കുന്ന പ്രക്രിയയാണ് ഫ്രെയിമിംഗ്. ഒരു സംഭവത്തെ, അതിനെക്കാള്‍ വലിയൊരു ആഖ്യാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോള്‍ അതിന് പുതിയ അര്‍ത്ഥവും രാഷ്ട്രീയപ്രാധാന്യവും കൈവരുന്നു. ഇതിനെ ഏറ്റവും സമര്‍ത്ഥമായി ബിജെപിയും പോഷകസംഘടനകളും ഉപയോഗിച്ചുവെന്നതാണ് ഇതിലെ ആദ്യ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഐറണി. ഇതേ രീതിയില്‍ത്തന്നെയാണ് സിജെപിയുടെ ആഖ്യാനഘടനയും രൂപീകരണവും പ്രവര്‍ത്തനവും. ആദ്യത്തേത് വ്യവസ്ഥാപിതമായ രാഷ്ട്രീയസംഘടനയാണെങ്കില്‍ രണ്ടാമത്തേത് സ്വയമേവ രൂപപ്പെട്ട യുവജനങ്ങളുടെ കൂട്ടമാണെന്നുമാത്രം. ഇതിന്റെ മൂന്നു ഘടകങ്ങളാണ് പ്രശ്നത്തെ തിരിച്ചറിയുന്ന ഡയഗ്നോസ്റ്റിക് ഫ്രെയിമിംഗ്, പരിഹാരം നിര്‍ദ്ദേശിക്കുന്ന പ്രോഗ്നോസ്റ്റിക് ഫ്രെയിമിംഗ്, ജനങ്ങളെ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുന്ന മോട്ടിവേഷണല്‍ ഫ്രെയിമിംഗ് എന്നിവ. ഈ ഘടന സിജെപിയുടെ കാര്യത്തില്‍ അതിശക്തമായി കടന്നുവരുന്ന—നേരത്തേതന്നെയുള്ളതും വഴികാട്ടിയുമായ സോഷ്യല്‍ മാനിപ്പുലേറ്റീവ് ആഖ്യാനഘടന—പ്രത്യാഖ്യാനഘടന(counter narrative)യായി മാറുന്നു. അതായത്, പ്രത്യാഖ്യാനങ്ങളുടെ ഫ്രെയിമാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്. അതാവട്ടെ, മുമ്പത്തേക്കാള്‍ ശക്തവുമായിരിക്കും. പോരായ്മകളുടെയും വ്യാജവാര്‍ത്തകളുടെയും നിര്‍മ്മിതരൂപത്തെ അതിനേക്കാള്‍ ശക്തമായ കൗണ്ടര്‍ നരേറ്റീവ് ഘടനയിലൂടെ എതിര്‍ക്കുകയാണ്. നേരത്തെയുള്ളതിന്റെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. നീറ്റ് സമരത്തിന്റെ പശ്ചാത്തലത്തില്‍: ഒന്നാമതായി, പരീക്ഷാ ക്രമക്കേടിനെ ഭരണപരാജയത്തിന്റെ ലക്ഷണമായി നിര്‍വചിക്കാനാവുന്നത് ഡയഗ്നോസ്റ്റിക് ആണ്. രണ്ടാമതായി, ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് വേണ്ടതെന്നും ആവശ്യമുന്നയിക്കാന്‍ സാധിക്കുന്നത് പ്രോഗ്നോസ്റ്റിക് ആണ്. മൂന്നാമതായി നിരവധിയായ സറ്റയറുകളിലൂടെ/നേരത്തേ തന്നെ നിര്‍മ്മിക്കാനുപയോഗിച്ച ഫ്രെയിമുകളെക്കൂടി ആശ്രയിച്ച് കൂടുതല്‍ ആളുകളെ ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നത് മോട്ടിവേഷണല്‍ ആണ്.
ശേഷം സംഭവിക്കാന്‍ സാധ്യതയുള്ളത് സ്വാഭാവികപരിണതിയാണ്. ഫ്രെയിം എക്സ്റ്റന്‍ഷന്‍ (frame extension) എന്ന പ്രക്രിയയാണിത്. ആദ്യപരാതി (നീറ്റ് ക്രമക്കേട്) വിശാലമായ രാഷ്ട്രീയവിമര്‍ശനത്തിലേക്ക് (അഴിമതി, മതരാഷ്ട്രീയം) വളരുന്ന പ്രക്രിയയാണിത്. പൊതുവെ സാമൂഹികപ്രസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങളും ഫ്രെയിമിംഗുകളും അതിന്റെ പ്രാഥമികവിഷയങ്ങള്‍ക്കപ്പുറം, അനുയായികള്‍ക്കു പ്രധാനവും പ്രസക്തവുമായേക്കാവുന്ന മറ്റു വിഷയങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതാണ് ഫ്രെയിം എക്സ്റ്റന്‍ഷന്‍. ഇവിടെ ഇത് കൗണ്ടര്‍ ഫ്രെയിം എക്സ്റ്റന്‍ഷനായതിനാല്‍ കുറേക്കൂടി എളുപ്പവും ശക്തവുമാകുന്നു. ഭരിക്കുകയെന്നതിനപ്പുറം ക്ഷേത്രനിര്‍മ്മാണത്തിലേക്കും—തിരിച്ചുമാവാം—മതരാഷ്ട്രവാദത്തിലേക്കും രാഷ്ട്രനിര്‍മ്മിതികള്‍ക്കു പ്രേരകമായ ഭൂതകാലത്തെ നിര്‍മ്മിതികളെ പുതിയ പേരുകളിലേക്കു മാറ്റുകയും ചെയ്തിരുന്ന ഭരിക്കുന്നവരുടെ രീതികളെ അതേ സമ്പ്രദായത്തില്‍ തിരിച്ചിടുകയാണിവിടെ. അതുകൊണ്ടാണ് പ്രതിഷേധമായി ചിലരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ പ്രവര്‍ത്തനം—പാര്‍ലമെന്റിലും പുറത്തും ഭരണകൂടത്തിന്റെ പ്രവര്‍ത്തനശൈലിയോടും സാമ്പത്തികനിലപാടുകളോടുമുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഒരേതരം തലമുറകളുടെ പരസ്പരവിനിമയമായോ പല സന്ദര്‍ഭങ്ങളിലും അഴിമതിവിരുദ്ധകാമ്പെയിനുകളുടെ പേരിലുള്ള ഇഡി അന്വേഷണങ്ങളും മറ്റുമായോ മാറുകയായിരുന്നു—അതിന്റെ യഥാര്‍ത്ഥ വീക്ഷണങ്ങളിലേക്കും ശരികളിലേക്കും നേരത്തേ സ്വീകാര്യമായിരുന്നവയുടെ നിഷേധത്തിലേക്കും മാറുന്നത്. രാഘവ് ചദ്ദയെപ്പോലുള്ളവര്‍ പുതുതലമുറയുടെ പ്രശ്നങ്ങളെ പുതിയരീതിയില്‍ അവതരിപ്പിക്കുകയും സോഷ്യല്‍മീഡിയ സ്റ്റാറ്റസുകളിലും മറ്റും നിറയുകയും ചെയ്തുവെങ്കിലും ഭരണപക്ഷത്തേക്കുള്ള മാറ്റം യുവാക്കളില്‍ നിരാശ പടര്‍ത്തിയിരിക്കണം. (പാർട്ടി മാറ്റത്തെ തുടർന്ന് തനിക്കെതിരെ വന്ന ട്രോളുകളും മറ്റും തടയാനായി അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയാണുണ്ടായത്. രാഷ്ട്രീയവിമർശനങ്ങളും ഹാസ്യവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നാണ് കോടതി വ്യക്തമാക്കിയത്.) അവിടെ നില്‍ക്കുന്ന അദ്ദേഹത്തെ കേള്‍ക്കാന്‍ പുതുതലമുറ തയ്യാറല്ലെന്നു കൂടി വിലയിരുത്താനാവും. കൗണ്ടര്‍ ഫ്രെയിം എക്സ്റ്റന്‍ഷനിലേക്കു വരുമ്പോള്‍, നീറ്റുവിഷയവുമായി തുടങ്ങിയ പ്രതിഷേധം നേരത്തേതന്നെ ഭരണകൂടത്തിന്റെ വിമര്‍ശനത്തിനു ഹേതുവായ വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ചും സ്ഥാപിതതാല്പര്യങ്ങളെക്കുറിച്ചും അഴിമതികളെക്കുറിച്ചും ക്രമേണ ഓര്‍മ്മിപ്പിക്കുകയാണ്.
ഈ ഫ്രെയിമിംഗിനു മറ്റൊരു വശം കൂടിയുള്ളതായി സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്താനാവും. ഫ്രെയിമിംഗിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കുന്നവരെ ചാപ്പകുത്തുക എന്ന പ്രക്രിയയാണത്. കഴിഞ്ഞ കുറേക്കാലങ്ങളായി നടന്നുവരുന്ന ഈ ചാപ്പകുത്തല്‍ നേരത്തേ സൂചിപ്പിച്ച രാജ്യദ്രോഹം, വിദേശഫണ്ട് തുടങ്ങിയ സ്ഥിരം പല്ലവികളാണ്.
ചാപ്പകുത്തല്‍ രാഷ്ട്രീയവും വിമര്‍ശകരും
പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നും വിദേശഫണ്ട് കൈപ്പറ്റുന്നവരെന്നും മുദ്രകുത്തുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയതല്ല. ഭരണകൂടത്തിനെതിരായ ഏതൊരു വിയോജിപ്പിനെയും ദേശവിരുദ്ധതയായി ചിത്രീകരിക്കുന്ന പ്രവണത ജനാധിപത്യസംവാദത്തിന്റെ ഇടം ചുരുക്കുന്നു. രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിയോജിപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം (criminalization of dissent) എന്നുപറയുന്നു. അതേസമയം, ഭരണപക്ഷത്തിന്റെ വീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍, ദേശസുരക്ഷയും പൊതുക്രമവും സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത്തരം നിലപാടുകള്‍ അവതരിപ്പിക്കപ്പെടാറുള്ളത്. ചില പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാഹ്യശക്തികളിലൂടെയും സോഷ്യല്‍മീഡിയ കാമ്പെയിനുകളിലൂടെയും സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ചര്‍ച്ചാവിഷയമാണെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്.
സിജെപി പോലുള്ള കൂട്ടായ്മകളുടെ പ്രത്യേകത, ഈ ചാപ്പകുത്തല്‍രീതിയെത്തന്നെ പരിഹാസ്യമാക്കി മാറ്റുന്നുവെന്നതാണ്. തങ്ങളെ ദേശദ്രോഹികളെന്നും തീവ്രവാദികളെന്നും വിളിക്കുന്നതിനുമുമ്പേ പാറ്റകള്‍ എന്നുപറഞ്ഞുകൊണ്ട്, ആരോപണത്തിന്റെ വൈകാരികമൂര്‍ച്ചയെക്കുറയ്ക്കുന്ന തന്ത്രമായി ഇതിനെ വായിക്കാം. ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇത്തരം പ്രതികരണങ്ങളെ സ്വയം-അപഹസിക്കുന്നതിലൂടെ നേടുന്ന ശാക്തീകരണമായി (empowerment through self-deprecation) കാണണം. ഭരണകൂടത്തോടുള്ള അവിശ്വാസത്തെ ബലപ്പെടുത്തുന്ന മുന്‍കാലത്തെ ആരോപണങ്ങള്‍—രാഷ്ട്രീയപ്രത്യാരോപണങ്ങളായി നിലനിന്നവ—യുവജനങ്ങളില്‍ ശക്തമായിരുന്നുവെന്നുറപ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അവ മത്സരപ്പരീക്ഷകളുടെ ഭാവിയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് കുറച്ചുകൂടി ശക്തമായ മറുപടികള്‍ പ്രതീക്ഷിക്കുന്നത്.
ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയസമീപനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഏറെക്കാലമായി ഇന്ത്യന്‍ പൊതുമണ്ഡലത്തിലുള്ളതാണ്. മതനിരപേക്ഷതയുടെ ഭരണഘടനാപരമായ തത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു എന്ന ആരോപണം പ്രതിപക്ഷകക്ഷികളും സാമൂഹികപ്രവര്‍ത്തകരും നിരന്തരം ഉന്നയിക്കാറുണ്ട്. ബിജെപിയും അതിന്റെ അനുഭാവികളും ഇതിനെ പ്രതിരോധിക്കുന്നത്, സാംസ്കാരികദേശീയതയും ഭൂരിപക്ഷസമുദായത്തിന്റെ പൈതൃകത്തെ വീണ്ടെടുക്കലും പ്രതിരോധവുമായി വ്യാഖ്യാനിച്ചുകൊണ്ടാണ്. ഈ രണ്ട് വീക്ഷണങ്ങളും തമ്മിലുള്ള സംഘര്‍ഷം ജനാധിപത്യത്തില്‍ കേന്ദ്രവിഷയമായി നില്‍ക്കുന്നു.
അക്കാദമിക് വിഷയങ്ങളില്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രതിഷേധം, ഭരണകൂടവിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടിലേക്ക് അടുക്കുന്നുവെന്നത് സാമൂഹ്യശാസ്ത്രപരവും മനഃശാസ്ത്രപരവുമായി പഠിക്കേണ്ട പ്രതിഭാസമാണ്. മുന്‍കാല സംഭവങ്ങളില്‍ പ്രതികരിച്ചിരുന്നില്ല എന്നു വിമര്‍ശിച്ചവരോട്, അതിനുള്ള സമയമായിരിക്കുന്നു എന്ന തിരിച്ചറിനെക്കൂടിയാണ് തുറന്നുകാണിച്ചത്. കാരണം, ഗോദി മീഡിയ എന്നു വിളിക്കപ്പെട്ടവരെ ഇപ്പോഴവര്‍ അകറ്റിനിര്‍ത്തുന്നു. മതവര്‍ഗ്ഗീയതയുടെ പേരിലുണ്ടായ വിഭജനങ്ങളെ ഓര്‍ത്തെടുക്കുന്നു. തമസ്കരിക്കപ്പെട്ട വാര്‍ത്തകളെല്ലാം തങ്ങളുടെ സോഷ്യല്‍മീഡിയാവലയത്തില്‍ സജീവമായിരുന്നുവെന്ന് കാണിച്ചുതരുന്നു. ഒരു പ്രത്യേക പ്രശ്നത്തിലൂടെ, വ്യക്തിപരമായി ബാധിക്കുന്ന പ്രശ്നത്തിലൂടെ (personal grievance) വിശാലമായ രാഷ്ട്രീയാവബോധത്തിലേക്ക് എത്തിച്ചേരുന്ന പ്രക്രിയയാണിത്.
സിജെപി എന്ന കൂട്ടായ്മയുടെ പ്രാധാന്യം പരീക്ഷാ വിവാദത്തിനപ്പുറം വ്യാപിക്കുന്നത് മറ്റു രാജ്യങ്ങളില്‍ നടന്നിട്ടുള്ളതും ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയതുമായ ശ്രമങ്ങളോടു കൂട്ടിവായിക്കാനാവില്ല. കാരണം, ഇതു ശ്രദ്ധേയമാകുന്നത് താഴെപ്പറയുന്ന കാരണങ്ങളിലൂടെയാണ്:
ഒന്നാമതായി, ഭരണകൂടത്തിന്റെ പ്രചരണഭാഷയെ തിരിച്ചിടുന്ന പുതിയ പ്രതിരോധസൗന്ദര്യശാസ്ത്രം (aesthetics of resistance) ഇത് അവതരിപ്പിക്കുന്നു. ഇത് യുവജനങ്ങളുടെ രാഷ്ട്രീയഭാഷയില്‍ വന്നിട്ടുള്ള പരിണാമത്തിന്റെ സൂചകമാണ്.
രണ്ടാമതായി, ഒറ്റപ്പെട്ട ഭരണപരാജയങ്ങളില്‍നിന്നും വിശാലമായ രാഷ്ട്രീയവിമര്‍ശനത്തിലേക്കുള്ള പരിവര്‍ത്തനപ്രക്രിയയെ ഇത് ദൃശ്യതലത്തിലേക്കു കൊണ്ടുവരുന്നു.
മൂന്നാമതായി, ഈ സമരം ജനാധിപത്യസംവാദത്തിനു നിര്‍ണ്ണയിക്കുന്ന അതിരുകളെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കുന്നു. അതായത്, വിയോജിപ്പിനെ കാണേണ്ടതെങ്ങനെയെന്നും വിമര്‍ശനത്തെ ദേശവിരുദ്ധതയായി നിര്‍ണ്ണയിക്കുന്നതെന്തിനെന്നുമുള്ള ചോദ്യങ്ങള്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.
സമരം അവസാനിക്കുമ്പോള്‍ — ബാക്കിയാവുന്നതെന്ത്?
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രത്യക്ഷത്തിലുള്ള പ്രതിഷേധം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഭരണകൂടം ചില പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും പരീക്ഷാ നടത്തിപ്പില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിജെപി എന്ന ആശയം ഒരു തെരുവുസമരമായി മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒരു നിര്‍ദ്ദിഷ്ട പരാതിയില്‍ തുടങ്ങിയ ഈ പ്രസ്ഥാനം, അതിനെക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ ഭാഷയും സംസ്കാരവുമായി മാറിക്കഴിഞ്ഞു.
ഇത് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
ഒറ്റ വിഷയത്തില്‍ ഒതുങ്ങാതെ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകുക.
ആക്ഷേപഹാസ്യം ശ്രദ്ധ പിടിച്ചുപറ്റാന്‍ ഫലപ്രദമാണെങ്കിലും, ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ വ്യക്തമായ ആവശ്യങ്ങളും ഘടനയും വേണം. പരീക്ഷാ പരിഷ്കാരത്തിനപ്പുറം, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന സ്ഥിരസംവിധാനങ്ങള്‍ക്കായി വാദിക്കുന്നത് സിജെപിയെപ്പോലുള്ള കൂട്ടായ്മകളെ കൂടുതല്‍ ശക്തിപ്പെടുത്തും.
ഒരു കേന്ദ്രീകൃത നേതൃത്വത്തിലേക്ക് ചുരുങ്ങാതിരിക്കുക.
സോഷ്യല്‍മീഡിയയില്‍ വികേന്ദ്രീകൃതമായി വളര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ ശക്തി അതിന്റെ ബഹുസ്വരതയിലാണ്. ഒരു വ്യക്തിയിലോ വ്യക്തികളിലോ അധികാരം കേന്ദ്രീകരിക്കുന്നത് ഭരണകൂടത്തിന് വേഗത്തില്‍ അവയെ നിര്‍വീര്യമാക്കാനുള്ള അവസരം നല്‍കും.
ആക്ഷേപഹാസ്യത്തിന്റെ പരിധി തിരിച്ചറിയുക.
പരിഹാസം ശ്രദ്ധ പിടിച്ചുപറ്റാന്‍ നല്ലതാണെങ്കിലും, ഗൗരവമുള്ള നയരൂപീകരണ ചര്‍ച്ചകളില്‍ വിശ്വാസ്യതയോടെ പങ്കെടുക്കാന്‍ ഗൗരവമായ ഭാഷയും വേണ്ടിവരും. രണ്ടും ചേര്‍ന്ന തന്ത്രമാണ് ഭാവിയില്‍ ഫലപ്രദമാവുക.
ഭാവിയില്‍ എന്ത് സംഭവിക്കാം?
സിജെപി മാതൃകയിലുള്ള പ്രതിരോധങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഭാവിയില്‍ സമാനമായ ആക്ഷേപഹാസ്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. സോഷ്യല്‍ മീഡിയയില്‍ വളര്‍ന്ന തലമുറയ്ക്ക് ഈ ഭാഷ ഇനി സ്വാഭാവികമായ രാഷ്ട്രീയ ഉപകരണമായി മാറിക്കഴിഞ്ഞു. ഇതേ സന്ദര്‍ഭത്തില്‍, ഭരണകൂടം ഇത്തരം പ്രതിരോധങ്ങളെ എങ്ങനെ നേരിടും എന്നതും നിര്‍ണ്ണായകമാണ്. ചാപ്പകുത്തലിന്റെ പഴയ തന്ത്രങ്ങള്‍ ഇനി അത്ര ഫലപ്രദമാവണമെന്നില്ല — കാരണം അവ തന്നെ ഇപ്പോള്‍ പരിഹാസത്തിന്റെ വിഷയമായി മാറിക്കഴിഞ്ഞു. ഭരണകൂടം കൂടുതല്‍ സുതാര്യതയിലേക്കും ഉത്തരവാദിത്തത്തിലേക്കും നീങ്ങുകയോ, അല്ലെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്കു തിരിയുകയോ ചെയ്യാം. ഏതു വഴി തിരഞ്ഞെടുക്കുന്നു എന്നത് വരുംവര്‍ഷങ്ങളിലെ ഇന്ത്യന്‍ യുവജനപ്രസ്ഥാനങ്ങളുടെ ഗതി നിര്‍ണ്ണയിക്കും.
സിജെപി പ്രസ്ഥാനത്തെ ഏകപക്ഷീയമായി വിലയിരുത്തുകയല്ല, അക്കാദമികസമീപനം. ഭരണകൂടത്തിന്റെ ഭാഷയെ പരിഹസിച്ചുകൊണ്ട് വിയോജിപ്പിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന യുവജനങ്ങളുടെ സര്‍ഗ്ഗാത്മകതയെ സിജെപി പ്രതിഫലിപ്പിക്കുന്നു. ഭരണകൂടമാവട്ടെ, ക്രമസമാധാനപാലനമെന്ന ന്യായീകരണത്തോടെയാണ് അതിനെ നേരിടാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കു ശരിയായ പരിഹാരം സ്വാഭാവികമായി ഉണ്ടാവേണ്ടതാണങ്കിലും അതിനുപകരം പ്രതിഷേധമുണ്ടായപ്പോള്‍ മാത്രമാണ് അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ആലോചനകള്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ സ്വാഭാവികപരിണതിയില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ വലിയ മറുപടികളാവും സര്‍ഗ്ഗാത്മകമായ ചെറുത്തുനില്പിനോടുള്ള പ്രതികരണമായി വരേണ്ടത്. ഇവിടെയാണ് ജനാധിപത്യസമൂഹത്തില്‍ വിയോജിപ്പിന്റെ സ്ഥാനവും അതിനെ അഭിസംബോധന ചെയ്യുന്ന ഭരണകൂടസമീപനവും തമ്മിലുള്ള സന്തുലനം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അങ്ങനെയൊരു നയമുണ്ടാവില്ല എന്ന മുന്‍കാലസംഭവങ്ങളോടുള്ള ചേര്‍ത്തുവായനകള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. ഈ പശ്ചാത്തലത്തില്‍ സിജെപി പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ ചര്‍ച്ചയെ പുതിയ ഭാഷയിലും പുതിയ പ്രവേഗത്തിലും പുതിയ ദൃശ്യപരതയിലും മുന്നോട്ടുകൊണ്ടുപോയി രാജ്യവ്യാപകമായ അനുകൂലാന്തരീക്ഷം നിര്‍മ്മിച്ചുവെന്നതാണ് അതിന്റെ ചരിത്രപരമായ പ്രാധാന്യം.

No comments:
Post a Comment