സംഗീതം എന്നാല്‍ അത്രയെളുപ്പത്തില്‍ വേണ്ടെന്നു വയ്ക്കാവുന്ന ഒന്നല്ലല്ലോ. നേരത്തേ അത് സാധിക്കുമായിരുന്നു. കാരണം, ലഭ്യത ഒരു ഘടകമാണ്. അതെനിക്കുവേണ്ട എന്ന് എളുപ്പത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ് ലഭിക്കാനുള്ള ബുദ്ധിമുട്ട്. അതുകൊണ്ടുമാത്രമല്ലെങ്കിലും, അതൊരു പ്രധാന ഘടകമാണ്. കിട്ടാതിരിക്കുന്നതിനെ വേണ്ടെന്നു വയ്ക്കുന്നതിനുള്ള സൗകര്യം. ഇനി ഏതെങ്കിലും തരത്തില്‍ മതപരമോ സാമൂഹികമോ ആയ വിലക്കുണ്ടെങ്കില്‍ ലഭ്യതയെക്കുറിച്ച് ആലോചിക്കുകപോലും വേണ്ട. കാലം മാറി ഇന്നങ്ങനെയല്ല സ്ഥിതി. യുപിഐ ആപ്പിലൂടെ പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്താല്‍പ്പോലും സംഗീതം അകമ്പടിയായി വരും. പരസ്യങ്ങളായും അറിയിപ്പുകള്‍ക്കൊപ്പവും വരും. യാത്ര ചെയ്യുന്ന വാഹനത്തിലും കൈയിലിരിക്കുന്ന മൊബൈല്‍ റിംഗ്ടോണായും അത് നമുക്കൊപ്പം സഞ്ചരിക്കും. അങ്ങനെയൊരവസ്ഥ ഉള്ളതിനാല്‍ ഇത് നിരോധിക്കപ്പെട്ടതാണ്, ആവശ്യമില്ല; പാടില്ല എന്നൊക്കെപ്പറഞ്ഞാലും നിരന്തരം ശ്രവിച്ചുകൊണ്ടിരിക്കേണ്ടിവരും. ഏതെങ്കിലും തരത്തില്‍ അതിനെ അറിയേണ്ടിവരും. നിഷേധിച്ചാലും നമുക്കൊപ്പം സഞ്ചരിക്കും. അപ്പോഴും ഇത് എനിക്ക് കേള്‍ക്കുന്നതിന് നിരോധനമുണ്ടെന്നോ ഹറാമാണെന്നോ ഒക്കെ വിചാരിക്കാനാവും. പക്ഷെ, അതെവിടെയും കേട്ടുകൂടാ എന്ന തരത്തില്‍ നിഷേധിക്കാനോ അതിനുവേണ്ടി പണിയെടുക്കാനോ ആവില്ലല്ലോ. അങ്ങനെയാവുമ്പോള്‍ ധാര്‍മ്മികതയും മര്യാദയുമൊക്കെയാണ് വലിയ ഘടകമായി വരിക. അതായത്, രണ്ടക്ഷരമുള്ള പേരുകള്‍, അതിപ്പോള്‍ അച്ഛന്റെയോ അമ്മയുടെയോ പേരിന്റെ ആദ്യാക്ഷരം കൂട്ടിച്ചേര്‍ത്താവാം കുട്ടികള്‍ക്കിടുന്നതെങ്കിലും സന്തോഷിന്റെയും തനുവിന്റെയും മകള്‍ക്ക് സീത എന്നു പേരിടുമ്പോള്‍ ആലോചിക്കേണ്ടിവരുമോ? ഇത് കലാസൃഷ്ടിയുടെ കാര്യത്തിലുള്ള തീരുമാനമാണ്; അഥവാ കലകള്‍ കലകളായി വരാത്തതിനാല്‍, അതിങ്ങനെ പലരെയും രസിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ ചില മുടന്തന്‍ന്യായങ്ങളൊക്കെ പറയും. സഹിച്ചേ മതിയാവൂ. ഒരു സിനിമയുടെ പേരില്‍ ജാനകിയെന്നു പാടില്ലത്രേ. അത് വി. ജാനകി (അഥവാ വിശുദ്ധ ജാനകി എന്നു വിളിക്കാനാണ് എനിക്കിഷ്ടം!) എന്നു വായിക്കുന്ന രീതിയിലാണത്രേ എഴുതേണ്ടത്. മലയാളത്തിലെ എത്രയോ സിനിമകളുടെ പേരായും സിനിമകളിലെ കഥാപാത്രമായും ജാനകി കടന്നുവന്നിരിക്കുന്നു. ഇക്കാലമത്രയും ഇല്ലാത്തതരം നിരോധനം പേരിന്റെ കാര്യത്തില്‍വരുമ്പോള്‍ അത് എത്രമാത്രം എതിര്‍ക്കപ്പെടുകയോ മറുവാദങ്ങള്‍ ഉന്നയിച്ച് അതിനെതിരെ പോരാടുകയോ അതൊരു സജീവമായ കാര്യമാക്കി നിര്‍ത്തുകയോ ചെയ്യാന്‍ ആരും മെനക്കെട്ടിട്ടില്ല. സിനിമയുടെ പേരുപോലും പ്രശ്നങ്ങളുണ്ടാക്കുമെന്ന തോന്നല്‍ വരുത്തിക്കഴിഞ്ഞു. ഇനിയൊരുപക്ഷേ, പേരിടുമ്പോള്‍ ആരും ഒരുവട്ടം ആലോചിക്കും. പാര്‍വ്വതിയെന്നുള്ള പേരൊക്കെ ഇടുന്നതിനെക്കുറിച്ച് രണ്ടുവട്ടം ആലോചിക്കും. എത്ര തവണ കയറിയിറങ്ങേണ്ടിവരും! ഏതൊക്കെത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും!! ആരെയൊക്കെ കാണേണ്ടിവരും!!! ഒരുപക്ഷെ, മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇനിയെന്തിന് റിസ്കെടുക്കണം എന്ന ചിന്തയാണ് അവിടെയുണ്ടാവുക. ഇതൊരു വലിയ ചര്‍ച്ചയായി ചാനലുകളിലും വാര്‍ത്തകളിലും വന്നു കഴിഞ്ഞതല്ലേ? ഇനിയെന്തു പ്രസക്തി? ഇനിയാണ് പ്രസക്തി. ഇനി ഇത്തരം തിട്ടൂരങ്ങള്‍ ആളുകളെ പതുക്കെ ഭയപ്പെടുത്തും. അതു പ്രത്യക്ഷത്തിലുള്ള ഒന്നിനോടും കാണാവുന്ന ഭയമല്ല. ഇവിടെ ഇതേ നടക്കൂ എന്ന് തോന്നിക്കുന്ന അദൃശ്യമായതിനോടുള്ള ഭയം! ഈ ഭയത്തെയാണ് ഇന്നത്തെ അധികാരം ലക്ഷ്യമാക്കുന്നതും. അവര്‍ അതിനുവേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കും. അത് തികച്ചും നെഗറ്റീവായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടും. ഭയം… ഭയം… അത് ക്രിയേറ്റു ചെയ്യുകയെന്നതാണ് വലിയ ലക്ഷ്യം. ആദ്യം അവര്‍ അവര്‍ക്കെതിരെ നില്‍ക്കുന്നവരെ ലക്ഷ്യമാക്കും. പിന്നെയത്, കൂട്ടത്തിലുള്ള താല്പര്യമില്ലാത്തവര്‍ക്കുനേരെയുള്ള ചൂണ്ടലാകും. അതില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ സജീവമായ ചര്‍ച്ചകളും പ്രക്ഷോഭങ്ങളും നടന്നുകൊണ്ടേയിരിക്കണം. (ഖണ്ഡിക തിരിക്കാത്തത് ഇതിലുള്ളതിനെ തിരിക്കാനാവാത്തതിനാലാണ്.)

1 comment:
സുരേഷ് ഗോപിയെന്ന എംപി ഉണ്ടായിട്ടും രക്ഷയില്ല. അതായത് അഭിപ്രായത്തിനുപോലും സ്കോപ്പില്ല. ജസ്റ്റ് റിമംബര്‍ ദാറ്റ്! അതു ചോദിക്കാന്‍ പോലുമാവാത്ത തരത്തില്‍ അണിയറ ശക്തമാണ്. തീരുമാനിച്ചുകഴിഞ്ഞതാണ്, ഇനിയിപ്പോള്‍ എത്ര ന്യായീകരിച്ചാലും രക്ഷയില്ല. കാലം മുന്നോട്ടുപോകുന്തോറും ചിലതൊക്കെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. എന്നാലും ആര്‍ക്കും പിടിതരാതെ സാങ്കേതികവിദ്യയും തുറന്നചിന്തകളും ശക്തമായി വളരുന്നുണ്ടാവും. അതുറപ്പ്...
Post a Comment