Monday, February 14, 2011

നിരൂപകന്റെ ധർമ്മം

          വിവാഹം ഔദ്യോഗികമായ ഒരു ഉടമ്പടിയിലെത്തിക്കാതെ ഒരുമിച്ചു ജീവിക്കുകയും സന്താനങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്ത ദമ്പതിമാർ വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, കോടതി അവരോട് ആദ്യം വിവാഹം കഴിക്കുവാനും അതിനുശേഷം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നേടുവാനും ആവശ്യപ്പെട്ടു. നിയമപരമായ ഒരു പ്രശ്‌നത്തിന് ഈ രീതിയിൽ മാത്രമേ സാങ്കേതികമായി പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എങ്കിലും പ്രശ്‌നത്തിൽ വളരെയധികം കൗതുകം സൃഷ്ടിക്കപ്പെടുകയും അതൊരു വാർത്തയാവുകയും ചെയ്തു. ഇവിടെ കൗതുക വാർത്തയ്ക്കുവേണ്ട വിഭവമായിത്തീർന്നത് പ്രശ്‌നപരിഹാരത്തിന് അവലംബിച്ച മാർഗ്ഗത്തിന്റെ പ്രത്യേകതയാണ്.
          സമൂഹം, സംസ്‌കാരം, നിയന്ത്രണം മുതലായ സംജ്ഞകൾ ഇവിടെ ഇടപെടുന്നു. ഒരു പൊതുധാരണയുടെ ഭാഗമായിട്ടാണ് നിയമാവലികൾ സമൂഹത്തിൽ ഇടപെടുന്നത്. താല്ക്കാലികമായ പരിഹാരമല്ല, കാലാനുസാരിയും കാലാതിവർത്തിയുമായ പരിഹാരമാണ് ഇവിടെ അനുയോജ്യം. അത്തരത്തിലുള്ള ഒരു ഇടപെടലാണ് നിയമവ്യവസ്ഥയുടെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഉടലെടുത്ത പ്രശ്‌നത്തിന്റെ പരിഹാരത്തിനായി ഉപയോഗിച്ചത്. ഭാഷയിലും സാഹിത്യത്തിലും സിനിമയിലും എന്നുവേണ്ട സകലതിലും ഇടപെടുകയും 


അഭിപ്രായങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമായ ഒരു വാസന കൂടിയാണ്. നിരന്തരം കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിലുകളെ ഇരുഭാഗത്തും നിന്ന് വിലയിരുത്തുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നത് സാധാരണ സംഭവങ്ങൾ മാത്രം. എന്താണ് ഇവിടെയൊക്കെ സംഭവിക്കുന്നത്? ഇടപെടുന്നവർ പ്രശ്‌നങ്ങളെ ഗഹനമായി പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യാം. ആരും ഇടപെടുന്നത് ഇഷ്ടമില്ലാത്തവരുണ്ടായിരിക്കും. അതുപോലെ ആരെങ്കിലും ഇടപെട്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും. വിമർശിക്കുക, അപ്രിയസത്യങ്ങൾ പറയാതിരിക്കുക, സത്യം സത്യമായിത്തന്നെ പറയുക, തുറന്നു പറയുക മുതലായ പ്രയോഗങ്ങൾ എപ്പോഴും ഉപയോഗത്തിലുണ്ടുതാനും.
          ഇവിടെയൊക്കെ സംഭവിക്കുന്നത് എന്തായിരിക്കണം? ജീവിതത്തിന്റെ വ്യത്യസ്തമായ ദശാസന്ധികളിൽ അമർഷത്തോടെയോ, ആഹ്ലാദത്തോടെയോ ആരൊക്കെയോ ഇടപെട്ടുകൊണ്ടിരിക്കുന്നു. ടെലിവിഷനിൽ ജനപ്രിയമായി വരുന്ന പരിപാടികളോട് വിദ്വേഷം പുലർത്തുന്നവർ, ഭൂരിപക്ഷവും ഇഷ്ടപ്പെടാത്ത സിനിമകളെ സ്‌നേഹിക്കുന്നവർ, പരിസ്ഥിതിയുടെ ചൂഷണത്തെ ചോദ്യം ചെയ്യുന്നവർ, നിലനിൽപ്പിനുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നവർ, സർക്കാർ നിലപാടുകളെ പരസ്യമായും രഹസ്യമായും എതിർത്തുകൊണ്ടിരിക്കുന്നവർ/അനുകൂലിക്കുന്നവർ അങ്ങനെ നിരന്തരം പ്രശ്‌നങ്ങളോട് ഇടപെട്ടുകൊണ്ടിരിക്കുകയാണ് എല്ലാവരും. വർദ്ധിച്ചുവരുന്ന വാർത്താചാനലുകളും അവയുടെ വാർത്താധിഷ്ഠിതപരിപാടികളും ചർച്ചകളും ശരിവെയ്ക്കുന്നതും ഇതൊക്കെത്തന്നെയാണ്. നേരോടെ, നിർഭയം, നിരന്തരം തുടങ്ങിയ പ്രയോഗങ്ങളോടെ ഒരു ചാനൽ അവരുടെ വാർത്തകൾ അവതരിപ്പിക്കുന്നു. നിരന്തരം എന്ന പ്രയോഗം തന്നെ ശ്രദ്ധിക്കുക. വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു ദിവസത്തെ മുഴുവൻ മണിക്കൂറുകളിലും ചാനലിന് പറഞ്ഞുകൊണ്ടിരിക്കുവാൻ ധാരാളം കാര്യങ്ങൾ വേണം. അവ ദൃശ്യങ്ങളായും വർത്തമാനങ്ങളായും പ്രേക്ഷകർക്കുമുന്നിൽ നിറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
          ഇവയെയെല്ലാം നിരൂപണമെന്നോ വിശകലനമെന്നോ വിളിക്കാൻ സാധ്യമല്ലെങ്കിലും മറ്റുള്ളവയെ നോക്കിക്കാണാനും വിലയിരുത്താനുമുള്ള മനുഷ്യസഹജമായ പ്രേരണകളുടെ പരിഷ്‌കൃതരൂപമാണ് ഇവയെന്നു പറയാം. ഈ നിരീക്ഷണത്തിൽ നിന്ന് കുറച്ചു വ്യത്യാസപ്പെടുത്തിയാൽ നിരൂപണമെന്ന ശാഖയെ വിലയിരുത്തുന്നതിനാവും. അരിസ്റ്റോട്ടിലും പ്ലേറ്റോയും മറ്റും കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും നടത്തിയ അന്വേഷണങ്ങളാണ് സാഹിത്യനിരൂപണപദ്ധതികളിൽ ആദ്യത്തേത്. ഓരോ കൃതിയും മനുഷ്യസമൂഹത്തിൽ വരുത്തിയേക്കാവുന്ന പരിണാമപ്രവർത്തനങ്ങൾ അന്വേഷിക്കുകയാണ് ഒരർഥത്തിൽ പറഞ്ഞാൽ ഈ മഹാരഥന്മാർ ചെയ്തത്. രചനകൾ സ്ഥലകാലസങ്കല്പനങ്ങളിൽ അധിഷ്ഠിതമാണെങ്കിലും അവയ്ക്ക് ശരിയായ രൂപം നിർണയിക്കപ്പെട്ടു കിട്ടുന്നത് പലപ്പോഴും നിരൂപകരിലൂടെയാണ്. രചനകൾക്കുവേണ്ടി സംസാരിക്കുകയാണ് നിരൂപകർ. രചനകളിൽ ഉൾച്ചേർന്നു കിടക്കുന്ന അർഥത്തെ, രൂപസവിശേഷതകളെ കണ്ടെത്തുകയും അവയുടെ സാധ്യതകൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയുമാണ് നിരൂപകർ ചെയ്യുന്നത്. ഇവിടെ പദസമൂഹങ്ങളുടെ നേരിട്ടുള്ളതും അല്ലാത്തതുമായ അർഥവിവക്ഷകളെ തന്റെ അറിവിനും താൽപ്പര്യങ്ങൾക്കും അനുസൃതമായി മൂർത്തരൂപത്തിലേക്ക് വിവർത്തനം ചെയ്യുകയാണ് നിരൂപകന്റെ ചെയ്യുന്നതെന്നു പറയാം.
          എഴുത്തുകാരൻ വായനാസമൂഹത്തിലേക്കു തുറന്നു വിടുന്നവയെ വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവനാണ് നിരൂപകൻ എന്ന ധാരണയാണ് രൂഢമൂലമായിട്ടുള്ളത്. എങ്കിലും കൃതിയുടെ നല്ലതും ചീത്തയും തിരിച്ചറിയേണ്ടതില്ല എന്ന വാദവും ഇതോടൊപ്പമുണ്ട്. ഖണ്ഡനവിമർശനവും മണ്ഡനവിമർശനവും എന്ന തരംതിരിവ് സാഹിത്യതത്വങ്ങളിൽ ചർച്ചാവിഷയവുമായിരുന്നു. ഒരു കൃതി നല്ലതാണോ ചീത്തയാണോ എന്ന അന്വേഷണം കൂടി നിരൂപകൻ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അപ്പോൾ അയാൾക്കു ധാരാളം പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കേണ്ടിവരും. ഒരു കലാശില്പത്തെക്കുറിച്ച് ആധികാരികമായി ചിലതു പറയുവാനുള്ള ആർജ്ജവവും അറിവും നിരൂപകനുണ്ടായിരിക്കണമെന്നു സാരം. അതല്ലാതെ പ്രശംസാവചനങ്ങളിലും മറ്റുമായി ഒതുങ്ങിനിൽക്കുന്ന സ്ഥൂലബുദ്ധിയാണ് നിരൂപകനെങ്കിൽ സൂക്ഷ്മവിചിന്തനങ്ങളിൽ അയാൾ പുറന്തള്ളപ്പെടുകയേയുള്ളൂ. നിഷ്പക്ഷമായി അഭിപ്രായം പറയൽ സാധ്യമല്ലെന്നും നിഷ്പക്ഷവും ഒരു പക്ഷം തന്നെയാണെന്നും കുട്ടികൃഷ്ണമാരാര് കൂട്ടിച്ചേർക്കുന്നുമുണ്ടല്ലോ.
          ഭാഷ ഒരു ആശയവിനിമയോപാധിയാണ്. ഈ ഉപാധിയെ ആധാരമാക്കുന്ന എഴുത്തുകാരന് എഴുത്ത് ഒരു സംവാദമാണ്. ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഉപാധിയാണ് എഴുത്ത്. എഴുത്ത് എന്നത് വിശാലമായ അർഥത്തിലുള്ള പ്രയോഗമാണ്. എഴുതുന്നതിന് കടലാസും പേനയും മാത്രമല്ല, മറ്റു സാങ്കേതികവിദ്യകളും ഉപയോഗപ്പെടുന്നു. വ്യത്യസ്തങ്ങളായ വ്യവഹാരമാധ്യമങ്ങളും ഈ പരിധിയിൽ വരുന്നു. എഴുതുക എന്ന വിദ്യയിലാണ് മനുഷ്യൻ അവന്റെ ആവിഷ്‌കാരങ്ങൾ ആരംഭിച്ചത്. ഗുഹാമുഖങ്ങളിലും പാറക്കൂട്ടങ്ങളിലും കണ്ടെത്തിയ വരകൾ ആശയക്കൈമാറ്റത്തിനായി നടത്തിയ ആവിഷ്‌കാരങ്ങളാണ്. ആശയക്കൈമാറ്റത്തിന് സങ്കീർണ്ണതയുണ്ടായതോടെ എഴുത്തുരീതികളും മാറ്റപ്പെട്ടു. വ്യവസ്ഥാപിതമായ ഓരോ ആശയങ്ങളിലും ആവിഷ്‌കാരങ്ങളിലും അവയുടെ സ്ഥാപനവൽക്കരണത്തോടെ മൂല്യനിർണയം കൂടി ഒരു ഘടകമായിത്തീർന്നു. എഴുത്തിനോടൊപ്പം വിമർശനവും രൂപം പ്രാപിച്ചു. ആവിഷ്‌കാരത്തിന്റെ സാധ്യതകളെ മനുഷ്യസമൂഹം എത്രത്തോളം വിപുലപ്പെടുത്തിയോ അത്രത്തോളം അവയുടെ വിലയിരുത്തലുകളും ചോദ്യം ചെയ്യലുകളും വളർന്നു. ഒരു കൃതിയുമായി എഴുത്തുകാരൻ ആരംഭിക്കുന്ന സംവാദത്തിന് പലപ്പോഴും വായനാസമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് മറുപടി പറയുന്നത് നിരൂപകനാണ്. ചിന്തിച്ചും വിലയിരുത്തിയും പഠിച്ചുമാണ് ഇവിടെ നിരൂപകൻ തന്റെ ധർമ്മം അനുഷ്ഠിക്കുന്നത്. എങ്കിലും വ്യക്തിനിഷ്ഠമായ പല സംഗതികളും അതിൽ കടന്നുവരാൻ സാധ്യതയുണ്ട്. വ്യാകരണകാര്യങ്ങളിലും ചരിത്രപരമായ അന്വേഷണങ്ങളിലും അർഥത്തിന്റെ വിവിധ അടരുകളിലേക്കുള്ള പ്രയാണങ്ങളിലും വ്യക്തി കടന്നുവരില്ലെങ്കിലും വ്യക്തിനിഷ്ഠമായ പല ധർമ്മങ്ങളും രചനയുടെ അടിസ്ഥാനമായി ചേർത്തുവെക്കുകയും വിലയിരുത്തുകയുമാണ് നിരൂപകൻ ചെയ്യുന്നത്.
          രൂപാന്തരീകരണം(metamorphosis) എന്ന പദം കേൾക്കുമ്പോൾത്തന്നെ കാഫ്കയുടെ നോവലാണ് ഓർമ്മയിലെത്തുക. ഗ്രിഗറിന് സംഭവിച്ച രൂപാന്തരീകരണം അയാളുടെ ജീവിതത്തിലും ചുറ്റുപാടുള്ള സമൂഹത്തിലും ഏൽപ്പിച്ച ആഘാതങ്ങൾ അത്രമാത്രം വലുതാണ്. ഒരു സുപ്രഭാതത്തിൽ ഉറക്കമുണരുമ്പോൾ സ്വന്തം രൂപത്തിൽ അസാധാരണമായ മാറ്റങ്ങളാണ് ഗ്രിഗർ കാണുന്നത്. അതേത്തുടർന്ന് മുറിക്ക് പുറത്തിറങ്ങാനാവാതെ എല്ലാവരാലും വെറുക്കപ്പെട്ടും സ്വയം വെറുത്തും ഗ്രിഗറിന് കഴിഞ്ഞുകൂടേണ്ടിവരുന്നു. ശരീരത്തിൽ സംഭവിക്കുന്ന ഈ രൂപമാറ്റം വായനക്കാരിൽ  സംഭവിക്കുന്ന വൈകാരികവ്യതിയാനത്തെ പ്രതിനിധാനം ചെയ്യുന്നു. അത് ആസ്വാദകന്റെ ബോധത്തെ കാലങ്ങളോളം പിടികൂടുക തന്നെ ചെയ്യും. നിരൂപകനിലും ഇത്തരത്തിൽ ഒരു പരിണാമം സംഭവിക്കുന്നുണ്ട്. അത് അയാളുടെ ബോധത്തെ മാറ്റി മറിക്കുകയും എഴുത്തുകാരൻ ആവിഷ്‌കരിച്ച സ്ഥലകാലബോധങ്ങളിലേക്ക് പരിവർത്തിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ജീവിതത്തെയും സമൂഹത്തെയും നേരിട്ടു നോക്കിക്കാണുകയല്ല നിരൂപകൻ ചെയ്യുന്നത്. അയാൾ കാലാനുവർത്തിയായി, എഴുത്തുകാരന്റെ വീക്ഷണങ്ങളിലേക്ക് കടന്നുവരികയും അവയുടെ അടിസ്ഥാനത്തിൽ തന്റെ കണ്ണട ചേർത്തുവെയ്ക്കുകയുമാണ് ചെയ്യുന്നത്. സർഗപരമായി എഴുത്തുകാരൻ നോക്കിക്കണ്ടതിനെ വീണ്ടും നോക്കുകയും വിലയിരുത്തുകയുമാണ് നിരൂപകധർമ്മം. അതുകൊണ്ടു തന്നെ നിരൂപകന് മൗലികതയില്ല എന്നുള്ള ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. സർഗാത്മകതയില്ലാത്ത എഴുത്തെന്ന് ചിലരെങ്കിലും പറഞ്ഞുവെച്ചിട്ടുള്ളതിൽ യുക്തിയുണ്ടെന്നു തോന്നുന്നില്ല. കാരണം, കൃതിയെ വിലയിരുത്തുന്ന ഘട്ടത്തിൽ രചനാപ്രക്രിയയോടൊപ്പം തന്റെ അറിവിന്റെയും നിലപാടുകളുടെയും തലം കൂടി അതിനു നൽകുന്നയാളാണ് നിരൂപകൻ. അതുകൊണ്ടാണ് നിരൂപകർ പലപ്പോഴും ആക്ഷേപിക്കപ്പെടുന്നത്. സാമാന്യധാരണകൾക്കപ്പുറത്തേക്കുള്ള ചിന്തകളിലേക്ക് നിരൂപകൻ ഉയർത്തിവിടുന്ന ചോദ്യങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്നതും.
          രചനാപ്രക്രിയയിൽ എഴുത്തുകാരൻ കടന്നുപോകുന്ന മാനസികസമ്മർദ്ദവും ചിന്താപ്രക്രിയകളും അതേപടി അനുഭവിക്കാൻ നിരൂപകൻ തയ്യാറാകുന്നിടത്താണ് കൃതിയുടെ വിശകലനസാധ്യതകൾക്ക് കൂടുതൽ അർത്ഥപുഷ്ടിയുണ്ടാകുന്നത്. അതോടുകൂടി വായനയുടെ തലത്തിൽ പുതിയത് കണ്ടെത്തുവാനും അതു പങ്കുവെക്കുവാനും നിരൂപകദൃഷ്ടിയിലേക്ക് മറ്റുള്ളവരെക്കൂടി കൊണ്ടുവരുവാനും സാധ്യതയേറുന്നു. ഹൃദയസംവേദനക്ഷമമായ കാര്യങ്ങളെ അതേ പൂർണ്ണതയോടെ വായിച്ചെടുക്കുന്ന നിരൂപകന്റെ പ്രതിഭയെ അംഗീകരിക്കുന്നവർ അയാൾക്കൊപ്പം ചിന്തിക്കുകയും കൃതിയുടെ ആഴങ്ങളിലേക്ക് അറിയാതെ എത്തിച്ചേരുകയും ചെയ്യുന്നു. വായനയുടെ ഉയർന്ന തലം ഉണ്ടാകുന്നത് അങ്ങനെയാണ്. ഈ ഉയർന്ന തലത്തിൽ നിൽക്കാൻ കഴിയുന്ന ആസ്വാദകപ്രതിഭ കൂടുതൽ വൈയക്തികവും യുക്തിയുക്തവുമായ നിരീക്ഷണങ്ങളിലേക്ക് ക്രമേണ എത്തിച്ചേരുകയും ചെയ്യും.
          കൃതിയുടെ വിശകലനമെന്നാൽ എഴുത്തുകാരന്റെ കൂടി വിശകലനമെന്ന് അർത്ഥമില്ല. എങ്കിലും, ഒരു രചയിതാവിന്റെ കൃതികളെ ഒട്ടാകെ പരിശോധിക്കുമ്പോൾ കിട്ടുന്ന ജീവിതവീക്ഷണം, മൂല്യബോധം, പ്രതികരണശേഷി, ശൈലി മുതലായവ രചയിതാവായ വ്യക്തിയെക്കൂടി സാധാരണതയിൽ നിന്ന് വിഭിന്നനായി പ്രതിഷ്ഠിക്കുന്നതിന് കാരണമായിത്തീർന്നേക്കാം. ഇത്തരം വിലയിരുത്തലുകൾ പലപ്പോഴും യുക്തിരഹിതമാവുന്നതായിട്ടാണ് കാണുന്നത്. പുരോഗമനപരമായ ആശയങ്ങളെഴുതുന്നവരിൽ പ്രതിലോമകരമായ ഇടപെടലുകൾ ഉണ്ടായിക്കൂടെന്നില്ല. വ്യക്തിയും സാഹിത്യവും രണ്ടായിത്തന്നെ കാണണമെന്നാണ് റൊളാങ് ബാർത്തിനെപ്പോലുള്ളവർ പറഞ്ഞിട്ടുള്ളതും. ഗ്രന്ഥകർത്താവിന്റെ  മരണത്തെക്കുറിച്ചുള്ള ചർച്ചകൾ എല്ലാക്കാലത്തും സജീവമായിരുന്നല്ലോ. എന്നാൽ ഗ്രന്ഥകർത്താവ് നിരന്തരം കഥയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ഇതിഹാസകൃതികളിൽ കണ്ടെത്താം. വ്യാസനും വാല്മീകിയും ആഖ്യാനകാലത്തോടൊപ്പം സജീവമായി നിലനിന്നിരുന്നവരാണ്. സാഹിത്യബാഹ്യമായി നിൽക്കുന്ന ഒന്നിനെയും പ്രസ്തുത സാഹിത്യരൂപവുമായി കൂട്ടിയിണക്കേണ്ടതില്ലെന്നും കൃതിയുടെ ഘടനാപരവും ആശയപരവുമായ വ്യത്യസ്തതകളെക്കുറിച്ചുമാത്രം ചർച്ച ചെയ്യുകയുമാണ് വേണ്ടതെന്നും ഘടനാവാദികൾ പറയുന്നു. അപനിർമ്മാണവും കൃതിയുടെ ഘടനാപരമായ സവിശേഷതകളും ഏറ്റവും ആധുനികമായ അർത്ഥത്തിൽ മറ്റൊരു നിർമ്മാണം തന്നെയാണ്. കൃതിയെ പുനർനിർമ്മിക്കുകയാണ് ഇവിടെ.

          ആഖ്യാനശാസ്ത്രത്തിന്റെ പ്രചാരകർ വാദിക്കുന്നതും അവർ കൃതിയിൽ കണ്ടെത്താൻ ശ്രമിക്കുന്നതും ആശയപരമായ വൈയക്തികതയ്ക്ക് പ്രേരകമായിത്തീരുന്ന ഭാഷാവിശേഷങ്ങളെയാണ്. ഭാഷാപരമായ പ്രത്യേകതകൾ ഒരു കൃതിയെ നിലനിർത്തുന്നതെങ്ങനെയെന്നും ആഖ്യാനത്തിലെ ധർമ്മത്തെയും ക്രിയയെയും വിലയിരുത്തുകയുമാണ് ചെയ്യേണ്ടതെന്ന് ആഖ്യാനസൈദ്ധാന്തികർ സ്ഥാപിക്കുന്നു. ജെറാർഡ് ഷെനെ, വ്‌ളാദിമിർ പ്രോപ്പ് മുതലായ സൈദ്ധാന്തികർ കൃതികളെ സമീപിക്കുന്നതും ഈ അർത്ഥത്തിലാണ്. കഥയിലെ വസ്തുതകൾ, സംഭവങ്ങൾ, കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ എന്നിവ പ്രത്യക്ഷത്തിൽ ഭിന്നമാണെങ്കിലും അവയെ ഒന്നിപ്പിക്കുന്ന സ്ഥിരമായ ഒരു ഘടകമുണ്ടെന്നാണ് വ്‌ളാദിമിർ പ്രോപ്പ് പറയുന്നത്. ഇതിനെയാണ് അദ്ദേഹം ധർമ്മങ്ങളെന്നു വിളിച്ചത്. നിരൂപകൻ ഈ ധർമ്മങ്ങളുടെ ശരിയായ വിലയിരുത്തലിലേക്ക് എത്തുന്ന സവിശേഷമായ അവസ്ഥയിൽ മാത്രമാണ് വായന സാർത്ഥകമാകുന്നതും വ്യാഖ്യാനപരിസരങ്ങൾ സമ്പുഷ്ടമാകുന്നതും. അനുഭവപരിസരങ്ങളിലേക്കും സാമൂഹികാവസ്ഥകളിലേക്കും വായനയെ വിവർത്തനം ചെയ്യാനും അതിന്റെ രാഷ്ട്രീയം തിരിച്ചറിയാനും സഹായകമായ രീതിയിൽ സമീപിക്കുവാൻ നിരൂപകന് കഴിയേണ്ടതുണ്ട്. ഈ രീതിയിൽ വായനയുടെ പുതിയ തലങ്ങളിലേക്ക് ആസ്വാദകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കഴിയുന്ന ഒരാളായി മാത്രം നിരൂപകന് നിലനിൽക്കാൻ കഴിയുന്ന അവസ്ഥയാണ് യഥാർത്ഥത്തിൽ ഉണ്ടാവേണ്ടതും.