ഒരു നോർമൽ ഫോണ്ടിൽ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ പലതരം സംശയങ്ങളാണ്. ഇത് ഇങ്ങനെത്തന്നെ മതിയോ ഫോണ്ടിനെന്തെങ്കിലും മാറ്റമുണ്ടായാൽ നന്നാവുമോ. രൂപത്തിലാണോ ഭാവത്തിലാണോ കാര്യം. അതോ രണ്ടും ഒരുപോലെ ഗുണപ്രദമായിരിക്കുമോ. സ്മാളസ്റ്റ്, സ്മാൾ, നോർമൽ, ലാർജ്, ലാർജസ്റ്റ് തുടങ്ങി, മദ്യഷാപ്പിലെ കണക്കുപോലെ പലതരത്തിലാണ് ഫോണ്ടുകൾ. കാർത്തിക, രേവതി, അശ്വതി, ഗോപിക, ഇന്ദുലേഖ, ഗിരിജ തുടങ്ങി വ്യത്യസ്തപേരുകളിലുള്ള രൂപങ്ങളും. ഗോപികയാണ് കൂട്ടത്തിൽ സുന്ദരി.
രേവതിക്ക് വല്ലാത്ത ഒരു ആഢ്യത്വമുണ്ട്. ഭക്ഷണകാര്യത്തിൽ പിശുക്കുകാണിക്കാത്ത ഒരു സമ്പന്നയുടെ ഭാവമാണ് ഇന്ദുലേഖയ്ക്ക്. പലപ്പോഴും ബോൾഡാക്കിയെടുക്കേണ്ട കാര്യമേയില്ല. അശ്വതി ഒരു നാണംകുണുങ്ങിയാണ്. അവൾ പലപ്പോഴും ഉപകാരപ്പെടില്ല. കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാലും വേർപെട്ടു തന്നെ നിൽക്കും. കാർത്തിക വടിവൊത്ത് നിൽക്കും. ദരിദ്രയില്ലത്തെ യവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തിയാണവൾ.
സംഗതി ഇങ്ങനെയൊക്കെയിരിക്കേ ഒരു പ്രബന്ധം തയ്യാറാക്കുമ്പോൾ അതാ വരുന്നു ചില നൂലാമാലകൾ. രേവതിയിൽ 14 ആവണം. അപ്പോൾ മാത്രമാണ് സന്മാർഗ്ഗികളും അധികപ്രസംഗികളുമായ അവതാരകന്മാരുടെ പ്രബന്ധങ്ങൾക്ക് രൂപത്തിൽ ഒരേ ഭാവവും തൂക്കവും ലഭ്യമാവുകയെന്ന് സംഘാടകർ കരുതുന്നുണ്ടാവുക.
നാട്ടിൻപുറത്തെ ക്ലബ്ബിന്റെ ആഘോഷപരിപാടി അറിയിക്കുന്നതും, ക്ഷേത്രത്തിലെ പൂജാകാര്യങ്ങൾ തെര്യപ്പെടുത്തുന്നതുമായ നോട്ടീസുകളിൽ പലതരം ഫോണ്ടുകൾ നിറഞ്ഞുനിൽക്കുന്നതു കാണാം. ഈ ഫോണ്ടുകളാവട്ടെ അവയുടെ എണ്ണത്തിന്റെ ധാരാളിത്തം കൊണ്ട് പലപ്പോഴും അരോചകമായിത്തീരുകയും ചെയ്യും. പ്രാർത്ഥന, സ്വാഗതം, അധ്യക്ഷൻ, പ്രാസംഗികർ, ആശംസകർ തുടങ്ങി ആദ്യനിര മുതൽ നന്ദി വണക്കം വരെ ഓരോരോ ഫോണ്ടുകൾ ഉപയോഗിച്ചാലുള്ള കാഴ്ചഭംഗി ഒന്നു നോക്കൂ. നോക്കേണ്ടിവരില്ല. ഡി.ടി.പി. സെന്ററുകളിൽ കുനിഞ്ഞും ദീർഘശ്വാസം വിട്ടും ഇരിക്കുന്ന ആൺ-പെൺ ടൈപ്പിസ്റ്റുുകൾ ഇങ്ങനെ മതിയോ, ഇങ്ങനെ പോരേ മുതലായ ചോദ്യങ്ങളോടെ ഫോണ്ടുകളുമായി നിരന്നിരിക്കുന്നതും കാണാം. ചിലയിടങ്ങളിൽ ഈ ഫോണ്ടുതന്നെയാണ് നല്ലത് കാണാനൊരു ലുക്കില്ലെന്നേയുള്ളൂ പക്ഷേ, ഭയങ്കര സ്റ്റാൻഡേർഡാ എന്നു പറഞ്ഞ് അടിച്ചേൽപ്പിക്കുന്ന കാഴ്ചയും കാണാം. അക്ഷരക്കൂട്ടമൊന്നായിട്ടാവർത്തിച്ച് ഗുരു-ലഘു ഭേദമെന്യേ നിർഗുണപരബ്രഹ്മങ്ങളായ കവിതകളെഴുതി അന്ധാളിപ്പിക്കുന്നതിനായിരിക്കും ചില കീർത്തനവിദ്വാന്മാരുടെ നോട്ടീസിന്റെ ശ്രമം. വലിയ വായിൽ നിലവിളിച്ചുവെന്നോ, പരമ്പരാഗത സങ്കല്പമെന്നോ ഒക്കെ എഴുതിപ്പിടിപ്പിക്കുന്നതിൽ അവർക്ക് ലവലേശം മടിയുമുണ്ടായിരിക്കില്ല. ഫോണ്ടേ, ഫോണ്ടേ വാക്കെവിടെ? എന്നു ചോദിക്കുന്നതോടെ എല്ലാം പൂർണ്ണമാവും. മലയാളത്തിലെ കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവയ്ക്ക് യുക്തമായ ചില വെല്ലുവിളികൾ ഇപ്പോഴും ബാക്കി നില്ക്കുന്നുണ്ട്. എഴുതിയവസാനിപ്പിക്കുമ്പോൾ ന-യും പ-യും ചേർന്ന് മ്പ ആകില്ലെങ്കിലും ഇവിടെയതുണ്ട്. യൂണികോഡിൽ മ-യും പ-യും തന്നെ. താഴ്‌വാരത്തിനിടയിൽ എന്റർകീയുടെ മുകളിലുള്ള വരയനെ അടിച്ചില്ലെങ്കിൽ താ-യുടെ ശേഷം ഇംഗ്ലീഷിലെ L തിരിച്ചിട്ടതുപോലെയുള്ള വ-യുടെ secondary symbol കയറി വരും. പിന്നെ താഴ്‌വാരമെന്നൊക്കെ വായിക്കണോ എന്നുതോന്നിപ്പോകും. ഫോക്ലോർ എന്നേ വരൂ സാധാരണ പോലെ ടൈപ്പു ചെയ്താൽ. നേരത്തേ സൂചിപ്പിച്ച വരയൻ കീ ഫോക്-നു ശേഷം അടിച്ചാൽ ഫോക്‌ലോർ എന്നുവരും. ഇതിനൊരു പേരൊക്കെയുണ്ട്. Zero Width Joiner/Zero Width Non-joiner (ZWJ/ZWNJ) എന്നൊക്കെ യൂണികോഡുകാർ വിളിക്കുമെന്നാണ് മനസ്സിലാക്കിയത്. എന്തായാലും ഫോണ്ടുകൾക്ക് കുസൃതി കൂടിക്കൂടി കാലിഗ്രാഫിയെ കവച്ചുവയ്ക്കുന്ന കണ്ടുപിടുത്തങ്ങളിലേക്ക് അതു വളർന്നുവരട്ടെ. നമുക്കുപയോഗിക്കാം. അല്ലാതെങ്ങനാ...