സംവിധായകൻ കൈയൊപ്പു ചാർത്തിയ വിശുദ്ധൻ
സിനിമ സംവിധായകന്റേതാവുന്നത് അതിന്റെ കൈയൊതുക്കവും വിഷയത്തോടുള്ള സമീപനത്തിൽ പുലർത്തുന്ന പക്വതയും കൊണ്ടുതന്നെയാണ്. വിശുദ്ധനെന്ന സിനിമയുടെ സംവിധായകൻ വൈശാഖിനാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മാർക്കു്. കഥയെന്തുമാവട്ടെ, അതെങ്ങനെ പറയുന്നു എന്നതിലാണ് സിനിമ മികവു കാണിക്കുന്നതു്. പ്രമേയത്തെ അതിന്റെ ഗൗരവത്തിൽ സമീപിക്കുകയും പശ്ചാത്തലദൃശ്യങ്ങളെ പരമാവധി പ്രേക്ഷകരുടെ കാഴ്ചയെന്ന അനുഭവത്തിലേക്ക് ഇണക്കുകയും ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ മേന്മ. ഛായാഗ്രഹണത്തിൽ ഷെഹ്നാദ് ജലാൽ മറ്റാരേക്കാളും മികച്ചുനില്ക്കുന്നു. തന്റെ മുൻകാല സിനിമകളെയെല്ലാം (പോക്കിരിരാജ, മല്ലൂസിംഗ്, സീനിയേഴ്സ്, സൗണ്ട് തോമ) അപ്രസക്തമാക്കുന്ന സംവിധാനമികവാണ് ഈ സിനിമ പ്രകടിപ്പിക്കുന്നതു്. മല്ലൂസിംഗിലെ മനോഹരരംഗങ്ങൾ വിസ്മരിച്ചുകൊണ്ടല്ല ഇതുപറയുന്നതു്.
വിശുദ്ധനിൽത്തെളിയുന്ന കഥയ്ക്കു് മനസ്സിന്റെ മൂന്നു തലങ്ങളുമായി ബന്ധമുണ്ടു്. വ്യക്തിയെന്ന നിലയിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ചിത്രമാണിത്. വികാരിയെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബൻ അഭിനയമികവുകൊണ്ട് ശ്രദ്ധേയനാകുന്നു. കഥയുടെ തുടക്കം മുതൽ സമാന്തരമായി സഞ്ചരിക്കുന്ന കഥയുടെ മറ്റൊരു തലം സിനിമയെ ശ്രദ്ധേയമായ അനുഭവമാക്കുന്നു. ഓരോ ഷോട്ടും വളരെ കരുതലോടെ നിർവഹിച്ചിരിക്കുന്നു. കള്ളുഷാപ്പിലെത്തുന്ന അച്ചന്റെ കൺവെട്ടത്തുനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ, ക്യാമറയുടെ കാണാക്കാഴ്ചയായി അവതരിപ്പിക്കുന്നതു രസകരമായിട്ടുണ്ട്. വാതിൽഗ്ലാസിൽ തെളിയുന്ന മുഖവും അതിലെ ആകാംക്ഷയും പകർത്തണമെന്നും, സ്വന്തം മകളുടെ കുഴിമാടം വെട്ടേണ്ടി വരുമ്പോൾ പ്രതികരണം എന്തായിരിക്കുമെന്നും തോന്നിപ്പിക്കുന്നത് സംവിധായകൻ ഏതേതംശങ്ങളിൽ കണിശത പുലർത്തുന്നുവെന്നതിനെ കാണിക്കുന്നു. മുകളിൽ നിന്നു തുടങ്ങുന്ന ആദ്യഷോട്ട്, ഇരുട്ടിൽ കല്ലെടുത്തു കുത്തുന്നതിന്റെ മീഡിയം ഷോട്ട്, അനുമോളുടെ ബാംഗ്ലൂരിലെ മുറിയിൽ വ്യത്യാസപ്പെടുന്ന ചിത്രക്കാഴ്ച, സെന്റ് ജോർജ്ജിന്റെ കുന്തമെടുത്തു കുത്തിച്ചീറ്റിക്കുന്ന ചോര, ചാനൽക്കാഴ്ച എന്നിവ മാത്രം മതി കഥയുടെ അനുഭവസാക്ഷിയായി പ്രേക്ഷകനെ കൂടെ നിർത്തുന്നതിനു്.
മനുഷ്യനും ദൈവവും ചെകുത്താനും ഒരേസമയം തിരശ്ശീലയിൽ കടന്നുവരികയാണ്. ദൈവപുത്രനും മനുഷ്യനും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സംഭാഷണത്തിൽ പുലർത്തുന്ന നിഷ്ഠതയുടെ തെളിവാണ്. സഭയ്ക്കു പുറത്തേക്കു പോകേണ്ടിവരുന്ന അച്ചനെയും കന്യാസ്ത്രീയേയും തികച്ചും ന്യായീകരിക്കത്തക്ക തലത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ മികവു കാട്ടിയിട്ടുണ്ട്. ഓരോ രംഗവും അതിനുപയുക്തമായ രീതിയിലാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. എഡിറ്റിംഗിലെ മഹേഷ് നാരായണന്റെ വിരുത് പലയിടത്തും സഹായകമായി വർത്തിക്കുന്നു.
(അപൂർണം)
No comments:
Post a Comment