Thursday, November 26, 2026

സിനിമാപഠനം (Pennum Porattum, 2026)

പെണ്ണും പൊറാട്ടും: അസ്തിത്വത്തിന്റെ അതിരും സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും

ചാരുവിന് സാധിക്കാത്തത് സുട്ടുവിന് സാധിക്കുന്നു

മലയാളസിനിമയിൽ പ്രാദേശികജീവിതത്തെയും സംസ്കാരത്തെയും ആഖ്യാനത്തിന്റെ അടിസ്ഥാനപരിസരമാക്കി സാമൂഹികവും ദാർശനികവുമായ വിചാരങ്ങൾ അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങൾക്ക് സവിശേഷമായ സ്ഥാനമുണ്ട്. എന്നാൽ പ്രാദേശികതയെ കേവലം ഒരു ദേശത്തിന്റെ ജീവിതരീതികളുടെയും സാംസ്കാരിക സവിശേഷതകളുടെയും പ്രതിനിധാനത്തിൽ പരിമിതപ്പെടുത്താതെ, അതിനെ വിശാലമായ സാമൂഹികവും അസ്തിത്വപരവുമായ അന്വേഷണങ്ങളുടെ ഇടമാക്കി മാറ്റുന്ന സിനിമകൾ വേറിട്ട വായനകൾ ആവശ്യപ്പെടുന്നു. രാജേഷ് മാധവന്റെ ആദ്യ സംവിധാനസംരംഭമായ പെണ്ണും പൊറാട്ടും ഈ അർഥത്തിൽ ശ്രദ്ധേയമായ ചലച്ചിത്രാനുഭവമാണ്. പാലക്കാടിന്റെ സവിശേഷമായ ഭൂപ്രകൃതിയെയും തികച്ചും സാങ്കല്പികമായ അതിർത്തിഗ്രാമത്തിന്റെ ജീവിതപരിസരത്തെയും ആധാരമാക്കുന്ന സിനിമ, അവിടുത്തെ ഭാഷ, സംസ്കാരം, സാമൂഹികബന്ധങ്ങൾ, കൂട്ടായ്മകൾ, മനോഭാവങ്ങൾ എന്നിവയെ ആഖ്യാനത്തിന്റെ അവിഭാജ്യഘടകങ്ങളായി സ്വാംശീകരിക്കുന്നു. മലയാളത്തിന്റെയും തമിഴിന്റെയും ഭാഷാ-സാംസ്കാരിക സ്വാധീനങ്ങൾ കൂടിച്ചേരുന്ന അതിർത്തിപ്രദേശത്തിന്റെ ജീവിതാവിഷ്കാരമെന്ന മട്ടില്‍ മറ്റൊരു ദേശസംസ്കൃതിയുടെ സവിശേഷാചാരങ്ങളെക്കൂടി ചേര്‍ത്തുകാണിച്ച് പ്രാദേശികതയുടെ സങ്കീർണമായ സ്വത്വതലങ്ങൾകൂടി സിനിമ അടയാളപ്പെടുത്തുന്നു. (തികച്ചും സാങ്കല്പികഗ്രാമവും പരിസരവുമായതിനാല്‍ അതിനെ വിപുലീകരിക്കാനുള്ള ശ്രമം ശ്രദ്ധേയവും സംവിധായകന്റെ സ്വാതന്ത്ര്യപ്രഖ്യാപനവുമാണ്.) ഈ പ്രാദേശിക സാംസ്കാരിക പരിസരത്തുനിന്ന് മനുഷ്യന്റെ അസ്തിത്വം, സ്വാതന്ത്ര്യം, അധികാരം, വ്യക്തിയുടെ അവകാശങ്ങൾ, ഇതരജീവികളുടെ നിലനിൽപ്പിനുള്ള അവകാശം തുടങ്ങിയ വിശാലമായ പ്രശ്നങ്ങളിലേക്ക് വികസിക്കുന്ന ആഖ്യാനമാണ് പെണ്ണും പൊറാട്ടും മുന്നോട്ടുവയ്ക്കുന്നത്.

സിനിമയുടെ കഥാപരിസരം പട്ടട എന്ന സാങ്കല്പികഗ്രാമമാണ്. കിഴക്കൻ മലനിരകളുടെ താഴ്‌വാരത്തുള്ള ഈ ഗ്രാമജീവിതവും മനുഷ്യരും സിനിമയ്ക്ക് വ്യത്യസ്തമായൊരു ദൃശ്യലോകം രൂപപ്പെടുത്തുന്നു. ഒരുകാലത്ത് അക്രമസംഭവങ്ങൾകൊണ്ട് കലുഷിതമായിരുന്ന ഗ്രാമം സമാധാനത്തിനുവേണ്ടി ആയുധങ്ങൾ ഉപേക്ഷിച്ച ചരിത്രവും സിനിമയുടെ ആഖ്യാനത്തിന് പശ്ചാത്തലമാകുന്നു. എന്നാൽ ആയുധങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം അക്രമവാസനകൾ ഇല്ലാതാകുന്നില്ല. മനുഷ്യരുടെ മനസ്സിലും സാമൂഹികബന്ധങ്ങളിലും അധികാരപ്രയോഗങ്ങളിലും അവ മറ്റൊരു രൂപത്തിൽ നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് സിനിമയുടെ തുടക്കം മുതൽ പ്രകടമാകുന്നത്.

കഥയുടെ ഗതി നിർണയിക്കുന്ന രണ്ടു സംഭവങ്ങളുണ്ട്. ചാരുലത എന്ന യുവതിയും കുമാർ എന്ന യുവാവും തമ്മിലുള്ള സ്വകാര്യസംഭാഷണം പുറത്തറിയുന്നതും ബാബുരാജിന്റെ സുട്ടു എന്ന നായ കൂട്ടിൽനിന്ന് രക്ഷപ്പെടുന്നതുമാണ് അവ. കുമാറിന്റെ അനുചിതമായ നിർദേശം ചാരു നിരസിക്കുന്നു. എന്നാൽ ഈ സ്വകാര്യസംഭവം ഗ്രാമത്തിന്റെ പൊതുചർച്ചയായി മാറുന്നു. ചാരുവിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നാട്ടുകാർ വിധിപറയുകയും അവളുടെ സ്വഭാവത്തെയും സദാചാരത്തെയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. അതേസമയം, വീട്ടിൽനിന്ന് രക്ഷപ്പെട്ട സുട്ടുവിനെ പേപ്പട്ടിയാണെന്ന സംശയത്തിന്റെ പേരിൽ ഗ്രാമവാസികൾ പിന്തുടരുന്നു. അങ്ങനെ ഒരു സ്ത്രീയെ ലക്ഷ്യമിട്ടുള്ള സദാചാരവിചാരണയും ഒരു നായയെ ലക്ഷ്യമാക്കുന്ന കൂട്ടവേട്ടയും സമാന്തരമായി വികസിക്കുന്നു.

ഈ രണ്ടു സംഭവങ്ങളെയും സമാന്തരമായി അവതരിപ്പിക്കുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ പൊതുബോധത്തെയും ആൾക്കൂട്ടമനോഭാവത്തെയും സിനിമ തുറന്നുകാണിക്കുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും അയാളുടെ ജീവിതത്തെക്കുറിച്ച് വിധി പ്രഖ്യാപിക്കാനുമുള്ള അധികാരം സമൂഹം സ്വയം ഏറ്റെടുക്കുന്നു. വ്യക്തിയുടെ യഥാർഥ അവസ്ഥയെക്കുറിച്ചോ സംഭവത്തിന്റെ വസ്തുതകളെക്കുറിച്ചോ അന്വേഷിക്കുന്നതിനേക്കാൾ കിംവദന്തികളിലും സംശയങ്ങളിലും അധിഷ്ഠിതമായാണ് ആൾക്കൂട്ടം പ്രതികരിക്കുന്നത്. ചാരുവിന്റെ കാര്യത്തിലും സുട്ടുവിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. സ്ത്രീയുടെ സ്വാതന്ത്ര്യവും മൃഗത്തിന്റെ സ്വാഭാവികമായ നിലനിൽപ്പും ഒരുപോലെ സമൂഹത്തിന്റെ നിയന്ത്രണത്തിനും സംശയത്തിനും വിധേയമാകുന്നു.

മനുഷ്യന്റെ അസ്തിത്വവ്യഥകളും നായയുടെ സ്വാതന്ത്ര്യാന്വേഷണവും

മനുഷ്യന്റെയും നായയുടെയും അസ്തിത്വത്തെ ഒരേ തലത്തിൽ പരിഗണിക്കാൻ ശ്രമിക്കുന്നുവെന്നതാണ് സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ ദാർശനികമാനം. മനുഷ്യന്റെ കാഴ്ചപ്പാടിൽനിന്ന് ലോകത്തെ വിലയിരുത്തുന്ന പതിവുരീതിയെ സിനിമ ഇവിടെ മാറ്റിനിർത്തുന്നു. മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങൾ നായയുടേതിനേക്കാൾ വലുതോ മഹത്തരമോ ആണെന്ന ധാരണയെ അത് ചോദ്യം ചെയ്യുന്നു. (ഇതൊരു അതിവായനയല്ല) മനുഷ്യൻ തന്റെ ജീവിതത്തെക്കുറിച്ച് സങ്കീർണമായ സങ്കല്പങ്ങൾ നിർമ്മിക്കുകയും അവയുടെ അടിസ്ഥാനത്തിൽ നിരന്തരം സംഘർഷങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ നായയുടെ അടിസ്ഥാനപരമായ ആവശ്യം സ്വതന്ത്രമായി ജീവിക്കുക എന്നതാണ്. സുട്ടു എന്ന നായയുടെ കാഴ്ചപ്പാടിലൂടെ സിനിമ വികസിപ്പിക്കുന്ന ആഖ്യാനം ഈ അർഥത്തിൽ ഏറെ പ്രധാനമാണ്. നായയുടെ ചിന്തകളും അനുഭവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ടൊവിനോ തോമസിന്റെ ശബ്ദവും ഉപയോഗിച്ചിരിക്കുന്നു. 

• തമിഴില്‍ 2022-ല്‍ പുറത്തിറങ്ങിയ അന്‍പുള്ള ഗില്ലി എന്ന സിനിമയില്‍ ചിത്രത്തിലെ പ്രധാന നായയായ ഗില്ലിക്ക് ശബ്ദം നൽകിയത് തമിഴ് ഹാസ്യനടൻ സൂരി ആണ്. ഗില്ലിയുടെ പ്രണയിനിയായ നായയ്ക്ക് ശബ്ദം നൽകിയത് യാമിനിയാണ്. നായ്ക്കൾക്ക് മനുഷ്യശബ്ദം നൽകി അവയെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന പരീക്ഷണമാണ് സിനിമയുടെ പ്രത്യേകത. 2023-ല്‍ വന്ന വാലാട്ടി: Tale of Tails എന്ന മലയാളസിനിമയിലും ഇതേപോലെ നായ്ക്കളുടെ ശബ്ദസാന്നിദ്ധ്യമുണ്ട്. 

• സിനിമകളെ അവയുടെ ദൃശ്യാവിഷ്കാരരീതി (visual representation), നിർമ്മാണരീതി (production technique) എന്നിവയുടെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗമായി തിരിക്കാറുണ്ടല്ലോ. യഥാർഥ മനുഷ്യരെയും മൃഗങ്ങളെയും സ്ഥലങ്ങളെയും ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ചു നിർമ്മിക്കുന്ന, അഭിനേതാക്കള്‍ നേരിട്ട് അഭിനിയിക്കുന്ന സാധാരണ സിനിമകളായ ലൈവ് ആക്ഷന്‍ സിനിമകളും ചലനമില്ലാത്ത ചിത്രങ്ങൾ, രൂപങ്ങൾ, വസ്തുക്കൾ, കഥാപാത്രങ്ങൾ എന്നിവയ്ക്കു തുടർച്ചയായ ചലനത്തിന്റെ പ്രതീതി സൃഷ്ടിച്ചു നിർമ്മിക്കുന്ന അനിമേഷന്‍ സിനിമകളും. ഇവയുടെ മിശ്രരൂപങ്ങളാണ് മറ്റുള്ളവ. അതില്‍ ലൈവ് ആക്ഷന്‍-അനിമേഷന്‍ ഹൈബ്രിഡ്, കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറി, യഥാർഥ മനുഷ്യരുടെ ശരീരചലനങ്ങളും മുഖഭാവങ്ങളും സെൻസറുകളോ ക്യാമറകളോ ഉപയോഗിച്ചു പകർത്തി ഡിജിറ്റൽ കഥാപാത്രങ്ങളിലേക്കു മാറ്റുന്ന മോഷന്‍ കാപ്ചര്‍ എന്നിവയാണുള്ളത്. 

മനുഷ്യരുടെ പെരുമാറ്റത്തെയും അവരുടെ പ്രവൃത്തികളെയും മറ്റൊരു ജീവിയുടെ വീക്ഷണകോണിൽനിന്നു നിരീക്ഷിക്കാനുള്ള അവസരമാണ് പെണ്ണും പൊറാട്ടും എന്ന സിനിമയില്‍ നായയെ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. മനുഷ്യർ തങ്ങളുടെ പ്രവൃത്തികൾക്കു ന്യായീകരണങ്ങൾ കണ്ടെത്തുകയും ധാർമികതയുടെ പേരിൽ മറ്റുള്ളവരെ വിചാരണ ചെയ്യുകയും ചെയ്യുമ്പോൾ, സുട്ടുവിന്റെ അനുഭവലോകം അതിൽനിന്നു തികച്ചും വ്യത്യസ്തമാണ്.

മനുഷ്യന്റെ അസ്തിത്വവ്യഥകൾ പലപ്പോഴും അവൻ സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽനിന്നാണു രൂപപ്പെടുന്നത്. അനാവശ്യമായ സങ്കല്പങ്ങൾ, ആഗ്രഹങ്ങൾ, തെറ്റിദ്ധാരണകൾ, സാമൂഹികമായ കെട്ടുപാടുകൾ, മറ്റുള്ളവരുടെ ജീവിതത്തിനുമേൽ അധികാരം സ്ഥാപിക്കാനുള്ള ത്വര എന്നിവയെല്ലാം മനുഷ്യനെ സംഘർഷങ്ങളിലേക്കു നയിക്കുന്നു. ജീവിതത്തെ സ്വാഭാവികമായി സ്വീകരിക്കുന്നതിനുപകരം അതിനെ സങ്കീർണമായ വ്യവഹാരങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചിഴയ്ക്കുകയാണു മനുഷ്യൻ ചെയ്യുന്നത്. സിനിമയിലെ ഗ്രാമീണസമൂഹം ഇതിന്റെ ഉദാഹരണമാണ്.

സുട്ടുവിന്റെ സ്വാതന്ത്ര്യാന്വേഷണം ഈ മനുഷ്യകേന്ദ്രിതമായ ലോകവീക്ഷണത്തിന് ബദലായി നിലകൊള്ളുന്നു. മനുഷ്യൻ തന്റെ സങ്കല്പങ്ങളുടെയും സാമൂഹികനിയന്ത്രണങ്ങളുടെയും തടവറയിൽ കഴിയുമ്പോൾ നായ അതിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നു. സുട്ടുവിന്റെ യാത്രയെ വെറുമൊരു നായയുടെ രക്ഷപ്പെടലായി കാണാനാവില്ല. തനിക്ക് ഇടമില്ലാത്ത ലോകത്തുനിന്ന് പുറത്തുകടക്കാനുള്ള അതിന്റെ തീരുമാനം പ്രതീകാത്മകമായ പ്രാധാന്യം നേടുന്നു. അനുയോജ്യമല്ലാത്ത ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യം മനുഷ്യനുമാത്രമല്ല, എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണെന്ന ചിന്തയാണ് ഈ യാത്രയുടെ അടിത്തറ.

ചാരുവിന് സാധിക്കാത്തത് സുട്ടുവിന് സാധിക്കുന്നു

സിനിമയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ-ദാർശനിക വൈരുധ്യം ചാരുവിന്റെയും സുട്ടുവിന്റെയും ജീവിതാവസ്ഥകളെ താരതമ്യം ചെയ്യുമ്പോഴാണ് വ്യക്തമാകുന്നത്. ചാരുവിന് സാധിക്കാത്തത് സുട്ടുവിന് സാധിക്കുന്നു എന്നതാണ് ഈ താരതമ്യത്തിന്റെ കാതൽ. ചാരു മനുഷ്യസ്ത്രീയാണ്. സ്വന്തം ശരീരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തീരുമാനമെടുക്കാനുള്ള അവകാശം അവൾക്കുണ്ട്. എന്നാൽ സമൂഹത്തിന്റെ സദാചാരസങ്കല്പങ്ങളും ആൺകോയ്മയും അവളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. മറുവശത്ത്, സുട്ടുവെന്ന നായയാണ്. മനുഷ്യൻ നിർണയിച്ചുവച്ച അതിരുകൾക്കുള്ളിൽ ജീവിക്കാൻ അത് വിസമ്മതിക്കുന്നു. ഒടുവിൽ ആ ഇടം വിട്ടുപോകാൻ അതിന് കഴിയുന്നു.

ഇവിടെ ഉയരുന്ന ചോദ്യം ഏറെ പ്രസക്തമാണ്: മനുഷ്യനേക്കാൾ കുറഞ്ഞ സ്വാതന്ത്ര്യമാണോ മനുഷ്യസമൂഹം മനുഷ്യനുതന്നെ നൽകുന്നത്? സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ചാരുവിന് നിഷേധിക്കപ്പെടുമ്പോൾ, ആ ജീവിതസാഹചര്യങ്ങളിൽനിന്ന് പുറത്തുകടക്കാൻ സുട്ടുവിന് സാധിക്കുന്നു. മനുഷ്യൻ നിർമ്മിച്ചുവച്ച സദാചാരത്തിന്റെയും അധികാരത്തിന്റെയും അതിരുകൾക്കുള്ളിൽ ചാരു കുടുങ്ങിക്കിടക്കുമ്പോൾ, ആ അതിരുകൾ ഭേദിച്ച് പുറത്തുകടക്കാൻ സുട്ടുവിന് കഴിയുന്നു.

ഇവിടെ ചാരുവും സുട്ടുവും രണ്ടു വ്യത്യസ്ത അസ്തിത്വപ്രശ്നങ്ങളുടെ പ്രതിനിധികളായി മാറുന്നു. ചാരുവിന്റെ പ്രശ്നം അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ സമൂഹം നടത്തുന്ന കടന്നുകയറ്റമാണ്. സുട്ടുവിന്റേത് മനുഷ്യന്റെ ഉടമസ്ഥാവകാശബോധവും നിയന്ത്രണവുമാണ്. രണ്ടുപേരും മറ്റുള്ളവർ നിർണയിക്കുന്ന ജീവിതസാഹചര്യങ്ങളിൽനിന്ന് മോചനം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ആ മോചനത്തിനുള്ള സാധ്യതകൾ തുല്യമല്ല. സുട്ടുവിന് ഗ്രാമം വിട്ടുപോകാനുള്ള സാധ്യതയുണ്ടാകുമ്പോൾ ചാരുവിന് അത്ര എളുപ്പത്തിൽ രക്ഷപ്പെടാനാകുന്നില്ല. അങ്ങനെ രക്ഷപ്പെടണമെന്ന ആഗ്രഹം പോലും അവളിലില്ല എന്നത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നില്ല. കാരണം ഇതേ വ്യഥകള്‍ക്കുള്ളില്‍ സ്വയമറിയാതെ കുടുങ്ങിക്കിടക്കുന്നവരാണ് എല്ലാവരും.

ഈ വൈരുധ്യം മറ്റൊരു ചിന്തയിലേക്കും നമ്മെ നയിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന മനുഷ്യൻതന്നെ മറ്റൊരു ജീവിയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. മനുഷ്യൻ സ്വാതന്ത്ര്യത്തിന്റെ അവകാശിയാകുമ്പോഴും മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരായി മാറുന്നു. സ്നേഹം, സംരക്ഷണം, ഉടമസ്ഥാവകാശം തുടങ്ങിയ പേരുകളിൽ മനുഷ്യൻ മറ്റു ജീവികളുടെ ജീവിതത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സുട്ടുവിന്റെ പലായനം നായയുടെ വ്യക്തിപരമായ രക്ഷപ്പെടൽ മാത്രമല്ല; മനുഷ്യൻ നിർമ്മിച്ച അധികാരവ്യവസ്ഥയിൽനിന്നുള്ള പുറത്തുകടക്കൽ കൂടിയാണ്.

ചാരുവിന് സുട്ടുവിനെപ്പോലെ ഗ്രാമം വിട്ടുപോകാൻ കഴിയാത്തത് സ്ത്രീയുടെ സാമൂഹിക അസ്തിത്വം എത്രത്തോളം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. സുട്ടുവിന് സ്വന്തം ശരീരവും സഞ്ചാരവും സംബന്ധിച്ച സ്വാതന്ത്ര്യത്തിനുവേണ്ടി ഓടിപ്പോകാൻ കഴിയുമ്പോൾ ചാരുവിന്റെ ജീവിതം മറ്റുള്ളവരുടെ തീരുമാനങ്ങൾക്കും വിധികൾക്കും വിധേയമാകുന്നു. നായയ്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യംപോലും മനുഷ്യസ്ത്രീക്ക് നിഷേധിക്കപ്പെടുന്ന സാമൂഹികാവസ്ഥയുടെ വൈരുധ്യമാണ് സിനിമ ഇവിടെ തുറന്നുകാട്ടുന്നത്.

അതുകൊണ്ടുതന്നെ സുട്ടുവിന്റെ യാത്രയെ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയപ്രഖ്യാപനമായി വായിക്കാം. ചാരുവിന്റെ ജീവിതം സമൂഹം നിർണയിച്ച അതിരുകൾക്കുള്ളിൽ തുടരുമ്പോൾ സുട്ടു ആ അതിരുകൾ മറികടക്കുന്നു. മനുഷ്യന്റെ മഹത്ത്വത്തെക്കുറിച്ചുള്ള പരമ്പരാഗതധാരണകളെ മാറ്റിനിർത്തി മറ്റൊരു ജീവിയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതിലാണ് ഈ താരതമ്യത്തിന്റെ പ്രസക്തി.

സ്ത്രീയുടെ ശരീരവും സമൂഹത്തിന്റെ സദാചാരവിചാരണയും

സിനിമയുടെ ശീർഷകത്തിലെ 'പെണ്ണ്' എന്ന പ്രയോഗംതന്നെ ചാരുലതയുടെ ജീവിതാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സ്ത്രീയുടെ വ്യക്തിജീവിതം എങ്ങനെയാണ് സമൂഹത്തിന്റെ പൊതുസ്വത്തായി മാറുന്നതെന്നും അവളുടെ ശരീരത്തിന്റെയും ലൈംഗികതയുടെയും മേൽ സമൂഹം എങ്ങനെയാണ് നിയന്ത്രണം സ്ഥാപിക്കുന്നതെന്നും സിനിമ പരിശോധിക്കുന്നു. കുമാറിന്റെ നിർദേശം നിരസിച്ച ചാരുവിനുപോലും അതിന്റെ പേരിൽ അപമാനവും വിചാരണയും നേരിടേണ്ടിവരുന്നു. ഇവിടെ കുറ്റവും ശിക്ഷയും നിർണയിക്കുന്നത് വസ്തുതകളോ നീതിബോധമോ അല്ല; ആൾക്കൂട്ടത്തിന്റെ സദാചാരബോധമാണ്.

ചാരുവിന്റെ ജീവിതത്തിൽ സമൂഹം നടത്തുന്ന ഇടപെടലുകൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധമായി മാറുന്നു. സ്ത്രീക്ക് തന്റെ ആഗ്രഹങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന അടിസ്ഥാനപരമായ തിരിച്ചറിവുപോലും ഗ്രാമത്തിന്റെ പൊതുബോധത്തിൽ അംഗീകരിക്കപ്പെടുന്നില്ല. ഇതിലൂടെ സ്ത്രീയുടെ അസ്തിത്വം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സദാചാരസങ്കല്പങ്ങൾക്ക് വിധേയമാക്കപ്പെടുന്ന അവസ്ഥയാണ് വെളിപ്പെടുന്നത്. 

ശീര്‍ഷകത്തില്‍ വരുന്ന പൊറാട്ടാവട്ടെ, സമൂഹമാണ്. ചാരു പൊറാട്ടിനെ പൊറാട്ടിലൂടെത്തന്നെ (പൊറാട്ടു പറയുക എന്നൊരു ചൊല്ലുണ്ട്) എതിര്‍ക്കുന്നുണ്ട്. അവള്‍ വളരെ ശക്തമായി തന്റെ വിധി നിര്‍ണ്ണയിക്കുന്നതാരാണ് എന്ന ചോദ്യമുന്നയിക്കുന്നുവെന്നു കരുതണം. എന്നാല്‍ അവിടെയും സമൂഹം ഏല്‍പ്പിച്ച ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാകാന്‍ ശ്രമിക്കുന്നതായി കാണാം. കുമാറിനോട് തന്നെ ഇഷ്ടമാണോ എന്നു ചോദിക്കുന്നിടത്ത് ഭയത്തോടെ അവന്‍ അതു നിഷേധിക്കുന്ന സാഹചര്യം ഇതിനോടു ചേര്‍ത്തു കാണണം. എന്നാല്‍ അതിനുപോലും ധൈര്യമില്ലാത്ത, സ്വയം തീരുമാനമെടുക്കാനാവാത്ത ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധിയായ കുമാര്‍ വസ്തുതയും കാപട്യവും തമ്മിലുള്ള പൊരുത്തത്തെ എടുത്തുകാണിക്കുന്നു. 

പ്രാദേശികസംസ്കാരവും പൊറാട്ടുനാടകത്തിന്റെ സാംസ്കാരികസാന്നിധ്യവും

പെണ്ണും പൊറാട്ടും എന്ന സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ പ്രാദേശികതയാണ്. പാലക്കാടിന്റെ അതിർത്തിഗ്രാമങ്ങളുടെ ജീവിതവും അവിടുത്തെ ഭാഷയും മനുഷ്യരും പ്രകൃതിയും സിനിമയ്ക്ക് വ്യത്യസ്തമായൊരു ദൃശ്യലോകം സൃഷ്ടിക്കുന്നു. തമിഴ് ഭാഷയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ സവിശേഷതകൾ സിനിമയുടെ സംഭാഷണങ്ങളിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും ജീവിതരീതികളിലും പ്രകടമാണ്.

സിനിമയുടെ പേരിൽത്തന്നെ പാലക്കാടൻ നാടൻകലാരൂപമായ പൊറാട്ടുനാടകത്തിന്റെ സാംസ്കാരികസൂചനയുണ്ട്. പൊറാട്ടുനാടകം സാമൂഹികവിമർശനവും പരിഹാസവും നർമ്മവും ചേർന്നുവരുന്ന ജനകീയ കലാരൂപമാണ്. അധികാരത്തെയും സാമൂഹികവൈരുധ്യങ്ങളെയും സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളെയും ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന അതിന്റെ സ്വഭാവം സിനിമയുടെ ആഖ്യാനരീതിയിലും പ്രതിഫലിക്കുന്നുണ്ട്. ഗ്രാമത്തിലെ കൂട്ടായ്മകളും ആൾക്കൂട്ടത്തിന്റെ പ്രകടനങ്ങളും പരസ്പരമുള്ള പരിഹാസങ്ങളും അസംബന്ധങ്ങളുമെല്ലാം ഒരുതരം പൊറാട്ടുനാടകീയത സൃഷ്ടിക്കുന്നു.

പ്രാദേശികതയെ സിനിമയിൽ ഉപയോഗിക്കുന്നതിലെ മറ്റൊരു പ്രധാന വശം പുതുമുഖ അഭിനേതാക്കളുടെ സാന്നിധ്യമാണ്. ചിത്രീകരണം നടന്ന പ്രദേശങ്ങളിലെ നിരവധി പേരെ അഭിനേതാക്കളായി ഉൾപ്പെടുത്തിയതിലൂടെ കഥാപാത്രങ്ങളുടെ ജീവിതത്തിലും സംഭാഷണങ്ങളിലും സ്വാഭാവികത സൃഷ്ടിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പട്ടട എന്ന സാങ്കല്പികഗ്രാമം സിനിമാസെറ്റിന്റെ കൃത്രിമത്വത്തിൽനിന്നു മാറി ജീവിക്കുന്ന സാമൂഹിക ഇടമായിത്തീരുന്നു.

ആൾക്കൂട്ടമനഃശാസ്ത്രവും അധികാരത്തിന്റെ ഹിംസയും

സിനിമയുടെ മറ്റൊരു പ്രധാന പ്രമേയം ആൾക്കൂട്ടമനഃശാസ്ത്രമാണ്. വ്യക്തികൾ ഒറ്റയ്ക്കായിരിക്കുമ്പോൾ പ്രകടിപ്പിക്കാത്ത ക്രൂരതയും അസഹിഷ്ണുതയും ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ എളുപ്പത്തിൽ പ്രകടിപ്പിക്കുന്നു. ഒരാളുടെ പ്രവൃത്തിയെക്കുറിച്ചുള്ള സംശയം ക്രമേണ പൊതുവിശ്വാസമായി മാറുകയും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പാക്കാൻ ആളുകൾ തയ്യാറാകുകയും ചെയ്യുന്നു.

പട്ടട ഗ്രാമം ഒരിക്കൽ ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനം സ്ഥാപിച്ചുവെന്ന ചരിത്രം ഈ സന്ദർഭത്തിൽ സവിശേഷമായ അർഥം നേടുന്നു. ആയുധങ്ങൾ ഉപേക്ഷിച്ച മനുഷ്യർ തങ്ങളുടെ മനസ്സിലെ അക്രമവാസനകളെ ഉപേക്ഷിച്ചിട്ടില്ല. ശാരീരികമായ അക്രമത്തിനുപകരം അപമാനത്തിലൂടെയും അപവാദപ്രചാരണത്തിലൂടെയും സദാചാരവിചാരണയിലൂടെയും അവർ മറ്റുള്ളവരെ വേട്ടയാടുന്നു. അങ്ങനെ അക്രമം സാമൂഹികമനോഭാവമായി നിലനിൽക്കുന്നു.

ഇതിനെ സമകാലിക സമൂഹത്തിന്റെ പശ്ചാത്തലത്തിൽ വായിക്കാനും കഴിയും. സാമൂഹികമാധ്യമങ്ങളിലൂടെ സ്വകാര്യവിവരങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തികളെ പൊതുവിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്യുന്ന പ്രവണതകൾ ഇന്ന് വ്യാപകമാണ്. സിനിമയിലെ സംഭവവികാസങ്ങളിൽ വാട്സ്ആപ്പ് കൂട്ടായ്മകളുടെ പങ്ക് ഈ യാഥാർഥ്യത്തെ ഓർമിപ്പിക്കുന്നു. ഡിജിറ്റൽ കാലത്തെ ആൾക്കൂട്ടനീതിയുടെ അപകടങ്ങളിലേക്കും സിനിമ വിരൽചൂണ്ടുന്നു.

ആഖ്യാനവും ദൃശ്യഭാഷയും

ചാരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളും സുട്ടുവിന്റെ രക്ഷപ്പെടലും സമാന്തരമായി അവതരിപ്പിക്കുന്നതിലൂടെ രണ്ടു വ്യത്യസ്ത അസ്തിത്വപ്രശ്നങ്ങളെ സംവിധായകൻ ഒരേ സാമൂഹികപരിസരത്തിൽ കൂട്ടിയിണക്കുന്നു. ഒരുവശത്ത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള സാമൂഹികനിയന്ത്രണം; മറുവശത്ത് മൃഗത്തിന്റെ സ്വാഭാവികമായ സ്വാതന്ത്ര്യത്തിനുമേലുള്ള മനുഷ്യന്റെ നിയന്ത്രണം. ഈ രണ്ടു പ്രമേയങ്ങളും പരസ്പരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ആഖ്യാനം വികസിക്കുന്നത്. ഹാസ്യവും പരിഹാസവും അസംബന്ധസാഹചര്യങ്ങളും ഉപയോഗിച്ചാണ് സിനിമ ഗൗരവമുള്ള സാമൂഹികപ്രശ്നങ്ങൾ അവതരിപ്പിക്കുന്നത്. ആഖ്യാനത്തില്‍ പുലര്‍ത്തിയ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സിനിമയുടെ ബഹളമയമായ അന്തരീക്ഷത്തെ പ്രസക്തമാക്കുന്നത്. സാധാരണ ഗ്രാമീണജീവിതത്തിലെ അതിവൈകാരികമായ പ്രകടനങ്ങളും തുടര്‍ച്ചകളും അവര്‍ ഏറ്റെടുക്കുന്ന പ്രശ്നങ്ങളിലെ യുക്തിരാഹിത്യവും മറ്റും തുറന്നുകാണിക്കാനും സിനിമയ്ക്കു സാധിക്കുന്നുണ്ട്. തികച്ചും വൈഷയികമാണ് ഗ്രാമീണത. അതത്ര നിഷ്കളങ്കവുമല്ല. പുറത്തെ നാട്യങ്ങളില്‍നിന്ന് വ്യത്യസ്തമായതിനാലും കെട്ടുകാഴ്ചകളില്‍നിന്ന് മാറിനില്‍ക്കുന്നതിനാലും പൊതുസമ്മതിയുടെ കൃത്രിമത്വത്തെ അതൊരിക്കലും കാര്യമാക്കുന്നില്ല. ഈ വസ്തുതയെ തിരിച്ചറിയുന്ന ആഖ്യാനതലമാണ് സിനിമയുടെ ആവിഷ്കാരത്തിലെ ദൃശ്യതലം. അതുകൊണ്ടുതന്നെ തികച്ചും ഉപയുക്തമായ ദൃശ്യഭാഷയിലേക്കു വരാനും കഥയിലുപരിയായ സാമൂഹികപ്രശ്നങ്ങളിലേക്കു കേന്ദ്രീകരിക്കാനും സംവിധായകനു സാധിക്കുന്നുണ്ട്. 

ഉപസംഹാരം

പെണ്ണും പൊറാട്ടും പ്രാദേശിക സംസ്കാരത്തിന്റെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറം മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചുമുള്ള ചിന്തകൾ മുന്നോട്ടുവയ്ക്കുന്ന സിനിമയാണ്. മനുഷ്യൻ തന്റെ തന്നെ സങ്കല്പങ്ങളിലൂടെയും സാമൂഹികനിയമങ്ങളിലൂടെയും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ സിനിമ വിമർശനാത്മകമായി സമീപിക്കുന്നു. സ്ത്രീയുടെ ജീവിതത്തെ സദാചാരത്തിന്റെ പേരിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സമൂഹവും നായയുടെ സ്വാഭാവികമായ നിലനിൽപ്പിനെ സംശയത്തിന്റെ പേരിൽ വേട്ടയാടുന്ന സമൂഹവും അടിസ്ഥാനപരമായി ഒരേ അധികാരമനോഭാവത്തിന്റെ രണ്ടു രൂപങ്ങളാണ്.

ചാരുവിന്റെയും സുട്ടുവിന്റെയും ജീവിതങ്ങൾ തമ്മിലുള്ള വൈരുധ്യമാണ് സിനിമയുടെ ഏറ്റവും ശക്തമായ ആശയതലം. ചാരുവിന് സാധിക്കാത്തത് സുട്ടുവിന് സാധിക്കുന്നു. മനുഷ്യസമൂഹം നിർമിച്ചുവച്ച സദാചാരത്തിന്റെയും അധികാരത്തിന്റെയും അതിരുകൾക്കുള്ളിൽ ചാരു കുടുങ്ങിക്കിടക്കുമ്പോൾ, ആ അതിരുകൾ ഭേദിച്ച് പുറത്തുകടക്കാൻ സുട്ടുവിന് കഴിയുന്നു. മനുഷ്യന്റെ അസ്തിത്വവ്യഥകളെക്കാൾ ലളിതവും എന്നാൽ അടിസ്ഥാനപരവുമായ സ്വാതന്ത്ര്യപ്രശ്നമാണ് നായയുടെ ജീവിതം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും മറ്റൊരു ജീവിയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വൈരുധ്യം ഇവിടെ വെളിപ്പെടുന്നു.

സുട്ടു കേവലമൊരു നായയല്ല. മനുഷ്യന്റെ നിയന്ത്രണങ്ങൾക്കും സങ്കല്പങ്ങൾക്കും പുറത്തുള്ള സ്വതന്ത്രമായ അസ്തിത്വത്തിന്റെ പ്രതീകമാണ്. അതിന്റെ യാത്ര മനുഷ്യൻ നിർമ്മിച്ചുവച്ച സാമൂഹിക അതിരുകൾക്കപ്പുറത്തേക്കുള്ള യാത്രകൂടിയാണ്. ചാരുവാകട്ടെ, അതേ അതിരുകൾക്കുള്ളിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് തുടരുന്ന മനുഷ്യജീവിതത്തിന്റെ പ്രതീകമായി മാറുന്നു.

മനുഷ്യൻ തന്റെ അസ്തിത്വത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുകയും അതിന്റെ അർഥം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മറ്റൊരു ജീവി സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവസരത്തിനുവേണ്ടി കാത്തുനിൽക്കുകയാണ്. മനുഷ്യന്റെ അസ്തിത്വവ്യഥകൾക്ക് നായയുടെ അതിജീവനാഭിലാഷത്തേക്കാൾ വലിയ മഹത്ത്വമുണ്ടോ എന്ന ചോദ്യം സിനിമ അവശേഷിപ്പിക്കുന്നു. എല്ലാ ജീവികൾക്കും അവരുടേതായ നിലനിൽപ്പിന്റെ അവകാശമുണ്ടെന്നും സ്വാതന്ത്ര്യം മനുഷ്യന്റെ മാത്രം സവിശേഷതയല്ലെന്നും സിനിമ ഓർമിപ്പിക്കുന്നു.

ഒരു പ്രത്യേക ഗ്രാമത്തിന്റെ ഭാഷയും സംസ്കാരവും ജീവിതവും ആവിഷ്കരിച്ചുകൊണ്ട് സാർവലൗകികമായ അസ്തിത്വപ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്ന സിനിമ എന്ന നിലയിലാണ് പെണ്ണും പൊറാട്ടും ശ്രദ്ധേയമാകുന്നത്. ചാരുവിന് സാധിക്കാത്തത് സുട്ടുവിന് സാധിക്കുന്നു എന്ന വൈരുധ്യത്തിൽ മനുഷ്യന്റെ സാമൂഹികജീവിതത്തിലെ ഏറ്റവും വലിയ വൈരുധ്യത്തെയും സിനിമ വെളിപ്പെടുത്തുന്നു: സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മനുഷ്യൻ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതൽ നിയന്ത്രിക്കുന്നുവെന്ന പരമാര്‍ത്ഥത്തെ തുറന്നു കാണിക്കുകയാണ് പെണ്ണും പൊറാട്ടും. 

----------------------------------------------------------------------------------------------------------------------------

ഈ സിനിമയില്‍ കാണാവുന്ന ചില സമാനസംഭവങ്ങള്‍ ഈ ബ്ലോഗില്‍ത്തന്നെ ചേര്‍ത്തിട്ടുള്ള നേരത്തോടുനേരം കഴിഞ്ഞപ്പോള്‍ എന്ന കഥയില്‍ക്കാണാം. തികച്ചും യാദൃച്ഛികവും എന്നാല്‍ ഒരേ ദേശം വരുമ്പോള്‍ സംഭവിക്കുന്നതുമാണിത്.


No comments: