പറഞ്ഞുകഴിഞ്ഞിട്ടും കാര്‍ത്തിച്ചേച്ചി പോയില്ല. വരാന്തയുടെ അറ്റത്ത്, രാഘവന്‍നായര്‍ എന്നും ഇരിക്കാറുള്ള ആ സ്ഥലത്ത്, ആരും പറയാതെതന്നെ അവര്‍ ഇരുന്നു. ഇത്രയും കാലത്തിനിടയില്‍ അവര്‍ അവിടെ ഇരുന്ന് ഞാന്‍ കണ്ടിട്ടില്ലെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. തോളിലെ തോര്‍ത്തെടുത്ത് മുഖം അമര്‍ത്തിത്തുടച്ച് അവര്‍ ആരോടെന്നില്ലാതെ വീണ്ടും പറഞ്ഞു: “ഒരു സംഭവായിരുന്നു, മാഷേ...” അടുക്കളയില്‍നിന്ന് കൈ തുടച്ചുകൊണ്ടുവന്ന അമ്മ ഒന്നും മിണ്ടാതെ കാര്‍ത്തിച്ചേച്ചിയുടെ അടുത്ത് തറയിലിരുന്നു. അച്ഛന്‍ ഒന്നു മൂളി. ആ ഒറ്റമൂളലില്‍, രാഘവന്‍നായരോട് ഇത്രയും കാലം പറഞ്ഞ തര്‍ക്കങ്ങളെല്ലാം അച്ഛന്‍ മടക്കി ഒതുക്കിവച്ചതുപോലെ എനിക്കു തോന്നി.
ഒരാള്‍ മരിച്ചെന്നു കേട്ടാല്‍ എന്താണ് തോന്നേണ്ടതെന്ന് എന്നെ ആരും പഠിപ്പിച്ചിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഓരോരുത്തരുടെയും മുഖത്തുനോക്കി, അവര്‍ക്കു തോന്നുന്നതിനെ കണ്ടുപഠിക്കാന്‍ ശ്രമിച്ചു. അമ്മയുടെ മുഖത്ത് തെങ്ങോലയില്‍ കാറ്റുപിടിക്കുമ്പോഴുള്ളതുപോലെ ഒരു നേര്‍ത്ത
ഇളക്കമുണ്ടായിരുന്നു; അച്ഛന്‍റെ മുഖത്ത് ഉത്തരക്കടലാസില്‍ ശരിയും തെറ്റും ഒരുമിച്ചു കണ്ടതുപോലുള്ള ഒരു മുറുക്കവും; കാര്‍ത്തിച്ചേച്ചിയുടെ മുഖത്താകട്ടെ, ഒളിപ്പിക്കാന്‍ ശ്രമിക്കാത്ത ഒരു വലിയ ഭാരവും. ഇതില്‍ ഏതാണ് എനിക്കു പാകമാവുകയെന്നറിയാതെ ഞാന്‍ വരാന്തയിലെ കാവിനിറത്തിലേക്കു നോക്കി. ഉറുമ്പുകള്‍ അവിടെ അന്നും പതിവുപോലെ സ്വന്തം ജോലിയിലായിരുന്നു. അവയ്ക്ക് ആരും മരിച്ചിട്ടുണ്ടായിരുന്നില്ല. ആ ഉറുമ്പുകളുടെ ഇടയിലൂടെയാണ് ഞാന്‍ വൈകുന്നേരങ്ങളിലെ സൊറകളെല്ലാം കേട്ടിരുന്നത്.ഞങ്ങളുടെ വീട് ആ നാട്ടിലെ മറ്റു വീടുകളെപ്പോലെ വലുതുമല്ല, ചെറുതുമല്ലായിരുന്നു. ഓടിട്ട മേല്‍ക്കൂരയുടെ ചാഞ്ഞ ഇറയത്തിനു താഴെ, കാവിച്ചായം പൂശിയ സിമന്‍റുതറയുള്ള വരാന്ത, മഴക്കാലത്ത് ഈര്‍പ്പംകൊണ്ട് മിനുങ്ങുകയും വേനലില്‍ പൊട്ടിപ്പൊളിഞ്ഞ് ഉറുമ്പുകള്‍ക്കു പുതിയ വഴികളുണ്ടാക്കുകയും ചെയ്തു. മുറ്റത്ത് പുഴയില്‍നിന്ന് വണ്ടിയില്‍ കൊണ്ടുവന്നു വിരിച്ച വെള്ളമണലിനപ്പുറം വാഴയും കവുങ്ങും തെങ്ങും തിങ്ങിനിന്ന പറമ്പ്; അതിനപ്പുറം മുള്ളുവേലി; അതിനുമപ്പുറം, ആരൊക്കെയോ എപ്പോഴും എവിടേക്കൊക്കെയോ പോയിക്കൊണ്ടിരുന്ന പഞ്ചായത്ത് റോഡ്. വീട്ടിനുള്ളില്‍ നിന്നാല്‍ ലോകം ആ മുള്ളുവേലിവരെയേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്‍റെ ഓര്‍മ്മ.
രാഘവന്‍നായരും എന്‍റെ അച്ഛനും വലിയ കൂട്ടായിരുന്ന കാലത്താണ് ഇത്തരത്തില്‍ വൈകുന്നേരങ്ങളിലെ സംവാദം മിക്കവാറും നടന്നിട്ടുള്ളത്. അച്ഛന്‍ പറയുന്നതിന് വിപരീതമായി രാഘവന്‍നായരും അവരുടെ തര്‍ക്കങ്ങള്‍ക്ക് കൂട്ടായി അമ്മയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് ഞാന്‍ പതിവായി കണ്ടു. വര്‍ത്തമാനത്തിന്‍റെ തീവ്രതയോടൊപ്പം, വെറുതെയിരിക്കുന്നത് ശീലമാക്കിയിട്ടില്ലാത്ത എന്‍റെ അമ്മ മുറ്റത്ത് വിരിച്ച പുഴമണലിനിടയില്‍ പതിയിരിക്കുന്ന പുല്ലിന്‍കുഞ്ഞുങ്ങളെ തിരഞ്ഞ് തിരഞ്ഞ് വലിച്ചെടുക്കുന്നതും ഞാന്‍ കാണാറുണ്ടായിരുന്നു.
ചിലപ്പോള്‍ രാഘവന്‍നായര്‍ പറച്ചില്‍ നിര്‍ത്തി അമ്മയെ നോക്കി പരിഭവിക്കും: “ഇവിടെ ഒരാള്‍ക്കു മാത്രം ഞാന്‍ പറയണത് പിടിക്കണില്ല. പുല്ലു പറിക്കണേലാണല്ലോ ഇത്ര ശുഷ്കാന്തി.” അപ്പോള്‍ അമ്മ കുനിഞ്ഞുനിന്നുകൊണ്ടുതന്നെ, മുഖമുയര്‍ത്താതെ പറയും: “പുല്ലും വര്‍ത്തമാനോം ഒരുപോലാ, നായരേ. ചുവട്ടീന്ന് പറിച്ചില്ലെങ്കില് മണലിന്‍റെ മോളില് പടര്‍ന്നുകേറും.” അതുകേട്ട് രാഘവന്‍നായര്‍ തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് ചിരിക്കും; അച്ഛന്‍ ചിരിക്കാതിരിക്കാന്‍ പാടുപെടും. ആ വീട്ടില്‍ രാഘവന്‍നായരെ തോല്‍പ്പിക്കാന്‍ അമ്മയ്ക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കിയത് വളരെക്കാലം കഴിഞ്ഞാണ്; തോല്‍ക്കുമ്പോള്‍ അയാളുടെ മുഖത്തു വിരിയാറുള്ള സന്തോഷം അന്ന് എനിക്കു മനസ്സിലായതേയില്ല.
ആ വൈകുന്നേരങ്ങള്‍ക്ക് ഒരു ക്രമമുണ്ടായിരുന്നു. ആദ്യം രാഘവന്‍നായര്‍ വരും; മുറ്റത്തെ മണലില്‍ ചെരിപ്പില്ലാത്ത കാലുകളുടെ പാടു പതിപ്പിച്ച്, കോഴികളോടും തെങ്ങിന്‍തൈകളോടും ഓരോന്നു ചോദിച്ചുകൊണ്ട്. പിന്നെ അമ്മ കട്ടന്‍ചായയും ചൂടുള്ള കപ്പയും കൊണ്ടുവരും. ‘നന്ദി’ എന്നൊരു വാക്ക് അയാള്‍ ഒരിക്കലും പറഞ്ഞിട്ടില്ല; പകരം കപ്പയ്ക്ക് ഉപ്പു കൂടിപ്പോയെന്നോ കുറഞ്ഞുപോയെന്നോ ഉറപ്പായും പറയും — അങ്ങനെ പറയുന്നതാണ് അയാളുടെ നന്ദി എന്ന് അമ്മയ്ക്കു നന്നായി അറിയാമായിരുന്നു. അപ്പോഴേക്കും അച്ഛന്‍ ഇരുപതുകൊല്ലം പഴക്കമുള്ള ഏതെങ്കിലും ഒരു തര്‍ക്കം പഴയ തുണിയെന്നപോലെ എടുത്തു കുടഞ്ഞു നിവര്‍ത്തും.
പറമ്പിന്‍റെ അതിരിലെ മുള്ളുവേലിയുടെ വിടവിലൂടെയാണ് അയാളുടെ വരവ്. ദൂരെനിന്നേ ആ നടപ്പു തിരിച്ചറിയാം: ഇടത്തേ തോള്‍ അല്പം താഴ്ത്തി, വലത്തേ കാല്‍ ഓരോ ചുവടിനും ഒരു മടിയോടെ മണ്ണിലുരച്ച്, തോളില്‍ ചുരുട്ടിയിട്ട തോര്‍ത്തും മുണ്ടിന്‍റെ കോന്തലയില്‍ തിരുകിയ മുറുക്കാന്‍പൊതിയുമായി. ആ കാലിന്‍റെ വയ്യായ്കയെക്കുറിച്ച് ഒരിക്കല്‍ അയാള്‍ പറഞ്ഞത് ചെറുപ്പത്തില്‍ പനമ്പട്ടയില്‍ തെന്നി വീണതാണെന്നാണ്; മറ്റൊരിക്കല്‍ ചന്തയില്‍വച്ച് ഒരു പോത്തു ചവിട്ടിയതാണെന്നും. രണ്ടും ഒരേപോലെ താളത്തിലും ഗൗരവത്തിലുമായിരുന്നു.
വരാന്തയില്‍ കയറിയാല്‍ അയാള്‍ കസേരയെ അവഗണിച്ച് തറയില്‍ കുത്തിയിരിക്കും, കാല്‍മുട്ടുകള്‍ നെഞ്ചോടു ചേര്‍ത്ത്, തോര്‍ത്തു മടിയില്‍ വിരിച്ച്. മുറുക്കിച്ചുവന്ന ചുണ്ടുകള്‍ക്കിടയില്‍ പല്ലുകള്‍ തുരുമ്പുപിടിച്ച താക്കോലുകള്‍പോലെ നിരന്നുകിടന്നു. ചിരിക്കുമ്പോള്‍ തല പിന്നോട്ടെറിഞ്ഞ്, തൊണ്ടയിലെ മുഴ മുകളിലേക്കും താഴേക്കും ഓടിച്ചുകൊണ്ട്, ഒരു ചുമയുടെ വക്കോളമെത്തുന്ന ചിരിയായിരുന്നു അത്; ചിരി തീരുമ്പോള്‍ അയാള്‍ നരച്ച മീശയുടെ ഒരറ്റം വിരല്‍കൊണ്ട് ഉരുട്ടും, പറഞ്ഞതിനെല്ലാം ഒരൊപ്പിടുന്നതുപോലെ.
സന്ധ്യയോടടുക്കുമ്പോള്‍ പറമ്പിലെ തെങ്ങോലകള്‍ക്കിടയിലൂടെ വെയില്‍ ചെമ്പുനിറത്തില്‍ അരിച്ചിറങ്ങി, മണലിന്മേല്‍ ഓലകളുടെ നീണ്ട നിഴലുകള്‍ വരച്ചിരുന്നു. അടുത്ത വീടുകളിലെ അടുപ്പുകളില്‍നിന്ന് ചിരട്ടത്തീയുടെയും വിറകുപുകയുടെയും മണം പറമ്പിനു മുകളിലൂടെ ഒഴുകിവന്നു. കൂടണയാന്‍ പോകുന്ന കാക്കകള്‍ വലിയ തര്‍ക്കത്തിലായിരുന്നു; അച്ഛനും രാഘവന്‍നായരും തര്‍ക്കിച്ചിരുന്നതിനെക്കാള്‍ ഉച്ചത്തില്‍, പക്ഷേ അതിലും നിഷ്ഫലമായി. പുഴയുടെ ഭാഗത്തുനിന്ന് ഈര്‍പ്പമുള്ള ഒരു കാറ്റു വരുമ്പോള്‍ വരാന്തയിലെ കവുങ്ങിന്‍ കഴുക്കോലുകള്‍ ഒന്നു ഞരങ്ങും. അപ്പോഴേക്കും അമ്മ അകത്തുപോയി മണ്ണെണ്ണവിളക്കു കൊളുത്തി ഉമ്മറത്തു കൊണ്ടുവയ്ക്കും; അതിന്‍റെ മഞ്ഞവെളിച്ചത്തില്‍ രാഘവന്‍നായരുടെ നരച്ച താടി ഒരു തുരുമ്പിച്ച കമ്പിവല പോലെ തിളങ്ങും.
പലപ്പോഴും ഇവരുടെ തര്‍ക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ ഞാന്‍ എന്‍റെ സ്വകാര്യസ്വപ്നങ്ങളില്‍ മുഴുകുകയും വൈകുന്നേരത്തെ ഇളവെയിലില്‍ വരാന്തയിലെ കാവിനിറത്തിലൂടെ വരിവരിയായി ഇഴഞ്ഞുനീങ്ങുന്ന ഉറുമ്പുകളെ ഇടയ്ക്കിടെ നോക്കിയിരിക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ നീണ്ട തര്‍ക്കവും അച്ഛന്‍റെ വാദവും രാഘവന്‍ നായരുടെ തുപ്പല്‍ തെറിപ്പിച്ചുകൊണ്ടുള്ള വിലക്ഷണമായ മറുപടികളും ചിലപ്പോഴൊക്കെ എനിക്കും രസം നല്‍കാറുള്ള കാര്യങ്ങളാണ്. വീട്ടിനുപുറകിലെ മുള്ളുവേലിയ്ക്കപ്പുറത്തുള്ള പഞ്ചായത്ത് റോഡിലൂടെ കളിക്കാന്‍ പോകുന്ന എന്‍റെ ചില കൂട്ടുകാര്‍ നേരംപോക്കിനു വേണ്ടി ഉറക്കെ കൂവുമ്പോഴും മണത്തുങ്കാളിയുടെ പുളിരസമുള്ള കായ പൊട്ടിച്ച് തിന്നുമ്പോഴും തോന്നാത്ത ഒരു രസം ഈ വര്‍ത്തമാനങ്ങള്‍ കേട്ടിരിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്.
ഒരേ കഥ രാഘവന്‍നായര്‍ രണ്ടുതവണ ഒരുപോലെ പറഞ്ഞിട്ടില്ല. ചന്ത കഴിഞ്ഞ് രാത്രി തിരിച്ചുവരുമ്പോള്‍ ഇടവഴിയില്‍വച്ച് ഒരു വെളുത്ത രൂപത്തെ കണ്ടു പേടിച്ച കഥ ആദ്യം പറഞ്ഞപ്പോള്‍ അത് ഒരു യക്ഷിയായിരുന്നു; രണ്ടാമത് പറഞ്ഞപ്പോള്‍ മുണ്ടഴിഞ്ഞുപോയ ചാമിയാരും; മൂന്നാമത് പറഞ്ഞപ്പോള്‍ ആ രണ്ടുപേരും ഒരാള്‍തന്നെയായിരുന്നുവെന്ന് അയാള്‍ വലിയ ഗൗരവത്തോടെ കണ്ടുപിടിച്ചതായി നടിച്ചു. കള്ളം പറയുന്നതിലും, ഓരോ തവണയും അതിന് ഓരോ പുതിയ രൂപം കൊടുക്കുന്നതിലുമായിരുന്നു രാഘവന്‍നായരുടെ സത്യസന്ധത.
ആകാശത്തുനിന്ന് വെളുത്ത മേഘം താഴേക്ക് പതിക്കാതെ തൂങ്ങി നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കുമെന്നും വൈകുന്നേരത്തെ സൂര്യന്‍ പച്ചനിറത്തിലായിരുന്നെങ്കില്‍ ലോകം എങ്ങനെയായിരിക്കുമെന്നും ആകാശത്ത് നിറഞ്ഞുനില്‍ക്കുന്ന എല്ലാ റേഡിയോ ശബ്ദങ്ങളും ഉറക്കെ കേട്ടുതുടങ്ങിയാല്‍ എന്തുസംഭവിക്കുമെന്നും അങ്ങനെ ലോകത്ത് സംഭവിക്കാനിടയില്ലാത്തതും എന്നാല്‍ സംഭവിച്ചേക്കാമെന്ന് എനിക്ക് തോന്നുന്നതുമായ ചിന്തകളുടെ ലോകത്ത് മുഴുകിയിരിക്കുന്ന സമയത്ത് രാഘവന്‍ നായര്‍ എന്നെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു. “മോനേ... കുട്ടാ, വൈഗുന്നേരങ്ങളില് ങ്ങനെ കുത്തിയിരിക്കാണ്ട് പോയിങ്ങാണ്ട് കളിച്ചൂടേ കുട്ടാ…” അതിന് ഞാന്‍ മറുപടി പറഞ്ഞില്ല. വരാന്തയില്‍ പൊട്ടിപ്പൊളിയാറായ ഒരു സിമന്‍റ്കട്ടയുടെ അരികിലൂടെ അരിമണിയുമായി ശ്രമപ്പെട്ട് കയറാന്‍ തുടങ്ങുന്ന ചുവന്ന ചെറിയ ഉറുമ്പിനെ നോക്കിയിരിക്കുകയായിരുന്നു ആ സമയത്ത് ഞാന്‍.
വരാന്തയില്‍ കുത്തിയിരിക്കുന്ന വയസ്സനായ രാഘവന്‍ നായരുടെ ചുണ്ടിനുതാഴെ അപ്പോള്‍ തിന്നുതീര്‍ത്ത കപ്പയുടെ കഷണം തങ്ങിനില്‍ക്കുന്നത് ഒരു വൃത്തികെട്ട അലോസരതയായി എന്നെ നോക്കി. പക്ഷെ, ഞാന്‍ ഒന്നും പറയാന്‍ പോയില്ല. പതിവില്ലാതെ എനിക്ക് ദേഷ്യം തോന്നിയതും മൂത്തവരോട് ദേഷ്യപ്പെടാന്‍ പാടില്ലെന്ന അച്ഛന്‍റെ വചനവും ഓര്‍ത്ത് ശ്വാസംമുട്ടി. ഇത്തരത്തില്‍ ശ്വാസം മുട്ടിയിരിക്കുമ്പോഴാണ് ഈ മനുഷ്യരെന്താണ് പറയുന്നത് എന്ന് ചിലപ്പോഴൊക്കെ ശ്രദ്ധിക്കുക. പെട്ടെന്ന് എന്‍റെ ശ്രദ്ധ അവരുടെ വര്‍ത്തമാനങ്ങളില്‍ മുട്ടിനിന്നു. രാഘവന്‍നായര്‍ ഒരു മെലിഞ്ഞ മനുഷ്യനാണ്. വെളുത്ത മുണ്ട് ഏതാണ്ട് കീറിത്തുടങ്ങിയിട്ടും നീലം മുക്കി അന്തസ്സുകൂട്ടാനെന്ന പോലെ വലിച്ചുടുത്തിട്ടുണ്ടായിരുന്നു. ഷര്‍ട്ടിടാതെ ഒരു വെളുത്ത ബനിയന്‍ മാത്രം ധരിച്ചിരുന്നു. കുറച്ച് കഷണ്ടിയുണ്ട്. അയാള്‍ തന്‍റെ നരച്ചുതുടങ്ങിയ താടിയും മീശയും മുടിയും ഇടയ്ക്കിടെ തടവുന്നുണ്ടായിരുന്നു. ആകെപ്പാടെ സങ്കല്പത്തില്‍ ഒരു നരകവാതില്‍ കാവല്‍ക്കാരന്‍. “മേഷ്ട്രേ... ഷോടതിയടിച്ചാല് ചെല ആള്‍ക്കാര് കര്തും വെല്യ വീടൊക്കെ കെട്ടി, കാറ് മേടിച്ച് പത്രാസായിട്ട് ജീവിക്കാന്ന്. പക്ഷേ, നെങ്ങക്കറിയുവോ... മലേലെ മത്തായിച്ചായന്‍. അയാള്‍ടെ പത്രാസ് പോയത് ഷോടതിയടിച്ചപ്പഴാ...”.
അച്ഛന്‍: “അതെന്തോന്നാ നിങ്ങളങ്ങനെ പറഞ്ഞേ?”
രാഘവന്‍ നായര്‍: “അയിനൊക്കെ കാര്യംണ്ട്. ഇന്നാള് മുണ്ടിയന്‍ പൂജയ്ക്ക് ഇവിടെ വന്ന ചാമിയാര് പറഞ്ഞപ്പളാ ഞാനറിഞ്ഞത്. മത്തായീന്‍റെ ഭാര്യയ്ക്ക് വേറെ ബന്ദം ഉണ്ടാര്‍ന്നത്രെ...”
അച്ഛന്‍: “സംബന്ധമെന്ന് പറഞ്ഞാ കൊറച്ചുംകൂടി നന്നായിരിക്കും. നെങ്ങള് നായമ്മാര് പണ്ടേ അതല്ലാരുന്നോ സ്ഥിതി.”
രാ.നാ: “നായമ്മാര്ടെ കാര്യോക്കെ അവടെയിരിക്കട്ടെ. പക്ഷേങ്കില്, മത്തായിക്ക് ഷോടതിയടിച്ചപ്പോഴേ ഭാര്യ പ്ലാനിട്ടു. മറ്റേച്ചങ്ങായീനെം കൂട്ടീട്ട് നാട് വിടാന്ന്.”
ഇവരുടെ വര്‍ത്തമാനം ഈ രീതിയില്‍ തുടര്‍ന്നപ്പോള്‍ ചെറുശ്ശേരിയുടെ ഭാഷയില്‍ ഒരു ബാലകനായ എന്നുടെയുള്ളത്തില്‍ വല്ലാത്ത അസ്വസ്ഥത പടര്‍ന്നു. ചെവി പതുക്കെയടച്ചു പിടിക്കുമ്പോള്‍ നിറഞ്ഞുകേള്‍ക്കുന്ന കാക്കകളുടെ സ്വരവും കുയിലിന്‍റെ കൂകലും പഞ്ചായത്ത് റോഡിലൂടെ നടന്നുപോകുന്ന ആള്‍ക്കാരുടെ തെറിവിളിയും പോലെ സുഗമമല്ല, വെറുതെയിരുന്ന് വര്‍ത്തമാനം പറയുകയെന്ന് ഞാനോര്‍ത്തു. അതുകൊണ്ട് വര്‍ത്തമാനം പറയാന്‍ പഠിക്കണമെന്ന് തീര്‍ച്ചയായും ഞാന്‍ നിശ്ചയിച്ചു. പുഴയില്‍ നല്ലപോലെ വെള്ളമുള്ള ദിവസങ്ങളില്‍ പരല്‍മീനുകളെ കാണാത്തതെന്താണെന്ന് വെറുതെ ഓര്‍ത്തുകൊണ്ട് തോര്‍ത്തുപയോഗിച്ച് മീന്‍ പിടിക്കാന്‍ ശ്രമിച്ച കുട്ടപ്പനെയും കൂട്ടുകാരെയും വെറുതെ വിചാരിച്ച് ഞാനിരുന്നു. അപ്പോഴേക്കും മത്തായിയുടെ കാര്യം പറച്ചില്‍ അതിന്‍റെ മുഴുവന്‍ വഴിയും പൂര്‍ത്തിയാക്കിയിരുന്നു.
അച്ഛനും രാഘവന്‍ നായരും അടുത്ത വിഷയത്തിലേക്ക് കടക്കുന്നുണ്ടോയെന്നായിരുന്നു എന്‍റെ ശ്രദ്ധ. ഒരു വിഷയത്തില്‍ നിന്ന് അടുത്ത വിഷയത്തിലേക്ക് സംഭാഷണം മാറി മാറി വരുന്നത് ഒരു അത്ഭുതം തന്നെയാണ്. വര്‍ത്തമാനങ്ങളില്‍ ഇന്നും ഇന്നലെയും നാളെയും എല്ലാമെല്ലാം വിഷയമാണ്. ശാസ്ത്രവും ഹോബിയും സമൂഹവും അല്ലറ ചില്ലറ ആണ്‍-പെണ്‍ സംഗതികളുമെല്ലാം വിഷയമാണ്. അങ്ങനെ എല്ലാ സംഭവങ്ങളും മാറിയും മറിഞ്ഞും തിരിഞ്ഞും തലകുത്തിയും ഒക്കെ കടന്നുവരുന്ന നാട്ടുവര്‍ത്തമാനങ്ങളില്‍ കൂടുതല്‍ ഉത്സുകനായി ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകത എന്നെ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചു. അടുത്ത വിഷയമെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കണം എന്ന് ഞാന്‍ ഉറപ്പിച്ചു.
ആ നിമിഷത്തില്‍ത്തന്നെ വീട്ടിനുപുറകിലെ പഞ്ചായത്ത് റോഡില്‍ ഒരു വണ്ടി ചുമച്ചുചുമച്ചു വന്നു; ഒന്നു കുതിച്ചു; പിന്നെ ഒരു ഞരക്കത്തോടെ നിന്നുപോയി. ശങ്കരന്‍ ഡ്രൈവിങ് സ്കൂളിന്‍റെ വെളുത്ത കാറാണത്. മുന്നിലും പിന്നിലും ചുവന്ന നിറത്തില്‍ വലിയ ‘എല്‍’ എഴുതിയ ആ കാര്‍ വൈകുന്നേരങ്ങളില്‍ ആ വഴി വരാറുണ്ട്. അതിനകത്ത് മിക്കപ്പോഴും പരിഭ്രമിച്ച മുഖമുള്ള ആണുങ്ങളും, ഇടയ്ക്ക് സാരിത്തലപ്പ് സ്റ്റിയറിങ്ങില്‍ കുടുങ്ങിപ്പോകുന്ന പെണ്ണുങ്ങളുമായിരിക്കും. മുള്ളുവേലി കടന്ന് ഞങ്ങളുടെ വരാന്തയില്‍ വരെ എത്തിയത് ആശാന്‍റെ ശബ്ദമാണ്: “ക്ലച്ച് വിടെടോ, ക്ലച്ച്! പതുക്കെ!”
രാഘവന്‍ നായര്‍: “കേട്ടാ മേഷ്ട്രേ? ജീവിതോം ഇതുപോലൊരു ലേണേഴ്സ് ലൈസന്‍സാ. കൊറേ കുതിക്കും, പിന്നെ നിക്കും, പിന്നേം കുതിക്കും. ഒടുക്കം ടെസ്റ്റ് ജയിക്കുമ്പളേക്കും വണ്ടി ഓടാനുള്ള വഴി തീര്‍ന്നിരിക്കും.”
അച്ഛന്‍: “എന്നാ നിങ്ങളെന്തിനാ ഇവിടെ വന്നിരുന്ന് സമയം കളയണത്? പോയി ഓടിക്ക്.”
രാഘവന്‍ നായര്‍: “ഓടിക്കാനറിയാത്തോര്‍ക്ക് സൊറ പറയാനല്ലേ പറ്റൂ, മേഷ്ട്രേ. അതും ഒരു ലൈസന്‍സാ.”
ആ വിഷയം ഞാന്‍ മുഴുവനായും കേട്ടു — തുടക്കവും ഒടുക്കവും നടുക്കുള്ള ചിരിയും. ജീവിതത്തില്‍ ആദ്യമായി ഒരു വര്‍ത്തമാനത്തിന്‍റെ അറ്റംവരെ എത്തിയതിന്‍റെ അഭിമാനത്തില്‍ ഞാന്‍ ചുവന്ന ഉറുമ്പിനെ നോക്കി. അത് അപ്പോഴേക്കും രണ്ടുതവണ വഴുതി താഴെ വീണിരുന്നു; എങ്കിലും അരിമണി വിട്ടിരുന്നില്ല. എല്‍ ബോര്‍ഡിനെക്കുറിച്ചും അരിമണിയെക്കുറിച്ചും ഒരേസമയം ആലോചിച്ചിരിക്കെ അവര്‍ അടുത്ത വിഷയത്തിലേക്ക് എപ്പോഴാണ് കടന്നതെന്ന് ഞാനറിഞ്ഞില്ല.
".....പണ്ടത്തെയൊര് കാര്യം തന്നെയതാണ്. ഞാനെത്രയോ പ്രാവശ്യം പറഞ്ഞിട്ട്ണ്ട്.” രാഘവന്‍ നായര്‍ പറഞ്ഞു നിര്‍ത്തി. അവരെന്തോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പകുതി നഷ്ടപ്പെട്ടു പോയ ആ വിഷയം പിടിച്ചെടുക്കാന്‍ വേണ്ടി ശ്രദ്ധിക്കാന്‍ തുടങ്ങി.
ആ വൈകുന്നേരം വര്‍ത്തമാനം പഠിക്കണമെന്നു നിശ്ചയിച്ചത് ഞാന്‍ മറന്നില്ല. ഏതു പഠിപ്പും തുടങ്ങേണ്ടത് ഏറ്റവുമടുത്തുള്ള ആളില്‍നിന്നാണെന്നു തോന്നിയതുകൊണ്ട് ഞാന്‍ ആദ്യം അമ്മയെ പിടിച്ചു. അടുക്കളയില്‍ ചക്കക്കുരു വറുത്തുകൊണ്ടിരുന്ന അമ്മയോട് ചുവന്ന ഉറുമ്പ് അരിമണി ചുമന്ന് സിമന്‍റ്കട്ടയില്‍ കയറുന്നതിന്‍റെ കഥ ഞാന്‍ ആദ്യം മുതല്‍ പറഞ്ഞു. ഉറുമ്പു വരുന്നതും, അരിമണിയുടെ ഭാരവും, രണ്ടുതവണ വീണതും, ഞാനിരുന്ന സ്ഥലവും, ആ സമയത്തു തോന്നിയ കാര്യങ്ങളുമെല്ലാം ചേര്‍ത്തു പറഞ്ഞുതീര്‍ന്നപ്പോഴേക്കും ചക്കക്കുരു കരിഞ്ഞുപോയിരുന്നു. “എന്നിട്ട്?” എന്ന് അമ്മ ചോദിച്ചു. എന്നിട്ട് ഒന്നുമുണ്ടായിരുന്നില്ല. ഉറുമ്പു കയറി, അത്രതന്നെ. കഥയ്ക്ക് ഒരു ‘എന്നിട്ട്’ വേണമെന്ന് ഞാന്‍ ആദ്യമായി അറിഞ്ഞത് അന്നാണ്.
പിന്നെ ഞാന്‍ തൊഴുത്തിലെ പശുവിനോടു പറഞ്ഞുനോക്കി. പശു എല്ലാം കേട്ടു, പക്ഷേ ഒന്നും ചോദിച്ചില്ല. ഒടുവില്‍ കുട്ടപ്പനെ വേലിക്കരികില്‍ പിടിച്ചിരുത്തി രാഘവന്‍നായരുടെ വെളുത്ത രൂപത്തിന്‍റെ കഥ പറഞ്ഞു. ആദ്യം അത് യക്ഷിയായിരുന്നു; ചാമിയാരെ ഇടയില്‍ ചേര്‍ത്തപ്പോള്‍ കുട്ടപ്പന്‍ ചിരിച്ചു; ആ രണ്ടുപേരും ഒരാള്‍തന്നെയാണെന്ന് ഞാന്‍ ഗൗരവത്തോടെ പ്രഖ്യാപിച്ചപ്പോള്‍ അവന്‍ കണ്ണുമിഴിച്ചു ചോദിച്ചു: “ഇതൊക്കെ നീയെങ്ങനെ അറിഞ്ഞു?” “ഞാന്‍ കണ്ടതാ,” എന്ന് ഞാന്‍ പറഞ്ഞു. അവന്‍ വിശ്വസിച്ചു. അങ്ങനെ ഞാന്‍ ആദ്യത്തെ കള്ളം പറഞ്ഞു, ആദ്യത്തെ ജയവും! അന്നു രാത്രി ഉറക്കം വരാന്‍ കുറേ താമസിച്ചു; ഒരു ചെറിയ കള്ളത്തിന് ഇത്രയും ഭാരമുണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ഒരു ദിവസം അത്താഴം കഴിഞ്ഞ് ഞാന്‍ അച്ഛനോടു ചോദിച്ചു, വര്‍ത്തമാനം പറയാന്‍ പഠിക്കാന്‍ ഏതു പുസ്തകമാണ് വായിക്കേണ്ടതെന്ന്. അച്ഛന്‍ കണ്ണടയ്ക്കു മുകളിലൂടെ എന്നെ നോക്കി. “അതിന് പുസ്തകമില്ല. പറഞ്ഞുപറഞ്ഞ് തെറ്റിത്തെറ്റി വരണം. ആദ്യം കുറേ തെറ്റും, ആളുകള്‍ ചിരിക്കും, പിന്നെ ചിരിക്കാതെയാവും. അപ്പോള്‍ പഠിച്ചു എന്നു കരുതിക്കോ.” രാഘവന്‍നായര്‍ പറഞ്ഞ വണ്ടിയും അച്ഛന്‍ പറഞ്ഞ തെറ്റും ഒന്നുതന്നെയാണെന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞില്ല.
അതിനിടയില്‍ എപ്പോഴോ രാഘവന്‍നായര്‍ വരാതായി. ആദ്യത്തെ വൈകുന്നേരം ഞാന്‍ കാത്തിരുന്നു; പിറ്റേന്നും. വരാന്തയുടെ അറ്റത്തെ സ്ഥലം ഒഴിഞ്ഞുകിടന്നു; ഉറുമ്പുകള്‍ പഴയതുപോലെത്തന്നെ വരിവരിയായി അതിലേ പോയി. അമ്മ ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് “ഓരോരുത്തര്‍ക്കും ഓരോ കാര്യംണ്ടാവും” എന്നു മാത്രമാണ്. അന്നു പകുതി കേള്‍ക്കാതെപോയ ആ പഴയ വിഷയത്തിന്‍റെ ബാക്കി പകുതി പിന്നെ ഞാനൊരിക്കലും കേട്ടില്ല. അതായിരുന്നിരിക്കാം ആ ‘ഓരോ കാര്യം’ എന്ന് വളരെക്കഴിഞ്ഞാണ് എനിക്കു തോന്നിയത്; പക്ഷേ അതു വെറുമൊരു തോന്നലാണ്. കേള്‍ക്കാത്ത വിഷയത്തെക്കുറിച്ച് ആരും ഉറപ്പിച്ചു പറയരുതല്ലോ. കുറച്ചുനാള്‍ കഴിഞ്ഞ് മുറ്റമടിക്കുന്നതിനിടയില്‍ കാര്‍ത്തിച്ചേച്ചി, “ആള്‍ക്ക് തീരെ വയ്യ” എന്ന് അമ്മയോടു മാത്രം പറഞ്ഞു. അമ്മ അതച്ഛനോടു പറഞ്ഞു. അച്ഛന്‍ തെങ്ങിനു തടമെടുക്കുന്നതു തുടര്‍ന്നു.
പിന്നെ മഴ തുടങ്ങി. ഇടവപ്പാതിയുടെ ആദ്യത്തെ ഇടിയോടെ ആകാശം ഒരു വലിയ ചാരനിറത്തുണിയായി പറമ്പിനുമേല്‍ താഴ്ന്നുവന്നു. ഓടിന്‍റെ വിടവുകളിലൂടെ ഇറ്റിറ്റുവീണ വെള്ളം വരാന്തയില്‍ ചെറിയ കുഴികളുണ്ടാക്കി; പുഴ കലങ്ങിമറിഞ്ഞ് മണല്‍ക്കരയെ വിഴുങ്ങി; മുറ്റത്തെ വെള്ളമണലില്‍ അമ്മ പറിച്ചുകളയാന്‍ മറന്ന പുല്ലുകള്‍ പച്ചയായി തലനീട്ടി. ഉറുമ്പുകള്‍ മഴയെ തോല്‍പ്പിക്കാന്‍ അരിമണികളും ചുമന്ന് ഉയരമുള്ള സ്ഥലങ്ങളിലേക്കു കയറി. വരാന്തയുടെ അറ്റത്തെ ആ ഒഴിഞ്ഞ സ്ഥലത്ത് ഈര്‍പ്പം തങ്ങിനിന്നു; അതിന്മേല്‍ ആരും ഇരുന്നില്ല.
***
രാഘവന്‍നായര്‍ മരിച്ച ദിവസം ഉച്ച തിരിഞ്ഞപ്പോള്‍ അച്ഛന്‍ അലക്കിവച്ച ഷര്‍ട്ടിട്ടു; അമ്മ പഴയ കൈലി മാറ്റി മുണ്ടും നേര്യതും ഉടുത്തു. വീടു നോക്കാന്‍ ഞാന്‍ മതിയെന്നും ചിത കാണാന്‍ കുട്ടികള്‍ പോകേണ്ടെന്നും പറഞ്ഞ് അവര്‍ പഞ്ചായത്ത് റോഡുവഴി അപ്പുറത്തേക്കു നടന്നു. പോകുമ്പോള്‍ അച്ഛന്‍ തെങ്ങിന്‍ചുവട്ടില്‍ ചാരിവച്ചിരുന്ന തൂമ്പയെ ഒന്നു നോക്കിയെന്ന് എനിക്കു തോന്നി. അതും എന്‍റെ തോന്നലായിരിക്കാം.
അവര്‍ പോയതോടെ ഉച്ചയ്ക്കുശേഷമുള്ള നിശ്ശബ്ദത ഒരു കനത്ത പുതപ്പുപോലെ വീടിനെ പൊതിഞ്ഞു. ഉച്ചവെയില്‍ മരങ്ങള്‍ക്കിടയിലൂടെ മണ്ണിലേക്കു വരകള്‍ വരച്ചു. പറമ്പിലെ ഇലകള്‍ അനങ്ങിയില്ല; കോഴികള്‍പോലും വാഴത്തടത്തിന്‍റെ തണലില്‍ കഴുത്തൊതുക്കി നിന്നു. റോഡിലൂടെ വെള്ളമുണ്ടുടുത്ത ആണുങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും അപ്പുറത്തേക്കു നടന്നുപോയി; അവരുടെ ചെരിപ്പുകളുടെ ശബ്ദത്തിനും സംസാരത്തിന്‍റെ മുറുമുറുപ്പിനുമിടയില്‍ ഒരാള്‍ ഇടയ്ക്കിടെ ചുമച്ചു. രാവിലെ മുതല്‍ രാഘവന്‍നായരുടെ വളപ്പില്‍നിന്ന് മാവിന്‍റെ വിറകു വെട്ടുന്ന മഴുവിന്‍റെ താളം കേള്‍ക്കുന്നുണ്ടായിരുന്നു; ഇപ്പോള്‍ അതും നിലച്ചിരുന്നു.
കാര്‍ത്തിച്ചേച്ചി പോയില്ല. നായരുടെ വീട്ടിലേക്ക് ആരും തന്നെ വിളിച്ചിട്ടില്ലെന്ന് അവര്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു. രാവിലെ മുതല്‍ അവര്‍ രാഘവന്‍നായര്‍ കുന്തിച്ചിരിക്കാറുള്ള സ്ഥലത്തുതന്നെ ഇരിക്കുകയായിരുന്നു; ഇടയ്ക്ക് എന്നോടും, ഇടയ്ക്ക് ആരോടുമല്ലാതെയും സംസാരിച്ചുകൊണ്ട്. ചന്തയില്‍ പോത്തിനെ വാങ്ങാന്‍ പോയി പോത്തിനോടു തര്‍ക്കിച്ച് ഒടുവില്‍ പോത്തുതന്നെ അയാളെ വീട്ടിലെത്തിച്ച കഥ അവര്‍ പറഞ്ഞു; മത്തായിയുടെ ഭാര്യ ഒരിക്കലും നാടുവിട്ടിട്ടില്ലെന്നും, കൈയിലെ കാശു തീര്‍ന്ന ദിവസം കരഞ്ഞതേയുള്ളൂവെന്നും, ആ കഥയില്‍ പകുതിയും രാഘവന്‍നായര്‍ ഉണ്ടാക്കിപ്പറഞ്ഞതാണെന്നും പറഞ്ഞു. “ആളെ ചിരിപ്പിക്കാനാ അയാള്‍ക്കിഷ്ടം, കുട്ടാ. ആരേം തോല്‍പ്പിക്കാനല്ല.” പിന്നെ എന്നെ നോക്കി അവര്‍ ഒരു കാര്യം കൂടി പറഞ്ഞു: “അയാള്‍ ഇവിടത്തെ ചെക്കനെപ്പറ്റി എപ്പളും പറയും. ആ കുത്തിയിരിക്കണ ചെക്കന്‍ ഒന്നും മിണ്ടീല്ലെങ്കിലും എല്ലാം കേക്കണുണ്ട് കാര്‍ത്തീ, ഒരു ദിവസം അവനെല്ലാം തിരിച്ചു പറയുംന്ന്.”
ഞാന്‍ ഒന്നും പറഞ്ഞില്ല. പറയാന്‍ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍പ്പോലും എവിടെ തുടങ്ങണമെന്നും എങ്ങനെ അവസാനിപ്പിക്കണമെന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ അപ്പോഴും എല്‍ ബോര്‍ഡിലായിരുന്നു. വെയില്‍ ചാഞ്ഞപ്പോള്‍ കാര്‍ത്തിച്ചേച്ചി എഴുന്നേറ്റു, മുണ്ടിന്‍റെ കോന്തല കുടഞ്ഞ് അരയില്‍ തിരുകി. “ഞാനൊന്ന് അങ്ങോട്ടു ചെല്ലട്ടെ. ആരും വിളിച്ചിട്ടില്ല. എന്നാലും വേലീടെ അറ്റത്ത് ഒരു ഭാഗത്ത് നിന്നോളാം.” മുള്ളുവേലിയോടു ചേര്‍ന്ന് അവര്‍ നടന്നുപോകുന്നത് ഞാന്‍ നോക്കിയിരുന്നു. വളരെ പതുക്കെയായിരുന്നു ആ നടപ്പ്, വലിയ അരിച്ചാക്കു ചുമക്കുന്നവരെപ്പോലെ.
അപ്പോഴേക്കും പറമ്പിന്‍റെ പടിഞ്ഞാറേ അറ്റത്ത് ആകാശം ഉരുകിയ ചെമ്പുപോലെ പൊള്ളിത്തുടങ്ങിയിരുന്നു. തെങ്ങോലകളുടെ കറുത്ത നിഴല്‍ മുറ്റത്തെ മണലിലൂടെ വരാന്തയുടെ പടിവരെ നീണ്ടുവന്നു. വവ്വാലുകള്‍ ഇരുട്ടിന്‍റെ ആദ്യത്തെ ചുളിവുകള്‍പോലെ മരങ്ങള്‍ക്കു മുകളിലൂടെ ഒഴുകി. ഓരോ വൈകുന്നേരവും ഇതേ നേരത്ത് വിളക്കു കൊളുത്താന്‍ അമ്മ അകത്തുപോകാറുള്ളത് ഞാനോര്‍ത്തു; അന്ന് ആ വിളക്ക് ആരും കൊളുത്തിയില്ല.
അപ്പുറത്ത് രാഘവന്‍നായരുടെ വീട്ടിനുപുറകുവശത്ത് തയ്യാറാക്കിയ ചിതയില്‍ നിന്ന് പുകയും മണവും ഉയര്‍ന്നു തുടങ്ങി. ഞാന്‍ വരാന്തയിലേക്ക് പടര്‍ന്നു കയറുന്ന കറുത്ത ഉറുമ്പുകളെയും അവയുടെ വായില്‍ ഉയര്‍ത്തിപ്പിടിച്ച വെളുത്ത തരികളും നോക്കി വെറുതെയിരുന്നു. പെട്ടെന്ന് ആരോ ഒരാള്‍ റോഡിലൂടെ ഓടുന്ന ശബ്ദം കേട്ടു. എന്തോ പ്രശ്നമുള്ളതുപോലെ. പുറകേ ഓടുന്നവര്‍ “അവനെ പിടിക്ക്, പിടിക്ക്” എന്ന് പറയുന്നുണ്ടായിരുന്നു. പിടിക്കാന്‍ വരുന്നത് പണം വെച്ച് ചീട്ടുകളിക്കുന്നവരും ഓടുന്നത് പണം വാരിയെടുത്തവനുമായിരിക്കും എന്ന് ഒരു ഊഹംവച്ച് വിചാരിച്ചു. രാഘവന്‍നായരുണ്ടായിരുന്നെങ്കില്‍ അവരുടെ പുറകെ ഓടിയില്ലെങ്കിലും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ റോഡുവരെ വന്നിട്ട് മുറുക്കിക്കൊണ്ടിരുന്നത് ഓവുചാലിലേക്കു തുപ്പിയിട്ട് രണ്ടോ മൂന്നോ തെറി കൂട്ടി വര്‍ത്തമാനം പറഞ്ഞേനെ. തെങ്ങിനു തടമെടുത്തുകൊണ്ടു നിന്നിരിക്കാന്‍ സാധ്യതയുള്ള അച്ഛന്‍ അതുനിര്‍ത്തി വര്‍ത്തമാനം കേള്‍ക്കാന്‍ പോയേനെ. അന്ന് അതൊന്നും സംഭവിച്ചില്ല. എന്നാല്‍ വരാന്തയില്‍നിന്നിറങ്ങി, മുറ്റത്തെ വെയിലാറിയ മണല്‍വിരിപ്പിലൂടെ പഞ്ചായത്തു റോഡിലേക്ക് ഉറുമ്പുകള്‍ വരിവരിയായി നടന്നുനീങ്ങുകയായിരുന്നു.
Category: ആര്‍ക്കും അയച്ചുനോക്കാത്ത കഥ

No comments:
Post a Comment