Wednesday, March 06, 2024

കാഴ്ചപ്പാടുകള്‍

വികസനം ആരുടെ അഭിമാനമാണ്?
ത്തുവര്‍ഷത്തെ ഭരണത്തോടെ സ്വാഭാവികമായി വന്നുചേര്‍ന്ന തോന്നലാണ് ഇതേ ഭരണം ഇനിയും തുടരും എന്നുള്ളത്. വോട്ടര്‍മാര്‍ക്ക് വിരോധം തോന്നിയാല്‍ ഇനി അധികാരത്തില്‍ വരില്ലെന്നും താല്പര്യമുണ്ടെങ്കില്‍ ഇനിയും വരുമെന്നും തോന്നിക്കുന്ന പ്രചാരണം. താല്പര്യമുണ്ടെന്നുറപ്പിക്കലാണ് ഗ്യാരണ്ടി പ്രയോഗം! പൊതുവെ ഉല്പന്നങ്ങള്‍ക്കാണ് ഗ്യാരണ്ടി നല്‍കുക. അതില്‍പ്പോലും വ്യവസ്ഥകളുണ്ടായിരിക്കും. അതൊരു വാഗ്ദാനമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, പണം മുടക്കി നേടിയ ഉല്പന്നം സൗജന്യമായി ശരിയാക്കാമെന്നോ, മാറ്റി നല്‍കാമെന്നോ ഉറപ്പിക്കുന്ന രീതി.
വാറന്റിയാണെങ്കില്‍ എഴുതിത്തയ്യാറാക്കിയ ഡോക്യുമെന്റായിരിക്കും. രണ്ടിലേതായാലും കണ്ടീഷനുകള്‍ നിറയെ ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങള്‍ അതു പാലിക്കാത്തതിനാല്‍ ഈ പറഞ്ഞതിന് അര്‍ഹതയില്ല എന്നായിരിക്കും ഇന്‍ഷുറന്‍സ് കമ്പനികളെപ്പോലെ ഗ്യാരണ്ടിക്കാര്‍ പറയാന്‍ ശ്രമിക്കുക. പ്രൊഡക്ടിനോടുള്ള ഉത്തമബോധ്യം പല കമ്പനികളെയും ഗ്യാരണ്ടിയുടെ ആവശ്യമേയില്ല എന്ന് പറയിക്കും. (അവര്‍ക്ക് പരസ്യം ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന പരസ്യങ്ങള്‍ ചെയ്യും.) മാത്രമല്ല, പലപ്പോഴും വാങ്ങിയവര്‍ ഗ്യാരണ്ടി പിരീഡ് കഴിയുന്നതോടെ പ്രൊഡക്ടിന് തകരാര്‍ സംഭവിക്കുമെന്ന വിശ്വാസക്കാരായിരിക്കുകയും ചെയ്യും! അതുകൊണ്ടുതന്നെ ഗ്യാരണ്ടിയെന്നൊക്കെ പറയുമ്പോള്‍ സ്വാഭാവികമായും അങ്ങനെ പലതും പറയും എന്ന തോന്നലേ പൊതുവേ ഉണ്ടാകുകയുള്ളൂ. ഭാഷ അങ്ങനെയാണല്ലോ. പ്രയോഗത്തിലൂടെയും ആവശ്യങ്ങളിലൂടെയുമാണല്ലോ അത് അര്‍ത്ഥത്തെ നിര്‍ണ്ണയിക്കുന്നത്. ആളുകള്‍ പൊതുവെ ഗ്യാരണ്ടിയൊന്നും വിശ്വസിക്കാത്തവരാണ്. ഒരു പദത്തിന് സന്ദര്‍ഭവും നിരന്തര ഉപയോഗവുമാണ് അര്‍ത്ഥം നിര്‍ണ്ണയിക്കുന്നത്. ആശയങ്ങള്‍ക്ക് അസ്തിത്വം ലഭിക്കുന്നത് മറ്റുള്ളതുമായുള്ള വ്യത്യസ്തതയിലത്രേ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കല്പിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥത്തെയും കടന്നുനില്‍ക്കുന്ന അനുഭവങ്ങള്‍ ആ പ്രയോഗത്തോടുള്ള പ്രതിപത്തിയെ മറ്റൊന്നായി കാണാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഗ്യാരണ്ടി ആരോടെങ്കിലുമുള്ള പ്രതിപത്തിയാണോ നിര്‍ണ്ണയിക്കുന്നത്? ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടാകും തുടങ്ങിയ ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്. 

Monday, February 12, 2024

LCU, വിജയ് - രണ്ട് പോപ്പുലര്‍ ബ്രാന്‍ഡുകളുടെ വിജയരഹസ്യം

പ്രേക്ഷകർക്കിടയിൽ താരമൂല്യം എന്നതുപോലെ മറ്റൊരു സംവാദമണ്ഡലം രൂപപ്പെടുത്തുകയാണ്, LCU. വിജയ് എന്ന താരത്തെ ആഘോഷിക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ സിനിമയാണ് ലിയോ. പുരുഷന്റെ രക്ഷകവേഷം മറ്റെന്തിനെയുംപോലെ സസ്പെൻസിലൂടെ ഇടപെട്ടുകൊള്ളും എന്ന ധാരണയ്ക്കു നൽകുന്ന പ്രാധാന്യമാണ് ഇത്തരം സൃഷ്ടികൾക്കു പ്രേരണയാകുന്നത്. 












Sunday, August 27, 2023

#FahadhFaasil: പോപ്പുലിസത്തിന്റെ മാരക വേർഷൻ

‘‘തികച്ചും ലളിതമായി / നിഷ്‌കളങ്കമായി ട്രെന്‍ഡായിപ്പോയതാണെന്ന് തോന്നിച്ചുകൊണ്ട് സിനിമയില്‍നിന്ന് തെരഞ്ഞെടുത്ത ഓരോന്നും വൈറല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ മാറിവരുന്ന സോഷ്യല്‍ കമ്മിറ്റ്‌മെന്റുകളുടെ ശ്രേണിയെ ഭയപ്പെടേണ്ടിയിരിക്കുന്നു’’- ​‘മാമന്നനി’ൽ ഫഹദ്​ ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ സോഷ്യൽ മീഡിയ പ്രതികരണങ്ങളെക്കുറിച്ച്​ നിരീക്ഷണം.











ട്രൂകോപ്പിതിങ്കില്‍ വായിക്കുക

ലിങ്ക് 

Wednesday, June 21, 2023

ഗവേഷണവും സൗന്ദര്യശാസ്ത്രവും

ഗവേഷണമെന്നാല്‍ എന്താണ്? അഥവാ എന്താണ് ഗവേഷണം? 
സംഗതി ഒന്നുതന്നെ, തിരിച്ചിട്ടാല്‍ മറ്റെന്തെങ്കിലും വ്യത്യാസമുണ്ടോ? 
അതായത്, കഥയോ കവിതയോ നോവലോ വിമര്‍ശനമോ എന്തെങ്കിലുമാവട്ടെ, ഭാഷാരീതി എന്നൊന്നുണ്ട്...
അവതരണശൈലി എന്നൊക്കെപ്പറയും. 
കവിയുദ്ദേശിച്ചത് എന്നുമാവാം? 
ഗവേഷണം ചെയ്തിട്ട് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയക്കാലത്തെ ചോദ്യം? സമൂഹത്തിനെന്തു ഗുണമെന്ന് ആദ്യകാലം മുതല്‍ക്കേതന്നെ ചോദ്യമുണ്ട്. അഥവാ അങ്ങനെ ചോദ്യമുണ്ടാകുമ്പോഴാണ് ഗവേഷണത്തിലേക്കെത്തുക. 

ഒരു മാതിരി... നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്നറിഞ്ഞിട്ട് എനിക്കെന്താ എന്നോ ഇതിവിടെ പറയാതിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് വിചാരിക്കുകയോ ചെയ്യുന്നതുപോലെ ബാലിശമാണ് ഗവേഷണം... സാഹിത്യഗവേഷണം ചെയ്തിട്ടെന്തിനാണെന്ന ചോദ്യവും. 

Sunday, April 23, 2023

ആഴത്തില്‍ നിന്ന് ആഴമേറിയപ്പോള്‍

ആഴത്തിലറിയുക എന്നൊന്നുണ്ട്. എന്താണത് എന്ന ചോദ്യത്തിന് കൂടുതല്‍ നന്നായി മനസ്സിലാക്കുക എന്നായിരിക്കും മറുപടി. ആഴത്തിലേക്കിറങ്ങി അന്വേഷിക്കലാണത്. അതായത് പുഴയുടെ ആഴത്തിലേക്ക് ഇറങ്ങുകയും അവിടെ തിരയുകയും ചെയ്യുക. ഇങ്ങനെ സാധാരണയായി കേള്‍ക്കുന്ന ഒരു സംഗതിയെ ശബ്ദതാരാവലിയോ ശൈലീ പുസ്തകമോ ഒന്നും നോക്കാതെ അവതരിപ്പിക്കാനാവും. ഇനി ഇതിന്റെ നിരുക്തിയിലേക്കു പോവുകയാണെങ്കില്‍ ആഴം എന്ന പദം എങ്ങനെയുണ്ടാകുന്നു, അത് മലയാളത്തില്‍ വന്നതെങ്ങനെ? ഏതു സാഹചര്യത്തിലാകും ഉപയോഗിക്കപ്പെട്ടിരിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കാന്‍ സാധിക്കും.
          നന്നായി വായിച്ചു മനസ്സിലാക്കുക എന്നു പറയുന്നതിനേക്കാള്‍ സൗന്ദര്യം ഇതിനുണ്ട്. കുറേക്കൂടി സാഹിത്യഭംഗിയുണ്ട്. വെറുതെ ഭംഗിവാക്കു പറയുന്നതുപോലെയല്ല, പണ്ഡിതസമാനമായ എന്തോ ഒരു സംഗതി കേട്ട അനുഭൂതിയാണ് മറ്റൊരാള്‍ ഇങ്ങനെ നമ്മളോട് പറയുമ്പോള്‍ ഉണ്ടാവുക.
          ആഴത്തിലറിയുന്നതിന് നെഗറ്റീവായ അര്‍ത്ഥവും ഒരുപക്ഷേ കണ്ടേക്കാം. നെഗറ്റീവ് എന്നല്ല, ദ്വയാര്‍ത്ഥം എന്നൊക്കെ വിചാരിക്കാവുന്നതാണ്. മറ്റെന്തെങ്കിലും ധ്വനിയിലാണെങ്കില്‍ സന്ദര്‍ഭാനുസരണം ചിരിയും വരും.

Friday, January 20, 2023

വൃത്തം എന്ന നോവല്‍

പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രചന

ലിങ്ക് ഇവിടെ 


Thursday, November 10, 2022

അപ്പന്റെ കഥ, ചുറ്റുമുള്ള പെണ്ണുങ്ങളുടെയും

 ട്രൂകോപ്പി തിങ്കില്‍...
അപ്പന്റെ കഥ, ചുറ്റുമുള്ള പെണ്ണുങ്ങളുടെയും | ഡോ. ടി. ജിതേഷ്​ | TrueCopy Think 

അപ്പനിലെ ഞൂഞ്ഞ് പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞുപോയ ആണും മറ്റ് ആണുങ്ങള്‍ തങ്ങള്‍ ആണുങ്ങളാണെന്ന് സ്ത്രീകള്‍ കല്പിച്ചുനല്‍കുന്ന സ്ഥാനത്തെവച്ച് പ്രശ്‌നങ്ങളെ നേരിടാന്‍ മറുവഴികള്‍ തേടുന്നവരുമാണ്. എന്നാല്‍ സ്ത്രീകളാവട്ടെ, ഒരു കൂസലുമില്ലാതെ അവസാനം വരെ ഉറച്ച മനസ്സോടെ നില്‍ക്കാന്‍ കഴിയുന്നവരാണ്. പ്രശ്‌നങ്ങളെ നേരിടാനും സമചിത്തതയോടെ സമീപിക്കാനും മറുവഴികള്‍ തേടുന്നവരാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശക്തമായ സ്ത്രീപക്ഷസിനിമയാണ് അപ്പന്‍.

Thursday, August 11, 2022

കാക്കക്കാലിന്റെ തണല്‍ (കഥ)

പ്രവേശകം

സാധാരണയായി അടുക്കളപ്പുറത്ത് കാക്ക വന്നാല്‍ ’’പോ കാക്കേ’’ എന്ന് ആട്ടിയോടിക്കുന്നവര്‍ ചോറുവച്ച് ബലിക്കാക്കയെ തേടിയിറങ്ങുന്നത് പരലോകവുമായി അതിനുള്ള ബന്ധം കണ്ടുകൊണ്ടാണ്. കാക്കയുടെ കറുത്ത നിറമാണോ അതിനെ മരിച്ചവരോട് ചേര്‍ന്നുനില്‍ക്കുന്ന പക്ഷിയാക്കുന്നത്? അതോ കറുപ്പിലെ ക-യും പേരിലെ കാ-യും ചേരുന്നതുകൊണ്ടാണോ? മഹിരാവണനില്‍ നിന്ന് യമധര്‍മ്മനെ രക്ഷിച്ചത് കാക്കയുടെ രൂപമായതിനാല്‍ പ്രത്യുപകാരമായിട്ടത്രേ കാക്കയ്ക്ക് ബലികര്‍മ്മത്തില്‍ പ്രാധാന്യം കൊടുത്തത്. അതിന് വിശേഷബുദ്ധിയുണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു കഥ? താഴെക്കൊടുത്തിരിക്കുന്ന രീതിയില്‍ ചിന്തിച്ചു നോക്കുക. 

നിര്‍ദ്ദേശം
തെരഞ്ഞെടുക്കേണ്ട, പൂരിപ്പിക്കേണ്ട, രണ്ടോ മൂന്നോ പുറത്തില്‍ ഉപന്യസിക്കേണ്ട!  
വെറുതെ ചിന്തിക്കുന്നതിനെന്തു പ്രശ്നം?  
ആദ്യഭാഗത്തെ വിശേഷബുദ്ധിയിലേക്കുള്ള സൂചന രണ്ടാം ഭാഗത്തെ വിശേഷബുദ്ധിയെ സാധൂകരിക്കുന്നു. (തര്‍ക്കത്തിന് ന്യായം വേണമല്ലോ!)
കാ... കാക്ക 
കാക്ക കഥ പറഞ്ഞു തുടങ്ങി.

ആദ്യഭാഗം
പിതാവിന്റെ ആജ്ഞാനുസരണം രാജഗൃഹം വെടിഞ്ഞിറങ്ങി വനവാസമനുഷ്ഠിക്കുന്ന കാലമാണ്.  തമസാ നദിയുടെ തീരത്തെ ഒറ്റരാത്രിക്കുശേഷം ഒരുപാടു യോജന താണ്ടിയിരിക്കുന്നു. പേരറിയാക്കാടുകളും മലകളും അരുവികളും ആശ്രമങ്ങളും പിന്നിട്ട് ഏറെദൂരം നടന്നുകഴിഞ്ഞിരിക്കുന്നു. മഹാഋഷിമാരെയും വശ്യവചസ്സുകളായ വനദേവതമാരെയും പ്രകൃതിയുടെ പരിപാലനത്താൽ കൊഴുത്തുരുണ്ട മൃഗങ്ങളെയും ഏറെക്കണ്ടു. പകലിന്റെ കത്തുന്ന വെളിച്ചവും രാത്രിയുടെ നാട്ടുവെളിച്ചവും ഇപ്പോൾ നല്ല പരിചയമാണ്. ആശ്രമമുറ്റങ്ങളിൽ ഭയമില്ലാതെ വിഹരിക്കുന്ന മാനുകളും മുയലുകളും മയിലുകളും ഒക്കെ വല്ലാത്ത അത്ഭുതമായിരുന്നു. മൃഗങ്ങൾ അവരോടൊപ്പം സഹവസിക്കുന്നവരെ ഭയപ്പെടാറില്ലത്രേ. രാത്രികളിൽ പാമ്പോ പഴുതാരയോ ആക്രമിക്കുമെന്ന ഭയമൊക്ക ഇല്ലാതായിക്കഴിഞ്ഞു.

Friday, May 20, 2022

ഠാണയിലെ നിഴലും വെളിച്ചവും

പോലീസ് കഥ സിനിമയില്‍ വരുമ്പോള്‍ ത്രസിപ്പിക്കുന്നതായിരിക്കും. ഒന്നുകില്‍ വില്ലന്റെ സ്ഥാനത്ത്... അല്ലെങ്കില്‍ നായകസ്ഥാനത്ത്. സമര്‍ത്ഥമായി കുറ്റം ചെയ്യുന്നവരോ മറയ്ക്കുന്നവരോ അല്ലെങ്കില്‍ അന്വേഷിച്ചു കണ്ടെത്തുന്നവരോ. അതിനപ്പുറമുള്ള കാഴ്ചയായി വരുന്നത് വലിയ ഉദ്യോഗസ്ഥരുടെ വലിയ അധികാരങ്ങളും ഉന്നതനിലയിലുള്ള ജീവിതവും. ട്രെയിനിംഗൊന്നും വിഷയമേയല്ല. പരിശീലിപ്പിക്കുന്നവരോ പരിശീലിച്ചവരോ പരിശീലിപ്പിക്കപ്പെട്ടവരോ ആരുടെയും പരിഗണനയിലേ ഉണ്ടാവുകയില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഠാണാക്കാരന്‍ എന്ന പേരിലൊരു സിനിമ തരംഗമാവുന്നത്. 

സിനിമ ആദ്യമേതന്നെ പറഞ്ഞുവയ്ക്കുന്നത് ബ്രിട്ടീഷുകാരന്റെ പോലീസ്-പട്ടാളനയത്തിലെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെക്കുറിച്ചാണ്. അതില്‍നിന്നും ഒട്ടും വളര്‍ന്നിട്ടില്ല പോലീസോ സൈനികസംവിധാനങ്ങളോ എന്ന് ബോധ്യപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് പിന്നീട്.

പീഡിപ്പിക്കപ്പെടുന്നതിലൂടെ അത് മറ്റുള്ളവരിലേക്കു പകരുന്നതിലൂടെ എങ്ങനെ ആനന്ദം അനുഭവിക്കാമെന്ന് സിനിമ കാണിച്ചുതരികയാണ്. അഥവാ പോലീസെങ്ങനെ അങ്ങനെയായിത്തീരുന്നു... അവര്‍ സ്വയം നശിച്ചുകൊണ്ടാണ് ജനങ്ങളുടെ രക്ഷയ്ക്കെന്നപേരില്‍ പോലീസായിത്തീരുന്നതെന്ന പരമാര്‍ത്ഥത്തെ ബോധ്യപ്പെടുത്തുന്നു. 

ഡിസ്നി-ഹോട്ട്സ്റ്റാറില്‍ കാണണം. കണ്ടുതന്നെയറിയണം സിനിമയുടെ സ്വഭാവം. അധികാരത്തിനു പുറത്തല്ല, അകത്തുകയറിയാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കേണ്ടത് എന്നുകൂടി പറഞ്ഞ് സിനിമ അവസാനിക്കുകയും ചെയ്യുന്നു. 

തികച്ചും ഫലപ്രദമായ ആഖ്യാനം. സമകാലികത എന്നിവ സിനിമയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


Sunday, October 10, 2021

നൈതികത ടാറ്റയിലേക്ക് മാറുന്ന/മാറ്റുന്നതെങ്ങനെ?

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കുന്ന യൂണിയന്‍ ഗവണ്മെന്റ് നയത്തെ വിമര്‍ശിക്കുകയായിരുന്നു ഇതേവരെ മാധ്യമസ്ഥാപനങ്ങള്‍ ചെയ്തിരുന്നത് എന്നു വിചാരിക്കട്ടെ. നഷ്ടത്തിലാണ് കമ്പനികളെന്നാണ് പറച്ചില്‍. അതില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും. എന്നാല്‍ പൊതുമേഖലയെ ഇല്ലാതാക്കുന്നതിനു പുറകിലുള്ള ഗൂഢാലോചനയിലേക്കോ മറ്റോ എത്താവുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ കൂടി പങ്കുവഹിക്കുന്നുവെന്നുള്ളതാണ് ഖേദകരം. എയര്‍ ഇന്ത്യ നേരത്തേ ടാറ്റയുടേതായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തതാണ്; നെഹ്റുവും ഇന്ദിരയുമൊക്കെ... ടാറ്റയോട് നീതികേട് കാണിച്ചു (ഇപ്പോഴത്തേത് കാലത്തിന്റെ കാവ്യനീതി!) തുടങ്ങിയവയ്ക്ക് ഹൈലൈറ്റ് നല്‍കി ടാറ്റയുടെ മധുരമനോഞ്ജമായ നടത്തിപ്പിനെ (മുമ്പുണ്ടായിരുന്നതും ഇനി വരാന്‍ പോകുന്നതും) എടുത്തുകാണിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുകാണുമ്പോള്‍ ലജ്ജ തോന്നുന്നു. (ടാറ്റയുടെ സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തെയും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.)

സമൂഹമാധ്യമങ്ങളുടെ ഭാഷയിലേക്കും സ്വഭാവത്തിലേക്കും മാധ്യമങ്ങള്‍ വന്നെത്തിയിട്ട് കാലം കുറച്ചായി. ’എട്ടിന്റെ പണി’യും ’പൊളിക്കലു’മൊക്കെ തുടങ്ങിയിട്ടും കുറച്ചേറെയായി. വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ സവിശേഷപരിപാടികള്‍ പോലെ വിശദീകരിച്ചു വിശദീകരിച്ച് വഷളാക്കുന്ന ഏര്‍പ്പാട് മാത്രമേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് അവരവരുടെ  ജോലികളിലേക്ക് കടക്കാനും ഇപ്പോഴും ദൂരദര്‍ശനിലെ വാര്‍ത്താരീതി തന്നെയാണ് ഉത്തമം. അതിനുപകരം ഗ്രാഫിക്സ് ഗിമ്മിക്കുകളിലൂടെ വാര്‍ത്തകള്‍ കാണിക്കുകയും അവതാരകര്‍ നടന്നും ഓടിയും അവതരിപ്പിക്കുകയും ഒരേസമയം പല സ്ഥലങ്ങളിലെത്തുകയുമൊക്കെ ചെയ്യുന്നതില്‍ കാഴ്ചയിലെ പുതുമ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. 24 മണിക്കൂര്‍ തികയ്ക്കുകയെന്നതും ഒരഭ്യാസമാണല്ലോ! 

Saturday, October 02, 2021

വിവര്‍ത്തനം വെറുമൊരു പണിയല്ല

വിവര്‍ത്തനം പലപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഫേസ്ബുക്ക് എന്ന പേരിനെ മുഖപുസ്തകം എന്നൊക്കെ വക്രീകരിക്കുന്നത് എന്തിനാണെന്നു മനസ്സിലായിട്ടില്ല. അങ്ങനെയെങ്കില്‍ നമ്മുടെയൊക്കെ പേര് ഓരോ ഭാഷയിലും വിവര്‍ത്തനം ചെയ്തു പറയേണ്ടിവരുമല്ലോ. (ദസ്തയേവ്സ്കിയോ ഡോസ്റ്റോവ്സ്കിയോ ഒക്കെ പ്രശ്നമാണ്. അതിനെയും തര്‍ജ്ജമ ചെയ്തിട്ടുണ്ടല്ലോ...) അത്തരത്തിലുള്ള ചില വിവര്‍ത്തനങ്ങളൊഴികെ സുന്ദരമാണ് തമിഴിലെ വിവര്‍ത്തനമെന്നു തോന്നി. ചില ഉദാഹരണങ്ങള്‍ (പുതിയത്) Online - ഇയങ്കലൈ Offline - മുടക്കലൈ Thumb drive എന്നാണ് കണ്ടത് - വിരലി-യെന്നു പ്രയോഗം GPS അത്ഭുതപ്പെടുത്തി - തടങ്കാട്ടി CCTV നോക്കണം - മറൈകാണി Charger - മിന്നൂക്കി Digital ഏറെ അര്‍ത്ഥവത്താണ് - എണ്‍മിന്‍ ഏറെക്കുറെ ആദ്യകാലം മുതലേ കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലുള്ളത് - അതിനുമൊരു വിവര്‍ത്തനം കണ്ടു - print screen (PrntScr) - തിരൈ പിടിപ്പ്. മലയാളത്തിലെ വിവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭികലിത്ര(computer)വും switch-ഉം മറ്റും പുച്ഛരസത്തിലാണ് പലരും പറയാറുള്ളത്. അങ്ങനെ വിചാരിക്കുന്നവര്‍ മുഖവും നഖവും ഒക്കെ ഒഴിവാക്കേണ്ടതാണ്. (അതൊരു സ്വാഭാവഗുണമത്രേ... അങ്ങനെയേ വരൂ) (ഇക്കൂട്ടത്തില്‍ കണ്ട WhatsApp - പുലനം, Youtube - വലൈയൊളി തുടങ്ങിയവയോട് യോജിക്കാന്‍ തോന്നിയില്ല. നേരത്തേ പറഞ്ഞ പേര് എന്ന സംഗതി തന്നെ കാരണം. Instagram, WeChat, Twitter, Telegram, Skype ഒക്കെയുണ്ട്. സ്ഥലപരിമിതി മൂലം ഒഴിവാക്കുന്നു)

Sunday, June 27, 2021

കാടോരം - വ്യത്യസ്തമായ ഒരനുഭവം

കാടോരമല്ല, അങ്ങനെയാവുമ്പോള്‍ കാനനച്ഛായ മാത്രമായിപ്പോകും. അത് തീര്‍ത്തും കാല്പനികവുമാകും. ഇവിടെ  കാടൊഴുക്കാണ് സിനിമ. ആ ഒഴുക്കിന് നിരവധി തലങ്ങളുണ്ട്, യഥാതഥബോധമുണ്ട്. സിനിമയുടെ തുടക്കം അത്ഭുതപ്പെടുത്തിക്കൊണ്ട് കാടിന്റെ വിശാലതയിലേക്കു കടക്കുന്നുവെങ്കിലും തൊട്ടടുത്ത ദൃശ്യത്തില്‍ ചലനം മന്ദഗതിയിലാവുന്നു. പിന്നീട് ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നപോലെ മുന്നോട്ടു പോകുന്ന ആഖ്യാനരീതിയാണ് സിനിമയെ ഫലപ്രദമാക്കിത്തീര്‍ക്കുന്നത്.  കാടിന്റെ മുഖത്തേക്കാള്‍ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന ക്യാമറ വ്യത്യസ്തമായ ആംഗിളുകള്‍ ഉപയോഗപ്പെടുത്തി കാടിന്‍റെ ദൃശ്യാത്മകതയിലേക്കു ചേര്‍ക്കുന്നുവെന്നതാണ് ചലച്ചിത്രഭാഷയെന്ന നിലയില്‍ ഈ സിനിമയുടെ മെച്ചവും ഈ സിനിമ അടയാളപ്പെടാന്‍ പോകുന്ന സവിശേഷതയും. കഥപറച്ചിലിന്‍റെ ഫോര്‍മാറ്റിന് തുടക്കവും സംഘര്‍ഷവും പരിഹാരവുമെല്ലാം വേണമല്ലോ. സിനിമകള്‍ പൊതുവെ ഇവയെങ്ങനെ കൊണ്ടുവരാനാവുമെന്നാണ് തിരക്കഥയില്‍ പരീക്ഷിക്കാറ്. എന്നാല്‍ കഥയില്‍ ഒരു സംഘര്‍ഷമുണ്ടായിരിക്കുമെന്നും അതിന്റെ പരിഹാരത്തിന് കഥാഗാത്രത്തില്‍ത്തന്നെ ഉപാധികളുണ്ടായിരിക്കുമെന്നും അതിനെ കലാത്മകമായി സമീപിക്കാനാവുമെന്നും ഈ സിനിമ ബോധ്യപ്പെടുത്തുന്നു. സാധ്യമായ എല്ലാ തലങ്ങളിലേക്കും

Friday, June 18, 2021

തലക്കെട്ടെന്ന കെട്ട്

ക്കെട്ടുകള്‍ എന്ന വിഷയം പരിശോധിക്കാവുന്നതാണ്.
ആ കെട്ടിനൊരു പ്രത്യേകതയുണ്ട്. കാണുന്നയാളെ പിടിച്ചിരുത്തണം, വായിപ്പിക്കണം...
വിക്കിനിഘണ്ടുവില്‍ ഇത്രയേയുള്ളൂ...
ഇനിയിതിനെക്കുറിച്ച് അധികം ആലോചിക്കേണ്ടതില്ല. 
ചോദ്യം: അങ്ങനെയൊരര്‍ത്ഥം മാത്രം നല്‍കി മിണ്ടാതിരുന്നാല്‍ മതിയോ?
ഉത്തരം: വേണമെങ്കില്‍ മിണ്ടാതിരിക്കാം. മിണ്ടുകയുമാവാം...
ദൃശ്യഭാഷ കൈകാര്യം ചെയ്യുന്ന സിനിമയിലേക്കു വന്നാല്‍ കലിഗ്രഫിയുടെ അനന്തസാധ്യത!
പഴയ ലിപി ഉപയോഗിക്കുന്നത് ശ്രദ്ധേയം!
ത്രിമാനദൃശ്യം പോലെ എഴുത്ത് വിടര്‍ന്നു ചിരിക്കുന്നത് ആകര്‍ഷകം!
എത്ര ശ്രദ്ധയോടെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു നോക്കിയാല്‍ അത്ഭുതപ്പെടും! എത്രയെളുപ്പത്തിലാണ് നമ്മളത് കണ്ടും വായിച്ചും ഒഴിഞ്ഞു പോകുന്നത്?
അങ്ങനെ ഒഴിയാനാവുമോ?

 
 
 
 



എന്ന എഴുത്ത് അത്രവേഗം മറക്കാന്‍ സാധിക്കുമോ?
ഇതെഴുതി ഫലിപ്പിച്ചതിന്റെ പിന്നിലെ കഥകള്‍ കേട്ടതാണല്ലോ.
ചിലതൊക്കെ സൂചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യകാലം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ട ഒരുപാട് എഴുത്തുചിത്രങ്ങള്‍ ഉണ്ട്.

Tuesday, June 08, 2021

ഈ പിന്മടക്കം എന്തിന്?

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായിരിക്കുന്നു. ആദ്യതരംഗത്തേക്കാള്‍ തീവ്രമായ രീതിയില്‍ രണ്ടാംതരംഗം ജനങ്ങളെ ബാധിച്ചു. ലോകാരോഗ്യസംഘടന ഡെല്‍റ്റാ വകഭേദത്തിന്റെ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. തയ്യാറെടുപ്പിന് സമയമുണ്ടായിരുന്നിട്ടും ഓക്സിജന്‍ ലഭ്യതയില്ലാത്തതിനാല്‍ മാത്രം ധാരാളം ജീവനുകള്‍ നഷ്ടമായി. ശ്മശാനങ്ങളിലെരിയുന്ന ജീവിച്ചിരിക്കേണ്ട മനുഷ്യരുടെ നിലവിളി ലോകം മുഴുവന്‍ കണ്ടു. വാക്സിനേഷന്‍ മാത്രമാണ് ഏകമാര്‍ഗ്ഗമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും അക്കാര്യത്തില്‍ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതേവരെ കഴിയാതിരുന്നത് എന്തുകൊണ്ടായിരിക്കും? വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ത്വരിതമായ വാക്സിന്‍ പരീക്ഷണങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വരികയും ചെയ്തു. ജനങ്ങള്‍ ആകാംക്ഷയോടെയാണ് വാക്സിനെ കാത്തിരുന്നത്. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അതിനിടയില്‍ ചില വ്യാജപ്രചരണങ്ങള്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നിവ വാക്സിനേഷനോട് ജനത്തിനുള്ള താല്പര്യത്തെ കുറച്ചുവെന്നത് നേര്. പക്ഷെ, അത്ഭുതകരമായ രീതിയില്‍ കാര്യങ്ങള്‍ മലക്കം മറിയുന്നു. വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാകേണ്ട ഘട്ടത്തിലെത്തിയപ്പോള്‍ ഏറ്റവുമെളുപ്പത്തില്‍ അതിനുള്ള നടപടിയിലേക്കു കടക്കുന്നതിനുപകരം രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്ന ഏര്‍പ്പാട് ഞെട്ടലോടെ നോക്കിയിരിക്കേണ്ടിവന്നു.  കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേവരെ കാണാത്തവിധം മുഖംതിരിക്കുന്ന ഏര്‍പ്പാടാണ് നടത്തിയതെന്ന് വ്യക്തം. അതുകൊണ്ടാണ് സുപ്രീംകോടതി ഇടപെടേണ്ടി വന്നത്. ബജറ്റില്‍ 35000 കോടി രൂപ നീക്കിവച്ചത് എന്തിനാണെന്ന്