Friday, May 20, 2022

ഠാണയിലെ നിഴലും വെളിച്ചവും

പോലീസ് കഥ സിനിമയില്‍ വരുമ്പോള്‍ ത്രസിപ്പിക്കുന്നതായിരിക്കും. ഒന്നുകില്‍ വില്ലന്റെ സ്ഥാനത്ത്... അല്ലെങ്കില്‍ നായകസ്ഥാനത്ത്. സമര്‍ത്ഥമായി കുറ്റം ചെയ്യുന്നവരോ മറയ്ക്കുന്നവരോ അല്ലെങ്കില്‍ അന്വേഷിച്ചു കണ്ടെത്തുന്നവരോ. അതിനപ്പുറമുള്ള കാഴ്ചയായി വരുന്നത് വലിയ ഉദ്യോഗസ്ഥരുടെ വലിയ അധികാരങ്ങളും ഉന്നതനിലയിലുള്ള ജീവിതവും. ട്രെയിനിംഗൊന്നും വിഷയമേയല്ല. പരിശീലിപ്പിക്കുന്നവരോ പരിശീലിച്ചവരോ പരിശീലിപ്പിക്കപ്പെട്ടവരോ ആരുടെയും പരിഗണനയിലേ ഉണ്ടാവുകയില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഠാണാക്കാരന്‍ എന്ന പേരിലൊരു സിനിമ തരംഗമാവുന്നത്. 

സിനിമ ആദ്യമേതന്നെ പറഞ്ഞുവയ്ക്കുന്നത് ബ്രിട്ടീഷുകാരന്റെ പോലീസ്-പട്ടാളനയത്തിലെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തെക്കുറിച്ചാണ്. അതില്‍നിന്നും ഒട്ടും വളര്‍ന്നിട്ടില്ല പോലീസോ സൈനികസംവിധാനങ്ങളോ എന്ന് ബോധ്യപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് പിന്നീട്.

പീഡിപ്പിക്കപ്പെടുന്നതിലൂടെ അത് മറ്റുള്ളവരിലേക്കു പകരുന്നതിലൂടെ എങ്ങനെ ആനന്ദം അനുഭവിക്കാമെന്ന് സിനിമ കാണിച്ചുതരികയാണ്. അഥവാ പോലീസെങ്ങനെ അങ്ങനെയായിത്തീരുന്നു... അവര്‍ സ്വയം നശിച്ചുകൊണ്ടാണ് ജനങ്ങളുടെ രക്ഷയ്ക്കെന്നപേരില്‍ പോലീസായിത്തീരുന്നതെന്ന പരമാര്‍ത്ഥത്തെ ബോധ്യപ്പെടുത്തുന്നു. 

ഡിസ്നി-ഹോട്ട്സ്റ്റാറില്‍ കാണണം. കണ്ടുതന്നെയറിയണം സിനിമയുടെ സ്വഭാവം. അധികാരത്തിനു പുറത്തല്ല, അകത്തുകയറിയാണ് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കേണ്ടത് എന്നുകൂടി പറഞ്ഞ് സിനിമ അവസാനിക്കുകയും ചെയ്യുന്നു. 

തികച്ചും ഫലപ്രദമായ ആഖ്യാനം. സമകാലികത എന്നിവ സിനിമയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


No comments: