പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കുന്ന യൂണിയന്‍ ഗവണ്മെന്റ് നയത്തെ വിമര്‍ശിക്കുകയായിരുന്നു ഇതേവരെ മാധ്യമസ്ഥാപനങ്ങള്‍ ചെയ്തിരുന്നത് എന്നു വിചാരിക്കട്ടെ. നഷ്ടത്തിലാണ് കമ്പനികളെന്നാണ് പറച്ചില്‍. അതില്‍ യാഥാര്‍ത്ഥ്യമുണ്ടുതാനും. എന്നാല്‍ പൊതുമേഖലയെ ഇല്ലാതാക്കുന്നതിനു പുറകിലുള്ള ഗൂഢാലോചനയിലേക്കോ മറ്റോ എത്താവുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതില്‍ മാധ്യമങ്ങള്‍ കൂടി പങ്കുവഹിക്കുന്നുവെന്നുള്ളതാണ് ഖേദകരം. എയര്‍ ഇന്ത്യ നേരത്തേ ടാറ്റയുടേതായിരുന്നു. അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്തതാണ്; നെഹ്റുവും ഇന്ദിരയുമൊക്കെ... ടാറ്റയോട് നീതികേട് കാണിച്ചു (ഇപ്പോഴത്തേത് കാലത്തിന്റെ കാവ്യനീതി!) തുടങ്ങിയവയ്ക്ക് ഹൈലൈറ്റ് നല്‍കി ടാറ്റയുടെ മധുരമനോഞ്ജമായ നടത്തിപ്പിനെ (മുമ്പുണ്ടായിരുന്നതും ഇനി വരാന്‍ പോകുന്നതും) എടുത്തുകാണിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതുകാണുമ്പോള്‍ ലജ്ജ തോന്നുന്നു. (ടാറ്റയുടെ സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തെയും വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്.)
സമൂഹമാധ്യമങ്ങളുടെ ഭാഷയിലേക്കും സ്വഭാവത്തിലേക്കും മാധ്യമങ്ങള്‍ വന്നെത്തിയിട്ട് കാലം കുറച്ചായി. ’എട്ടിന്റെ പണി’യും ’പൊളിക്കലു’മൊക്കെ തുടങ്ങിയിട്ടും കുറച്ചേറെയായി. വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ സവിശേഷപരിപാടികള്‍ പോലെ വിശദീകരിച്ചു വിശദീകരിച്ച് വഷളാക്കുന്ന ഏര്‍പ്പാട് മാത്രമേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങളറിയാനും പ്രേക്ഷകര്‍ക്ക് അവരവരുടെ ജോലികളിലേക്ക് കടക്കാനും ഇപ്പോഴും ദൂരദര്‍ശനിലെ വാര്‍ത്താരീതി തന്നെയാണ് ഉത്തമം. അതിനുപകരം ഗ്രാഫിക്സ് ഗിമ്മിക്കുകളിലൂടെ വാര്‍ത്തകള്‍ കാണിക്കുകയും അവതാരകര്‍ നടന്നും ഓടിയും അവതരിപ്പിക്കുകയും ഒരേസമയം പല സ്ഥലങ്ങളിലെത്തുകയുമൊക്കെ ചെയ്യുന്നതില്‍ കാഴ്ചയിലെ പുതുമ മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. 24 മണിക്കൂര്‍ തികയ്ക്കുകയെന്നതും ഒരഭ്യാസമാണല്ലോ!
കമ്പനികളൊക്കെ ഹൈബ്രിഡ് ജോലിരീതികളിലേക്ക് മാറുന്ന കാലമാണിത്. ഏറെക്കമ്പനികളും മാറിയിരിക്കുന്നു. കോവിഡ് കാലം അതിന് വേഗത വര്‍ദ്ധിപ്പിച്ചുവെന്നുമാത്രം. Artificial Intelligence-ഉം Internet of Things (IoT)-ഉം അടിസ്ഥാനമാക്കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിപുലപ്പെടുത്തുന്ന ഇക്കാലം അതിനുള്ള പുതിയ സംഗതികളൊക്കെയാണ് ആവിഷ്കരിക്കുന്നത്. പ്രേക്ഷകര്‍ അതിനുപുറകേ പോകുമെന്നും അത്രമാത്രം ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നുവെന്നും ഉള്ളത് വാസ്തവമാണ്.
അതിവൈകാരികമായ കഥപറച്ചില്‍രീതിയിലേക്കു പോകുമ്പോഴാണ് വെബ് സീരീസുകള്‍ ആളുകളെ പിടിച്ചുനിര്‍ത്തുന്നത്. ഓരോ എപ്പിസോഡും തുടര്‍ച്ചകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുകയാണ്. തുടര്‍ക്കഥകളിലും നോവലുകളിലും മാഗസിനുകള്‍ അനുവര്‍ത്തിച്ച രീതി. സീരീസുകളുടെ സ്വഭാവത്തിന് വാര്‍ത്തകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്ന് ഓരോ വാര്‍ത്തയുടെയും അവതരണവും അതിനുശേഷം വരുന്ന കമന്റുകളും മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. ആ ഓളം നില്‍ക്കുന്ന സമയത്തുമാത്രമായി വൈകുന്നേരത്തെ പ്രൈംടൈം ചര്‍ച്ചകള്‍ മറ്റൊരു അഭ്യാസമാണ്. അവതാരകര്‍ സ്വയം അണിയുന്ന വേഷവും സ്ഥിരം അതിഥികള്‍ (അറിയാതെ വരുന്നവരല്ല) നടത്തുന്ന യുദ്ധവും പരിസമാപ്തിയും കൊണ്ട് സമ്പന്നമാണല്ലോ ഇവ. ടാറ്റ പണ്ട് വിമാനക്കമ്പനി നന്നായി നടത്തിയിരുന്നതാണ് എന്നതില്‍ (മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍) ആര്‍ക്കും സംശയമില്ല. മഹാരാജാവിന്റെ ചിത്രവും എംബ്ലവും ആധുനികസൗകര്യങ്ങളും സംഭവമാണെന്നുകൂടി ചേര്‍ക്കുന്നു. എയര്‍ ഇന്ത്യയും പിന്നീട് അങ്ങനെത്തന്നെയായിരുന്നു. ദേശസാല്‍ക്കരണത്തിനു ശേഷവും ടാറ്റയുടെ മേല്‍നോട്ടത്തില്‍ കുറേക്കാലമുണ്ടായിരുന്നു. എന്നാല്‍ കാലത്തിനൊപ്പം മാറുന്നതിലുള്ള പിഴവുകളിലേക്ക് അതിനെ എത്തിച്ചത് പൊതുമേഖലയിലെ നടത്തിപ്പിലുണ്ടായ പാളിച്ചകളായിരിക്കാം. സ്വകാര്യക്കമ്പനികളുടെ കടന്നുവരവും മറ്റും ഏല്‍പ്പിച്ച ആഘാതം വിസ്മരിക്കേണ്ടതില്ല. (BSNL-ന് 4G കിട്ടാതെ പോയത് സര്‍ക്കാരിന് കഴിവില്ലാഞ്ഞിട്ടല്ലല്ലോ! സ്വകാര്യക്കമ്പനികള്‍ക്ക് അതെല്ലാം കിട്ടുകയും ചെയ്തു.) അവയെ തന്ത്രപൂര്‍വ്വം മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതാണ് ബുദ്ധിയത്രേ! (ആരുടെയൊക്കെ ബുദ്ധിയെന്നത് കാലം തെളിയിക്കും). ഇങ്ങനെയുള്ളവര്‍ക്ക് കര്‍ഷകര്‍ സമരം നടത്തുന്നതിനോട് പുച്ഛമായിരിക്കും. കമ്പനികളുടെ കീഴില്‍ കൃഷി മെച്ചപ്പെടുമെന്ന് വാദിക്കും. മത്സരം നടക്കട്ടെയെന്ന് തീരുമാനിക്കും. തൊഴിലാളികള്‍ക്ക് കിട്ടേണ്ട ന്യായമായ കൂലിയും അവകാശങ്ങളും റദ്ദു ചെയ്യുന്നതിന് മടിയില്ലാതാകും. ഈ പോക്ക് ജന്മിത്ത വ്യവസ്ഥ നിലനിന്നകാലത്ത് കൃഷിയൊക്കെ ഗംഭീരമായിരുന്നുവെന്ന് അവകാശപ്പെടാന്‍ തോന്നിക്കുമോ? അതിന് ഏറെക്കാലം കാത്തിരിക്കേണ്ടതില്ലെന്നു തോന്നുന്നു. പണ്ടൊക്കെ ശരിക്കു പണിയെടുക്കുമായിരുന്നു. ഇന്നുള്ളവര്‍ പണിയെടുക്കുന്നില്ല. കൂലി മാത്രം മതി തുടങ്ങിയ വര്‍ത്തമാനങ്ങള്‍ ശ്രദ്ധിക്കുക. അന്നത്തെ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരമൊക്കെ ഗൂഢാലോചനയായിരുന്നുവെന്ന് തട്ടിവിടാനും പിന്തുണയ്ക്കാനും ആളുകള്‍ കൂടിവരും. ഇന്ന് കൃഷിയില്ലാതായത് വിദ്യാഭ്യാസം കൂടിയതിനാലാണെന്ന് പറയാന്‍ മടിയില്ലാതാകും. കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയിലും ജീവിതരീതികളിലും മാറ്റമുണ്ടാകുന്നതിനെ ഉള്‍ക്കൊള്ളാതെ പോകുന്നത് കുറവാണെന്ന് ഘോഷിക്കും.
മാറ്റം വേണ്ടത് കൃഷി രീതികള്‍ക്കാണ്. അതല്ലാതെ കമ്പനികള്‍ നടത്തുന്ന കൃഷിപ്പണിയിലെ കൊള്ളയെടുപ്പല്ല. ഇതുരണ്ടും കൂട്ടിക്കുഴച്ച് ആര്‍ക്കും മനസ്സിലാകാത്ത പരുവത്തിലാക്കുന്നതാണ് പുതിയ കാര്‍ഷിക ബില്ലെന്ന് ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ബില്ല് പാസ്സാക്കിയെടുത്ത രീതി തന്നെ വിമര്‍ശിക്കപ്പെട്ടതാണല്ലോ. അതിനുശേഷം ചര്‍ച്ചയാവാമെന്ന് പറയുന്നതില്‍ ജനാധിപത്യമുണ്ടോ എന്ന് ആരായേണ്ടിയിരിക്കുന്നു. ആവശ്യക്കാരന് വേണ്ടെങ്കില്‍ ആവശ്യക്കാര്‍ ആരെന്ന് യൂണിയന്‍ ഗവ. തീരുമാനിക്കുമെന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല. സാംസ്കാരികയുക്തികള്‍ക്ക് ഇല്ലം നിറയും വല്ലം നിറയുമൊക്കെ മതിയല്ലോ. ആരുടെ ഇല്ലവും വല്ലവുമാണ് നിറഞ്ഞതെന്ന് സൗകര്യപൂര്‍വ്വം മറക്കും. സിനിമകള്‍ കാല്‍പ്പനിക-ഗൃഹാതുര സ്മരണകളെ അയവിറക്കും. അതൊരു സംസ്കാരവും ആഘോഷവുമാണെന്ന് കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ട് പറയാന്‍ താല്‍പ്പര്യമേറെയാണ്. അതിനു വളംവയ്ക്കാന്‍ എല്ലാ മാധ്യമങ്ങളും മുന്നിലുണ്ട്. ആഘോഷങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ആരും ഓര്‍മ്മിക്കരുതെന്ന് വാദിക്കും. ഇതിനെയെല്ലാം കൂട്ടിക്കെട്ടി ജനങ്ങള്‍ക്കുവേണ്ടതാണ് കൊടുക്കുന്നതെന്ന് മാധ്യമങ്ങള്‍ ഉറപ്പിക്കുകയും ചെയ്യും. ജനങ്ങള്‍ക്കുവേണ്ടത് ഉണ്ടാക്കാന്‍ അവര്‍ക്കറിയാം. അതല്ലെങ്കില്‍ ഓരോന്നും താനെ വന്നുചേരും. കാലത്തിനും മാറ്റത്തിനും അനുസരിച്ച് പരുവപ്പെട്ടുകൊണ്ടാണ് മനുഷ്യര്‍ ഈ നിലയിലെത്തിയത്.
മാധ്യമങ്ങള്‍ ഏതെങ്കിലും ഒരാശയത്തില്‍ ഉറച്ചുനില്‍ക്കേണ്ടവരും ജനാധിപത്യത്തിന്റെ നാലാം തൂണുമൊക്കെയാണ് എന്നത് മറന്നുപോകുന്നു. അവ ജനകീയത പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളാവരുത്. ഇന്നിപ്പോള്‍ വിഭവങ്ങളുടെ ലഭ്യത പണ്ടത്തേതിലുമേറെ ഉള്ളതും അത് എല്ലാവര്‍ക്കും ലഭ്യമാകുന്നതും സ്വാതന്ത്ര്യാനന്തരം സ്വീകരിച്ച നയപരിപാടികളുടെ ഫലമാണ്. അതെല്ലാം വെറുതെയായിരുന്നുവെന്ന് തോന്നുന്നവരുടെ അജണ്ടയെന്താണെന്നുകൂടി തിരിച്ചറിയണം. അതു മനസ്സിലാകാത്തവര്‍ സ്വാതന്ത്ര്യപൂര്‍വ്വപുഷ്കലകാലത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ (അങ്ങനെയുള്ളവര്‍ കുറവാണെന്നാണ് വിശ്വാസം) മാത്രമായിരിക്കും. അത്തരക്കാര്‍ നാടിനെ എവിടെയെങ്കിലുമൊക്കെ -മുന്നോട്ടല്ല- എത്തിക്കുമെന്നുറപ്പ്. പഞ്ചവത്സരപദ്ധതിയും ദേശസാല്‍ക്കരണവും മറ്റും ഉദ്ദേശിച്ച രീതിയിലെത്തിയില്ലെങ്കില്‍ (?) അതിന് പദ്ധതികളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. അതിന്റെ ഗുണഫലങ്ങളാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതിലേറെയും. വ്യവസായത്തിലായാലും വിപ്ലവത്തിലായാലും കുഴപ്പമെന്തെന്ന് കണ്ടെത്തേണ്ടവര്‍ തന്നെ അത് കണ്ടില്ലെന്നു നടിക്കുന്നതും സ്വാര്‍ത്ഥരാകുന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു. വേലി തന്നെ വിളവു തിന്നുക എന്ന അവസ്ഥയ്ക്ക് പരിഹാരമായി വേലി വേണ്ട എന്നു തീരുമാനിക്കാനാവില്ലല്ലോ. ഗുണകാംക്ഷികളോ നടത്തിപ്പുകാരോ കുഴപ്പക്കാരാകുന്നതില്‍ വ്യവസ്ഥയ്ക്കുള്ള പങ്കിനെക്കൂടി പഠിക്കേണ്ടിയിരിക്കുന്നു. (സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് റേഷന്‍ ലഭ്യമാക്കുമ്പോള്‍ അങ്ങനെയല്ലാത്തവര്‍ തട്ടിപ്പിലൂടെ അത് വാങ്ങിയെടുക്കുന്നത് റേഷന്‍ സംവിധാനത്തിന്റെ കുഴപ്പമല്ലല്ലോ. ജനങ്ങള്‍ പൊതുവെ സൗജന്യങ്ങള്‍ പറ്റിയെടുക്കുന്നതില്‍ മുമ്പിലുണ്ടാകുമെന്നും നൈതികതയുടെ ബോധ്യം വിദ്യാഭ്യാസത്തിലൂടെ ഉണ്ടാവേണ്ടതാണെന്നും പഠിക്കുന്നതിനുപകരം ഇനി മുതല്‍ റേഷന്‍ കടകള്‍ വേണ്ട. അതെല്ലാം വെറുതെയാണ്, അര്‍ഹതയുള്ളവര്‍ക്കു കിട്ടുന്നില്ല, കുറേപ്പേര്‍ വെറുതെ വാങ്ങുന്നു എന്നൊക്കെ പറഞ്ഞാലുള്ള അവസ്ഥ) ഇത്തരം ന്യായങ്ങള്‍ സാധൂകരിക്കുന്നതിന് വലിയ തെറ്റ്, ചെറിയ തെറ്റ്, സാധാരണ തെറ്റ്, അസാധാരണ തെറ്റ്, കൈയബദ്ധം തുടങ്ങിയ ന്യായീകരണങ്ങള്‍ ചേര്‍ക്കുകയും ചെയ്യും. അതിലൊന്ന് വിദേശബാങ്കുകളിലെ സമ്പാദ്യമാണ്. അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കല്‍ മറ്റൊന്നും - ഇവ പരസ്പരപൂരകമാണെന്ന് ഓര്‍ക്കുക. ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകളില്‍നിന്ന് കോടികളുമായി മുങ്ങുന്നവര്‍ സാധാരണക്കാരന്റെ നീതിബോധത്തെ ചോദ്യം ചെയ്യുകയാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആ നീതിബോധത്തെയും മുടന്തന്‍ന്യായങ്ങളിലൂടെ അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. കര്‍ഷകര്‍ക്കുള്ള വായ്പ/സാമ്പത്തികസഹായം കര്‍ഷകരല്ലാത്തവര്‍ കൈപ്പറ്റുമ്പോള്‍ അതു പിന്നീട് എഴുതിത്തള്ളുമ്പോള്‍ ഒക്കെ ഗുണഫലം ആര്‍ക്കാണുണ്ടാകുന്നത് എന്നുകൂടി പഠിക്കണം. അതല്ലാതെ കുഴപ്പക്കാരെ മുന്‍നിര്‍ത്തി തീരുമാനത്തിലെത്തുകയല്ലല്ലോ വേണ്ടത്? മുന്‍കാലത്തെ ഓരോ പദ്ധതികളിലൂടെയും ഒരുപാട് ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ കാലത്തെ പദ്ധതികളും പ്രയോജനപ്രദമാകുന്നുണ്ട്. എന്നാല്‍ അതിനു നല്‍കുന്ന നിറം പ്രശ്നമാകുന്നത് വോട്ടുരാഷ്ട്രീയവുമായി വരുമ്പോഴാണ്. നടപ്പിലാക്കിയതും നടപ്പിലാക്കാനിരിക്കുന്നതുമായ പദ്ധതികളിലെ പോരായ്മകള്‍ കാണുമ്പോള്‍ പദ്ധതികളുടെ അടിവേരറുക്കുന്ന ഏര്‍പ്പാടാണ് നിര്‍ത്തേണ്ടത്. അതിന് കുടപിടിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറുന്നതെങ്ങനെയെന്ന് ഇനിയും മനസ്സിലാകുന്നില്ല. നീതിയും നൈതികതയും ടാറ്റയുടെ മാത്രം അവകാശമാകുന്നതെങ്ങനെയെന്നും.
വാല്‍ക്കഷണം - വെറുതെ ചര്‍ച്ചയ്ക്ക് ഇടം കൊടുക്കേണ്ടത് എന്തിനെന്ന് പല മാധ്യമക്കമ്പനികള്‍ക്കും അറിയാം. ജനകീയഹോട്ടലിലെ ഊണ് ആരുടെയൊക്കെയോ വയറ്റത്തടിക്കുന്നുണ്ടാവണം. അല്ലെങ്കില്‍ ആ ദിവസത്തെ പ്രധാന വാര്‍ത്ത വെളിച്ചത്തില്‍നിന്ന് മാറിനില്‍ക്കട്ടെ!
1 comment:
കർഷക കലാപത്തിന് പിന്നിലുള്ള പൊളിറ്റിക്‌സും അതിനെ വിദഗ്ധമായി വെള്ളപൂശുന്ന മീഡിയയും നമ്മുടെ നൈതികതയും ...
Post a Comment