Sunday, June 27, 2021

കാടോരം - വ്യത്യസ്തമായ ഒരനുഭവം

കാടോരമല്ല, അങ്ങനെയാവുമ്പോള്‍ കാനനച്ഛായ മാത്രമായിപ്പോകും. അത് തീര്‍ത്തും കാല്പനികവുമാകും. ഇവിടെ  കാടൊഴുക്കാണ് സിനിമ. ആ ഒഴുക്കിന് നിരവധി തലങ്ങളുണ്ട്, യഥാതഥബോധമുണ്ട്. സിനിമയുടെ തുടക്കം അത്ഭുതപ്പെടുത്തിക്കൊണ്ട് കാടിന്റെ വിശാലതയിലേക്കു കടക്കുന്നുവെങ്കിലും തൊട്ടടുത്ത ദൃശ്യത്തില്‍ ചലനം മന്ദഗതിയിലാവുന്നു. പിന്നീട് ഊര്‍ജ്ജമുള്‍ക്കൊണ്ടെന്നപോലെ മുന്നോട്ടു പോകുന്ന ആഖ്യാനരീതിയാണ് സിനിമയെ ഫലപ്രദമാക്കിത്തീര്‍ക്കുന്നത്.  കാടിന്റെ മുഖത്തേക്കാള്‍ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന ക്യാമറ വ്യത്യസ്തമായ ആംഗിളുകള്‍ ഉപയോഗപ്പെടുത്തി കാടിന്‍റെ ദൃശ്യാത്മകതയിലേക്കു ചേര്‍ക്കുന്നുവെന്നതാണ് ചലച്ചിത്രഭാഷയെന്ന നിലയില്‍ ഈ സിനിമയുടെ മെച്ചവും ഈ സിനിമ അടയാളപ്പെടാന്‍ പോകുന്ന സവിശേഷതയും. കഥപറച്ചിലിന്‍റെ ഫോര്‍മാറ്റിന് തുടക്കവും സംഘര്‍ഷവും പരിഹാരവുമെല്ലാം വേണമല്ലോ. സിനിമകള്‍ പൊതുവെ ഇവയെങ്ങനെ കൊണ്ടുവരാനാവുമെന്നാണ് തിരക്കഥയില്‍ പരീക്ഷിക്കാറ്. എന്നാല്‍ കഥയില്‍ ഒരു സംഘര്‍ഷമുണ്ടായിരിക്കുമെന്നും അതിന്റെ പരിഹാരത്തിന് കഥാഗാത്രത്തില്‍ത്തന്നെ ഉപാധികളുണ്ടായിരിക്കുമെന്നും അതിനെ കലാത്മകമായി സമീപിക്കാനാവുമെന്നും ഈ സിനിമ ബോധ്യപ്പെടുത്തുന്നു. സാധ്യമായ എല്ലാ തലങ്ങളിലേക്കും കഥാംശത്തെ ചേര്‍ക്കുകയും സമകാലികമായ പ്രസക്തിയെ എടുത്തു കാണിക്കുകയും ചെയ്യുന്നു. സ്ത്രീപക്ഷസിനിമയാണിത്. എന്തിനെയും സധൈര്യം നേരിടാനും നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനും ദുര്‍വ്യാഖ്യാനങ്ങളെ തള്ളിക്കളയാനും നിലവിലെ പരിതസ്ഥിതിയില്‍ സാധ്യമാകുമെന്ന് ഉറച്ചുവിശ്വസിക്കാന്‍ സിനിമ പ്രേരിപ്പിക്കുന്നു. എത്ര ആജ്ഞാശക്തിയോടെയാണ് ഇക്കാര്യം പറഞ്ഞുവയ്ക്കുന്നത്. ഇതിന് നായികയുടെയും കൂട്ടുകാരിയുടെയും അഭിനയസിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അഭിനയിക്കുകയല്ല, ജീവിക്കുകയാണവര്‍. അമ്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍നിന്ന് പ്രേക്ഷകരുടെ ചിന്തയില്‍ നെഗറ്റീവായി രൂപപ്പെടുത്തിയ ധാരണ ഇല്ലാതാവുന്നത്, കഥാപാത്രത്തിന് അമ്മയോടുള്ള വിദ്വേഷമില്ലാതാവുന്നത്, അതിന്റെ കാരണങ്ങളിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കടത്തിവിടുന്ന വിദ്യയിലൂടെയാണ്. വൈകാരികത, നിലപാട്, ശില്പഭംഗി എന്നിവ ചുരുക്കം ഫ്രെയിമുകളിലൂടെ അതിശക്തമായി ആവിഷ്കരിച്ചിരിക്കുന്നു. ഈയൊരൊറ്റ മുഹൂര്‍ത്തം മാത്രം മതി സംവിധാനമികവ് മനസ്സിലാക്കാന്‍. മറ്റൊരിടത്ത് ഒറ്റഷോട്ടില്‍, ചലിക്കാത്ത ഫ്രെയിമില്‍ ദീര്‍ഘനേരം നായികയുടെ മനസ്സംഘര്‍ഷത്തിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നുണ്ട്. ദൃശ്യവ്യാകരണത്തെ സൂക്ഷ്മമായി സമീപിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. ശക്തവും സുന്ദരവുമായ പ്രമേയവുമായി വന്ന മറാത്തി സിനിമ - പോസ്റ്റ്കാര്‍ഡിലാണ് അങ്ങനെയൊരു തലം മറ്റൊരു രീതിയില്‍ കണ്ടിട്ടുള്ളത്. ആശയക്കുഴപ്പത്തെയല്ല, നേരിടേണ്ട സന്ദര്‍ഭത്തെക്കുറിച്ചുള്ള ചിന്തയും തയ്യാറെടുപ്പുമാണ് ചലനങ്ങള്‍ കാണിച്ചുതരുന്നത്. വിശദാംശങ്ങളിലേക്കു കടന്നുചെല്ലാനും കൂടുതല്‍ സമയം അതില്‍ വ്യാപരിക്കാനും മറ്റിടങ്ങളില്‍/അവതരണത്തില്‍ എടുത്ത സമയം ചുരുക്കുകയായിരുന്നുവെങ്കില്‍ ആഖ്യാനം കുറേക്കൂടി ചടുലവും ശക്തവുമായേനെ. ഇങ്ങനെ തോന്നിക്കുന്നത്, ഇവിടെ സൂചിപ്പിച്ച (അമ്മ)രംഗത്തിന്റെ സവിശേഷത ബോധ്യമായതുകൊണ്ടാണ്. കാടിന്‍റെ വന്യതാളമുള്ള സംഗീതം മെച്ചപ്പെട്ട പശ്ചാത്തലസൂചനയായിത്തോന്നി. അവസാനരംഗമാവുമ്പോഴേയ്ക്കും താളത്തില്‍ വരുന്ന മാറ്റവും ശ്രദ്ധിക്കാനാവും. ദൃശ്യങ്ങളില്‍ ഭൂപ്രകൃതിയും മനുഷ്യരും മാത്രമേയുള്ളൂവെങ്കില്‍ ശബ്ദത്തിലൂടെ ഇതര ജീവജാലങ്ങളും സിനിമയില്‍ അടയാളപ്പെടുന്നു.   
 

No comments: