സ്വതന്ത്ര
ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ്
രാജ്യം കടന്നുപോകുന്നത്. ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട്
ചെയ്തിട്ട് ഒന്നരവര്‍ഷമായിരിക്കുന്നു. ആദ്യതരംഗത്തേക്കാള്‍ തീവ്രമായ രീതിയില്‍
രണ്ടാംതരംഗം ജനങ്ങളെ ബാധിച്ചു. ലോകാരോഗ്യസംഘടന ഡെല്‍റ്റാ വകഭേദത്തിന്റെ
തീവ്രതയെക്കുറിച്ച് മുന്നറിയിപ്പു നല്‍കി. തയ്യാറെടുപ്പിന് സമയമുണ്ടായിരുന്നിട്ടും
ഓക്സിജന്‍ ലഭ്യതയില്ലാത്തതിനാല്‍ മാത്രം ധാരാളം ജീവനുകള്‍ നഷ്ടമായി.
ശ്മശാനങ്ങളിലെരിയുന്ന ജീവിച്ചിരിക്കേണ്ട മനുഷ്യരുടെ നിലവിളി ലോകം മുഴുവന്‍ കണ്ടു.
വാക്സിനേഷന്‍ മാത്രമാണ് ഏകമാര്‍ഗ്ഗമെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും അക്കാര്യത്തില്‍
നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതേവരെ കഴിയാതിരുന്നത്
എന്തുകൊണ്ടായിരിക്കും? വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ലോകമെമ്പാടും
നടക്കുകയും ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ത്വരിതമായ വാക്സിന്‍
പരീക്ഷണങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വരികയും ചെയ്തു. ജനങ്ങള്‍ ആകാംക്ഷയോടെയാണ്
വാക്സിനെ കാത്തിരുന്നത്. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അതിനിടയില്‍ ചില
വ്യാജപ്രചരണങ്ങള്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നിവ വാക്സിനേഷനോട് ജനത്തിനുള്ള
താല്പര്യത്തെ കുറച്ചുവെന്നത് നേര്. പക്ഷെ, അത്ഭുതകരമായ രീതിയില്‍ കാര്യങ്ങള്‍
മലക്കം മറിയുന്നു. വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാകേണ്ട ഘട്ടത്തിലെത്തിയപ്പോള്‍
ഏറ്റവുമെളുപ്പത്തില്‍ അതിനുള്ള നടപടിയിലേക്കു കടക്കുന്നതിനുപകരം രാജ്യത്തെ
പൗരന്മാരെ വിഭജിക്കുന്ന ഏര്‍പ്പാട് ഞെട്ടലോടെ നോക്കിയിരിക്കേണ്ടിവന്നു. കേന്ദ്രസര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ
ചരിത്രത്തില്‍ ഇതേവരെ കാണാത്തവിധം മുഖംതിരിക്കുന്ന ഏര്‍പ്പാടാണ് നടത്തിയതെന്ന്
വ്യക്തം. അതുകൊണ്ടാണ് സുപ്രീംകോടതി ഇടപെടേണ്ടി വന്നത്. ബജറ്റില്‍ 35000 കോടി രൂപ
നീക്കിവച്ചത് എന്തിനാണെന്ന് കോടതി ചോദിക്കേണ്ടി വന്നത് എന്തുകൊണ്ടായിരിക്കും?
അതിനുശേഷം സൗജന്യവാക്സിനേഷനെക്കുറിച്ച് തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി
തയ്യാറായി.
ആദ്യം
കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് നല്‍കുമെന്നു
തീരുമാനിക്കുമ്പോള്‍ ജനത ആകാംക്ഷയോടെ ജീവശ്വാസമെടുക്കുന്നതിനുള്ള യജ്ഞത്തെ
കൃതാര്‍ത്ഥതയോടെ കണ്ടു. പിന്നീടാണ് വിഭജനങ്ങള്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍,
സംസ്ഥാനസര്‍ക്കാര്‍, സ്വകാര്യ ആശുപത്രി തുടങ്ങിയ വിഭജനം വന്നു. കേന്ദ്രസര്‍ക്കാരിന്
കുറഞ്ഞ വിലയ്ക്കും സംസ്ഥാനങ്ങള്‍ക്ക് അതിനേക്കാള്‍ കൂടിയ വിലയ്ക്കും സ്വകാര്യ
ആശുപത്രികള്‍ക്ക് മറ്റൊരു തരത്തിലും വാക്സിന്‍ വാങ്ങാനാകും എന്ന നിലയിലേക്ക്
കാര്യങ്ങളെത്തി. ഇപ്പോള്‍
സുപ്രീംകോടതി തീരുമാനിച്ചിടത്ത് നില്‍ക്കുന്നില്ല, കാര്യങ്ങള്‍. സൗജന്യ
വാക്സിനേഷനു വേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷം അവരുടെ പ്രവര്‍ത്തനം കഴിഞ്ഞുവെന്നു
കരുതരുത്. വാക്സിന്‍ നയത്തില്‍ കേന്ദ്രതീരുമാനത്തില്‍ എന്തുകൊണ്ടാണ് ഇത്രയേറെ വൈരുദ്ധ്യങ്ങള്‍
കടന്നുവന്നതെന്ന് അന്വേഷിക്കണം. സ്വകാര്യ
ആശുപത്രികളുമായി ചേര്‍ന്ന് വാക്സിനെടുപ്പിക്കാനുള്ള ധൃതി എന്തിനുവേണ്ടിയായിരുന്നു
എന്ന് അന്വേഷിക്കണം, കണ്ടെത്തണം. ഇപ്പോഴത്തെ തീരുമാനത്തെപ്പോലും സംശയത്തോടെ മാത്രം
വീക്ഷിക്കാനുള്ള നിലവാരമേ സ്വാഭാവികമായും ഉണ്ടാകുന്നുള്ളൂ എന്നതാണ് അവസ്ഥ! യഥാര്‍ത്ഥത്തില്‍
കേന്ദ്രം ഭരിക്കുന്നത് ആരാണ്?
വാല്‍ക്കഷണം
- Fake flexing എന്ന
വാക്ക് നെറ്റിസണ്‍സിനിടയില്‍ അപകടകരമായ രീതിയില്‍ കടന്നു വന്നതിന് ഉദാഹരണമാണ് പല വാര്‍ത്തകളും.
അവ ശ്രദ്ധിച്ചാല്‍ ഇന്നത്തെ കേന്ദ്രസര്‍ക്കാരിന് ചേരുന്ന പലതും കാണാനാവും.
No comments:
Post a Comment