Friday, November 27, 2020

കുന്തളിപ്പും ചിന്തയും

നിവർ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ഞെട്ടിച്ചു. 24 മണിക്കൂർ ചാനലുകളിൽ വാർത്ത ആവർത്തിച്ചുകൊണ്ടേയിരുന്നു. കാറ്റ്, മഴ, വേഗത, കടൽ അങ്ങനെയങ്ങനെ. കൂട്ടത്തിൽ കൗതുകകരമായി ശ്രദ്ധിച്ച വാക്കാണ് കടൽ കുന്തളിച്ചു എന്നത്. ഒറ്റക്കേൾവിയിൽ കടൽ കൂന്തൽ അഴിച്ചിട്ടാടി എന്നുതോന്നി. മുടിയഴിച്ചാടുന്ന, കളംമായ്ച്ച്, തലയാട്ടി, മുടിയാട്ടി, വട്ടംചുറ്റിക്കുന്ന കാഴ്ച. വാക്കിനും ശബ്ദത്തിനുമപ്പുറം അർത്ഥത്തിന് അടരുകളേറെയുണ്ടെന്നു തോന്നിച്ച പ്രയോഗം. ഉല്പത്തിയെക്കുറിച്ചോ നിഷ്പത്തിയെക്കുറിച്ചോ ഒന്നുമോർക്കാനില്ല. ശരിതെറ്റുകളെക്കുറിച്ചും. വാക്ക്, അതങ്ങനെ ഭയാനകമായ ഒന്നായി മനസ്സിൽത്തങ്ങി. ഈ ശബ്ദത്തിന് മലയാളത്തിലും അർത്ഥമൊക്കെയുണ്ട്. നെഗളിക്കുക എന്നൊക്കെപ്പറയും. കാൽവിരലിൽക്കുത്തി നടക്കുകയെന്ന് ഒരർത്ഥവും കണ്ടു. കടൽ കുന്തളിക്കുക എന്ന് മലയാളത്തിൽ പറഞ്ഞു കേട്ടിട്ടില്ല. ഇനി ഉണ്ടോ എന്നറിയില്ല. എന്നാൽ അങ്ങനെയൊന്ന് കേൾക്കുമ്പോഴോ നാനാവിധ വ്യാഖ്യാനങ്ങൾ നൽകാനാവുന്ന പ്രയോഗമായി അത് മാറുന്നു. 
പുറനാനൂറിൽ ഒരിടത്ത് ഇങ്ങനെ കാണുന്നു.
മുറ്റിയ തിരുവിൻ മൂവരായിനും
പെട്പിൻറീതൽ യാം വേണ്ടലമേ
വിറർ ചിനന്തണിന്ത വുരൈ പരിപ്പുരവി
ഉറവർ ചെൽചാർ വാകിച്ചെറുവർ
താളുളന്തപുത്തവാൺമികുതാനെ
വെൾവീവേലിക്കോടൈപ്പൊരുന
ചിറിയവും പെരിയവും പുഴൈ കടവിലങ്കിയ
മാൻകണന്തൊലൈച്ചിയ കടുവിചൈക്കതനായ്
നോൻചിലൈ വേട്ടുവ നോയിലൈയാകുക
ആർകലിയാണർത്തരീഇയ കാൽവീഴ്‌ത്തുക്
കടൽവയിർ കുഴീഇയ വണ്ണലങ്കൊൺമൂ
നീരിൻ‌റുപെയരാ വാങ്കുത്തേരൊ
ടൊളിറുമരുപ്പേന്തിയ ചെമ്മർ
കളിറിൻറു പെയരല പരിചിലർ കടുമ്പേ
പെരുന്തലൈച്ചാത്തനാരുടെ പാട്ടാണിത്. ആദരവോടെ നൽകുന്ന സമ്മാനം മാത്രമേ സ്വീകരിക്കാനാവൂ. അങ്ങനെയല്ലാത്തവ ചക്രവർത്തിയിൽ നിന്നായാലും സ്വീകരിക്കില്ല. പുതുമഴ പെയ്യിക്കാനായി കടലിനെ സമീപിക്കുന്ന മേഘം നീരില്ലാതെ തിരിച്ചുപോകാറില്ല എന്നതുപോല... മൂവേന്തർ പ്രയോഗവും കടലും ചേരുന്നതെങ്ങനെയോ അതേപോലെ കടലിന്റെ സാഹസത്തെയറിഞ്ഞു പാടുന്നതിന്റെ മനോഹാരിത ആസ്വാദിക്കാനാവും. ഈ സൗന്ദര്യം തന്നെയാണ് വാക്കുകളിലും പ്രയോഗത്തിലും കാണാനാവുന്നത്. എത്ര മനോഹരം എന്നു തോന്നിക്കുന്നതും. 
ചുഴലിക്കാറ്റിന്റെ വരവ് കാഴ്ചയിൽ ഭീകരമാണ്, ആഘാതവും അങ്ങനെത്തന്നെ. എന്നിട്ടും ചിലപ്പോഴെങ്കിലും സ്വീകരണമുറിയിലെ സുഖത്തിലിരുന്നുകൊണ്ട് കാർട്ടൂണിലും സിനിമയിലും അത് ഭയാക്രാന്തത്തോടെ അനുഭവിക്കാറുണ്ട്. മിക്കിമൗസിലും മറ്റും തമാശക്കാർട്ടൂണായി കാണാറുണ്ട്. കുഞ്ഞു ചുഴലിക്കാറ്റിന്റെ കുസൃതി കണ്ട് പേടിപ്പിക്കുകയാണ് മിക്കി മൗസ്. അത് അമ്മയോട് -അമ്മച്ചുഴലിക്കാറ്റ്- പരാതി പറയുന്നു. അമ്മ വളരെ ശക്തിയോടെ വന്ന് എല്ലാം തകർക്കുന്നു. മിക്കിയും മിന്നിയുമൊക്കെ രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതും അതിലെ തമാശകളും നാം ആസ്വദിക്കുന്നു. 
കാറ്റിനെക്കുറിച്ചും കടലിനെക്കുറിച്ചും പാടുന്ന എത്രയെങ്കിലും പാട്ടുകളും കവിതകളും മലയാളത്തിലുണ്ട്. അവയൊക്കെ പലവിധ ചിന്തകളിലേക്കും നയിക്കാറുമുണ്ട്. 
കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ എന്ന പാട്ട് സിനിമയിലെത്തിയപ്പോൾ മനോഹരമായത് കേട്ടതുമാണ്. 
കാറ്റേറ്റൊട്ടേ ഗളിതതെളിതേൻ കണ്ണുനീരുദ്വഹന്തീ
മാധ്വീന്മാദ്യന്മധുപവിരുതം കൊണ്ട വാമോക്തി നിന്റ്
എന്നെക്കണ്ടിട്ടതികരുണയാ ഹന്ത! പൂന്തൊത്തുപോലും
കോടീ, കാണാ കുവലയദളാപാംഗി കോഴിന്റവാറ് - ലീലാതിലകത്തിലെ ഒരു ഉദ്ധരണി ഇങ്ങനെയാണ്. 
കുന്തളിപ്പെന്ന പ്രയോഗം കേട്ടപ്പോൾ ഇത്രയേറെ ചിന്തകളിലേക്ക് അത് വഴി നടത്തുന്നുവെങ്കിൽ ഇങ്ങനെയുള്ള ഓരോ പ്രയോഗത്തിനും എത്രമാത്രം ആഴത്തിലുള്ള അനുഭവങ്ങളിലേക്ക് വായനക്കാരെ, കേൾവിക്കാരെ നയിക്കാനാകും. എത്ര മാത്രം ആഴത്തിൽ ചിന്തിക്കേണ്ടിവരും.  കാറ്റിൽ മുടിയഴിച്ചാടുന്ന പനകൾ നിറയുന്ന നാട്.  മനോഹരമെന്നേ പറയേണ്ടൂ. ഭീകരതയും പ്രയാസവും മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നു മാത്രം. 
 

281

No comments: