Sunday, December 06, 2020

ഴാനറോ ജോണറോ ജാനറോ ഈ ജനുസ്സ്!

പദം genre എന്നാണ്. ഉച്ചാരണത്തിന്റെ കാര്യത്തിൽ പലതും കേൾക്കാറുണ്ട്. ഴാനറെന്ന് എഴുതുന്നവരും ജോണറിനെ സ്നേഹിക്കുന്നവരും ജാനറിനെ മാത്രം ഉച്ചരിക്കുന്നവരും - അങ്ങനെയേറെപ്പേർ. ആശയക്കുഴപ്പമൊന്നും ഇക്കാര്യത്തിലില്ല. ജനുസ്സെന്ന പ്രയോഗത്തിന് സ്പീഷിസുമായുള്ള ബന്ധം ആലോചിക്കുമ്പോൾ genre-നെ അങ്ങനെ തന്നെ കൈകാര്യം ചെയ്താൽ മതിയോ എന്നൊരു തോന്നൽ വന്നുചേരും. സാഹിത്യരൂപമെന്നും പ്രരൂപമെന്നും തനിമലയാളത്തിൽ എഴുതിക്കാണിക്കുന്നവരുമുണ്ട്. സാഹിത്യപ്രരൂപത്തെക്കുറിച്ചാവുമ്പോൾ അതിനെ മറ്റു മേഖലയുമായി ബന്ധിക്കാൻ പ്രയാസം തോന്നും. 
തിരച്ചിൽഫലംഫ്രഞ്ചുപദം സ്വീകരിക്കുമ്പോൾ ഫ്രഞ്ചിലെ ഉച്ചാരണം അതേപടി സ്വീകരിക്കണമെന്ന് നിർബന്ധമില്ലാത്തതുകൊണ്ട് ഇംഗ്ലീഷിൽ - ഇംഗ്ലീഷെന്നു പറയുമ്പോൾ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ തുടങ്ങി അനവധി ഭേദങ്ങളോടെ അത് ഉച്ചരിക്കപ്പെടുന്നുവെന്നുള്ള വസ്തുതയെ കാണണം. ഇന്റർനെറ്റിന്റെ കാലമായതുകൊണ്ട് അങ്ങനെയൊരു വഴി നോക്കുമ്പോൾ അതു തന്നെയാണ് കാണാനാവുക. ഒരു വഴിയടയുമ്പോൾ നിരവധി വഴികൾ തെളിയും എന്നൊക്കെയാണ് പറയാറ്. ഇവിടെയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നല്ല, ആ ഒരു വഴി മാത്രമേ എളുപ്പത്തിൽ പ്രാപ്യമാക്കാറുള്ളൂ. ഓക്സ്ഫോർഡിന്റെ നിഘണ്ടുവോ വെബ്സ്റ്ററോ ഏതൊക്കെ നോക്കിയാലും ഉച്ചാരണകാര്യത്തിൽ ചില സാമ്പ്രദായികരീതികൾ പിന്തുടരുന്നതായും കാണാം. 
മലയാളത്തിലേക്കു വരുമ്പോൾ പലരും പലതായി ഉച്ചരിക്കുന്നതും പലതായി എഴുതുന്നതും കാണുന്നു. ഓരോ ലേഖനത്തിലും ഓരോ തരത്തിൽ. ഭാഷയുടെ ഉപയോഗവും ക്രമീകരണവും നിയന്ത്രണവുമൊക്കെ നടത്തുന്ന സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അന്തിമവിധി പറയാറുമില്ല. അന്തിമവിധിയെന്ന ഒന്നില്ലല്ലോ ഭാഷയുടെ കാര്യത്തിൽ. വ്യാകരണത്തിനാണെങ്കിൽ എത്രയെത്ര ശുദ്ധിപത്രങ്ങൾ. നിയതമായ ഒന്നല്ല ഭാഷയെന്നതിനാൽ അതിൽ തർക്കത്തിനു സ്ഥാനമില്ല. അർത്ഥം പോലും ഉപയോഗത്തെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കുന്നു. അല്ലെങ്കിൽപ്പിന്നെങ്ങനെയാണ് പുതിയ പുതിയ പ്രയോഗങ്ങൾ, പദങ്ങൾ എന്നിവ ഉണ്ടാകുക. ജീവസ്സുറ്റ ഭാഷയുടെ ലക്ഷണമല്ലേ അത്. ഭാഷയെ വെറുതെ വിടാനാവില്ല. അത് മനസ്സിലായില്ല എന്നൊരാളെക്കൊണ്ട് തോന്നിക്കുന്നിടത്താണ് മനസ്സിലാകുന്ന തരത്തിലേക്ക് വികസിക്കാൻ ശ്രമിക്കുക. 
നേരത്തേ പറഞ്ഞതുപോല ഇന്റർനെറ്റൊക്കെ സർവ്വസാധാരണമായതിനാൽ ഓരോരുത്തരും ഇത്തരം വിഷയങ്ങളിൽ അവരവരുടെ കഴിവിനും താല്പര്യത്തിനും പോപ്പുലാരിറ്റിക്കുമായി നിരവധി
തന്ത്രപരമായ സമീപനങ്ങൾ സ്വീകരിക്കാറുണ്ട്. വൈറലാവുക എന്നത് ഇന്നൊരു ലക്ഷണമായിരിക്കുന്നു. ഏതെങ്കിലും രീതിയിൽ ശ്രദ്ധിക്കപ്പെടുകയും അതിന്റെ പേരിൽ കച്ചവടസാധ്യത കാണുകയും ചെയ്യുന്നവർ ഏറെ. ലൈക്കുകൾ, വ്യൂ എന്നിവയെ ലക്ഷ്യമാക്കി സബ്സ്ക്രൈബ്, ബെൽ ഐക്കൺ, ഷെയർ തുടങ്ങിയവ ഓരോ വീഡിയോയിലും ആവർത്തിക്കുന്നു. അവ സാധാരണപ്രയോഗം പോലെയും അനുഷ്ഠാനം പോലെയും ആയിത്തീരുന്നതിനാൽ ചെറിയ കുട്ടികൾവരെ അത് പിന്തുടരാൻ ഇഷ്ടപ്പെടുകയോ, അഥവാ അങ്ങനെ പറയേണ്ടതുണ്ടെന്ന് ബോധ്യപ്പെടുകയോ ചെയ്തിരിക്കുന്നു. 
ഇങ്ങനെ വരുന്ന സന്ദർഭത്തിൽ സംഭവിക്കുന്നത് എന്തിന്റെയെങ്കിലും അവതരണം എന്നത് മുമ്പെന്നത്തേക്കാൾ കൂടതൽ ആളുകളിലേക്കെത്തുന്നതിനുള്ള സ്രോതസ്സുകൾ അന്വേഷിക്കൽ എന്ന തലത്തിലുള്ള വികാസമാണ്. സ്വാഭാവികമായും അത് ആളുകളെ ഒരു പരിധി വരെയെങ്കിലും അനുകരണങ്ങളിലേക്ക് എത്തിക്കാറുമുണ്ട്. 
എന്നാൽ ഇവിടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ കാണുന്ന genre-നെ സംബന്ധിക്കുന്ന ഉച്ചാരണം തികച്ചും സ്വീകാര്യമാണ്. നല്ലതിനെയും തീയതിനെയും തിരിച്ചറിയാനുള്ള പ്രാപ്തി നേടുക മാത്രമേ വഴിയുള്ളൂ. എങ്കിലും ആശയക്കുഴപ്പത്തിൽച്ചാടിക്കുന്ന ചിലതെങ്കിലും ഇവയിലൊക്കെ ഉണ്ടെന്നു മാത്രം ഓർമ്മിപ്പിക്കട്ടെ. 
ഴാനർ എന്നതാണ് സ്വീകാര്യമെന്ന് ഉച്ചാരണങ്ങൾ പരിശോധിക്കുമ്പോൾ തോന്നുന്നു. വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന നോവലിലെ കഥാപാത്രങ്ങൾ സ്കൂൾ ക്ലാസുകളിലെ പാഠപുസ്തകത്തിൽ ജീൻവാൽജീനും ജാവേറും മറ്റുമായിരുന്നെങ്കിലും വിവർത്തനത്തിൽ കണ്ടത് ഴാങ് വാൽ ഴാങും ഴാവേറും ഒക്കെയായിട്ടാണ്. ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്കും അവിടെ നിന്ന് മലയാളത്തിലേക്കും ഒക്കെ എത്തുമ്പോൾ മാറ്റങ്ങൾ സ്വാഭാവികമാണ്. 
മലയാളത്തിന് ഉച്ചാരണത്തിന്റെ കാര്യത്തിൽ പല പരിമിതികളും ഉണ്ട്. മറ്റു ഭാഷയിലെ പല ശബ്ദങ്ങളും മലയാളത്തിൽ ഇല്ല. എന്നിട്ടും ചിലതൊക്കെ പരിഹരിക്കുന്നവിധത്തിൽ ചേർത്തെടുക്കുന്നുവെന്നു മാത്രം. Fan-നെ Phan (ഫാൻ) എന്നെഴുതി അതുമായി ബന്ധമില്ലാത്ത തരത്തിൽ ഉച്ചരിക്കുന്ന കാര്യത്തിൽ വല്ലാത്തൊരു മിടുക്കുണ്ടല്ലോ. എലയും ജെനവും മഗനും ഒക്കെ ഉച്ചാരണത്തിലും എഴുത്തിൽ ഇലയും ജനവും മകനും ഒക്കെയായി മാറാറുമുണ്ടല്ലോ. അതൊക്കെ വച്ചു നോക്കുമ്പോൾ ഴാനറിന്റെ കാര്യത്തിൽ ജോണറും ജാനറും ഒക്കെയുണ്ടാകുമെന്നതിന് സംശയമില്ല. എങ്കിലും നിയതമായ ഒരു നിലപാട്, മറ്റൊന്ന് ആധികാരികമായി വരുന്നതുവരെയെങ്കിലും പല വിവർത്തനപദങ്ങളിലും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയൊരു തോന്നലാണ് ഈ കുറിപ്പ്. എന്തായാലും ഒടുക്കം ജെൻറെ എന്നുകൂടി കേട്ടപ്പോൾ ആകെപ്പാടെ പ്രശ്നത്തിലായിപ്പോയി എന്നുകൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ!



No comments: