Wednesday, January 20, 2021

ഗ്രേറ്റ് അടുക്കള ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നതെങ്ങനെ

ഉപരിപ്ലവചര്‍ച്ചകളില്‍ അഭിരമിക്കുകയും പെട്ടെന്നു തന്നെ തന്റെ സ്വകാര്യജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അത് ഡ്രാഗണ്‍ ഫ്രൂട്ടിന് കമലമെന്ന് പേരു നല്കുന്നതുപോലെയൊരു ഗിമ്മിക്കുമല്ല. യഥാര്‍ത്ഥ ഇന്ത്യനവസ്ഥയെ മറച്ചുവച്ച് മറ്റെന്തിനെയോ പൊലിപ്പിക്കുന്ന, പുറമേ ദൃശ്യമാകുന്ന കുടുംബമെന്ന കൂട്ടിക്കെട്ടിനകം എത്രത്തോളം ദുര്‍ബ്ബലവും ദുഷിച്ചതുമാണെന്നും വാഷ്ബേസിനു കീഴിലെ അഴുക്കുവെള്ളം പോലെ നേരില്‍ക്കണ്ടാലും ദൃശ്യമാകാത്തതാണെന്നും പറയുന്നതിനാലാണ് ഗ്രേറ്റ് അടുക്കളയെന്ന പേര് ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയാകുന്നത്. ദൃശ്യവിനിമയമെന്ന നിലയില്‍ അടുക്കളിയിലെ പൊട്ടും പൊടിയും വരെ സ്ത്രീയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന തലത്തിലേക്ക് വളരുന്ന സിനിമയാണത്. എണ്ണയില്‍ വേവുന്ന പലഹാരങ്ങളും കറിക്കത്തിയില്‍ നുറുങ്ങിത്തീരുന്ന പച്ചക്കറികളും ക്ലോസപ്പിലും നിശ്ചലമായ ക്യാമറാ ആംഗിളിലും പ്രേക്ഷകരെ പരീക്ഷിക്കുകയാണ്. ഗ്യാസടുപ്പിനൊപ്പം പുകയടുപ്പില്‍ വേവുന്ന ഭക്ഷണം രണ്ടു തലമുറയുടെ വീക്ഷണ വ്യത്യാസങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയും അതിലെ സ്വാസ്ഥ്യങ്ങളെ കുത്തിനോവിക്കുകയുമാണ്.
ശബരിമലയെന്നാല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ചിരിക്കൂട്ടമായിത്തീരുന്നുണ്ട് സിനിമയില്‍. ഭക്തിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്ന മാമൂലുകളെ ഇതിലേറെ മനോഹരമായി നാല്പത്തിയൊന്ന് എന്ന സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ശബരിമലയിലെ വിധി എത്രവേഗമാണ് നമുക്കുമുന്നിലേക്ക് തിരിഞ്ഞെത്തിയത്. പുരോഗമനപക്ഷം പറയുന്നതിനെ എതിര്‍ക്കുകയെന്ന മാമൂല്‍ സൂക്ഷിക്കുന്ന രാഷ്ട്രീയസംഘടനയുടെ മുഖംമൂടി അഴിഞ്ഞുപോയത് അവിടെയാണ്. കുലസ്ത്രീകള്‍ പരിഹാസ്യമായ ഒന്നായിത്തീരുന്നുവെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സൂചിപ്പിക്കുന്നു. കുലസ്ത്രീ എന്ന പ്രയോഗം ശബരിമല സമരവുമായി ബന്ധപ്പെട്ട് ദുഷിച്ച കൂട്ടമായി പ്രത്യക്ഷപ്പെട്ടത് അവജ്ഞയോടെ മലയാളിക്ക് നോക്കിക്കാണാനായി എന്നിടത്താണ് പ്രതിലോമകരമായ ഒന്നിനെയും സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചത്. ചെറിയൊരു കൂട്ടത്തിന്റെ ഭര്‍ത്സനങ്ങളും ഏമ്പക്കവും സ്വയം കുഴിച്ച കുഴിയായിത്തീര്‍ന്നുവെന്ന് അക്കാര്യങ്ങള്‍ തെളിയിക്കുന്നുണ്ട്.
ഇവിടെ സ്ത്രീയെ അവതരിപ്പിക്കുന്ന ദൃശ്യഭാഷ ശക്തമായ ചില സൂചനകളിലേക്കും സൂചകങ്ങളിലേക്കും കടന്നുവരുന്നു. ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന കവിവാക്യം സിനിമയിലെമ്പാടും മുഴങ്ങിനില്‍ക്കുന്നുണ്ട്. എല്ലാ കുടുംബങ്ങളുമല്ല തറവാടിത്തം പറയുന്നവര്‍ പലരും എത്രത്തോളം വികലമായ വീക്ഷണങ്ങളിലും നൂറ്റാണ്ടുകള്‍ക്കു പുറകിലും സഞ്ചരിക്കുന്നവരാണെന്ന് സിനിമ ബോധ്യപ്പെടുത്തുന്നു. അതിനേക്കാള്‍ മനോഹരമായ കുടുംബസങ്കല്പം വല്ലപ്പോഴും വീട്ടിലെത്തുന്ന വേലക്കാരിയില്‍ കാണാനാകും. നായികയാവട്ടെ, അതിനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. പ്രതാപമെന്നാല്‍ ചാണകം വിഴുങ്ങി ശുദ്ധിപ്പെടുത്തേണ്ട ഒന്നായിത്തീരുന്നു. അഴുക്കും ചവറും കുഴിയില്‍ത്തള്ളുകയും പരിസരം ശുചിയാക്കുകയും ചെയ്യുന്ന സമകാലികലോകത്തെയാണ് ആ രംഗങ്ങളില്‍ കാണാനാവുക. എല്ലാ തറവാടുകളുടെയും പിന്‍മുറ്റങ്ങള്‍ പുറമേ കാണുന്ന പളപളപ്പിനേക്കാള്‍ വലിയ സത്യങ്ങള്‍ മറച്ചുവയ്ക്കുന്നുണ്ട്. ആര്‍ത്തവം അശുദ്ധമാകുന്നതിനുള്ള കാരണം വികലമായ കാഴ്ചപ്പാടുകള്‍ മാത്രമാണെന്നും സയന്‍സ് അതിനെ തള്ളിക്കളയുന്നുവെന്നും അങ്ങനെയല്ലാത്തവര്‍ക്ക് ശരണം വിളി മാത്രമേ ലക്ഷണമായിട്ടുള്ളുവെന്നും സിനിമ അടിവരയിടുന്നു. THANK SCIENCE എന്നു തുടങ്ങുന്ന സിനിമ THANK GOD എന്നു തുടങ്ങുന്ന എന്തിനെന്നറിയാത്ത പരിഷ്കാരത്തെ നുള്ളിക്കളഞ്ഞുകൊണ്ടാണ് തുടങ്ങുന്നതെന്ന് കാണുമ്പോള്‍ സിനിമയുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയാനാവും. ഇതേ സംവിധായകന്റെ കുഞ്ഞുദൈവം എന്ന സിനിമ പ്രമേയത്തിലെ സവിശേഷത കൊണ്ട് ശ്രദ്ധേയമാണ്. അതിലെ കുഞ്ഞുമനസ്സിന്റെ സ്വാഭാവിക ചോദനയും മാമൂലുകളെ വെല്ലുവിളിക്കുന്നുണ്ട്. പള്ളിയിലെ അച്ചന്‍ സഹായഹസ്തങ്ങളെക്കുറിച്ച് വാചാലമാവുക മാത്രമാണെന്നും അത് യഥാര്‍ത്ഥ അവസ്ഥകളിലും നിലപാടുകളിലും വെറും വാക്കുകള്‍ മാത്രമാണെന്നും സിനിമ തെളിയിക്കുന്നുണ്ട്. പൗരോഹിത്യത്തിന്റെ താല്പര്യം കുടുംബമോ വ്യക്തിയോ ഒന്നുമല്ലെന്നും അതിനപ്പുറമുള്ള ചില അജണ്ടകളുടെ സംരക്ഷണം മാത്രമാണെന്നും രണ്ടു സിനിമകളും പറയുന്നുണ്ട്.

No comments: