ചെസ് ബോർഡിലെ കരുക്കൾ കൊണ്ടൊരു മാസ്മരവിദ്യ, കൂടാതെ ഡ്രൈവിംഗ് സെറിമണി. വേഗതന്ത്രങ്ങളുടെ കരുക്കൾക്ക് യന്ത്രവിദ്യയുടെ മുന്നൊരുക്കം. ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ എന്ന കഥ 2020 നവംബർ ലക്കം ഭാഷാപോഷിണിയിൽ… 64 കളങ്ങളിലെ കല കളങ്കഥയല്ലാതെ മറ്റെന്ത്? സത്യാനന്തരകാലത്തെ മനുഷ്യർ വസ്തുതകളേക്കാൾ വിവരണങ്ങളിലെ ആപേക്ഷികതകളിൽ മാത്രം ഊന്നുമെന്നതിന് ഇതിൽപ്പരമെന്തു തെളിവുവേണം. "സംശയിക്കേണ്ട നിങ്ങൾ ഉദ്ദേശിച്ചതുതന്നെയാണ് ഞാൻ ചെയ്തത്" എന്നൊരു പെരുമഴപ്പെയ്ത്തിൽ അതൊടുങ്ങുന്നു.
കഥയെഴുത്ത് ഒരനുഭവത്തിന്റെ സാക്ഷാത്കാരമാണ്. ഒറ്റയനുഭവം. ഒറ്റവീർപ്പിൽ പറയാവുന്നത്.
സന്ദർഭത്തെയും സംഭവത്തെയും ഒക്കെച്ചേർത്ത് പണ്ടേക്കുപണ്ടേ നിരൂപകർ കഥയെ നിർവചിച്ചിരുന്നു. കഥാപ്രപഞ്ചത്തിലെ വൈകാരികമുഹൂർത്തമെന്ന്. വൈകാരികാവസ്ഥയെ ഉണർത്തിവിടുന്ന സവിശേഷസന്ദർഭമായി കഥയെ കാണാനാവുമെന്നും മറ്റും. അങ്ങനെ ഒരവസ്ഥയെ പ്രാപിക്കുന്ന കഥകൾ ഏറെയൊന്നും കാണാനാവില്ല. കാണുന്നെങ്കിൽത്തന്നെ ഏറെയൊന്നും നിറഞ്ഞു നിൽക്കാറുമില്ല. കുറേയൊക്കെ, എഴുത്തിന്റെ നീളംകൊണ്ട് അവസാനിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലേക്ക് മുറ്റിനിൽക്കും, വായനയിൽ എല്ലായിടത്തും. പലപ്പോഴും തീരുന്നതെപ്പോഴെന്ന് മറിച്ചുനോക്കിക്കൊണ്ടേയിരിക്കും. എന്നാൽ ചില
കഥകൾ അങ്ങനെ ഒരവസരം തരില്ല. തീരുമ്പോഴാണ്... രസച്ചരടു പൊട്ടാതെ അവസാനിക്കുമ്പോഴാണ് അവ വളർന്നു തുടങ്ങുക. വായനയ്ക്കെടുത്ത സമയത്തേക്കാൾ കൂടുതൽ അതിന്റെ ശരീരപരിസരത്തെവെച്ചുകൊണ്ട് അളന്നുതുടങ്ങുക. പിന്നെ അതൊരു വല്ലാത്ത അനുഭവമായിത്തീരും. ആഖ്യാനതന്ത്രങ്ങളുടെ മായികതയിൽ പല തലങ്ങളിലേക്കും വികസിക്കുകയും ഒന്നിലേക്കു ചേരുകയും ചെയ്യുന്നതുപോലെ ഒരനുഭവമായിരിക്കും. അങ്ങനെയൊരനുഭവമാണ് കളങ്കഥ.കളങ്കം + കഥ ആയാലോ... അതോ കളം + കഥ ആയാലോ... വ്യാകരണമൊക്കെ മാറിനിൽക്കട്ടെ. വിവക്ഷിതം പ്രയോഗത്തിൽ വരട്ടെ.
ചെസ്സിൽ അറുപത്തിനാലു കളങ്ങളുണ്ട്. പണ്ട് അമ്പലപ്പുഴയിൽ ഒന്നാമത്തെ കളത്തിലെ ഒരു നെല്ല് പെരുത്തു കയറിക്കയറി അറുപത്തിനാലിലെത്തുന്നതിനുമുന്നേ കടം കേറിയതാണ് കഠിനം. അങ്ങനെയൊരിരട്ടിപ്പിനെക്കുറിച്ച് ആരും ചിന്തിച്ചിരിക്കില്ല. ഒടുക്കം ചാക്കുകണക്കിന് കൊണ്ടുവന്നിട്ടും തികയാതെ ഇന്നും തുടർന്നുപോരുന്ന സമ്പ്രദായമായി അത് നിൽക്കുന്നുണ്ട്. അറുപത്തിനാലു കളങ്ങൾ അങ്ങനെയാണ്. തീരാതെ തീരാതെ ആവേശിക്കുന്ന തീർച്ചയില്ലാത്ത തീർച്ചയാണത്. അറുപത്തിനാലു കലകളുണ്ട്, വാത്സ്യായനന്റെ അറുപത്തിനാല് സ്ഥാനങ്ങളുമുണ്ട്. കഥയിലെ കഥയ്ക്ക് അറുപത്തിനാലിനോട് ചാർച്ചയുള്ളതിനാൽ അത് ചെസ്സിൽ എത്തുന്നു. റാണിയും കാലാളുമാണ് മുഖ്യം. കാലാൾ വളഞ്ഞു ചെറുക്കുന്നു. വീഴ്ത്തുന്നു.
ആദ്യഭാഗത്ത് ഡ്രൈവിംഗ് ഒരു കലയായിത്തീരുന്നു. ഹമ്പിൽ വാഹനത്തിന്റെ കുലുക്കം അറിഞ്ഞവരാരും ഇതിലെ വേഗത്തടയിൽ അതറിയാതെ പോകുന്നു. അത്രയ്ക്ക് സൂക്ഷ്മമായ ആഖ്യാനം. തൂവൽപോലെ എടുത്തുയർത്തി പതുക്കെ താഴേയ്ക്ക് വെയ്ക്കുന്നു. ആ അനുഭവത്തെ സാക്ഷ്യപ്പെടുത്തുന്ന നിരവധി പ്രയോഗങ്ങൾ. കഥയ്ക്കുള്ളിൽനിന്ന് മറ്റൊന്നിലേക്ക് വെറുതെയെങ്കിലും പോയി വരാനാവുന്നില്ല കഥാകാരന്. കഥ ഒഴുകിത്തീരുകയാണ്. ചെസ്സിന്റെ കളങ്ങളിൽ വികാരാവേശങ്ങളുടെ പെരുമഴയുയർത്തി അതൊടുങ്ങിത്തീരുന്നു.
No comments:
Post a Comment