Saturday, May 23, 2020

ഓൺലൈനുകൾ വിവരവിദ്യാദോഷമാകരുത് !

പഞ്ചതന്ത്രം കഥകൾ രചിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. രാജാവിന്റെ മണ്ടന്മാരായ മക്കളെ പഠിപ്പിക്കാൻ അധ്യാപകൻ കണ്ടെത്തിയ വഴിയായിരുന്നു അത്. (മഹിളാരോപ്യം എന്ന രാജ്യത്തെ അമരശക്തി എന്ന രാജാവിന് മൂന്നു മക്കൾ. മൂവരും മണ്ടന്മാരായതിനാൽ രാജാവിന് സങ്കടമായി. ജീവിതം എങ്ങനെ മുന്നോട്ടുപോകും. സഭ കൂടിയപ്പോൾ നിർദ്ദേശം വന്നു. വിഷ്ണുശർമ്മൻ എന്ന വിദ്വാനെ വിളിക്കാൻ. അദ്ദേഹം വരികയും കഥകളിലൂടെ ധർമ്മം, നീതി, ശാസ്ത്രങ്ങൾ എന്നിവ പഠിപ്പിക്കുകയും ചെയ്തു. - ഇങ്ങനെയൊരു പിൻബലമുണ്ടതിന്.) അതൊരു സൂചനയാണല്ലോ എന്നൊന്നുമല്ല. ഈ കഥാനിർമ്മാണകൗതുകത്തിനു പുറകിലുമുണ്ട് ഇവിടെ പറയുന്ന വിഷയവുമായി ബന്ധപ്പെട്ട ചിലത്. ശ്രീകൃഷ്ണനും സുദാമാവും സതീർത്ഥ്യരായിരുന്നു. ഒരാശ്രമത്തിൽ താമസിച്ചു പഠിച്ചവരായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനൊപ്പമുണ്ടായിരുന്നു വിവേകാനന്ദൻ. വിരലു നഷ്ടപ്പെടുത്തിയ ഏകലവ്യൻ ദ്രോണർക്കൊപ്പവും. പ്ലേറ്റോ അരിസ്റ്റോട്ടിലിനൊപ്പവും. അങ്ങനെയങ്ങനെ. ശരികൾ, ശരിതെറ്റുകൾ, ശരികേടുകൾ, അധ്യാപക-വിദ്യാർത്ഥി-വിദ്യാർത്ഥി ബന്ധത്തിന്റെ നിരവധി കഥകൾ. ഈ കഥകളെല്ലാം വിവിധ തരക്കാരായ ശിഷ്യന്മാരെക്കുറിച്ച് പറയുന്നു.

Wednesday, May 20, 2020

സാമ്പത്തിക പുനർവിതരണത്തിനുള്ള ജൈവായുധം


സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായ ദശലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട ഒന്നാണ് വെറും നാലു മണിക്കൂർ സമയം മാത്രം അനുവദിച്ചുകൊണ്ട് പ്രഖ്യാപിച്ച ലോക്ക് ഡൗൺ. കുടിയേറ്റത്തൊഴിലാളികളിൽ വിവിധ കാരണങ്ങളാൽ നാനൂറോളം പേർ മരിച്ചുവീണുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് സ്വന്തം വീടണയാൻ ശ്രമം നടത്തിയതിനു കാരണമായത് തൊഴിൽനഷ്ടവും അനിശ്ചിതാവസ്ഥയുമാണ്. അവർ തൊഴിലന്വേഷിച്ച്, അതിന്റെ പേരിൽ സൗജന്യങ്ങളാവശ്യപ്പെട്ട് വന്നവരോ പോയവരോ അല്ല. നിലവിലുള്ള സമ്പ്രദായങ്ങളെ വിശ്വസിച്ച് തൊഴിലെടുക്കാനിറങ്ങിയവരാണ്. അസംഘടിതരുമാണ്. ഇതൊന്നും പരിഗണിക്കാതിരുന്ന സംസ്ഥാനങ്ങൾ ഇപ്പോൾ തൊഴിൽനിയമങ്ങളിലെ പൊഴിച്ചെഴുത്തു നടത്തുന്നു. ഓർഡിനൻസുകൾ തന്നെ നിലവിൽ വന്നിരിക്കുന്നുവെന്നാണ് വാർത്തകൾ.

Friday, May 15, 2020

ശാരീരിക അകലം, പ്രതിരോധം, പുതിയ ലോകം

കൊറോണയ്ക്കെതിരെയുള്ള പ്രതിരോധം ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഈ പ്രതിരോധപ്രവർത്തനം വൈറസിനെതിരെ മാത്രമാണോ എന്നുചോദിച്ചാൽ അല്ല എന്നാണുത്തരം. പ്രതിരോധിക്കാനുള്ള
ശ്രമങ്ങളൊക്കെ തുറന്നു കാണിക്കുന്നത് ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്തെയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനും ചൈനയും ഇന്ത്യയുമൊക്കെ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നു എന്നാണ് വാർത്തകൾ. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കപ്പെടുന്നു. അമേരിക്കയ്ക്ക് ലോകത്തിനുമേലുള്ള രാഷ്ട്രീയസ്വാധീനം ചൈനയിലേക്കു മാറാനുള്ള സാധ്യത വരെ വിലയിരുത്തപ്പെടുന്നു. പാശ്ചാത്യലോകം ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈന വിജയിച്ചതായി വേണം മനസ്സിലാക്കാൻ. വുഹാൻ എന്ന പ്രഭകേന്ദ്രം സാധാരണനിലയിലേക്കു മടങ്ങിയിരിക്കുന്നു. അമേരിക്കയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചൈന അതേറ്റെടുക്കുയും ചെയ്തതിന് ലോകാരോഗ്യസംഘടനയോടുള്ള ഇരു രാജ്യങ്ങളുടെയും നിലപാടുകൾ തന്നെ നോക്കിയാൽ മതി.