Wednesday, May 20, 2020

സാമ്പത്തിക പുനർവിതരണത്തിനുള്ള ജൈവായുധം


സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായ ദശലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട ഒന്നാണ് വെറും നാലു മണിക്കൂർ സമയം മാത്രം അനുവദിച്ചുകൊണ്ട് പ്രഖ്യാപിച്ച ലോക്ക് ഡൗൺ. കുടിയേറ്റത്തൊഴിലാളികളിൽ വിവിധ കാരണങ്ങളാൽ നാനൂറോളം പേർ മരിച്ചുവീണുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് സ്വന്തം വീടണയാൻ ശ്രമം നടത്തിയതിനു കാരണമായത് തൊഴിൽനഷ്ടവും അനിശ്ചിതാവസ്ഥയുമാണ്. അവർ തൊഴിലന്വേഷിച്ച്, അതിന്റെ പേരിൽ സൗജന്യങ്ങളാവശ്യപ്പെട്ട് വന്നവരോ പോയവരോ അല്ല. നിലവിലുള്ള സമ്പ്രദായങ്ങളെ വിശ്വസിച്ച് തൊഴിലെടുക്കാനിറങ്ങിയവരാണ്. അസംഘടിതരുമാണ്. ഇതൊന്നും പരിഗണിക്കാതിരുന്ന സംസ്ഥാനങ്ങൾ ഇപ്പോൾ തൊഴിൽനിയമങ്ങളിലെ പൊഴിച്ചെഴുത്തു നടത്തുന്നു. ഓർഡിനൻസുകൾ തന്നെ നിലവിൽ വന്നിരിക്കുന്നുവെന്നാണ് വാർത്തകൾ.
ലോകമെമ്പാടുമുള്ള തൊഴിലാളികൾ നേടിയെടുത്ത പ്രാഥമികമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതും വിദേശനിക്ഷേപവും തമ്മിൽ ബന്ധപ്പെടുത്തുന്നത് വിചിത്രമാണ്. സാധാരണ തൊഴിലാളികളെ മതിവരുവോളം ചൂഷണം ചെയ്യുകയും വലിച്ചെറിയുകയും ചെയ്യുന്ന നീതിബോധത്തിലേക്ക് വ്യവസ്ഥ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. തൊഴിൽസമയം ഉയർത്തുന്നതിലൂടെ തന്നെ ഉത്തരവാദിത്തങ്ങൾ കൈയൊഴിയുന്ന നിലപാട് വ്യക്തമാണ്. കൊറോണ ലോക് ഡൗണിന്റെ മറവിൽ പ്രതികരിക്കാനുള്ള അവസരമില്ലാതിരിക്കെ ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങളിൽ എത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വാങ്ങുന്ന ഓരോ സാധനത്തിനും നികുതി നല്കുന്ന ഈ നാട്ടിലെ ഓരോ പൗരനെയും വീണ്ടും പിഴിഞ്ഞെടുക്കുന്നതിനാണ് നികുതിദായകരായ വളരെ ചെറിയൊരു വിഭാഗത്തെ ഉയർത്തിക്കാണിച്ച് പരിഷ്കാരനടപടികൾ പ്രഖ്യാപിക്കുന്നത്. ഇത്തരം നയപരിപാടികൾ നടപ്പിലാക്കുന്നതിനുള്ള നൂതനപദ്ധതിയാണോ വൈറസ് വ്യാപനം എന്നുവരെ സംശയിക്കേണ്ടയിരിക്കുന്നു. അമേരിക്കയും മറ്റും അടച്ചുപൂട്ടലിനോടു കാണിച്ച ഉദാസീനഭാവം ഇങ്ങനെ തോന്നിക്കുന്നുവെന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ശരിയായ തോതിൽ വിതരണം ചെയ്യാനാവാതെ പോകുന്ന സാമ്പത്തികശേഷി കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.
Biological weapon for economic redistribution എന്നൊക്കപ്പറയാൻ മടിക്കേണ്ടതില്ലെന്നു തോന്നുന്നു. 

No comments: