Tuesday, December 24, 2019

ഡോക്യുമെന്ററിയിലെ ചലച്ചിത്രാത്മകത

കാഴ്ചയുടെ മാധ്യമമായ സിനിമ, അതിന്റെ സംവേദനശീലങ്ങളിൽ സാങ്കേതിക മാറ്റങ്ങൾക്കനുസൃതമായി നിരന്തരം വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കഥ പറയുന്നതിനുപയോഗിക്കുന്ന വിവിധ സമ്പ്രദായങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇതു വ്യക്തമാണ്. എത്രതന്നെ പുതുമയാർന്ന സാങ്കേതികസംവിധാനങ്ങൾ രൂപപ്പെടുമ്പോഴും കഥ പറയുകയെന്നതാണ് ഫീച്ചർ സിനിമയുടെ അടിസ്ഥാനധർമ്മം.
ദൃശ്യഭാഷ രൂപപ്പെടുത്തിയ സാക്ഷരത ഓരോ ചരിത്രസന്ദർഭങ്ങളുമായി ചേർന്ന് പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
റഷ്യൻ സംവിധായകനായ സെർഗി ഐസൻസ്റ്റീൻ സ്‌ട്രൈക്ക് (Stachka, 1925) എന്ന സിനിമയിലൂടെ വളരെ ഫലപ്രദമായി ഉപയോഗിച്ച മൊണ്ടാഷ് സങ്കേതം (Montage) കറുപ്പിലും വെളുപ്പിലുമുള്ള  ദൃശ്യവിന്യാസത്തെ കവിഞ്ഞുനിൽക്കുന്ന അവതരണരീതി പുതിയ കാലത്തുപോലും ഏറെ ഫലപ്രദമാക്കപ്പെട്ടിട്ടില്ല. സാങ്കേതികതയുടെ മികവിലൂടെ മൊണ്ടാഷിന്റെ ദൃശ്യഭംഗി കൂടിയെന്നുമാത്രം. അടിസ്ഥാനപരമായി സിനിമയിന്നും കഥ പറയുകയാണ്, അനുഭവിപ്പിക്കുകയാണ്.

Saturday, November 16, 2019

വെറുംവാക്കുകളല്ലാത്ത സംഭാഷണം

അതിഭാവുകത്വം കച്ചവടസിനിമയുടെ കൂടപ്പിറപ്പാണ്. അസംഭവ്യമല്ലേ പലതുമെന്നു ചോദിച്ചാൽ സിനിമയിൽ അങ്ങനെയാവാം എന്നായിരിക്കും മറുപടി. വലിയ തിരശ്ശീലയിൽ അസാധാരണമാംവണ്ണം വലിപ്പത്തിൽ മനുഷ്യർ പ്രത്യക്ഷപ്പെടുമ്പോൾ അസ്വാഭാവികതകൾക്ക് സ്ഥാനം നൽകിയില്ലെങ്കിൽ അതിന് പ്രസക്തിയില്ലെന്നാണ് പലപ്പോഴും എഴുത്തുകാരും കാഴ്ചക്കാരും ധരിച്ചുവച്ചിട്ടുള്ളത് എന്നു തോന്നുന്നു. സിനിമയെന്ന സംരംഭത്തിൽ മുടക്കുമുതൽ പ്രധാന ഘടകമായിത്തീരുന്നതുകൊണ്ടാണ് അതങ്ങനെയായിത്തീരുന്നതെന്നു കരുതണം. 
സ്വാഭാവികമായും ആളുകൾക്കു രസിക്കാവുന്നതിനേക്കാൾ കൂടിയ അളവിലുള്ള രസക്കൂട്ടുകൾ ചേർത്ത് ഓരോ സംഭവത്തെയും ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുക. പ്രേക്ഷകരുടെയും മറ്റും ഭാവുകത്വത്തിൽ വന്നിട്ടുള്ള പരിണാമത്തെ നേരത്തേ സൂചിപ്പിച്ച അതിഭാവുകത്വവുമായി കൂട്ടിച്ചേർത്ത് വിലയിരുത്തേണ്ടിയിരിക്കുന്നു. കലാപരമായ മാറ്റത്തേക്കാൾ സാങ്കേതികവിദ്യയിലുണ്ടായിട്ടുള്ള മാറ്റം തന്നെയാണ് ഇതിനു കാരണം. ഇത്തരം മാറ്റങ്ങളെ പരിഗണിക്കുമ്പോൾത്തന്നെ സിനിമ ആദ്യമേതന്നെ സ്വീകരിച്ചിട്ടുള്ള നാടകസങ്കേതങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് കഥ പറയാൻ ശ്രമിക്കുന്നതെന്നു വിലയരുത്താനാവും. മലയാളത്തിൽ പൊതുവെ കണ്ടുവരുന്ന പ്രവണതകളെ മാറ്റിനിർത്തിക്കൊണ്ട് ഒരു സംരംഭം മുന്നോട്ടു ചലിപ്പിക്കാൻ കച്ചവടസിനിമകൾക്കു കഴിയാറില്ല. ലൂസിഫർ എന്ന സിനിമ കച്ചവടവിജയം നേടി എന്നു പറയുമ്പോൾ മനസ്സിലാക്കാനാവുക

Friday, November 15, 2019

ഫോക്‌ലോര്‍ സങ്കല്‌പവും സിനിമയും


ചില വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാണ്‌ ഏതു കലയും രൂപപ്പെടുന്നത്‌. വ്യക്ത്യാധിഷ്‌ഠിതമോ, സാമ്പ്രദായികമായി രൂപപ്പെടുത്തപ്പെട്ട ധാരണയോ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യന്‍ പണിയെടുത്തു ജീവിച്ചുതുടങ്ങിയ കാലം മുതല്‌ക്കേ വിശ്രമവേളകളും അവയുടെ വിനിമയരീതികളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിശ്രമവേളകളിലെ നേരംകൊല്ലല്‍ തന്നെ ജീവിതോപാധിയായിത്തീരുന്ന വൈരുദ്ധ്യവും ഉണ്ടായി. ഈ വൈരുദ്ധ്യത്തെ കലയെന്നും കലയുടെ പ്രാധാന്യമെന്നും കലയുടെ വ്യത്യസ്‌ത മാര്‍ഗ്ഗങ്ങളെന്നും മറ്റും ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക്‌ ചിന്തകളെത്തിച്ചേര്‍ന്നു. ഈ പശ്ചാത്തലത്തെക്കുറിച്ചാണ്‌ ഇവിടെ പഠനവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
ഫോക്‌ലോര്‍ പഠനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ടായ ഒരു നൂറ്റാണ്ടിനിപ്പുറം കലകളെ സ്വാധീനിക്കുന്ന സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്കിപ്പുറം ഇവയെ വിശകലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. ഈ ശ്രമങ്ങള്‍ കലാരൂപത്തെ

Sunday, November 10, 2019

പുരാവൃത്തങ്ങളും പരിസ്ഥിതിയും: സമകാലികവിചാരം

വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും നാം ഉയര്‍ത്തിക്കൊണ്ടുവരുന്ന മൂല്യങ്ങളെ സംബന്ധിച്ച്‌ വിചാരണ നടത്തേണ്ട സന്ദര്‍ഭം അതിക്രമിച്ചിരിക്കുകയാണ്‌. ഉന്നതരംഗത്ത്‌ നേട്ടങ്ങളുണ്ടാകുമ്പോഴും നിലവാരമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോഴും അതില്‍ ഉള്‍പ്പെട്ട
മലയാളിയെക്കുറിച്ചു പറയുന്നതിനാണ്‌ മാധ്യമങ്ങള്‍ പ്രാധാന്യം നല്‌കുന്നത്‌. അപകടത്തില്‍ നൂറുപേര്‍ മരിക്കുമ്പോഴും അതിലുള്‍പ്പെട്ട രണ്ടു മലയാളിയെക്കുറിച്ച്‌ പ്രാധാന്യത്തോടെ പറയുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌. കേരളമെന്ന പ്രാദേശികതയെ ഊന്നിയാണ്‌ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. മലബാറിലെ ആളെന്നോ കൊച്ചിക്കാരനെന്നോ തിരുവിതാകൂറുകാരനെന്നോ പറയുന്നതരത്തിലുണ്ടായിരുന്ന അതിര്‍ത്തി വിഭജനങ്ങളില്‍ നിന്ന്‌ കുറെയെങ്കിലും മോചിപ്പിക്കപ്പെടുകയും അത്‌ മലയാളിസ്വത്വമെന്ന

Tuesday, October 29, 2019

സിനിമയുടെ സാങ്കേതികതയും തിരക്കഥയും

സിനിമയുടെ സാങ്കേതികതയും തിരക്കഥയും
(സെമിനാർ അവതരണത്തിനുള്ള ഭാഗികചട്ടക്കൂട്)

സിനിമയ്ക്ക് ആധുനികലോകവുമായുള്ള ബന്ധം എടുത്തുപറയത്തക്കതാണ്. കാരണം ആധുനികലോകത്തെ വ്യാവസായികവികാസവുമിട്ടാണ് അതിനു ബന്ധം. വ്യവസായം വികസിക്കുന്നുവെന്നു പറയുമ്പോൾ സാങ്കേതികവിദ്യയിൽ മാറ്റങ്ങളുണ്ടാകുന്നു എന്നർത്ഥം. സ്വാഭാവികമായും അതേവരെ ശീലിച്ചുപോന്ന കലാഭിരുചികളിലും മാറ്റങ്ങളും നൂതനത്വവും ഉണ്ടാകും. ഈ മാറ്റത്തെയാണ് സിനിമയുടെ സാങ്കേതികതയും തിരക്കഥയും എന്ന വിഷയത്തെ സമീപിക്കുമ്പോൾ മനസ്സിലാക്കേണ്ടത്.
ആധുനികതയുടെ വ്യവഹാരമെന്നത് കൊളോണിയൽ അധിനിവേശങ്ങളുടെ ചരിത്രബോധവുമായി ബന്ധപ്പെട്ടുനില്ക്കുന്നു. പാശ്ചാത്യലോകത്തെ സാങ്കേതികജ്ഞാനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ചിന്തകൾക്കും ഗവേഷണങ്ങൾക്കും പ്രാപ്തരാവുന്ന പൊതുസമൂഹത്തെയാണ് ഇവിടെ കാണാനാവുക. സ്വാതന്ത്ര്യസമരംപോലും അത്തരം തിരിച്ചറിവുകളുടെ ഭാഗമായി പുതിയ തലങ്ങളിലേക്ക്

Friday, October 25, 2019

ആധുനികതയുടെ കാലത്ത് സ്മാരകശിലകളിൽ കൊത്തിവച്ചത്

ദേശം ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നത് കാലത്തിലൂടെയാണെന്ന് വിചാരിച്ചാല്‍ ഒരു ഭിഷഗ്വരന്‍ എഴുത്തുകാരന്റെ പരിവേഷത്തോടെ, അരാജകജീവിതത്തിലേക്ക് കടന്നുവരുന്നതെങ്ങനെയെന്ന് എളുപ്പത്തില്‍ വിലയിരുത്താനാവും. കന്യാവനങ്ങളില്‍ത്തുടങ്ങി വേരുകളിലേക്കും മരുന്നിലേക്കും സഞ്ചരിക്കുന്ന ഒരു സാധാരണ വായനക്കാരന് നവഗ്രഹങ്ങളുടെ തടവറയിലേക്കെത്തിയ അലിഗഢിലെ തടവുകാരനെയും സൂര്യന്‍, കത്തി എന്നിവയെയും ഓര്‍ക്കാനും സ്മാരകശിലകളുടെ സൗന്ദര്യത്തെ ആസ്വദിക്കാനുമാവും.
നോവലെഴുത്തിലെ ആഖ്യാനസാധ്യതകളെ ഉപയോഗപ്പെടുത്തിയ സൂര്യനേക്കാള്‍, കത്തിയേക്കാള്‍ ഏറെ പ്രിയംകരമാവുക സ്മാരകശിലകളാണ്. ഒരുപക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തോളം സമൃദ്ധമായ ഒന്ന്. എഴുത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക്, എഴുതുന്നവര്‍ക്ക് അസംഖ്യം കഥകളുടെ സാധ്യതകള്‍ കണ്ടെടുക്കാന്‍ സാധിക്കുന്നത് സ്മാരകശിലകളിലൂടെയാണ്.

Tuesday, October 22, 2019

തോട്ട

ആത്മാക്കൾ കൂടുവിട്ടു കൂടുമാറുന്ന ഒരു സന്ധ്യനേരത്താണു പുഴയുടെ നടുക്കുള്ള ശിവൻപാറയുടെ അടിയിൽനിന്നും വെള്ളത്തിലേക്കുയർന്നുവന്ന ചുവന്നനിറമുള്ള ഒരു കുമിള ഗ്ലപ് ശബ്ദത്തോടെ പുറത്തേക്കുകടന്ന് പുഴയരികിലുള്ള കൈതക്കാട്ടിലേക്കു നീങ്ങിയത്.
മദ്യലഹരിയിൽ കാലുകൾനീട്ടി കൈകൾ പുറകിലേക്കു കുത്തി പുഴക്കരയിൽ ചരിഞ്ഞിരിക്കുകയായിരുന്ന ചാന്നനാണത് ആദ്യം കണ്ടത്. അവസാനവും. അയാൾ പെട്ടെന്നു ലഹരി നഷ്ടപ്പെട്ടു കണ്ണുകൾ തിരുമ്മി ഒരിക്കൽക്കൂടി കുമിളയെ നോക്കി. പതഞ്ഞുപൊങ്ങി വട്ടംചുറ്റി കുമിള കൈതക്കാട്ടിലേക്കു മറഞ്ഞു തുടങ്ങുകയായിരുന്നു.
ചാന്നനൊന്നും മനസ്സിലായില്ല.
രൈരുനായരും തോമസ് പന്നിപ്പാടനും പുഴയുടെ അക്കരെനിന്നും വിളിച്ചുചോദിച്ചു.
ആരാടാ അവിടെ ബീഡി വലിച്ചിരിക്കണത്?
ചാന്നനാണ്ടാ... ബീഡി കൈതക്കാട്ടിലിക്ക് കേറിപ്പോയെടാ...
വട്ടംവീശിത്തള്ളി വിടരുന്ന വെള്ളത്തിന്റെ ഞെട്ടലിൽത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് ചാന്നൻ പിന്നെയും ഏറെ നേരമിരുന്നു. കുളിക്കാൻ വന്ന പെണ്ണുങ്ങൾ ആരും പുഴക്കടവിലില്ല എന്നുറപ്പുവരുത്തി ചാന്നൻ കൈതക്കാട്ടിലേക്കു നടന്നു. പുഴവെള്ളത്തിനു നടുവിൽ ഉയർന്നു നിന്നിരുന്ന ശിവൻപാറ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞിരുന്നു. പാറയുടെ അടിയിൽനിന്നും എന്തൊക്കെയോ നിലവിളികൾ കൈതക്കാട്ടിനെ ലക്ഷ്യമാക്കി ഉയർന്നുവന്നു.

Tuesday, September 24, 2019

ശരപഞ്ജരവും മലയാളസിനിമയും

മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതുകയും കെ. ടി. മുഹമ്മദ് സംഭാഷണം തയ്യാറാക്കുകയും യൂസഫലി കേച്ചേരി ഗാനരചന നടത്തുകയും ദേവരാജൻ സംഗീതം നിർവഹിക്കുകയും ഹരിഹരൻ സംവിധാനം ചെയ്യുകയും ചെയ്ത 'ശരപഞ്ജരം' എന്ന സിനിമയിൽ കുതിരയെ എണ്ണയിട്ടു തടവുന്ന ജയനും അതു നോക്കിനില്ക്കുന്ന ഷീലയും ഉൾപ്പെടുന്ന രംഗം പല സാഹചര്യങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ക്യാമറ ജയന്റെ ശരീരത്തിലൂടെ സഞ്ചരിക്കുകയാണ്; ദൃഷ്ടി ഷീലയുടേതാണെന്നു മാത്രം. ഒരു നീല നിക്കർ മാത്രമിട്ട് കുതിരയെ തടവുന്ന ഈ രംഗത്തിനു മുമ്പേ മറ്റൊരിടത്ത് ജയൻ തന്നെ 'എന്റെ ആരോഗ്യത്തിന് കുതിരയെ നോക്കുന്ന ജോലി മാത്രം പോര' എന്നു പറയുന്നുമുണ്ട്. ഇതു കേട്ടതിനാലാണ് അതൊന്നു പരീക്ഷിക്കണമല്ലോ എന്നു തീരുമാനിച്ച യജമാനത്തിയായ ഷീല കുതിരയ്ക്ക് മദ്യം കൊടുക്കാൻ ആവശ്യപ്പെടുന്നത്. മദ്യലഹരിയിലോടുന്ന കുതിരയെ നിയന്ത്രിച്ചുനിർത്തുന്ന ജയനെ ബൈനോക്കുലറിലൂടെ നോക്കുന്ന ഷീലയിൽ അയാൾ ആവേശിക്കുന്നത് ഹൃദ്രോഗിയായ ഭർത്താവിനടുത്ത് ശയിക്കുന്ന സാഹചര്യങ്ങളിലൂടെ കടത്തിവിട്ടിരിക്കുന്നു, സിനിമയിൽ. അതുകൊണ്ടുതന്നെ, ജയന്റെ ശരീരശക്തിയും സംഭാഷണചതുരതയും സിനിമയെ പലയിടങ്ങളിലും നിയന്ത്രിക്കുന്നതായി മനസ്സിലാക്കാൻ സൂക്ഷ്മവായനയുടെ ആവശ്യമില്ല. മറ്റൊരിടത്ത്, നിന്നെക്കൊണ്ടു മാത്രം ഞാൻ തൃപ്തനാവില്ല എന്ന് ഷീലയോട് ജയൻ പറയുന്ന രംഗവുമുണ്ട്.

Saturday, September 21, 2019

സിനിമ കാണുമ്പോഴും കാണാതിരിക്കുമ്പോഴും

ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്കൂളില്‍ സിനിമാപ്രദര്‍ശനമുണ്ടെന്ന അറിയിപ്പു കിട്ടുന്നു. സിനിമാ പ്രദർശനവുമായി സ്കൂളുകളിൽ വരുന്ന ആളുകളുണ്ട്. കുട്ടികളിൽനിന്ന് അമ്പതു പൈസയോ ഒരു രൂപയോ മറ്റോ ആയിരിക്കും പിരിവ്. തീയേറ്ററിൽ പോയിക്കാണുന്നവർ തീരെ കുറവാണ്. എല്ലായ്പോഴും പോകാൻ ആവില്ല. ഉത്സവസമയത്തോ, വെക്കേഷൻ സമയത്തോ പോയാലായി.  പിക്‌നിക് എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നതെന്ന് ബോർഡിൽ എഴുതി വച്ചിരുന്നത് വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ കണ്ടു. 1975-ല്‍ ഇറങ്ങിയ ചിത്രമാണ്. എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്കുശേഷമാണ് അതേ സിനിമ സ്കൂളിലെത്തിയിരിക്കുന്നത്. കാഴ്ചയെന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഓർക്കുക. അതേ സംഭവങ്ങളൊക്കെ പലപ്പോഴായി കണ്ടിട്ടുണ്ട്. 16എംഎം പ്രൊജക്ടർ ലഭ്യമാണ് എന്ന ബോർഡ്. 16എംഎമ്മിന്റെ(?) പ്രൊജക്ഷനിലാണ്  സിനിമ സ്കൂളിലെത്തുന്നത്. ഹാളിന്റെ ഏറ്റവും മുന്നില്‍ വലിച്ചുകെട്ടിയ സ്ക്രീനില്‍ സിനിമ തെളിയുന്നതു കാണാന്‍ എല്ലാ ക്ലാസില്‍ നിന്നും കുട്ടികള്‍ വരിവരിയായെത്തുന്നു. തറയില്‍ നിരന്നിരിക്കുന്നു.

Friday, August 30, 2019

ആകർഷിച്ച ഒരു ലേഖനം

ഇന്ന് ഒരു ലേഖനം വായിച്ചു. കുറച്ചുദിവസം മുമ്പേ സോഷ്യൽ മീഡിയയെക്കുറിച്ച് എഴുതിയതേയുള്ളൂ. സാങ്കേതികമായി വഴിതെറ്റിക്കൽ എന്ന മേൽവിലാസമാണതിനു നല്കിയത്. അതുമായി ചേർച്ചയുണ്ടോ എന്നു നോക്കേണ്ടതില്ല. എങ്കിലും അതു തന്നെ ഇത് എന്നു തോന്നിപ്പോകുന്നു. മാറ്റങ്ങൾ അനിവാര്യമാണല്ലോ. അതിലേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെങ്കിലും എത്തിയിരിക്കുക തന്നെ ചെയ്യും. കൂടുതൽ പറയുന്നില്ല. ലിങ്ക് താഴെയുണ്ട്. 

Sunday, August 25, 2019

സോഷ്യൽമീഡിയ സാങ്കേതികമായി വഴിതെറ്റിക്കുമ്പോൾ

ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങി എത്രയെങ്കിലും സോഷ്യൽമീഡിയ സൈറ്റുകളുണ്ട്. ഇവയോരോന്നും വഴിതെറ്റിക്കുന്നതിന് ഉപയോഗിക്കാറുണ്ട് എന്ന് പലരും തുറന്നുസമ്മതിക്കുന്ന കാലമാണിത്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം ഭരിക്കുന്നവർക്ക് ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട് എന്നതാണ്. ലൈക്കും ഷെയറും കമന്റുകളുമായി തകർക്കുന്ന ഭരിക്കപ്പെടുന്നവർ ഈ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കുകയാണ്. കാലമേറെച്ചെല്ലുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങൾ ചെയ്തവരാണ് കടന്നുപോയവരെന്ന് (ഈ തലമുറ അറിയണമെന്നില്ല) വരുംതലമുറയ്ക്ക് ബോധ്യപ്പെടും. സർഗ്ഗാത്മകമായ എല്ലാത്തരം പ്രവർത്തനങ്ങളും പേരെടുക്കുന്നതിനും മറ്റുള്ളവരെ ഭർത്സിക്കുന്നതിനും മാത്രമായിത്തീരുന്നത് തങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യുക. അറുപതുവർഷങ്ങൾക്കിപ്പുറവും ഓർമ്മിക്കപ്പെടുമെന്നതുകൊണ്ട് മരിച്ചുപോയവർക്കെന്തുകാര്യം?

Wednesday, June 26, 2019

വിവാദങ്ങളൊന്നും പ്രാസവാദമാകുന്നില്ല

    കുറച്ചുനാള്‍ മുമ്പുള്ള ഒരു വാര്‍ത്തയാണ്: ലൈംഗികവിവാദത്തില്‍ ഉലഞ്ഞുപോയതിനാല്‍ രണ്ടായിരത്തി പതിനെട്ടാമാണ്ടിലെ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം നല്‍കുന്നതു സംബന്ധിച്ച തീരുമാനം നീട്ടിവച്ചുവെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം അവരറിയിച്ചത്. പതിനെട്ടംഗ കമ്മിറ്റിയില്‍ ഏഴുപേരെയാണത്രേ സസ്പെന്‍റ് ചെയ്തിട്ടുള്ളത്. സംഗതി ലൈംഗികവിവാദമാണ്. ലൈംഗികാരോപണം നേരിട്ട ഉന്നതരായ അംഗങ്ങളോടുള്ള പ്രതിഷേധസൂചകമായി രാജിവച്ചവരുമുണ്ട്. സാഹിത്യപുരസ്കാരങ്ങളില്‍ പരമോന്നതമായി കാണുന്ന നോബല്‍ പുരസ്കാരംപോലും ഇത്തരം വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടുന്നില്ലെങ്കില്‍ സാഹിത്യരംഗത്തെ മറ്റു വിവാദങ്ങളെയും അവയുടെ അടിയൊഴുക്കുകളെയും കുറിച്ച് ഏറെപ്പറയേണ്ടതില്ല.
    ഈയടുത്ത കാലത്ത് കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ വിവാദമാണ് എസ്. ഹരീഷിന്‍റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ടത്. ഒരു വാരികയില്‍ മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യമെന്തെന്ന് വായനക്കാര്‍ക്കറിയാവുന്നതാണ്.