Tuesday, December 24, 2019

ഡോക്യുമെന്ററിയിലെ ചലച്ചിത്രാത്മകത

കാഴ്ചയുടെ മാധ്യമമായ സിനിമ, അതിന്റെ സംവേദനശീലങ്ങളിൽ സാങ്കേതിക മാറ്റങ്ങൾക്കനുസൃതമായി നിരന്തരം വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കഥ പറയുന്നതിനുപയോഗിക്കുന്ന വിവിധ സമ്പ്രദായങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇതു വ്യക്തമാണ്. എത്രതന്നെ പുതുമയാർന്ന സാങ്കേതികസംവിധാനങ്ങൾ രൂപപ്പെടുമ്പോഴും കഥ പറയുകയെന്നതാണ് ഫീച്ചർ സിനിമയുടെ അടിസ്ഥാനധർമ്മം.
ദൃശ്യഭാഷ രൂപപ്പെടുത്തിയ സാക്ഷരത ഓരോ ചരിത്രസന്ദർഭങ്ങളുമായി ചേർന്ന് പുതുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
റഷ്യൻ സംവിധായകനായ സെർഗി ഐസൻസ്റ്റീൻ സ്‌ട്രൈക്ക് (Stachka, 1925) എന്ന സിനിമയിലൂടെ വളരെ ഫലപ്രദമായി ഉപയോഗിച്ച മൊണ്ടാഷ് സങ്കേതം (Montage) കറുപ്പിലും വെളുപ്പിലുമുള്ള  ദൃശ്യവിന്യാസത്തെ കവിഞ്ഞുനിൽക്കുന്ന അവതരണരീതി പുതിയ കാലത്തുപോലും ഏറെ ഫലപ്രദമാക്കപ്പെട്ടിട്ടില്ല. സാങ്കേതികതയുടെ മികവിലൂടെ മൊണ്ടാഷിന്റെ ദൃശ്യഭംഗി കൂടിയെന്നുമാത്രം. അടിസ്ഥാനപരമായി സിനിമയിന്നും കഥ പറയുകയാണ്, അനുഭവിപ്പിക്കുകയാണ്.

കഥ പറച്ചിലിനുള്ള സിനിമകൾ (ആഖ്യാനചിത്രങ്ങൾ) മാത്രല്ലാതെ ആഖ്യാനേതരരൂപങ്ങളും ധാരാളമായി പ്രചാരത്തിലുണ്ട്. കഥ പറയുക എന്നതിലുപരി, സംഭവം പറയലാണിത്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള സത്യസന്ധമായ വിവരണമായിരിക്കും അവിടെയുണ്ടാവുക. ദൃശ്യങ്ങളിലൂടെ വസ്തുതകൾ അവതരിപ്പിക്കുമ്പോൾ സാധാരണ ചലച്ചിത്രരൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പുതിയ ചില അറിവുകൾ ഇവ പ്രേക്ഷകന് നൽകുന്നു.
അറിവോ, വിവരങ്ങളോ, നിർദ്ദേശങ്ങളോ പകർന്നുകൊടുക്കുന്നതിനുള്ള ചലച്ചിത്രരൂപമായാണ് ഡോക്യുമെന്ററികൾ വിശേഷിപ്പിക്കപ്പെടുന്നത്. അറിവിന്റെ അവതരണത്തോടൊപ്പം നാടകീയമായതോ, സൃഷ്ടിക്കപ്പെട്ടതോ ആയ സംഭവങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നു. കഥാപരമല്ലാത്ത ചലച്ചിത്രങ്ങളിൽ നിന്ന് ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നത് പരമ്പരാഗതമായി ഉപയോഗിച്ചു വന്ന ഇത്തരം നാടകീയമോ, സൃഷ്ടിക്കപ്പെട്ടതോ ആയ മാതൃകകളാണ്. കഥാപരമല്ലാത്ത എല്ലാ ചിത്രങ്ങളും ഇത്തരം ഒരു വൈയക്തികത അവകാശപ്പെടുന്നു.
ബ്രിട്ടീഷ് ചലച്ചിത്രകാരനായ ജോൺ ഗ്രിയേഴ്‌സൺ (John Grierson) ഡോക്യുമെന്ററിയെ the creative treatment of actuality എന്നു വിശേഷിപ്പിച്ചതോടുകൂടി അതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃകയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമായി. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളിൽ ഒന്നാമത്തേത്, വിവരങ്ങളെ അവതരിപ്പിക്കുന്നതിനെക്കുറിച്ചും യഥാർഥരംഗങ്ങളും ശബ്ദങ്ങളും പകർത്തുന്നതിനെക്കുറിച്ചുമാണ്. രണ്ടാമത്തേത്, ആലങ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ, താരതമ്യേന പ്രയാസപ്പെട്ടു കൊണ്ടുള്ള കൂട്ടിച്ചേർക്കലിനെക്കുറിച്ചുള്ളതാണ്. ഏകകാലികമായ പകർത്തലും വെളിപ്പെടുത്തലും അറിയിക്കലും സൃഷ്ടിക്കലും എല്ലാം ഇതോടുകൂടി ഡോക്യുമെന്ററി ചർച്ചയിൽ കടന്നുവന്നു. ചലച്ചിത്രകാരന്റെ കാവ്യാത്മകമായ പങ്കാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ടെലിവിഷൻ ജേർണലിസം ഇവിടെ പ്രധാനപ്പെട്ട വസ്തുതയായി പരിഗണിക്കേണ്ടിയിരിക്കുന്നു. അതാവട്ടെ, വസ്തുനിഷ്ഠമാണ്. ചിത്രത്തിന്റെ സമതുലനത്തിനുവേണ്ടി സ്വീകരിക്കുന്ന മാർഗ്ഗമാണ് വസ്തുനിഷ്ഠത. വ്യക്തമായി വിവരങ്ങൾ അവതരിപ്പിക്കുക, പ്രതിനിധീകരിക്കുക മുതലായവയ്ക്കാണ് ഇവിടെ പ്രധാന സ്ഥാനമുള്ളത്. അതുകൊണ്ടുതന്നെയാണ് ഡോക്യുമെന്ററികൾ പൊതുവെ ടെലിവിഷൻ ജേർണലിസവുമായി ബന്ധപ്പെട്ട വിവരണത്തോട് സാമ്യം പുലർത്തുന്നു.
വസ്തുനിഷ്ഠതയെന്ന ഡോക്യുമെന്ററിയുടെ വാദം വഞ്ചനയാണെന്ന് നിരൂപകർ കണ്ടെത്തുന്നു. എന്തെന്നാൽ ഒരു ചലച്ചിത്രകാരനും വൈയക്തികമായ വീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. ടെലിവിഷൻ ജേർണലിസത്തിന്റെ വസ്തുനിഷ്ഠത അംഗീകരിക്കപ്പെട്ട സംഗതിയാണ്. പക്ഷേ, പലപ്പോഴും അത് സൂക്ഷ്മദർശിയായ പക്ഷപാതങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അത്തരം സമൂഹവിമർശനങ്ങൾ പിന്നീട് പരാജയത്തിലെത്തുന്നതായി കാലം തെളിയിക്കുന്നുണ്ട്. കാരണം, വീക്ഷണകോണിന്റെ തലത്തിൽ ബന്ധങ്ങളെ പരിഗണിക്കുമ്പോൾ അത് വസ്തുനിഷ്ഠതയെ എതിർക്കുന്നതായിരിക്കും. എങ്കിലും, എല്ലാ ഡോക്യുമെന്ററിയ്ക്കും അതിന്റേതായ ഒരു പരിപ്രേക്ഷ്യം ഉണ്ടെന്നു കണ്ടെത്താനാവും. അവിടെ ഒന്ന് മറ്റൊന്നിനേക്കാൾ വസ്തുനിഷ്ഠത കൂടിയതോ, കുറഞ്ഞതോ എന്ന കാര്യത്തിൽ മാത്രമാണ് വ്യത്യാസം കണ്ടെത്താനാവുക.  വിഷയം അവതരിപ്പിക്കുന്നതെങ്ങനെ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അത്. ചലച്ചിത്രകാരന്റെ പരിപ്രേക്ഷ്യത്തിന് സ്ഥാനം ലഭിക്കുമ്പോൾ  അവതരണത്തിന്റെ, അവതരിപ്പിക്കപ്പെടുന്നതിന്റെ വസ്തുനിഷ്ഠത ഇല്ലാതാവുന്നു എന്നത് യാഥാർത്ഥ്യമാണ്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ വസ്തുനിഷ്ഠത പ്രകടമാക്കുന്നത് ഡോക്യുമെന്ററി ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ളതാണ്.
എങ്കിലും അച്ചടിക്കപ്പെടുന്ന ഭാഷയിൽ നിന്ന് വിഭിന്നമായി യഥാർഥ സംഭവങ്ങളെയും വസ്തുതകളെയും ചിത്രമായും ശബ്ദമായും പകർത്തിയെടുക്കാൻ ഈ മാധ്യമത്തിന് കഴിയുന്നുണ്ട്, എഡിറ്റിംഗ് വിദ്യകളിലൂടെ ഇവയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെങ്കിലും. മറ്റൊരു പ്രശ്‌നം, സിനിമയിലെപ്പോലെ ശബ്ദം കൂട്ടിച്ചേർക്കൽ ഡോക്യുമെന്ററിയിലും സാധ്യമാണ് എന്നതാണ്. സംഭവങ്ങളേയോ ശബ്ദത്തെയോ തന്നെ ഇത്തരത്തിൽ വ്യത്യസ്തമാക്കിയെടുക്കാൻ കഴിയും. അമ്പതുകളിൽ ഡയറക്ട്
സിനിമ അഥവാ സിനിമാ വെരിറ്റെ എന്ന സങ്കൽപ്പം നിലനിന്ന കാലത്താണ് ഭാരം കുറഞ്ഞ ക്യാമറയുമായി സംഭവങ്ങൾ തേടിപ്പോകുന്ന രീതിക്ക് പ്രചാരം സിദ്ധിച്ചത്. സോവിയറ്റ് പത്രമായ കിനോ പ്രാവ്ദ (Kino-pravda)യുടെ ചലച്ചിത്ര എഡിഷനായിരുന്നു Cinema verite എന്ന പേര് ആദ്യം ഉപയോഗിച്ചത്. ഡിസീക്ക വെർട്ടോവിന്റെ ന്യൂസ് റീലുകൾ - അഭിനേതാക്കളോ തിരക്കഥാകൃത്തുക്കളോ ഒന്നുമില്ലാത്തവ - 1920കളിൽത്തന്നെ പ്രചാരം സിദ്ധിച്ചിരുന്നു. ഫ്രഞ്ചുകാരനായ ഷീൻ റൗച്ച് ആണ് അമ്പതുകളിൽ ഈ സങ്കേതത്തെ നേരവതരണമെന്ന നിലയിൽ വികസിക്കാവുന്ന ചലച്ചിത്രരീതിയാക്കി മാറ്റിയത്. എഡിറ്റിംഗില്ലാതെ അവതരിപ്പിച്ച ഈ നേർദൃശ്യങ്ങൾക്ക് ആഖ്യാനമെന്ന നിലയിലുള്ള സവിശേഷതകൾ ഇല്ലാത്തതിനാൽ പ്രചാരം നേടാൻ കഴിഞ്ഞില്ല. (കഥ പറച്ചിൽ സങ്കേതം വിജയിക്കുന്നത് ഇവിടെയാണ്. അതിനൊരു തുടർച്ചയുണ്ടായിരിക്കും; തുടക്കം-പ്രയാണം-സംഘർഷം-ഒടുക്കം എന്ന നിലയിൽ കാണാനാവുന്നത്.) ചരിത്രത്തെയും മറികടക്കുന്ന ആധിപത്യമായി വിവിധ പ്രസ്ഥാനങ്ങൾ കടന്നുവരുന്നതോടെയും  പ്രത്യയശാസ്ത്രപരമായ ഇടപെടലുകൾ വർദ്ധിച്ചതോടെയും ഇതിന്റെ വസ്തുനിഷ്ഠതയ്ക്ക് ഗണ്യമായ കുറവുണ്ടായി.
കാഴ്ചക്കാരനെ വസ്തുതകളെ സംബന്ധിക്കുന്ന ദൃശ്യങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം അതിനെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ കൂടി അവസരം നൽകിയെന്നുള്ളത് ഡയറക്ട് സിനിമയുടെ മേന്മയാണ്. സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റു സ്റ്റുഡിയോ പ്രവർത്തനങ്ങൾക്ക് അത്രയൊന്നും പ്രാധാന്യം നൽകാതെ അവതരിപ്പിച്ച ഇവർ, കാഴ്ചക്കാരനു വേണ്ടിയായിരുന്നു വ്യാഖ്യാനങ്ങൾ നൽകിയത്. ക്യാമറയുടെ സൂക്ഷ്മദർശനത്തെ എഡിറ്റിംഗിലൂടെ ചൂഷണം ചെയ്ത് അവതരിപ്പിക്കാൻ കഴിയുമെന്നിരിക്കിലും ആദ്യകാലത്ത് പ്രേക്ഷകർ ഇത് വിശ്വസിക്കാൻ തയ്യാറായി.
ഡോക്യുമെന്ററികൾ പശ്ചാത്തലവിവരണത്തിന് (Voice-over narration) പ്രാധാന്യം നൽകുന്നുണ്ട്. പശ്ചാത്തലവിവരണമെന്നത് നേരിട്ടുള്ള അവകാശവാദം തന്നെയാണ്. വളരെ കൃത്യമായ ദൃശ്യരൂപങ്ങളും ശബ്ദപ്രപഞ്ചവുമാണ് പ്രദർശനത്തിലുള്ളതെന്ന അവകാശവാദം എന്നാണ് അർത്ഥമാക്കേണ്ടത്. ദൃശ്യത്തിലൂടെയും ശബ്ദത്തിലൂടെയും അവതരിപ്പിക്കുന്നതിന്റെ വീക്ഷണകോൺ മാതൃകാപരമായ ഒരു മാനദണ്ഡത്തെ ഉറപ്പിക്കുന്നു. എങ്ങനെയായാലും ഡോക്യുമെന്ററിയിലെ അവകാശവാദങ്ങളും ഉൾപ്പെടുത്തലുകളും യഥാർഥലോകത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമായിത്തന്നെ കണക്കാക്കുന്നു.
ഇത്തരത്തിലുള്ള ആലങ്കാരികസമീപനത്തിന് ഡോക്യുമെന്ററിയുടെ മേൽ സ്വാധീനമുണ്ടാകുന്നത് വസ്തുതാപരമായോ, അനുകരണപരമായോ പകർത്തുന്ന കാര്യത്തിലാണ്. ഡോക്യുമെന്ററിയിലെ സൃഷ്ടിപരമായ വെളിപ്പെടുത്തലിന് കൂടി ഇത് സാധ്യത നൽകുന്നു. ഒരു ഡോക്യുമെന്ററി വസ്തുനിഷ്ഠമാണോ വെറുമൊരു പകർപ്പുമാത്രമാണോ തുടങ്ങിയ ചിന്തകൾ  അതിന്റെ പ്രത്യക്ഷവൽക്കരിക്കുന്ന സങ്കേതവും ഡോക്യുമെന്ററിയുടെ ഉദ്ദേശത്തിൽ നിന്ന് ഭിന്നമാകുന്നു. ഡോക്യുമെന്ററിയിലെ ഭാവനേതരമായ ഘടകത്തെ കണ്ടെത്തുമ്പോൾ അതിന്റെ അവതരണത്തേക്കാൾ അവകാശവാദങ്ങളും ഉൾപ്പെടുത്തലുകളുമാണ് ശ്രദ്ധിക്കുക. പിന്നീട് അതിൽ ചലച്ചിത്രപരമായ നിരീക്ഷണം കൂടി വിലയിരുത്തുന്നു. സംഭവ്യമായതിന്റെ അവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അതിൽ നിന്നും ലഭ്യമാകുന്ന അറിവുകളുമാണ് ഒരാളെ ഡോക്യുമെന്ററിയിൽ നിന്നുള്ള അനുഭവജ്ഞാനത്തിന് പ്രാപ്തനാക്കുന്നത്.
ശാസ്ത്രയുക്തിയെ വിശദീകരിക്കുന്ന ചിത്രങ്ങൾ ഡോക്യുമെന്ററിയുടെ ആധികാരികതയെ തെളിയിക്കുന്നവയാണ്. ഇമേജുകൾ മുന്നോട്ടുവയ്ക്കുന്ന യഥാതഥത്വത്തെ കണ്ടിന്യൂയിറ്റി എഡിറ്റിംഗിലൂടെ മറച്ചു പിടിക്കാനാവും.  പ്രേക്ഷകനിൽ മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതിനുപകരം സ്വയംവിശകലനത്തിനുള്ള സാധ്യതകൾ നല്കുകയാണുവേണ്ടത്. ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്ന തിരിച്ചറിവ് പുരോഗമനപരമായ കാഴ്ചപ്പാട് വളർത്തുന്നതായിരിക്കണം എന്ന് നിർബന്ധിക്കാൻ കഴിയില്ലെങ്കിലും സാമൂഹികമായ ചില ശരികളെ അതിന് പ്രതിനിധീകരിക്കേണ്ടതുണ്ട്.
യഥാർത്ഥ്യത്തെ പകർത്തുക, അതുവഴി പ്രേക്ഷകരുടെ വീക്ഷണത്തെ സ്വാധീനിക്കുക എന്നിവയിൽ സൂക്ഷ്മത പാലിക്കുമ്പോൾ സർഗ്ഗാത്മകമായ പങ്കിനെക്കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. സൃഷ്ടിപരമായ തെരഞ്ഞെടുപ്പുകൾ ഡോക്യുമെന്ററി നിർമ്മാണത്തിലും ഉണ്ട്. അവ സൗന്ദര്യശാസ്ത്രത്തിലും ആഖ്യാനരീതികളിലും സവിശേഷതകൾ പ്രകടമാക്കുന്നു. മാനസികഭാവത്തെയും   വീക്ഷണത്തെയും സ്വത്വബോധത്തെയും അത് സ്വാധീനിക്കുകയും ചെയ്യുന്നു. എഡിറ്റിംഗിലൂടെ ചലച്ചിത്രകാരൻ ദൃശ്യരൂപങ്ങളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുക മാത്രമല്ല, കാഴ്ചപ്പാടിനെ അവതരിപ്പിക്കുകയും തിരിച്ചറിവുകളെ കൈമാറുകയുമാണ് ചെയ്യുന്നത്. വൈകാരികമായ ഇടപെടലിൽ കൊണ്ടുവരേണ്ട സമവായത്തെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മാതാവ് ബോധവാനായിരിക്കും.  സംഗീതം, സംഭാഷണം, ശബ്ദം, ഫ്രെയിമിംഗ്, ആംഗിൾ, ക്യാമറാ ചലനങ്ങൾ, പ്രകാശക്രമീകരണം തുടങ്ങിയവ മുന്നോട്ടുവയ്ക്കുന്ന ചലച്ചിത്രവ്യാകരണത്തെക്കൂടി ഇത് സ്വീകരിക്കുന്നു.
ഡോക്യുമെന്ററിയിലെ പശ്ചാത്തലവിവരണം കൃത്യമായ തെരഞ്ഞെടുപ്പുകളോടെയാണ് പ്രാവർത്തികമാക്കുന്നത്. സിനിമ എങ്ങനെയാണോ ഘടനാപരമായ ആവിഷ്കാരം നിർവ്വഹിക്കുന്നത് അതിന് പൂരകമായ തെരഞ്ഞെടുപ്പുതന്നെയാണ് ഡോക്യുമെന്ററിയുടെ നിർമ്മാതാവും നടത്തുന്നത്.
ചരിത്രമോ, ശാസ്ത്രമോ, സാമൂഹിക പ്രശ്‌നങ്ങളോ, പരിചയപ്പെടുത്തലുകളോ എന്തുമാകട്ടെ, അതിന് അനുയോജ്യമായ ദത്തങ്ങളിലൂടെ വികസിപ്പിച്ച് മൂർത്തരൂപം നിർമ്മിക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ വിശാലമായ ഒരർത്ഥത്തിലേക്ക് നിർമ്മാതാവിന്റെ വീക്ഷണത്തെ മാറ്റിയെടുക്കുകയും പ്രേക്ഷകന് ശരിതെറ്റുകൾ നിർണ്ണയിക്കാനുള്ള അവസരം നല്കുകയുമാണ് ഡോക്യുമെന്ററികൾ ചെയ്യുക.
എല്ലാ ഡോക്യുമെന്ററികൾക്കും ക്യാവ്യാത്മകമായ ഒരു തലമുണ്ട്. അതായത് ചിത്രീകരിക്കുന്ന സംഭവങ്ങളെ വൈയക്തികമായ രീതിയിൽ കൂടുതൽ ഫലപ്രദമായി രൂപപ്പെടുത്തി അവതരിപ്പിക്കുക. ഉദാഹരണമായി ബോംബെ കലാപവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന ആനന്ദ് പട്‌വർദ്ധന്റെ രാം കേ നാം എന്ന ഡോക്യുമെന്ററിയിൽ കലാപത്തിൽ നിന്ന് രക്ഷപ്പെട്ട് തങ്ങൾക്കാവുന്നതെല്ലാം എടുത്ത് അതിലേറെ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നവർ റെയിൽവേ സ്റ്റേഷനിൽ
എത്തിച്ചേർന്ന ഒരു രംഗമുണ്ട്. സംഭവിക്കപ്പെട്ട ആ കാര്യങ്ങൾക്കിടയിലൂടെ ക്യാമറ ചിതറി നീങ്ങുമ്പോൾ അത് ഒരിടത്ത് തറഞ്ഞ് നിൽക്കുന്നുണ്ട്. തിളങ്ങുന്ന വൈദ്യുതാലങ്കാരങ്ങളാൽ എഴുതപ്പെട്ട Happy Journey എന്ന വാചകത്തിൽ. സന്ദർഭത്തിലുള്ളതും എന്നാൽ അതിനോട് ചേരാത്തതുമായ ഇമേജാണത്. ആനന്ദ് പട്‌വർദ്ധന് പകർന്ന് തരാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭീതിയുടെ നോട്ടമായിരുന്നു ആ ഷോട്ട്. വസ്തുനിഷ്ഠമായ അവതരണരീതിയിൽത്തന്നെ സംഭവങ്ങളെ, ദൃശ്യങ്ങളെ കൂട്ടിയിണക്കാൻ കഴിയുന്ന ഇത്തരം രീതി സംവിധായകൻ തന്നെ ക്രമപ്പെടുത്തിയെടുക്കുന്നതാണ്. സംഭവത്തിന്റെ കൂടുതൽ ഫലപ്രദമായ അവതരണരീതിയാണിത്.
കലാപരമായ സൗന്ദര്യത്തിന് ഊന്നൽ നൽകുന്നവയുമുണ്ട്. ചരിത്രത്തിൽ അവ ഏറെയുണ്ട്. ആദ്യത്തെ ഡോക്യുമെന്ററിയെന്ന് അറിയപ്പെടുന്ന, അമേരിക്കക്കാരനായ റോബർട്ട് ഫ്‌ളാഹർട്ടിയുടെ നാനൂക്ക് ഓഫ് ദ് നോർത്ത് (1922) നരവംശശാസ്ത്രപരമായ അർഥത്തിലാണ് വികസിക്കുന്നത്. ആർട്ടിക് പ്രദേശത്തെ എസ്‌കിമോകളുടെ ജീവിതമാണ് ഇതിലുള്ളത്. പ്രാദേശികരായ
ആളുകളെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടു തന്നെ സംവിധായകൻ നടന്മാരായി ഉപയോഗിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിൽ നടക്കുന്ന നിലനിൽപ്പിന്റെ സമരം കലാപരമായി അവതരിപ്പിക്കാൻ ഫ്‌ളാഹർട്ടിക്ക് കഴിഞ്ഞു.
ആധുനികരായ കലാകാരന്മാർ ആർട്ട് ഡോക്യുമെന്ററിയുടെ ശൈലിയാണ് കൂടുതലും ഉപയോഗിച്ച് കാണുന്നത്. മൈക്ക് ഹുവറിന്റെ സോളോ എന്ന ചിത്രത്തിൽ  പർവ്വതാരോഹണമാണ് വിഷയം. പർവ്വതാരോഹകന്റെ അധ്വാനശീലത്തെ അടിസ്ഥാനഭാവങ്ങളോടെ തന്നെ അവതരിപ്പിക്കുകയാണിവിടെ. ശബ്ദസന്നിവേശത്തിന്റെ കാര്യത്തിൽ ഏറെ ഉയർന്ന തലത്തിൽ നിൽക്കുന്ന ചിത്രം മുകളിൽ നിന്ന് ഗർത്തത്തിലേക്ക് വീഴുന്ന ആണിയുടെ ശബ്ദത്തിലൂടെ അഗാധതയുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. അത്യധ്വാനത്തിന്റെ പ്രയാസങ്ങൾക്കിടയിലും മലയിടുക്കിൽ കാണപ്പെട്ട ഒരു തവളയെ തന്റെ പോക്കറ്റിൽ എടുത്തിടുന്നുണ്ട് ഇയാൾ. ഒടുവിൽ തിരികെയെത്തുമ്പോൾ കാണുന്ന ജലാശയത്തിൽ അതിനെ ഇറക്കിവിടുന്നതിലൂടെ അയാൾ അനുഭവിക്കുന്ന ആനന്ദം കൂടി പ്രേക്ഷകന് കാണാനാവും. വൈകാരികതയുടെ തലത്തെയാണ് ഈ ഡോക്യുമെന്ററി സ്പർശിക്കുന്നത്.
ഡോക്യുമെന്ററിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കും നിരീക്ഷണങ്ങൾക്കും മാതൃകയായി ഒന്ന് കണ്ടെത്താൻ പറ്റില്ല. വസ്തുനിഷ്ഠമായത് എന്നോ, ഫോട്ടോഗ്രഫിക് സങ്കേതമെന്നോ വ്യവച്ഛേദിച്ച് പരിഗണിക്കാനും കഴിയില്ല. വ്യത്യസ്തങ്ങളായ കുറച്ചെണ്ണത്തിൽ നിന്നാണ്, അതിന്റെ പ്രത്യേകതകളിൽ നിന്നാണ് അഭിപ്രായരൂപീകരണം നടത്തുന്നതും അതിന്റെ വിശ്വാസ്യതയെ പരിഗണിക്കുന്നതും. ഏത് ഡോക്യുമെന്ററിയുടെയും സൗന്ദര്യാത്മകതലത്തിൽ ചലച്ചിത്രാത്മകമായ ഒരുപാട് പ്രത്യേകതകൾ കാണാൻ കഴിയും. അത് ചലച്ചിത്രത്തിന്റെ വിഭിന്നതയെയും ആവശ്യകതയെയും ആശ്രയിച്ചാണ് വിലയിരുത്താൻ കഴിയുക. അഭിപ്രായപ്രകടനത്തിന്റെയും കാവ്യാത്മകതയുടെയും തലത്തിൽ നിന്നുകൊണ്ടുള്ള രൂപപരവും ഘടനാപരവുമായ വിലയിരുത്തലാണ് അഭികാമ്യം. ദൃശ്യവും ശ്രവ്യവുമായ പ്രത്യേകതകളിലൂടെ, അവതരിപ്പിക്കപ്പെടുന്ന വസ്തുതയുടെ കേന്ദ്രപ്രമേയം കണ്ടെത്തേണ്ടത് തീർച്ചയായും പ്രേക്ഷകനാണ്.
(Citations not available, will be included later)

No comments: